പൊരുത്തപ്പെട്ടുപോകുന്നവർ ആയിരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാവുന്ന വിധം
പൊരുത്തപ്പെട്ടുപോകുന്നവർ ആയിരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാവുന്ന വിധം
“കുട്ടികൾ ആത്മാഭിമാനവും ആത്മനിയന്ത്രണവും ഉള്ളവരായിരിക്കാൻ പഠിക്കുന്നത് മാതാപിതാക്കളിൽനിന്ന് സ്നേഹവും ശിക്ഷണവും ലഭിക്കുമ്പോഴാണ്” എന്ന് കാനഡയിലെ മോൺട്രിയലിൽനിന്നുള്ള ദ ഗസെറ്റ് എന്ന വർത്തമാനപ്പത്രം റിപ്പോർട്ടു ചെയ്തു. ഇതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? മോൺട്രിയലിലെ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ കോൺസ്റ്റാൻസ് ലാലിനെക്കിന്റെ അഭിപ്രായത്തിൽ കുട്ടികളുടെ പെരുമാറ്റത്തിന് വ്യക്തമായ അതിരുകൾ വെക്കേണ്ടത് അനിവാര്യമാണ്.
അനുവാദാത്മകതയ്ക്ക് ഒരു കുട്ടിയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കാൻ കഴിയും. കുട്ടികളോടും കുടുംബങ്ങളോടുമൊപ്പം പ്രവർത്തിക്കുന്ന ലാലിനെക്ക് ഇങ്ങനെയും പറഞ്ഞു: “തങ്ങളുടെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങൾ അനുഭവിക്കുന്നതിൽനിന്നു നാം കുട്ടികളെ തടയുമ്പോൾ അവർക്കു പലതും പഠിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കുകയാണു നാം ചെയ്യുന്നത്.”
ജ്ഞാനപൂർവകമെന്നു കാലം തെളിയിച്ചിട്ടുള്ള ഒന്നാണ് കുട്ടികളെ വളർത്തുന്ന കാര്യത്തിലുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം. ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ.” (മത്തായി 5:37) ന്യായമായ നിയമങ്ങൾ വെക്കുകയും നിങ്ങളുടെ കുട്ടികൾ അവ മനസ്സിലാക്കുകയും ചെയ്താലുടനെ അവ നടപ്പിലാക്കുക. ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. നിങ്ങളുടെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ, ‘എന്തു വിതെക്കുന്നുവോ അതുതന്നെ കൊയ്യും’ എന്ന വ്യക്തമായ സന്ദേശം കുട്ടികൾക്കു ലഭിക്കും. (ഗലാത്യർ 6:7; റോമർ 2:6) ആഗ്രഹങ്ങൾ ഉടനടി സാധിച്ചുകിട്ടാത്തപ്പോഴും ഇച്ഛാഭംഗത്തിന്റെതായ മറ്റു സന്ദർഭങ്ങൾ ഉണ്ടാകുമ്പോഴും അതുമായി അനുരൂപപ്പെടാനും നിയമങ്ങൾ അനുസരിക്കാനും കുട്ടിയെ പഠിപ്പിക്കുക എന്നതാണു സ്നേഹത്തോടെയുള്ള ഫലപ്രദമായ ശിക്ഷണത്തിന്റെ ഉദ്ദേശ്യം. ഇത്, പൊരുത്തപ്പെട്ടുപോകുന്ന ഉത്തരവാദിത്വബോധമുള്ള വ്യക്തികളായിത്തീരുന്നതിന് ആവശ്യമായ ഗുണങ്ങൾ വളർത്തിയെടുക്കാൻ അവരെ സഹായിക്കും.
കുട്ടികൾക്കു സ്നേഹപൂർവകമായ ശിക്ഷണം നൽകുന്നതിനെ കുറിച്ച് ദൈവം മാതാപിതാക്കളോട് എന്തു പറയുന്നു എന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തിലുണ്ട്. 192 പേജുള്ള ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് അതിൽ കാണുന്ന മേൽവിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിലോ അയയ്ക്കുക.
□ കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: