അന്റാർട്ടിക്ക— കുഴപ്പത്തിലായിരിക്കുന്ന ഒരു ഭൂഖണ്ഡം
അന്റാർട്ടിക്ക— കുഴപ്പത്തിലായിരിക്കുന്ന ഒരു ഭൂഖണ്ഡം
ബഹിരാകാശ സഞ്ചാരികൾ ഈ ഭൂമിയെ നിരീക്ഷിക്കുമ്പോൾ, അതിനെ ഏറ്റവും വ്യതിരിക്തമാക്കുന്ന സവിശേഷത അന്റാർട്ടിക്കയിലെ ഹിമാവരണമാണ് എന്ന് അന്റാർട്ടിക്ക: അവസാനത്തെ ഭൂഖണ്ഡം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “ലോകത്തിന്റെ അടിത്തട്ടിൽ ഒരു വലിയ വെള്ള റാന്തൽപോലെ അതു പ്രകാശം ചൊരിയുന്നു” എന്നു ബഹിരാകാശ സഞ്ചാരികൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി.
അന്റാർട്ടിക്കയിലെ ഹിമത്തിന്റെ വ്യാപ്തം ഏകദേശം 30,000,000 ക്യൂബിക് കിലോമീറ്റർ വരും. അതുകൊണ്ടുതന്നെ, ഒരു ഭൂഖണ്ഡത്തിന്റെ അളവുകൾ ഉള്ള ഐസ് നിർമാണ മെഷീൻ എന്നു അതിനു പേരിടുന്നതിൽ തെറ്റില്ല. ഇവിടെ മഞ്ഞ് പെയ്യുകയും അത് കുമിഞ്ഞുകൂടി ഉറച്ച് ഐസായി മാറുകയും ചെയ്യുന്നു. ഗുരുത്വാകർഷണശക്തി കാരണം ഇവ പതിയെ സമുദ്രതീരത്തേക്ക് ഒഴുകുന്നു. അവിടെനിന്ന് മെല്ലെ സമുദ്രത്തിലേക്ക് വഴുതിവീഴുന്ന അവ കൂറ്റൻ ഐസ് ഷെൽഫുകൾക്കു രൂപംനൽകുന്നു.—20-ാം പേജിലെ ചതുരം കാണുക.
ചുരുങ്ങിപ്പോകുന്ന ഐസ് ഷെൽഫുകൾ
സമീപവർഷങ്ങളിലായി, നിരവധി ഐസ് ഷെൽഫുകളുടെ വലിപ്പം കുറയുകയോ ചിലത് പാടെ അപ്രത്യക്ഷമാകുയോ ചെയ്തിട്ടുണ്ട്. ഹിമം ഉരുകുന്നതിന്റെ നിരക്ക് കൂടിയതുകൊണ്ടാണ് ഇത്. 1,000 കിലോമീറ്റർ നീളമുള്ള ലാർസൻ ഐസ് ഷെൽഫിൽനിന്ന് 1995-ൽ 1,300 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഒരു ഭാഗം അടർന്നുപോയി. ഇത് ആയിരക്കണക്കിനു മഞ്ഞുമലകളായി വിഭജിച്ചുപോയി എന്നാണ് ഒരു റിപ്പോർട്ടു പറയുന്നത്.
ഐസ് ചുരുങ്ങുന്നതു മൂലം ഇതേവരെ ബാധിക്കപ്പെട്ടിട്ടുള്ള പ്രദേശം അന്റാർട്ടിക് ഉപദ്വീപാണ്. തെക്കേ അമേരിക്കയിലെ ആൻഡിസ് പർവതനിരയുടെ തുടർച്ചയായ, ‘s’ ആകൃതിയിലുള്ള ഈ ഉപദ്വീപിൽ കഴിഞ്ഞ 50 വർഷംകൊണ്ട് താപനില 2.5 സെൽഷ്യസ് കൂടി. അതിന്റെ ഫലമായി ഒരിക്കൽ ഐസുകൊണ്ട് ചുറ്റപ്പെട്ടിരുന്ന ജെയിംസ് റോസ് ദ്വീപിനെ ജലമാർഗം പ്രദക്ഷിണം വെക്കാൻ കഴിയുമെന്ന അവസ്ഥയായിരിക്കുന്നു. ഐസ് ചുരുങ്ങിപ്പോകുന്നത് അവിടെ മുമ്പത്തെക്കാളും വളരെ കൂടുതൽ സസ്യങ്ങൾ വളരുന്നതിനും ഇടയാക്കിയിരിക്കുന്നു.
