വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രണ്ട്‌ നദികളുടെ കഥ

രണ്ട്‌ നദികളുടെ കഥ

രണ്ട്‌ നദിക​ളു​ടെ കഥ

ഇന്ത്യയിലെ ഉണരുക! ലേഖകൻ

ഇന്ത്യൻ ഉപഭൂ​ഖ​ണ്ഡ​ത്തി​ലെ രണ്ടു പ്രധാന നദികൾ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ ജീവസ​ന്ധാ​രണ മാർഗ​മാണ്‌. ലോക​ത്തി​ലെ ഏറ്റവും വലിയ പർവത നിരക​ളി​ലെ ഹിമാ​വൃത പ്രദേ​ശ​ങ്ങ​ളിൽനിന്ന്‌ ഉത്ഭവി​ക്കുന്ന അവ പ്രധാ​ന​മാ​യും രണ്ടു രാജ്യ​ങ്ങ​ളി​ലൂ​ടെ 2,400-ലേറെ കിലോ​മീ​റ്റർ ദൂരം പ്രൗഢ​ഗം​ഭീ​ര​മാ​യി ഒഴുകി രണ്ടു സമു​ദ്ര​ങ്ങ​ളിൽ പതിക്കു​ന്നു. ആ നദികൾ ഓരോ​ന്നും ഒരു പുരാതന സംസ്‌കാ​ര​ത്തി​ന്റെ ഈറ്റി​ല്ല​മാണ്‌. അവ ഓരോ​ന്നും ഒരു പ്രമുഖ മതത്തിന്റെ ജന്മത്തിനു സാക്ഷ്യം വഹിച്ചു. അവയുടെ സവി​ശേ​ഷ​തകൾ നിമിത്തം ആളുകൾ അവ രണ്ടി​നെ​യും വിലമ​തി​ക്കു​ന്നു. അവയിൽ ഒന്നിനെ ആളുകൾ ഇന്നും ആരാധി​ക്കു​ന്നു. ഏതാണ്‌ ഈ നദികൾ? സിന്ധു​വും ഗംഗയും.

മനുഷ്യ​വർഗ​ത്തി​ന്റെ നിലനിൽപ്പി​നും അഭിവൃ​ദ്ധി​ക്കും വെള്ളം അനിവാ​ര്യ​മാ​യ​തി​നാൽ ആദ്യകാല സംസ്‌കാ​രങ്ങൾ വികാസം പ്രാപി​ച്ചത്‌ നദീത​ട​ങ്ങ​ളിൽ ആയിരു​ന്നു. നദികൾ ചില​പ്പോ​ഴൊ​ക്കെ ദേവീ​ദേ​വ​ന്മാ​രാ​യി കരുത​പ്പെ​ട്ടി​രു​ന്ന​തു​കൊണ്ട്‌, അവയെ കുറി​ച്ചുള്ള ആദ്യകാല വിവര​ണങ്ങൾ ഐതി​ഹ്യ​ങ്ങ​ളു​ടെ മൂടു​പടം അണിഞ്ഞ​വ​യാണ്‌. സിന്ധു​ന​ദി​യു​ടെ​യും ഗംഗാ​മാ​താ എന്നും വിളി​ക്ക​പ്പെ​ടുന്ന ഗംഗാ​ന​ദി​യു​ടെ​യും ചരി​ത്ര​ത്തി​ന്റെ കാര്യ​ത്തിൽ ഇതു തീർച്ച​യാ​യും സത്യമാണ്‌.

ഹിന്ദു​ക്കൾക്കും ബുദ്ധമ​ത​ക്കാർക്കും, 22,027 അടി ഉയരമുള്ള കൈലാസ ഗിരി​യും സമീപ​ത്തുള്ള മാനസ​രോ​വർ തടാക​വും ദേവന്മാ​രു​ടെ വാസസ്ഥ​ല​മാണ്‌. മൃഗങ്ങ​ളു​ടെ വായിൽനിന്ന്‌ നാലു മഹാന​ദി​കൾ ഉത്ഭവി​ച്ചി​രു​ന്ന​താ​യി ദീർഘ​കാ​ലം കരുതി​പ്പോ​ന്നി​രു​ന്നു. സിംഹ​നദി സിന്ധു​വും മയൂര​നദി ഗംഗയും ആയിരു​ന്നു.

