“അമർത്യത”യുടെ ജീനിനെ തേടി
“അമർത്യത”യുടെ ജീനിനെ തേടി
മനുഷ്യന്റെ മർത്യതയെ വിശദീകരിക്കാൻ ഉദ്ദേശിച്ചുള്ള കഥകളും കെട്ടുകഥകളും മിക്കയിടങ്ങളിലും ഉണ്ട്. ഉദാഹരണത്തിന്, ആഫ്രിക്കയിലെ ഒരു ഐതിഹ്യമനുസരിച്ച്, മനുഷ്യവർഗത്തിന് അമർത്യത നൽകാൻ ദൈവം ഒരു ഓന്തിനെ അയച്ചു. പക്ഷേ, അത് പതുക്കെ സഞ്ചരിച്ചതിനാൽ, മരണദൂതുമായി അയയ്ക്കപ്പെട്ട ഒരു പല്ലിയാണ് ആദ്യം എത്തിയത്. വിഡ്ഢികളായ മനുഷ്യർ ആ പല്ലിയുടെ ദൂത് സ്വീകരിക്കുകയും അമർത്യത നഷ്ടപ്പെടുത്തുകയും ചെയ്തുവത്രെ.
മനുഷ്യൻ മരിക്കുന്നത് എന്തുകൊണ്ട്? നൂറ്റാണ്ടുകളായി തത്ത്വചിന്തകരും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിച്ചിട്ടുണ്ട്. പൊ.യു.മു. നാലാം നൂറ്റാണ്ടിലെ ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടിൽ പഠിപ്പിച്ചതനുസരിച്ച്, ഒരാളുടെ ജീവൻ ചൂടിനെയും തണുപ്പിനെയും സന്തുലിതാവസ്ഥയിൽ നിറുത്താനുള്ള അയാളുടെ ശരീരത്തിന്റെ പ്രാപ്തിയെ ആശ്രയിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: “ഏതെങ്കിലും വിധത്തിൽ ചൂട് കുറയുന്നതാണ് എല്ലായ്പോഴും മരണകാരണം.” എന്നാൽ അതേസമയം, ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു അമർത്യ ആത്മാവ് ഉണ്ടെന്നാണ് പ്ലേറ്റോ പഠിപ്പിച്ചത്.
ഈ ആധുനിക കാലത്ത് വമ്പിച്ച ശാസ്ത്രീയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, നാം വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട് എന്നതു സംബന്ധിച്ച ജീവശാസ്ത്രജ്ഞരുടെ മിക്ക ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ല. ലണ്ടനിലെ ഗാർഡിയൻ വീക്ക്ലി ഇങ്ങനെ പറഞ്ഞു: “വൈദ്യശാസ്ത്രത്തെ ഏറ്റവുമധികം കുഴപ്പിക്കുന്ന ഒരു സംഗതി, ഹൃദയ-രക്തക്കുഴൽ സംബന്ധമായ രോഗമോ കാൻസറോ നിമിത്തം ആളുകൾ മരിക്കുന്നത് എന്തുകൊണ്ട് എന്നതല്ല, മറിച്ച് യാതൊരു കുഴപ്പവുമില്ലാതിരിക്കെപ്പോലും എന്തുകൊണ്ട് മരണം സംഭവിക്കുന്നു എന്നതാണ്. 70-ഓ അതിലധികമോ വർഷക്കാലം വിഭജിക്കുകയും സ്വയം പുതുക്കുകയും ചെയ്യുന്ന മനുഷ്യകോശങ്ങൾ എന്തുകൊണ്ടാണ് ആ പ്രക്രിയ പെട്ടെന്ന് നിറുത്തിക്കളയുന്നത്?”
വാർധക്യ പ്രക്രിയയെ മനസ്സിലാക്കാനുള്ള ശ്രമത്തിൽ അന്വേഷണ കുതുകികളായ ജനിതക ശാസ്ത്രജ്ഞരും തന്മാത്രാ ശാസ്ത്രജ്ഞരും കോശത്തിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിച്ചിരിക്കുന്നു. കോശങ്ങൾക്കകത്ത് ദീർഘായുസ്സിനുള്ള നിർണായക ഘടകം കണ്ടെത്താൻ സാധിക്കുമെന്ന് അനേകം ശാസ്ത്രജ്ഞരും വിചാരിക്കുന്നു. ഉദാഹരണത്തിന്, ഹൃദ്രോഗത്തെയും കാൻസറിനെയും കീഴടക്കാൻ ജനിതക എൻജിനിയറിങ് ശാസ്ത്രജ്ഞരെ സഹായിക്കുമെന്ന് ചിലർ പ്രവചിക്കുന്നു. എന്നാൽ, എന്നേക്കും ജീവിക്കുക എന്ന മനുഷ്യരാശിയുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തോട് ശാസ്ത്രം എന്തുമാത്രം അടുത്തെത്തിയിരിക്കുന്നു?
