കരിമ്പ്—തൃണവർഗത്തിലെ ഒരുഅതികായൻ
കരിമ്പ്—തൃണവർഗത്തിലെ ഒരു അതികായൻ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
പഞ്ചസാര ഇല്ലാത്ത ഒരു ലോകം നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? പഞ്ചസാര ഇല്ലെന്നു കരുതി ലോകം അവസാനിക്കുകയൊന്നും ഇല്ല എന്നതു ശരിതന്നെ. എന്നാലും നാം കഴിക്കുന്ന ആഹാരത്തിൽ വലിയ മാറ്റം വരുത്തേണ്ടിവരും എന്ന കാര്യം സമ്മതിച്ചേ തീരൂ. അതേ, ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലുമുള്ളവർ ദിവസേന പഞ്ചസാര ഉപയോഗിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പഞ്ചസാര ഉത്പാദനം ഒരു ആഗോള വ്യവസായമായിത്തീർന്നിരിക്കുന്നു.
ക്യൂബ മുതൽ ഇന്ത്യ വരെയും ബ്രസീൽ മുതൽ ആഫ്രിക്ക വരെയും ഉള്ള പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിനാളുകൾ കരിമ്പ് കൃഷി ചെയ്യുന്നു. എന്തിന്, ഒരു സമയത്ത് പഞ്ചസാര ഉത്പാദനം ലോകത്തിലെ ഏറ്റവും വലുതും ലാഭകരവുമായ വ്യവസായമായിരുന്നു. കരിമ്പിനെപ്പോലെ ലോകത്തെ സ്വാധീനിച്ചിരിക്കുന്ന ചെടികൾ നന്നേ ചുരുക്കമാണ് എന്നുതന്നെ പറയാം.
വിശേഷതയാർന്ന ഈ സസ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡിൽ കരിമ്പ് കൃഷിചെയ്യപ്പെടുന്ന ഒരു പ്രദേശത്തേക്കു യാത്രതിരിക്കുന്ന ഞങ്ങളോടൊപ്പം കൂടിക്കോളൂ. കരിമ്പ് ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന സ്ഥലമൊന്നും അല്ല അത്. എങ്കിലും കൃഷിക്കും സംസ്കരണത്തിനും കാര്യക്ഷമമായ മാർഗങ്ങൾ അവലംബിച്ചുകൊണ്ട് അത് ഏറ്റവും കൂടുതൽ അസംസ്കൃത പഞ്ചസാര കയറ്റുമതി ചെയ്യുന്ന പ്രദേശങ്ങളിൽ ഒന്നായിത്തീർന്നിരിക്കുന്നു.
കരിമ്പ് കൃഷി ചെയ്യുന്നിടത്തേക്ക്
ഉഷ്ണമേഖലാ സൂര്യന്റെ ഉഗ്രരശ്മികളേറ്റു കിടക്കുന്ന ഒരു കരിമ്പിൻതോട്ടം. അന്തരീക്ഷം ചൂടും ഈർപ്പവുമുള്ളതാണ്. തോട്ടം വിളവെടുപ്പിനു പാകമായിരിക്കുന്നു. വളർന്നുപൊങ്ങിയ കരിമ്പിൻചെടികൾക്ക് ഇടയിലൂടെ മെല്ലെ മുന്നോട്ടു നീങ്ങുന്ന ഒരു വലിയ യന്ത്രം കരിമ്പിൻതണ്ടുകൾ മുറിച്ച് ഒപ്പം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിലറിൽ ഇടുകയാണ്. മുറിച്ച തണ്ടുകളിൽനിന്ന് ഊറിവരുന്ന കരിമ്പിൻ നീരിന്റെ മധുരഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. വിശേഷതയാർന്ന ഈ പുൽച്ചെടിയുടെ വിലപ്പെട്ട നീര് തോട്ടത്തിൽനിന്ന് നിങ്ങളുടെ പഞ്ചസാര പാത്രത്തിലേക്കുള്ള അതിന്റെ പ്രയാണം ആരംഭിച്ചിരിക്കുകയാണ്.
