വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ചൊവ്വ ബഹിരാ​കാ​ശ​വാ​ഹന പ്രശ്‌ന​ങ്ങൾ

ഡിസം​ബ​റിൽ, ‘മാഴ്‌സ്‌ പോളാർ ലാൻഡർ’ എന്ന ബഹിരാ​കാ​ശ​വാ​ഹനം ചൊവ്വ​യു​ടെ അന്തരീ​ക്ഷ​ത്തി​ലേക്കു പ്രവേ​ശി​ച്ച​ശേഷം നാസയ്‌ക്ക്‌ അതുമാ​യുള്ള സമ്പർക്കം പുനഃ​സ്ഥാ​പി​ക്കാൻ കഴിഞ്ഞില്ല. ലാൻഡ​റിൽനി​ന്നു ഭൂമി​യി​ലേക്കു വിവരങ്ങൾ അയയ്‌ക്കു​ന്ന​തിൽ സഹായി​ക്കേ​ണ്ടി​യി​രുന്ന ‘മാഴ്‌സ്‌ ക്ലൈ​മെറ്റ്‌ ഓർബി​റ്റർ’ ഏതാണ്ട്‌ രണ്ടു മാസം മുമ്പ്‌ പരാജ​യ​പ്പെ​ട്ട​തി​നു പിന്നാ​ലെ​യാണ്‌ ഈ തിരി​ച്ചടി. ലാൻഡ​റി​ന്റെ പരാജയ കാരണം അജ്ഞാത​മാണ്‌. എന്നാൽ, ഓർബി​റ്റർ ഗതിമാ​റി പോകാ​നുള്ള ഒരു കാരണം അതിന്റെ ഗതിനി​യ​ന്ത്രണ സിഗ്നലു​കൾ ശരിക്കും കൈമാ​റാൻ കഴിയാ​തെ പോയി എന്നതാ​യി​രി​ക്കാം. സാധാ​ര​ണ​മാ​യി ഉപയോ​ഗി​ക്കുന്ന മെട്രിക്ക്‌ സമ്പ്രദാ​യ​ത്തി​നു പകരം ഇംഗ്ലീഷ്‌ അളവു സമ്പ്രദാ​യം ഉപയോ​ഗി​ച്ചു സിഗ്നലു​കൾ നൽകി​യ​താ​ണു വിനയാ​യത്‌! സംഭവിച്ച പരാജ​യ​ങ്ങ​ളിൽ ദുഃഖി​ത​രാ​ണെ​ങ്കി​ലും തങ്ങളുടെ ലക്ഷ്യങ്ങ​ളു​മാ​യി മുന്നോ​ട്ടു പോകാൻ നാസാ ശാസ്‌ത്രജ്ഞർ ദൃഢചി​ത്ത​രാ​ണെന്ന്‌ സിഎൻഎൻ പറയുന്നു. “ഈ അരുണ​ഗ്ര​ഹ​ത്തി​ന്റെ കാലാവസ്ഥ, പാറ, മണ്ണ്‌ എന്നിവ​യു​ടെ ചരിത്രം പഠിക്കുക; ജീവന്റെ തുടി​പ്പി​നാ​യി അന്വേ​ഷി​ക്കുക; മനുഷ്യ പര്യ​വേ​ക്ഷ​ണ​ങ്ങൾക്കാ​യുള്ള അടിത്തറ പാകുക” എന്നിവ​യാണ്‌ അവരുടെ ലക്ഷ്യങ്ങൾ.