കോശത്തിലെ നിഗൂഢതകളുടെ ചുരുളഴിക്കുന്നു
മുൻ തലമുറകളിലെ ശാസ്ത്രജ്ഞർ കോശത്തിലെ നിഗൂഢതകളുടെ ചുരുളഴിക്കാൻ ശ്രമിച്ചു. എങ്കിലും അവർക്ക് അതു ചെയ്യാൻ ആവശ്യമായ സാമഗ്രികൾ ഇല്ലായിരുന്നു. ഈ കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് ശാസ്ത്രജ്ഞർക്ക് കോശത്തിനുള്ളിലേക്ക് എത്തിനോക്കാനും അതിലെ പല അടിസ്ഥാന ഘടകങ്ങളെ നിരീക്ഷിക്കാനും സാധിച്ചത്. അവർ എന്താണ് കണ്ടെത്തിയത്? ശാസ്ത്ര എഴുത്തുകാരനായ റിക്ക് ഗോർ പറയുന്നു: “കോശം ഒരു അതിസൂക്ഷ്മ പ്രപഞ്ചമാണ്.”
ഒരു കോശത്തിന്റെ അതിസങ്കീർണതയെപ്പറ്റി ഒരു ഏകദേശ ധാരണ ലഭിക്കുന്നതിന് ആദ്യമായി അവയുടെ ഘടനയെ കുറിച്ച് ചിന്തിക്കുക. ഓരോ കോശവും അവയെക്കാൾ തീരെ ചെറിയ ശതസഹസ്രകോടിക്കണക്കിനു തന്മാത്രകൾ കൊണ്ടാണു നിർമിക്കപ്പെട്ടിരിക്കുന്നത്. ഒരു കോശത്തിന്റെ ഘടന നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞർക്ക് തികഞ്ഞ ക്രമവും രൂപരചനയുടെ തെളിവും കണ്ടെത്താൻ കഴിയുന്നു. സ്റ്റാൻഫോൾഡ് യൂണിവേഴ്സിറ്റിയിലെ ജനിതക-തന്മാത്രാ ജീവശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസറായ ഫിലിപ്പ് ഹാനവോൾട്ട് ഇങ്ങനെ പറയുന്നു: “ഏറ്റവും ലളിതമായ ഒരു ജീവകോശത്തിന്റെപോലും സാധാരണ വളർച്ചയ്ക്ക് പതിനായിരക്കണക്കിന് രാസപ്രവർത്തനങ്ങൾ ക്രമീകൃതമായ വിധത്തിൽ നടക്കേണ്ടതുണ്ട്.” അദ്ദേഹം തുടർന്ന് ഇങ്ങനെ പ്രസ്താവിക്കുന്നു: “പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്ന ഈ കൊച്ചു രാസ ഫാക്ടറികളുടെ കാര്യനിർവഹണ പ്രാപ്തികൾ, ഒരു പരീക്ഷണശാലയിലുള്ള ശാസ്ത്രജ്ഞന്റെ പ്രാപ്തികളെ കടത്തിവെട്ടുന്നതാണ്.”
ജീവശാസ്ത്രപരമായ മാർഗങ്ങൾ ഉപയോഗിച്ച് മനുഷ്യായുസ്സ് നീട്ടാനുള്ള ഗംഭീര ശ്രമങ്ങളെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അതിന്, ജീവന്റെ അടിസ്ഥാന നിർമാണഘടകങ്ങളെ കുറിച്ചുള്ള അപാര ജ്ഞാനം മാത്രമല്ല, ആ നിർമാണഘടകങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും ആവശ്യമാണ്! ജീവശാസ്ത്രജ്ഞർ ഇന്നു നേരിടുന്ന വെല്ലുവിളി മനസ്സിലാക്കാൻ നമുക്കു മനുഷ്യകോശത്തിലേക്ക് ഒന്ന് എത്തിനോക്കാം.
