ഹിച്ച്ഹൈക്കിങ്ങിന്റെ അപകടങ്ങൾ
ഹിച്ച്ഹൈക്കിങ്ങിന്റെ അപകടങ്ങൾ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
1990-ലെ വേനൽക്കാലം. 24 വയസ്സുള്ള പോൾ അൺയൻസ് എന്ന ബ്രിട്ടീഷുകാരൻ ചുട്ടുപൊള്ളുന്ന വെയിലത്ത്, ഓസ്ട്രേലിയയിലെ സിഡ്നിയുടെ തെക്കുള്ള ഹ്യൂം ഹൈവേയിൽ ആരെങ്കിലും ഒരു ലിഫ്റ്റു തരുന്നതും കാത്തുനിൽക്കുകയായിരുന്നു. ഒരാൾ വണ്ടി നിറുത്തിയപ്പോൾ പോളിന് സന്തോഷമായി. എന്നാൽ ആ ലിഫ്റ്റ് സ്വീകരിക്കുന്നത് തന്നെ മരണത്തിന്റെ വക്കോളമെത്തിക്കുമെന്ന് അവൻ സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല. a
വാഹനത്തിന്റെ മുൻസീറ്റിലിരുന്ന് ഡ്രൈവറുമായി സംസാരിക്കവെ തന്റെ മുന്നിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചു പോൾ അറിഞ്ഞതേയില്ല. അധികം കഴിഞ്ഞില്ല, പരോപകാരിയായി കാണപ്പെട്ട ഡ്രൈവർ പരുക്കനും തർക്കിക്കാൻ പ്രവണതയുള്ളവനുമായി മാറി. സീറ്റിനടിയിൽനിന്ന് കാസെറ്റുകൾ എടുക്കാനെന്നും പറഞ്ഞ് അയാൾ പെട്ടെന്ന് വണ്ടി റോഡിന്റെ അരികിലേക്കു മാറ്റി നിറുത്തി. എന്നാൽ പുറത്തെടുത്തത് കാസെറ്റുകളല്ല, മറിച്ച് ഒരു തോക്കാണ്. അത് അയാൾ പോളിനുനേരെ ചൂണ്ടി.
‘അനങ്ങിപ്പോകരുത്’ എന്നു ഡ്രൈവർ പറഞ്ഞെങ്കിലും പോൾ സീറ്റ് ബെൽറ്റ് വലിച്ചൂരി കാറിനു വെളിയിലേക്കു ചാടി. അവൻ തന്റെ സർവശക്തിയും സംഭരിച്ച് ഹൈവേയിലൂടെ മുന്നോട്ടോടി. ഡ്രൈവർ പുറകേയും. അതിലെ കടന്നുപോയ മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം ഇതു കാണുന്നുണ്ടായിരുന്നു. അവസാനം അയാൾ പോളിനൊപ്പം എത്തി, ഷർട്ടിൽ കടന്നുപിടിച്ച് അവനെ വലിച്ചു താഴെയിട്ടു. അക്രമിയുടെ കൈയിൽനിന്നു കുതറിയോടിയ പോൾ റോഡിലൂടെ വരുകയായിരുന്ന ഒരു വാനിന്റെ മുന്നിലേക്കു ചാടിയപ്പോൾ ഡ്രൈവർ പേടിച്ചു വാൻ നിറുത്തി. തന്റെ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീയാണു വാൻ ഓടിച്ചിരുന്നത്. പോൾ കേണപേക്ഷിച്ചപ്പോൾ അവർ അവനെ അകത്തുകയറ്റി. എന്നിട്ട് വണ്ടി അടുത്ത ലെയ്നിലേക്ക് എടുത്ത് സ്പീഡിൽ ഓടിച്ചുപോയി. പോളിനെ ആക്രമിച്ചയാൾ ഏഴ് ഹിച്ച്ഹൈക്കർമാരെ—അവരിൽ ചിലർ രണ്ടുപേരായാണു യാത്ര ചെയ്തത്—വകവരുത്തിയ ഒരാളാണെന്നു പിന്നീടാണു മനസ്സിലാക്കിയത്.
