സാന്റേറിയ ഒരുക്കുന്ന കെണി
സാന്റേറിയ ഒരുക്കുന്ന കെണി
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
അനേക വർഷങ്ങളായി ക്യൂബയിലെ ഒരു പ്രമുഖ മതമാണ് സാന്റേറിയ. എന്നിരുന്നാലും, ഈ മതം ക്രമേണ മറ്റുപല രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഉദാഹരണത്തിന്, മോസ്കോ നഗരത്തിന്റെ വാണിജ്യകേന്ദ്രത്തിലെ പ്രധാന ചന്തസ്ഥലങ്ങളിലൊന്നിൽ സാന്റേറിയ മതവുമായി ബന്ധപ്പെട്ട വസ്തുക്കളായ കുരിശുകൾ, മെഴുകുതിരികൾ, ഏലസ്സുകൾ, തകിടുകൾ എന്നിവയുടെ പ്രത്യേകം കടകൾതന്നെയുണ്ട്. ഇത്തരം കടകളിൽ മിക്കവയും അറിയപ്പെടുന്നത് ബൊട്ടാണിക്കകൾ എന്നാണ്, അമേരിക്കകളിലെ മറ്റു വലിയ പട്ടണങ്ങളിലും അത്തരം കടകളുണ്ട്. ന്യൂയോർക്ക് പട്ടണത്തിലെ ടെലിഫോൺ ഡയറക്ടറികളിൽ ബൊട്ടാണിക്കകളെ കുറിച്ചുള്ള അനേകം പരസ്യങ്ങൾ കാണാം. മറ്റു മതങ്ങളോടു ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്ന കടകളെ കുറിച്ചൊന്നും അത്രയധികം പരസ്യങ്ങളില്ല.
സാന്റേറിയയുടെ വൈചിത്ര്യവും നിഗൂഢതയും അനേകരെ അതിലേക്ക് ആകർഷിക്കുന്നു. സാന്റേറിയയുടെ സ്വാധീനം ജനപ്രീതിയാർജിച്ച ചില ലാറ്റിൻ സംഗീതത്തിലും സാഹിത്യത്തിലും കാണാൻ കഴിയും. ഒരു മതമായ സാന്റേറിയ ഇപ്പോൾ മതേതരവും സാംസ്കാരികവുമായ ഒരു ഭാവം കൈവരിക്കുകയാണ്. അത് ആഫ്രോ-കരീബിയൻ സംഗീതത്തിന്റെയും സാംസ്കാരിക പരിപാടികളുടെയും ഭാഗമായിത്തീർന്നിരിക്കുന്നു.
ജന്മം പുരാതന ആഫ്രിക്കയിൽ
നൈജീരിയയിലെ യോരുബക്കാർ ആചരിച്ചുവരുന്ന ഒരു പുരാതന ആഫ്രിക്കൻ മതത്തിന്റെ അടിസ്ഥാനപരമായ സവിശേഷതകളും പാരമ്പര്യങ്ങളുമാണ് സാന്റേറിയയ്ക്കുള്ളത്. 1770-കൾക്കും 1840-കൾക്കും ഇടയിലായി യോരുബക്കാരെ അടിമകളായി കരീബിയൻ ദ്വീപിലേക്കു കൊണ്ടുപോയപ്പോൾ അവർ തങ്ങളുടെ മതവും കൂടെക്കൊണ്ടുപോയി. പശ്ചിമാർധ ഗോളത്തിൽ എത്തിയപ്പോൾ അവർ കത്തോലിക്കാ മതത്തിൽ ചേരാൻ നിർബന്ധിതരായി, എങ്കിലും തങ്ങളുടെ മാമൂലുകൾ അപ്പാടെ ഉപേക്ഷിക്കാൻ അവർ തയ്യാറായില്ല. അതുകൊണ്ട്, രണ്ടു മതങ്ങളിലെയും ആശയങ്ങൾ ലയിപ്പിച്ചുകൊണ്ട് അവർ പുതിയൊരു ആരാധനക്രമത്തിനു രൂപം കൊടുത്തു. മതാനുഷ്ഠാനങ്ങളെ അപ്രകാരം കൂട്ടിയിണക്കുന്നതിനെ സിൻക്രെറ്റിസം (syncretism) എന്നാണു വിളിക്കുന്നത്.
