വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എം സി എസ്‌ ഉള്ളവരെ സഹായിക്കൽ

എം സി എസ്‌ ഉള്ളവരെ സഹായിക്കൽ

എം സി എസ്‌ ഉള്ളവരെ സഹായി​ക്കൽ

കൊ​ളോ​ണു​കൾ, ശുചീ​കരണ പദാർഥങ്ങൾ തുടങ്ങിയ നിത്യോ​പ​യോഗ സാധന​ങ്ങ​ളോ​ടുള്ള അലർജി ഒരുവന്റെ ആരോ​ഗ്യ​ത്തെ മാത്രമല്ല, സമൂഹ​വു​മാ​യുള്ള അവന്റെ ബന്ധത്തെ​യും ബാധി​ക്കു​ന്നു. മനുഷ്യൻ സാമൂ​ഹ്യ​ജീ​വി​യാണ്‌. എന്നാൽ സൗഹൃ​ദ​പ്രി​യ​രും രസിക​രും ആയ പല ആളുക​ളെ​യും സാമൂ​ഹി​ക​മാ​യി ഒറ്റപ്പെട്ട ജീവിതം നയിക്കാൻ എം സി എസ്‌ ഇടയാ​ക്കു​ന്നു. “എനിക്ക്‌ ഇതിനു മുമ്പ്‌ പല ആരോഗ്യ പ്രശ്‌ന​ങ്ങ​ളും ഉണ്ടായി​ട്ടുണ്ട്‌. എന്നാൽ ഇത്രയും ബുദ്ധി​മു​ട്ടു​ള​വാ​ക്കുന്ന ഒന്ന്‌ ഇതുവരെ ഉണ്ടായി​ട്ടില്ല. ഒറ്റപ്പെട്ടു പോകു​ന്ന​താണ്‌ ഒട്ടും സഹിക്കാൻ വയ്യാത്തത്‌,” എം സി എസ്‌ ഉള്ള ഷെല്ലി പറയുന്നു.

സങ്കടക​ര​മെ​ന്നു പറയട്ടെ, എം സി എസ്‌ ഉള്ളവരെ വിചിത്ര ജീവി​ക​ളാ​യി​ട്ടാണ്‌ ആളുകൾ ചില​പ്പോൾ കാണു​ന്നത്‌. ലോകം ഇതുവ​രെ​യും അംഗീ​ക​രി​ച്ചു തുടങ്ങി​യി​ട്ടി​ല്ലാത്ത, എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്നു പഠിച്ചി​ട്ടി​ല്ലാത്ത സങ്കീർണ്ണ​മായ ഒരു പ്രശ്‌ന​മാണ്‌ എം സി എസ്‌ എന്നതാണ്‌ ഇതിന്‌ ഒരു കാരണം. എന്നാൽ, എം സി എസ്‌-നെ കുറി​ച്ചുള്ള അറിവി​ല്ലായ്‌മ അതുള്ള​വരെ സംശയ​ദൃ​ഷ്ടി​യോ​ടെ വീക്ഷി​ക്കു​ന്ന​തിന്‌ യാതൊ​രു അടിസ്ഥാ​ന​വും നൽകു​ന്നില്ല. അമേരി​ക്കൻ ഫാമിലി ഫിസി​ഷ്യൻ എന്ന ജേർണൽ ഇങ്ങനെ പറയുന്നു: “തങ്ങളുടെ രോഗ​ല​ക്ഷ​ണങ്ങൾ നിമിത്തം ഈ രോഗി​കൾ ശരിക്കും കഷ്ടപ്പെ​ടു​ന്നുണ്ട്‌.”

