പുഞ്ചിരിക്കൂ അതു നിങ്ങൾക്കു നല്ലതാണ്!
പുഞ്ചിരിക്കൂ അതു നിങ്ങൾക്കു നല്ലതാണ്!
ജപ്പാനിലെ ഉണരുക! ലേഖകൻ
ഉള്ളിന്റെയുള്ളിൽ നിന്നാണു വരുന്നതെങ്കിൽ, അതിന്റെ മുന്നിൽ സംശയത്തിന്റെ പുകമറ അപ്രത്യക്ഷമാകും. വർഷങ്ങളിലൂടെ മനസ്സിൽ അടിഞ്ഞുകൂടിയ പല മുൻവിധികളെയും കഴുകിക്കളയാൻ അതിനാകും. അവിശ്വാസം മരവിപ്പിച്ച മനസ്സിനെ അതു മൃദുവാക്കും. അതു പലരുടെയും ഉള്ളു കുളിർപ്പിക്കുന്നു, മനസ്സിൽ ഉല്ലാസ പൂത്തിരികൾ കത്തിക്കുന്നു. അത് ഇങ്ങനെ പറയാറുണ്ട്: “എനിക്കു മനസ്സിലാകും, വിഷമിക്കേണ്ട.” ചിലപ്പോൾ അത് ഇങ്ങനെ അഭ്യർഥിക്കാറുണ്ട്: “നമുക്ക് വീണ്ടും കൂട്ടുകാരായിക്കൂടേ?” ഇത്രയ്ക്ക് അത്ഭുതശക്തിയുള്ള അത് എന്താണെന്നല്ലേ? പുഞ്ചിരി. അത് ഒരുപക്ഷേ നിങ്ങളുടെ പുഞ്ചിരി ആയിരുന്നേക്കാം.
പുഞ്ചിരിയെ എങ്ങനെയാണൊന്നു നിർവചിക്കുക? നിഘണ്ടുക്കളുടെ ഭാഷയിൽ പറഞ്ഞാൽ, ‘വായുടെ കോണുകൾ, സന്തോഷത്തിന്റെ ഫലമായോ അംഗീകാരത്തിന്റെ പ്രതിഫലനമെന്നോണമോ അൽപ്പം മുകളിലേക്ക് വളയുന്നതാണ് പുഞ്ചിരി. ഊഷ്മളമായ ഒരു പുഞ്ചിരിയുടെ രഹസ്യം എന്താണെന്ന് ഇപ്പോൾ പിടികിട്ടിയില്ലേ? വാക്കുകൾ കൂടാതെ ഹൃദയത്തിലെ ചിന്തകളും വികാരങ്ങളും മറ്റുള്ളവരെ അറിയിക്കാൻ കഴിയുന്ന ഒരു മാർഗമാണ് പുഞ്ചിരി. പുച്ഛംകലർന്നതും നിന്ദാസൂചകവുമായ പുഞ്ചിരി ഉണ്ടെന്ന കാര്യവും മറക്കുന്നില്ല. എന്നാൽ, നമുക്കിപ്പോൾ പുഞ്ചിരിയുടെ നല്ല വശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.