തങ്ങളുടെ പുരാതന വിശ്വാസങ്ങൾക്കു ചേർച്ചയിൽ ആരാധന നടത്താനുള്ള ശ്രമത്തിൽ അടിമകൾ, പ്രത്യേക ഗുണവിശേഷങ്ങളും ശക്തിയുമുള്ളതായി കരുതപ്പെട്ടിരുന്ന ആഫ്രിക്കൻ ദേവന്മാരുടെ സ്ഥാനത്ത് കത്തോലിക്കാ വിശുദ്ധന്മാരെ പ്രതിഷ്ഠിച്ചുകൊണ്ട് അവർക്ക് ഇരട്ട അസ്തിത്വം നൽകി. അങ്ങനെ ഒറിഷാ എന്നു വിളിക്കപ്പെടുന്ന ആഫ്രിക്കൻ ദേവീദേവന്മാർക്ക് കത്തോലിക്കാ വിശുദ്ധന്മാരുടെ പേരുകളും രൂപങ്ങളും കൈവന്നു. എന്നിരുന്നാലും, ചടങ്ങുകളും ആചാരങ്ങളും വിശ്വാസങ്ങളും പണ്ട് ആഫ്രിക്കയിൽ ആയിരുന്നപ്പോഴത്തെപ്പോലെതന്നെ തുടർന്നു. ക്യൂബയിലെ
ഒരു സാന്റേറിയ പുരോഹിതൻ പറയുന്നു: “കത്തോലിക്കാ ദൈവത്തെ അൾത്താരയിൽ ആരാധിക്കാൻ സിൻക്രെറ്റിസം മൂലം സാധിക്കുന്നുണ്ടെങ്കിലും ഫലത്തിൽ ആഫ്രിക്കൻ ദേവനാണ് ആരാധിക്കപ്പെടുന്നത്.”കത്തോലിക്കാ ആരാധനക്രമം, കൂദാശകൾ, വിശുദ്ധ വസ്തുക്കൾ എന്നിവയുമായി ആഫ്രിക്കയിലെ ആത്മവിദ്യാ നടപടികൾ കൂടിച്ചേർന്നാണ് വൂഡൂ, ഒബെ, മാകുമ്പ എന്നിങ്ങനെയുള്ള മതങ്ങൾ രൂപംകൊണ്ടത്. ലാറ്റിൻ അമേരിക്കയിലെ കത്തോലിക്കാ സഭ ആഫ്രിക്കൻ മതങ്ങളെ നിരോധിച്ചിരുന്നതിനാൽ, വളരെക്കാലത്തേക്ക് സാന്റേറിയ മതം രഹസ്യമായി ആചരിക്കേണ്ടിവന്നു. ക്രമേണ കത്തോലിക്കാ സഭ അടിമകൾക്ക് സിൻക്രെറ്റിസം അനുവദിച്ചുകൊടുത്തു.
സാന്റേറിയയുടെ സവിശേഷതകൾ
ഈ മതാരാധനയുടെ സവിശേഷതകൾ എന്തെല്ലാമാണ്? ഇപ്പോൾ സാന്റേറോസ് എന്നറിയപ്പെടുന്ന സാന്റേറിയ മതക്കാർ, ഒരു സർവശക്തനിലും യോരുബ ദേവഗണമായ ഒറിഷാ എന്ന ഒരു കൂട്ടം ദൈവങ്ങളിലും വിശ്വസിക്കുന്നു. സാന്റേറിയ പുരോഹിതന്മാർ ഭാവികഥനവിദ്യയിലൂടെ ഒറിഷാകളുടെ ഹിതം വ്യാഖ്യാനിക്കുന്നു. ചില സമയങ്ങളിൽ ഒറിഷാകൾ തങ്ങളുടെ ഉപദേശങ്ങൾ പ്രഖ്യാപിക്കാനായി ഭക്തരുടെ ശരീരത്തിൽ കടക്കാറുണ്ടെന്നു പറയപ്പെടുന്നു. ആരാധകർക്ക് പ്രാർഥനകളിലൂടെയും സംഗീതത്തിലൂടെയും നല്ല പെരുമാറ്റത്തിലൂടെയും യാഗങ്ങളിലൂടെയും ഒറിഷാകളോട് അപേക്ഷിക്കാനാകും. ബലിപീഠങ്ങൾ ആരാധനയിൽ ഒരു പ്രമുഖ പങ്കു വഹിക്കുന്നു. സാന്റേറോകൾ തങ്ങളുടെ വീടിനുള്ളിൽ ബലിപീഠങ്ങൾ പണിയുകയും ദൈവങ്ങളെ പ്രസാദിപ്പിക്കാനും സഹായം ലഭിക്കാനും അതിന്മേൽ പുഷ്പങ്ങൾ, റം, കേക്ക്, സിഗരറ്റുകൾ എന്നിവ നിവേദിക്കുകയും ചെയ്യുന്നു.
