വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശരീരാലങ്കാരം—ന്യായബോധം ഉണ്ടായിരിക്കേണ്ടത്‌ ആവശ്യം

ശരീരാലങ്കാരം—ന്യായബോധം ഉണ്ടായിരിക്കേണ്ടത്‌ ആവശ്യം

ബൈബി​ളി​ന്റെ വീക്ഷണം

ശരീരാ​ല​ങ്കാ​രം—ന്യായ​ബോ​ധം ഉണ്ടായി​രി​ക്കേ​ണ്ടത്‌ ആവശ്യം

“പൊങ്ങച്ചം ന്യായ​ബോ​ധത്തെ ഗ്രസി​ക്കുന്ന മണൽച്ചു​ഴി​യാണ്‌” എന്ന്‌ ഒരു ഫ്രഞ്ച്‌ നോവ​ലിസ്റ്റ്‌ എഴുതി. നൂറ്റാ​ണ്ടു​ക​ളാ​യി പൊങ്ങച്ചം കാണി​ക്കാൻവേണ്ടി മനുഷ്യർ കാട്ടി​ക്കൂ​ട്ടി​യി​രി​ക്കുന്ന പല കാര്യ​ങ്ങ​ളി​ലും ന്യായ​ബോ​ധ​ത്തിന്‌ യാതൊ​രു സ്ഥാനവും ഉണ്ടായി​രു​ന്നി​ട്ടില്ല. ഉദാഹ​ര​ണ​ത്തിന്‌, 19-ാം നൂറ്റാ​ണ്ടി​ലെ ചില സ്‌ത്രീ​കൾ അരക്കെ​ട്ടി​ന്റെ വണ്ണം പരമാ​വധി കുറയ്‌ക്കാ​നുള്ള ശ്രമത്തിൽ കോർസെറ്റ്‌ ധരിച്ചി​രു​ന്നു. അത്‌ വേദനാ​ജ​ന​ക​മാ​യി​രു​ന്നെന്നു മാത്രമല്ല, ശ്വാ​സോ​ച്ഛ്വാ​സ​ത്തെ​പ്പോ​ലും വളരെ​യ​ധി​കം തടസ്സ​പ്പെ​ടു​ത്തി​യി​രു​ന്നു. 325 മില്ലി​മീ​റ്റർ അരവണ്ണ​മു​ള്ള​താ​യി ചിലർ അവകാ​ശ​പ്പെട്ടു. ചില സ്‌ത്രീ​ക​ളാ​ണെ​ങ്കിൽ, കോർസെറ്റ്‌ ധരിച്ച​തി​ന്റെ ഫലമായി വാരി​യെല്ല്‌ കരളിൽ തുളഞ്ഞു​ക​യറി മരണമ​ട​യു​ക​പോ​ലും ചെയ്‌തി​ട്ടുണ്ട്‌.

സന്തോ​ഷ​ക​ര​മെ​ന്നു പറയട്ടെ, അത്തരം ഫാഷൻ ഭ്രമങ്ങ​ളൊ​ന്നും ഇന്നില്ല. എങ്കിലും, ആ ഭ്രമത്തി​നു വഴിമ​രു​ന്നിട്ട ദുരഭി​മാ​ന​ത്തിന്‌ ഇന്നും യാതൊ​രു കുറവു​മില്ല. ആകാര​ത്തിന്‌ മാറ്റം വരുത്താ​നാ​യി സ്‌ത്രീ​പു​രു​ഷ​ന്മാർ ഇപ്പോ​ഴും ബുദ്ധി​മു​ട്ടേ​റി​യ​തും അപകട​കരം പോലു​മായ നടപടി​കൾക്കു തങ്ങളെ​ത്തന്നെ വിധേ​യ​രാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സമൂഹ​ത്തി​ലെ, ധാർമി​ക​മാ​യി അധഃപ​തിച്ച ആളുകൾ മാത്രം മുമ്പ്‌ പതിവാ​യി പൊയ്‌ക്കൊ​ണ്ടി​രുന്ന പച്ചകുത്ത്‌/കുത്തി​ത്തു​ള​യ്‌ക്കൽ പാർല​റു​കൾ ഇപ്പോൾ ഷോപ്പിങ്‌ സെന്ററു​ക​ളി​ലും നഗര​പ്രാ​ന്ത​ങ്ങ​ളി​ലും പൊട്ടി​മു​ള​യ്‌ക്കു​ക​യാണ്‌. യഥാർഥ​ത്തിൽ, കഴിഞ്ഞു​പോയ വർഷങ്ങ​ളി​ലൊ​ന്നിൽ, ഐക്യ​നാ​ടു​ക​ളി​ലെ ദ്രുത​ഗ​തി​യിൽ വളർന്നു​കൊ​ണ്ടി​രി​ക്കുന്ന ചെറു​കിട വ്യവസാ​യ​ങ്ങ​ളു​ടെ ഗണത്തിൽ ആറാം സ്ഥാനം പച്ചകു​ത്തി​നാ​യി​രു​ന്നു.