ടിബറ്റു​കാർ വിദേശ പര്യ​വേ​ക്ഷ​കരെ സ്വാഗതം ചെയ്‌തി​രു​ന്നില്ല. എന്നിരു​ന്നാ​ലും 1811-ൽ, ഈസ്റ്റ്‌ ഇൻഡ്യ കമ്പനി​യു​ടെ കീഴിൽ ജോലി​ചെ​യ്‌തി​രുന്ന ഇംഗ്ലണ്ടു​കാ​ര​നായ ഒരു മൃഗ​ഡോ​ക്ടർ ആൾമാ​റാ​ട്ടം നടത്തി അവിടത്തെ അനേകം സ്ഥലങ്ങൾ സന്ദർശി​ച്ചു. ചില പർവത അരുവി​കൾ മാനസ​രോ​വ​റി​ലേക്ക്‌ ഒഴുകു​ന്നു​ണ്ടെ​ങ്കി​ലും, അവി​ടെ​നിന്ന്‌ നദിക​ളൊ​ന്നും ഉത്ഭവി​ക്കു​ന്നി​ല്ലെന്ന്‌ അദ്ദേഹം റിപ്പോർട്ടു ചെയ്‌തു. സിന്ധു​ന​ദി​യു​ടെ​യും ഗംഗാ​ന​ദി​യു​ടെ​യും ഉത്ഭവസ്ഥാ​നങ്ങൾ കണ്ടെത്തി​യത്‌ 20-ാം നൂറ്റാ​ണ്ടിൽ മാത്ര​മാണ്‌. ഹിമാ​ല​യ​ത്തി​നു വടക്കുള്ള ടിബറ്റിൽ നിന്നാണ്‌ സിന്ധു പുറ​പ്പെ​ടു​ന്നത്‌. ഗംഗയാ​ണെ​ങ്കിൽ ഉത്തരേ​ന്ത്യ​യി​ലെ ഹിമാ​ലയൻ ചെരു​വു​ക​ളി​ലുള്ള ഒരു ഹിമഗു​ഹ​യിൽനി​ന്നും.

