വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാസവസ്‌തുക്കൾ നിങ്ങളെ രോഗിയാക്കുമ്പോൾ

രാസവസ്‌തുക്കൾ നിങ്ങളെ രോഗിയാക്കുമ്പോൾ

രാസവ​സ്‌തു​ക്കൾ നിങ്ങളെ രോഗി​യാ​ക്കു​മ്പോൾ

എം സി എസ്‌-ന്റെ പല വശങ്ങളും കുഴപ്പി​ക്കു​ന്ന​താണ്‌. ഈ രോഗ​ത്തി​ന്റെ സ്വഭാ​വത്തെ കുറിച്ച്‌ വൈദ്യ​ശാ​സ്‌ത്ര രംഗത്ത്‌ ഗണ്യമായ അഭി​പ്രായ വ്യത്യാ​സങ്ങൾ ഉള്ളതിന്റെ കാരണം മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഈ രോഗ​ത്തിന്‌ ഒരു ശാരീ​രിക കാരണം ഉള്ളതായി ചില ഡോക്ടർമാർ വിശ്വ​സി​ക്കു​മ്പോൾ മറ്റു ചിലർ അതിന്‌ ഒരു മാനസിക കാരണം ഉള്ളതായി വിശ്വ​സി​ക്കു​ന്നു. ഇനിയും വേറെ ചിലർ ശാരീ​രി​ക​വും മാനസി​ക​വു​മായ ഘടകങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കാ​മെന്ന അഭി​പ്രാ​യ​ക്കാ​രാണ്‌. എം സി എസ്‌ എന്നത്‌ നിരവധി രോഗ​ങ്ങ​ളു​ടെ ഒരു ഗണത്തെ​യാണ്‌ പ്രതി​നി​ധീ​ക​രി​ക്കു​ന്ന​തെന്നു വിശ്വ​സി​ക്കുന്ന ഡോക്‌ടർമാ​രു​മുണ്ട്‌. a

കീടനാ​ശി​നി പോലുള്ള ഒരു വിഷവ​സ്‌തു​വു​മാ​യുള്ള അടുത്ത സമ്പർക്ക​മാണ്‌ എം സി എസ്‌-നു വഴി​തെ​ളി​ച്ചത്‌ എന്ന്‌ പലരും പറയുന്നു; കുറഞ്ഞ അളവി​ലാ​യി​രു​ന്നെ​ങ്കി​ലും ഒരു വിഷവ​സ്‌തു​വു​മാ​യി കൂടെ​ക്കൂ​ടെ അല്ലെങ്കിൽ സ്ഥിരമാ​യി സമ്പർക്ക​ത്തി​ലാ​യ​താ​യി​രു​ന്നു മറ്റു ചിലർക്കു പ്രശ്‌നം സൃഷ്ടി​ച്ചത്‌. ഒരിക്കൽ, ബഹു രാസവ​സ്‌തു സംവേ​ദ​ക​ത്വം വന്നുക​ഴി​ഞ്ഞാൽ പിന്നെ ആ വ്യക്തിക്ക്‌, മുമ്പൊ​ക്കെ യാതൊ​രു കുഴപ്പ​വു​മി​ല്ലാ​തെ ഉപയോ​ഗി​ക്കാൻ കഴിഞ്ഞി​രുന്ന വസ്‌തു​ക്ക​ളോട്‌, അതായത്‌ സുഗന്ധ​ദ്ര​വ്യ​ങ്ങ​ളും ശുചീ​കരണ ഉത്‌പ​ന്ന​ങ്ങ​ളും പോലു​ള്ള​വ​യോട്‌ അലർജി ഉണ്ടാകാൻ തുടങ്ങു​ന്നു. ഈ ആരോ​ഗ്യ​പ്ര​ശ്‌ന​ത്തിന്‌ “ബഹു രാസവ​സ്‌തു സംവേ​ദ​ക​ത്വം” എന്ന പേരു വരാനുള്ള കാരണം​തന്നെ അതാണ്‌.

ജോയ്‌സി​ന്റെ കാര്യ​മെ​ടു​ക്കുക. സ്‌കൂ​ളിൽ പഠിക്കു​മ്പോൾ അവളുടെ തല നിറയെ പേൻ വന്നു. പേനിനെ നശിപ്പി​ക്കാ​നാ​യി തലയിൽ ഒരു തരം മരുന്ന്‌ സ്‌പ്രേ ചെയ്‌തു. ജോയ്‌സി​ന്റെ ആരോ​ഗ്യം ക്ഷയിച്ചു വന്നു. മുമ്പ്‌ യാതൊ​രു കുഴപ്പ​വു​മി​ല്ലാ​തെ ഉപയോ​ഗി​ച്ചി​രുന്ന രാസവ​സ്‌തു​ക്ക​ളോട്‌ അവൾക്ക്‌ അലർജി ഉണ്ടാകാൻ തുടങ്ങി. വീട്ടിൽ ഉപയോ​ഗി​ക്കുന്ന ശുചീ​കരണ വസ്‌തു​ക്കൾ, എയർ ഫ്രഷ്‌ന​റു​കൾ, സുഗന്ധ​ദ്ര​വ്യ​ങ്ങൾ, ഷാംപൂ, പെ​ട്രോൾ എന്നിവ അതിൽ ഉൾപ്പെ​ടു​ന്നു. “എന്റെ കൺപോ​ളകൾ തടിച്ചു​വീർത്തു. എനിക്ക്‌ സൈനസ്‌ സംബന്ധ​മായ പ്രശ്‌നങ്ങൾ ഉണ്ടായി. അതിന്റെ ഫലമായി കടുത്ത തലവേ​ദ​ന​യും മനംപി​ര​ട്ട​ലും തുടങ്ങി. ദിവസ​ങ്ങ​ളോ​ളം ഞാൻ സുഖമി​ല്ലാ​തെ കിടന്നു. . . . പല പ്രാവ​ശ്യം ന്യൂ​മോ​ണിയ വന്നതു നിമിത്തം എന്റെ ശ്വാസ​കോ​ശങ്ങൾ, 40 വർഷം പുകവ​ലി​ച്ചി​രുന്ന ഒരാളു​ടേ​തു​പോ​ലെ ആകെ കേടു ബാധിച്ച അവസ്ഥയി​ലാ​യി​രു​ന്നു. ഞാനാ​ണെ​ങ്കിൽ ഒരിക്കൽപ്പോ​ലും പുകവ​ലി​ച്ചി​ട്ടില്ല,” ജോയ്‌സ്‌ പറയുന്നു.