എം സി എസിനെ കുറിച്ച്‌ ശരിക്ക്‌ അറിയി​ല്ലാ​ത്ത​തു​കൊ​ണ്ടോ അതിനെ കുറിച്ച്‌ മനസ്സി​ലാ​ക്കുക ബുദ്ധി​മു​ട്ടാ​യ​തു​കൊ​ണ്ടോ അതുള്ള​വരെ സംശയ​ദൃ​ഷ്ട്യാ വീക്ഷി​ക്കു​ന്ന​തി​നു പകരം, ജ്ഞാനി​യായ ഒരു വ്യക്തി സദൃശ​വാ​ക്യ​ങ്ങൾ 18:13-ലെ തത്ത്വം അനുസ​രി​ക്കും. ആ വാക്യം ഇങ്ങനെ പറയുന്നു: “കേൾക്കും​മു​മ്പെ ഉത്തരം പറയു​ന്ന​വന്നു അതു ഭോഷ​ത്വ​വും ലജ്ജയും ആയ്‌തീ​രു​ന്നു.” രോഗി​ക​ളാ​യി​രി​ക്കുന്ന എല്ലാവ​രോ​ടും പക്ഷപാ​ത​മി​ല്ലാ​തെ ക്രിസ്‌തു​തു​ല്യ സ്‌നേഹം കാണി​ക്കു​ന്നത്‌ എത്രയോ മെച്ചമാണ്‌! ഭാവി​യിൽ വൈദ്യ​ശാ​സ്‌ത്രം എന്തെല്ലാം കാര്യങ്ങൾ വെളി​ച്ചത്തു കൊണ്ടു​വ​ന്നാ​ലും ശരി, അത്തരം സ്‌നേഹം കാണി​ച്ച​തി​ന്റെ പേരിൽ നമുക്ക്‌ ഒരിക്ക​ലും ഖേദി​ക്കേ​ണ്ടി​വ​രില്ല.

ക്രിസ്‌തു​തു​ല്യ സ്‌നേഹം പ്രകടി​പ്പി​ക്കൽ

മനോ​ഹ​ര​മായ വശങ്ങ​ളോ​ടു കൂടിയ ഒരു വജ്രം പോ​ലെ​യാണ്‌ ക്രിസ്‌തു​തു​ല്യ സ്‌നേഹം. അതിനും തിളക്ക​മാർന്ന അനേകം വശങ്ങളുണ്ട്‌. എം സി എസ്‌ ഉള്ള ഒരു സുഹൃ​ത്തി​നോ​ടുള്ള ബന്ധത്തിൽ നമ്മുടെ ക്രിസ്‌തു​തു​ല്യ സ്‌നേഹം സമാനു​ഭാ​വ​ത്തി​ന്റെ—നമ്മെത്തന്നെ ആ വ്യക്തി​യു​ടെ സ്ഥാനത്ത്‌ ആക്കി​വെക്കൽ—രൂപത്തിൽ വെട്ടി​ത്തി​ള​ങ്ങു​ന്നു. മാത്രമല്ല, സ്‌നേഹം “സ്വാർത്ഥം അന്വേ​ഷി​ക്കു​ന്നില്ല.” മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, സ്‌നേഹം സ്വന്തം അവകാ​ശങ്ങൾ സ്ഥാപി​ച്ചെ​ടു​ക്കാൻ ശ്രമി​ക്കു​ന്നില്ല. അതു മറ്റുള്ള​വ​രു​ടെ ക്ഷേമത്തിന്‌ ഒന്നാം സ്ഥാനം കൽപ്പി​ക്കു​ന്നു. അത്‌ ‘ദീർഘ​മാ​യി ക്ഷമിക്കാ​നും എല്ലാം പൊറു​ക്കാ​നും എല്ലാം വിശ്വ​സി​ക്കാ​നും എല്ലാം സഹിക്കാ​നും’ നമ്മെ സഹായി​ക്കു​ന്നു. അത്തരം സ്‌നേഹം “ഒരുനാ​ളും ഉതിർന്നു​പോ​ക​യില്ല.”—1 കൊരി​ന്ത്യർ 13:4-8.