പുരാതന സംസ്‌കാ​ര​ങ്ങ​ളു​ടെ കളി​ത്തൊ​ട്ടിൽ

ഇന്ത്യൻ ഉപഭൂ​ഖ​ണ്ഡ​ത്തി​ലെ ആദ്യകാല നിവാ​സി​കൾ കിഴക്കുള്ള സിന്ധു​ന​ദീ​ത​ട​ത്തി​ലേക്കു യാത്ര ചെയ്‌ത​താ​യി കരുത​പ്പെ​ടു​ന്നു. അവിടത്തെ ഹാരപ്പ, മോഹൻജോ​ദ​രോ എന്നീ സ്ഥലങ്ങളിൽനിന്ന്‌ വളരെ പരിഷ്‌കൃ​ത​മാ​യി​രുന്ന ഒരു സംസ്‌കാ​ര​ത്തി​ന്റെ അവശി​ഷ്ടങ്ങൾ പുരാ​വ​സ്‌തു ഗവേഷകർ കണ്ടെടു​ത്തി​രി​ക്കു​ന്നു. 20-ാം നൂറ്റാ​ണ്ടി​ന്റെ ആദ്യ പതിറ്റാ​ണ്ടു​ക​ളിൽ, ഈ കണ്ടെത്ത​ലു​കൾ ഇന്ത്യയി​ലെ ആദ്യകാല കുടി​യേ​റ്റ​ക്കാർ അപരി​ഷ്‌കൃത നാടോ​ടി ഗോ​ത്ര​ക്കാർ ആയിരു​ന്നു​വെന്ന ആശയത്തെ മാറ്റി​മ​റി​ച്ചു. ഏകദേശം 4,000 വർഷങ്ങൾക്കു മുമ്പ്‌ സിന്ധു​ന​ദീ​തട സംസ്‌കാ​രം മെസോ​പ്പൊ​ട്ടാ​മി​യൻ സംസ്‌കാ​ര​ത്തി​നു തുല്യ​മായ, ഒരുപക്ഷേ അതിലും ഉന്നതമായ, ഒന്നായി​രു​ന്നു. കളങ്ങൾപോ​ലെ ക്രമീ​ക​രിച്ച തെരു​വു​കൾ, ബഹുനില ഭവനങ്ങൾ, അപ്പാർട്ടു​മെ​ന്റു​കൾ, മലിന​ജലം നീക്കം ചെയ്യാ​നുള്ള ഒന്നാന്തരം സെപ്‌റ്റിക്‌ ടാങ്ക്‌ സംവി​ധാ​നം, അഴുക്കു​ചാൽ പദ്ധതികൾ, കൂറ്റൻ ധാന്യ​പ്പു​രകൾ, ക്ഷേത്രങ്ങൾ, ആചാര​പ​ര​മായ ശുദ്ധീ​ക​ര​ണ​ത്തി​നുള്ള കുളി​പ്പു​രകൾ എന്നിവയെ കുറി​ച്ചെ​ല്ലാ​മുള്ള തെളി​വു​കൾ പുരോ​ഗതി കൈവ​രി​ച്ചി​രുന്ന ഒരു നഗരസം​സ്‌കാ​ര​ത്തി​ലേക്കു വിരൽചൂ​ണ്ടു​ന്നു. മെസോ​പ്പൊ​ട്ടാ​മി​യ​യു​മാ​യും മധ്യപൂർവ​ദേ​ശ​വു​മാ​യും വ്യാപാര ബന്ധങ്ങൾ ഉണ്ടായി​രു​ന്ന​തി​ന്റെ സൂചന​ക​ളും ഉണ്ട്‌. അറേബ്യൻ കടലി​ലേ​ക്കുള്ള നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ ദീർഘിച്ച ഒരു സഞ്ചാര​മാർഗ​മാ​യി​രു​ന്നു സിന്ധു​നദി.

നൂറ്റാ​ണ്ടു​കൾ കടുന്നു​പോ​യ​തോ​ടെ പ്രകൃ​തി​വി​പ​ത്തു​കൾ—ഒരുപക്ഷേ ഭൂകമ്പ​ങ്ങ​ളും വലിയ വെള്ള​പ്പൊ​ക്ക​ങ്ങ​ളും—സിന്ധു​ന​ദീ​ത​ട​ത്തി​ലെ നഗരസം​സ്‌കാ​രത്തെ ക്ഷയിപ്പി​ച്ച​താ​യി തോന്നു​ന്നു. തത്‌ഫ​ല​മാ​യി, ആര്യന്മാർ എന്നു പൊതു​വെ വിളി​ക്ക​പ്പെ​ടുന്ന, മധ്യേ​ഷ്യ​യിൽനി​ന്നുള്ള നാടോ​ടി ഗോ​ത്ര​ങ്ങ​ളു​ടെ ആക്രമ​ണ​ത്തി​ന്റെ അലയടി​കളെ കാര്യ​മാ​യി ചെറു​ത്തു​നിൽക്കാൻ അവർക്കു കഴിഞ്ഞില്ല. ആര്യന്മാർ നഗരവാ​സി​ക​ളിൽ ഭൂരി​പ​ക്ഷ​ത്തെ​യും നദീത​ട​ത്തിൽനിന്ന്‌ ഓടിച്ചു. അങ്ങനെ, സിന്ധു​ന​ദി​യെ ചുറ്റി​പ്പറ്റി വികാസം പ്രാപിച്ച ആ പുരാതന സംസ്‌കാ​രം ദക്ഷി​ണേ​ന്ത്യ​യി​ലേക്കു നീങ്ങി. അവിടെ ദ്രാവിഡ വംശം ഇപ്പോ​ഴും ഇന്ത്യയി​ലെ പ്രധാ​ന​പ്പെട്ട വംശീയ കൂട്ടങ്ങ​ളിൽ ഒന്നായി തുടരു​ന്നു.