കുറച്ചുനാൾ മുമ്പുവരെ, ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും ചെയ്യുന്നതുപോലെ ഓസ്ട്രേലിയയിലും വിളവെടുപ്പാകുമ്പോൾ കരിമ്പ് കൈകൊണ്ടു വെട്ടിയെടുക്കുകയായിരുന്നു പതിവ്. ആ രംഗമൊന്നു ഭാവനയിൽ കാണൂ. പണിക്കാർ കരിമ്പിൻതോട്ടങ്ങളിൽ വിയർപ്പൊഴുക്കി വേല ചെയ്യുകയാണ്. കരിമ്പ് വാക്കത്തികൊണ്ട് വെട്ടിവെട്ടി അവർ സാവധാനം മുന്നോട്ടു നീങ്ങുന്നു. ഒരു ചുവട്ടിൽനിന്നു വളരുന്ന കരിമ്പിൻതണ്ടുകൾ ഒരുമിച്ച് ഒരു വശത്തേക്കു ചെരിച്ചുപിടിച്ചിട്ട് വളരെ കൃത്യതയോടെ നിലത്തോടു ചേർത്ത് അവർ ആഞ്ഞുവെട്ടുന്നു. സ്വിഷ്, ചക്! സ്വിഷ്, ചക്! മുറിച്ചെടുത്ത തണ്ടുകൾ അവർ ഒരു വശത്ത് നിരനിരയായി കൂട്ടിയിടുന്നു. കൂടുതൽ കൂടുതൽ രാജ്യങ്ങൾ യന്ത്രവത്കൃത മാർഗങ്ങളിലേക്കു തിരിയാൻ
തുടങ്ങിയതോടെ ലോകവ്യാപകമായി ഈ സ്ഥിതിവിശേഷത്തിനു മാറ്റം വന്നുകൊണ്ടിരിക്കുന്നു.ഓസ്ട്രേലിയയിൽ കരിമ്പു മുഖ്യമായും കൃഷി ചെയ്യപ്പെടുന്നത് ഏതാണ്ട് 2,100 കിലോമീറ്റർ നീളത്തിലുള്ള തീരപ്രദേശത്താണ്. അതിന്റെ ഏറിയ ഭാഗവും പ്രശസ്തമായ ഗ്രേറ്റ് ബാരിയർ റീഫിനു സമാന്തരമായാണു സ്ഥിതിചെയ്യുന്നത്. (1991, ജൂൺ 8 ലക്കം ഉണരുക!-യിലെ “ഗ്രേറ്റ് ബാരിയർ റീഫ് സന്ദർശിക്കുന്നു” [ഇംഗ്ലീഷ്] എന്ന ലേഖനം കാണുക) ഇവിടെ വർഷത്തിലുടനീളം കരിമ്പുകൃഷിക്കു പറ്റിയ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ്. 6,500-ഓളം കൃഷിക്കാർ തങ്ങളുടെ വരുമാനത്തിനു മുഖ്യമായും ആശ്രയിക്കുന്നത് ഒരു മുന്തിരിവള്ളിയിലെ മുന്തിരിക്കുലകൾ പോലെ തീരത്തു ചിതറിക്കിടക്കുന്ന തങ്ങളുടെ ചെറിയ കരിമ്പിൻതോട്ടങ്ങളെയാണ്.
ഒരു ദീർഘ യാത്രയ്ക്കു ശേഷം അകലെ അതാ, ക്വീൻസ്ലൻഡിന്റെ മധ്യതീരത്തുള്ള പഞ്ചസാര നഗരമായ ബുണ്ഡാബർഗ്. ഒരു ചെറിയ കുന്നിറങ്ങി ചെല്ലുന്ന ഞങ്ങളെ വരവേൽക്കുന്നത് കോരിത്തരിപ്പിക്കുന്ന ഒരു ദൃശ്യമാണ്—നോക്കെത്താദൂരംവരെ ഇളം തെന്നലിൽ ആടിയുലയുന്ന കരിമ്പിൻചെടികൾ! എന്തൊരു വർണ വൈവിധ്യമാണവിടെ! വ്യത്യസ്ത പ്രായത്തിലുള്ള ചെടികളാണ് ഓരോ തോട്ടത്തിലും. അതുകൊണ്ട് പച്ചനിറത്തിന്റെയും തങ്കനിറത്തിന്റെയും വകഭേദങ്ങളും ഈ വർഷം കൃഷിചെയ്യാത്തതോ അടുത്തയിടെ വിളവെടുപ്പു നടത്തിയതോ ആയ പ്രദേശങ്ങളിൽ തവിട്ടുനിറവും കാണാം.