മേരിക്ക്‌ എം സി എസ്‌ ഇല്ല. എന്നാൽ അവളുടെ ചില കൂട്ടു​കാർക്ക്‌ അതുണ്ട്‌. “എനിക്ക്‌ പെർഫ്യൂം ഒത്തിരി ഇഷ്ടമാണ്‌. എന്നാൽ എം സി എസ്‌ ഉള്ളവരു​ടെ അടുത്തു പോകു​മ്പോൾ ഞാൻ അതു വേണ്ടെന്നു വെക്കുന്നു,” മേരി എഴുതു​ന്നു. യേശു​വി​ന്റെ മാതൃക പിൻപ​റ്റി​ക്കൊണ്ട്‌ തന്റേതായ വിധത്തിൽ മേരി പറയുന്നു: “എനിക്കു സഹായി​ക്കാൻ മനസ്സുണ്ട്‌.” (മർക്കൊസ്‌ 1:42) ഒരു ശിശു​വാ​യി​രു​ന്ന​പ്പോൾ തുടങ്ങി​യ​താണ്‌ ട്രെവ​റിന്‌ എം സി എസ്‌. അവന്റെ അമ്മ ഇങ്ങനെ പറയുന്നു: “എന്റെ മകനോട്‌ തങ്ങളാ​ലാ​വുന്ന വിധത്തി​ലെ​ല്ലാം മറ്റുള്ളവർ പരിഗണന കാട്ടി​യി​ട്ടുണ്ട്‌.” എം സി എസ്‌ മൂലം വളരെ​യ​ധി​കം കഷ്ടത അനുഭ​വി​ക്കുന്ന ഒരു വ്യക്തി​യാണ്‌ ഓസ്‌​ട്രേ​ലി​യ​യിൽ താമസി​ക്കുന്ന, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​ളായ ജോയി. തന്നെ പതിവാ​യി വന്നു കാണു​ക​യും തന്റെ പ്രശ്‌നങ്ങൾ മനസ്സി​ലാ​ക്കു​ന്നു​വെന്ന്‌ പ്രകടി​പ്പി​ക്കു​ക​യും ചെയ്യുന്ന ബന്ധുമി​ത്രാ​ദി​കൾ തനിക്ക്‌ പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഒരു ഉറവാ​ണെന്ന്‌ അവൾ പറയുന്നു.

അതേസ​മ​യം, എം സി എസ്‌ ഉള്ളവർ പെർഫ്യൂം ഉപയോ​ഗി​ക്കു​ന്ന​വ​രോ​ടൊ​പ്പം ആയിരി​ക്കു​മ്പോൾ ക്ഷമാപൂർവം ഇടപെ​ടാൻ ശ്രമി​ക്കണം. മുൻ ലേഖന​ത്തിൽ പരാമർശിച്ച ഏർണസ്റ്റ്‌ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ അസുഖം ഞങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു ഭാരിച്ച ചുമടാണ്‌. മറ്റുള്ള​വർക്കും ഉണ്ട്‌ അവരു​ടേ​തായ പ്രശ്‌നങ്ങൾ. അതു​കൊണ്ട്‌ ഞങ്ങളുടെ പ്രശ്‌ന​ങ്ങ​ളിൽ അവർ ഞങ്ങളെ സഹായി​ക്കു​മ്പോൾ ഞങ്ങൾ അതു വിലമ​തി​ക്കു​ന്നു.” അതേ, സഹകരണം പിടി​ച്ചു​വാ​ങ്ങു​ന്നതല്ല പിന്നെ​യോ ആദരപൂർവം അഭ്യർഥി​ക്കു​ന്ന​താണ്‌ എല്ലായ്‌പോ​ഴും ഏറ്റവും നല്ല നയം. “പെർഫ്യൂ​മോ കൊ​ളോ​ണോ പൂശി​ക്കൊ​ണ്ടു വരുന്ന ആരെങ്കി​ലും എന്നോട്‌ ‘എന്താ സുഖമി​ല്ലേ’ എന്നു ചോദി​ക്കു​മ്പോൾ ഞാൻ അവരോ​ടു പറയും, ‘എനിക്ക്‌ ചില മണങ്ങൾ പിടി​ക്കില്ല. ഇന്നാ​ണെ​ങ്കിൽ അസ്വാ​സ്ഥ്യം അല്‌പം കൂടു​ത​ലാ​ണെന്നു തോന്നു​ന്നു’ എന്ന്‌. കാര്യങ്ങൾ മനസ്സി​ലാ​ക്കാൻ കഴിവു​ള്ള​വർക്ക്‌ അപ്പോൾത്തന്നെ സംഗതി പിടി​കി​ട്ടും,” ലൊ​റെയ്‌ൻ പറയുന്നു. നിങ്ങൾക്ക്‌ സുഹൃ​ത്തു​ക്ക​ളു​ടെ സഹകരണം ആവശ്യ​മാ​ണെന്ന്‌ ദയാപൂർവം അവരെ ഓർമി​പ്പി​ക്കാൻ കഴിയി​ല്ലെന്ന്‌ ഇതിനർഥ​മില്ല.