ഇന്ത്യയു​ടെ കിഴക്കു ഭാഗ​ത്തേക്കു നീങ്ങിയ ചില ആര്യ​ഗോ​ത്രങ്ങൾ ഗംഗാ​സ​മ​ത​ല​ങ്ങ​ളിൽ കുടി​യേ​റാൻ തുടങ്ങി. അങ്ങനെ, ഉപഭൂ​ഖ​ണ്ഡ​ത്തി​ലെ ആര്യ​ഗോ​ത്രങ്ങൾ ഉത്തരേ​ന്ത്യ​യിൽ തനതാ​യൊ​രു സംസ്‌കാ​രം പടുത്തു​യർത്തി. അതു പ്രധാ​ന​മാ​യും ഗംഗാ​ന​ദി​യെ ചുറ്റി​പ്പ​റ്റി​യാ​യി​രു​ന്നു. ഇന്ന്‌ അതു മുഖ്യ​മാ​യി നിലനിൽക്കു​ന്ന​തും അവി​ടെ​ത്ത​ന്നെ​യാണ്‌.

രണ്ടു നദിക​ളും രണ്ടു മതങ്ങളും

സിന്ധു​ന​ദീ​ത​ട​ത്തി​ലും മെസോ​പ്പൊ​ട്ടാ​മി​യ​യി​ലും നിലവി​ലി​രുന്ന മതങ്ങൾ തമ്മിൽ സാമ്യ​മു​ള്ള​താ​യി പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ത്തി​ന്റെ കണ്ടുപി​ടി​ത്തങ്ങൾ പ്രകട​മാ​ക്കു​ന്നു. ആര്യന്മാ​രു​ടെ മതമെന്നു ദീർഘ​കാ​ല​മാ​യി കരുതി​പ്പോ​രുന്ന ഹിന്ദു​മ​ത​ത്തി​ലെ ആചാര​ങ്ങ​ളു​ടെ ചില ലക്ഷണങ്ങൾ സിന്ധു-നഗരങ്ങ​ളു​ടെ അവശി​ഷ്ട​ങ്ങൾക്കി​ട​യിൽനി​ന്നു കണ്ടെത്തി​യി​ട്ടുണ്ട്‌. ആര്യന്മാർക്കു മുമ്പു​ള്ള​വ​രു​ടെ​യും ആര്യന്മാ​രു​ടെ​യും ദേവന്മാ​രും മതവി​ശ്വാ​സ​ങ്ങ​ളും കൂടി​ക്ക​ലർന്ന്‌ ഹിന്ദു​മതം ഉടലെ​ടു​ത്തു. ആര്യന്മാർ സിന്ധു​ന​ദി​യെ പാവന​മാ​യി​ട്ടാണ്‌ ആദ്യം കരുതി​യി​രു​ന്നത്‌. എന്നാൽ, കിഴ​ക്കോ​ട്ടു നീങ്ങി ഗംഗയു​ടെ കരയിൽ സ്ഥിരതാ​മ​സ​മാ​ക്കി​യ​തോ​ടെ അവർ ഗംഗയെ ആരാധി​ക്കാൻ തുടങ്ങി. നൂറ്റാ​ണ്ടു​കൾ കടന്നു​പോ​യ​തോ​ടെ ഗംഗാ​തീ​രത്ത്‌ ഹരിദ്വാർ, അലഹബാദ്‌, വാരണസി തുടങ്ങിയ നഗരങ്ങൾ ഉയർന്നു​വന്നു. ഇവ ഹിന്ദു​മ​തത്തെ കേന്ദ്രീ​ക​രി​ച്ചു​ള്ള​വ​യാ​യി​രു​ന്നു. ഇന്ന്‌ ദശലക്ഷ​ക്ക​ണ​ക്കി​നു തീർഥാ​ടകർ ഗംഗയിൽ മുങ്ങി​ക്കു​ളി​ക്കാ​നാ​യി ഈ സ്ഥലങ്ങളി​ലേക്കു പ്രവഹി​ക്കു​ന്നു. ഗംഗാ​ജലം സൗഖ്യ​മാ​ക്കു​ന്ന​തും ശുദ്ധീ​ക​രി​ക്കു​ന്ന​തു​മാ​ണെന്നു കരുത​പ്പെ​ടു​ന്നു.

