വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഷകൾ ആശയവിനിമയത്തിനുള്ള പാലങ്ങളും അതിനു തടസ്സം നിൽക്കുന്ന മതിലുകളും

ഭാഷകൾ ആശയവിനിമയത്തിനുള്ള പാലങ്ങളും അതിനു തടസ്സം നിൽക്കുന്ന മതിലുകളും

ഭാഷകൾ ആശയവി​നി​മ​യ​ത്തി​നുള്ള പാലങ്ങ​ളും അതിനു തടസ്സം നിൽക്കുന്ന മതിലു​ക​ളും

മെക്‌സിക്കോയിലെ ഉണരുക! ലേഖകൻ

“ഒരു ജനതയു​ടെ വിശ്വാ​സ​ങ്ങ​ളെ​യും വികാ​ര​ങ്ങ​ളെ​യും സാമൂ​ഹിക ഘടന​യെ​യും അവിചാ​രി​ത​മാ​യി അവരുടെ സാഹച​ര്യ​ത്തി​ലു​ണ്ടായ മാറ്റങ്ങ​ളെ​യും കുറിച്ച്‌ ഏറ്റവും വ്യക്തമായ ഗ്രാഹ്യം ലഭിക്കു​ന്ന​തി​നുള്ള മാർഗം അവരുടെ ഭാഷയെ അപഗ്ര​ഥി​ക്കുക എന്നതാണ്‌. ഇക്കാര്യ​ത്തിൽ ഭാഷാ​പ​ഗ്ര​ഥ​ന​ത്തി​ലൂ​ടെ ലഭിക്കുന്ന അത്രയും വ്യക്തമായ ഗ്രാഹ്യം നൽകാൻ ചരി​ത്ര​ത്തി​നു കഴിയില്ല.”—മാർട്ടിൻ ആലൊൺസോ.

ചരി​ത്ര​ത്തി​ലു​ട​നീ​ളം ഭാഷ—അതിന്റെ ഉത്ഭവവും വൈവി​ധ്യ​വും തുടർച്ച​യാ​യി അതിനു​ണ്ടാ​കുന്ന പരിവർത്ത​ന​വും—പണ്ഡിത​ന്മാ​രെ ആകർഷി​ച്ചി​ട്ടുണ്ട്‌. യഥാർഥ​ത്തിൽ, ചരി​ത്ര​പ​ര​മായ മിക്ക സംഗതി​ക​ളു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ പണ്ഡിത​ന്മാർക്കു ഭാഷ​യോ​ടുള്ള ഈ മനോ​ഭാ​വ​വും നമുക്ക്‌ അറിയാൻ കഴിയു​ന്നത്‌ ഭാഷയു​ള്ള​തു​കൊ​ണ്ടു മാത്ര​മാണ്‌. നിശ്ചയ​മാ​യും, ആശയവി​നി​മ​യ​ത്തി​നുള്ള ഏറ്റവും ഫലകര​മായ മാർഗ​മാ​ണു ഭാഷ.

ഇന്ന്‌ ലോക​ത്തിൽ, 6,000-ത്തോള​മോ അതില​ധി​ക​മോ ഭാഷകൾ—ഇതിൽ പ്രാ​ദേ​ശിക ഭാഷാ​ഭേ​ദ​ങ്ങളെ (dialects) ഉൾപ്പെ​ടു​ത്തി​യി​ട്ടില്ല—സംസാ​രി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നാണ്‌ ചില ഭാഷാ​പ​ണ്ഡി​ത​ന്മാർ കണക്കാ​ക്കു​ന്നത്‌. ഇതിൽ ഒന്നാം സ്ഥാനത്തു നിൽക്കു​ന്നത്‌ 80 കോടി​യി​ല​ധി​കം ആളുകൾ സംസാ​രി​ക്കുന്ന മാൻഡ​രിൻ ചൈനീസ്‌ ആണ്‌. അടുത്ത നാലു ഭാഷകൾ (ഇവിടെ നൽകി​യി​രി​ക്കുന്ന ക്രമത്തിൽ തന്നെ ആയിരി​ക്ക​ണ​മെ​ന്നില്ല) ഇംഗ്ലീഷ്‌, സ്‌പാ​നിഷ്‌, ഹിന്ദി, ബംഗാളി എന്നിവ​യാണ്‌.

