പശുക്കൾ അവധിക്കു പോകുമ്പോൾ!
പശുക്കൾ അവധിക്കു പോകുമ്പോൾ!
സ്വിറ്റ്സർലൻഡിലെ ഉണരുക! ലേഖകൻ
സ്വിറ്റ്സർലൻഡിലെ ആയിരക്കണക്കിനു പശുക്കൾ ഓരോ വർഷവും അവധിക്കു പോകുന്നുണ്ടെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? ആ സമയത്തെ അവയുടെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്!
സ്വിറ്റ്സർലൻഡിൽ, മഞ്ഞുപെയ്യുന്ന ശൈത്യകാല മാസങ്ങളിൽ കറവപ്പശുക്കളെ തൊഴുത്തിൽനിന്നു പുറത്തുവിടാറേയില്ല. അതുകൊണ്ട് വസന്തം വന്നെത്തുന്നതോടെ അവയ്ക്ക് എന്തൊരു ആശ്വാസമാണെന്നോ! തീമഞ്ഞ ഡാൻഡിലൈയൻ പുഷ്പങ്ങൾ വിരിഞ്ഞുനിൽക്കുന്ന ഹരിതസുന്ദര പുൽമേടുകളിൽ അപ്പോൾ അവയ്ക്ക് യഥേഷ്ടം മേഞ്ഞുനടക്കാം. കാലാവസ്ഥയിൽ വന്ന മാറ്റം സാധ്യമാക്കിയ ഈ സ്വാതന്ത്ര്യത്തിൽ ആഹ്ലാദം പ്രകടിപ്പിക്കാനെന്നവണ്ണം അവ ഇടയ്ക്കൊക്കെ തുള്ളിച്ചാടുന്നതു കാണാം.
മേയ് മാസത്തോടെ അല്ലെങ്കിൽ ജൂൺ ആദ്യത്തോടെ ഉയർന്ന പ്രദേശങ്ങളിലുള്ള പുൽമേടുകളിലെ മഞ്ഞ് ഉരുകിത്തുടങ്ങുമ്പോൾ കൂടുതൽ മേച്ചിൽപ്പുറങ്ങൾ ലഭ്യമാകുന്നു. ഈ പർവത പ്രദേശങ്ങളിലാണു കന്നുകാലികൾ വേനൽക്കാലം ചെലവഴിക്കുന്നത്.
നല്ല നീരോട്ടമുള്ള മേച്ചിൽപ്പുറങ്ങളുടെ നാട്
സ്വിറ്റ്സർലൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ 10,000-ത്തോളം മേച്ചിൽപ്പുറങ്ങളുണ്ട്. ഇവയ്ക്കെല്ലാറ്റിനും കൂടി ഏകദേശം 10,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതി വരും. രാജ്യത്തിന്റെ മൊത്തം കരപ്രദേശത്തിന്റെ നാലിലൊന്നാണ് ഇത്. അതുകൊണ്ട്, രാജ്യത്തിന്റെ വിലപ്പെട്ട വിഭവമായ ഈ മേച്ചിൽപ്പുറങ്ങൾ സംരക്ഷിക്കുന്നതിനു വളരെയധികം ശ്രമം നടന്നുവരുന്നു.
ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകൾ കാടുപിടിച്ച് വൃത്തികേടാകുന്നതു തടയുന്നതിനു മനുഷ്യനും മൃഗങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഈ ലക്ഷ്യത്തിൽ കർഷകർ 5,00,000-ത്തോളം കാലികളെ പർവത പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതിനായി വിദഗ്ധരായ ഗോപാലകരെ ഏൽപ്പിക്കുന്നു. അവർ കറവപ്പശുക്കളെയും അവയുടെ കിടാക്കളെയും ട്രക്കിലോ ട്രെയിനിലോ ഒക്കെ കയറ്റി കൊണ്ടുപോകുന്നു. അതോടെ അവയുടെ വേനൽക്കാല അവധി തുടങ്ങുകയായി.
കുറച്ചുദൂരം കഴിഞ്ഞാൽപ്പിന്നെ പർവതത്തിന്റെ മുകളിലോട്ടു റോഡുകളോ റെയിൽപ്പാളങ്ങളോ ഒന്നും ഇല്ലാത്തതിനാൽ യാത്രയുടെ അവസാനം കുറച്ചു നടക്കേണ്ടിവരും. വേനൽ മുറുകുന്നതനുസരിച്ച് കാലികൾ കൂടുതൽ ഉയരങ്ങളിലേക്കു കയറിക്കൊണ്ടിരിക്കും. അവിടെ, സമുദ്രനിരപ്പിൽനിന്ന് 6,000 മുതൽ 7,000 വരെ അടി ഉയരത്തിലുള്ള മേച്ചിൽപ്പുറങ്ങളിൽപോലും ചിലപ്പോൾ സ്വാദിഷ്ടമായ പുല്ലും നാനാവർണങ്ങളിലുള്ള മനോഹര പുഷ്പങ്ങളും കണ്ടെത്താൻ കഴിയും. ഈ പർവതങ്ങളിൽ അനേകം നീരുറവകളുണ്ട്. അതുകൊണ്ടുതന്നെ കുടിവെള്ളത്തിന് ഒരു ക്ഷാമവുമില്ല.