കുറഞ്ഞ അളവി​ലാ​ണെ​ങ്കി​ലും ഒരു വിഷവ​സ്‌തു​വു​മാ​യുള്ള സ്ഥിരമായ സമ്പർക്ക​വും എം സി എസ്‌-ന്‌ ഇടയാ​ക്കുന്ന ഒരു ഘടകമാ​ണെന്നു പറയ​പ്പെ​ടു​ന്നു. വീടിനു വെളി​യിൽ വെച്ചോ അകത്തു വെച്ചോ ഇതു സംഭവി​ക്കാം. സമീപ ദശകങ്ങ​ളിൽ വീടി​ന​കത്തെ വായു മലിനീ​ക​രണം നിരവധി രോഗ​ങ്ങൾക്കു വഴി​തെ​ളി​ച്ചി​രി​ക്കു​ന്നു എന്ന വസ്‌തുത “സിക്ക്‌-ബിൽഡിങ്‌ സിൻ​ഡ്രോം” എന്ന പദം രൂപം​കൊ​ള്ളാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നു.

സിക്ക്‌-ബിൽഡിങ്‌ സിൻ​ഡ്രോം

1970-കളിലാണ്‌ സിക്ക്‌-ബിൽഡിങ്‌ സിൻ​ഡ്രോം തലപൊ​ക്കി​യത്‌. വായു​സ​ഞ്ചാര മാർഗ​ങ്ങ​ളോ​ടു കൂടി നിർമി​ക്ക​പ്പെ​ട്ടി​രുന്ന വീടു​ക​ളു​ടെ​യും സ്‌കൂ​ളു​ക​ളു​ടെ​യും ഓഫീ​സു​ക​ളു​ടെ​യും സ്ഥാനത്ത്‌ ആകെ അടച്ചു​പൂ​ട്ടിയ അവസ്ഥയി​ലുള്ള, എയർ കണ്ടീഷൻ ചെയ്‌ത കെട്ടി​ടങ്ങൾ നിലവിൽ വന്നപ്പോ​ഴാ​യി​രു​ന്നു അത്‌. ഇൻസു​ലേഷൻ വസ്‌തു​ക്കൾ, വാർണി​ഷും മറ്റും പൂശിയ തടി, ബാഷ്‌പ​ശീ​ല​മുള്ള പശകൾ, കൃത്രിമ തുണി​ത്ത​രങ്ങൾ, പരവതാ​നി​കൾ എന്നിവ​യെ​ല്ലാം ഈ കെട്ടി​ട​ങ്ങ​ളു​ടെ സവി​ശേ​ഷ​ത​ക​ളാ​യി.

പ്രത്യേ​കി​ച്ചും, നിർമി​ച്ചെ​ടുത്ത ഉടനെ ഈ ഉത്‌പ​ന്ന​ങ്ങ​ളിൽ പലതും ഫോർമാൽഡി​ഹൈഡ്‌ പോലുള്ള അപകട​ക​ര​മാ​യേ​ക്കാ​വുന്ന രാസവ​സ്‌തു​ക്കൾ നേരിയ അളവിൽ പുറത്തു​വി​ടു​ന്നു. വായു​സ​ഞ്ചാ​ര​മി​ല്ലാ​ത്ത​തി​നാൽ ഇവ മുറി​യിൽത്തന്നെ തങ്ങിനിൽക്കും. പരവതാ​നി​ക​ളാ​ണെ​ങ്കിൽ പല തരത്തി​ലുള്ള ശുചീ​കരണ പദാർഥ​ങ്ങ​ളും ലായക​ങ്ങ​ളും വലി​ച്ചെ​ടു​ക്കു​ക​യും പിന്നീട്‌ ദീർഘ​കാ​ല​ത്തേക്ക്‌ അവ വായു​വി​ലേക്കു പുറന്ത​ള്ളു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കും. “വിവിധ ലായക​ങ്ങ​ളിൽനി​ന്നുള്ള ബാഷ്‌പ​ങ്ങ​ളാണ്‌ വീടി​ന​കത്തെ ഏറ്റവും സാധാ​ര​ണ​മായ വായു മലിനീ​കാ​രി​കൾ” എന്ന്‌ രാസവ​സ്‌തു​ക്ക​ളു​മാ​യുള്ള സമ്പർക്കം—ചെറിയ തോതി​ലെ​ങ്കിൽപ്പോ​ലും വലിയ അപകടങ്ങൾ എന്ന ഇംഗ്ലീഷ്‌ പുസ്‌തകം പറയുന്നു. “രാസ സംവേ​ദ​ക​ത്വ​മുള്ള രോഗി​കൾ, തങ്ങൾക്ക്‌ ഏറ്റവും കൂടുതൽ അലർജി​യു​ണ്ടാ​ക്കുന്ന പദാർഥ​ങ്ങ​ളി​ലൊന്ന്‌ ലായക​ങ്ങ​ളാ​ണെന്നു പറയുന്ന”തായി ആ പുസ്‌തകം ചൂണ്ടി​ക്കാ​ട്ടു​ന്നു.

മിക്കവർക്കും അത്തരം കെട്ടി​ട​ങ്ങ​ളി​ലെ പരിസ്ഥി​തി​യു​മാ​യി പൊരു​ത്ത​പ്പെ​ടാൻ കഴിയു​മെ​ങ്കി​ലും ചിലർക്ക്‌ തലവേദന, മാന്ദ്യം എന്നിവ മുതൽ ആസ്‌ത്‌മ, ശ്വാസ​നാള സംബന്ധ​മായ മറ്റു പ്രശ്‌നങ്ങൾ തുടങ്ങി​യവ വരെ ഉണ്ടാ​യേ​ക്കാം. ആ പ്രത്യേക പരിസ്ഥി​തി വിട്ടു​പോ​കു​മ്പോൾ സാധാ​ര​ണ​ഗ​തി​യിൽ ഈ ലക്ഷണങ്ങ​ളും അപ്രത്യ​ക്ഷ​മാ​കും. എന്നാൽ ചില​പ്പോൾ “അത്‌ എം സി എസ്‌ ആയി പരിണ​മി​ച്ചേ​ക്കാം” എന്ന്‌ ബ്രിട്ടീഷ്‌ വൈദ്യ​ശാ​സ്‌ത്ര പത്രി​ക​യായ ദ ലാൻസെറ്റ്‌ പറയുന്നു. എന്നാൽ, ഈ രാസവ​സ്‌തു​ക്കൾ ചിലരിൽ മാത്രം അസ്വാ​സ്ഥ്യ​ങ്ങൾ ഉണ്ടാക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇത്‌ പരിചി​ന്തനം അർഹി​ക്കുന്ന ചോദ്യ​മാണ്‌. കാരണം, അസ്വാ​സ്ഥ്യ​ങ്ങൾ ഇല്ലാത്ത​വർക്ക്‌ അത്‌ ഉള്ളവരു​ടെ അവസ്ഥ മനസ്സി​ലാ​ക്കാൻ പലപ്പോ​ഴും ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ട്ടേ​ക്കാം.