അന്റാർട്ടിക് ഉപദ്വീപിന്റെ പ്രദേശത്തു മാത്രമാണ് ഇപ്പോൾ കാര്യമായി ഹിമം ഉരുകിയിരിക്കുന്നത്. അതുകൊണ്ട് അത് ആഗോളതപനത്തിന്റെ സൂചനയാണെന്ന് അംഗീകരിക്കാൻ ചില ശാസ്ത്രജ്ഞർക്ക് ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും, നോർവേയിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത് ആർട്ടിക്കിലെ ഐസും ചുരുങ്ങുകയാണ് എന്നാണ്. (ഉത്തരധ്രുവം കരയിൽ അല്ല സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട്, ആർട്ടിക്കിലെ ഹിമാവരണം ഒട്ടുമുക്കാലും തണുത്തുറഞ്ഞ കടൽവെള്ളമാണ്.) ഈ മാറ്റങ്ങളെല്ലാം ആഗോളതപനത്തിനോട് അനുബന്ധിച്ച് ഉണ്ടാകുമെന്നു വിശ്വസിക്കപ്പെടുന്ന മാറ്റങ്ങളുമായി നന്നായി ഒത്തുപോകുന്നു എന്ന് ആ പഠനം വെളിപ്പെടുത്തുന്നു.
എന്നാൽ താപനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളോടു പ്രതികരിക്കുക മാത്രമല്ല അന്റാർട്ടിക്ക ചെയ്യുന്നത്. “ആഗോള കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഒരു സുപ്രധാന എൻജിൻ” എന്നാണ് അന്റാർട്ടിക്കയെ വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട്, ഈ ഭൂഖണ്ഡത്തിനു തുടർച്ചയായി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷം അതു ഭാവി കാലാവസ്ഥയെ ബാധിച്ചേക്കാം.
ഇതേസമയം, അന്റാർട്ടിക്കയ്ക്കു മുകളിലായി അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ യൂറോപ്പിന്റെ ഇരട്ടി വലിപ്പത്തിലുള്ള ഒരു ദ്വാരം ഉണ്ടായിട്ടുണ്ട്. ഓക്സിജന്റെ ഒരു വകഭേദമായ ഓസോണാണു ഭൂമിയെ ഹാനികരമായ അൾട്രാവയലറ്റ് രശ്മികളിൽനിന്നു സംരക്ഷിക്കുന്നത്. അൾട്രാവയലറ്റ് രശ്മികൾ കണ്ണുകൾക്കു ഹാനികരമാണ് എന്നുമാത്രമല്ല ചർമാർബുദത്തിനും ഇടയാക്കും. ഈ അൾട്രാവയലറ്റ് രശ്മികളുടെ അതിപ്രസരം നിമിത്തം, അന്റാർട്ടിക്കയിലെ ഗവേഷകർക്ക് തങ്ങളുടെ ചർമം സൂര്യപ്രകാശത്തിൽനിന്നു സംരക്ഷിക്കേണ്ടതുണ്ട്. കൂടാതെ, കണ്ണുകളെ സംരക്ഷിക്കുന്നതിന് പ്രത്യേക റിഫ്ളക്റ്റീവ് കോട്ടിങ്ങുള്ള സൺഗ്ലാസ്സുകളോ മറ്റു സംരക്ഷക കണ്ണടകളോ ധരിക്കേണ്ടതുമുണ്ട്. അന്റാർട്ടിക്കയിലെ ജീവികളെ ഇത് എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് കാലത്തിനു മാത്രമേ പറയാനാകൂ.