കൊലയാളി ഈ ഹിച്ച്ഹൈക്കർമാരെ തിരഞ്ഞെടുക്കാൻ കാരണമെന്തായിരുന്നു? അയാളുടെ വിചാരണവേളയിൽ ജഡ്ജി ഇങ്ങനെ പറഞ്ഞു: “ഇരകളെല്ലാവരും ചെറുപ്പമായിരുന്നു, 19-നും 22-നും ഇടയ്ക്കുള്ളവർ. അവരെല്ലാവരും
വീട്ടിൽനിന്ന് വളരെ അകലെയായിരുന്നു. അതുകൊണ്ട് അവർക്കെന്തെങ്കിലും സംഭവിച്ചാൽ കുറച്ചു നാളത്തേക്കൊന്നും ആരും അതറിയില്ല എന്ന് കൊലയാളി നിഗമനം ചെയ്തിരിക്കണം.”ചുറ്റിക്കറങ്ങാനുള്ള സ്വാതന്ത്ര്യം
ഏതാനും വർഷം മുമ്പത്തേതിനെ അപേക്ഷിച്ച് ഇന്നു രാജ്യാന്തര സഞ്ചാരം വളരെ കൂടുതൽ ആളുകൾക്കു സാധിക്കുന്ന ഒന്നായിത്തീർന്നിരിക്കുന്നു. ഉദാഹരണത്തിന് വെറും അഞ്ചു വർഷംകൊണ്ട് ഏഷ്യ സന്ദർശിക്കുന്ന ഓസ്ട്രേലിയക്കാരുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചു. പുതിയ അനുഭവങ്ങളും സാഹസങ്ങളും തേടിയുള്ള യാത്രയിൽ നിരവധി കൗമാരപ്രായക്കാരും പ്രായപൂർത്തിയെത്തിയ ചെറുപ്പക്കാരും ദൂരദിക്കുകളിലേക്കു പറക്കുന്ന വിമാനങ്ങളിൽ കയറിപ്പറ്റുന്നു. ഇവരിൽ പലരും ചെലവു കഴിയുന്നത്ര ചുരുക്കുന്നതിന് ഹിച്ച്ഹൈക്ക് ചെയ്യാൻ തീരുമാനിക്കുന്നു. എന്നാൽ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരത്തിലുള്ള യാത്രകൾ ഇപ്പോൾ മുമ്പത്തേതുപോലെ അത്ര രസകരവും സുരക്ഷിതവുമല്ല—ഹിച്ച്ഹൈക്ക് ചെയ്യുന്നവരുടെയും ലിഫ്റ്റു നൽകുന്നവരുടെയും കാര്യത്തിൽ ഇത് ഒരുപോലെ സത്യമാണ്.
ശുഭാപ്തി വിശ്വാസവും യാത്ര ചെയ്യാനുള്ള ഉത്സാഹവും ഒരിക്കലും ശാന്തതയോടും പ്രായോഗിക ജ്ഞാനത്തോടും കൂടിയുള്ള പ്രവർത്തനത്തിനു പകരമാവില്ല. കാണാതായ കുട്ടികളെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങൾക്കു വേണ്ടിയുള്ള ഒരു ചെറുപുസ്തകം ഇങ്ങനെ പറയുന്നു: “യാത്ര ചെയ്യാനുള്ള ആവേശത്തിൽ ചെറുപ്പക്കാർ പലപ്പോഴും വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു പുറപ്പെടുന്നത്. അപകടസാധ്യതകളെ കുറിച്ചോ തങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചോ അവർ മുഴുവനായി മനസ്സിലാക്കിയിട്ടുമുണ്ടാവില്ല.”
ചെറുപുസ്തകം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ബിസിനസ് ആവശ്യങ്ങൾക്കു യാത്ര ചെയ്യുന്നവരെയും ഒരു സംഘടിത കൂട്ടത്തോടൊപ്പമോ മുൻകൂട്ടി ശ്രദ്ധാപൂർവം തയ്യാറാക്കിയ ഒരു മാർഗരേഖ അനുസരിച്ചോ യാത്രചെയ്യുന്നവരെയും സാധാരണഗതിയിൽ കാണാതാകാറില്ല. ഓസ്ട്രേലിയയിലോ മറ്റെവിടെയുമോ ആയിക്കൊള്ളട്ടെ, ചെലവുചുരുക്കി യാത്രചെയ്യുക എന്ന ലക്ഷ്യത്തിൽ ഹിച്ച്ഹൈക്ക് ചെയ്യുന്നവരെയാണു മിക്കപ്പോഴും കാണാതാകുന്നത്.”
ഹിച്ച്ഹൈക്ക് ചെയ്യുകയാണെങ്കിലും അല്ലെങ്കിലും വ്യക്തമായ ഒരു മാർഗരേഖ പിൻപറ്റാതെ യാത്ര ചെയ്യുന്നത്—പിടിച്ചുകെട്ടിയിരിക്കുന്നതായി തോന്നാൻ ആഗ്രഹിക്കാത്തവർക്ക് വളരെ ആകർഷണീയമായിരുന്നേക്കാമെങ്കിലും—അപകടസാധ്യത വർധിപ്പിക്കും. യാത്രപോയ വ്യക്തി എവിടെയാണെന്ന് അറിയില്ലെങ്കിൽ ഒരു അടിയന്തിര സാഹചര്യം ഉണ്ടാകുന്നപക്ഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒന്നുംതന്നെ ചെയ്യാനാവില്ല. ഉദാഹരണത്തിന്, ഒരു വ്യക്തിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നു കരുതുക. വീട്ടിലാർക്കും അയാൾ എവിടെയാണെന്നുള്ളതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലെങ്കിലോ?