ഓരോ​രു​ത്ത​രും വ്യത്യ​സ്‌തർ

ഏതു വസ്‌തു​ക്ക​ളോ​ടാ​യാ​ലും, അവ രാസവ​സ്‌തു​ക്ക​ളോ രോഗാ​ണു​ക്ക​ളോ ആയി​ക്കൊ​ള്ളട്ടെ, നമ്മളി​ലോ​രോ​രു​ത്ത​രും വ്യത്യസ്‌ത തരത്തി​ലാ​ണു പ്രതി​ക​രി​ക്കു​ന്നത്‌ എന്ന വസ്‌തുത മനസ്സിൽ പിടി​ക്കു​ന്നതു നന്നായി​രി​ക്കും. ജനിതക ഘടന, പ്രായം, ലിംഗ​ഭേദം, ആരോ​ഗ്യ​നില, കഴിച്ചു​കൊ​ണ്ടി​രി​ക്കുന്ന മരുന്നു​കൾ, നേര​ത്തേ​ത​ന്നെ​യുള്ള രോഗങ്ങൾ എന്നിവ​യ്‌ക്കു പുറമേ മദ്യപാ​നം, പുകയി​ല​യു​ടെ ഉപയോ​ഗം, മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗം എന്നിങ്ങ​നെ​യുള്ള ശീലങ്ങ​ളും നമ്മുടെ പ്രതി​ക​ര​ണത്തെ ബാധി​ക്കു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, ഔഷധ​ങ്ങ​ളു​ടെ കാര്യ​ത്തിൽ “അത്‌ ഫലിക്കു​മോ എന്നതും അതിന്റെ പാർശ്വ​ഫ​ലങ്ങൾ എന്തായി​രി​ക്കും എന്നതും” നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും ശരീരം അതി​നോട്‌ ഏതു വിധത്തിൽ പ്രതി​ക​രി​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക പറയുന്നു. ഈ പാർശ്വ​ഫ​ല​ങ്ങ​ളിൽ ചിലത്‌ ഗുരു​ത​ര​മാ​യി​രി​ക്കാം, മരണം സംഭവി​ക്കാൻ പോലും അവ ഇടയാ​ക്കി​യേ​ക്കാം. സാധാ​ര​ണ​ഗ​തി​യിൽ, എൻ​സൈ​മു​കൾ എന്നു വിളി​ക്ക​പ്പെ​ടുന്ന മാംസ്യ​ങ്ങൾ, ഔഷധ​ങ്ങ​ളി​ലൂ​ടെ​യും മലിനീ​കാ​രി​ക​ളി​ലൂ​ടെ​യും നമ്മുടെ ശരീര​ത്തിൽ കയറി​ക്കൂ​ടുന്ന രാസവ​സ്‌തു​ക്കളെ നിർമാർജനം ചെയ്‌ത്‌ ശരീരത്തെ ശുദ്ധീ​ക​രി​ക്കു​ന്നു. എന്നാൽ, പാരമ്പര്യ ഘടകങ്ങ​ളു​ടെ​യോ വിഷവ​സ്‌തു​ക്കൾ മൂലം മുമ്പ്‌ സംഭവി​ച്ചി​ട്ടുള്ള തകരാ​റു​ക​ളു​ടെ​യോ പോഷ​കാ​ഹാ​ര​ക്കു​റ​വി​ന്റെ​യോ ഫലമായി ഈ “ശുചീ​കരണ” എൻ​സൈ​മു​ക​ളു​ടെ ഉത്‌പാ​ദ​ന​ത്തിന്‌ കോട്ടം സംഭവി​ച്ചാൽ അന്യരാ​സ​വ​സ്‌തു​ക്കൾ അപകട​ര​മായ അളവിൽ ശരീര​ത്തിൽ അടിഞ്ഞു​കൂ​ടി​യേ​ക്കാം. b

എം സി എസ്‌-നെ എൻ​സൈ​മു​മാ​യി ബന്ധപ്പെട്ട, പോർഫി​റി​യാസ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന രക്തസം​ബ​ന്ധ​മായ ഒരുകൂ​ട്ടം തകരാ​റു​ക​ളോട്‌ സാദൃ​ശ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ചിലതരം പോർഫി​റി​യാസ്‌ ഉള്ള വ്യക്തികൾ വാഹന​ങ്ങ​ളിൽനി​ന്നുള്ള പുക മുതൽ സുഗന്ധ​ദ്ര​വ്യ​ങ്ങൾ വരെ ഉള്ള രാസവ​സ്‌തു​ക്ക​ളോട്‌ മിക്ക​പ്പോ​ഴും പ്രതി​ക​രി​ക്കു​ന്നത്‌ എം സി എസ്‌ ഉള്ളവർ പ്രതി​ക​രി​ക്കുന്ന അതേ വിധത്തി​ലാണ്‌.

മനസ്സി​നെ​യും ബാധി​ക്കു​ന്നു

സാധാരണ സമ്പർക്ക​ത്തിൽ വരുന്ന രാസവ​സ്‌തു​ക്ക​ളിൽ ചിലത്‌ മയക്കു​മ​രു​ന്നു കഴിച്ചാ​ലെ​ന്ന​പോ​ലെ​യുള്ള അവസ്ഥയിൽ തന്നെ​കൊ​ണ്ടെ​ത്തി​ക്കു​ന്ന​താ​യി എം സി എസ്‌ ഉള്ള ഒരു സ്‌ത്രീ ഉണരുക!-യോടു പറഞ്ഞു: “എന്റെ വ്യക്തി​ത്വ​ത്തി​നു തന്നെ മാറ്റം സംഭവി​ക്കാ​റുണ്ട്‌. എനിക്ക്‌ ദേഷ്യ​വും ശുണ്‌ഠി​യും ഭയവും ആലസ്യ​വും ഒക്കെ തോന്നും. . . . . അവ ഏതാനും മണിക്കൂ​റു​കൾ, ചില​പ്പോൾ ദിവസ​ങ്ങൾതന്നെ നീണ്ടു​നി​ന്നെ​ന്നും വരാം.” അതേത്തു​ടർന്ന്‌ തനിക്ക്‌ മാന്ദ്യ​വും വിഷാ​ദ​വു​മൊ​ക്കെ അനുഭ​വ​പ്പെ​ടു​മെ​ന്നും അവൾ പറഞ്ഞു