കൂടുതൽ വിചി​ത്ര​മായ ശരീരാ​ല​ങ്കാര രീതി​ക​ളും വേരു​പി​ടി​ക്കു​ക​യാണ്‌, പ്രത്യേ​കി​ച്ചും യുവജ​ന​ങ്ങൾക്കി​ട​യിൽ. മുലക്കണ്ണ്‌, മൂക്ക്‌, നാക്ക്‌, എന്തിന്‌ ജനനേ​ന്ദ്രി​യം പോലും കുത്തി​ത്തു​ള​യ്‌ക്കുന്ന രീതിക്ക്‌ പ്രചാരം ഏറിവ​രി​ക​യാണ്‌. ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്തരം കുത്തി​ത്തു​ള​യ്‌ക്ക​ലി​ന്റെ​യും രസം നഷ്ടപ്പെട്ടു കഴിഞ്ഞി​രി​ക്കു​ന്നു. അവർ ഇപ്പോൾ, ഇരുമ്പ്‌ പഴുപ്പിച്ച്‌ പൊള്ളി​ക്കൽ, കീറി​മു​റി​ക്കൽ, a ബോഡി സ്‌കൾപ്‌റ്റിങ്‌—ചർമത്തി​ന​ടി​യിൽ വസ്‌തു​ക്കൾ കടത്തി​വെ​ച്ചു​കൊണ്ട്‌ സങ്കീർണ​മായ ദ്വാര​ങ്ങ​ളും എഴുന്നു നിൽക്കുന്ന ഘടനക​ളും മറ്റും ഉണ്ടാക്കു​ന്നത്‌ ഇതിൽ ഉൾപ്പെ​ടു​ന്നു—എന്നിങ്ങനെ കൂടുതൽ ഭയാന​ക​മായ രീതികൾ അവലം​ബി​ക്കു​ക​യാണ്‌.

പണ്ടുമു​തൽക്കേ നിലവി​ലു​ള്ളത്‌

ശരീരം അലങ്കരി​ക്കു​ക​യും അതിനു രൂപ​ഭേദം വരുത്തു​ക​യും ചെയ്യുന്ന രീതി ഇന്നോ ഇന്നലെ​യോ തുടങ്ങി​യതല്ല. ആഫ്രി​ക്ക​യു​ടെ ചില ഭാഗങ്ങ​ളിൽ, ഒരു പ്രത്യേക കുടും​ബ​ക്കൂ​ട്ട​ങ്ങ​ളെ​യോ ഗോ​ത്ര​ങ്ങ​ളെ​യോ തിരി​ച്ച​റി​യി​ക്കാ​നാ​യി എഴുന്നു​നിൽക്കു​ന്ന​തരം മുറി​പ്പാ​ടു​കൾ വീഴ്‌ത്തു​ക​യും പച്ചകു​ത്തു​ക​യും ചെയ്യുന്ന ആചാരം നൂറ്റാ​ണ്ടു​ക​ളാ​യി നിലവി​ലി​രി​ക്കു​ന്നു. രസകര​മെന്നു പറയട്ടെ, ഇപ്പോൾ ഇതിൽ പല രാജ്യ​ങ്ങ​ളി​ലും അത്തരം കാര്യ​ങ്ങളെ വെറു​പ്പോ​ടെ​യാണ്‌ ആളുകൾ വീക്ഷി​ക്കു​ന്നത്‌, മാത്രമല്ല അത്തരം പ്രവണത ഇല്ലാതാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

പച്ചകു​ത്തു​ക​യും കുത്തി​ത്തു​ള​യ്‌ക്കു​ക​യും മുറി​വു​ണ്ടാ​ക്കു​ക​യും ചെയ്യുന്ന രീതി ബൈബിൾ കാലങ്ങ​ളി​ലും നിലവി​ലു​ണ്ടാ​യി​രു​ന്നു. തങ്ങളുടെ മതത്തോ​ടുള്ള ബന്ധത്തിൽ പുറജാ​തി​കൾ അത്തരം സംഗതി​കൾ വ്യാപ​ക​മാ​യി ചെയ്‌തി​രു​ന്നു. അവരെ അനുക​രി​ക്ക​രു​തെന്നു യഹോവ തന്റെ ജനമായ യഹൂദ​രോട്‌ കൽപ്പി​ച്ചത്‌ എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. (ലേവ്യ​പു​സ്‌തകം 19:28) അങ്ങനെ, ദൈവ​ത്തി​ന്റെ “പ്രത്യേക സ്വത്ത്‌” എന്നനി​ല​യിൽ യഹൂദർ അധമമായ വ്യാജ​മ​താ​ചാ​ര​ങ്ങ​ളിൽനി​ന്നു സംരക്ഷി​ക്ക​പ്പെട്ടു.—ആവർത്ത​ന​പു​സ്‌തകം 14:2, NW.

