വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

മലിനീ​ക​ര​ണ​ത്തിന്‌ ഇടയാ​ക്കുന്ന വിഗ്ര​ഹ​ങ്ങൾ

മതാനു​ഷ്‌ഠാ​നങ്ങൾ ഉൾപ്പെ​ടുന്ന വിശേ​ഷ​ദി​ന​ങ്ങൾക്കു ശേഷം വിഗ്ര​ഹങ്ങൾ ഏറ്റവും അടുത്തുള്ള ജലാശ​യ​ത്തിൽ താഴ്‌ത്തുക എന്നത്‌ ഹിന്ദു​ക്കൾക്കി​ട​യി​ലെ ഒരു പതിവാണ്‌. പൂക്കളിൽനി​ന്നോ പച്ചക്കറി​ക​ളിൽനി​ന്നോ ഉണ്ടാക്കിയ ചായം ഉപയോ​ഗിച്ച്‌ വിഗ്ര​ഹങ്ങൾ പെയിന്റ്‌ ചെയ്‌തി​രുന്ന കാലങ്ങ​ളിൽ ഇത്‌ പരിസ്ഥി​തി​ക്കു ഭീഷണി ആയിരു​ന്നില്ല. എന്നാൽ വിഗ്രഹ നിർമാ​താ​ക്കൾ ഘനലോ​ഹ​ങ്ങ​ളും കാൻസർജനക പദാർഥ​ങ്ങ​ളും അടങ്ങിയ പെയിന്റ്‌ ഉപയോ​ഗി​ച്ചു തുടങ്ങി​യ​തോ​ടെ സ്ഥിതി​ഗ​തി​കൾക്കു മാറ്റം സംഭവി​ച്ചി​രി​ക്കു​ന്നു. ആയിര​ക്ക​ണ​ക്കി​നു വിഗ്ര​ഹങ്ങൾ അരുവി​ക​ളി​ലും തടാക​ങ്ങ​ളി​ലു​മൊ​ക്കെ താഴ്‌ത്തി​യി​രി​ക്കു​ന്നത്‌ ഇന്ത്യയി​ലെ ചില പ്രദേ​ശ​ങ്ങ​ളിൽ രൂക്ഷമായ ജലമലി​നീ​ക​ര​ണ​ത്തിന്‌ ഇടയാ​ക്കി​യി​രി​ക്കു​ന്നു. എന്നാൽ ഈ പ്രശ്‌നം പരിഹ​രി​ക്കാ​നുള്ള ശ്രമത്തിൽ ഒരു പട്ടണത്തി​ലെ നിവാ​സി​കൾ നൂറു​ക​ണ​ക്കിന്‌ വിഗ്ര​ഹങ്ങൾ തുറസ്സായ ഒരു പ്രദേ​ശത്തു കൊണ്ടു​പോ​യി ഉടച്ചു​ക​ളഞ്ഞു. ഇന്ത്യയിൽ എല്ലായി​ട​ത്തും ഇതുതന്നെ ചെയ്യാ​നും വിഗ്രഹ നിർമാ​താ​ക്കൾ കൃത്രിമ പെയി​ന്റു​കൾക്കു പകരം മുമ്പ്‌ ഉപയോ​ഗി​ച്ചി​രുന്ന പ്രകൃ​തി​ജന്യ ചായങ്ങ​ളു​ടെ ഉപയോ​ഗ​ത്തി​ലേക്കു മടങ്ങാ​നും ഡൗൺ ടു എർത്ത്‌ എന്ന മാസിക നിർദേ​ശി​ക്കു​ന്നു. “അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ ഹിന്ദുക്കൾ ആരാധി​ക്കുന്ന നദികളെ അവർ ആരാധി​ക്കുന്ന വിഗ്ര​ഹങ്ങൾ വിഷലി​പ്‌ത​മാ​ക്കി​യേ​ക്കാം” എന്ന്‌ മാസിക കൂട്ടി​ച്ചേർക്കു​ന്നു.