എല്ലാം ജീനുകളിൽ നിക്ഷിപ്തം
ഓരോ കോശത്തിനും മർമം എന്നു വിളിക്കപ്പെടുന്ന സങ്കീർണമായ ഒരു നിയന്ത്രണ കേന്ദ്രമുണ്ട്. കോഡു ചെയ്തിരിക്കുന്ന ഒരു കൂട്ടം നിർദേശങ്ങൾക്ക് അനുസൃതമായി മർമം കോശ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. ഈ നിർദേശങ്ങൾ ക്രോമസോമുകളിലാണുള്ളത്.
നമ്മുടെ ക്രോമസോമുകൾ മുഖ്യമായും നിർമിക്കപ്പെട്ടിരിക്കുന്നത് മാംസ്യവും ഡിഎൻഎ എന്ന ചുരുക്കപ്പേരുള്ള ഡിഓക്സി റൈബോ ന്യൂക്ലിക് അമ്ലവുംകൊണ്ടാണ്. a 1860-കളുടെ ഒടുക്കം മുതൽ ശാസ്ത്രജ്ഞർക്ക് ഡിഎൻഎ-യെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും, 1953-ലാണ് അവർ അതിന്റെ തന്മാത്രാ ഘടന വ്യക്തമായി മനസ്സിലാക്കിയത്. എന്നിട്ടും, ജനിതക വിവരങ്ങൾ രേഖപ്പെടുത്തിവെക്കാൻ ഡിഎൻഎ തന്മാത്രകൾ ഉപയോഗിക്കുന്ന “ഭാഷ” മനസ്സിലാക്കിത്തുടങ്ങാൻ അവർക്ക് ഏതാണ്ട് ഒരു പതിറ്റാണ്ടുകൂടി കാത്തിരിക്കേണ്ടിവന്നു.—22-ാം പേജിലെ ചതുരം കാണുക.
ക്രോമസോമുകളുടെ അഗ്രഭാഗത്തായി ഡിഎൻഎ-യുടെ ഒരു ചെറിയ അനുക്രമം ഉണ്ടെന്നും ക്രോമസോമുകളെ സ്ഥിരതയുള്ളതാക്കി നിറുത്തുന്നത് അതാണെന്നും 1930-കളിൽ ജനിതക ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. ടെലോമിർ എന്ന അതിന്റെ പേര് ടെലോസ്
(അഗ്രം) മെറോസ് (ഭാഗം) എന്നീ ഗ്രീക്ക് പദങ്ങളിൽനിന്നാണു രൂപംകൊണ്ടത്. ഡിഎൻഎ-യുടെ ഈ കൊച്ചു ഖണ്ഡങ്ങൾ ഏറെയും ഷൂലേസിന്റെ അറ്റത്തുള്ള സംരക്ഷക കവചംപോലെയാണു വർത്തിക്കുന്നത്. ടെലോമിറുകൾ ഇല്ലായിരുന്നെങ്കിൽ, നമ്മുടെ ക്രോമസോമുകളുടെ ഇഴ വേർപെട്ട് ചെറിയ തുണ്ടുകളായി വിഭജിക്കപ്പെടുകയോ പരസ്പരം ഒട്ടിപ്പിടിക്കുകയോ അതുമല്ലെങ്കിൽ അവയുടെ സ്ഥിരത നഷ്ടപ്പെടുകയോ ചെയ്യുമായിരുന്നു.
മിക്ക കോശങ്ങളുടെയും കാര്യത്തിൽ, ഓരോ വിഭജനത്തിനുശേഷവും അവയുടെ ടെലോമിറുകളുടെ നീളം കുറഞ്ഞുവരുന്നതായി പിന്നീട് ഗവേഷകർ കണ്ടെത്തി. അങ്ങനെ 50-ഓ അതിലധികമോ വിഭജനം കഴിയുമ്പോൾ കോശത്തിലെ ടെലോമിർ ചെറുതായി ചെറുതായി വരികയും കോശത്തിന്റെ വിഭജനം നിലച്ച് അതു ക്രമേണ മൃതമായിത്തീരുകയും ചെയ്യുന്നു. കോശങ്ങൾ മൃതമാകുന്നതിനു മുമ്പ് അവ എത്ര പ്രാവശ്യം വിഭജിക്കപ്പെടണം എന്നുള്ളതിന് ഒരു പരിധി വെച്ചിരിക്കുന്നതുപോലെ തോന്നുന്നതായുള്ള നിരീക്ഷണം ആദ്യമായി റിപ്പോർട്ട് ചെയ്തത് 1960-കളിൽ ഡോ. ലെണാർഡ് ഹേഫ്ലിക്ക് ആണ്. അതുകൊണ്ട് ഈ പ്രതിഭാസത്തെ അനേകം ശാസ്ത്രജ്ഞരും ഹേഫ്ലിക്ക് പരിധി എന്നാണു വിളിക്കുന്നത്.