ക്രിസ്‌തീയ സ്വാത​ന്ത്ര്യം

മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തി​ലെ ചില തത്ത്വങ്ങൾ പിൽക്കാ​ലത്ത്‌ ക്രിസ്‌തീയ സഭയി​ലേക്കു കൈമാ​റ​പ്പെ​ട്ടെ​ങ്കി​ലും ക്രിസ്‌ത്യാ​നി​കൾ മോ​ശൈക ന്യായ​പ്ര​മാ​ണ​ത്തിൻ കീഴിലല്ല. (കൊ​ലൊ​സ്സ്യർ 2:14) അതു​കൊണ്ട്‌, അലങ്കാ​ര​ത്തി​ന്റെ കാര്യ​ത്തിൽ ഔചി​ത്യ​ത്തി​ന്റെ അതിരു​കൾക്കു​ള്ളിൽ നിന്നു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾക്കു സ്വയം തീരു​മാ​ന​മെ​ടു​ക്കാൻ സാധി​ക്കും. (ഗലാത്യർ 5:1; 1 തിമൊ​ഥെ​യൊസ്‌ 2:9, 10) എങ്കിലും ഈ സ്വാത​ന്ത്ര്യ​ത്തി​നു പരിധി​യുണ്ട്‌.—1 പത്രൊസ്‌ 2:16.

1 കൊരി​ന്ത്യർ 6:12-ൽ (പി.ഒ.സി. ബൈബിൾ) പൗലൊസ്‌ ഇങ്ങനെ എഴുതി: “എല്ലാം എനിക്കു നിയമാ​നു​സൃ​ത​മാണ്‌: എന്നാൽ എല്ലാം പ്രയോ​ജ​ന​ക​രമല്ല.” ഒരു ക്രിസ്‌ത്യാ​നി​യെന്ന നിലയി​ലുള്ള തന്റെ സ്വാത​ന്ത്ര്യം മറ്റുള്ള​വരെ പരിഗ​ണി​ക്കാ​തെ തനിക്കു തോന്നു​ന്നത്‌ എന്തും ചെയ്യാ​നുള്ള ലൈസൻസ​ല്ലെന്നു പൗലൊസ്‌ മനസ്സി​ലാ​ക്കി​യി​രു​ന്നു. മറ്റുള്ള​വ​രോ​ടുള്ള സ്‌നേഹം അവന്റെ പെരു​മാ​റ്റത്തെ സ്വാധീ​നി​ച്ചു. (ഗലാത്യർ 5:13) “ഓരോ​രു​ത്തൻ സ്വന്തഗു​ണമല്ല മറ്റുള്ള​വന്റെ ഗുണവും കൂടെ നോ​ക്കേണം” എന്ന്‌ അവൻ ഉദ്‌ബോ​ധി​പ്പി​ക്കു​ക​യു​ണ്ടാ​യി. (ഫിലി​പ്പി​യർ 2:4) ശരീരാ​ല​ങ്കാര രീതി​കളെ കുറിച്ചു ചിന്തി​ക്കുന്ന ഏതൊരു ക്രിസ്‌ത്യാ​നി​ക്കും പൗലൊ​സി​ന്റെ നിസ്വാർഥ വീക്ഷണം ഒരു ഉത്തമ മാതൃ​ക​യാണ്‌.

പരിചി​ന്തി​ക്കാ​നുള്ള ബൈബിൾ തത്ത്വങ്ങൾ

ക്രിസ്‌ത്യാ​നി​കൾക്കു നൽക​പ്പെ​ട്ടി​രി​ക്കുന്ന കൽപ്പന​ക​ളിൽ ഒന്ന്‌, സുവാർത്ത പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുക എന്നതാണ്‌. (മത്തായി 28:19, 20; ഫിലി​പ്പി​യർ 2:15) ആ സന്ദേശം കേൾക്കു​ന്ന​തിൽനിന്ന്‌ ആളുക​ളു​ടെ ശ്രദ്ധ പതറി​ക്കാൻ തങ്ങളുടെ ആകാരം ഉൾപ്പെടെ യാതൊ​ന്നി​നെ​യും ക്രിസ്‌ത്യാ​നി​കൾ അനുവ​ദി​ക്കു​ക​യില്ല.—2 കൊരി​ന്ത്യർ 4:2.