ഏറ്റവും തണുപ്പുള്ള മാസമാണ് ജൂലൈ. കരിമ്പിന്റെ വിളവെടുപ്പുകാലം തുടങ്ങിയിരിക്കുന്നു. വ്യത്യസ്ത പ്രായത്തിലുള്ള വിളകൾ വിളവെടുപ്പിനു പാകമാകുന്നത് വെവ്വേറെ സമയങ്ങളിൽ ആയതിനാൽ വിളവെടുപ്പും സംസ്കരണവുമെല്ലാം ഡിസംബർ വരെ നീണ്ടുപോകും. ഞങ്ങൾക്കിപ്പോൾ ഒരു പഞ്ചസാര മില്ല് കാണാൻ തിടുക്കമായി, മുറിച്ചെടുത്ത കരിമ്പിന് എന്താണു സംഭവിക്കുന്നതെന്ന് അറിയണമല്ലോ. എന്നാൽ അതിനുമുമ്പായി കരിമ്പിനെ കുറിച്ചുതന്നെ ചില കാര്യങ്ങൾ മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്നു കൂട്ടത്തിലാരോ പറഞ്ഞു. അതുകൊണ്ട് ആദ്യം ആ പ്രദേശത്തുള്ള ഒരു പഞ്ചസാര ഗവേഷണനിലയം സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിക്കുന്നു. ഇവിടെ ശാസ്ത്രജ്ഞർ പുതിയ പുതിയ കരിമ്പിനങ്ങൾ വികസിപ്പിച്ചെടുക്കുകയും കരിമ്പുകൃഷിയും ഉത്പാദനവും മെച്ചപ്പെടുത്താനായി ഗവേഷണങ്ങൾ നടത്തുകയും ചെയ്യുന്നു.
കരിമ്പിന്റെ ഉത്ഭവവും കൃഷിയും
പഞ്ചസാര ഗവേഷണനിലയത്തിലെ ഒരു കൃഷിശാസ്ത്രജ്ഞൻ സന്തോഷത്തോടെ കരിമ്പിനെയും കരിമ്പുകൃഷിയെയും കുറിച്ച് ഞങ്ങൾക്കു വിശദീകരിച്ചു തരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെയും ന്യൂഗിനിയിലെയും മഴവനങ്ങളിലാണു കരിമ്പ് ആദ്യമായി കണ്ടെത്തിയത്. സാധാരണ പുല്ലും ധാന്യച്ചെടികളും മുളയുമൊക്കെ ഉൾപ്പെടുന്ന വളരെ വൈവിധ്യമാർന്ന തൃണവർഗത്തിലെ അഥവാ പുൽവർഗത്തിലെ ഒരു അതികായനാണ് കരിമ്പ്. ഈ ചെടികളെല്ലാം പ്രകാശസംശ്ലേഷണ പ്രക്രിയയിലൂടെ ഇലകളിൽ പഞ്ചസാര നിർമിക്കുന്നു. എന്നാൽ പഞ്ചസാര വളരെ വലിയ അളവിൽ നിർമിക്കുകയും നാരുനിറഞ്ഞ തണ്ടിൽ മധുരമുള്ള നീരായി സംഭരിക്കുകയും ചെയ്യുന്നു എന്നതാണ് കരിമ്പിന്റെ പ്രത്യേകത.
