ഒരു ശുശ്രൂഷകൻ ആരാണ്?
ബബിളിന്റെ വീക്ഷണം
ഒരു ശുശ്രൂഷകൻ ആരാണ്?
യേശുവിന്റെ ബലിമരണത്തിന്റെ തലേ രാത്രിയിൽ അവന്റെ അടുത്ത സുഹൃത്തുക്കൾക്കിടയിൽ ചൂടുപിടിച്ച ഒരു തർക്കമുണ്ടായി. ലൂക്കൊസ് 22:24 പറയുന്നത് അനുസരിച്ച്, ‘തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി’യായിരുന്നു തർക്കം. യേശുവിന്റെ അപ്പൊസ്തലന്മാരുടെ ഇടയിൽ അത്തരമൊരു തർക്കം ഉണ്ടാകുന്നത് അത് ആദ്യമായിരുന്നില്ല. മുമ്പ് രണ്ടു തവണയെങ്കിലും അതു സംബന്ധിച്ച് യേശു അവരെ തിരുത്തിയതാണ്.
ഒരു ക്രിസ്തീയ ശുശ്രൂഷകൻ എങ്ങനെയുള്ളവൻ ആയിരിക്കണം എന്നതിനെ കുറിച്ച് ഈ നിർണായക രാത്രിയിലും യേശുവിന് അവരെ ഓർമിപ്പിക്കേണ്ടിവന്നത് എത്ര സങ്കടകരമായിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.”—ലൂക്കൊസ് 22:26.
സ്ഥാനമാനങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അപ്പൊസ്തലന്മാർക്ക് ഒരു തെറ്റായ ധാരണ ഉണ്ടായിരുന്നതിൽ നാം അതിശയിക്കേണ്ടതില്ല. കാരണം, യേശുവിനു മുമ്പ്, മത നേതൃത്വം സംബന്ധിച്ച അവരുടെ മുഖ്യ മാതൃക ശാസ്ത്രിമാരുടേതും പരീശന്മാരുടേതും ആയിരുന്നു. ആ വ്യാജശുശ്രൂഷകർ ആളുകൾക്ക് ആത്മീയ മാർഗനിർദേശം നൽകുന്നതിനു പകരം “മനുഷ്യർക്കു [മുമ്പാകെ] സ്വർഗ്ഗരാജ്യം അടെച്ചുകളയുന്ന” കർക്കശമായ പാരമ്പര്യങ്ങളും ചട്ടങ്ങളും അവരുടെമേൽ അടിച്ചേൽപ്പിച്ചു. അധികാരക്കൊതി പൂണ്ട, സ്വാർഥമതികളായ അവർ തങ്ങളുടെ വേല നിർവഹിച്ചിരുന്നത് “മനുഷ്യർ കാണേണ്ടതി”നായിരുന്നു.—മത്തായി 23:4, 5, 13.
ഒരു പുതിയതരം ശുശ്രൂഷകൻ
എന്നാൽ ക്രിസ്തീയ ശുശ്രൂഷയെ കുറിച്ചുള്ള പുതിയൊരു വീക്ഷണം യേശു തന്റെ ശിഷ്യന്മാരുടെ മുമ്പാകെ അവതരിപ്പിച്ചു. അവൻ ഇങ്ങനെ പഠിപ്പിച്ചു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. . . . നിങ്ങളിൽ ഏററവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.” (മത്തായി 23:8-11) യേശുവിന്റെ ശിഷ്യന്മാർ തങ്ങളുടെ നാളിലെ മതനേതാക്കന്മാരെ അനുകരിക്കരുതായിരുന്നു. യഥാർഥ ശുശ്രൂഷകർ ആയിരിക്കണമെങ്കിൽ അവർ യേശുവിനെ അനുകരിക്കണമായിരുന്നു. അവൻ ഏതുതരത്തിലുള്ള ഒരു മാതൃകയാണ് നൽകിയത്?