പശുക്കളെ കറന്നെടുക്കുന്ന മേൽത്തരമായ പാൽ ചിലപ്പോഴൊക്കെ താഴ്വാരങ്ങളിലേക്കു കൊണ്ടുപോകുന്നു. അവിടെ അതു വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ സംസ്കരിക്കുകയോ ചെയ്യുന്നു. പക്ഷേ മിക്കപ്പോഴും പർവതോരങ്ങളിലെ കുടിലുകളിൽവെച്ചുതന്നെ അതു വെണ്ണയോ പാൽക്കട്ടിയോ ആക്കി മാറ്റുകയാണു ചെയ്യുക. വേനൽ അവസാനിക്കാറാകുമ്പോൾ പശുക്കളെ താഴെയുള്ള മേച്ചിൽപ്പുറങ്ങളിലേക്കു കൊണ്ടുവരുന്നു. അവസാനം കന്നുകാലികൾക്ക് ശൈത്യകാല സങ്കേതങ്ങളിലേക്കു മടങ്ങേണ്ട ദിവസം—കാലാവസ്ഥയെ ആശ്രയിച്ചിരിക്കുമെങ്കിലും ഇതു സാധാരണ സെപ്റ്റംബർ അവസാനത്തോടെയാണ്—വന്നെത്തുന്നു. അതേ, അവയുടെ വേനൽക്കാല അവധി തീരുകയാണ്! എന്നാൽ അത് അവസാനിക്കുന്നത് ഒരു പ്രത്യേക ഘോഷയാത്രയോടെയാണ്.
വിശേഷദിനം വന്നെത്തുന്നു!
ഓരോ പശുവും എന്തുമാത്രം പാൽ നൽകി എന്നതിന്റെ കണക്ക് സൂക്ഷിച്ചിട്ടുണ്ടായിരിക്കും. ഏറ്റവും കൂടുതൽ പാൽ ചുരത്തിയ പശുക്കളെ അവ നൽകിയ പാലിന്റെ അടിസ്ഥാനത്തിൽ അലങ്കരിക്കുന്നു. ഘോഷയാത്രയിൽ പശുക്കളെ നയിക്കുന്നത് ഏറ്റവും കൂടുതൽ പാൽ നൽകിയ പശുവായിരിക്കും. വർണക്കടലാസുകൊണ്ട് ഉണ്ടാക്കിയ പുഷ്പങ്ങളും റിബണുകളും ചെറിയ ഫിർ മരങ്ങളുടെ ചില്ലകളുംകൊണ്ട് പശുക്കളുടെ തല അലങ്കരിക്കുന്നു. കൂടാതെ, മിക്കവയുടെയും കഴുത്തിൽ ഒരു മണി കെട്ടിയിരിക്കും. അതു ദൂരെനിന്നേ അവയുടെ ആഗമനം വിളിച്ചറിയിക്കുന്നു.
ഗോപാലകർ ഈ വിശേഷാവസരത്തിൽ വെള്ള ഷർട്ടും ചിത്രത്തയ്യലുള്ള കറുത്ത വെൽവെറ്റ് ജാക്കറ്റുകളും ധരിക്കുന്നു. അതേസമയം, കർഷകസമൂഹം, മടങ്ങിവരുന്ന കന്നുകാലികളുടെ ഘോഷയാത്രയെ വരവേൽക്കാനായി താഴ്വാരത്തുള്ള റോഡരികിൽ അണിനിരക്കുന്നു. അവർ അവയ്ക്ക് ആവേശകരമായ ഒരു സ്വീകരണമാണു നൽകുക.
അടിവാരത്ത് എത്തിക്കഴിയുമ്പോൾ കാലികളെ അവയുടെ ഉടമസ്ഥർ വീട്ടിലേക്കു കൊണ്ടുപോകുന്നു. ശൈത്യകാലം അവ അവിടെ ചെലവഴിക്കും. എന്നാൽ, അടുത്ത അവധിക്കാല യാത്രയ്ക്കുള്ള സമയം താമസിയാതെ ഇങ്ങെത്തും! എന്താ ഒരു ജീവിതം, അല്ലേ!
[18-ാം പേജിലെ ചിത്രം]