ഹിന്ദു​മ​തം ആരംഭി​ച്ചത്‌ സിന്ധു​ന​ദി​ക്കു ചുറ്റു​മാ​ണെ​ങ്കിൽ, ബുദ്ധമതം ആരംഭി​ച്ചത്‌ ഗംഗയ്‌ക്കു സമീപ​മാണ്‌. വാരണ​സി​ക്കു സമീപ​മുള്ള സരനാ​ഥി​ലാണ്‌ ഗൗതമ​ബു​ദ്ധൻ തന്റെ ആദ്യ മതപ്ര​ഭാ​ഷണം നടത്തി​യത്‌. 79 വയസ്സു​ള്ള​പ്പോൾ അദ്ദേഹം വളരെ​യേറെ വീതി​യുള്ള ഗംഗാ​നദി നീന്തി​ക്ക​ട​ന്നെന്ന്‌ പറയ​പ്പെ​ടു​ന്നു.

ആ നദിക​ളു​ടെ ഇന്നത്തെ സ്ഥിതി എന്താണ്‌?

ജീവസ​ന്ധാ​ര​ണ​ത്തി​നാ​യി ആളുകൾ സിന്ധു, ഗംഗാ നദിക​ളു​ടെ തീരത്തു വന്നു​ചേർന്നത്‌ 4,000 വർഷം മുമ്പാ​യി​രു​ന്നു. എന്നാൽ നദീജലം ഇന്ന്‌ അന്നത്തെ​ക്കാ​ളും പ്രധാ​ന​മാണ്‌. ഇന്ത്യയി​ലെ​യും പാകി​സ്ഥാ​നി​ലെ​യും ബംഗ്ലാ​ദേ​ശി​ലെ​യും വലിയ ജനതതി​ക്കു പ്രയോ​ജനം ചെയ്യത്ത​ക്ക​വി​ധം ആ നദീജലം ശ്രദ്ധാ​പൂർവം കൈകാ​ര്യം ചെയ്യേ​ണ്ട​തുണ്ട്‌. (16-17 പേജു​ക​ളി​ലെ മാപ്പ്‌ കാണുക.) ഈ നദികൾ ഒന്നില​ധി​കം രാജ്യ​ങ്ങ​ളി​ലൂ​ടെ ഒഴുകു​ന്ന​തി​നാൽ അന്തർദേ​ശീയ ഉടമ്പടി​കൾ ഉണ്ടാ​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. ജലസേ​ച​ന​ത്തി​നാ​യി പാകി​സ്ഥാൻ 3 കിലോ​മീ​റ്റർ നീളവും 143 മീറ്റർ ഉയരവു​മുള്ള ടാർബെല അണക്കെട്ട്‌ ഉൾപ്പെടെ പല അണക്കെ​ട്ടു​ക​ളും നിർമി​ച്ചി​രി​ക്കു​ന്നു. ലോക​ത്തി​ലെ ഏറ്റവും വലിയ അണക്കെ​ട്ടു​ക​ളിൽ ഒന്നായ ടാർബെല 19,42,00,000 ഘനയടി മണ്ണ്‌ ഉൾക്കൊ​ള്ളാൻ മാത്രം വലുപ്പ​മു​ള്ള​താണ്‌. ഗംഗയി​ലെ ഫറാക്ക അണക്കെട്ട്‌ കൽക്കട്ട തുറമു​ഖ​ത്തി​നു സമീപം കപ്പലടു​ക്കു​ന്നത്‌ കൂടുതൽ സുഗമ​മാ​ക്കാൻ തക്കവിധം വെള്ളം സ്ഥിരമാ​യി നദിയി​ലേക്ക്‌ ഒഴുക്കു​ന്നു.