മൺമറ​യുന്ന ചൈനീസ്‌ എഴുത്തു​രീ​തി

നൂറ്റാ​ണ്ടു​ക​ളോ​ളം ദക്ഷിണ ചൈന​യി​ലെ ഹൂനാൻ പ്രവി​ശ്യ​യി​ലെ ഒരു കൂട്ടം കൊച്ചു ഗ്രാമ​ങ്ങ​ളിൽ, സ്‌ത്രീ​കൾക്കു മാത്രം അറിയാ​വുന്ന ഒരു അസാധാ​രണ ലിപി​ന്യാ​സം അഥവാ എഴുത്തു​രീ​തി ആയ നൂ ഷൂ ഉപയോ​ഗ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പെൺകു​ട്ടി​കൾക്ക്‌ ഔദ്യോ​ഗിക വിദ്യാ​ഭ്യാ​സം നിഷേ​ധി​ക്ക​പ്പെ​ട്ടി​രുന്ന കാലത്ത്‌ കർഷക സ്‌ത്രീ​കൾ വികസി​പ്പി​ച്ചെ​ടു​ത്ത​താണ്‌ ഇത്‌. ആയിര​ക്ക​ണ​ക്കിന്‌ ചൈനീസ്‌ ചിത്ര​ലി​പി​ക​ളു​ടെ സ്ഥാനത്ത്‌ ഇതിന്‌ 700-ഓളം ഉച്ചാരണ ലിപി​ക​ളാ​ണു​ള്ളത്‌. വളഞ്ഞതും ചെരി​ഞ്ഞ​തു​മായ നേരിയ വരകൾ ഉപയോ​ഗി​ച്ചാണ്‌ ഇത്‌ എഴുതു​ന്നത്‌. നൂ ഷൂവിനെ കുറി​ച്ചുള്ള ഒരു ഡോക്യു​മെ​ന്ററി തയ്യാറാ​ക്കിയ ചലച്ചിത്ര നിർമാ​താ​വായ യാങ്‌ യൂച്ചിങ്‌ അവയെ “വളരെ കമനീ​യ​വും സ്‌​ത്രൈണത നിഴലി​ക്കു​ന്ന​വ​യും . . . വർണനാ​ത്മ​ക​വും—അതു​കൊണ്ട്‌ അവ തുണി​യിൽ തുന്നി​യോ നെയ്‌തോ പിടി​പ്പി​ക്കുക പതിവാ​യി​രു​ന്നു—ആയ” ലിപികൾ എന്നു വിശേ​ഷി​പ്പി​ച്ച​താ​യി ലണ്ടനിലെ ദ സൺഡേ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. നൂ ഷൂ ലിപി ഉപയോ​ഗി​ച്ചു സ്‌ത്രീ​കൾ നാടൻ പാരമ്പ​ര്യ​ങ്ങൾ രേഖ​പ്പെ​ടു​ത്തു​ക​യും തങ്ങളുടെ ജീവിത ഭാഗ​ധേ​യത്തെ കുറി​ച്ചുള്ള പാട്ടു​ക​ളും കവിത​ക​ളും എഴുതു​ക​യും ചെയ്‌തി​രു​ന്നു. 1949-ൽ ചൈന​യിൽ സ്‌ത്രീ​സ​മ​ത്വം നിലവിൽ വന്നതോ​ടെ നൂ ഷൂ-വിന്റെ ഉപയോ​ഗം കുറഞ്ഞു​തു​ടങ്ങി. ഇന്ന്‌ ഈ പുരാതന ലിപി എഴുതാ​ന​റി​യാ​വുന്ന മൂന്നു പേർ മാത്ര​മേ​യു​ള്ളൂ എന്നാണ്‌ അറിവ്‌. അവർ മൂവരും വൃദ്ധക​ളാണ്‌.