അതിലോലമായ ഭൂഖണ്ഡമാണ്—അമർത്തി ചവിട്ടരുത്
അന്റാർട്ടിക്കയിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യാൻ പറ്റിയ ഒന്നായിരുന്നേക്കാം മുകളിൽ കൊടുത്തിരിക്കുന്ന തലക്കെട്ട്. എന്തുകൊണ്ട്? ഓസ്ട്രേലിയൻ അന്റാർട്ടിക് ഡിവിഷൻ പല കാരണങ്ങൾ നിരത്തുന്നു. ഒന്നാമതായി, അന്റാർട്ടിക്കയിലെ പരിസ്ഥിതി ബന്ധങ്ങൾ തീരെ ലളിതമാണ്. അതുകൊണ്ട് അസ്വാസ്ഥ്യങ്ങളോട് ഈ പരിസ്ഥിതി വ്യവസ്ഥ അങ്ങേയറ്റം സംവേദനക്ഷമത പുലർത്തുന്നു. രണ്ടാമതായി, സസ്യങ്ങൾ വളരെ പതിയെയാണ് വളർന്നുപൊങ്ങുന്നത്. പായലിൽ പതിഞ്ഞ ഒരു കാൽപ്പാട് പത്തുവർഷത്തിനു ശേഷവും അങ്ങനെതന്നെ കാണാം. കേടു തട്ടിയതോ ദുർബലമാക്കപ്പെട്ടതോ ആയ ചെടികളുടെ നിലനിൽപ്പ് അവിടത്തെ കാറ്റുകളെ—സസ്യ സമൂഹത്തെ അപ്പാടെ നശിപ്പിക്കാൻ പോന്നത്ര ശക്തിയുണ്ട് അവയ്ക്ക്—ആശ്രയിച്ചാണിരിക്കുന്നത്. മൂന്നാമതായി, അവിടത്തെ കൊടുംശൈത്യം കാരണം പാഴ്വസ്തുക്കൾ വിഘടിപ്പിക്കപ്പെടുന്നതിന് ദശാബ്ദങ്ങൾ തന്നെ എടുക്കും. നാലാമതായി, ഒറ്റപ്പെട്ട നിലയിൽ
കിടക്കുന്നതും അതുകൊണ്ടുതന്നെ ആക്രമണത്തിന് ഇരയാകാൻ കൂടുതൽ സാധ്യതയുള്ളതുമായ ഈ ഭൂഖണ്ഡത്തിലെത്തുന്ന സന്ദർശകർ അവർ അറിയാതെതന്നെ അന്റാർട്ടിക്കയ്ക്ക് അന്യമായ സൂക്ഷ്മ ജീവരൂപങ്ങളെ ഒപ്പം കൊണ്ടുവന്നേക്കാം. ഇനി, സമുദ്രതീര പ്രദേശങ്ങൾ സന്ദർശിക്കാനാണ് ശാസ്ത്രജ്ഞരും വിനോദസഞ്ചാരികളും പൊതുവെ ചായ്വു കാണിക്കുന്നത്. വന്യജീവികൾക്കും സസ്യജാലങ്ങൾക്കും ഏറ്റവും പറ്റിയ സ്ഥലങ്ങളും ഇതു തന്നെയാണ്. ഇത് അന്റാർട്ടിക്കയുടെ ഏകദേശം 2 ശതമാനം മാത്രം വരുന്നതുകൊണ്ട് അധികം താമസിയാതെ അന്റാർട്ടിക്കയിൽ തിക്കും തിരക്കും ഉണ്ടാകാൻ പോകുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത് പിൻവരുന്ന ചോദ്യം ഉയർത്തുന്നു: ഈ ഭീമൻ ഭൂഖണ്ഡത്തിന്റെ ക്രമസമാധാനപാലനം നിർവഹിക്കുന്നത് ആരാണ്?ആരാണ് അന്റാർട്ടിക്ക ഭരിക്കുന്നത്?
ഏഴു രാഷ്ട്രങ്ങൾ അന്റാർട്ടിക്കയുടെ ഭാഗങ്ങൾ തങ്ങളുടെ സ്വന്തമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഭൂഖണ്ഡത്തിനു മൊത്തത്തിൽ പരമാധികാരിയോ പൗരജനങ്ങളോ ഇല്ലാത്ത ഒന്ന് എന്ന അതുല്യ ബഹുമതി ഉണ്ട്. “പൂർണമായും ഒരു അന്താരാഷ്ട്ര ഉടമ്പടിയാൽ ഭരിക്കപ്പെടുന്ന ഒരേയൊരു ഭൂഖണ്ഡമായി ഭൂമിയിൽ അന്റാർട്ടിക്ക മാത്രമേയുള്ളൂ” എന്ന് ഓസ്ട്രേലിയൻ അന്റാർട്ടിക് ഡിവിഷൻ റിപ്പോർട്ടു ചെയ്യുന്നു.