പുരാതനകാലം മുതലേ ഇന്ത്യയിൽ കരിമ്പ് കൃഷിചെയ്തിരുന്നു. പൊ.യു.മു. 327-ൽ ആക്രമിച്ചു മുന്നേറുകയായിരുന്ന മഹാനായ അലക്സാണ്ടറിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നവർ ഇന്ത്യയിലെ ജനങ്ങൾ “തേനീച്ചകളുടെ സഹായം കൂടാതെ ഒരു തരം തേൻ ഉത്പാദിപ്പിച്ചിരുന്ന അത്ഭുതകരമായ ഒരു തണ്ട് ചവച്ചിരുന്ന”തായി രേഖപ്പെടുത്തുകയുണ്ടായി. 15-ാം നൂറ്റാണ്ടിൽ, ലോകപര്യവേക്ഷണത്തിന്റെയും വികസനത്തിന്റെയും ആക്കം വർധിച്ചതോടെ കരിമ്പുകൃഷി പലയിടങ്ങളിലേക്കും വ്യാപിച്ചു. ഇന്ന്, ആയിരക്കണക്കിന് കരിമ്പിനങ്ങൾ ഉണ്ട്. 80-ൽപരം രാജ്യങ്ങളിലായി ഒരു വർഷം ഏതാണ്ട് 100 കോടി ടൺ കരിമ്പ് ഉത്പാദിപ്പിക്കപ്പെടുന്നു.
ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും, കരിമ്പു നടുന്നത് വളരെയധികം അധ്വാനം ഉൾപ്പെട്ടിരിക്കുന്ന ഒരു സംഗതിയാണ്. മൂപ്പെത്തിയ കരിമ്പുകളുടെ തണ്ട് ഏകദേശം 40 സെന്റിമീറ്റർ നീളത്തിൽ മുറിക്കുന്നു. എന്നിട്ട് തലയ്ക്കങ്ങൾ എന്നറിയപ്പെടുന്ന അവ പ്രത്യേകം തയ്യാറാക്കിയ ചാലുകളിൽ ഏതാണ്ട് 1.5 മീറ്റർ ഇടവിട്ട് നടുന്നു. ഓരോന്നിൽനിന്നും ഏതാണ്ട് 8 മുതൽ 12 വരെ കരിമ്പിൻതണ്ടുകൾ വളർന്നുവരും. 12 മുതൽ 16 വരെ മാസത്തെ വളർച്ചയോടെ അവ മൂപ്പെത്തും. മൂപ്പെത്തിയ കരിമ്പ് ഇടതൂർന്ന് നിൽക്കുന്ന ഒരു തോട്ടത്തിലൂടെ നടക്കുമ്പോൾ പേടി തോന്നുന്നെങ്കിൽ അതു സ്വാഭാവികം മാത്രം. കരിമ്പിൻ തണ്ടുകൾക്കും അവയുടെ സമൃദ്ധമായ ഇലപ്പടർപ്പിനും കൂടെ നാല് മീറ്റർ വരെ ഉയരം കണ്ടേക്കാം. അയ്യോ, അവിടെയെന്താണാ
കിരുകിരുശബ്ദം? കാറ്റാണോ, അതോ ഇനി വല്ല പാമ്പോ മറ്റോ ആയിരിക്കുമോ? ഏതായാലും ചെടികളുടെ ഇടയിൽനിന്ന് പുറത്തു കടക്കുന്നതായിരിക്കും ബുദ്ധി!കരിമ്പിനെ ആക്രമിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാനുള്ള വഴികൾ കണ്ടുപിടിക്കുന്നതിനായി ഗവേഷണങ്ങൾ നടന്നുവരുന്നു. ഇതിൽ പലതും കുറേയൊക്കെ വിജയിച്ചിട്ടുണ്ട്. എന്നാൽ സ്ഥിതി എപ്പോഴും അതായിരുന്നിട്ടില്ല. ഉദാഹരണത്തിന്, 1935-ൽ ഉപദ്രവകാരിയായ കെയിൻ ബീറ്റലിനെ തുടച്ചുനീക്കാനായി അധികൃതർ വടക്കൻ ക്വീൻസ്ലൻഡിലേക്കു ഹവായൻ കെയിൻ റ്റോഡിനെ കൊണ്ടുവന്നു. എന്നാൽ തങ്ങൾക്കായി ഉദ്ദേശിച്ചിരുന്ന ഭക്ഷണം ഈ ജീവികൾക്ക് അത്ര പിടിച്ചില്ല. അവിടെ സമൃദ്ധമായുണ്ടായിരുന്ന മറ്റ് ആഹാരത്തോടായിരുന്നു അവയ്ക്ക് ഏറെ പ്രിയം. കെയിൻ റ്റോഡുകൾ പെരുകുകയും അവതന്നെ വടക്കുകിഴക്കൻ ഓസ്ട്രേലിയയിൽ ഉടനീളം വലിയ ഉപദ്രവമായി മാറുകയും ചെയ്തിരിക്കുന്നു.