ഇത്തരം പ്രശ്‌നങ്ങൾ എം സി എസ്‌ ഉള്ളവരിൽ സാധാ​ര​ണ​മാ​യി കണ്ടുവ​രു​ന്നു. “രാസവ​സ്‌തു​ക്ക​ളു​മാ​യി സമ്പർക്ക​ത്തി​ലാ​യി​രി​ക്കു​ന്ന​വർക്ക്‌, അത്‌ കീടനാ​ശി​നി​ക​ളു​മാ​യി​ട്ടുള്ള സമ്പർക്ക​മോ സിക്ക്‌-ബിൽഡിങ്‌ സിൻ​ഡ്രോ​മോ ആയി​ക്കൊ​ള്ളട്ടെ, മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി ഒരു ഡസനി​ല​ധി​കം രാജ്യങ്ങൾ റിപ്പോർട്ടു ചെയ്യു​ന്ന​താ​യി” ഡോ. ക്ലൊഡിയ മില്ലർ പറയുന്നു. “ലായക​ങ്ങ​ളു​മാ​യി സമ്പർക്ക​ത്തി​ലാ​യി​രി​ക്കുന്ന ജോലി​ക്കാർക്ക്‌ വിഭ്രാ​ന്തി​യും വിഷാ​ദ​വും ഉണ്ടാകാൻ കൂടുതൽ സാധ്യ​ത​യുണ്ട്‌. . . . അതു​കൊണ്ട്‌, രാസവ​സ്‌തു​ക്ക​ളു​മാ​യുള്ള സമ്പർക്കം ഏറ്റവും എളുപ്പ​ത്തിൽ ബാധി​ച്ചേ​ക്കാ​വു​ന്നത്‌ മസ്‌തി​ഷ്‌ക​ത്തെ​യാണ്‌ എന്ന കാര്യം നാം ഒരിക്ക​ലും വിസ്‌മ​രി​ക്ക​രുത്‌.”

രാസവ​സ്‌തു​ക്ക​ളു​മാ​യുള്ള സമ്പർക്കം മാനസിക പ്രശ്‌ന​ങ്ങൾക്കു വഴി​തെ​ളി​ച്ചേ​ക്കാ​മെ​ങ്കി​ലും തിരി​ച്ചും സംഭവി​ക്കാ​മെന്ന്‌, അതായത്‌ രാസവ​സ്‌തു​ക്ക​ളോട്‌ അലർജി ഉണ്ടാകാൻ മാനസിക പ്രശ്‌നങ്ങൾ ഇടയാ​ക്കി​യേ​ക്കാ​മെന്നു പല ഡോക്‌ടർമാ​രും വിശ്വ​സി​ക്കു​ന്നു. ശാരീ​രിക കാരണ​ങ്ങ​ളാണ്‌ എം സി എസിന്‌ ഇടയാ​ക്കു​ന്ന​തെന്ന്‌ ഉറച്ചു വിശ്വ​സി​ക്കു​ന്ന​വ​രാണ്‌ മുമ്പു പരാമർശിച്ച ഡോ. മില്ലറും ഡോ. നിക്കോ​ളസ്‌ ആഷ്‌ഫൊർഡും. എന്നാൽ, “വിവാ​ഹ​മോ​ച​ന​മോ ഇണയുടെ മരണമോ സൃഷ്ടി​ച്ചേ​ക്കാ​വുന്ന മാനസിക പ്രശ്‌നങ്ങൾ പ്രതി​രോധ വ്യവസ്ഥ​യു​ടെ പ്രവർത്ത​നത്തെ തകരാ​റി​ലാ​ക്കി​യേ​ക്കാ​മെ​ന്നും അത്‌, ചിലരെ കുറഞ്ഞ അളവി​ലുള്ള രാസവ​സ്‌തു​ക്ക​ളോ​ടു​പോ​ലും കൂടുതൽ സംവേ​ദ​ക​ത്വം ഉള്ളവരാ​ക്കി​യേ​ക്കാ​മെ​ന്നും” അവർ സമ്മതി​ക്കു​ന്നു. “മനസ്സും ശരീര​വും തമ്മിലുള്ള ബന്ധം തികച്ചും സങ്കീർണ​മാണ്‌,” അവർ പറയുന്നു. ശാരീ​രിക കാരണ​ങ്ങ​ളാണ്‌ എം സി എസിന്‌ ഇടയാ​ക്കു​ന്ന​തെന്നു വിശ്വ​സി​ക്കുന്ന മറ്റൊരു വ്യക്തി​യായ ഡോ. ഷെറി റോ​ജേ​ഴ്‌സ്‌ “സമ്മർദം ഒരാളെ രാസവ​സ്‌തു​ക്ക​ളോ​ടു കൂടുതൽ സംവേ​ദ​ക​ത്വ​മു​ള്ള​വ​നാ​ക്കു​ന്നു” എന്ന്‌ പറയുന്നു.

പ്രസ്‌തു​ത രോഗം ഉള്ളവർക്കു തങ്ങളുടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്താൻ, കുറഞ്ഞ​പക്ഷം അതുമാ​യി ബന്ധപ്പെട്ട അസ്വസ്ഥ​തകൾ ലഘൂക​രി​ക്കാൻ എന്തെങ്കി​ലും ചെയ്യാൻ സാധി​ക്കു​മോ?

