“ശവത്തിന്” ജീവൻ വെക്കുന്നു
“ശവത്തിന്” ജീവൻ വെക്കുന്നു
ഇന്തോനേഷ്യയിലെ ഉണരുക! ലേഖകൻ
ഇന്തോനേഷ്യയിലെ ദേശീയ സായാഹ്ന വാർത്തയിൽ 1997 ജൂലൈ 17-ന് അസാധാരണമായ ഒരു അറിയിപ്പുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ പുഷ്പങ്ങളിൽ ഒന്ന് വിരിഞ്ഞിരിക്കുന്നുവത്രേ. എന്നാൽ, ഒരു ചെടി പുഷ്പിച്ചു എന്നത് സായാഹ്ന വാർത്തയിൽ ഉൾപ്പെടുത്താൻ മാത്രം അത്ര വലിയ കാര്യമാണോ? തീർച്ചയായും. കാരണം ഈ ചെടിക്ക് ചില സവിശേഷതകളുണ്ട്—40 വർഷത്തെ ആയുസ്സിനിടയ്ക്ക് മൂന്നോ നാലോ പ്രാവശ്യം മാത്രമേ അതു പുഷ്പിക്കുകയുള്ളൂ, അതും രണ്ടോ മൂന്നോ ദിവസത്തേക്കു മാത്രം. ബോഗോർ ബൊട്ടാണിക്കൽ ഗാർഡനിലെ ചെടിയാണ് ഇങ്ങനെ പുഷ്പിച്ചത്. ആ അറിയിപ്പിനെ തുടർന്ന്, അങ്ങോട്ടുള്ള സന്ദർശകരുടെ ഒഴുക്ക് 50 ശതമാനംകണ്ട് വർധിച്ചു. ഒറ്റ ദിവസംതന്നെ ആ ചെടി കാണാൻ എത്തിയവരുടെ എണ്ണം എത്രയാണെന്നോ, 20,000!
ഈ ചെടിയുടെ ശാസ്ത്ര നാമം അമോർഫോഫല്ലസ് റ്റൈറ്റാനം എന്നാണ്. ചിലർ ഇതിനെ റ്റൈറ്റാൻ അറം എന്ന ചുരുക്കപ്പേരിൽ വിളിക്കുന്നു. ഇതിന്റെ പൂവിന് അഴുകിയ മീനിന്റെയോ ചത്തു ചീഞ്ഞ എലിയുടെയോ മണമാണ് ഉള്ളത്. അതുകൊണ്ടുതന്നെ മിക്ക ഇന്തോനേഷ്യക്കാരും ഇതിനെ ശവപുഷ്പം എന്നാണു വിളിക്കുന്നത്. ഈ ദുർഗന്ധത്തിൽ നിന്നാണ് പൂവ് വിരിഞ്ഞ കാര്യം പരാഗണം നടത്തുന്ന തേനീച്ചകൾ അറിയുന്നത്.
വിചിത്രമായ ഈ ഗന്ധത്തിനു പുറമേ, റ്റൈറ്റാൻ അറത്തെ അതുല്യമാക്കുന്ന മറ്റൊരു സംഗതി അതിന്റെ വലുപ്പമാണ്. വളർച്ചയെത്തിയ ഒരു ചെടി സാമാന്യം നല്ല ഉയരമുള്ള ഒരു മനുഷ്യന്റെ അത്രയും വരും. ബോഗർ ബൊട്ടാണിക്കൽ ഗാർഡനിലെ ഇത്തരം ഒരു ചെടിക്ക് 2.5 മീറ്റർ ഉയരം ഉണ്ടായിരുന്നു. പൂക്കൾ വെക്കുന്ന അലങ്കാരപാത്രത്തിന്റെ ആകൃതിയിലുള്ള, മടക്കുകളോടുകൂടിയ, അതിന്റെ പുഷ്പപത്രത്തിന്റെ വ്യാസമാകട്ടെ 2.6 മീറ്ററും. ഏകദേശം 100 കിലോഗ്രാം വരുന്ന ഒരു കിഴങ്ങിൽനിന്നാണ് ഈ ഭീമാകാരൻ പുഷ്പം ഉണ്ടായിരിക്കുന്നത്!
ഈ പൂവിന് ഇത്രമാത്രം വലിപ്പം ഉണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ പൂവ് എന്ന വിശേഷണമൊന്നും അതിനു കൊടുക്കാനാവില്ല. കാരണം, അസംഖ്യം ചെറിയചെറിയ പൂക്കൾ കൂടിച്ചേർന്നാണ് വാസ്തവത്തിൽ ഇത് ഉണ്ടായിരിക്കുന്നത്.
സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളുടെ സത്യതയെ തെളിയിക്കുന്ന മറ്റൊരു ഉദാഹരണം മാത്രമാണ് റ്റൈറ്റൻ അറം: ‘എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികൾ വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല.’—സങ്കീർത്തനം 40:5.