ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനന്ന്
ഗ്ലോക്കോമ “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തിയിലെ “അന്ധതയ്ക്കെതിരെ ജാഗ്രത” എന്ന ഭാഗം ഞാൻ വായിച്ചു. (നവംബർ 22, 1999) എനിക്ക് ഗ്ലോക്കോമ ഉണ്ടെന്നു കണ്ടുപിടിച്ചത് ആറു വർഷം മുമ്പായിരുന്നു. നിങ്ങൾ പറഞ്ഞതുപോലെ ഗ്ലോക്കോമയുള്ള പലർക്കും വേദന അനുഭവപ്പെടുകയില്ലായിരിക്കാം. എന്നാൽ, ദിവസവും കണ്ണിൽ മരുന്നൊഴിക്കുന്നുണ്ടെങ്കിലും എനിക്ക് കലശലായ കണ്ണുവേദനയും ഇടയ്ക്കിടയ്ക്ക് തലവേദനയും ഉണ്ടാകാറുണ്ട്. നിങ്ങളുടെ ലേഖനം വായിച്ച ചിലരെങ്കിലും ഗ്ലോക്കോമ ഒരിക്കലും വേദനയ്ക്കിടയാക്കുകയില്ല എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കാൻ ഇടയില്ലേ?
എച്ച്. എം., ജപ്പാൻ
ഹ്രസ്വമായ ആ ഭാഗത്ത് ഞങ്ങൾ ഗുരുതരമായ ഈ ആരോഗ്യപ്രശ്നത്തെ കുറിച്ച് ആഴത്തിൽ ചർച്ച ചെയ്യുകയായിരുന്നില്ല. 1989 മേയ് 8 ഉണരുക!-യിൽ വന്ന “ഗ്ലോക്കോമാ—കാഴ്ചശക്തിയുടെ നിഗൂഢ അപഹാരി” എന്ന ലേഖനത്തിൽ കൂറേക്കൂടെ വിവരങ്ങൾ ഉണ്ടായിരുന്നു. ചില രോഗികൾക്ക് വേദന അനുഭവപ്പെടാറുണ്ട് എന്ന സംഗതിയും അതിൽ പരാമർശിച്ചിരുന്നു.—പത്രാധിപർ
ഇരുപതാം നൂറ്റാണ്ട് “ഇരുപതാം നൂറ്റാണ്ട്—പരിവർത്തനത്തിന്റെ നിർണായക വർഷങ്ങൾ” (ഡിസംബർ 8, 1999) എന്ന ലേഖനപരമ്പരയെ കുറിച്ച് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു. 20-ാം നൂറ്റാണ്ടിൽ മനുഷ്യവർഗം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾ എത്ര വ്യക്തമായാണ് അവതരിപ്പിച്ചത്. അക്രമം മനുഷ്യവർഗത്തെ നാശത്തിലേക്കു വലിച്ചിഴയ്ക്കുന്നത് എങ്ങനെയെന്നും എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. നിങ്ങൾ ചെയ്യുന്ന അത്യുത്തമ വേലയ്ക്ക് അഭിനന്ദനങ്ങൾ.
ഡബ്ല്യു. ജി., പോർട്ടറിക്കോ
അന്ധവിശ്വാസം ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാൾ അല്ലെങ്കിലും കഴിഞ്ഞ രണ്ടു വർഷമായി നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നു. “നിങ്ങൾ വിധിയുടെ കളിപ്പാവയോ?” (ആഗസ്റ്റ് 8, 1999) “അന്ധവിശ്വാസങ്ങൾ—ഇത്ര അപകടകരമായിരിക്കുന്നത് എന്തുകൊണ്ട്?” (ഒക്ടോബർ 22, 1999) എന്നീ ലേഖനപരമ്പരകൾക്കായി നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വളർന്നുവന്ന സാഹചര്യങ്ങൾ എന്നെ ഒരു വിധിവിശ്വാസിയും അന്ധവിശ്വാസിയും ആക്കിത്തീർത്തിരുന്നു. എന്നാൽ സത്യക്രിസ്ത്യാനിത്വത്തെ കുറിച്ചു നിങ്ങൾ പറയുന്നതു സത്യമാണെന്ന് ഇപ്പോൾ എനിക്കു മനസ്സിലായി.
