“അതിസുന്ദരനായ വനവാസി”
“അതിസുന്ദരനായ വനവാസി”
സ്വീഡനിലെ ഉണരുക! ലേഖകൻ
ഒരൂ ജൂൺ മാസത്തിലാണ് ഞാൻ അതിനെ ആദ്യമായി കാണുന്നത്. അത് എന്നു പറഞ്ഞപ്പോൾ ഞാൻ ഉദ്ദേശിച്ചത്, “അതിസുന്ദരനായ വനവാസി” എന്ന് ഇവിടെ ചിലർ വിശേഷിപ്പിക്കുന്ന ചാരനിറത്തിലുള്ള വലിയ മൂങ്ങയെയാണ്. ലാപ്ലാൻഡ് മൂങ്ങ എന്നും അതിനു പേരുണ്ട്.
ഈ ഭീമൻ മൂങ്ങ തന്റെ ആവാസകേന്ദ്രമായി തിരഞ്ഞെടുത്തിരിക്കുന്നത് ഫിൻലൻഡിന്റെയും വടക്കൻ സ്വീഡന്റെയും ചില ഭാഗങ്ങളും കുറേക്കൂടെ കിഴക്കുമാറി സ്ഥിതിചെയ്യുന്ന സൈബീരിയ, അലാസ്ക, കാനഡ എന്നിവിടങ്ങളുമാണ്. ആരുടെയും കണ്ണിൽ പെടാതെ കഴിയാനാണ് അതിന് ഇഷ്ടം. അതുകൊണ്ടുതന്നെ കൂട് എവിടെയെന്ന് അറിയില്ലെങ്കിൽ ഈ മൂങ്ങയെ കണ്ടെത്താൻ നന്നേ പ്രയാസമാണ്. എന്നാൽ അതിനെ നേരിൽ കാണാൻ കഴിഞ്ഞാൽ ഒരു സംഗതി മനസ്സിലാകും, കക്ഷി അത്ര പേടിത്തൊണ്ടനൊന്നുമല്ല.
വേട്ടക്കാരനെ കുറിച്ചു പഠിക്കുന്നു
ഒരു ആൺ ലാപ്ലാൻഡ് മൂങ്ങ ഇരപിടിക്കുന്നത് എനിക്ക് അടുത്തു നിരീക്ഷിക്കാൻ കഴിഞ്ഞു. മനോഹരമായ തൂവൽക്കുപ്പായവുമണിഞ്ഞ് ഒരു മരക്കൊമ്പിൽ ഇരിക്കുകയായിരുന്ന അവൻ ഒരു ചുണ്ടെലിയെ കണ്ടതും പെട്ടെന്ന് താഴേക്കു പറന്നുചെന്നു. അവന് അതിനെ റാഞ്ചിയെടുക്കാൻ കഴിഞ്ഞോ? ഉവ്വ്! കൂറ്റൻ ചിറകുകൾ വിടർത്തി ഗാംഭീര്യത്തോടെ അവൻ പതുക്കെ പൊന്തിയപ്പോൾ ആ കൂർത്തുവളഞ്ഞ നഖങ്ങളിൽ ഒരു എലി കുടുങ്ങിക്കിടക്കുന്നത് ഞാൻ വ്യക്തമായി കണ്ടു. അവന്റെ ചിറകുവിരിവ് എത്രയായിരുന്നെന്നോ? 140 സെന്റിമീറ്റർ.
മറ്റു പല മൂങ്ങകളിൽനിന്നും വ്യത്യസ്തമായി, ലാപ്ലാൻഡ് മൂങ്ങാ എല്ലാ വർഷവും സന്താനോത്പാദനം നടത്തുന്നില്ല. ഈ ഭീമൻ മൂങ്ങ ചെറിയ കരണ്ടുതീനികളെ മാത്രമാണ് ആഹാരമാക്കുന്നത്. അതുകൊണ്ട് ഇവയെ വേണ്ടത്ര കിട്ടാനില്ലാതെ വരുന്ന വർഷങ്ങളിൽ സന്താനോത്പാദനം നടക്കുകയേ ഇല്ല. എന്നാൽ തീറ്റ ഇഷ്ടം പോലെ ഉള്ള വർഷങ്ങളിൽ ഓരോ കൂട്ടിലും നാലോ അതിലേറെയോ കുഞ്ഞുങ്ങളെ കാണാൻ കഴിഞ്ഞേക്കും.