അക്രമാ​സക്ത വീഡി​യോ ഗെയി​മു​കൾ

കാനഡ​യി​ലെ ബ്രിട്ടീഷ്‌ കൊളം​ബി​യ​യി​ലുള്ള സൈമൺ ഫ്രേസർ സർവക​ലാ​ശാ​ല​യി​ലെ ഗവേഷ​ക​നായ ബ്രെന്റ്‌ സ്റ്റാഫോർഡ്‌, വീഡി​യോ ഗെയി​മു​കൾ കളിക്കുന്ന 600 കുട്ടി​ക​ളിൽ നടത്തിയ ഒരു പഠനത്തെ അടിസ്ഥാ​ന​മാ​ക്കി ഈ മുന്നറി​യി​പ്പു നൽകി: മിക്ക കളിക​ളും “നമ്മുടെ കുട്ടി​കളെ അക്രമ​ത്തിൽ രസിക്കാൻ പരിശീ​ലി​പ്പി​ക്കു​ക​യാണ്‌.” മക്ലീൻസ്‌ മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “യാഥാർഥ്യം തുടി​ക്കു​ന്ന​തും ഏറ്റവും അക്രമാ​സ​ക്ത​വു​മായ കളികൾ ഇഷ്ടപ്പെ​ടുന്ന തഴമ്പിച്ച കളിക്കാ​രിൽ ചിലർ ഒരൊറ്റ രാത്രി​യിൽ 1000-ത്തോളം ‘അവതാ​ര​ങ്ങളെ’ (സ്‌ക്രീ​നിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന കഥാപാ​ത്ര​ങ്ങളെ) മിക്ക​പ്പോ​ഴും രക്തപങ്കി​ല​മായ രംഗങ്ങ​ളിൽ ‘കൊല്ലു​ന്നു.’” കളിക്കാ​രന്റെ വികാ​രങ്ങൾ ഉണർത്തു​ന്ന​തി​നും “കൊല​പാ​ത​കങ്ങൾ ഉൾപ്പെ​ടെ​യുള്ള അക്രമങ്ങൾ കണ്ടാൽ ഒന്നും തോന്നാത്ത വിധത്തിൽ ഹൃദയ​ങ്ങളെ കല്ലാക്കി​ത്തീർക്കുന്ന കളിക​ളു​ടെ ലോകത്ത്‌ ഇളം മനസ്സു​കളെ പിടി​ച്ചി​രു​ത്തു​ന്ന​തി​നും” പറ്റിയ​വി​ധ​ത്തിൽ എത്ര വിദഗ്‌ധ​മാ​യാണ്‌ അക്രമാ​സ​ക്ത​മായ വീഡി​യോ ഗെയി​മു​കൾ രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്നത്‌ എന്നതിനു ഗവേഷണം തെളിവു നൽകി. വീഡി​യോ ഗെയിം വിപണി​യു​ടെ പ്രതി​വർഷ വരുമാ​നം 1,700 കോടി ഡോള​റാണ്‌. “ചലച്ചിത്ര, ടെലി​വി​ഷൻ വ്യവസാ​യ​ങ്ങ​ളു​ടെ മൊത്തം വരുമാ​ന​ത്തെ​ക്കാൾ കൂടു​ത​ലാണ്‌” ഇത്‌. കുട്ടികൾ തിര​ഞ്ഞെ​ടു​ക്കുന്ന കളികളെ കുറിച്ചു ബോധ​വാ​ന്മാ​രാ​യി​രി​ക്കാ​നും ആസക്തരാ​കാ​നുള്ള എന്തെങ്കി​ലും പ്രവണത കുട്ടി​ക​ളി​ലു​ണ്ടോ എന്ന്‌ എപ്പോ​ഴും ശ്രദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കാ​നും സ്റ്റാഫോർഡ്‌ മാതാ​പി​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