എം സി എസ്‌ ഉള്ളവർക്കു സഹായം

എം സി എസ്‌-ന്‌ പ്രതി​വി​ധി ഉള്ളതായി അറിയി​ല്ലെ​ങ്കി​ലും പല രോഗി​കൾക്കും ഈ പ്രശ്‌നം മൂലം ഉണ്ടാകുന്ന അസ്വസ്ഥ​തകൾ കുറയ്‌ക്കാൻ സാധി​ച്ചി​ട്ടുണ്ട്‌. പലർക്കും സാമാ​ന്യം നല്ലൊ​ര​ള​വു​വരെ സാധാരണ ജീവിതം നയിക്കാ​നും കഴിഞ്ഞി​രി​ക്കു​ന്നു. അതുമാ​യി പൊരു​ത്ത​പ്പെ​ടാൻ അവരെ സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌? പ്രശ്‌നം സൃഷ്ടി​ക്കുന്ന രാസവ​സ്‌തു​ക്കൾ കഴിയു​ന്നത്ര ഒഴിവാ​ക്ക​ണ​മെന്ന ഡോക്‌ട​റു​ടെ നിർദേശം പിൻപ​റ്റി​യത്‌ തങ്ങൾക്കു പ്രയോ​ജനം ചെയ്യു​ന്നു​വെന്ന്‌ ചിലർ പറയുന്നു. c അത്തരം രാസവ​സ്‌തു​ക്കൾ ഒഴിവാ​ക്കു​ന്നത്‌ തനിക്ക്‌ പ്രയോ​ജനം ചെയ്‌തി​ട്ടു​ണ്ടെന്ന്‌ എം സി എസ്‌ രോഗി​യായ ജൂഡി പറയുന്നു. എപ്‌സ്റ്റൈൻ-ബാർ വൈറസ്‌ ബാധയിൽനിന്ന്‌ സുഖം പ്രാപി​ച്ചു​കൊ​ണ്ടി​രുന്ന അവസര​ത്തിൽ വീട്ടിൽവെച്ച്‌ അവൾ ഒരു കീടനാ​ശി​നി​യു​മാ​യി അമിത സമ്പർക്ക​ത്തി​ലാ​കു​ക​യും തുടർന്ന്‌ അവൾക്ക്‌ എം സി എസ്‌ ഉണ്ടാകു​ക​യും ചെയ്‌തു.

പല എം സി എസ്‌ രോഗി​ക​ളെ​യും പോലെ ജൂഡി​ക്കും വീട്ടാ​വ​ശ്യ​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കുന്ന ഒട്ടേറെ രാസവ​സ്‌തു​ക്ക​ളോട്‌ അലർജി​യുണ്ട്‌. അതു​കൊണ്ട്‌ അവൾ പാത്രം കഴുകാ​നും തുണി​യ​ല​ക്കാ​നും മറ്റും ഉപയോ​ഗി​ക്കു​ന്നത്‌ സോഡാ കാരവും ശുദ്ധമായ സോപ്പു​മാണ്‌. വിനാ​ഗി​രി തുണി​കൾക്ക്‌ ഉപയോ​ഗി​ക്കാ​വുന്ന ഒന്നാന്തരം ഒരു സോഫ്‌റ്റ്‌നർ ആണെന്ന്‌ അവൾ കണ്ടെത്തി​യി​രി​ക്കു​ന്നു. അവളുടെ അലമാ​ര​യി​ലും കിടപ്പു​മു​റി​യി​ലും കൃത്രിമ തുണി​ത്ത​രങ്ങൾ ഒന്നുമില്ല. അവളുടെ ഭർത്താ​വാ​ണെ​ങ്കിൽ ഡ്രൈ​ക്ലീൻ ചെയ്‌ത വസ്‌ത്രങ്ങൾ ആഴ്‌ച​ക​ളോ​ളം നല്ല വായു​സ​ഞ്ചാ​ര​മുള്ള സ്ഥലത്തു സൂക്ഷി​ച്ച​ശേഷം അതിലെ രാസവ​സ്‌തു​ക്ക​ളു​ടെ അംശ​മെ​ല്ലാം പോ​യെന്ന്‌ ഉറപ്പു​വ​രു​ത്തി​യി​ട്ടേ അലമാ​ര​യിൽ കൊണ്ടു​വെ​ക്കാ​റു​ള്ളൂ.

ഇന്നത്തെ ലോക​ത്തിൽ, പ്രശ്‌ന​മു​ണ്ടാ​ക്കുന്ന രാസവ​സ്‌തു​ക്ക​ളു​മാ​യുള്ള എല്ലാ സമ്പർക്ക​വും ഒഴിവാ​ക്കുക എന്നത്‌ എം സി എസ്‌ ഉള്ളവരെ സംബന്ധി​ച്ചി​ട​ത്തോ​ളം സാധ്യ​മാ​യെന്നു വരില്ല. അമേരി​ക്കൻ ഫാമിലി ഫിസി​ഷ്യൻ പറയുന്നു: “രാസവ​സ്‌തു​ക്ക​ളു​മാ​യുള്ള സമ്പർക്കം ഒഴിവാ​ക്കാൻ ശ്രമി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും രോഗി സമൂഹ​ത്തിൽനി​ന്നു പിൻവ​ലി​യാ​നും തന്നെത്തന്നെ ഒറ്റപ്പെ​ടു​ത്താ​നു​മുള്ള പ്രവണത കാണി​ക്കു​മെ​ന്നു​ള്ള​താണ്‌ എം സി എസ്‌ ഉയർത്തുന്ന ഏറ്റവും വലിയ പ്രശ്‌നം.” ചികി​ത്സ​ക​രു​ടെ മേൽനോ​ട്ട​ത്തിൽ രോഗി​കൾ ജോലി ചെയ്യു​ക​യും ആളുക​ളു​മാ​യി ഇടപഴ​കു​ക​യും, ക്രമേണ തങ്ങളുടെ പ്രവർത്ത​നങ്ങൾ വർധി​പ്പി​ക്കു​ക​യും ചെയ്യണ​മെന്ന്‌ ആ ജേർണൽ നിർദേ​ശി​ക്കു​ന്നു. അതേസ​മയം, വിഭ്രാ​ന്തി ഉണ്ടാകു​ക​യും ഹൃദയ​മി​ടി​പ്പു വർധി​ക്കു​ക​യും ചെയ്യുന്ന അവസര​ങ്ങ​ളിൽ അതു കൈകാ​ര്യം ചെയ്യാ​നാ​യി, പിരി​മു​റു​ക്കം കുറയ്‌ക്കാ​നുള്ള മാർഗ​ങ്ങ​ളും ശ്വസന​നി​യ​ന്ത്രണ വിദ്യ​ക​ളും പഠി​ക്കേ​ണ്ട​തുണ്ട്‌. ജീവി​ത​ത്തിൽനിന്ന്‌ രാസവ​സ്‌തു​ക്കളെ സമ്പൂർണ​മാ​യി ഒഴിവാ​ക്കുക എന്നതിനു പകരം ക്രമേണ അവയു​മാ​യി പൊരു​ത്ത​പ്പെ​ടാൻ രോഗി​കളെ സഹായി​ക്കുക എന്നതാണ്‌ ചികി​ത്സ​ക​രു​ടെ ലക്ഷ്യം.