വ്യത്യ​സ്‌ത സംസ്‌കാ​ര​ങ്ങ​ളും ഭാഷക​ളും പെട്ടെന്ന്‌ സമ്പർക്ക​ത്തി​ലാ​യാൽ എന്താണു സംഭവി​ക്കുക? ഇനി, കൂട്ടങ്ങൾ ഒറ്റപ്പെ​ട്ടാൽ അത്‌ അവരുടെ ഭാഷയു​ടെ​മേൽ എന്തു ഫലമാണ്‌ ഉളവാ​ക്കുക? ആശയവി​നി​മ​യ​ത്തി​നുള്ള പാലങ്ങ​ളും അതു​പോ​ലെ​തന്നെ മതിലു​ക​ളും നിർമി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ​യെന്നു നമുക്കു നോക്കാം.

പിജി​നു​കൾ, ക്രി​യോ​ളു​കൾ, സമ്പർക്ക ഭാഷകൾ

കോള​നി​വ​ത്‌ക​രണം, രാജ്യാ​ന്തര വ്യാപാ​രം, തടങ്കൽപ്പാ​ള​യങ്ങൾ എന്നിവ ആശയവി​നി​മയ വിടവ്‌ നികത്താൻ ഒരു പൊതു​ഭാഷ ആവശ്യ​മാ​ണെന്നു ചിന്തി​ക്കാൻ ആളുകളെ പ്രേരി​പ്പി​ച്ചി​രി​ക്കുന്ന ചില ഘടകങ്ങ​ളാണ്‌. അതു​കൊണ്ട്‌, അവർ ഹ്രസ്വ​മോ ലളിത​മോ ആയ ഒരു ഭാഷാ​രൂ​പം ഉപയോ​ഗി​ച്ചു​തു​ടങ്ങി. ഭാഷയിൽനിന്ന്‌ അവർ വ്യാക​ര​ണ​പ​ര​മായ സങ്കീർണ​തകൾ നീക്കം ചെയ്യു​ക​യും കുറച്ച്‌ വാക്കുകൾ ഉപയോ​ഗി​ക്കു​ക​യും ഈ വാക്കു​കളെ പൊതു​താ​ത്‌പ​ര്യ​മുള്ള മേഖല​ക​ളിൽ മാത്ര​മാ​യി ഒതുക്കി നിറു​ത്തു​ക​യും ചെയ്‌തു. ഇങ്ങനെ​യാണ്‌ പിജി​നു​കൾ ആവിർഭ​വി​ച്ചത്‌. ലളിത​മെ​ങ്കി​ലും തനതായ ഒരു ഭാഷാ വ്യവസ്ഥ​യുണ്ട്‌ അതിന്‌. എന്നാൽ, ഏത്‌ ആവശ്യ​ത്തി​നു​വേ​ണ്ടി​യാ​ണോ പിജിൻ രൂപം​കൊ​ണ്ടത്‌, അത്‌ ഇല്ലാതാ​കു​ന്നെ​ങ്കിൽ, പിജിൻ മൃതമാ​യേ​ക്കാം.

പിജിൻ ഒരു ജനസമൂ​ഹ​ത്തി​ന്റെ പ്രധാന ഭാഷയാ​യി മാറു​മ്പോൾ, അതി​നോ​ടു പുതിയ പദങ്ങൾ കൂട്ടി​ച്ചേർക്ക​പ്പെ​ടു​ക​യും വ്യാക​രണം പുനഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. അങ്ങനെ അത്‌ ഒരു ക്രി​യോൾ ആയിത്തീ​രു​ന്നു. പിജി​നു​ക​ളിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാ​യി ക്രി​യോ​ളു​കൾ ഒരു ജനസമൂ​ഹ​ത്തി​ന്റെ സംസ്‌കാ​ര​ത്തെ​യാണ്‌ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌. ലോക​ത്തിൽ ഇന്ന്‌ ഡസൻ കണക്കിനു പിജി​നു​ക​ളും ക്രി​യോ​ളു​ക​ളും—ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, പോർച്ചു​ഗീസ്‌, സ്വാഹി​ലി എന്നിവ​യെ​യും മറ്റു ഭാഷക​ളെ​യും അടിസ്ഥാ​ന​മാ​ക്കി​യു​ള്ളത്‌—ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നുണ്ട്‌. അത്തരം ചില ഭാഷകൾ ഒരു രാജ്യ​ത്തി​നു​ള്ളിൽ പ്രധാന ഭാഷക​ളാ​യി മാറി​യി​ട്ടു​പോ​ലു​മുണ്ട്‌, അതിന്‌ ഉദാഹ​ര​ണ​മാണ്‌, പാപ്പുവാ ന്യൂഗി​നി​യി​ലെ ടോക്‌ പീസിൻ, വനുവാ​ട്ടു​വി​ലെ ബിസ്‌ലാമ എന്നിവ.