യുദ്ധ വാർത്തകൾ

“ലോക​മെ​മ്പാ​ടു​മാ​യി ഇപ്പോൾ 27 യുദ്ധങ്ങൾ നടന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌” എന്ന്‌ സൈ​ക്കോ​ളജി ടുഡേ പറയുന്നു. സ്റ്റോക്ക്‌ഹോം അന്താരാ​ഷ്‌ട്ര സമാധാന ഗവേഷണ സ്ഥാപന​ത്തി​ന്റെ റിപ്പോർട്ട​നു​സ​രിച്ച്‌ ലൈബീ​രി​യ​യി​ലെ ഏഴു വർഷ ആഭ്യന്തര യുദ്ധത്തിൽ 1,50,000-ലധികം പേർക്കു തങ്ങളുടെ ജീവൻ നഷ്ടമായി. നീണ്ട 15 വർഷത്തെ ആഭ്യന്തര കലാപ​ത്തിൽ അംഗോ​ള​യിൽ മരിച്ച​താ​കട്ടെ 5,00,000 പേരും. തുർക്കി​യിൽ 1984 മുതൽ നടന്ന പോരാ​ട്ട​ങ്ങ​ളിൽ 37,000-ലധികം പേരും 1983 മുതൽ ശ്രീല​ങ്ക​യിൽ നടന്ന യുദ്ധങ്ങ​ളിൽ 60,000-ത്തോളം പേരും കൊല്ല​പ്പെട്ടു. “മൊത്തം 2 കോടി​യി​ല​ധി​കം ആളുകൾ—മിക്കവ​രും സൈനി​കരല്ല—രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം നടന്ന യുദ്ധങ്ങ​ളിൽ മരിച്ചി​ട്ടുണ്ട്‌” എന്നു മാസിക പറയുന്നു. “ഉൾപ്പെ​ട്ടി​രി​ക്കുന്ന സാമ്പത്തിക ഘടകം കാരണം . . . യുദ്ധം ഒഴിവാ​ക്കാ​നാ​വാത്ത ഒന്നായി തുടർന്നേ​ക്കാം. ലോക​ത്തി​ലെ ഏറ്റവും വലിയ വ്യവസാ​യ​ങ്ങ​ളിൽ ഒന്നാണ്‌ യുദ്ധം. അതിന്റെ പേരിൽ ഓരോ വർഷവും ചെലവാ​കു​ന്നത്‌ 80,000 കോടി ഡോള​റാണ്‌. ചിലർക്കൊ​ക്കെ അതു വൻ നേട്ടങ്ങ​ളും കൈവ​രു​ത്തു​ന്നു.” മാസി​ക​യു​ടെ മുഖ​പ്ര​സം​ഗം ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “സ്വന്തം വർഗ​ത്തോട്‌ ഇത്രയും ക്രൂര​മാ​യി ഇടപെ​ടുന്ന നമ്മൾ വിചിത്ര ജീവികൾ തന്നെ.” ഐക്യ​രാ​ഷ്‌ട്ര സംഘടന ഈ വർഷത്തെ അന്താരാ​ഷ്‌ട്ര സമാധാന വർഷമാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ക​യാണ്‌.

പുകവ​ലി​യും അന്ധതയും

“അന്ധതയ്‌ക്കുള്ള ഒരു പ്രമുഖ കാരണം പുകവ​ലി​യാണ്‌” എന്ന്‌ കാൻബെറാ ടൈംസ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. ഓസ്‌​ട്രേ​ലി​യൻ ദേശീയ സർവക​ലാ​ശാ​ല​യി​ലെ​യും സിഡ്‌നി സർവക​ലാ​ശാ​ല​യി​ലെ​യും ഗവേഷ​ക​രു​ടെ കണക്കനു​സ​രിച്ച്‌, 50 വയസ്സു കഴിഞ്ഞ ഓസ്‌​ട്രേ​ലി​യ​ക്കാ​രി​ലെ 20 ശതമാനം അന്ധതയ്‌ക്കും കാരണം പുകവ​ലി​യാണ്‌. പുകവ​ലി​ക്കാർക്ക്‌, പ്രായാ​ധി​ക്യ​വു​മാ​യി ബന്ധപ്പെട്ട മാക്കുലർ ഡീജന​റേഷൻ (കണ്ണിലെ മാക്കുല ലൂട്ടിയ എന്ന ഭാഗത്തി​നു ക്ഷയം സംഭവി​ക്കു​ന്നതു മൂലമു​ണ്ടാ​കുന്ന കാഴ്‌ച​ത്ത​ക​രാറ്‌) ഉണ്ടാകാ​നുള്ള സാധ്യത പുകവ​ലി​ക്കാ​ത്ത​വരെ അപേക്ഷിച്ച്‌ രണ്ടു മുതൽ അഞ്ചു വരെ ഇരട്ടി​യാ​ണെന്ന്‌ ഓസ്‌​ട്രേ​ലിയ, ഐക്യ​നാ​ടു​കൾ, യൂറോപ്പ്‌ എന്നിവി​ട​ങ്ങ​ളിൽ നടത്തിയ പഠനങ്ങ​ളു​ടെ വെളി​ച്ച​ത്തിൽ ഗവേഷകർ പറഞ്ഞു. അതു​കൊണ്ട്‌, സിഗരറ്റ്‌ പാക്കറ്റു​ക​ളിൽ ‘പുകവലി—അന്ധതയ്‌ക്കുള്ള ഒരു പ്രമുഖ കാരണം’ എന്ന മുന്നറി​യി​പ്പു കൊടു​ക്കാൻ ഓസ്‌​ട്രേ​ലി​യൻ ദേശീയ സർവക​ലാ​ശാ​ല​യി​ലെ ഡോ. വെയ്‌ൻ സ്‌മിത്ത്‌ നിർദേ​ശി​ച്ചു.