മറ്റൊരു പ്രധാ​ന​പ്പെട്ട ചികിത്സ രാത്രി​യിൽ നന്നായി ഉറങ്ങു​ന്ന​താണ്‌. എം സി എസ്‌ രോഗി​യെ​ങ്കി​ലും ഇപ്പോൾ അതിന്റെ ലക്ഷണങ്ങ​ളിൽനിന്ന്‌ ഏതാണ്ട്‌ വിമു​ക്ത​നായ ഡേവിഡ്‌, അതിനു തന്നെ സഹായിച്ച ഒരു പ്രധാന സംഗതി ശുദ്ധവാ​യു ധാരാളം ലഭിക്കുന്ന മുറി​യിൽ ഉറങ്ങി​യ​താ​ണെന്നു പറയുന്നു. ഏർണസ്റ്റി​നും അദ്ദേഹ​ത്തി​ന്റെ ഭാര്യ ലൊ​റെ​യ്‌നി​നും എം സി എസ്‌ ഉണ്ട്‌. “രാത്രി നന്നായി ഉറങ്ങു​ന്നത്‌, പകൽ സമയങ്ങ​ളിൽ രാസവ​സ്‌തു​ക്ക​ളോ​ടു സമ്പർക്ക​ത്തിൽ വരുന്ന​തു​മാ​യി പൊരു​ത്ത​പ്പെ​ടാൻ വളരെ​യ​ധി​കം സഹായി​ക്കു”ന്നതായി അവരും കണ്ടെത്തു​ന്നു.

നല്ല ആരോ​ഗ്യം നിലനിർത്താ​നും വീണ്ടെ​ടു​ക്കാ​നും പോഷ​ക​സ​മൃ​ദ്ധ​മായ ആഹാരം കഴി​ക്കേ​ണ്ട​തുണ്ട്‌. “രോഗ​ങ്ങളെ തടയാൻ സഹായി​ക്കുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ഘടകം” എന്ന്‌ അതിനെ വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നു. ആരോ​ഗ്യം പൂർണ​മാ​യി​ട്ട​ല്ലെ​ങ്കി​ലും പരമാ​വധി വീണ്ടെ​ടു​ക്ക​ണ​മെ​ങ്കിൽ, ശരീര​ത്തി​ന്റെ വ്യവസ്ഥ​ക​ളെ​ല്ലാം കാര്യ​ക്ഷ​മ​മാ​യി പ്രവർത്തി​ക്കേ​ണ്ടത്‌ പ്രധാ​ന​മാണ്‌. വിറ്റാ​മിൻ ഗുളി​ക​ക​ളും ടോണി​ക്കു​ക​ളും മറ്റും കഴിക്കു​ന്നതു സഹായ​ക​മാ​യേ​ക്കാം.

നല്ല ആരോ​ഗ്യ​ത്തി​നു വ്യായാ​മം ആവശ്യ​മാണ്‌. വിയർക്കു​മ്പോൾ നിങ്ങളു​ടെ ശരീരം ത്വക്കി​ലൂ​ടെ വിഷാം​ശങ്ങൾ പുറന്ത​ള്ളു​ന്നു. നല്ല മനോ​ഭാ​വ​വും നർമ്മ​ബോ​ധ​വും ഉണ്ടായി​രി​ക്കേ​ണ്ട​തും പ്രധാ​ന​മാണ്‌, അതു​പോ​ലെ​ത​ന്നെ​യാണ്‌ സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്ന​തും മറ്റുള്ള​വ​രോ​ടു സ്‌നേഹം കാണി​ക്കു​ന്ന​തും. ഒരു ഡോക്‌ടർ തന്റെ എല്ലാ എം സി എസ്‌ രോഗി​കൾക്കും നിർദേ​ശി​ക്കുന്ന ഔഷധങ്ങൾ “സ്‌നേ​ഹ​വും ചിരി​യും” ആണ്‌. “സന്തുഷ്ട​ഹൃ​ദയം നല്ലോരു ഔഷധ​മാ​കു​ന്നു” എന്ന്‌ ബൈബിൾ പറയു​ന്നത്‌ എത്ര വാസ്‌ത​വ​മാണ്‌!—സദൃശ​വാ​ക്യ​ങ്ങൾ 17:22.

എന്നാൽ, നിത്യോ​പ​യോഗ സാധന​ങ്ങ​ളായ പെർഫ്യൂ​മു​ക​ളും ശുചീ​കരണ വസ്‌തു​ക്ക​ളും മറ്റു രാസവ​സ്‌തു​ക്ക​ളും എം സി എസ്‌ ഉള്ളവർക്ക്‌ അലർജി​യു​ണ്ടാ​ക്കു​ന്ന​തു​കൊണ്ട്‌ സന്തോ​ഷ​പ്ര​ദ​വും സ്‌നേ​ഹ​പൂർണ​വു​മായ കൂട്ടു​കെട്ട്‌ ആസ്വദി​ക്കു​ന്നത്‌ അവർക്ക്‌ വലിയ ഒരു പ്രശ്‌ന​മാ​യി​രി​ക്കാം. എം സി എസ്‌ ഉള്ള ചിലർ അത്തരം സാഹച​ര്യ​ങ്ങളെ കൈകാ​ര്യം ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌? അതു​പോ​ലെ​തന്നെ, എം സി എസ്‌ ഉള്ളവരെ സഹായി​ക്കാൻ മറ്റുള്ള​വർക്ക്‌ എന്തു ചെയ്യാൻ കഴിയും? അടുത്ത ലേഖനം ഈ കാര്യങ്ങൾ ചർച്ച ചെയ്യും.

[അടിക്കു​റി​പ്പു​കൾ]

a ഉണരുക! ഒരു വൈദ്യ​ശാ​സ്‌ത്ര പത്രി​കയല്ല. അതു​കൊ​ണ്ടു​തന്നെ ഞങ്ങളുടെ ഈ ലേഖനങ്ങൾ വൈദ്യ​ശാ​സ്‌ത്ര​പ​ര​മായ ഏതെങ്കി​ലു​മൊ​രു വീക്ഷണത്തെ ഉന്നമി​പ്പി​ക്കാൻ ഉദ്ദേശി​ച്ചു​ള്ളതല്ല. സമീപ​കാ​ലത്തെ ഏതാനും കണ്ടുപി​ടി​ത്ത​ങ്ങ​ളെ​യും ഈ പ്രശ്‌നത്തെ കൈകാ​ര്യം ചെയ്യു​ന്ന​തി​നു സഹായ​ക​മെന്നു ചില ഡോക്‌ടർമാ​രും രോഗി​ക​ളും കണ്ടെത്തി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​യും സംബന്ധിച്ച്‌ ഒരു റിപ്പോർട്ട്‌ നൽകുക മാത്ര​മാണ്‌ ഞങ്ങൾ ചെയ്‌തി​രി​ക്കു​ന്നത്‌. എം സി എസ്‌-ന്റെ കാരണ​ങ്ങ​ളെ​യും അതിന്റെ സ്വഭാ​വ​ത്തെ​യും ചികി​ത്സ​യെ​യും കുറിച്ച്‌ ലോക​മെ​മ്പാ​ടു​മുള്ള ഡോക്‌ടർമാർക്ക്‌ ഏകാഭി​പ്രാ​യമല്ല ഉള്ളത്‌ എന്ന വസ്‌തുത ഉണരുക! മനസ്സി​ലാ​ക്കു​ന്നു.