ശരീരം കുത്തി​ത്തു​ള​യ്‌ക്ക​ലോ പച്ചകു​ത്ത​ലോ പോലുള്ള അലങ്കാ​രങ്ങൾ ചില ആളുകൾക്കി​ട​യിൽ സാധാ​ര​ണ​മാ​യി​രു​ന്നേ​ക്കാം. എങ്കിലും, ഒരു ക്രിസ്‌ത്യാ​നി സ്വയം ഇങ്ങനെ ചോദി​ക്കേ​ണ്ട​താണ്‌: അത്തര​മൊ​രു അലങ്കാ​ര​ത്തോട്‌ എന്റെ സ്ഥലത്തെ ആളുകൾ എങ്ങനെ പ്രതി​ക​രി​ക്കും? സമൂഹ​ത്തി​ലെ ഏതെങ്കി​ലും വിചി​ത്ര​ഗ്രൂ​പ്പിൽപ്പെട്ട ആളാണ്‌ ഞാൻ എന്നു കരുതാൻ അത്‌ ഇടയാ​ക്കു​മോ? എന്റെ മനസ്സാക്ഷി അതിന്‌ അനുവ​ദി​ച്ചാൽത്തന്നെ, കുത്തി​ത്തു​ള​യ്‌ക്ക​ലോ പച്ചകു​ത്ത​ലോ സഭയിലെ മറ്റുള്ള​വരെ എങ്ങനെ ബാധി​ക്കും? ‘ലോക​ത്തി​ന്റെ ആത്മാവി​ന്റെ’ ഒരു തെളി​വാ​യി അതു വീക്ഷി​ക്ക​പ്പെ​ടു​മോ? എന്റെ “സമചിത്തത”യെക്കു​റിച്ച്‌ അത്‌ ആളുക​ളു​ടെ മനസ്സിൽ സംശയ​ത്തി​ന്റെ വിത്തുകൾ പാകു​മോ?—1 കൊരി​ന്ത്യർ 2:12; 10:29-32; തീത്തൊസ്‌ 2:12, പി.ഒ.സി. ബൈബിൾ.

ചിലത​ര​ത്തി​ലു​ള്ള ശരീരാ​ല​ങ്കാ​രങ്ങൾ ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ വരുത്തി​വെ​ക്കും. പച്ചകു​ത്താ​നാ​യി ഉപയോ​ഗി​ക്കുന്ന സൂചി കരൾവീ​ക്ക​വും എയ്‌ഡ്‌സും പകരാൻ ഇടയാ​ക്കി​യേ​ക്കാം. ഉപയോ​ഗി​ക്കുന്ന ചായങ്ങൾ ചില​പ്പോൾ ചർമ​രോ​ഗങ്ങൾ ഉണ്ടാകാ​നും കാരണ​മാ​യേ​ക്കാം. കുത്തി​ത്തു​ളച്ച ഭാഗം ഭേദമാ​കാൻ ചില​പ്പോൾ മാസങ്ങൾതന്നെ വേണ്ടി​വ​രും. ആ സമയമ​ത്ര​യും നല്ല വേദന​യും കാണും. രക്തദൂ​ഷ്യ​ത്തി​നും രക്തസ്രാ​വ​ത്തി​നും, രക്തം കട്ടപി​ടി​ക്കു​ന്ന​തി​നും നാഡീ​ത്ത​ക​രാ​റു​കൾക്കും ഗുരു​ത​ര​മായ അണുബാ​ധ​യ്‌ക്കും അത്‌ ഇടയാ​ക്കി​യേ​ക്കാം. കൂടാതെ, ചില ശരീരാ​ല​ങ്കാ​രങ്ങൾ എളുപ്പ​ത്തിൽ നീക്കം​ചെ​യ്യാ​നും കഴിയില്ല. ഉദാഹ​ര​ണ​ത്തിന്‌, പച്ചകു​ത്തി​യതു നീക്കം​ചെ​യ്യാൻ അതിന്റെ വലിപ്പ​ത്തെ​യും നിറ​ത്തെ​യും ആശ്രയിച്ച്‌, ചെല​വേ​റി​യ​തും വേദനാ​ജ​ന​ക​വു​മായ ലേസർ ചികി​ത്സകൾ പല പ്രാവ​ശ്യം ചെയ്യേ​ണ്ടി​വ​ന്നേ​ക്കാം. കുത്തി​ത്തു​ള​യ്‌ക്ക​ലാ​ണെ​ങ്കിൽ ജീവി​ത​കാ​ലം മുഴുവൻ നിലനിൽക്കുന്ന വടുക്കൾ അവശേ​ഷി​പ്പി​ക്കാൻ ഇടയുണ്ട്‌.