അവഗണ​ന​യും ശിശു​ദ്രോ​ഹ​വും

ജപ്പാനിൽ, റിപ്പോർട്ടു ചെയ്യപ്പെട്ട ശിശു​ദ്രോഹ കേസു​ക​ളിൽ മുൻ വർഷത്തെ അപേക്ഷിച്ച്‌ 1998 സാമ്പത്തിക വർഷത്തിൽ 30 ശതമാനം വർധനവ്‌ ഉണ്ടായ​താ​യി ആസാഹി ഈവനിങ്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്‌തു. “അമ്മമാർ വർധിച്ച സമ്മർദ​ത്തിൻകീ​ഴിൽ—അവരിൽ പലരും കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ മുഴു ഉത്തരവാ​ദി​ത്വ​വും ഒറ്റയ്‌ക്കു പേറു​ന്ന​വ​രാ​യി​രു​ന്നു—ആയിരി​ക്കു​ന്ന​തും” ദുഷ്‌പെ​രു​മാ​റ്റ​വും അവഗണ​ന​യും റിപ്പോർട്ടു ചെയ്യേണ്ട ഉത്തരവാ​ദി​ത്വം തങ്ങൾക്കു​ണ്ടെന്ന “പൊതു​ജ​ന​ങ്ങൾക്കി​ട​യി​ലെ വർധിച്ച അറിവു”മാണ്‌ ഇതിനു കാരണ​മെന്നു വിദഗ്‌ധർ കരുതു​ന്നു. വീട്ടി​ലോ പാർക്കു ചെയ്‌ത കാറി​ലോ ഒക്കെ ഒറ്റയ്‌ക്കി​ട്ടി​ട്ടു പോകുന്ന കൊച്ചു​കു​ട്ടി​കൾ മരിക്കു​ന്ന​താ​യുള്ള കേസു​ക​ളും ജപ്പാനിൽ വർധി​ച്ചി​രി​ക്കു​ന്ന​താ​യി ദ ഡെയ്‌ലി യൊമി​യൂ​റീ പറയുന്നു. ചില സന്ദർഭ​ങ്ങ​ളിൽ അവരുടെ മാതാ​പി​താ​ക്കൾ പിൻബോൾ യന്ത്രങ്ങൾ ഉപയോ​ഗി​ച്ചുള്ള പാച്ചി​ങ്കോ ചൂതാ​ട്ട​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അടുത്ത​കാ​ലം​വരെ വളരെ അപൂർവ​മാ​യേ ഇങ്ങനെ​യുള്ള സന്ദർഭ​ങ്ങ​ളിൽ മാതാ​പി​താ​ക്ക​ളു​ടെ പേരിൽ ക്രിമി​നൽ കുറ്റം ചുമത്തി​യി​രു​ന്നു​ള്ളു. എന്നാൽ ഇപ്പോൾ, ഗുരു​ത​ര​മായ അവഗണന പ്രകട​മാ​ക്കുന്ന മാതാ​പി​താ​ക്ക​ളു​ടെ പേരിൽ കേസെ​ടു​ക്കാൻ അധികാ​രി​കൾ തീരു​മാ​നി​ച്ചി​രി​ക്കു​ക​യാണ്‌.