b ലാക്‌റ്റേസ്‌ എന്ന എൻ​സൈ​മു​മാ​യി ബന്ധപ്പെട്ട പ്രശ്‌ന​മാണ്‌ ആളുക​ളിൽ സാധാരണ കണ്ടുവ​രു​ന്നത്‌. ലാക്‌റ്റേസ്‌ ആവശ്യ​ത്തിന്‌ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടാ​ത്ത​വ​രു​ടെ ശരീര​ത്തിന്‌ പാലിലെ ലാക്‌റ്റോസ്‌ ദഹിപ്പി​ക്കു​ന്ന​തിൽ ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ട്ടേ​ക്കാം, പാൽ കുടി​ക്കു​മ്പോൾ അവർക്ക്‌ അസ്വാ​സ്ഥ്യ​ങ്ങൾ അനുഭ​വ​പ്പെ​ടു​ന്നു. മറ്റു ചിലരു​ടെ ശരീര​ത്തിൽ, ചീസി​ലും മറ്റു ഭക്ഷ്യ പദാർഥ​ങ്ങ​ളി​ലും കണ്ടുവ​രുന്ന രാസവ​സ്‌തു​വായ ടൈറ​മി​നെ ദഹിപ്പി​ക്കുന്ന എൻസൈം ആവശ്യ​ത്തിന്‌ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നില്ല. തത്‌ഫ​ല​മാ​യി, അത്തരം ആഹാര​പ​ദാർഥങ്ങൾ കഴിച്ചാൽ അവർക്ക്‌ കൊടി​ഞ്ഞി​കുത്ത്‌ ഉണ്ടാ​യേ​ക്കാം.

ആഹാര​ക്ര​മ​ത്തി​ലോ ജീവി​ത​ശൈ​ലി​യി​ലോ ചെറിയ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ മാത്രം വരുത്തി​ക്കൊണ്ട്‌ അതിന്റെ ലക്ഷണങ്ങൾ കുറയ്‌ക്കു​ക​യോ ഇല്ലാതാ​ക്കുക പോലു​മോ ചെയ്യാൻ കഴിയു​മെന്ന്‌ പരി​ശോ​ധ​ന​ക​ളി​ലൂ​ടെ തെളി​ഞ്ഞേ​ക്കാം.

c തങ്ങൾക്ക്‌ എം സി എസ്‌ ഉണ്ടെന്നു കരുതു​ന്നവർ നല്ല ഒരു ഡോക്‌ട​റു​ടെ സഹായം തേടണം. ഒരു സമ്പൂർണ പരി​ശോ​ധ​ന​യ്‌ക്കു ശേഷമ​ല്ലാ​തെ ജീവിത ശൈലിക്ക്‌, ഒരുപക്ഷേ വളരെ​യ​ധി​കം പണം ചെലവി​ട്ടു​കൊണ്ട്‌, സമൂല മാറ്റം വരുത്തു​ന്നതു ബുദ്ധി​യാ​യി​രി​ക്കില്ല. നിങ്ങളു​ടെ

[7-ാം പേജിലെ ചതുരം/ചിത്രം]

നിങ്ങൾക്ക്‌ ഇത്ര​യേറെ രാസവ​സ്‌തു​ക്ക​ളു​ടെ ആവശ്യ​മു​ണ്ടോ?

വിഷക​ര​മാ​യേ​ക്കാ​വുന്ന രാസവ​സ്‌തു​ക്ക​ളു​മാ​യുള്ള സമ്പർക്കം പരമാ​വധി കുറയ്‌ക്കാൻ നാമെ​ല്ലാം ശ്രദ്ധി​ക്കണം. വീട്ടാ​വ​ശ്യ​ത്തിന്‌ ഉപയോ​ഗി​ക്കുന്ന രാസവ​സ്‌തു​ക്ക​ളും ഇക്കൂട്ട​ത്തിൽ പെടും. രാസവ​സ്‌തു​ക്ക​ളു​മാ​യി സമ്പർക്ക​ത്തി​ലാ​കൽ എന്ന ഇംഗ്ലീഷ്‌ പുസ്‌തകം ഇപ്രകാ​രം പറയുന്നു: “വീടി​ന​കത്തെ വായു മലിനീ​കാ​രി​കൾ, രാസവ​സ്‌തു​ക്ക​ളോ​ടുള്ള അലർജി​കൾക്കു തുടക്ക​മി​ടുന്ന ഏറ്റവും ശക്തമായ ഘടകങ്ങ​ളിൽ പെടു​ന്ന​താ​യി കാണുന്നു. ബാഷ്‌പ​ശീ​ല​മുള്ള വ്യത്യ​സ്‌ത​ങ്ങ​ളായ നൂറു​ക​ണ​ക്കി​നു കാർബ​ണിക രാസവ​സ്‌തു​ക്കൾ കുറഞ്ഞ അളവിൽ അടങ്ങി​യി​രി​ക്കുന്ന സങ്കീർണ​മായ മിശ്രി​തങ്ങൾ വീടി​ന​ക​ത്തുണ്ട്‌.” d