‘അന്റാർട്ടിക് ഉടമ്പടി’ എന്നു വിളിക്കപ്പെടുന്ന ഈ ഉടമ്പടിയിൽ 12 ഗവൺമെന്റുകൾ ആണ് ഒപ്പുവെച്ചത്. 1961 ജൂൺ 23-ാം തീയതിയാണ് ഉടമ്പടി പ്രാബല്യത്തിൽ വന്നത്. അതിനുശേഷം അംഗരാഷ്ട്രങ്ങളുടെ എണ്ണം 40 ആയി വർധിച്ചു, “മുഴു മനുഷ്യവർഗത്തിന്റെയും ക്ഷേമം ലക്ഷ്യമാക്കി അന്റാർട്ടിക്കയെ എന്നും സമാധാനപരമായ ഉദ്ദേശ്യങ്ങൾക്കു വേണ്ടി മാത്രം ഉപയോഗപ്പെടുത്തുമെന്നും അത് ഒരിക്കലും അന്താരാഷ്ട്ര ഭിന്നതയ്ക്ക് ഒരു കാരണമോ വേദിയോ ആയിത്തീരുകയില്ല എന്നും ഉറപ്പുവരുത്തുകയാണ്” ഉടമ്പടിയുടെ ലക്ഷ്യം.
1998 ജനുവരിയിൽ അന്റാർട്ടിക് ഉടമ്പടിയുടെ പരിസ്ഥിതി സംരക്ഷണ പ്രോട്ടോക്കോൾ ഒരു അന്തർദേശീയ നിയമം ആയിത്തീർന്നു. ഈ പ്രോട്ടോക്കോൾ പ്രകാരം ചുരുങ്ങിയത് 50 വർഷത്തേക്ക് അന്റാർട്ടിക്കയിൽ ഖനനവും ധാതു ചൂഷണവും നിരോധിച്ചിരിക്കുകയാണ്. ആ പ്രോട്ടോക്കോൾ അന്റാർട്ടിക്കയെയും അതിനെ ആശ്രയിച്ചിരിക്കുന്ന സാമുദ്രിക പരിസ്ഥിതി വ്യവസ്ഥകളെയും “സമാധാനത്തിനും ശാസ്ത്രത്തിനുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന പ്രകൃതിദത്ത സംവരണമേഖല” എന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു. സൈനിക പ്രവർത്തനങ്ങളും ആയുധങ്ങൾ പരീക്ഷിച്ചുനോക്കലും ആണവ പാഴ്വസ്തുക്കളുടെ പുറന്തള്ളലുമെല്ലാം അവിടെ നിരോധിച്ചിരിക്കുകയാണ്. ഹിമശകടം (sledge) വലിക്കുന്ന നായ്ക്കൾക്കുപോലും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു.
“അന്താരാഷ്ട്ര സഹകരണത്തിന് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തതരം ഉദാഹരണം” എന്നാണ് അന്റാർട്ടിക് ഉടമ്പടിയെ വാഴ്ത്തുന്നത്. പക്ഷേ, പരമാധികാരം ഉൾപ്പെടെ പരിഹരിക്കപ്പെടേണ്ടതായ ധാരാളം പ്രശ്നങ്ങൾ ഇനിയുമുണ്ട്. ഉദാഹരണത്തിന്, ഈ ഉടമ്പടി ആരാണ് നടപ്പിൽവരുത്തുക? എങ്ങനെ? അതുപോലെ, അന്റാർട്ടിക്കയുടെ അതിലോലമായ പരിസ്ഥിതി വ്യവസ്ഥയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള ഒരു പ്രശ്നമാണ് അവിടേയ്ക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വർധനവ്. അംഗരാഷ്ട്രങ്ങൾ ഇക്കാര്യം എങ്ങനെയാണ് കൈകാര്യം ചെയ്യാൻ പോകുന്നത്? അടുത്തകാലത്തായി, ഓരോ വർഷവും 7,000-ത്തിലധികം വിനോദസഞ്ചാരികളാണ് കപ്പലുകളിൽ അന്റാർട്ടിക്ക സന്ദർശിക്കാനെത്തിയത്. അധികം കഴിയുന്നതിനുമുമ്പേ ഈ സംഖ്യ ഇരട്ടിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ഭാവിയിൽ മറ്റുതരത്തിലുള്ള വെല്ലുവിളികളും ഉണ്ടായേക്കാം. ഉദാഹരണത്തിന്, ശാസ്ത്രജ്ഞർ അവിടെ അമൂല്യമായ ധാതു നിക്ഷേപമോ എണ്ണ നിക്ഷേപമോ കണ്ടെത്തുകയാണെങ്കിലോ? അതിനെത്തുടർന്ന് സാധാരണഗതിയിൽ ഉണ്ടാകാറുള്ള വാണിജ്യപരമായ ചൂഷണവും മലിനീകരണവും തടയാൻ ഈ ഉടമ്പടി കൊണ്ടാകുമോ? ഉടമ്പടികൾക്കു മാറ്റം വരുത്താൻ കഴിയും. അന്റാർട്ടിക് ഉടമ്പടിയുടെ കാര്യത്തിലും ഇതു സത്യമാണ്. വാസ്തവത്തിൽ, “ഉടമ്പടിയിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളുടെ പൂർണ യോജിപ്പോടു കൂടെ [അതിൽ] എപ്പോൾ വേണമെങ്കിലും ഭേദഗതി വരുത്താനോ വ്യത്യാസം വരുത്താനോ” ആർട്ടിക്കിൾ 12 സൗകര്യമൊരുക്കുന്നുണ്ട്.