കോശം വാർധക്യം പ്രാപിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാൻ ഡോ. ഹേഫ്ലിക്കിന് കഴിഞ്ഞോ? കഴിഞ്ഞെന്നു ചിലർ വിചാരിച്ചു. “എല്ലാ ജീവികൾക്കും, കൃത്യമായ സമയം നിശ്ചയിക്കപ്പെട്ട ഒരു സ്വയം-നശീകരണ സംവിധാനം, ജീവശക്തി ക്രമേണ ക്ഷയിച്ചുവരുന്നതായി കാണിക്കുന്ന ഒരു വാർധക്യ ഘടികാരം, അവയുടെ ഉള്ളിൽത്തന്നെയുണ്ട്” എന്ന് വാർധക്യത്തെ സംബന്ധിച്ചുള്ള നവീന ആശയങ്ങളെ പിന്താങ്ങുന്നവർ വിശ്വസിക്കുന്നതായി 1975-ൽ നേച്ചർ/സയൻസ് ആന്വൽ പറയുകയുണ്ടായി. ഒടുവിൽ, ശാസ്ത്രജ്ഞർ വാർധക്യ പ്രക്രിയയിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയെന്ന പ്രതീക്ഷ ഉണരുകയും ചെയ്തു.
1990-കളിൽ, മനുഷ്യരിലെ കാൻസർ കോശങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകർ ഈ “കോശത്തിലെ ഘടികാരത്തെ” കുറിച്ച് മറ്റൊരു സുപ്രധാന കാര്യം കണ്ടുപിടിക്കുകയുണ്ടായി. “കോശത്തിലെ ഘടികാരത്തെ” അതിലംഘിച്ച് അനിശ്ചിതമായി വിഭജിക്കാൻ ഈ മാരക കോശങ്ങൾ എങ്ങനെയോ പഠിച്ചു എന്നാണ് അവർ കണ്ടെത്തിയത്. 1980-കളിൽ ആദ്യമായി കണ്ടുപിടിച്ചതും പിന്നീട് മിക്ക കാൻസർ കോശങ്ങളിലും ഉണ്ടെന്ന് കണ്ടെത്തപ്പെടുകയും ചെയ്ത തികച്ചും വിചിത്രമായ ഒരു എൻസൈമിലേക്കാണ് ഇത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയെ ക്ഷണിച്ചത്. ടെലോമിറാസ് എന്നാണ് ഈ
എൻസൈമിന്റെ പേര്. എന്താണ് ഇതിന്റെ ധർമം? ലളിതമായി പറഞ്ഞാൽ, കോശത്തിലെ ടെലോമിറുകളുടെ നീളം വർധിപ്പിച്ചുകൊണ്ട് അതിലെ “ഘടികാരത്തെ” റീസെറ്റ് ചെയ്യുന്ന ഒരു താക്കോൽ പോലെയാണത്.വാർധക്യത്തിന് അറുതിയോ?
ടെലോമിറാസിനെ കുറിച്ചുള്ള ഗവേഷണം പെട്ടെന്നുതന്നെ തന്മാത്രാ ജീവശാസ്ത്രത്തിലെ അത്യധികം താത്പര്യജനകമായ ഒരു മേഖലയായിത്തീർന്നു. സാധാരണ കോശങ്ങൾ വിഭജിക്കുമ്പോൾ ടെലോമിറുകളുടെ നീളം കുറയുന്നതു തടയാൻ ശാസ്ത്രജ്ഞർക്കു കഴിഞ്ഞാൽ, വാർധക്യം പ്രാപിക്കൽ പ്രക്രിയ ഇല്ലാതാക്കാനോ കുറഞ്ഞപക്ഷം ഗണ്യമായി നീട്ടിവെക്കാനോ കഴിയുമെന്നായിരുന്നു അതിന്റെ അർഥം. ശ്രദ്ധേയമെന്നു പറയട്ടെ, സാധാരണ മനുഷ്യകോശത്തെ “അനിശ്ചിതമായി വിഭജിക്കാൻ ശേഷിയുള്ള”താക്കാൻ കഴിയുമെന്ന് ടെലോമിറാസ് ഉപയോഗിച്ചുള്ള ഗവേഷണങ്ങൾ തെളിയിച്ചിരിക്കുന്നതായി ഗെരോൺ കോർപ്പറേഷൻ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.
അത്തരം പുരോഗതികളൊക്കെ കൈവരിച്ചിട്ടുണ്ടെങ്കിലും, ടെലോമിറാസ് ഉപയോഗിച്ചുകൊണ്ട് സമീപഭാവിയിൽ ജീവശാസ്ത്രജ്ഞർ നമ്മുടെ ആയുർദൈർഘ്യം ഗണ്യമായി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കാൻ ഒരു ന്യായവുമില്ല. കാരണം? ഒരു സംഗതി, വാർധക്യപ്രക്രിയയിൽ ടെലോമിറാസിന്റെ ശോഷണത്തെക്കാൾ അധികം ഉൾപ്പെട്ടിരിക്കുന്നു എന്നതാണ്. ഉദാഹരണമായി, റിവേഴ്സിങ് ഹ്യൂമൻ ഏയ്ജിങ് എന്ന ഗ്രന്ഥത്തിന്റെ എഴുത്തുകാരനായ ഡോ. മൈക്കൽ ഫോസെൽ പറയുന്നതു കേൾക്കൂ: “വാർധക്യത്തിന് ഇടയാക്കുന്നതായി ഇന്ന് അറിയാവുന്ന കാര്യങ്ങളെ നാം കീഴടക്കിയാലും, അത്ര പരിചിതമല്ലാത്ത മറ്റേതെങ്കിലും കാരണങ്ങളാൽ നാം വാർധക്യം പ്രാപിക്കും. നാം നമ്മുടെ ടെലോമിറുകൾ അനിശ്ചിതമായി ദീർഘിപ്പിച്ചാൽ, നമുക്ക് വാർധക്യസഹജമായ രോഗങ്ങൾ പിടിപെടില്ലായിരിക്കാം, എങ്കിലും ക്രമേണ നാം ശക്തി ക്ഷയിച്ച് മരിക്കുകതന്നെ ചെയ്യും.”
യഥാർഥത്തിൽ, വാർധക്യ പ്രക്രിയയ്ക്കു കാരണമാകുന്ന ജീവശാസ്ത്രപരമായ ഒട്ടേറെ ഘടകങ്ങൾ ഉണ്ടെന്നാണു തോന്നുന്നത്. എന്നാൽ, അവ കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ലിയൊണാർഡ് ഗ്വാരെന്റീ പറയുന്നു: “വാർധക്യമെന്നത് ഇപ്പോഴും ചുരുളഴിയാത്ത ഒരു നിഗൂഢതയായി തുടരുന്നു.”—സയന്റിഫിക് അമേരിക്കൻ, ഫാൾ 1999.
ജീവശാസ്ത്രജ്ഞരും ജനിതകശാസ്ത്രജ്ഞരും മനുഷ്യർ വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാനായി കോശത്തെക്കുറിച്ചുള്ള പഠനം തുടരുകയാണെങ്കിലും, ദൈവവചനം അതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തുന്നു. വളരെ ലളിതമായ ഭാഷയിൽ അത് ഇപ്രകാരം പറയുന്നു: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) അതേ, ശാസ്ത്രത്തിന് ഒരിക്കലും ചികിത്സിച്ചു ഭേദമാക്കാനാവാത്ത ഒരു അവസ്ഥയുടെ—പാരമ്പര്യസിദ്ധ പാപം—ഫലമായാണ് മനുഷ്യർ മരിക്കുന്നത്.—1 കൊരിന്ത്യർ 15:22.