മനുഷ്യൻ വരുത്തി​വെ​ക്കുന്ന ഭക്ഷ്യക്ഷാ​മ​ങ്ങൾ

“പ്രകൃതി വിപത്തു​ക​ളെ​ക്കാ​ളും ഭക്ഷ്യക്ഷാ​മ​ങ്ങൾക്ക്‌ ഇടയാ​ക്കു​ന്നത്‌ ആഭ്യന്ത​ര​ക​ലഹം, സാമ്പത്തിക പ്രതി​സന്ധി എന്നിങ്ങനെ മനുഷ്യൻ വരുത്തി​വെ​ക്കുന്ന വിപത്തു​ക​ളാണ്‌” എന്ന്‌ ഐക്യ​രാ​ഷ്‌ട്ര ഭക്ഷ്യ-കാർഷിക സംഘടന (എഫ്‌എഒ) റിപ്പോർട്ടു ചെയ്യുന്നു. എഫ്‌എഒ-യുടെ അസിസ്റ്റന്റ്‌ ഡയറക്ടർ ജനറൽ, ഡോ. ഹാർട്ട്വിച്ച്‌ ഡി ഹാൻ ഇങ്ങനെ പറഞ്ഞു: “1984-ൽ മൊത്തം [ഭക്ഷ്യ] പ്രതി​സ​ന്ധി​ക​ളു​ടെ ഏതാണ്ട്‌ പത്തു ശതമാനം മാത്ര​മാ​യി​രു​ന്നു മനുഷ്യ​നിർമിത വിപത്തു​ക​ളു​ടെ ഫലമാ​യു​ള്ളവ. എന്നാൽ ഇപ്പോൾ അത്‌ 50 ശതമാ​ന​ത്തി​ലും കൂടു​ത​ലാണ്‌.” 35 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 5.2 കോടി ആളുകൾ ഭക്ഷ്യക്ഷാ​മ​ത്താൽ വലയു​ന്നു​ണ്ടെന്നു കണക്കുകൾ സൂചി​പ്പി​ക്കു​ന്നു. റിപ്പോർട്ട്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “1984-ൽ സഹാറ​യ്‌ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേ​ശത്തെ വരൾച്ച​യ്‌ക്കു​ശേഷം ഇത്രയ​ധി​കം ആളുകൾ കൊടിയ ഭക്ഷ്യക്ഷാ​മ​ത്താൽ ബാധി​ക്ക​പ്പെ​ടു​ന്നത്‌ ഇതാദ്യ​മാ​യാണ്‌.”