സമ്പർക്കം പുലർത്തൽ
എങ്ങുമെത്താത്ത ഹൈവേ എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ ബ്രിട്ടീഷ് പത്രപ്രവർത്തകനായ റിച്ചാർഡ് ഷിർസ് കാണാതായ ഏഴ് ഹിച്ച്ഹൈക്കർമാരെ കുറിച്ച് എഴുതി. “പെട്ടെന്നാണ് [അവർ] തങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നതു നിറുത്തിയത്.” ഇങ്ങനെ ചെയ്യുമ്പോൾ, യാത്രപോയവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചതാണോ അതോ അവർ സമ്പർക്കം പുലർത്തുന്നില്ല എന്നു മാത്രമേയുള്ളോ എന്നതിനെപ്പറ്റി കുടുംബാംഗങ്ങൾക്ക് ആദ്യമൊന്നും നിശ്ചയമുണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ അവരുടെ വിവരമൊന്നും ഇല്ലാത്തപ്പോഴും അതേക്കുറിച്ച് അധികാരികളെ അറിയിക്കാൻ കുടുംബാംഗങ്ങൾ മടിച്ചേക്കാം.
ഹിച്ച്ഹൈക്കിങ് നടത്തിയിരുന്ന ആ ഏഴുപേരിൽ ഒരു പെൺകുട്ടി കൈയിലെ ചില്ലറ തീർന്നെന്നു കാണുമ്പോൾ മാതാപിതാക്കളുമായുള്ള ടെലിഫോൺ സംഭാഷണങ്ങളുടെ ദൈർഘ്യം വെട്ടിച്ചുരുക്കുമായിരുന്നു. അതു മനസ്സിൽ പിടിച്ചുകൊണ്ട് അവളുടെ മാതാപിതാക്കൾ, കുട്ടികൾക്ക് ഫോൺ കാർഡുകൾ—ചില ഫോൺ ബൂത്തുകളിൽ പണത്തിനു പകരമായി ഉപയോഗിക്കാനാവുന്ന ഒരു പ്ലാസ്റ്റിക് കാർഡ്—നൽകാനോ വീട്ടിലേക്കു വിളിക്കാൻ തക്കവണ്ണം മറ്റേതെങ്കിലും ക്രമീകരണം ചെയ്തു കൊടുക്കാനോ മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുകയുണ്ടായി. അങ്ങനെ ചെയ്തിരുന്നെങ്കിലും ഒരുപക്ഷേ മേൽപ്പറഞ്ഞ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഹിച്ച്ഹൈക്കർമാർ പതിവായി വീട്ടുകാരുമായി ആശയവിനിമയം നടത്തുകയാണെങ്കിൽ അവർക്കു മിക്കപ്പോഴും മറ്റു പല പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു സാധിക്കും. ഇനി ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽതന്നെ കുറഞ്ഞപക്ഷം കൈകാര്യം ചെയ്യാനെങ്കിലും സാധിക്കും.
ജീവൻ നഷ്ടപ്പെട്ട ഏഴ് ഹിച്ച്ഹൈക്കർമാരും, ഓസ്ട്രേലിയയെ ലോകത്തിൽ ഏറ്റവും സുരക്ഷിതമായി ഹിച്ച്ഹൈക്ക് ചെയ്യാവുന്ന രാജ്യം എന്നു വിശേഷിപ്പിക്കുന്ന യാത്രാ ഗ്രന്ഥങ്ങൾ വായിച്ചിരുന്നിരിക്കാം. എന്നാൽ ഹിച്ച്ഹൈക്കിങ് ബുദ്ധിശൂന്യമായ ഒന്നാണെന്നു തെളിയുകയുണ്ടായി—രണ്ടു പേർ ഉണ്ടായിരുന്നപ്പോഴും ലോകത്തിലെ “ഏറ്റവും സുരക്ഷിത” രാജ്യത്തായിരുന്നപ്പോഴും പോലും.
[അടിക്കുറിപ്പ്]
a ചില സ്ഥലങ്ങളിൽ ഹിച്ച്ഹൈക്കിങ് (പല പല വാഹനങ്ങളിലായി ലിഫ്റ്റുവാങ്ങി സൗജന്യമായി യാത്രചെയ്യുന്നത്) നിയമവിരുദ്ധമാണ്.
[27-ാം പേജിലെ ചിത്രം]
മക്കൾക്ക് ഫോൺ കാർഡുകളോ വീട്ടിലേക്കു വിളിക്കാനുള്ള മറ്റെന്തെങ്കിലും ക്രമീകരണമോ ചെയ്തുകൊടുത്തുകൊണ്ട് മാതാപിതാക്കൾക്ക് അനാവശ്യമായ ഉത്കണ്ഠ ഒഴിവാക്കാനാവും