മൂങ്ങകളുടെ സ്വയംവരം
വസന്തമാണ് മൂങ്ങകളുടെ വിവാഹകാലം. മനുഷ്യകുടുംബത്തിലെ മിക്ക പെൺകുട്ടികളിൽനിന്നും വ്യത്യസ്തമായി, സൗന്ദര്യം നോക്കിയല്ല പെൺപക്ഷി ഇണയെ തിരഞ്ഞെടുക്കുന്നത്. ചില പക്ഷിനിരീക്ഷണ പഠനങ്ങൾ കാണിക്കുന്നതുപോലെ, ആൺപക്ഷി ഒരു വേട്ടക്കാരനെന്ന നിലയിലുള്ള തന്റെ കഴിവു തെളിയിക്കേണ്ടതുണ്ട്. കുടുംബജീവിതം ആരംഭിക്കുന്നതിനു മുമ്പുതന്നെ പൂവൻ പിടയ്ക്ക് തീറ്റ കൊണ്ടുവന്നു കൊടുക്കണം.
ഇഷ്ടം പോലെ എലികളെ കിട്ടാനുണ്ടായിരിക്കുകയും പൂവൻ ‘കുടുംബംപോറ്റാൻ’ മിടുക്കനായിരിക്കുകയും ചെയ്യുന്നപക്ഷം പിട തീറ്റ തിന്നു നല്ലവണ്ണം കൊഴുക്കും. ഈ തൂക്കവർധനവ് അവൾ എത്ര മുട്ടയിടും എന്നുള്ളതിന്റെ സൂചനയാണ്.
വേട്ടയാടാനുള്ള മുഴു ഉത്തരവാദിത്വവും ഇപ്പോൾ പൂവന്റെ ചുമലിലാണ്, കഠിനാധ്വാനം ആവശ്യമാക്കിത്തീർക്കുന്ന പണിതന്നെ! ഉള്ള ഊർജം മുഴുവനും മുട്ടകൾ ഉത്പാദിപ്പിക്കാനും അവയെ പരിപാലിക്കാനുമായി ചെലവിടുന്ന പ്രിയതമയുടെ അപേക്ഷാസ്വരത്തിലുള്ള കരച്ചിലാണ് ഇരതേടിപ്പോകാൻ പൂവനെ പ്രേരിപ്പിക്കുന്നത്.
കൂടു കണ്ടെത്തുന്നു
ആ സുന്ദരനായ ആൺ മൂങ്ങയുടെ പോക്കുവരവുകൾ ഞാൻ ബൈനോക്കുലറിലൂടെ നിരീക്ഷിച്ചുകൊണ്ടിരുന്നു, ഇരയെയും വഹിച്ചുകൊണ്ട് എന്റെ തലയ്ക്കു മീതെകൂടി ആയിരുന്നു അവൻ പതിവായി പൊയ്ക്കൊണ്ടിരുന്നത്. ഒടുവിൽ അവന്റെ കൂട് കണ്ടെത്താൻ എനിക്കു കഴിഞ്ഞു. ലാപ്ലാൻഡ് മൂങ്ങകൾ സ്വന്തമായി കൂടു കെട്ടാനൊന്നും മിനക്കെടാറില്ല, വനത്തിൽ പാർക്കുന്ന ഇരപിടിയന്മാരായ മറ്റു പക്ഷികളുടെ കൂട്ടിൽ കയറി താമസിക്കുകയാണു പതിവ്. ചില്ലിക്കമ്പുകൾകൊണ്ട് ഉണ്ടാക്കിയ കൂടുകളോടാണ് അവയ്ക്കു പ്രിയം. കൂടൊന്നും കിട്ടിയില്ലെങ്കിൽ മൂങ്ങ ഉണങ്ങിപ്പോയ ഒരു മരക്കുറ്റിയിൽ താമസമാക്കിയേക്കാം.
കൂട്ടിനുള്ളിൽ, മൃദുലമായ തൂവൽക്കുപ്പായമണിഞ്ഞ ഇത്തിരിപ്പോന്ന രണ്ടു മൂങ്ങാ കുഞ്ഞുങ്ങൾ ചുറ്റും നടക്കുന്നതെല്ലാം കണ്ട് അമ്പരപ്പോടെ കണ്ണുമിഴിച്ചിരിപ്പുണ്ടായിരുന്നു. വിശപ്പു സഹിക്കവയ്യാതെ, അടുത്തിരിക്കുന്ന അമ്മയെ നോക്കി അവ ദീനദീനം കരയാൻ തുടങ്ങി. ഈ സമയത്ത് കുഞ്ഞുങ്ങളുടെ അടുത്തേക്ക് ചെല്ലാതിരിക്കുന്നതാണു നല്ലത്. കാരണം കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്നെങ്ങാനും തോന്നിയാൽ പിന്നെ അമ്മ ശബ്ദമുണ്ടാക്കാതെ പറന്നുവന്ന് സൂചിപോലെ കൂർത്ത നഖങ്ങൾകൊണ്ട് നമ്മെ ആക്രമിക്കും. അതുകൊണ്ട് ജാഗ്രതയോടെ, അൽപ്പം അകലെ മാറിനിന്നുകൊണ്ടു വേണം മൂങ്ങകളെ കുറിച്ചു പഠനം നടത്താൻ.
