വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡിഎസ്‌ടി— സമയത്തിനുമുമ്പ്‌ ഉടലെടുത്ത ആശയമോ?

ഡിഎസ്‌ടി— സമയത്തിനുമുമ്പ്‌ ഉടലെടുത്ത ആശയമോ?

ഡിഎസ്‌ടിസമയത്തി​നു​മുമ്പ്‌ ഉടലെ​ടുത്ത ആശയമോ?

അനേകർക്കും വർഷത്തിൽ രണ്ടു തവണ തങ്ങളുടെ ക്ലോക്കി​ലെ സമയം ക്രമ​പ്പെ​ടു​ത്തേണ്ടി വരുന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതു മുന്നോ​ട്ടും പുറ​കോ​ട്ടും തിരി​ച്ചു​വെ​ക്കേണ്ടി വരുന്നത്‌ ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു തലവേ​ദ​ന​യാണ്‌. ഡിഎസ്‌ടി അഥവാ ഡേ​ലൈറ്റ്‌ സേവിങ്‌ ടൈം (പകലിനു ദൈർഘ്യം കൂടു​ത​ലുള്ള മാസങ്ങ​ളിൽ, എല്ലാ ക്ലോക്കു​ക​ളി​ലെ​യും സമയം ഒരു​പോ​ലെ മുന്നോ​ട്ടാ​ക്കി​വെ​ച്ചു​കൊണ്ട്‌ പകൽവെ​ളി​ച്ചം കൂടു​ത​ലാ​യി ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നുള്ള സംവി​ധാ​നം) എന്ന ആശയം ഉടലെ​ടു​ത്തത്‌ എങ്ങനെ? ആരാണ്‌ അതിന്റെ ഉപജ്ഞാ​താവ്‌?

എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പറയു​ന്ന​ത​നു​സ​രിച്ച്‌ 1784-ൽ ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ എന്ന വ്യക്തി​യാണ്‌ ‘പകൽവെ​ളി​ച്ചം നഷ്ടപ്പെ​ടു​ത്താ​തി​രി​ക്കൽ’ എന്ന ആശയം ആദ്യമാ​യി മുന്നോ​ട്ടു​വെ​ച്ചത്‌. ഒരു നൂറ്റാ​ണ്ടി​ലേറെ കാലത്തി​നു ശേഷം വില്യം വില്ലെറ്റ്‌ എന്ന ഇംഗ്ലീ​ഷു​കാ​രൻ അതിന്റെ പ്രചാ​ര​ണാർഥം തീവ്ര​മാ​യി പ്രവർത്തി​ച്ചു. എന്നിരു​ന്നാ​ലും പാർല​മെന്റ്‌ അതിന്‌ അനുകൂ​ല​മാ​യി ഒരു നിയമം പാസാ​ക്കു​ന്ന​തി​നു മുമ്പ്‌ വില്ലെറ്റ്‌ മരിച്ചു.

ബ്രിട്ടീഷ്‌ എഴുത്തു​കാ​ര​നായ ടോണി ഫ്രാൻസിസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, കെന്റിലെ ചിസൽഹ​ഴ്‌സ്റ്റ്‌ ജില്ലയിൽനി​ന്നുള്ള ഒരു കെട്ടി​ട​നിർമാണ വിദഗ്‌ധൻ ആയിരുന്ന വില്ലെറ്റ്‌ ഒരു വേനൽക്കാ​ലത്ത്‌ പെറ്റ്‌സ്‌ വുഡ്‌ പട്ടണത്തി​ലൂ​ടെ അതിരാ​വി​ലെ കുതി​ര​സ​വാ​രി നടത്തു​മ്പോ​ഴാണ്‌ സമയത്തിൽ ക്രമ​പ്പെ​ടു​ത്തൽ നടത്തു​ന്ന​തി​ന്റെ ഗുണത്തെ കുറിച്ച്‌ ആദ്യമാ​യി ചിന്തി​ക്കു​ന്നത്‌. ആ സവാരി​ക്കി​ട​യിൽ, പല വീടു​ക​ളു​ടെ​യും ജനലുകൾ അടഞ്ഞു കിടക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ ശ്രദ്ധയിൽപ്പെട്ടു. ‘പകൽവെ​ളി​ച്ചം വെറുതെ പാഴാ​യി​പ്പോ​കു​ക​യാ​ണ​ല്ലോ!’ എന്ന്‌ അദ്ദേഹം ഓർത്തി​ട്ടു​ണ്ടാ​കണം. പിന്നെ ക്ലോക്കു​കൾ ക്രമ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബ്രിട്ടീഷ്‌ പാർല​മെ​ന്റിൽ ഒരു ബില്ല്‌ പാസാ​ക്കാ​നുള്ള ശ്രമം​തു​ടങ്ങി അദ്ദേഹം. വസന്ത, വേനൽ മാസങ്ങ​ളിൽ നാലു തവണയാ​യി—ഓരോ പ്രാവ​ശ്യ​വും 20 മിനിട്ടു വീതം—ക്ലോക്കി​ലെ സമയം 80 മിനിട്ടു മുന്നോ​ട്ടു തിരി​ച്ചു​വെ​ക്കു​ക​യും ശരത്‌കാ​ലത്ത്‌ അതു പഴയപടി ആക്കുക​യും ചെയ്‌തു​കൊണ്ട്‌ വൈകു​ന്നേ​ര​ങ്ങ​ളിൽ കൂടുതൽ സമയം പകൽവെ​ളി​ച്ചം ആസ്വദി​ക്കാൻ കഴിയു​മാ​യി​രു​ന്നു.