ഭൗമേ​ത​ര​ജീ​വന്‌ സാധ്യ​ത​യി​ല്ല

“കഴിഞ്ഞ ഏതാനും ദശകങ്ങ​ളി​ലാ​യി കൂടുതൽ കൂടുതൽ ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞർ, നക്ഷത്ര​ങ്ങൾക്കി​ട​യിൽ അങ്ങിങ്ങാ​യി ജീവൻ ഉണ്ടായി​രി​ക്കാൻ സാധ്യ​ത​യുണ്ട്‌ എന്ന ആശയത്തി​നു പ്രചാരം നൽകി​യി​രി​ക്കു​ന്നു” എന്ന്‌ ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. അത്‌ ഇങ്ങനെ കൂട്ടി​ച്ചേർത്തു, “ഭൗമേതര ജീവനു​ണ്ടെന്ന ഈ വിശ്വാ​സം എണ്ണമറ്റ പുസ്‌ത​ക​ങ്ങ​ളു​ടെ രചനയ്‌ക്കും ചലച്ചി​ത്ര​ങ്ങ​ളു​ടെ​യും ടെലി​വി​ഷൻ പരിപാ​ടി​ക​ളു​ടെ​യും നിർമാ​ണ​ത്തി​നും ഇടയാ​ക്കി​യി​രി​ക്കു​ന്നു എന്നു മാത്രമല്ല . . . ബുദ്ധി​യുള്ള ഭൗമേ​ത​ര​ജീ​വി​ക​ളിൽ നിന്നുള്ള നേരിയ റേഡി​യോ സംജ്ഞകൾക്കാ​യി വലിയ ഡിഷ്‌ ആന്റിനകൾ ഉപയോ​ഗി​ച്ചുള്ള ദീർഘ​നാ​ളത്തെ ഒരു ശാസ്‌ത്രീയ അന്വേ​ഷ​ണ​ത്തി​നും പ്രചോ​ദനം നൽകി​യി​രി​ക്കു​ന്നു.” എന്നാൽ ഈ അന്വേ​ഷണം പരാജ​യ​പ്പെ​ടാ​നാ​ണു സാധ്യത എന്ന്‌ അസാധാ​രണ ഭൂമി എന്ന പുസ്‌ത​ക​ത്തി​ന്റെ ഗ്രന്ഥകർത്താ​ക്ക​ളും പ്രശസ്‌ത ശാസ്‌ത്ര​ജ്ഞ​രു​മായ ഡോ. പീറ്റർ ഡി. വാർഡും ഡോ. ഡോണാൾഡ്‌ സി. ബ്രൗൺലീ​യും പറയുന്നു. ജ്യോ​തി​ശ്ശാ​സ്‌ത്രം, പുരാ​ജീ​വി​ശാ​സ്‌ത്രം, ഭൂവി​ജ്ഞാ​നം എന്നീ ശാഖക​ളി​ലെ പുതിയ കണ്ടുപി​ടി​ത്തങ്ങൾ “ഭൂമി​യു​ടെ ഘടനയും സ്ഥിരത​യും അത്യന്തം അസാധാ​ര​ണ​മാണ്‌” എന്നും മറ്റിട​ങ്ങ​ളി​ലെ അവസ്ഥകൾ സങ്കീർണ​മായ ജീവരൂ​പ​ങ്ങൾക്ക്‌ വസിക്കാൻ പറ്റിയ​ത​ല്ലെ​ന്നും കാണി​ക്കു​ന്നു എന്ന്‌ അവർ പറയുന്നു. “മറ്റുപ​ല​രും നാളു​ക​ളാ​യി മനസ്സിൽ കൊണ്ടു​ന​ട​ന്നി​ട്ടുള്ള ഒരു സംഗതി—കുറഞ്ഞ​പക്ഷം, സങ്കീർണ ജീവരൂ​പ​ങ്ങ​ളെ​ങ്കി​ലും [മറ്റിട​ങ്ങ​ളിൽ] ഉണ്ടായി​രി​ക്കാൻ സാധ്യ​ത​യില്ല എന്നത്‌—ഞങ്ങളി​പ്പോൾ തുറന്നു പ്രസ്‌താ​വി​ച്ചി​രി​ക്കു​ക​യാണ്‌” എന്ന്‌ ഡോ. വാർഡ്‌ പറഞ്ഞു. ഡോ. ബ്രൗൺലീ ഇങ്ങനെ കൂട്ടി​ച്ചേർത്തു: ‘സൗരയൂ​ഥ​ത്തിൽ ജീവനു​ണ്ടെ​ന്നുള്ള വസ്‌തു​തയെ മറ്റു നക്ഷത്ര​ങ്ങൾക്കി​ട​യിൽ ജീവനു​ണ്ടെ​ന്ന​തി​ന്റെ തെളി​വാ​യി ആളുകൾ ചൂണ്ടി​ക്കാ​ണി​ക്കാ​റുണ്ട്‌. എന്നാൽ അതു ശരിയല്ല. പ്രപഞ്ച​ത്തി​ലെ മിക്ക പരിസ്ഥി​തി​ക​ളും ജീവന്‌ ഒട്ടും അനു​യോ​ജ്യ​മല്ല. പ്രപഞ്ച​ത്തി​ലെ, ഭൂമി പോ​ലെ​യുള്ള ഏദെൻ പറുദീ​സ​ക​ളിൽ മാത്രമേ ജീവൻ ഉണ്ടായി​രി​ക്കാൻ കഴിയൂ.’

സഹസ്രാ​ബ്ദത്തെ വരവേൽക്കാൻ ദൃഢചി​ത്തർ

“മരണവു​മാ​യി മല്ലിടു​ന്ന​വ​രു​ടെ ആയുസ്സ്‌ നീട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തിൽ, പ്രധാ​ന​പ്പെട്ട സംഭവ​ങ്ങൾക്ക്‌ സാക്ഷ്യം വഹിക്കാ​നുള്ള നിശ്ചയ​ദാർഢ്യം വളരെ വലിയ പങ്കുവ​ഹി​ക്കു​ന്നു എന്നത്‌ ഏറെക്കു​റെ തെളി​യി​ക്ക​പ്പെട്ട ഒരു വസ്‌തു​ത​യാണ്‌” എന്ന്‌ മേരി​ലൻഡി​ലെ ബേഥെ​സ്‌ദ​യി​ലുള്ള യു.എസ്‌. നാഷണൽ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓൺ ഏജിങ്ങി​ലെ റിച്ചർഡ്‌ സൂസ്‌മാൻ പറയുന്നു. “ഇത്‌ എങ്ങനെ നടക്കുന്നു എന്നതിനെ കുറിച്ച്‌ കാര്യ​മാ​യി ഒന്നും അറിയി​ല്ലെ​ങ്കി​ലും പ്രസ്‌തുത സംഗതി സംഭവി​ക്കു​ന്നു എന്നതിൽ സംശയ​മില്ല.” ലണ്ടനിലെ ദ ഗാർഡി​യൻ റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ പുതു​വ​ത്സ​ര​ത്തി​ന്റെ ആദ്യ ആഴ്‌ച​യിൽ ശരാശ​രി​യി​ലും കൂടുതൽ ആളുകൾ മരിച്ചു, 2000-ാം ആണ്ട്‌ കാണാൻ അവർ മനസ്സിൽ ദൃഢനി​ശ്ചയം ചെയ്‌തി​രു​ന്നു എന്നു വ്യക്തം. ബ്രിട്ട​നിൽ ആ ആഴ്‌ച നടന്ന മരണങ്ങ​ളു​ടെ എണ്ണം 1999-ന്റെ ആദ്യത്തെ ആഴ്‌ചയെ അപേക്ഷിച്ച്‌ 65 ശതമാനം കൂടുതൽ ആയിരു​ന്നു. ന്യൂ​യോർക്ക്‌ നഗരത്തി​ലാ​ണെ​ങ്കിൽ അത്‌ 50 ശതമാ​ന​ത്തി​ലും അധിക​മാ​യി​രു​ന്നു. ലോക​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലും ഇതുതന്നെ സംഭവി​ച്ചു എന്ന്‌ ഇന്റർനാ​ഷണൽ ലോ​ഞ്ചെ​വി​റ്റി സെന്ററി​ന്റെ പ്രസി​ഡന്റ്‌, റോബർട്ട്‌ ബട്ട്‌ലർ പറഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ജീവി​ക്കാ​നുള്ള ദൃഢനി​ശ്ച​യ​ത്തിന്‌ അത്ഭുതങ്ങൾ സൃഷ്ടി​ക്കാൻ കഴിയും.”