ആശയവി​നി​മ​യ​ത്തെ ഉന്നമി​പ്പി​ക്കുന്ന മറ്റു സരണികൾ സമ്പർക്ക​ഭാ​ഷ​ക​ളാണ്‌. വ്യത്യ​സ്‌ത​മായ മാതൃ​ഭാ​ഷകൾ ഉള്ള ഒരു കൂട്ടം ആളുകൾ ഉപയോ​ഗി​ക്കുന്ന ഒരു പൊതു​ഭാ​ഷയെ ആണ്‌ സമ്പർക്ക​ഭാഷ എന്നു വിളി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലി​ക്കിൽ വ്യത്യസ്‌ത പ്രാ​ദേ​ശിക ഭാഷാ കൂട്ടങ്ങൾക്ക്‌ സാൻഗോ ഉപയോ​ഗിച്ച്‌ ആശയവി​നി​മയം നടത്താൻ കഴിയും. നയതന്ത്ര പ്രതി​നി​ധി​കൾ ഉപയോ​ഗി​ക്കുന്ന സമ്പർക്ക​ഭാ​ഷകൾ ഇംഗ്ലീ​ഷും ഫ്രഞ്ചും ആണ്‌. പിജി​നു​കൾ സമ്പർക്ക​ഭാ​ഷ​ക​ളാണ്‌. ക്രി​യോ​ളു​കൾക്കും അങ്ങനെ​യാ​യി​രി​ക്കാൻ കഴിയും.

ഒരു ദേശീയ ഭാഷയു​ടെ പ്രാ​ദേ​ശിക വകഭേ​ദ​ങ്ങ​ളെ​യാ​ണു ഭാഷാ​ഭേ​ദങ്ങൾ എന്നു വിളി​ക്കു​ന്നത്‌. ഭാഷാ​ഭേദം ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പ്രദേശം എത്രയ​ധി​കം ഒറ്റപ്പെ​ട്ട​താ​ണോ അത്രയും വലുതാ​യി​രി​ക്കാം ഭാഷാ​ഭേ​ദ​വും ദേശീയ ഭാഷയും തമ്മിലുള്ള അന്തരവും. കാല​ക്ര​മ​ത്തിൽ, ചില ഭാഷാ​ഭേ​ദങ്ങൾ മൂല ഭാഷയിൽനി​ന്നു വളരെ​യേറെ വ്യത്യ​സ്‌ത​മാ​യി​ത്തീ​രു​ക​യും ഒടുവിൽ മറ്റൊരു ഭാഷയാ​യി​ത്തീ​രു​ക​യും ചെയ്യുന്നു. ചില സന്ദർഭ​ങ്ങ​ളിൽ ഭാഷാ​പ​ണ്ഡി​തർക്കു​പോ​ലും ഭാഷ​യേത്‌, ഭാഷാ​ഭേ​ദ​മേത്‌ എന്നു മനസ്സി​ലാ​ക്കുക വളരെ ബുദ്ധി​മു​ട്ടാ​യി​ത്തീ​രാ​റുണ്ട്‌. മാത്രമല്ല, ഭാഷകൾ നിരന്തരം മാറ്റത്തി​നു വിധേ​യ​മാ​കു​ന്ന​തു​കൊണ്ട്‌, ഉപയോ​ഗി​ക്കാ​തി​രു​ന്നാൽ ഭാഷാ​ഭേ​ദങ്ങൾ ചില​പ്പോ​ഴൊ​ക്കെ മൃതമാ​കു​ക​യും ചെയ്യും. അതോ​ടൊ​പ്പം, ആ ഭാഷാ​ഭേ​ദ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട സംസ്‌കാ​ര​വും നാമാ​വ​ശേ​ഷ​മാ​കും.