ആധുനിക വ്യവസായവത്കൃത ലോകത്തിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് അന്റാർട്ടിക്കയെ രക്ഷിക്കാൻ ഒരു ഉടമ്പടിക്കും സാധിക്കില്ല എന്നതു തീർച്ച. ഭൂഗ്രഹത്തിന്റെ അടിത്തട്ടിലെ ആ മനോഹരമായ “വെള്ള റാന്തൽ” മനുഷ്യന്റെ അത്യാഗ്രഹവും അവിവേകവും—മിക്കപ്പോഴും ഇവയുടെ ഫലങ്ങൾ ദൂരവ്യാപകമായിരിക്കും—നിമിത്തം മലിനമാക്കപ്പെടുന്നത് എത്രയോ ഖേദകരമാണ്! അന്റാർട്ടിക്കയെ ദ്രോഹിക്കുന്നത് മാനവരാശിയെ ദ്രോഹിക്കുന്നതിനു തുല്യമാണ്. അന്റാർട്ടിക്ക നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കിൽ അത് ഇതാണ്, മനുഷ്യശരീരത്തിന്റെ കാര്യത്തിലെന്നപോലെ മുഴുഭൂമിയും പരസ്പരബന്ധിതമായ ഒരു വ്യവസ്ഥയാണ്, ജീവൻ നിലനിർത്താനും നമുക്ക് ആസ്വാദനം നൽകാനും അങ്ങേയറ്റം കൃത്യതയോടെ നമ്മുടെ സ്രഷ്ടാവ് ഇണക്കിച്ചേർത്ത വ്യവസ്ഥ!
[20-ാം പേജിലെ ചതുരം/ചിത്രം]
ഐസ് ഷെൽഫ് എന്താണ്?
അന്റാർട്ടിക്കയുടെ ഉൾഭാഗത്ത് അങ്ങ് ഉയരത്തിലായി, ഹിമനദികൾ—മഞ്ഞുവീഴ്ചയുടെ ഫലമായുണ്ടാകുന്ന ഹിമശേഖരത്തിൽനിന്നാണ് ഇവ ഉത്ഭവിക്കുന്നത്—സാവധാനം സമുദ്രതീരത്തേക്ക് ഒഴുകിനീങ്ങുന്നു. അവയിൽ ചിലവ ഒരു വർഷം അരമൈൽ ദൂരംവരെ ഒഴുകിനീങ്ങുന്നു എന്നാണ് ഈ അടുത്തകാലത്തെ ഉപഗ്രഹ റഡാർ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ നീങ്ങുന്ന പല ഹിമനദികളും പോഷകനദികളെപ്പോലെ കൂടിച്ചേരുകയും അങ്ങനെ വളരെ വലിയ ഹിമനദികൾക്കു ജന്മം നൽകുകയും ചെയ്യുന്നു. സമുദ്രത്തിൽ എത്തിച്ചേരുമ്പോൾ, ഈ തണുത്തുറഞ്ഞ നദികൾ വെള്ളത്തിലൂടെ ഒഴുകിച്ചെന്ന് ഐസ് ഷെൽഫുകൾക്കു രൂപം നൽകുന്നു. ഐസ് ഷെൽഫുകളിൽ ഏറ്റവും വലിയത് (ഇവിടെ കാണിച്ചിരിക്കുന്ന) റോസ് ഐസ് ഷെൽഫ് ആണ്. ചുരുങ്ങിയത് ഏഴു ഹിമനദികൾ ഈ ഐസ് ഷെൽഫിലേക്ക് ഹിമം എത്തിച്ചുകൊണ്ടേയിരിക്കുന്നു. ഫ്രാൻസിന്റെ അത്ര വലിപ്പമുള്ള ഈ ഐസ് ഷെൽഫിന് ചില ഭാഗങ്ങളിൽ ഒരു കിലോമീറ്റർ കനമുണ്ട്. a