ഇത്തരം അപകട​സാ​ധ്യ​തകൾ ഉൾപ്പെ​ട്ടി​രി​ക്കുന്ന ഒരു നടപടി സ്വീക​രി​ക്ക​ണ​മോ വേണ്ടയോ എന്നതു വ്യക്തി​പ​ര​മായ കാര്യ​മാണ്‌. എന്നാൽ, ഒരു ക്രിസ്‌ത്യാ​നി ആയിത്തീ​രു​ന്ന​തിൽ ദൈവ​ത്തി​നു പൂർണ​മാ​യും തന്നെത്തന്നെ അർപ്പി​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്നു ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കുന്ന ഒരുവന്‌ അറിയാം. നമ്മുടെ ശരീരങ്ങൾ ദൈവ​ത്തിന്‌ അർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ജീവനുള്ള യാഗങ്ങ​ളാണ്‌. (റോമർ 12:1) അതു​കൊണ്ട്‌, പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾ, സ്വന്ത ഇഷ്‌ട​പ്ര​കാ​രം എന്തും ചെയ്യാ​വുന്ന ഒന്നായി തങ്ങളുടെ ശരീരത്തെ വീക്ഷി​ക്കു​ക​യില്ല. പ്രത്യേ​കി​ച്ചും, സഭയിൽ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങൾക്കാ​യി യോഗ്യത പ്രാപി​ക്കു​ന്നവർ മിതശീ​ല​ത്തി​നും, സുബോ​ധ​ത്തി​നും, ന്യായ​യു​ക്ത​ത​യ്‌ക്കും സത്‌പേ​രു​ള്ള​വ​രാ​യി​രി​ക്കും.—1 തിമൊ​ഥെ​യൊസ്‌ 3:2, 3.

ബൈബിൾ പരിശീ​ലിത ന്യായ​ബോ​ധം വളർത്തി​യെ​ടു​ക്കു​ന്ന​തും പ്രാവർത്തി​ക​മാ​ക്കു​ന്ന​തും ‘ദൈവ​ത്തി​ന്റെ ജീവനിൽനിന്ന്‌’ അങ്ങേയറ്റം ‘അകന്നു’പോയ ഈ ലോക​ത്തി​ന്റെ അതിരു​ക​ട​ന്ന​തും സ്വശരീ​രത്തെ ദണ്ഡിപ്പി​ക്കു​ന്ന​തു​മായ നടപടി​കൾ ഒഴിവാ​ക്കാൻ ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കും. (എഫെസ്യർ 4:18) അങ്ങനെ, അവരുടെ ന്യായ​യു​ക്തത സകല മനുഷ്യ​രും അറിയാൻ ഇടയാ​കും.—ഫിലി​പ്പി​യർ 4:5, NW.

[അടിക്കു​റിപ്പ്‌]

a ചികിത്സാപരമോ സൗന്ദര്യ​വർധകം പോലു​മോ ആയ ഉദ്ദേശ്യ​ങ്ങൾക്കു​വേണ്ടി മുറി​വു​ണ്ടാ​ക്കു​ന്ന​തും ചെറു​പ്പ​ക്കാർ പ്രത്യേ​കി​ച്ചും കൗമാ​ര​പ്രാ​യ​ത്തി​ലുള്ള പെൺകു​ട്ടി​കൾ ശക്തമായ സ്വ​പ്രേ​ര​ണ​യാൽ ശരീര​ഭാ​ഗങ്ങൾ കീറി​മു​റി​ച്ചോ ഛേദി​ച്ചു​ക​ള​ഞ്ഞോ മറ്റോ ശരീരം വികല​മാ​ക്കു​ന്ന​തും തമ്മിൽ വ്യത്യാ​സ​മുണ്ട്‌. രണ്ടാമതു പറഞ്ഞ സംഗതിക്ക്‌ മിക്ക​പ്പോ​ഴും കാരണം ഗുരു​ത​ര​മായ മാനസിക പിരി​മു​റു​ക്ക​മോ വൈകാ​രിക ദ്രോ​ഹ​മോ ആണ്‌. അതിന്‌ വിദഗ്‌ധ ചികിത്സ വേണ്ടി​വ​ന്നേ​ക്കാം.