പുഞ്ചിരിയെക്കുറിച്ച് നേരത്തെ പറഞ്ഞതെല്ലാം വെറും അതിശയോക്തിയാണെന്നു തോന്നുന്നുണ്ടോ? ശരി, ഇതൊന്ന് ഓർത്തു നോക്കൂ. ആരുടെയെങ്കിലും ഒരാളുടെ പുഞ്ചിരി നിങ്ങളുടെ ഉള്ളിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്യിച്ചത് അല്ലെങ്കിൽ പ്രക്ഷുബ്ധമായിരുന്ന മനസ്സിനെ പൊടുന്നനെ ശാന്തമാക്കിയത് ഓർമയുണ്ടോ? ഇനി മറിച്ചൊന്ന് ചിന്തിച്ചുനോക്കൂ. പുഞ്ചിരിയുടെ ഒരു ലാഞ്ഛന പോലുമില്ലാത്ത ഒരു മുഖം നിങ്ങളുടെ ഉള്ളിൽ ഭയം നിറച്ചത്? അല്ലെങ്കിൽ ആർക്കും എന്നെ വേണ്ടല്ലോ എന്ന തോന്നൽ ജനിപ്പിച്ചത്? അതേ, ഒരു പുഞ്ചിരിക്ക് വളരെ ശക്തിയുണ്ടെന്നു സമ്മതിച്ചേ തീരൂ. പുഞ്ചിരിക്കുന്നവരെയും ആരെ നോക്കി പുഞ്ചിരിക്കുന്നുവോ അവരെയും അതു ബാധിക്കുമെന്നു തീർച്ച. തന്റെ എതിരാളികളെക്കുറിച്ച് ബൈബിൾ കഥാപാത്രമായ ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “അവർക്കു വിശ്വാസം തോന്നാതിരിക്കെ, ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; എന്റെ മുഖപ്രകാശം അവർ തള്ളിക്കളഞ്ഞില്ല.” (ഇയ്യോബ് 29:24, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) “മുഖപ്രകാശം” എന്നതുകൊണ്ട് ഇയ്യോബിന്റെ മുഖത്തെ തിളക്കത്തെയോ പ്രസന്നതയെയോ ആയിരിക്കാം ഉദ്ദേശിച്ചത്.
നല്ല ഫലങ്ങൾ ഉളവാക്കാൻ പുഞ്ചിരിക്ക് കഴിയും എന്നത് ഇന്നും ഒരു വസ്തുതയാണ്. ബന്ധങ്ങൾ വലിഞ്ഞുമുറുകുന്ന ഒരു സാഹചര്യത്തിന് അയവുവരുത്താൻ സ്നേഹത്തിൽ ചാലിച്ച ഒരു പുഞ്ചിരിക്കു കഴിയും. ഇക്കാര്യത്തിൽ അതിനെ പ്രഷർകുക്കറിലെ സുരക്ഷാ വാൽവിനോട് ഉപമിക്കാവുന്നതാണ്. വളരെ പിരിമുറുക്കം തോന്നുന്ന അവസരത്തിൽ മനസ്സിന് അയവുവരുത്താൻ ഒരു പുഞ്ചിരി മതി. നിരാശയെ തരണംചെയ്യാനും അതു സഹായിക്കും. ടോമോക്കോയുടെ കാര്യംതന്നെയെടുക്കുക. മറ്റുള്ളവർ അവളെ ശ്രദ്ധിക്കുന്നതും എന്നാൽ അവൾ നോക്കുമ്പോൾ അവർ പെട്ടെന്നു ദൃഷ്ടികൾ പിൻവലിക്കുന്നതും പലപ്പോഴും അവളുടെ കണ്ണിൽപ്പെട്ടിരുന്നു. അതുകൊണ്ട് എന്തോ കുറ്റം കണ്ടുപിടിക്കണം എന്ന ലക്ഷ്യത്തിലാണ് അവരെല്ലാവരും തന്നെ നോക്കുന്നത് എന്ന് അവൾ വിശ്വസിച്ചു. താൻ തികച്ചും ഒറ്റപ്പെട്ടതുപോലെ ടോമോക്കോയ്ക്ക് തോന്നി, ഒപ്പം എന്തെന്നില്ലാത്ത സങ്കടവും. ഒരു ദിവസം, ഒരു കൂട്ടുകാരിയാണ് അവൾക്കതു പറഞ്ഞുകൊടുത്തത്: ആളുകൾ അവളെ നോക്കുന്നത് കാണുമ്പോൾ എന്തുകൊണ്ട് അവരെ നോക്കിയൊന്നു പുഞ്ചിരിച്ചുകൂടാ? രണ്ടാഴ്ച ടോമോക്കോ അതു