ഭാഷ ഒരു ദിവ്യ​ദാ​ന​മാണ്‌. (പുറപ്പാ​ടു 4:11) ഭാഷ പരിവർത്ത​ന​ത്തി​നു വിധേ​യ​മാ​കു​ന്നു​വെന്ന രസകര​മായ സംഗതി, ഈ ദാനം എത്രമാ​ത്രം വഴക്കമു​ള്ള​താണ്‌ എന്നു കാണി​ക്കു​ന്നു. പിന്നോക്ക ഭാഷ എന്നൊന്ന്‌ ഇല്ലാത്ത​തി​നാൽ, ഒരുകൂ​ട്ടം ആളുകൾക്കു മറ്റൊ​രു​കൂ​ട്ട​ത്തെ​ക്കാൾ മേന്മയി​ല്ലെ​ന്നും ഭാഷയിൽനി​ന്നു നമുക്കു മനസ്സി​ലാ​ക്കാൻ കഴി​ഞ്ഞേ​ക്കാം. മറ്റു ദിവ്യ​ദാ​ന​ങ്ങ​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ഭാഷയും എല്ലാവർക്കും—സ്ഥലമോ സംസ്‌കാ​ര​മോ ഏതായി​രു​ന്നാ​ലും—ഒരു​പോ​ലെ ലഭ്യമാണ്‌. ആരംഭം​മു​തൽതന്നെ എല്ലാ ജനസമൂ​ഹ​ങ്ങ​ളു​ടെ​യും ഭാഷകൾ അവയുടെ ഉദ്ദേശ്യം നിവർത്തി​ക്കാൻത​ക്ക​വി​ധം പൂർണ​മാ​യി​രു​ന്നു. അവ ഉപയോ​ഗി​ക്കു​ന്ന​വ​രു​ടെ എണ്ണം എത്രയാ​യി​രു​ന്നാ​ലും ശരി, ഓരോ ഭാഷയും നമ്മുടെ ആദരവ്‌ അർഹി​ക്കു​ന്നു.

ചരി​ത്ര​പ​ര​വും സാമൂ​ഹി​ക​വു​മായ ഘടകങ്ങൾ

മനുഷ്യ​ന്റെ സംസർഗ​ശീ​ലം ഭാഷയിൽ ദർശി​ക്കാ​നാ​കും. അങ്ങനെ, സംസ്‌കാ​രങ്ങൾ തമ്മിൽ സമ്പർക്ക​ത്തി​ലാ​കു​മ്പോൾ—അത്‌ ഒരു സാധാരണ സംഗതി​യാണ്‌—അത്തര​മൊ​രു ബന്ധത്തിന്റെ തെളി​വു​കൾ തലമു​റ​ക​ളോ​ളം ആ സംസ്‌കാ​ര​ങ്ങ​ളു​ടെ ഭാഷക​ളിൽ നിലനിൽക്കും.

ഉദാഹ​ര​ണ​ത്തിന്‌, അറബി ഉത്ഭവമുള്ള അനവധി വാക്കുകൾ അടങ്ങുന്ന സ്‌പാ​നിഷ്‌ ഭാഷ—ലാറ്റി​നിൽനിന്ന്‌ ഉരിത്തി​രി​ഞ്ഞ​താ​ണെന്നു കരുത​പ്പെ​ടു​ന്നു—സ്‌പാ​നിഷ്‌ പ്രദേ​ശത്തെ എട്ടാം നൂറ്റാ​ണ്ടി​ലെ മുസ്ലീം ആധിപ​ത്യ​ത്തി​ന്റെ രേഖ നിലനി​റു​ത്തു​ന്നു. സ്‌പാ​നിഷ്‌ ഭാഷയിൽ ഗ്രീക്ക്‌, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌ തുടങ്ങി​യ​വ​യു​ടെ സ്വാധീ​ന​വും നമുക്കു കാണാൻ കഴിയും. കൂടാതെ, അമേരി​ക്ക​യിൽ സംസാ​രി​ക്ക​പ്പെ​ടുന്ന സ്‌പാ​നി​ഷിൽ ആ ഭൂഖണ്ഡ​ത്തി​ലെ പുരാതന നിവാ​സി​കൾ ഉപയോ​ഗി​ച്ചി​രുന്ന പല വാക്കു​ക​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, മധ്യ അമേരി​ക്ക​യി​ലെ അസ്‌ടെ​ക്കു​കാ​രു​ടെ ഭാഷയായ നാവാ​റ്റ്‌ലി​ലെ പല വാക്കു​ക​ളും അവിടത്തെ സ്‌പാ​നി​ഷി​ന്റെ ഭാഗമാണ്‌.