വിളവെടുപ്പിനു മുമ്പ് കത്തിക്കുന്നുവോ?
അന്നു രാത്രി, സ്ഥലത്തെ ഒരു കർഷകൻ വിളവെടുപ്പിനു പാകമായ തന്റെ ചെറിയ തോട്ടത്തിനു തീ കൊടുക്കുന്നതു കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് വിളവെടുക്കുമ്പോഴും നീരെടുക്കുമ്പോഴും തടസ്സങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഇലകളും മറ്റും നീക്കം ചെയ്യാൻ സഹായിക്കുന്നു. അടുത്തിടെയായി പക്ഷേ വിളവെടുപ്പിനു മുമ്പായുള്ള ഈ കത്തിക്കൽ ഒഴിവാക്കാനുള്ള ഒരു പ്രവണതയാണു കണ്ടുവരുന്നത്. കത്തിക്കാതെ വിളവെടുപ്പു നടത്തുമ്പോൾ കൂടുതൽ പഞ്ചസാര കിട്ടുമെന്നു മാത്രമല്ല, വിളവെടുപ്പു കഴിയുമ്പോഴേക്കും നിലത്ത് വീണുകിടക്കുന്ന ഇലകളും മറ്റും സംരക്ഷണാത്മകമായ ഒരു ആവരണമായി ഉതകുകയും ചെയ്യും. കള വളരാതിരിക്കാനും മണ്ണൊലിപ്പ് തടയാനും ഇതു സഹായിക്കുന്നു.
ഇന്ന് കരിമ്പ് കൃഷിചെയ്യപ്പെടുന്ന മിക്ക രാജ്യങ്ങളിലും വിളവെടുപ്പു സമയമാകുമ്പോൾ പണിക്കാർ കൈകൊണ്ടു കരിമ്പ് വെട്ടിയെടുക്കുകയാണു ചെയ്യുന്നതെങ്കിലും കൂടുതൽ രാജ്യങ്ങൾ കരിമ്പുമുറിക്കൽ യന്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഈ കൂറ്റൻ യന്ത്രങ്ങൾ ഉയർന്നു നിൽക്കുന്ന കരിമ്പിൻതണ്ടുകളുടെ മുകളിലത്തെ കുറച്ചു ഭാഗം മുറിച്ചു കളയുന്നു. അതുപോലെ അവ തണ്ടുകളിൽനിന്ന് ഇലകൾ നീക്കംചെയ്യുകയും മില്ലിൽവെച്ച് നീരെടുക്കാൻ പാകമായ വിധത്തിൽ അവയെ ചെറിയ കഷണങ്ങളാക്കി മുറിക്കുകയും ചെയ്യുന്നു. കഠിനമായി അധ്വാനിച്ചാൽ ഒരു പണിക്കാരന് ഒരു ദിവസം ശരാശരി 5 ടൺ കരിമ്പ് വെട്ടിയെടുക്കാൻ കഴിത്തേക്കും. എന്നാൽ, ഈ യന്ത്രങ്ങൾ ഒരു ദിവസം 300 ടൺ വരെ അനായാസം വെട്ടിയെടുക്കുന്നു. ഒരു തവണ നടുന്ന കരിമ്പിൽനിന്ന് രണ്ടിലധികം പ്രാവശ്യം വിളവെടുപ്പു നടത്താം. പല വർഷങ്ങൾ ഇങ്ങനെ വെട്ടിയെടുത്തു കഴിയുമ്പോൾ കരിമ്പ് ഉത്പാദിപ്പിക്കുന്ന പഞ്ചസാരയുടെ അളവു കുറയും. അപ്പോൾ പുതിയ ചെടികൾ നടേണ്ടതാണ്.