മിക്ക നദിക​ളു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഗംഗയി​ലും മലിനീ​ക​രണം ഒരു പ്രധാന പ്രശ്‌ന​മാണ്‌. അതു​കൊണ്ട്‌, 1984-ൽ ഇന്ത്യാ ഗവൺമെന്റ്‌ വലിയ പ്രതീ​ക്ഷ​ക​ളോ​ടെ ‘ഗംഗാ ആക്ഷൻ പ്ലാൻ’ ആരംഭി​ച്ചു. മാലി​ന്യ​ങ്ങൾ വളമാ​യോ ബയോ​ഗ്യാ​സാ​യോ മാറ്റുക, നദിയി​ലേ​ക്കുള്ള അഴുക്കു​ചാ​ലു​ക​ളു​ടെ ഗതി തിരി​ച്ചു​വി​ടുക, രാസാ​വ​ശി​ഷ്ടങ്ങൾ നശിപ്പി​ക്കാ​നുള്ള ട്രീറ്റ്‌മെന്റ്‌ പ്ലാൻറു​കൾ സ്ഥാപി​ക്കുക എന്നീ കാര്യ​ങ്ങൾക്കെ​ല്ലാം ശ്രദ്ധ നൽകു​ക​യു​ണ്ടാ​യി.

പക്ഷേ, ഭൂമി​യി​ലെ നദിക​ളു​ടെ ആദിമ സൗന്ദര്യ​വും ശുചി​ത്വ​വും പുനഃ​സ്ഥാ​പി​ക്കാൻ മാനുഷ ഏജൻസി​കൾക്കു സാധി​ക്കി​ല്ലെന്നു വ്യക്തമാ​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ദൈവം ഉടൻതന്നെ ആ പ്രശ്‌നം പരിഹ​രി​ക്കും. അവന്റെ രാജ്യ​ഭ​ര​ണ​ത്തിൻ കീഴിൽ മുഴു ഭൂമി​യും ഒരു പറുദീസ ആയിത്തീ​രു​ന്ന​തോ​ടെ ‘നദികൾ കൈ​കൊ​ട്ടി ഉല്ലസി​ക്കും.’—സങ്കീർത്തനം 98:8, NW.

[16, 17 പേജു​ക​ളി​ലെ ചതുരം/ഭൂപടം]