വില്ലെറ്റ്‌ തന്റെ ഒരു ലഘു​ലേ​ഖ​യിൽ ഇങ്ങനെ എഴുതി​യ​താ​യി ഫ്രാൻസിസ്‌ റിപ്പോർട്ടു ചെയ്യുന്നു: “സ്രഷ്ടാവു മനുഷ്യ​നു നൽകി​യി​രി​ക്കുന്ന ഏറ്റവും മഹത്തായ ദാനങ്ങ​ളിൽ ഒന്നാണു വെളിച്ചം. പകൽവെ​ളി​ച്ചം ഉള്ളപ്പോൾ എങ്ങും സന്തോഷം കളിയാ​ടും, ഉത്‌ക​ണ്‌ഠകൾ നമ്മെ അത്രകണ്ട്‌ ഭാര​പ്പെ​ടു​ത്തു​ക​യില്ല, ജീവി​ത​പോ​രാ​ട്ട​ത്തിൽ തളർന്നു പിന്മാ​റാ​തി​രി​ക്കാ​നുള്ള ധൈര്യം ലഭിക്കും.”

എഡ്വേർഡ്‌ ഏഴാമൻ രാജാവ്‌, പാർല​മെന്റ്‌ ബില്ല്‌ പാസാ​ക്കു​ന്ന​തി​നൊ​ന്നും കാത്തു​നി​ന്നില്ല. സാൻഡ്രി​ങ്ങാം രാജ​കൊ​ട്ടാ​ര​ത്തി​ലും അതിനു ചുറ്റു​മുള്ള 19,500 ഏക്കർ പ്രദേ​ശ​ത്തും ഡിഎസ്‌ടി നടപ്പി​ലാ​ക്കാൻ അദ്ദേഹം ഉത്തരവി​ട്ടു. പിന്നീട്‌ വിൻസോ​റി​ലെ​യും ബാൽമോ​റാ​ലി​ലെ​യും കൊട്ടാ​രം​വക എസ്റ്റേറ്റു​ക​ളി​ലും അദ്ദേഹം ഇതു നടപ്പി​ലാ​ക്കി.

ഡിഎസ്‌ടി അംഗീ​ക​രി​ക്കാൻ അവസാനം പാർല​മെ​ന്റം​ഗ​ങ്ങളെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? ഒന്നാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ കൃത്രിമ വെളി​ച്ച​ത്തി​നുള്ള ആവശ്യം കുറച്ചു​കൊണ്ട്‌ ഇന്ധനം ലാഭി​ക്കാൻ അവർ ആഗ്രഹി​ച്ചു! സമാന​മായ കാരണ​ങ്ങ​ളാൽ പെട്ടെ​ന്നു​തന്നെ മറ്റു രാജ്യ​ങ്ങ​ളും ഈ ആശയം സ്വീക​രി​ച്ചു​തു​ടങ്ങി. ഇംഗ്ലണ്ടി​ലാ​കട്ടെ, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ഡിഎസ്‌ടി പ്രകാരം മുന്നോ​ട്ടാ​ക്കുന്ന സമയത്തി​ന്റെ അളവു വർധി​പ്പി​ക്കു​ക​പോ​ലു​മു​ണ്ടാ​യി. ഇതനു​സ​രിച്ച്‌ വേനൽക്കാ​ലത്ത്‌ രണ്ടു മണിക്കൂ​റി​ന്റെ​യും ശൈത്യ​കാ​ലത്ത്‌ ഒരു മണിക്കൂ​റി​ന്റെ​യും വ്യത്യാ​സം ഉണ്ടാകു​മാ​യി​രു​ന്നു.

പെറ്റ്‌സ്‌ വുഡിൽ വില്യം വില്ലെ​റ്റി​നാ​യി പണിത ഒരു സ്‌മാ​ര​ക​മാ​ണു വലതു​വ​ശത്തു കാണു​ന്നത്‌. അത്‌ ‘ഡിഎസ്‌ടി-യുടെ അക്ഷീണ വക്താവിന്‌’ സമർപ്പി​ച്ചി​രി​ക്കു​ന്നു. സൂര്യ​ഘ​ടി​കാ​ര​ത്തി​ന​ടി​യി​ലാ​യി “ഹൊറാസ്‌ നോൺ നൂമെ​റോ നീസി ഐസ്റ്റീ​വാസ്‌” എന്നു കൊത്തി​വെ​ച്ചി​ട്ടുണ്ട്‌. ‘ഡിഎസ്‌ടി പ്രകാ​രമേ ഞാൻ സമയം കണക്കാക്കൂ’ എന്നാണ്‌ അതിന്റെ അർഥം.

[31-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

With thanks to the National Trust