എൻ. ഡി., ഫ്രാൻസ്
മയക്കുമരുന്നുകൾ “മയക്കുമരുന്നുകൾ ലോകത്തെ വരിഞ്ഞുമുറുക്കുകയാണോ?” (നവംബർ 8, 1999) എന്ന ലേഖനപരമ്പരയ്ക്കു നന്ദി. ചീത്ത കൂട്ടുകെട്ടിന്റെ ഫലമായി എന്റെ പിതാവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായിത്തീർന്നിരിക്കുകയാണ്. എന്റെ വീട് ഒരു അഭയസ്ഥാനമല്ല. ഭയന്നാണ് ഞാൻ അവിടെ കഴിയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ദൈവത്തെ ആരാധിക്കുന്നതിന്റെ സന്തോഷം അനുഭവിച്ചറിയാൻ എന്റെ മാതാപിതാക്കളെ ക്ഷണിക്കുന്നത് ഞാൻ ഒരിക്കലും നിറുത്തിക്കളയില്ല.
എം. എൽ., ഇറ്റലി
മയക്കുമരുന്ന്, മദ്യം എന്നിങ്ങനെയുള്ള വിഷയങ്ങളെ കുറിച്ചു സംസാരിക്കാൻ ആഴ്ചയിൽ ഒരിക്കൽ ഒരു പോലീസ് ഓഫീസർ ഞങ്ങളുടെ സ്കൂളിൽ വരാറുണ്ട്. ഒരു പ്രാവശ്യം അദ്ദേഹം ഞങ്ങളുടെ ക്ലാസിൽ വന്നപ്പോൾ മയക്കുമരുന്നിനെ കുറിച്ചുള്ള മാസിക ഞാൻ അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹത്തിന് അതു വളരെ ഇഷ്ടപ്പെട്ടു, മാസികയിൽനിന്നുള്ള ചില ഭാഗങ്ങൾ ക്ലാസിനെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. അങ്ങനെ മുഴു ക്ലാസിനും ആ ലേഖനങ്ങളിൽനിന്നു പ്രയോജനം ലഭിക്കാനിടയായി!
സി. ഡി., ഐക്യനാടുകൾ
വൈകല്യമുള്ള കുട്ടി റോസി മേജറിന്റെ അനുഭവകഥ എന്നെ ആഴത്തിൽ സ്പർശിച്ചു. (“ദൈവത്തിൽ ആശ്രയിക്കാൻ പ്രയാസഘട്ടങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു,” നവംബർ 22, 1999) ഞങ്ങൾ നഗരത്തിലാണു താമസിച്ചിരുന്നത്. എന്നാൽ അത് എന്റെ മൂത്ത മകളെ മോശമായി ബാധിക്കുന്നുവെന്നു കണ്ടപ്പോൾ ഞങ്ങൾ നാട്ടിൻപുറത്തേക്കു മാറി. എല്ലാം നന്നായി പോകുമ്പോഴാണ് പെട്ടെന്ന് 56,000 ഡോളർ വാർഷിക വരുമാനമുള്ള ജോലി എനിക്കു നഷ്ടപ്പെട്ടത്. ഒരു ലോണുണ്ട് അടച്ചുതീർക്കാൻ, മൂന്നു കുട്ടികളെ വളർത്തണം. ഈ നാട്ടിൻപുറത്ത് ഞങ്ങൾ എന്തു ചെയ്യും? ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ലായിരുന്നു. എന്നാൽ റോസി മേജറിന്റെ അനുഭവം വായിച്ചു കഴിഞ്ഞപ്പോൾ എന്റെ സാമ്പത്തിക പ്രശ്നമൊന്നും ഒന്നുമല്ല എന്നാണ് എനിക്കു തോന്നിയത്. അതിനെ ഒരു വലിയ കാര്യമായി കണ്ടതിൽ എനിക്കിപ്പോൾ ലജ്ജ തോന്നുന്നു. ദൈവത്തിന്റെ സഹായം ശരിക്കും ആവശ്യമുള്ള എത്രയെത്ര ആളുകളാണുള്ളത്! എനിക്ക് വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും വരിസംഖ്യ ലഭിക്കുമോ?
എം. എഫ്., ഐക്യനാടുകൾ
ഈ വായനക്കാരിയുടെ ആവശ്യപ്രകാരം ഞങ്ങൾ അവർക്കു വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വരിസംഖ്യ അയച്ചുകൊടുത്തു.—പത്രാധിപർ.