ഒരു വ്യക്തി ഏതു രാജ്യ​ക്കാ​ര​നാ​ണെ​ന്നോ നാട്ടു​കാ​ര​നാ​ണെ​ന്നോ തിരി​ച്ച​റി​യാൻ മാതൃ​ഭാഷ നമ്മെ സഹായി​ക്കു​ന്ന​തു​പോ​ലെ, ഒരു പ്രത്യേക തൊഴിൽ, വ്യാപാ​രം എന്നിവ​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​യും സാംസ്‌കാ​രിക കൂട്ടങ്ങൾ, സ്‌പോർട്‌സ്‌ ഗ്രൂപ്പു​കൾ എന്നിവ​യെ​യും എന്തിന്‌, കുറ്റകൃ​ത്യ സംഘങ്ങ​ളെ​പ്പോ​ലും തിരി​ച്ച​റി​യാൻ ഭാഷാ പ്രയോ​ഗ​രീ​തി നമ്മെ സഹായി​ക്കു​ന്നു. ഈ രീതി​യിൽ തിരി​ച്ച​റി​യാൻ കഴിയുന്ന കാര്യ​ങ്ങ​ളു​ടെ പട്ടിക അങ്ങനെ നീളുന്നു. ഈ പ്രത്യേ​ക​തരം ഭാഷാ വ്യതി​യാ​ന​ങ്ങളെ ഭാഷാ​പ​ണ്ഡി​ത​ന്മാർ ജാർഗൻ (ഒരു പാർട്ടി​യു​ടെ​യോ വർഗത്തി​ന്റെ​യോ പ്രത്യേക സംഭാ​ഷ​ണ​ശൈലി) എന്നോ ചില​പ്പോൾ ഭാഷാ​ഭേദം എന്നു​പോ​ലു​മോ വിളി​ക്കു​ന്നു.

എന്നിരു​ന്നാ​ലും, രാജ്യങ്ങൾ തമ്മിലോ വർഗീ​യ​മോ സാംസ്‌കാ​രി​ക​മോ ആയ കൂട്ടങ്ങൾ തമ്മിലോ ശത്രുത ഉണ്ടാകു​ന്ന​പക്ഷം, ഭാഷ പാലം അല്ലാതാ​യി​ത്തീ​രു​ന്നു. പകരം, ആളുകൾക്കി​ട​യി​ലെ ഭിന്നത​യ്‌ക്ക്‌ ആക്കം കൂട്ടുന്ന ഒരു മതിലാ​യി​മാ​റു​ന്നു അത്‌.

ഭാഷക​ളു​ടെ ഭാവി

ആശയവി​നി​മയം സങ്കീർണ​മായ ഒരു സംഗതി​യാണ്‌. ഒരു വശത്ത്‌, ഭാഷാ​പ​ര​മായ മതിലു​കളെ തകർത്തു​ക​ള​യാ​നുള്ള പ്രവണ​ത​യാണ്‌ ഇന്നുള്ളത്‌. ഇതിനു കാരണ​മാ​യി​രി​ക്കു​ന്നത്‌ മുഖ്യ​മാ​യും മാധ്യ​മ​ങ്ങ​ളാണ്‌. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പറയു​ന്ന​ത​നു​സ​രിച്ച്‌, ഇംഗ്ലീഷ്‌ ഇപ്പോൾ ഏഴിൽ ഒരാളു​ടെ പ്രാഥ​മിക ഭാഷയോ രണ്ടാം ഭാഷയോ ആണ്‌. അതു​കൊണ്ട്‌, ലോക​ത്തിൽ ഏറ്റവു​മ​ധി​കം ഉപയോ​ഗി​ക്ക​പ്പെ​ടുന്ന സമ്പർക്ക​ഭാ​ഷ​യാ​ണിത്‌. ഇതിന്റെ ഉപയോ​ഗം കൂടുതൽ വ്യാപ​ക​മായ ആശയവി​നി​മ​യ​വും പ്രയോ​ജ​ന​ക​ര​മായ വിവര​ങ്ങ​ളു​ടെ കൈമാ​റ്റ​വും സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു.