എന്നാൽ യേശുക്രിസ്തുവിന്റെ മറുവിലയാഗം മുഖാന്തരം, പാരമ്പര്യസിദ്ധ പാപത്തിന്റെ ഫലങ്ങൾ ഇല്ലായ്മ ചെയ്യുമെന്ന് നമ്മുടെ സ്രഷ്ടാവ് വാഗ്ദാനം ചെയ്യുന്നു. (റോമർ 6:23) വാർധക്യത്തിന്റെയും മരണത്തിന്റെയും ഗതി പിന്നോട്ടാക്കാൻ അവന് അറിയാമെന്നതു സംബന്ധിച്ചു നമുക്ക് ഉറപ്പുള്ളവരായിരിക്കാം. കാരണം സങ്കീർത്തനം 139:16 ഇങ്ങനെ പറയുന്നു: “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” ജനിതക കോഡിന്റെ കാരണഭൂതനും അത് എഴുതിവെച്ചവനും യഹോവയാണ്. അങ്ങനെ തന്റെ തക്ക സമയത്ത്, തന്റെ വ്യവസ്ഥകൾ അനുസരിക്കുന്നവർക്ക് എന്നേക്കുമുള്ള ജീവിതം ആസ്വദിക്കാൻ അവരുടെ ജീൻ അവരെ പ്രാപ്തമാക്കുമെന്ന് അവൻ ഉറപ്പുവരുത്തും.—സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5.
[അടിക്കുറിപ്പ്]
a ഡിഎൻഎ-യെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1999 സെപ്റ്റംബർ 8 ലക്കം ഉണരുക!യുടെ 5-10 പേജുകൾ കാണുക.
[22-ാം പേജിലെ ചതുരം]
ഡിഎൻഎ-യുടെ “ഭാഷ”
ഡിഎൻഎ ഭാഷയുടെ അടിസ്ഥാന ഘടകങ്ങൾ അഥവാ “അക്ഷരങ്ങൾ” ബേസുകൾ എന്നു വിളിക്കപ്പെടുന്ന രാസ ഘടകങ്ങളാണ്. നാലു തരം ബേസുകളാണുള്ളത്: തൈമിൻ, അഡിനിൻ, ഗ്വാനിൻ, സൈറ്റോസിൻ. സാധാരണമായി ഇവ T, A, G, C എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്നു. “നാലക്ഷരമുള്ള ഒരു അക്ഷരമാലയിലെ അക്ഷരങ്ങളാണ് ഈ നാലു ബേസുകളെന്നു വിചാരിക്കുക” എന്നു നാഷണൽ ജിയോഗ്രഫിക് മാസിക പറയുന്നു. “അക്ഷരമാലയിലെ അക്ഷരങ്ങൾ വിന്യസിച്ച് നാം അർഥപൂർണമായ വാക്കുകൾ എഴുതുന്നതുപോലെ, നമ്മുടെ ജീനിന്റെ ഘടകങ്ങളായ A-കളും T-കളും G-കളും C-കളും കോശത്തിലെ സംവിധാനത്തിനു മാത്രം മനസ്സിലാകുന്ന മൂന്നക്ഷര ‘വാക്കുകളായി’ ക്രമീകരിച്ചിരിക്കുന്നു.” പിന്നെ, ജനിതക “വാക്കുകൾ” ചേർന്ന് “വാചകങ്ങൾ” രൂപീകരിക്കപ്പെടുന്നു. ഈ “വാചകങ്ങൾ” ആണ് ഒരു പ്രത്യേക മാംസ്യം നിർമിക്കേണ്ടത് എങ്ങനെയെന്നു കോശത്തോടു പറയുന്നത്. ഡിഎൻഎ-യിലെ അക്ഷരങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്ന ക്രമമാണ്, പ്രസ്തുത മാംസ്യം ആഹാരം ദഹിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു എൻസൈമായോ അണുബാധ ഏൽക്കാതെ സംരക്ഷിക്കുന്ന ഒരു പ്രതിവസ്തുവായോ നിങ്ങളുടെ ശരീരത്തിലുള്ള ആയിരക്കണക്കിനു മാംസ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണമായോ വർത്തിക്കുമോ എന്നു നിർണയിക്കുന്നത്. കോശം എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ ഡിഎൻഎ-യെ “ജീവന്റെ ബ്ലൂപ്രിന്റ്” എന്നു പരാമർശിച്ചിരിക്കുന്നതിൽ യാതൊരു അതിശയവുമില്ല.
[21-ാം പേജിലെ ചിത്രം]
ക്രോമസോമുകളുടെ അഗ്രഭാഗങ്ങൾ (തിളങ്ങുന്നതായി ഇവിടെ കാണിച്ചിരിക്കുന്നു) വിഭജിച്ചുകൊണ്ടിരിക്കാൻ കോശങ്ങളെ സഹായിക്കുന്നു
[കടപ്പാട്]
Courtesy of Geron Corporation