സാന്റേറിയ തത്ത്വശാസ്ത്രത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസിൽവന്ന ഒരു ലേഖനത്തിൽ ലിസെറ്റ് അൽവാറെസ് ഇങ്ങനെ വിശദീകരിച്ചു: “ഈ മതം മരണാനന്തര ജീവിതത്തെക്കാൾ ഏതൽക്കാല ജീവിതത്തിനാണ് ഊന്നൽ നൽകുന്നത്, അത് പ്രകൃതി ശക്തികൾക്കു പ്രാധാന്യം കൽപ്പിക്കുന്നു. ഓരോ ദേവനും പ്രകൃതിയുടെ ഒരു വശത്തെയും (ഉദാഹരണത്തിന്, ഇടിമുഴക്കം) ഒരു മാനുഷിക ഗുണത്തെയും (ഉദാഹരണത്തിന്, ശക്തി) പ്രതിനിധീകരിക്കുന്നു.” ഒറിഷാകളുടെ ഉപദേശം തേടിക്കൊണ്ട് അനുദിന പ്രശ്നങ്ങൾ പരിഹരിക്കാൻ പുരോഹിതന്മാർ ആളുകളെ സഹായിക്കുന്നു. അവർ കത്തോലിക്കാ പുരോഹിതന്മാരല്ല. മാത്രമല്ല, സാധാരണ ഗതിയിലുള്ള സാന്റേറിയ ആചരണങ്ങൾ വീടുകളിൽവെച്ചാണു നടത്തുന്നത്, ക്ഷേത്രങ്ങളിൽവെച്ചല്ല.
സാന്റേറിയ മതം ഒരു സാമുദായിക ബോധവും കൂട്ടുകുടുംബവ്യവസ്ഥയും പ്രദാനം ചെയ്യുന്നതിനാൽ വൈകാരികവും ഭൗതികവുമായ പിന്തുണ ആവശ്യമുള്ളവർ അതിലേക്ക് ആകർഷിക്കപ്പെടുന്നു. നിർധനരായിത്തീർന്നവരും സാന്റേറിയ മതം നിലവിലിരിക്കുന്ന രാജ്യങ്ങളിലേക്കു കുടിയേറിപ്പാർക്കുന്നവരുമാണ് ഇതിലേക്ക് ഏറ്റവുമധികം ആകർഷിക്കപ്പെടുന്നത്. ഒരു പ്രത്യേക സമുദായത്തിൽപ്പെടുന്ന ഈ മതാനുസാരികൾക്ക് തങ്ങളുടെ തലതൊട്ടപ്പനും ബുദ്ധിയുപദേശകനും പുരോഹിതനുമായി ഒരാൾ ഉണ്ടായിരിക്കും. അത് ഒരു സ്ത്രീയോ പുരുഷനോ ആകാം. സംഗീതം,
നൃത്തം, മൃഗബലികൾ എന്നിവ ഉൾപ്പെടുന്ന ഒരു ചടങ്ങിലൂടെ പുരോഹിതൻ നവാഗതരെ മതത്തിലേക്കു സ്വാഗതം ചെയ്യുന്നു. ജനനം, വിവാഹം, മരണം എന്നിവ ആഘോഷിക്കാനും മൃഗങ്ങളെ ബലിചെയ്യാറുണ്ട്. കോഴി, ആട്, പലതരം പ്രാവുകൾ, കടലാമ എന്നിവയെയൊക്കെയാണ് അവർ അതിനായി ഉപയോഗിക്കുന്നത്.സാന്റേറിയ സംഗീതം
സാന്റേറിയ ആരാധനയിൽ സംഗീതത്തിന് ഒരു സുപ്രധാന പങ്കാണുള്ളത്. ബെംബിസിന്റെ സമയത്ത്, അതായത് ദൈവങ്ങളെ ആവാഹിക്കാനായി ചെണ്ടയടിക്കുന്ന ചടങ്ങുകൾ നടക്കുമ്പോൾ, സംഗീതം ഉപയോഗിക്കുന്നു. ഓരോ ദേവനെയും വിളിച്ചുവരുത്താനായി ഓരോ പ്രത്യേക താളത്തിലാണ് ചെണ്ടയടിക്കുന്നത്. വളരെയകലെ കേൾക്കത്തക്കവിധം ഉച്ചത്തിലാണ് അതിന്റെ ശബ്ദം.