ഭാവി​യിൽ, ഈ ആരോഗ്യ പ്രശ്‌ന​ത്തിന്‌ ഒരു യഥാർഥ പരിഹാ​രം ഉണ്ടാകു​മോ? നമുക്കു നോക്കാം. നേരത്തെ പരാമർശിച്ച പാം ഇപ്രകാ​രം എഴുതു​ന്നു: “നാം ഇപ്പോൾ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​ക​ളെ​ല്ലാം വെറും താത്‌കാ​ലി​ക​മാണ്‌.” എന്തു​കൊ​ണ്ടാണ്‌ പാം അങ്ങനെ പറഞ്ഞത്‌? ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ ഈ ഭൂമി​യിൽനിന്ന്‌ എല്ലാ കഷ്ടപ്പാ​ടും നീക്കം ചെയ്യു​മെന്ന ബൈബി​ള​ധി​ഷ്‌ഠിത വാഗ്‌ദാ​ന​ത്തിൽ അവൾ പ്രത്യാശ വെച്ചി​രി​ക്കു​ന്നു. ഇന്ന്‌, എത്ര ആരോ​ഗ്യ​മുള്ള ആളുക​ളും മരിക്കു​ന്ന​താ​യാണ്‌ നാം കണ്ടുവ​രു​ന്നത്‌. എന്നാൽ ദൈവ​രാ​ജ്യം മരണ​ത്തെ​യും ഇല്ലായ്‌മ ചെയ്യും.—ദാനീ​യേൽ 2:44; വെളി​പ്പാ​ടു 21:3-5.

അതു​കൊണ്ട്‌ ഇതുവരെ പ്രതി​വി​ധി കണ്ടെത്തി​യി​ട്ടി​ല്ലാത്ത ഒരു ആരോഗ്യ പ്രശ്‌ന​വു​മാ​യി മല്ലിടുന്ന ഏവർക്കും ‘എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറയു​ക​യി​ല്ലാ​ത്ത​ദൈ​വ​രാ​ജ്യ ഭരണത്തിൻ കീഴിലെ അവസ്ഥയ്‌ക്കാ​യി നോക്കി​പ്പാർത്തി​രി​ക്കാൻ കഴിയും. (യെശയ്യാ​വു 33:24) ഈ വ്യവസ്ഥി​തി​യിൽ പല തരത്തി​ലുള്ള പരീക്ഷകൾ സഹി​ക്കേണ്ടി വരു​മ്പോൾ യേശു​വി​നെ പോലെ നമ്മുടെ മുന്നിൽ വെച്ചി​രി​ക്കുന്ന സമ്മാന​ത്തിൽ ദൃഷ്ടി പതിപ്പി​ക്കാൻ നമു​ക്കെ​ല്ലാം കഠിന​ശ്രമം ചെയ്യാം.—എബ്രായർ 12:2; യാക്കോബ്‌ 1:2-4.

[9-ാം പേജിലെ ചതുരം/ചിത്രം]

അന്യോന്യം സ്‌നേഹം പ്രകടി​പ്പി​ക്കൽ

ഒരു സുഹൃ​ത്തി​നോ ബന്ധുവി​നോ നിങ്ങൾക്കു തന്നെയോ എം സി എസ്‌ ഉണ്ടെങ്കിൽ പിൻവ​രുന്ന ബൈബിൾ തത്ത്വങ്ങൾ നിങ്ങൾക്കു സഹായ​ക​മാ​യേ​ക്കാം:

“മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.”മത്തായി 7:12.

“കൂട്ടു​കാ​രനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം.”മത്തായി 22:39.