മറുവ​ശത്ത്‌, ഭാഷാ​പ​ര​മായ മതിലു​കൾ ഭിന്നത​യ്‌ക്കും വിദ്വേ​ഷ​ത്തി​നും യുദ്ധത്തി​നും ഇടയാ​ക്കി​യി​രി​ക്കു​ന്നു. ദ വേൾഡ്‌ ബുക്ക്‌ എൻ​സൈ​ക്ലോ​പീ​ഡിയ പറയുന്നു: “എല്ലാവ​രും ഒരേ ഭാഷയാ​ണു സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ, . . . രാജ്യാ​ന്തര ബന്ധങ്ങൾ കൂടുതൽ ദൃഢമാ​കും.” എന്നാൽ അതു സംഭവി​ക്ക​ണ​മെ​ങ്കിൽ കേവലം ഒരു സമ്പർക്ക​ഭാ​ഷ​യു​ടെ ഉപയോ​ഗ​ത്തെ​ക്കാൾ വളരെ വിപു​ല​മായ ഒരു മാറ്റം ആവശ്യ​മാണ്‌. എല്ലാ ആളുക​ളെ​ക്കൊ​ണ്ടും ഒരേ ഭാഷതന്നെ സംസാ​രി​പ്പി​ക്കാൻ ഭാഷയു​ടെ, ജ്ഞാനി​യായ സ്രഷ്ടാ​വിന്‌ മാത്രമേ കഴിയൂ.

മനുഷ്യ​രു​മാ​യി ആശയവി​നി​മയം നടത്താൻ ദൈവം ഉപയോ​ഗി​ക്കുന്ന മുഖ്യ സരണി ബൈബി​ളാണ്‌. ദൈവം പെട്ടെ​ന്നു​തന്നെ ഈ ദുഷ്ട വ്യവസ്ഥി​തി​യെ നീക്കി​ക്ക​ള​യു​ക​യും ഒരു സ്വർഗീയ ഗവൺമെന്റ്‌—അവന്റെ രാജ്യം—സ്ഥാപി​ക്കു​ക​യും ചെയ്യു​മെന്ന്‌ അതു വ്യക്തമാ​യി നമ്മോടു പറയുന്നു. (ദാനീ​യേൽ 2:44) ഈ ഭൂമി​യി​ലെ സമാധാ​ന​പൂർണ​വും നീതി​നി​ഷ്‌ഠ​വു​മായ ഒരു പുതിയ വ്യവസ്ഥി​തി​യിൽ ആ ഗവൺമെന്റ്‌ മുഴു മനുഷ്യ​വർഗ​ത്തെ​യും ഏകീക​രി​ക്കും.—മത്തായി 6:9, 10; 2 പത്രൊസ്‌ 3:10-13.

ഇപ്പോൾപ്പോ​ലും, നിർമ​ല​മായ ഒരു ആത്മീയ ഭാഷ—യഹോ​വ​യാം ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറി​ച്ചുള്ള സത്യം—എല്ലാ ഭാഷക​ളി​ലും രാജ്യ​ങ്ങ​ളി​ലും പെട്ടവ​രെ​യും വ്യാജ​മ​ത​ങ്ങ​ളിൽനിന്ന്‌ പുറത്തു​വന്ന ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുക​ളെ​യും ഏകീക​രി​ച്ചു നിർത്തു​ന്നുണ്ട്‌. (സെഫന്യാ​വു 3:9, NW) അതു​കൊണ്ട്‌, തന്റെ പുതിയ ലോക​ത്തിൽ, എല്ലാവർക്കും ഒരു പൊതു​ഭാഷ നൽകി​ക്കൊണ്ട്‌ ദൈവം കൂടു​ത​ലാ​യി മനുഷ്യ​വർഗത്തെ ഏകീക​രി​ക്കു​മെന്ന്‌ ന്യായ​മാ​യും പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌. അവൻ ബാബേ​ലിൽ ചെയ്‌ത​തി​ന്റെ നേർവി​പ​രീ​ത​മാ​യി​രി​ക്കും ഇത്‌.