പരീക്ഷിച്ചുനോക്കി. ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു. എല്ലാവരും തിരിച്ച് അവളെ നോക്കി പുഞ്ചിരിച്ചു! അതോടെ, അവളുടെ പിരിമുറുക്കത്തിനൊക്കെ വിരാമമായി. “ജീവിതം ഇപ്പോൾ എത്ര രസകരമാണെന്നോ,” അവൾ പറയുന്നു. അതേ, മറ്റുള്ളവരുടെ കൂടെയായിരിക്കുമ്പോഴുള്ള പേടിയും ഉത്കണ്ഠയുമൊക്കെ കുറയ്ക്കുന്നതിനും കൂടുതൽ സൗഹാർദപരമായി ഇടപെടുന്നതിനും പുഞ്ചിരി സഹായിക്കും.നിങ്ങളുടെയും മറ്റുള്ളവരുടെയും മേലുള്ള നല്ല ഫലങ്ങൾ
വൈകാരികമായും നല്ല ഫലങ്ങൾ ഉളവാക്കാൻ പുഞ്ചിരിക്കു കഴിവുണ്ട്. അതു നമ്മെ നല്ലൊരു മാനസികാവസ്ഥയിലാക്കിത്തീർക്കും. മാത്രമല്ല, അത് ശാരീരികാരോഗ്യത്തിനും നല്ലതാണ്. “ചിരി നല്ലൊരു ഔഷധമാണ്” എന്നൊരു ചൊല്ലു തന്നെയുണ്ട്. ഒരാളുടെ മാനസികാവസ്ഥയും ശാരീരികാരോഗ്യവും തമ്മിൽ വളരെയടുത്ത ബന്ധമുണ്ടെന്ന് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധർതന്നെ അംഗീകരിക്കുന്നുണ്ട്. തുടർച്ചയായി സമ്മർദം അനുഭവിക്കേണ്ടിവരികയോ നിഷേധാത്മക വികാരങ്ങളോടു മല്ലിടേണ്ടിവരികയോ ഒക്കെ ചെയ്യുന്നത് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ദുർബലപ്പെടുത്തും എന്ന് അനേകം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതേസമയം, പുഞ്ചിരി മനസ്സിന് സുഖം പകരും. ചിരി, നമ്മുടെ പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുകപോലും ചെയ്യും.
പുഞ്ചിരിക്ക് മറ്റുള്ളവരുടെമേൽ വളരെ വലിയ ഒരു ഫലം തന്നെയുണ്ട്. നിങ്ങളെ ഒരാൾ ബുദ്ധിയുപദേശിക്കുകയോ ഗുണദോഷിക്കുകയോ ചെയ്യുന്നതായി ഒന്നു വിഭാവന ചെയ്യൂ. ബുദ്ധിയുപദേശം നൽകുന്ന വ്യക്തിയുടെ മുഖത്ത് എന്തു ഭാവം ഉണ്ടായിരിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുക? തികഞ്ഞ നിസ്സംഗഭാവത്തിലോ മുഖം ആകെ കടുപ്പിച്ച് ഒരു നേർത്ത പുഞ്ചിരിപോലുമില്ലാതെയോ ആണ് അദ്ദേഹം ഇരിക്കുന്നതെങ്കിൽ നിങ്ങൾക്ക് എന്താണു തോന്നുക? അദ്ദേഹത്തിന്റെ ഉള്ളിൽ നിങ്ങളോട് കടുത്ത ദേഷ്യമോ അമർഷമോ അതൃപ്തിയോ വൈരാഗ്യമോ പോലും ഉണ്ടെന്ന് നിങ്ങൾ വിചാരിച്ചുപോയേക്കാം. നേരെമറിച്ച്, ആ മുഖത്ത് സൗഹാർദം തുളുമ്പുന്ന ഒരു പുഞ്ചിരി ഉണ്ടെങ്കിലോ? ഒരുപക്ഷേ, അതു നിങ്ങളുടെ ഭയാശങ്കകൾ ദൂരീകരിക്കുകയും അങ്ങനെ അദ്ദേഹം പറയുന്നത് സ്വീകരിക്കുക കൂടുതൽ എളുപ്പമാക്കിത്തീർക്കുകയും ചെയ്തേക്കാം, അല്ലേ? അതേ, പേടിയും ഉത്കണ്ഠയുമെല്ലാം കൂടിക്കലർന്ന ഇത്തരം സാഹചര്യങ്ങളിൽ ഒരു പുഞ്ചിരിക്ക് വളരെയേറെ തെറ്റിദ്ധാരണകൾ മായ്ച്ചുകളയാനാകും.