“ശുശ്രൂഷകൻ” എന്നതിന് ബൈബിളിൽ മിക്കപ്പോഴും ഉപയോഗിക്കുന്ന ഗ്രീക്കു പദം ഡയക്കനോസ് ആണ്. ഈ പദം അർഥമാക്കുന്നത് “ഒരു പദവിസ്ഥാനത്തെയല്ല, പിന്നെയോ ശുശ്രൂഷകനു ശുശ്രൂഷ ലഭിക്കുന്നവനുമായുള്ള ബന്ധത്തെയാണ്: യേശുവിന്റെ . . . മാതൃക പിൻപറ്റുന്നതാണ് ശുശ്രൂഷ സംബന്ധിച്ച ക്രിസ്തീയ ഗ്രാഹ്യത്തിലെ ഏറ്റവും മുഖ്യ സംഗതി” എന്ന് ദി എൻസൈക്ലോപീഡിയാ ഓഫ് റിലിജൻ പറയുന്നു.
മത്തായി 20:28) മറ്റുള്ളവരെ ശാരീരികമായും ആത്മീയമായും സഹായിക്കാൻ വേണ്ടി യേശു തന്റെ സമയവും ഊർജവും പ്രാപ്തിയും നിസ്വാർഥമായി ഉപയോഗിച്ചു. എന്തുകൊണ്ട്? എന്തെന്നാൽ, തന്നെ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ആത്മീയ ശോചനീയാവസ്ഥ കണ്ട് അവന് അവരോടു മനസ്സലിവു തോന്നി. അവരെ സഹായിക്കാൻ അവൻ ആഗ്രഹിച്ചു. അതിരറ്റ സ്നേഹമായിരുന്നു അവന്റെ ശുശ്രൂഷയുടെ പ്രചോദക ഘടകം. തന്റെ ശിഷ്യന്മാരും അതേ കൊടുക്കൽ മനോഭാവം പ്രകടമാക്കണമെന്ന് അവൻ ആഗ്രഹിച്ചു.—മത്തായി 9:36.
“ശുശ്രൂഷകൻ” എന്ന പദത്തിന്റെ ശരിയായ നിർവചനത്തോടുള്ള ചേർച്ചയിൽ യേശു മറ്റുള്ളവർക്കായി സ്വയം ഉഴിഞ്ഞുവെച്ചു. “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനു”മാണ് വന്നത് എന്ന് അവൻ ക്ഷമാപൂർവം വിശദീകരിച്ചു. (തന്റെ ജീവിതത്തിലൂടെ യേശു ഭാവി ശുശ്രൂഷകർക്ക് ഒരു മാതൃക വെച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “കൊയ്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ.” (മത്തായി 9:37, 38) അതേ, യേശുവിന്റെ ശുശ്രൂഷകർ ലോകം കണ്ടിട്ടുള്ളതിലേക്കും ഏറ്റവും വലിയ ഒരു വേലയിൽ പങ്കെടുക്കണമായിരുന്നു. ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ട് മുഴു മനുഷ്യവർഗത്തിനും ആത്മീയ സാന്ത്വനം പ്രദാനം ചെയ്യുക എന്നതാണ് ആ വേല.—മത്തായി 28:19, 20.
കൊടുക്കുന്നതിലും മറ്റുള്ളവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്നതിലും ആയിരുന്നു യേശു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ സമീപനമാണ് അവന്റെ ശുശ്രൂഷയെ അനുപമമാക്കിയത്. പ്രത്യേക വേഷഭൂഷാദികളണിഞ്ഞ പണ്ഡിതശ്രേഷ്ഠരോ ആധ്യാത്മികദർശകരോ ആയിരിക്കാനല്ല, പിന്നെയോ കഠിനാധ്വാനികളും ആത്മീയ മീൻപിടുത്തക്കാരും ആത്മീയ ഇടയന്മാരും ആയിരിക്കാനാണ് അവൻ തന്റെ ശുശ്രൂഷകരെ പഠിപ്പിച്ചത്.—മത്തായി 4:19; 23:5; യോഹന്നാൻ 21:15-17.