“ചിലർ ചെയ്യു​ന്ന​തു​പോ​ലെ നമ്മുടെ സഭാ​യോ​ഗ​ങ്ങളെ ഉപേക്ഷി​ക്കാ​തെ തമ്മിൽ പ്രബോ​ധി​പ്പി​ച്ചു​കൊ​ണ്ടു സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും ഉത്സാഹം വർദ്ധി​പ്പി​പ്പാൻ അന്യോ​ന്യം സൂക്ഷി​ച്ചു​കൊൾക. നാൾ സമീപി​ക്കു​ന്നു എന്നു കാണും​തോ​റും അതു അധിക​മ​ധി​ക​മാ​യി ചെയ്യേ​ണ്ട​താ​കു​ന്നു.” (എബ്രായർ 10:24, 25) നമു​ക്കെ​ല്ലാം ആത്മീയ പ്രോ​ത്സാ​ഹനം ആവശ്യ​മാണ്‌, പ്രത്യേ​കി​ച്ചും സുഖമി​ല്ലാ​ത്ത​പ്പോൾ. എം സി എസ്‌ ഉള്ള പല ക്രിസ്‌ത്യാ​നി​ക​ളും വളരെ ശ്രമം ചെയ്‌ത്‌ ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നു എന്നതു പ്രശം​സാർഹ​മാണ്‌. അതിനു പറ്റാത്തത്ര ഗുരു​ത​രാ​വ​സ്ഥ​യിൽ ആയിരി​ക്കുന്ന ചിലർ ടെലി​ഫോൺ ഹുക്ക്‌ അപ്പ്‌ വഴി യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ന്നു. ഇനിയും, ചിലയി​ട​ങ്ങ​ളിൽ എം സി എസ്‌ ഉള്ളവർക്കു വേണ്ടി രാജ്യ​ഹാ​ളു​ക​ളിൽ പെർഫ്യൂ​മി​ന്റെ ശല്യമി​ല്ലാത്ത പ്രത്യേക സ്ഥലങ്ങൾ റിസർവു ചെയ്‌തി​രി​ക്കു​ന്നു. എന്നാൽ ഇത്‌ എല്ലായ്‌പോ​ഴും പ്രാ​യോ​ഗി​കമല്ല. ‘നന്മചെ​യ്‌വാൻ മറക്കരു​തു. ഈവക യാഗത്തി​ല​ല്ലോ ദൈവം പ്രസാ​ദി​ക്കു​ന്നതു.’ (എബ്രായർ 13:16) മറ്റുള്ള​വർക്കു നന്മ ചെയ്യു​ന്നത്‌ പലപ്പോ​ഴും നമ്മുടെ പക്ഷത്തു​നിന്ന്‌ ത്യാഗങ്ങൾ ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. എം സി എസ്‌ ഉള്ള ഒരാളെ സഹായി​ക്കു​ന്ന​തി​നു ത്യാഗങ്ങൾ ചെയ്യാൻ നിങ്ങൾ സജ്ജനാ​ണോ? അതേസ​മ​യം​തന്നെ, എം സി എസ്‌ ഉള്ളവർ മറ്റുള്ള​വ​രിൽനിന്ന്‌ ന്യായ​മായ കാര്യ​ങ്ങളേ പ്രതീ​ക്ഷി​ക്കാ​വൂ. ഉദാഹ​ര​ണ​ത്തിന്‌, പെർഫ്യൂ​മു​ക​ളു​ടെ​യും കൊ​ളോ​ണു​ക​ളു​ടെ​യും ഉപയോ​ഗം സംബന്ധിച്ച്‌ നിയമങ്ങൾ വെക്കാൻ ക്രിസ്‌തീയ മൂപ്പന്മാർക്കു കഴിയില്ല. അതു സംബന്ധിച്ച്‌ അറിയി​പ്പു​കൾ നടത്താ​നും അവർക്ക്‌ എല്ലായ്‌പോ​ഴും കഴി​ഞ്ഞെന്നു വരില്ല. മാത്രമല്ല, പുതിയ താത്‌പ​ര്യ​ക്കാ​രും സന്ദർശ​ക​രും പെർഫ്യൂം അടിച്ചു​കൊണ്ട്‌ സഭാ​യോ​ഗ​ങ്ങൾക്കു വരു​മ്പോൾ നാം അവരെ സ്വാഗതം ചെയ്യണം. പെർഫ്യൂം പൂശി വന്നതിന്റെ പേരിൽ അവർക്കു ജാള്യ​മോ വിഷമ​മോ തോന്നാൻ ഒരു​പ്ര​കാ​ര​ത്തി​ലും നാം ആഗ്രഹി​ക്കു​ന്നില്ല.