ക്രിയാത്മകമായ ചിന്തകളുണ്ടോ, പുഞ്ചിരിക്കുക എളുപ്പമാകും
എപ്പോൾ വേണമെങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ കഴിയുന്ന നടീനടന്മാരെപ്പോലെയല്ല നമ്മിൽ മിക്കവരും. അങ്ങനെയായിരിക്കാൻ നാമൊട്ട് ആഗ്രഹിക്കുന്നതുമില്ല. നമ്മുടെ പുഞ്ചിരി അൽപ്പംപോലും കൃത്രിമത്വം കലരാത്തതും ഹൃദയത്തിന്റെ ഉള്ളിൽനിന്നു വരുന്നതുമായിരിക്കാനാണ് നാം ഇഷ്ടപ്പെടുന്നത്. ഒരു കമ്മ്യൂണിക്കേഷൻ സ്കൂളധ്യാപിക ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘മനസ്സിന് അയവുവരുത്തിയിട്ട് ഹൃദയപൂർവം പുഞ്ചിരിക്കേണ്ടത് പ്രധാനമാണ്. അല്ലെങ്കിൽ നിങ്ങളുടെ പുഞ്ചിരിക്ക് ഒരു കൃത്രിമത്വം ഉണ്ടായിരിക്കും.’ എന്നാൽ നമുക്ക് എങ്ങനെയാണു ഹൃദയംതുറന്ന്, ആത്മാർഥമായി പുഞ്ചിരിക്കാനാവുക? ഇക്കാര്യത്തിൽ ബൈബിളിനു നമ്മെ സഹായിക്കാൻ കഴിയും. നമ്മുടെ സംസാരത്തെക്കുറിച്ച് മത്തായി 12:34, 35 ഇങ്ങനെ പറയുന്നു: “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു. നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു.”
ഓർമിക്കുക, വാക്കുകളുടെ സഹായം കൂടാതെ നമ്മുടെ ഹൃദയത്തിലുള്ളത് മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു വഴിയാണ് പുഞ്ചിരി. “ഹൃദയം നിറഞ്ഞു കവിയുന്നത്” ആണ് നാം സംസാരിക്കുന്നത് എന്നും “നല്ലതു” വരുന്നത് “നല്ല നിക്ഷേപത്തിൽ” നിന്നാണെന്നുമുള്ള വസ്തുത മനസ്സിൽ പിടിക്കുമ്പോൾ, കൃത്രിമത്വം കലരാത്ത പുഞ്ചിരിയുടെ രഹസ്യം കുടികൊള്ളുന്നത് എവിടെയാണെന്ന് നമുക്കു മനസ്സിലാക്കാൻ കഴിയും, നമ്മുടെ ചിന്തകളിലും വികാരങ്ങളിലും. അതേ, നമ്മുടെ ഹൃദയത്തിലുള്ളത് എപ്പോഴായാലും പുറത്തുവരാതിരിക്കില്ല. നമ്മുടെ വാക്കുകളും പ്രവൃത്തികളും മാത്രമല്ല മുഖഭാവവും അതു വെളിപ്പെടുത്തും.