എച്ച്‌ഐവി-യുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ

“എയ്‌ഡ്‌സ്‌ രോഗ​ത്തിന്‌ ഇടയാ​ക്കുന്ന വൈറ​സായ എച്ച്‌ഐവി-യുമാ​യാണ്‌ ആഫ്രി​ക്ക​യി​ലെ കുഞ്ഞു​ങ്ങ​ളിൽ പകുതി​യും ജനിക്കു​ന്നത്‌” എന്ന്‌ യു​ണൈ​റ്റഡ്‌ പ്രസ്സ്‌ ഇന്റർനാ​ഷണൽ റിപ്പോർട്ടു ചെയ്യുന്നു. എച്ച്‌ഐവി-യുടെ​യും എയ്‌ഡ്‌സി​ന്റെ​യും ഫലമായി ആഫ്രി​ക്ക​യു​ടെ ചില ഭാഗങ്ങ​ളി​ലു​ള്ള​വ​രു​ടെ ആയുർപ്ര​തീക്ഷ മുമ്പ​ത്തേ​തി​നെ​ക്കാൾ 25 വർഷം കുറഞ്ഞി​രി​ക്കു​ന്ന​താ​യി എച്ച്‌ഐവി/എയ്‌ഡ്‌സ്‌ സംയുക്ത ഐക്യ​രാ​ഷ്‌ട്ര പദ്ധതി​യു​ടെ എക്‌സി​ക്യൂ​ട്ടിവ്‌ ഡയറക്ട​റായ ഡോ. പീറ്റർ പ്യോ പറഞ്ഞു. റിപ്പോർട്ട്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ലോക​ത്തിൽ, എച്ച്‌ഐവി ബാധി​ത​രു​ടെ നിരക്ക്‌ ഏറ്റവും കൂടു​ത​ലുള്ള 21 രാജ്യ​ങ്ങ​ളും ആഫ്രി​ക്ക​യി​ലാണ്‌. അതിൽ 10 രാജ്യ​ങ്ങ​ളിൽ, ജനസം​ഖ്യ​യു​ടെ 10 ശതമാ​നത്തെ എങ്കിലും ഇതു ബാധി​ച്ചി​ട്ടുണ്ട്‌.” ലോക​വ്യാ​പ​ക​മാ​യി എയ്‌ഡ്‌സ്‌ മൂലം മരണമ​ട​ഞ്ഞി​ട്ടു​ള്ള​വ​രിൽ ഏതാണ്ട്‌ 80 ശതമാ​ന​വും ആഫ്രി​ക്ക​യിൽ നിന്നു​ള്ള​വ​രാ​യി​രു​ന്നു.