ശക്തയായ സിന്ധു

അനേകം അരുവി​കൾ ഒന്നിച്ചു ചേർന്നാണ്‌ സിന്ധു​നദി രൂപം കൊള്ളു​ന്നത്‌. അതു​കൊണ്ട്‌ അതിന്റെ യഥാർഥ പ്രഭവം സംബന്ധിച്ച്‌ ഭിന്നാ​ഭി​പ്രാ​യങ്ങൾ ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ ഹിമാ​ല​യ​ത്തിൽ, വളരെ ഉയരത്തിൽനി​ന്നാണ്‌ ഈ മഹാനദി ഉത്ഭവി​ക്കു​ന്നത്‌ എന്ന്‌ ഉറപ്പാണ്‌. “ലോക​ത്തി​ന്റെ മേൽക്കൂര” എന്നു വിളി​ക്ക​പ്പെ​ടുന്ന ടിബറ്റൻ സമതല​ത്തി​ലൂ​ടെ വടക്കു​കി​ഴക്കു ദിശയിൽ 320 കിലോ​മീ​റ്റർ ദൂരം ഈ നദി ഒഴുകു​ന്നു. അതിനി​ടെ മറ്റ്‌ അരുവി​കൾ അതുമാ​യി കൂടി​ച്ചേ​രു​ന്നു​മുണ്ട്‌. ലഡാക്കിൽവെച്ച്‌ ഇന്ത്യയു​ടെ അതിർത്തി​യിൽ എത്തുന്ന സിന്ധു​നദി ചെങ്കു​ത്തായ പർവത​നി​രകൾ മുറിച്ച്‌ അവയുടെ അടിവാ​ര​ത്തു​കൂ​ടെ കടന്ന്‌ ഹിമാ​ല​യ​ത്തി​നും കാര​ക്കോ​രം മലനി​ര​കൾക്കും ഇടയിൽ ഒരു നീർച്ചാ​ലു സൃഷ്ടി​ക്കു​ന്നു. ഇന്ത്യൻ ഭൂപ്ര​ദേ​ശ​ത്തു​കൂ​ടെ 560 കിലോ​മീ​റ്റർ പിന്നി​ടു​മ്പോൾ സമു​ദ്ര​നി​ര​പ്പിൽനി​ന്നുള്ള അതിന്റെ ഉയരം ഏതാണ്ട്‌ 3,700 മീറ്റർ കുറയു​ന്നു. അതിനി​ട​യിൽ അതു വടക്കോ​ട്ടു സഞ്ചരിച്ച്‌ ഹിമാ​ല​യ​ത്തി​ന്റെ പശ്ചിമ വിളു​മ്പി​ലേക്കു വെട്ടി​ത്തി​രിഞ്ഞ്‌ ഒഴുകു​ന്നു. അവിടെ അതു ഹിന്ദു​കു​ഷിൽനി​ന്നു പ്രവഹി​ക്കുന്ന ഒരു വലിയ നദിയായ ജിൽജി​റ്റു​മാ​യി ചേരുന്നു. തുടർന്ന്‌ അത്‌ പാകി​സ്ഥാ​നി​ലൂ​ടെ വടക്കോട്ട്‌ ഒഴുകു​ന്നു. മലനി​ര​കൾക്കി​ട​യി​ലൂ​ടെ വളഞ്ഞു പുളഞ്ഞ്‌ വന്യമായ ശക്തി​യോ​ടെ കുത്തി​യൊ​ഴു​കുന്ന സിന്ധു​നദി അവസാനം സമതല​ങ്ങ​ളിൽ എത്തി​ച്ചേർന്ന്‌ പഞ്ചാബി​ലൂ​ടെ ഒഴുക്കു തുടരു​ന്നു. പഞ്ചാബ്‌ എന്നതിന്റെ അർഥം “പഞ്ചനദി​കൾ” എന്നാണ്‌. കാരണം, ഇവിടെ വെച്ച്‌ ബിയാസ്‌, സത്‌ലജ്‌, രാവി, ഝലം, ചിനാബ്‌ എന്നീ അഞ്ചു പോഷക നദികൾ അതിൽ പതിക്കു​ന്നു. ഒരു രാക്ഷസന്റെ കയ്യിലെ വിടർത്തി​പ്പി​ടി​ച്ചി​രി​ക്കുന്ന വിരലു​കൾ പോലെ തോന്നി​ക്കുന്ന അവയു​മാ​യി ചേർന്ന്‌ ഒടുവിൽ സിന്ധു നദി 2,900 കിലോ​മീ​റ്റർ ദീർഘി​ക്കുന്ന അതിന്റെ പ്രൗ​ഢോ​ജ്ജ്വ​ല​മായ യാത്ര അവസാ​നി​പ്പി​ക്കു​ന്നു.

പൂജി​ക്ക​പ്പെ​ടു​ന്ന ഗംഗ

സിന്ധു നദിയു​ടെ ഉത്ഭവസ്ഥാ​ന​ത്തു​നിന്ന്‌ ഏതാണ്ട്‌ 100 കിലോ​മീ​റ്റർ വടക്കായി യാത്ര തുടങ്ങുന്ന ഗംഗ 2,500-ലേറെ കിലോ​മീ​റ്റർ സഞ്ചരിച്ച്‌ ബംഗാൾ ഉൾക്കട​ലിൽ പതിക്കു​ന്നു. സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 3,870 മീറ്റർ ഉയരത്തി​ലുള്ള, പശുവി​ന്റെ വായോ​ടു സമാന​മായ ഒരു ഹിമഗ​ഹ്വ​ര​മാണ്‌—ഹിന്ദി​യിൽ ഗോമുഖ്‌ എന്നു വിളി​ക്ക​പ്പെ​ടു​ന്നു—ഗംഗയു​ടെ പ്രഭവം. ഒരു അരുവി​യാ​യി തുടങ്ങുന്ന അത്‌ അവിടെ ഭാഗീ​രഥി എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. ഉത്ഭവസ്ഥാ​ന​ത്തു​നിന്ന്‌ 214 കിലോ​മീ​റ്റർ പിന്നിട്ടു കഴിയു​മ്പോൾ, അത്‌ ദേവ​പ്ര​യാ​ഗിൽ വെച്ച്‌ അളകനന്ദ എന്ന മറ്റൊരു അരുവി​യു​മാ​യി കൂടി​ച്ചേ​രു​ന്നു. ഈ രണ്ട്‌ അരുവി​ക​ളും, ഒപ്പം മന്ദാകി​നി​യും ദൗളി​ഗം​ഗ​യും പിന്താ​രും ചേർന്ന്‌ ഗംഗയാ​യി​ത്തീ​രു​ന്നു.