അതുകൊണ്ട് ക്രിയാത്മകമായ കാര്യങ്ങൾതന്നെ ചിന്തിച്ചുകൊണ്ടിരിക്കാൻ നാം ഒരു കഠിനശ്രമം നടത്തേണ്ടതുണ്ട്. മറ്റുള്ളവരെക്കുറിച്ച് നാം എന്തു ചിന്തിക്കുന്നു എന്നത് നമ്മുടെ മുഖഭാവത്തിൽ തീർച്ചയായും പ്രതിഫലിക്കും. അതുകൊണ്ട്, നമ്മുടെ കുടുംബാംഗങ്ങളുടെയും ആത്മാർഥ സുഹൃത്തുക്കളുടെയും അയൽവാസികളുടെയുമെല്ലാം നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. അങ്ങനെയാകുമ്പോൾ, അവരെ നോക്കി പുഞ്ചിരി തൂകുക വളരെയേറെ എളുപ്പമായിത്തീരും. നന്മയും കരുണയും ദയയും നിറഞ്ഞ ഒരു ഹൃദയത്തിൽ നിന്നു വരുന്നതുകൊണ്ട് അതിൽ കാപട്യത്തിന്റെ കളങ്കം തെല്ലുമുണ്ടാകില്ല. ആ പുഞ്ചിരിയുടെ തിളക്കം നമ്മുടെ കണ്ണുകളിലേക്കും വ്യാപിക്കും. അതു കാണുന്നവർക്ക് മനസ്സിലാകും, നമ്മുടെ പുഞ്ചിരി തികച്ചും ആത്മാർഥമാണെന്ന്.മനസ്സിൽ പിടിക്കേണ്ട മറ്റൊരു കാര്യം കൂടെയുണ്ട്. ചില ആളുകൾക്ക്, അവരുടെ പശ്ചാത്തലമോ വളർന്നുവന്ന ചുറ്റുപാടുകളോ ഒക്കെ കാരണം അത്ര എളുപ്പത്തിൽ മറ്റുള്ളവരെ നോക്കി മന്ദഹസിക്കാൻ കഴിഞ്ഞെന്നു വരില്ല. അയൽക്കാരോട് അവർക്ക് സ്നേഹമൊക്കെയുണ്ട്. എന്നാൽ, അവരെ നോക്കി പുഞ്ചിരിക്കുന്ന ശീലം ഇല്ലെന്നു മാത്രം. ഉദാഹരണത്തിന്, ഏതു സാഹചര്യത്തിലും തികച്ചും അക്ഷോഭ്യരായി, മൗനം പാലിക്കാൻ ജാപ്പനീസ് പുരുഷന്മാർ പരമ്പരാഗതമായി പ്രതീക്ഷിക്കപ്പെടുന്നു. അതുകൊണ്ട്, അവരിൽ പലർക്കും അപരിചിതരെ നോക്കി പുഞ്ചിരിക്കുന്ന ശീലമില്ല. മറ്റു ചില സംസ്കാരങ്ങളുടെ കാര്യത്തിലും ഇതു സത്യമായിരുന്നേക്കാം. ഇനി, ചിലരാണെങ്കിൽ വല്ലാത്ത നാണംകുണുങ്ങികൾ ആയിരിക്കാം. അതുകൊണ്ട് മറ്റുള്ളവരെ നോക്കി അത്ര പെട്ടെന്നൊന്നും പുഞ്ചിരിക്കാൻ അവർക്കു സാധിച്ചെന്നു വരില്ല. തന്നിമിത്തം, ആളുകൾ എത്ര കൂടെക്കൂടെ പുഞ്ചിരിക്കുന്നു അല്ലെങ്കിൽ എത്ര മധുരമായി പുഞ്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ അവരെ വിധിക്കരുത്. ആളുകൾ പല തരത്തിലുള്ളവരാണ്. അവരുടെ സ്വഭാവ സവിശേഷതകളും മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്ന അവരുടെ രീതികളും വ്യത്യസ്തമാണ്.