സൈക്കിൾ മാഹാ​ത്മ്യം

“ഏറ്റവും കുറച്ച്‌ ഊർജം നഷ്ടപ്പെ​ടു​ത്തുന്ന ഒരു ഗതാഗ​ത​മാർഗം ആയിരി​ക്കാം സൈക്കിൾ—ഇന്ധനം ഉപയോ​ഗി​ക്കാ​ത്ത​തു​കൊ​ണ്ടു മാത്രമല്ല മറിച്ച്‌, ഊർജ നഷ്ടം ഏറ്റവും കുറയ്‌ക്കുന്ന ഒരു രൂപഘടന ഉള്ളതു​കൊ​ണ്ടും കൂടെ” എന്നു റോയി​റ്റേ​ഴ്‌സ്‌ വാർത്താ ഏജൻസി​യു​ടെ ഒരു റിപ്പോർട്ടു പറയുന്നു. ഇൻഫ്രാ​റെഡ്‌ കാമറ ഉപയോ​ഗിച്ച്‌ ഒരു കമ്പ്യൂട്ടർ നിയ​ന്ത്രിത സൈക്കിൾ ഡ്രൈ​വ്‌ലൈൻ പരി​ശോ​ധിച്ച ബാൾട്ടി​മോ​റി​ലെ ജോൺസ്‌ ഹോപ്‌കിൻസ്‌ സർവക​ലാ​ശാ​ലാ എൻജി​നീ​യർമാർ സൈക്കി​ളി​ന്റെ ചെയിൻ ചലിക്കു​മ്പോൾ വളരെ കുറച്ചു താപമേ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ള്ളു എന്നു കണ്ടെത്തി. റിപ്പോർട്ട്‌ ഇങ്ങനെ പറഞ്ഞു: “ചെയിൻ സംവി​ധാ​ന​ത്തി​ന്റെ ഊർജ​ക്ഷമത 98.6 ശതമാനം ആയിരു​ന്നു എന്നത്‌ എൻജി​നീ​യർമാ​രെ അത്ഭുത​പ്പെ​ടു​ത്തി. അതിന്റെ അർഥം മുന്നിലെ പൽച്ചക്രം തിരി​ക്കാൻ ഉപയോ​ഗിച്ച ഊർജ​ത്തി​ന്റെ 2 ശതമാ​ന​ത്തിൽ താഴെ മാത്രമേ താപമാ​യി നഷ്ടപ്പെ​ട്ടു​പോ​യു​ള്ളു എന്നാണ്‌. വ്യത്യസ്‌ത അവസ്ഥക​ളിൻകീ​ഴിൽ നടത്തിയ പരീക്ഷ​ണ​ങ്ങ​ളിൽ, ഏറ്റവും കൂടി​യത്‌ 19 ശതമാനം വരെ ഊർജമേ നഷ്ടപ്പെ​ട്ടു​ള്ളു​വെന്ന്‌ അവർ കണ്ടെത്തി.” പഠനത്തി​നു നേതൃ​ത്വം നൽകിയ ജെയിംസ്‌ സ്‌​പൈസർ പറഞ്ഞു: “ഇത്‌ അതിശ​യ​കരം തന്നെയാണ്‌, പ്രത്യേ​കി​ച്ചും ഒരു നൂറ്റാ​ണ്ടി​ല​ധി​ക​മാ​യി ഇതിന്റെ ചെയിൻ സംവി​ധാ​ന​ത്തി​ന്റെ അടിസ്ഥാന ഘടനയ്‌ക്കു മാറ്റം വന്നിട്ടില്ല എന്നതു കണക്കി​ലെ​ടു​ക്കു​മ്പോൾ.”

മഴയുടെ വികൃതി

ചൈന​യി​ലെ സ്വയം​ഭരണ മേഖല​യായ ഷിൻജ്യാങ്‌ വീഗറി​ലെ ടുർപാ​നിൽ ഒരു അസാധാ​രണ പ്രാകൃ​തിക പ്രതി​ഭാ​സം ഉണ്ടാകാ​റുണ്ട്‌. മാനത്ത്‌ കാർമേ​ഘങ്ങൾ ഉരുണ്ടു​കൂ​ടു​മ്പോ​ഴും താഴെ കാലാവസ്ഥ ചൂടു​ള്ള​തും ഈർപ്പ​ര​ഹി​ത​വും ആയിരി​ക്കും എന്ന്‌ ചൈനാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ആകാശ​ത്തു​നി​ന്നു മഴത്തു​ള്ളി​കൾ വീഴു​ന്നതു കാണാം; കൈ ഉയർത്തി വീശു​ക​യാ​ണെ​ങ്കിൽ അവ കൈയിൽ വീഴു​ക​യും ചെയ്യും. എന്നാൽ ടുർപാ​നി​ലെ അത്യന്തം വരണ്ട കാലാ​വ​സ്ഥ​യിൽ മഴ പെയ്യു​ന്ന​തി​നെ​ക്കാൾ വളരെ വേഗമാ​ണു ബാഷ്‌പീ​ക​രണം നടക്കു​ന്നത്‌. അങ്ങനെ നിലം​തൊ​ടു​ന്ന​തി​നു മുമ്പ്‌ മഴത്തു​ള്ളി​കൾ ആവിയാ​യി​പ്പോ​കു​ന്നു.