തീറ്റലും പരിശീലനവും
കൂട്ടിലെത്തിയപ്പോൾ, പൂവൻ നഖങ്ങളിൽ കോർത്തിട്ടിരുന്ന എലിയെ കൊക്കിലേക്കു മാറ്റി. എന്നിട്ട് ഒരു കുഞ്ഞിനെ തീറ്റാൻ തുടങ്ങി. ഒന്നിനെ തീറ്റുമ്പോൾ തന്റെ ഊഴവും കാത്ത് തൊട്ടടുത്തിരിക്കുന്ന പക്ഷിക്കുഞ്ഞ് കരഞ്ഞു ബഹളമുണ്ടാക്കുക പതിവാണ്.
കൊതിച്ചിരുന്ന ഭക്ഷണം അകത്താക്കി കഴിയുമ്പോഴുള്ള പക്ഷിക്കുഞ്ഞിന്റെ ഭാവം കണ്ടാൽ ശരിക്കും ചിരിവരും. അതുവരെ നല്ല ഉഷാറായി മുകളിലേക്ക് നോക്കിക്കൊണ്ടിരുന്ന പക്ഷിക്കുഞ്ഞ് പെട്ടെന്ന് മത്തുപിടിച്ചതുപോലെ പെരുമാറാൻ തുടങ്ങുന്നു. ഉള്ള ഊർജം മുഴുവനും ആഹാരം ദഹിപ്പിക്കാനായി വിനിയോഗിക്കപ്പെടുന്നതിന്റെ ഫലമായി അത് ഉടൻതന്നെ കുഴഞ്ഞുവീഴുന്നു. ആ സമയത്ത് അതിനെ കണ്ടാൽ മാർദവമേറിയ തൂവലുകളുടെ ഒരു കുഞ്ഞു കൂമ്പാരമാണെന്നേ തോന്നൂ. രണ്ടാമത്തെ കുഞ്ഞിന് ഇതു സംഭവിക്കുമ്പോഴേക്കും ആദ്യത്തെ പക്ഷിക്കുഞ്ഞ് പതുക്കെ ഉഷാറാകാൻ തുടങ്ങുന്നു. തീറ്റയുടെ ലഹരിയിൽനിന്നും മോചിതനായിക്കൊണ്ടിരിക്കുകയാണ് അത്.
ജൂൺ പകുതിയാകുന്നതുവരെ കാര്യങ്ങൾ ഇതുപോലെയൊക്കെ തുടരും. അപ്പോഴേക്കും കുഞ്ഞുങ്ങൾക്ക് നാല് ആഴ്ച പ്രായമായിരിക്കും. അമ്മയുടെ വിളി കേട്ട് അവ വിറയാർന്ന ചിറകുകളോടെ കൂടുവിട്ടിറങ്ങും. ആദ്യമൊക്കെ അവ മരത്തിൽ വളരെ വിദഗ്ധമായി പിടിച്ചുകയറും. മരത്തിലാകുമ്പോൾ ഇരപിടിയന്മാരെ—നിലത്തായിരിക്കുന്നത്രയും—പേടിക്കേണ്ടല്ലോ.
ക്രമേണ, കുഞ്ഞുങ്ങൾ ഒരു കൊമ്പിൽനിന്നു മറ്റൊരു കൊമ്പിലേക്കു പറന്നുകൊണ്ട് പറക്കൽ പരിശീലിക്കുന്നു. കുറച്ചു നാൾ കഴിയുമ്പോഴേക്കും തനിയെ പറക്കാനും വേട്ടയാടാനും ഉള്ള കഴിവ് അവ നേടിയെടുത്തിരിക്കും. ക്രമേണ അവരുടെ ആകാരത്തിനും മാറ്റം സംഭവിക്കും. അതേ, അവയും ‘അതിസുന്ദരന്മാരായ വനവാസികൾ’ ആയിത്തീരും.
[18-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Joe McDonald
© Michael S. Quinton
[19-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Michael S. Quinton
© Michael S. Quinton