[12-ാം പേജിലെ ചതുരം]

ഭാഷകളുടെ ഉത്ഭവം

സർവജ്ഞാ​നി​യായ സ്രഷ്ടാവ്‌, യഹോ​വ​യാം ദൈവം, സ്വർഗീയ ദൂത മണ്ഡലത്തിൽ ഭാഷ ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (ഇയ്യോബ്‌ 1:6-12; 1 കൊരി​ന്ത്യർ 13:1) മനുഷ്യ​രെ സൃഷ്ടി​ച്ച​പ്പോൾ, ഒരു പദസഞ്ച​യ​വും അതു വികസി​പ്പി​ക്കാ​നുള്ള പ്രാപ്‌തി​യും അവൻ അവർക്കു കൊടു​ത്തു. മുരള​ലും മൂളലും അടങ്ങിയ ഒരു ആദിമ മനുഷ്യ ഭാഷ ഉണ്ടായി​രു​ന്ന​താ​യി യാതൊ​രു തെളി​വു​മില്ല. നേരെ​മ​റിച്ച്‌, അറിയ​പ്പെ​ടു​ന്ന​തിൽ വെച്ച്‌ ഏറ്റവും പഴക്കമുള്ള എഴുത്തു ഭാഷയായ സുമേ​റി​യനെ കുറിച്ച്‌ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക പറയു​ന്നതു ശ്രദ്ധി​ക്കുക: “സുമേ​റി​യൻ ക്രിയാ​പ​ദ​ങ്ങ​ളോട്‌ ചേർന്നു​കാ​ണുന്ന . . . പലതര​ത്തി​ലുള്ള ഉപസർഗങ്ങൾ, മധ്യ​പ്ര​ത്യ​യങ്ങൾ, പ്രത്യ​യങ്ങൾ എന്നിവ സൂചി​പ്പി​ക്കു​ന്നത്‌ ആ ഭാഷ വളരെ സങ്കീർണ​മാ​യി​രു​ന്നു എന്നാണ്‌.”

പൊ.യു.മു. ഏതാണ്ട്‌ 20-ാം നൂറ്റാ​ണ്ടിൽ, ‘ഭൂമി​യിൽ നിറയാ​നുള്ള’ ദൈവ​ത്തി​ന്റെ കൽപ്പന​യ്‌ക്കു വിരു​ദ്ധ​മാ​യി മെസൊ​പ്പൊ​ട്ടാ​മി​യ​യി​ലെ ശിനാർ സമഭൂ​മി​യിൽ മുഴു സമൂഹ​ത്തെ​യും കേന്ദ്രീ​ക​രി​ക്കാൻ മനുഷ്യർ ശ്രമി​ക്കു​ക​യും ബാബേൽ ഗോപു​ര​ത്തി​ന്റെ പണി തുടങ്ങു​ക​യും ചെയ്‌തു. എന്നാൽ, അപകട​ക​ര​വും ദ്രോ​ഹ​ക​ര​വു​മായ അവരുടെ പദ്ധതി​കളെ തകിടം​മ​റി​ക്കാ​നാ​യി ദൈവം അവരുടെ പൊതു ഭാഷ കലക്കി. അങ്ങനെ​യാണ്‌ വ്യത്യസ്‌ത ഭാഷകൾ രൂപം​കൊ​ണ്ടത്‌.—ഉല്‌പത്തി 1:28; 11:1-9.

ആദ്യമു​ണ്ടാ​യി​രുന്ന ആ ഒറ്റ ഭാഷയിൽനി​ന്നാണ്‌ എല്ലാ ഭാഷക​ളും ഉത്ഭവി​ച്ചത്‌ എന്ന്‌ ബൈബിൾരേഖ പറയു​ന്നില്ല. ശിനാ​റിൽ ദൈവം അനേകം പുതിയ പദസഞ്ച​യ​ങ്ങൾക്കും ചിന്താ​രീ​തി​കൾക്കും രൂപം നൽകി. അതാണ്‌ വ്യത്യസ്‌ത ഭാഷകൾ ഉടലെ​ടു​ക്കാൻ ഇടയാ​ക്കി​യത്‌. അതു​കൊണ്ട്‌, എല്ലാ ഭാഷക​ളു​ടെ​യും ഒരു പൊതു മൂലഭാഷ കണ്ടുപി​ടി​ക്കാ​നുള്ള ശ്രമം വ്യർഥ​മാ​യി​രി​ക്കു​ന്നു.

[12-ാം പേജിലെ ചിത്രം]

ബാബേലിൽവെച്ച്‌ ദൈവം മത്സരി​ക​ളു​ടെ ഭാഷ കലക്കി