കരിമ്പ് മുറിച്ചു കഴിഞ്ഞാൽ പിന്നെ ഒട്ടും സമയം പാഴാക്കരുത്. കാരണം, അതിൽനിന്ന് ഉത്പാദിപ്പിക്കാൻ കഴിയുന്ന പഞ്ചസാരയുടെ അളവു കുറയുന്നതു വളരെ പെട്ടെന്നാണ്. മുറിച്ചെടുത്ത കരിമ്പ് അതിവേഗം മില്ലിൽ എത്തിക്കാനായി ക്വീൻസ്ലൻഡിലെ കരിമ്പ് കൃഷിചെയ്യുന്ന സ്ഥലങ്ങളിൽ ഏതാണ്ട് 4,100 കിലോമീറ്റർ വരുന്ന ട്രാം സർവീസ് ലഭ്യമാക്കിയിട്ടുണ്ട്. കരിമ്പ് നിറച്ച നാനാവർണത്തിലുള്ള ഡസൻകണക്കിനു വാഗണുകൾ വലിച്ചുകൊണ്ടു നാട്ടിൻപുറങ്ങളിലൂടെ നീങ്ങുന്ന എൻജിനുകൾ കൗതുകകരമായ ഒരു കാഴ്ചയാണ്.
മില്ലിലൂടെ
ഒരു പഞ്ചസാര മില്ല് സന്ദർശിക്കുന്നത് രസകരമായ ഒരു അനുഭവമാണ്. കയറിച്ചെല്ലുമ്പോൾ തന്നെ ചുമട് ഇറക്കുന്നതും കാത്ത് കരിമ്പു നിറച്ച വാഗണുകൾ നിരനിരയായി കിടക്കുന്നതു കാണാം. മില്ലിലുള്ള ഭീമൻ ഷ്രെഡറുകളും റോളറുകളും കരിമ്പ് പിഴിഞ്ഞു നീര് എടുക്കുന്നു. കരിമ്പിൻചണ്ടി ഉണക്കി ഇന്ധനമായി ഉപയോഗിക്കുന്നു. ഇതുകൊണ്ടാണ് മുഴു മില്ലും പ്രവർത്തിക്കുന്നത്. ബാക്കിവരുന്നത് കടലാസും കെട്ടിട നിർമാണത്തിന് ആവശ്യമായ വസ്തുക്കളും നിർമിക്കുന്നവർക്കു വിൽക്കുന്നു.
കരിമ്പിൻനീര് എടുത്തുകഴിഞ്ഞ് അതിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. അപ്പോൾ തെളിഞ്ഞ ഒരു ലായനി കിട്ടും. മട്ട് എന്നറിയപ്പെടുന്ന മാലിന്യങ്ങൾ വളമായി ഉപയോഗിക്കുന്നു. മറ്റൊരു ഉപോത്പന്നമായ മൊളാസസ് കാലിത്തീറ്റയായി ഉപയോഗിക്കുന്നു. കൂടാതെ റമ്മിന്റെയും എഥനോളിന്റെയും നിർമാണത്തിനായും അത് ഉപയോഗിച്ചുവരുന്നു. കരിമ്പിന്റെ ബഹുമുഖോപയോഗങ്ങളും സംസ്കരണ പ്രക്രിയയുടെ കാര്യക്ഷമതയും തീർച്ചയായും അത്ഭുതാവഹമാണ്.