ബൈബിളിന്റെ വീക്ഷണം
എന്നാൽ ദുഃഖകരമെന്നു പറയട്ടെ, ശുശ്രൂഷകർ ആത്മത്യാഗികളായ പ്രസംഗകരും പ്രബോധകരും ആയിരിക്കണമെന്നുള്ള ഉത്കൃഷ്ടവും നിസ്വാർഥവുമായ ഈ വീക്ഷണം നൂറ്റാണ്ടുകൾ കടന്നുപോയതോടെ വികലമായി. ക്രിസ്തീയ ശുശ്രൂഷ ഒരു ഔപചാരിക പുരോഹിതാധിപത്യമായി പരിണമിച്ചു. മഠങ്ങളും അധികാര ശ്രേണികളും രൂപംകൊണ്ടു. അവയ്ക്ക് പ്രശസ്തിയും അധികാരവും നൽകപ്പെട്ടു, അവ മിക്കപ്പോഴും വളരെയേറെ സമ്പത്ത് വാരിക്കൂട്ടുന്നതിനുള്ള മാധ്യമങ്ങളായി ഉതകി. ഇത് തരംതിരിവുകൾ സൃഷ്ടിച്ചു. പ്രധാനമായും, മതകർമങ്ങൾ അനുഷ്ഠിക്കുകയും തെറ്റു ചെയ്തവരെ ഗുണദോഷിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വം മാത്രമുള്ള ഒരു പുരോഹിത വർഗം ഉടലെടുത്തു. അംഗങ്ങൾ എല്ലാവരും ശുശ്രൂഷകരായ ഒരു സജീവ മതം എന്ന നിലയിൽനിന്ന് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിത്വം, തുടർന്നുള്ള നൂറ്റാണ്ടുകളിൽ, പ്രത്യേക പരിശീലനം ലഭിച്ചവരും അംഗീകരിക്കപ്പെട്ടവരുമായ ചുരുക്കം ചിലർ മാത്രം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു നിഷ്ക്രിയ മതമായി മാറി.
എന്നാൽ ബൈബിൾ ഒരു ക്രിസ്തീയ ശുശ്രൂഷകനെ പ്രത്യേക വേഷഭൂഷാദികൾ അണിഞ്ഞ, വിപുലമായ മതചടങ്ങുകൾ നടത്തുന്ന, ശമ്പളം പറ്റുന്ന അല്ലെങ്കിൽ ഗവൺമെന്റ് നിയമിതനായ ഒരുവനായിട്ടല്ല മറിച്ച്, നിസ്വാർഥമായി അധ്വാനിക്കുന്ന ഒരുവനായിട്ടാണ് തിരിച്ചറിയിക്കുന്നത്. ക്രിസ്തീയ ശുശ്രൂഷകർക്ക് ഉണ്ടായിരിക്കേണ്ട മനോഭാവം എന്താണെന്നു പൗലൊസ് അപ്പൊസ്തലൻ വിവരിച്ചു. ‘ദുരഭിമാനത്തോടെ ഒന്നും ചെയ്യാതെ താഴ്മയോടെ’ പ്രവർത്തിക്കുന്നവർ ആയിരിക്കാൻ അവൻ അവരെ പ്രോത്സാഹിപ്പിച്ചു.—ഫിലിപ്പിയർ 2:3.
പൗലൊസ് തന്റെ പ്രസംഗത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു. ക്രിസ്തുവിന്റെ മാതൃകയോടു പൂർണമായി പറ്റിനിന്ന അവൻ “[സ്വന്തം] ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചു.” “സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്ന”തിനുള്ള തന്റെ ഉത്തരവാദിത്വം സംബന്ധിച്ച് അവൻ തികച്ചും ബോധവാനായിരുന്നു. ‘സുവിശേഷത്തിലെ അധികാരം തനിക്ക് ദുരുപയോഗിക്കാവുന്നതല്ലെന്ന്’ (NW) അവൻ പറഞ്ഞു. അവൻ ‘മനുഷ്യരിൽനിന്നുള്ള മാനം അന്വേഷിക്കുക’ ആയിരുന്നില്ല.—1 കൊരിന്ത്യർ 9:16-18; 10:33; 1 തെസ്സലൊനീക്യർ 2:6.
യഥാർഥ ക്രിസ്തീയ ശുശ്രൂഷകന്റെ എത്ര ശ്രദ്ധേയമായ ഒരു മാതൃക! അവന്റെ ഉത്തമ മാതൃക അനുകരിച്ചുകൊണ്ട് യേശുക്രിസ്തു കാണിച്ചുതന്ന നിസ്വാർഥ പാതയിൽ ചരിക്കുകയും ആത്മീയ സഹായവും സുവാർത്തയുടെ ആശ്വാസവും മറ്റുള്ളവർക്കു നൽകുകയും ചെയ്യുന്നവർ തങ്ങൾ ദൈവത്തിന്റെ യഥാർഥ ശുശ്രൂഷകർ ആണെന്നു പ്രകടമാക്കുന്നു.—1 പത്രൊസ് 2:21.