സാധാരണഗതിയിൽ ഐസ് ഷെൽഫുകൾ ചുരുങ്ങാറില്ല. ഹിമനദികൾ ഐസ് ഷെൽഫിലേക്ക് കൂടുതൽ കൂടുതൽ ഐസ് കൊണ്ടെത്തിക്കുമ്പോൾ, ടൂത്ത്പേസ്റ്റ് അതിന്റെ ട്യൂബിൽ നിന്നു ഞെങ്ങി പുറത്തു പോകുന്നതുപോലെ ഷെൽഫിന്റെ അഗ്രഭാഗം പിന്നെയും കടലിലേക്ക് തള്ളിപ്പോകും. ആ ഭാഗത്തുനിന്ന് ഭീമൻ കഷണങ്ങൾ അടർന്നുപോരും. (ഇതിന് ഹിമാനിഖണ്ഡനം എന്നാണു പറയുന്നത്.) ഈ കഷണങ്ങളാണ് മഞ്ഞുമലകളായി മാറുന്നത്. ചില മഞ്ഞുമലകൾക്ക് “13,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണം വരും” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. എന്നിരുന്നാലും സമീപവർഷങ്ങളിൽ, ഹിമാനിഖണ്ഡനത്തിന്റെ നിരക്ക് വളരെയധികം കൂടുകയും ഐസ് ഷെൽഫുകൾ ചുരുങ്ങുകയും ചെയ്തിരിക്കുന്നു. ചിലവയാണെങ്കിൽ പാടേ അപ്രത്യക്ഷമായിരിക്കുന്നു. ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിലും സമുദ്രജലനിരപ്പ് വർധിക്കുന്നില്ല. കാരണം, ഐസ് ഷെൽഫുകൾ നേരത്തേതന്നെ സമുദ്രത്തിൽ ഉണ്ടായിരുന്നതുകൊണ്ട് അവയുടെ ഭാരത്തിനു തുല്യമായ ജലനിരപ്പ് നേരത്തേതന്നെ ഉയർന്നിരുന്നു. എന്നാൽ അന്റാർട്ടിക് വൻകരയിൽ ഉള്ള ഹിമം മുഴുവനും ഉരുകുകയാണെങ്കിൽ, അത് 30,000,000 ക്യുബിക് കിലോമീറ്റർ വ്യാപ്തമുള്ള ഒരു ജലസംഭരണിയിലെ വെള്ളം സമുദ്രത്തിലേക്ക് തുറന്നുവിടുന്നതുപോലെ ആയിരിക്കും!സമുദ്രജലനിരപ്പുകൾ ഏകദേശം 65 മീറ്റർ ഉയരും!
[അടിക്കുറിപ്പ്]
a ഹിമഖണ്ഡപ്പരപ്പുമായി ഐസ് ഷെൽഫിനെ കൂട്ടിക്കുഴയ്ക്കരുത്. മഞ്ഞുമലകൾ ഉണ്ടാകുന്നത് ഹിമഖണ്ഡപ്പരപ്പിൽ നിന്നല്ല, ഐസ് ഷെൽഫുകളിൽ നിന്നാണ്. ഐസ് ഷെൽഫ് ഉണ്ടാകുന്നതിൽ നിന്നു വ്യത്യസ്തമായി, ശൈത്യകാലത്ത് സമുദ്രത്തിന്റെ ഉപരിതലത്തിലെ വെള്ളം തണുത്തുറഞ്ഞ് ഉണ്ടാകുന്ന ഹിമപാളികൾ കൂടിച്ചേർന്നാണു ഹിമഖണ്ഡപ്പരപ്പ് രൂപംകൊള്ളുന്നത്. വേനൽക്കാലത്ത് ഇതിനു നേരെ വിപരീതമായ പ്രവർത്തനം നടക്കുന്നു.
[ചിത്രം]
റോസ് ഐസ് ഷെൽഫിൽനിന്ന് ഭീമൻ ഹിമ കഷണങ്ങൾ അടർന്നുപോകുന്നു. ഐസ് ഷെൽഫിന്റെ ഈ ഭാഗത്തിനു സമുദ്രനിരപ്പിൽനിന്ന് ഏകദേശം 200 അടി ഉയരമുണ്ട്
[കടപ്പാട്]
Tui De Roy
[22-ാം പേജിലെ ചിത്രം]
വെഡ്ഡൽ കടൽനായുടെ കുഞ്ഞ്
[കടപ്പാട്]
ഫോട്ടോ: Commander John Bortniak, NOAA Corps