അടുത്തതായി, മാലിന്യങ്ങൾ നീക്കം ചെയ്ത ലായനിയിലെ അധികമുള്ള ജലാംശം വറ്റിക്കുന്നു. അപ്പോൾ ഒരു സിറപ്പ് അഥവാ ‘പാവ്’ ലഭിക്കും. ഈ സിറപ്പിൽ തീരെ ചെറിയ പഞ്ചസാര പരലുകളിടുന്നു. ആവശ്യമായ വലിപ്പമാകുന്നതു വരെ ഈ പരലുകൾ വളർന്നുകൊണ്ടിരിക്കും. ആവശ്യമായ വലിപ്പമാകുമ്പോൾ അവ സിറപ്പിൽനിന്നു മാറ്റി ഉണക്കിയെടുക്കുന്നു. അങ്ങനെ ലഭിക്കുന്ന തവിട്ടു നിറത്തിലുള്ള പദാർഥമാണ് അസംസ്കൃത പഞ്ചസാര. കൂടുതലായ ശുദ്ധീകരണ പ്രക്രിയകൾക്കു വിധേയമാക്കുമ്പോൾ പഞ്ചസാരയുടെ തവിട്ടു നിറം നമുക്കു പരിചയമുള്ള വെള്ള നിറമായി മാറുന്നു.
വിജ്ഞാനദായകവും രസകരവുമായ ഈ യാത്രയ്ക്കുശേഷം നിങ്ങളുടെ ചായയ്ക്കോ കാപ്പിക്കോ മാധുര്യം ഏറിയിരിക്കുന്നതായി തോന്നിയാൽ അതിശയിക്കാനില്ല. പക്ഷേ, ഒരു പ്രമേഹ രോഗിയാണു നിങ്ങളെങ്കിൽ പഞ്ചസാര ഒഴിവാക്കുകയേ നിവൃത്തിയുള്ളൂ. പഞ്ചസാരയ്ക്കു പകരം ലഭിക്കുന്ന മറ്റെന്തെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞേക്കും.
ഈ അത്ഭുതച്ചെടിക്ക്—തൃണവർഗത്തിലെ ഒരു അതികായൻ തന്നെയായ കരിമ്പിന്—രൂപംനൽകി, ഇത്ര സമൃദ്ധമായി വളരാൻ ഇടയാക്കിയ, വൈവിധ്യങ്ങൾ ഇഷ്ടപ്പെടുന്ന സ്രഷ്ടാവിന്റെ വൈദഗ്ധ്യവും ജ്ഞാനവും അപാരംതന്നെ!
[28-ാം പേജിലെ ചതുരം]
കരിമ്പിൽനിന്നോ ഷുഗർബീറ്റിൽനിന്നോ?
പഞ്ചസാര മുഖ്യമായും ഉത്പാദിപ്പിക്കപ്പെടുന്നത് ലോകത്തിൽ വൻതോതിൽ കൃഷിചെയ്യപ്പെടുന്ന രണ്ടു വിളകളിൽനിന്നാണ്—കരിമ്പിൽനിന്നും ബീറ്റ്റൂട്ടിന്റെ ഒരിനമായ ഷുഗർബീറ്റിൽനിന്നും. കരിമ്പ് കൂടുതലായി കാണപ്പെടുന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. ലോകത്തിലെ മൊത്തം പഞ്ചസാരയുടെ 65 ശതമാനം എങ്കിലും വരുന്നത് അതിൽനിന്നാണ്. ശേഷിക്കുന്ന 35 ശതമാനം പഞ്ചസാര ഷുഗർബീറ്റിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു. പശ്ചിമ യൂറോപ്പ്, പൂർവ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിങ്ങനെ കുറേക്കൂടെ തണുപ്പുള്ള പ്രദേശങ്ങളിലാണ് ഷുഗർബീറ്റ് വളരുന്നത്. എങ്കിലും ഈ രണ്ടു ചെടികളിൽനിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന പഞ്ചസാരകളുടെ രാസഘടനയിൽ വ്യത്യാസമൊന്നുമില്ല.
[29-ാം പേജിലെ ചിത്രം]
വിളവെടുപ്പിനു മുമ്പ് കരിമ്പിൻതോട്ടത്തിനു തീകൊടുക്കുന്നു
[29-ാം പേജിലെ ചിത്രം]
കരിമ്പിന്റെ വിളവെടുപ്പിന് ഉപയോഗിക്കുന്ന യന്ത്രം. ട്രാക്ടർ ട്രെയിലറിനെ വലിക്കുന്നു
[27-ാം പേജിലെ ചിത്രം]
27-30 പേജുകളിലെ എല്ലാ ചിത്രങ്ങളും: Queensland Sugar Corporation