ഇതൊക്കെയാണെങ്കിലും, മറ്റുള്ളവരെ നോക്കി ഒന്നു പുഞ്ചിരിക്കുന്നത് നിങ്ങൾ വലിയൊരു വെല്ലുവിളിയായിത്തന്നെ കണ്ടെത്തുന്നുവെങ്കിൽ എന്തുകൊണ്ട് അങ്ങനെയൊരു ശീലം വളർത്തിയെടുക്കാൻ മനഃപൂർവമായ ഒരു ശ്രമം നടത്തിക്കൂടാ? ബൈബിൾ ഈ ബുദ്ധിയുപദേശം നൽകുന്നു: “നന്മ ചെയ്കയിൽ നാം മടുത്തുപോകരുതു . . . എല്ലാവർക്കും . . . നന്മചെയ്ക.” (ഗലാത്യർ 6:9, 10) മറ്റുള്ളവർക്കു ‘നന്മ ചെയ്യാനുള്ള’ ഒരു വിധം അവരെ നോക്കി പുഞ്ചിരിക്കുകയാണ്. ഇതു നിങ്ങൾക്കു ചെയ്യാവുന്നതേ ഉള്ളൂ! അ
തുകൊണ്ട് മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നതിലും ഒരു പുഞ്ചിരിയോടെ അവരോട് ഒന്നോ രണ്ടോ പ്രോത്സാഹന വാക്കുകൾ പറയുന്നതിലും മുൻകൈയെടുക്കുക. അതു വളരെയധികം വിലമതിക്കപ്പെടും. ശീലമായിക്കഴിയുമ്പോൾ പുഞ്ചിരിക്കുക എളുപ്പമായിത്തീരുകയും ചെയ്യും!
[12-ാം പേജിലെ ചതുരം]
ഒരു മുന്നറിയിപ്പ്
നാം കാണുന്ന എല്ലാ പുഞ്ചിരികളും ആത്മാർഥമല്ലെന്നുള്ളത് സങ്കടകരമായ ഒരു വസ്തുതയാണ്. തട്ടിപ്പുകാർ, തത്ത്വദീക്ഷയില്ലാത്ത കച്ചവടക്കാർ തുടങ്ങിയവർ നമ്മെ നോക്കി മനംമയക്കുന്ന വിധത്തിൽ പുഞ്ചിരിച്ചേക്കാം. ഒരു പുഞ്ചിരികൊണ്ട് ആളുകളെ വീഴ്ത്താമെന്നും ഉദ്ദിഷ്ടകാര്യങ്ങൾ സാധിച്ചെടുക്കാമെന്നും അവർക്കു നല്ല ഉറപ്പുണ്ട്. അഴിഞ്ഞ നടത്തയും ചീത്ത ഉദ്ദേശ്യങ്ങളുമുള്ള ആളുകളും മറ്റുള്ളവരെ തങ്ങളുടെ വലയിൽ വീഴ്ത്താനുള്ള ലക്ഷ്യത്തിൽ വശ്യമായി ചിരിച്ചുകാട്ടിയേക്കാം. എന്നാൽ തികച്ചും പൊള്ളയായ പുഞ്ചിരികളാണ് അവയെല്ലാം. മാത്രമല്ല, അവ വഞ്ചനാത്മകവുമാണ്. (സഭാപ്രസംഗി 7:6) അതുകൊണ്ട് മറ്റുള്ളവരെ അമിതമായി സംശയിക്കാതിരിക്കുമ്പോൾതന്നെ, ഇടപെടാൻ പ്രയാസമുള്ള “അന്ത്യകാല”ത്താണ് നാം ജീവിക്കുന്നത് എന്നു തിരിച്ചറിഞ്ഞുകൊണ്ട് യേശു പറഞ്ഞതുപോലെ “പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരി”ക്കേണ്ടതുണ്ട്.—2 തിമൊഥെയൊസ് 3:1; മത്തായി 10:16.
[13-ാം പേജിലെ ചിത്രം]
മറ്റുള്ളവരെ ഒരു പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുന്നതിൽ മുൻകൈയെടുക്കുക