മാരക​മായ ഭക്ഷണം

പശ്ചി​മേ​ന്ത്യ​യി​ലെ കൂച്ച്‌ ജില്ലയി​ലെ ഒരു വെറ്ററി​നെറി ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധൻ അടുത്ത​കാ​ലത്ത്‌, സുഖമി​ല്ലാ​തായ ഒരു പശുവി​ന്റെ വയറ്റിൽനി​ന്നു 45 കിലോ​ഗ്രാം വരുന്ന പ്ലാസ്റ്റിക്‌ കവറുകൾ പുറ​ത്തെ​ടു​ത്ത​താ​യി ഇന്ത്യയി​ലെ കേരള​ത്തിൽനി​ന്നു പ്രസി​ദ്ധീ​ക​രി​ക്കുന്ന ദ വീക്ക്‌ മാസിക പറയുന്നു. കവറു​കൾക്കു പുറമേ തുണി, തേങ്ങയു​ടെ തൊണ്ട്‌, ചുറ്റി​വെ​ച്ചി​രുന്ന കുറേ വയറ്‌, ഒരു സ്‌ക്രൂ എന്നിവ​യും അദ്ദേഹം കണ്ടെത്തി. ഇന്ത്യയി​ലെ അലഞ്ഞു​ന​ട​ക്കുന്ന പശുക്കൾ മുഖ്യ​മാ​യും ചപ്പുച​വ​റാ​ണു തിന്നു​ന്നത്‌. അക്കൂട്ട​ത്തിൽ കാണുന്ന പ്ലാസ്റ്റിക്‌ കവറുകൾ അവയ്‌ക്കു വളരെ അപകട​ക​ര​മാണ്‌. കറവപ്പ​ശു​ക്കൾപോ​ലും പലപ്പോ​ഴും മേച്ചിൽസ്ഥ​ല​ങ്ങ​ളി​ലേക്കു പോകു​ന്ന​വ​ഴിക്ക്‌ റോഡ​രി​കിൽ കിടക്കുന്ന ചപ്പുച​വറ്‌ തിന്നുന്നു. വെറ്ററി​നെറി ഡോക്ട​റായ ജഡേജ​യു​ടെ അഭി​പ്രാ​യ​ത്തിൽ കുളമ്പു​ദീ​നം കഴിഞ്ഞാൽപ്പി​ന്നെ പശുക്കളെ ബാധി​ക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഈ പ്ലാസ്റ്റിക്‌ തീറ്റി​യാണ്‌. ദഹിക്കാ​തെ കിടക്കുന്ന പ്ലാസ്റ്റിക്‌ ഉദരത്തിൽ തടസ്സം സൃഷ്ടി​ക്കു​ന്ന​തി​ന്റെ ഫലമായി പശുക്കൾക്ക്‌ അയവി​റ​ക്കാൻ കഴിയാ​താ​കു​ന്നു; അവ ചാകു​ക​യാ​ണു പതിവ്‌. ചെരി​പ്പു​കു​ത്തി​ക​ളാണ്‌ ഈ സ്ഥിതി​വി​ശേഷം ഡോ. ജഡേജ​യു​ടെ ശ്രദ്ധയിൽപ്പെ​ടു​ത്തി​യത്‌. ചത്ത പശുക്ക​ളു​ടെ തോൽ ഉരി​ഞ്ഞെ​ടു​ക്കു​മ്പോ​ഴാണ്‌ അവർ അവയുടെ വയറ്റി​ലുള്ള പ്ലാസ്റ്റിക്‌ കൂമ്പാരം കണ്ടത്‌.