ചെണ്ട, സൈലോഫോൺ, മരിമ്പ എന്നിങ്ങനെയുള്ള വാദ്യോപകരണങ്ങൾ പശ്ചിമാഫ്രിക്കയിൽ നൂറ്റാണ്ടുകളായി മതപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു. അടിമകൾ അവ അമേരിക്കയിൽ എത്തിച്ചപ്പോൾ അതിന് അവിടെയും വ്യാപകമായ പ്രാധാന്യം ലഭിച്ചു. ബ്രസീലിൽ, വിശുദ്ധ ചെണ്ടയ്ക്കിടുന്ന തോൽ ആചാരപരമായി ബലിചെയ്ത മൃഗങ്ങളുടേതാണ്. കൂടാതെ പുതിയ ഉപകരണങ്ങളെ സ്നാപനപ്പെടുത്തുന്നു, മിക്കപ്പോഴും ഒരു കത്തോലിക്കാ പള്ളിയിൽനിന്നുള്ള “വിശുദ്ധ” ജലം ഉപയോഗിച്ച്. മറ്റു ചെണ്ടകൾ ഹെയ്റ്റിയിലെ ആഫ്രോ-കരീബിയൻ സംസ്കാരത്തിൽ കാണുന്നതുപോലുള്ള ഒരു പ്രത്യേക ദൈവത്തെയാണു പ്രതിനിധീകരിക്കുന്നത്.
സാന്റേറിയയുടെ ഭക്തിഗാന കോംപാക്ട് ഡിസ്കുകൾ സാന്റേറിയ ഭക്തിഗാനങ്ങൾ എന്ന പേരിൽത്തന്നെ മാർക്കറ്റിൽ സുലഭമാണ്. ചെണ്ടകൊണ്ടുള്ള താളങ്ങളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. അവയിൽ ചിലതിന്റെ പേരുകൾതന്നെ സാന്റേറിയ ദൈവങ്ങളുടെയോ ആ മതത്തിലെ ആചാരങ്ങളുടെയോ പേരുകളാണ്. ഈ താളങ്ങൾ ക്രമേണ ചില ലാറ്റിൻ സംഗീതത്തിലേക്കും കടന്നുവന്നിരിക്കുന്നു. ചില സംഗീതങ്ങളിൽ സാന്റേറിയ പദാവലി ഉൾപ്പെടുത്തിയിട്ടുണ്ട്.
ബൈബിൾ പറയുന്നത്
ബൈബിളിൽ കുറ്റംവിധിച്ചിരിക്കുന്ന ഒരു ആരാധനാ രൂപമായ ആത്മവിദ്യയുമായി അടുത്തു ബന്ധമുള്ളതാണ് സാന്റേറിയമതം. (ലേവ്യപുസ്തകം 19:31, NW) ദൈവരാജ്യം അവകാശമാക്കുന്നതിൽനിന്ന് ഒരു വ്യക്തിയെ തടയുന്ന “ജഡത്തിന്റെ പ്രവൃത്തി”കളുടെ കൂടെയാണ് ദൈവവചനം “ആത്മവിദ്യ”യെ പട്ടികപ്പെടുത്തിയിരിക്കുന്നത്. (ഗലാത്യർ 5:19-21, NW) മാത്രവുമല്ല, ‘വിഗ്രഹാരാധന വിട്ടോടി’ ‘പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ’ ദൈവാംഗീകാരം ആഗ്രഹിക്കുന്നവരോട് തിരുവെഴുത്തുകൾ കൽപ്പിക്കുന്നു.—1 കൊരിന്ത്യർ 10:14; യോഹന്നാൻ 4:23, 24.