“സമാധാ​നം അന്വേ​ഷി​ച്ചു പിന്തു​ട​രുക.” (1 പത്രൊസ്‌ 3:11) തങ്ങളുടെ സമാധാ​നം കവർന്നു കളയാൻ ക്രിസ്‌ത്യാ​നി​കൾ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങളെ അനുവ​ദി​ക്കാൻ പാടില്ല എന്നതു വ്യക്തമാണ്‌. ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനമോ സമാധാ​ന​വും ശാന്തത​യും [‘ന്യായ​ബോ​ധ​വും,’ NW ] കരുണ​യും നിറഞ്ഞത്‌ ആകുന്നു’ എന്ന്‌ യാക്കോബ്‌ 3:17 പറയുന്നു. എം സി എസ്‌ ഉള്ളവരോ ഇല്ലാത്ത​വ​രോ ആയാലും ശരി, സമാധാ​ന​പ്രി​യ​രായ ആളുകൾ, രാസോ​ത്‌പ​ന്ന​ങ്ങ​ളു​ടെ ഉപയോ​ഗം സംബന്ധിച്ച്‌ അങ്ങേയറ്റം പോകു​ന്ന​വ​രോ അധികാ​ര​പൂർവം കാര്യങ്ങൾ ആവശ്യ​പ്പെ​ടു​ന്ന​വ​രോ ആയിരി​ക്കു​ക​യില്ല. അതു​പോ​ലെ​തന്നെ ‘കരുണ’യും ന്യായ​ബോ​ധ​വും ഉള്ളവരും, പെർഫ്യൂം ഉപയോ​ഗി​ക്കു​ന്നത്‌ മറ്റൊരു വ്യക്തി​യു​ടെ ആരോ​ഗ്യ​ത്തെ ബാധി​ക്കു​മെന്നു മനസ്സി​ലാ​ക്കുന്ന പക്ഷം പിന്നെ, അതുപ​യോ​ഗി​ക്കാ​നുള്ള തങ്ങളുടെ അവകാ​ശ​ത്തി​ന്മേൽ കടിച്ചു​തൂ​ങ്ങില്ല. അങ്ങനെ തങ്ങളും ‘സമാധാ​നം’ അന്വേ​ഷി​ക്കു​ന്ന​വ​രും “സമാധാ​നം ഉണ്ടാക്കു​ന്ന​വ​രും” ആണെന്ന്‌ അവർ തെളി​യി​ക്കും.—യാക്കോബ്‌ 3:18.

നേരേ​മ​റിച്ച്‌, വിട്ടു​വീ​ഴ്‌ച​യി​ല്ലാ​ത്ത​തും ന്യായ​ര​ഹി​ത​വു​മായ മനോ​ഭാ​വം—അത്‌ എം സി എസ്‌ ഉള്ളയാ​ളു​ടെ ഭാഗത്താ​യാ​ലും മറ്റൊ​രാ​ളു​ടെ ഭാഗത്താ​യാ​ലും—ഒരു ആപ്പു പോ​ലെ​യാണ്‌. അത്‌ ആളുകളെ തമ്മിൽ അകറ്റുന്നു. അത്തര​മൊ​രു മനോ​ഭാ​വം ആർക്കും പ്രയോ​ജനം ചെയ്യില്ല. മാത്രമല്ല, ദൈവ​വു​മാ​യുള്ള ഒരുവന്റെ ബന്ധത്തെ അത്‌ പ്രതി​കൂ​ല​മാ​യി ബാധി​ക്കു​ക​യും ചെയ്യും.—1 യോഹ​ന്നാൻ 4:20.

മറ്റുള്ള​വ​രോ​ടു സ്‌നേഹം പ്രകട​മാ​ക്കുന്ന കാര്യ​ത്തിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായ​വും ലഭ്യമാണ്‌. അവർ അതിനു​വേണ്ടി യഹോ​വ​യോ​ടു പതിവാ​യി യാചി​ക്കു​ക​യും അങ്ങനെ അതിന്റെ അത്ഭുത ഫലങ്ങൾ—വിശേ​ഷി​ച്ചും “പരിപൂർണ്ണ​മായ ഐക്യ​ത്തിൽ ബന്ധിക്കുന്ന” ഒരു ഗുണമായ സ്‌നേഹം—തങ്ങളിൽ വളർത്തി​യെ​ടു​ക്കു​ക​യും ചെയ്യുന്നു. (കൊ​ലൊ​സ്സ്യർ 3:14, പി.ഒ.സി. ബൈബിൾ) അതോ​ടൊ​പ്പം, പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്താൽ ക്രിസ്‌തു​സ​മാന ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ അവർ മറ്റുള്ള​വ​രെ​യും ക്ഷമാപൂർവം സഹായി​ക്കു​ന്നു.—ഗലാത്യർ 5:22, 23.

[10-ാം പേജിലെ ചിത്രം]

എം സി എസ്‌ ഉള്ളവർക്ക്‌ മറ്റുള്ള​വ​രു​ടെ അത്രതന്നെ സുഹൃ​ത്തു​ക്കളെ ആവശ്യ​മാണ്‌