അതു​കൊണ്ട്‌ നിങ്ങൾ ഇപ്പോൾ ഉപയോ​ഗി​ക്കുന്ന അത്രയും രാസവ​സ്‌തു​ക്കൾ, പ്രത്യേ​കി​ച്ചും കീടനാ​ശി​നി​ക​ളും ബാഷ്‌പ​ശീ​ല​മുള്ള ലായകങ്ങൾ അടങ്ങുന്ന ഉത്‌പ​ന്ന​ങ്ങ​ളും, ശരിക്കും ആവശ്യ​മു​ണ്ടോ എന്ന്‌ സ്വയം ചോദി​ക്കുക. അവയ്‌ക്കു പകരം വിഷക​ര​മ​ല്ലാത്ത പദാർഥങ്ങൾ നിങ്ങൾ ഉപയോ​ഗി​ച്ചു നോക്കി​യി​ട്ടു​ണ്ടോ? ഇനി, അപകട​സാ​ധ്യ​ത​യുള്ള ഒരു രാസവ​സ്‌തു ഉപയോ​ഗി​ക്കാ​തെ മറ്റു നിവൃ​ത്തി​യൊ​ന്നും ഇല്ല എങ്കിൽ ആവശ്യ​മായ എല്ലാ മുൻക​രു​ത​ലു​ക​ളും എടുത്ത ശേഷമേ അതു കൈകാ​ര്യം ചെയ്യാവൂ. കുട്ടി​ക​ളു​ടെ കൈ എത്താത്ത, രാസവ​സ്‌തു​വിൽനി​ന്നു പുറത്തു വരുന്ന ബാഷ്‌പം കൊണ്ട്‌ ദോഷ​മൊ​ന്നും വരാത്ത സുരക്ഷി​ത​മായ ഒരു സ്ഥാനത്ത്‌ അവ സൂക്ഷി​ക്കാ​നും ശ്രദ്ധി​ക്കണം. സീലു ചെയ്‌ത ചില പാത്ര​ങ്ങ​ളി​ലി​രി​ക്കുന്ന രാസവ​സ്‌തു​ക്ക​ളിൽനി​ന്നു പോലും ബാഷ്‌പം പുറത്തു​വ​ന്നേ​ക്കാം എന്ന കാര്യം ഓർമി​ക്കുക.

നമ്മുടെ ചർമത്തിൽ പുരട്ടു​ക​യോ സ്‌പ്രേ ചെയ്യു​ക​യോ ചെയ്യുന്ന രാസവ​സ്‌തു​ക്ക​ളു​ടെ കാര്യ​ത്തി​ലും ഇതു​പോ​ലെ തന്നെ ശ്രദ്ധ ആവശ്യ​മാണ്‌. പെർഫ്യൂ​മു​കൾ ഉൾപ്പെ​ടെ​യുള്ള പല രാസവ​സ്‌തു​ക്ക​ളെ​യും രക്തത്തി​ലേക്കു കടത്തി​വി​ടാ​നുള്ള കഴിവ്‌ ചർമത്തി​നുണ്ട്‌. ചില മരുന്നു​കൾ ചർമത്തി​നു പുറത്തു പുരട്ടു​ന്നത്‌ അതു​കൊ​ണ്ടാ​ണ​ല്ലോ. ആയതി​നാൽ ഒരു വിഷ രാസവ​സ്‌തു ചർമത്തിൽ വീഴു​ന്നെ​ങ്കിൽ “ആദ്യം ചെയ്യേണ്ട ഏറ്റവും അടിയ​ന്തിര നടപടി ചർമത്തിൽ അതിന്റെ അംശം ഒട്ടും അവശേ​ഷി​ക്കാത്ത വിധത്തിൽ അത്‌ കഴുകി​ക്ക​ള​യു​ക​യാണ്‌” എന്ന്‌ റ്റൈർഡ്‌ ഓർ ടോക്‌സിക്‌? എന്ന പുസ്‌തകം പറയുന്നു.

എം സി എസ്‌ ഉള്ള പലയാ​ളു​ക​ളും പെർഫ്യൂ​മു​ക​ളോട്‌ അലർജി​യു​ള്ള​വ​രാണ്‌. പെർഫ്യൂ​മു​ക​ളിൽ ഉപയോ​ഗി​ക്കുന്ന രാസവ​സ്‌തു​ക്ക​ളിൽ 95 ശതമാ​ന​വും പെ​ട്രോ​ളി​യ​ത്തിൽനിന്ന്‌ തയ്യാറാ​ക്കുന്ന കൃത്രിമ സംയു​ക്ത​ങ്ങ​ളാണ്‌

. അസെ​റ്റോൺ, കാംഫർ, ബെൻസാൽഡി​ഹൈഡ്‌, എഥനോൾ, ജി-റ്റെർപി​നിൻ തുടങ്ങി​യവ. ഈ പദാർഥങ്ങൾ നിമി​ത്ത​മു​ണ്ടാ​കുന്ന ആരോഗ്യ പ്രശ്‌ന​ങ്ങളെ കുറിച്ച്‌ ഐക്യ​നാ​ടു​ക​ളി​ലെ പരിസ്ഥി​തി സംരക്ഷണ ഏജൻസി ചില കാര്യങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചി​രു​ന്നു. എയർ ഫ്രഷ്‌ന​റു​ക​ളിൽ അടങ്ങി​യി​രി​ക്കുന്ന രാസവ​സ്‌തു​ക്ക​ളു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. എയർ ഫ്രഷ്‌ന​റു​കളെ കുറിച്ചു പഠിക്കുന്ന പരിസ്ഥി​തി​ശാ​സ്‌ത്രജ്ഞർ “വീടി​ന​കത്തെ വായു​വി​ന്റെ ഗുണമേന്മ മെച്ച​പ്പെ​ടു​ത്തുന്ന പദാർഥ​ങ്ങ​ളാ​യല്ല, പകരം വായു മലിനീ​കാ​രി​ക​ളാ​യി​ട്ടാണ്‌ അവയെ കണക്കാ​ക്കു​ന്നത്‌” എന്ന്‌ യൂണി​വേ​ഴ്‌സി​റ്റി ഓഫ്‌ കാലി​ഫോർണിയ അറ്റ്‌ ബെർക്ലി വെൽനസ്‌ ലെറ്റർ പറയുന്നു. എയർ ഫ്രഷ്‌ന​റു​കൾ ദുർഗന്ധം ഇല്ലാതാ​ക്കു​ന്നില്ല, അത്‌ അറിയാ​താ​ക്കുക മാത്രമേ ചെയ്യു​ന്നു​ള്ളൂ.

“എല്ലാ രാസവ​സ്‌തു​ക്ക​ളും ചില സാഹച​ര്യ​ങ്ങ​ളിൽ വിഷക​ര​മാണ്‌ എന്നത്‌ വിഷവി​ജ്ഞാ​ന​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട ആശയങ്ങ​ളി​ലൊ​ന്നാണ്‌” എന്ന്‌ സാധ്യ​ത​യുള്ള അപകടങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

[അടിക്കു​റിപ്പ്‌]

d പല തരത്തി​ലുള്ള വിഷരാ​സ​വ​സ്‌തു​ക്ക​ളിൽനി​ന്നു ഭവനത്തെ സംരക്ഷി​ക്കാ​നുള്ള വഴികളെ കുറിച്ച്‌ ഉണരുക!യുടെ 1998 ഡിസംബർ 22 ലക്കം ചർച്ച ചെയ്‌തി​രു​ന്നു.