സാന്റേറിയ ആചാരങ്ങളും സംഗീതവും കൂടുതൽ ലൗകികമായിത്തീരുന്നതിനാൽ ക്രിസ്ത്യാനികൾ ജാഗ്രതയുള്ളവരായിരിക്കണം. പല തരത്തിലുള്ള വിനോദരൂപങ്ങളിലും ലാറ്റിൻ-അമേരിക്കൻ സംസ്കാരത്തിന്റെ ചില വശങ്ങളിലും സാന്റേറിയയുടെ ഘടകങ്ങൾ കടന്നുകൂടിയിട്ടുണ്ട്. കൂടുതൽ ജനപ്രീതിയാർജിക്കുന്ന ഇവ നിരുപദ്രവകരമെന്നു കരുതപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, എത്രമാത്രം ജനപ്രീതിയുള്ളതോ നിരുപദ്രവകരമോ ആയി തോന്നിയാലും ബൈബിൾ തത്ത്വങ്ങളെ വ്യക്തമായി ലംഘിക്കുന്ന എന്തും ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു.—2 കൊരിന്ത്യർ 6:14-18.
[25-ാം പേജിലെ ചതുരം/ചിത്രം]
സാന്റേറിയ ഉപയോഗിക്കുന്ന പദങ്ങൾ
ബാബലൂ-ആയ്: രോഗം സുഖപ്പെടുത്തുന്ന ദൈവമായി ആരാധിക്കപ്പെടുന്ന “വിശുദ്ധ” ലാസറോ.
ചാൻഗോ: അഗ്നിയുടെയും ഇടിയുടെയും മിന്നലിന്റെയും യുദ്ധായുധങ്ങളുടെയും ദൈവമായി ആരാധിക്കപ്പെടുന്ന കത്തോലിക്കാ വിശ്വാസത്തിലെ “വിശുദ്ധ” ബാർബറാ.
ഈഫാ കോർപസ്: സാന്റേറിയ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന 256 പ്രതീകങ്ങളിലൂടെയുള്ള നിയമവ്യവസ്ഥ.
ഈകോളെ ഓറൺ: മരണാനന്തരം സകലരും പോകുന്ന “സ്വർഗം.” എങ്കിലും, ദുഷ്ടർ ഭൂമിയിലെ നരകത്തിൽ ജീവിക്കുകയും ഐകൊൾ ഒറണിൽ യാതന അനുഭവിക്കുകയും ചെയ്യുന്നു.
ഓബാറ്റാലാ: ഭൗമപദാർഥം ഉപയോഗിച്ച് മനുഷ്യജീവനെയും മനസ്സാക്ഷിയെയും സൃഷ്ടിച്ച ദൈവം.
ഓച്യൂൺ: നദിയുടെയും സ്നേഹത്തിന്റെയും വിവാഹത്തിന്റെയും പണത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദേവത. വെർജെൻ ഡി ലാ കാരിഡാഡ എന്ന പേരിൽ ക്യൂബയുടെ പാലക പുണ്യവതിയായും സേവിക്കുന്നു.
ഓഗൂൺ: “വിശുദ്ധ” പത്രൊസായി ആരാധിക്കപ്പെടുന്ന, ഖനിത്തൊഴിലാളികളുടെയും തൊഴിലാളികളുടെയും പാലകദേവൻ.
ഓലോഡ്യൂമാറെ: പ്രപഞ്ചത്തെ സൃഷ്ടിച്ച സർവശക്തൻ.
ഒരുമീളാ: ഒരു വ്യക്തിയുടെ വിധി നിർണയിക്കുന്ന ദൈവം.
യെമായാ അല്ലെങ്കിൽ ഷമായാ: സമുദ്രത്തിന്റെയും ഫലപുഷ്ടിയുടെയും ദേവത, ക്യൂബയിലെ കന്യാമറിയത്തോട് അഥവാ വെർജെൻ ഡി റെഗ്ലയോട് സമാനം.
[24-ാം പേജിലെ ചിത്രം]
ഒരു ബൊട്ടാണിക്കയിൽ പ്രദർശിപ്പിച്ചിരിക്കുന്ന സാന്റേറിയ സാമഗ്രികൾ