ഉപഭൂ​ഖ​ണ്ഡ​ത്തി​ലൂ​ടെ തെക്കു​കി​ഴക്കു ദിശയിൽ ഒഴുകുന്ന ഗംഗ ഇന്ത്യയി​ലെ അലഹബാ​ദിൽവെച്ച്‌ ഒരു വലിയ നദിയായ യമുന​യു​മാ​യും തുടർന്ന്‌ ബംഗ്ലാ​ദേ​ശിൽവെച്ച്‌ കുരു​ത്തുറ്റ ബ്രഹ്മപു​ത്രാ നദിയു​മാ​യും കൂടി​ച്ചേ​രു​ന്നു. ഒരു പങ്കപോ​ലെ തോന്നി​ക്കുന്ന ഗംഗയും പോഷക നദിക​ളും ചേർന്ന്‌ ഇന്ത്യയു​ടെ കാൽഭാ​ഗം വരുന്ന ഫലഭൂ​യി​ഷ്‌ഠ​മായ ഗംഗാ​സ​മ​ത​ല​ങ്ങളെ നനയ്‌ക്കു​ന്നു. 10,35,000 ചതുരശ്ര കിലോ​മീ​റ്റർ പ്രദേ​ശത്തെ ഉപരിതല ജലം ഉൾക്കൊ​ള്ളുന്ന ഈ നദീവ്യൂ​ഹം, ഇന്ന്‌ 100 കോടി​യിൽ അധികം ആളുക​ളുള്ള, ലോക​ത്തി​ലെ ഏറ്റവും ജനസാ​ന്ദ്ര​മായ സ്ഥലങ്ങളിൽ ഒന്നായ ഇന്ത്യയി​ലെ ജനസം​ഖ്യ​യു​ടെ മൂന്നിൽ ഒരു ഭാഗത്തെ പോഷി​പ്പി​ക്കു​ന്നു. ബംഗ്ലാ​ദേ​ശിൽ അതു കരയിലെ ഒരു കടൽപോ​ലെ വളരെ വിസ്‌തൃ​ത​മാ​യി​ത്തീ​രു​ന്നു. കൂടാതെ, എല്ലാത്തരം നദീഗ​താ​ഗ​ത​ങ്ങ​ളും ഉണ്ട്‌. തുടർന്ന്‌ ഗംഗ, നിരവധി പ്രമുഖ നദിക​ളും അസംഖ്യം ചെറിയ അരുവി​ക​ളു​മാ​യി വഴിപ​രിഞ്ഞ്‌ ലോക​ത്തി​ലെ ഏറ്റവും വലിയ ഡെൽറ്റ​ക​ളിൽ ഒന്നിനു രൂപം​നൽകു​ന്നു.

[ഭൂപടം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ടിബറ്റ്‌

പാകിസ്ഥാൻ

സിന്ധു

ഝലം

ചിനാബ്‌

സത്‌ലജ്‌

ഹാരപ്പ

മോഹൻജോദരോ

ഇന്ത്യ

ഗംഗ

യമുന

ബ്രഹ്മപു​ത്ര

അലഹബാദ്‌

വാരണസി

പാറ്റ്‌ന

കൽക്കട്ട

ബംഗ്ലാദേശ്‌

നേപ്പാൾ

ഭൂട്ടാൻ

[കടപ്പാട്‌]

Mountain High Maps® Copyright © 1997 Digital Wisdom, Inc.

[ചിത്രങ്ങൾ]

ഗംഗയിൽ സ്‌നാനം ചെയ്യുന്ന ഹൈന്ദവർ

[കടപ്പാട്‌]

Copyright Sean Sprague/Panos Pictures