ബൈബിൾ കൂടുതൽ ഭാഷക​ളിൽ

“ഏറ്റവു​മ​ധി​കം തർജ്ജമ ചെയ്‌തി​ട്ടുള്ള പുസ്‌തകം ഇപ്പോ​ഴും ബൈബിൾ തന്നെ” എന്ന്‌ മെക്‌സി​ക്കൻ വർത്തമാ​ന​പ്പ​ത്ര​മായ എക്‌സ്‌സെൽസ്യോർ പറയുന്നു. ജർമൻ ബൈബിൾ സൊ​സൈറ്റി പറയു​ന്ന​പ്ര​കാ​രം 1999-ൽ 21 ഭാഷക​ളിൽക്കൂ​ടെ തർജ്ജമ ചെയ്യ​പ്പെ​ട്ട​തോ​ടെ കുറഞ്ഞ​പക്ഷം ഭാഗി​ക​മാ​യെ​ങ്കി​ലും 2,233 ഭാഷക​ളിൽ ബൈബിൾ ഇപ്പോൾ ലഭ്യമാണ്‌. ഇതിൽ “371 ഭാഷക​ളിൽ പഴയ നിയമ​വും പുതിയ നിയമ​വും പൂർണ​മാ​യി പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌, അതായത്‌ 1998-ലേതി​നെ​ക്കാൾ അഞ്ചു ഭാഷക​ളിൽക്കൂ​ടി.” എവി​ടെ​യുള്ള ഭാഷക​ളാണ്‌ ഇവയെ​ല്ലാം? “ഏറ്റവും കൂടുതൽ ഭാഷകൾ ഉള്ളത്‌ ആഫ്രി​ക്ക​യി​ലാണ്‌, 627. അതുക​ഴി​ഞ്ഞു വരുന്നത്‌ ഏഷ്യ-553, ഓസ്‌​ട്രേ​ലിയ/പസിഫിക്‌-396, ലാറ്റിൻ അമേരിക്ക/കരീബി​യൻ-384, യൂറോപ്പ്‌-197, ഐക്യ​നാ​ടു​കൾ-73 എന്നിവ​യാണ്‌” എന്നു പത്രം പറയുന്നു. എന്നിട്ടും “ഭൂമി​യി​ലെ ഭാഷക​ളിൽ പകുതി​യെ​ണ്ണ​ത്തി​ലേക്കു പോലും ബൈബിൾ തർജ്ജമ ചെയ്യ​പ്പെ​ട്ടി​ട്ടില്ല.” എന്തു​കൊണ്ട്‌? കാരണം ആ ഭാഷകൾ സംസാ​രി​ക്കു​ന്നവർ താരത​മ്യേന ചുരു​ക്ക​മാ​യ​തി​നാൽ അവയി​ലേക്കു ബൈബിൾ തർജ്ജമ ചെയ്യുക എന്നത്‌ ഒരു വെല്ലു​വി​ളി​യാണ്‌. മാത്രമല്ല, പലരും രണ്ടു ഭാഷകൾ അറിയാ​വു​ന്ന​വ​രാണ്‌. ഒരു ഭാഷയിൽ ബൈബിൾ ലഭ്യമ​ല്ലെ​ങ്കിൽ മറ്റൊരു ഭാഷയിൽ അവർക്ക്‌ അതു വായി​ക്കാം.