കാണാത്തതിലേക്കുള്ള എത്തിനോട്ടം എന്തു വെളിപ്പെടുത്തുന്നു?
കാണാത്തതിലേക്കുള്ള എത്തിനോട്ടം എന്തു വെളിപ്പെടുത്തുന്നു?
മുമ്പ് ദൃശ്യമല്ലാതിരുന്ന സംഗതികളിലേക്ക് പുതിയ പുതിയ കണ്ടുപിടിത്തങ്ങളുടെ സഹായത്തോടെ മനുഷ്യൻ എത്തിനോക്കുന്നതുകൊണ്ടുള്ള നേട്ടമെന്താണ്? മുമ്പ് അജ്ഞാതമായിരുന്ന കാര്യങ്ങളെ കുറിച്ച് ഒരു പരിധി വരെ കൃത്യതയോടെ മനസ്സിലാക്കാൻ അതു സഹായിക്കുന്നു.—താഴെ കൊടുത്തിരിക്കുന്ന ചതുരം കാണുക.
ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് ആളുകൾ വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ദൂരദർശിനികൾ ഉപയോഗത്തിൽ വന്നതോടെ ഭൂമിയുൾപ്പെടെ എല്ലാ ഗ്രഹങ്ങളും സൂര്യനു ചുറ്റും പ്രത്യേകം പ്രത്യേകം ഭ്രമണപഥങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ് എന്നു മനസ്സിലായി. കുറേക്കൂടെ അടുത്തകാലത്ത് ശക്തിയുള്ള സൂക്ഷ്മദർശിനികൾ കണ്ടുപിടിച്ചതോടെ, മനുഷ്യൻ ആറ്റത്തെക്കുറിച്ചു പോലും പഠിക്കുകയും പ്രത്യേക ഇനം ആറ്റങ്ങൾ മറ്റിനങ്ങളുമായി ചേർന്ന് തന്മാത്രകൾ എന്നു വിളിക്കപ്പെടുന്നവ രൂപംകൊള്ളുന്നത് എങ്ങനെയെന്നു മനസ്സിലാക്കുകയും ചെയ്തു.
ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ജലത്തിന്റെ തന്മാത്രാ ഘടന പരിശോധിക്കുക. രൂപരചനയിലെ സവിശേഷത നിമിത്തം രണ്ടു ഹൈഡ്രജൻ ആറ്റങ്ങൾ അതുല്യമായ ഒരു വിധത്തിൽ ഒരു ഓക്സിജൻ ആറ്റവുമായി കൂടിച്ചേർന്ന് ഒരു ജലതന്മാത്രയ്ക്കു
രൂപംനൽകുന്നു. ഒരു തുള്ളി വെള്ളത്തിൽ ഇത്തരത്തിലുള്ള ശതകോടിക്കണക്കിന് തന്മാത്രകൾ ഉണ്ടായിരിക്കും! ഒരു ജലതന്മാത്ര പരിശോധിക്കുകയും വ്യത്യസ്ത അവസ്ഥകളിൻകീഴിലെ അതിന്റെ സ്വഭാവസവിശേഷത പരിചിന്തിക്കുകയും ചെയ്യുന്നതിൽനിന്നു നമുക്ക് എന്തു പഠിക്കാനാവും?ജലം എന്ന അത്ഭുതം
ഒരു തുള്ളി വെള്ളം കണ്ടാൽ എത്ര നിസ്സാരമാണല്ലേ. എന്നാൽ വെള്ളം യഥാർഥത്തിൽ വളരെ സങ്കീർണമാണ്. ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ഇംപീരിയൽ കോളെജിലെ ശാസ്ത്രലേഖകനായ ഡോ. ജോൺ എംസ്ലി ജലത്തെ “ഏറ്റവുമധികം പഠനവിധേയമാക്കിയിട്ടുള്ള രാസപദാർഥമെങ്കിലും ഏറ്റവും കുറച്ചു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്” എന്നു വിളിച്ചു. ന്യൂ സയന്റിസ്റ്റ് മാസിക ഇങ്ങനെ പറഞ്ഞു: “ഭൂമിയിൽ ഉള്ളവർക്ക് ഏറ്റവും പരിചിതമായ ദ്രാവകമാണ് ജലം. എന്നാൽ ഏറ്റവും ദുർഗ്രാഹ്യമായ ഒന്നും കൂടിയാണ് അത്.”
ജലത്തിന്റെ ഘടന വളരെ ലളിതമാണെങ്കിലും “അതിന്റെയത്ര സങ്കീർണമായ സ്വഭാവസവിശേഷതകളുള്ള മറ്റൊന്നുമില്ല” എന്ന് ഡോ. എംസ്ലി വിശദീകരിച്ചു. ഉദാഹരണത്തിന്, അദ്ദേഹം പറഞ്ഞു: “H2O ഒരു വാതകം ആയിരിക്കേണ്ടതാണ് . . . എന്നാൽ അതു ദ്രാവകമാണ്. കൂടാതെ . . . [സംഭവിക്കേണ്ടതിൽനിന്നു വ്യത്യസ്തമായി] തണുത്തുറയുമ്പോൾ അതിന്റെ ഖരരൂപമായ ഐസ് താഴ്ന്നുപോകുന്നതിനു പകരം പൊങ്ങിക്കിടക്കുന്നു.” ജലത്തിന്റെ ഈ അസാധാരണ സ്വഭാവത്തെക്കുറിച്ച് ‘ശാസ്ത്രപുരോഗതിക്കായുള്ള അമേരിക്കൻ സമിതി’യുടെ ഒരു മുൻ പ്രസിഡന്റ്, ഡോ. പോൾ ഇ. ക്ലോപ്സ്റ്റെഗ് പിൻവരുന്ന പ്രകാരം പ്രസ്താവിച്ചു:
“മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികളുടെ പരിരക്ഷണം മുന്നിൽകണ്ടുകൊണ്ടുള്ള അത്ഭുതകരമായ ഒരു രൂപരചനയാണ് ഇതെന്നു തോന്നുന്നു. ഹിമാങ്കത്തിലെത്തുമ്പോൾ ജലം മേൽപ്പറഞ്ഞവിധം പ്രവർത്തിക്കുന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. കൂടുതൽ കൂടുതൽ ഐസ് രൂപംകൊള്ളുകയും ഒടുവിൽ ജലാശയം മുഴുവൻ ഒരു വലിയ ഐസുകട്ട ആയിത്തീരുകയും ചെയ്യും. ജലജീവികൾ ഒന്നാകെ അല്ലെങ്കിൽ അവയിൽ മിക്കവയും നശിച്ചുപോകാൻ അത് ഇടയാക്കും.” ജലത്തിന്റെ ഈ അസാധാരണ സ്വഭാവസവിശേഷത “മഹത്തരവും ഉദ്ദേശ്യപൂർണവുമായ ഒരു മനസ്സ് ഈ പ്രപഞ്ചത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്” എന്നു ഡോ. ക്ലോപ്സ്റ്റെഗ് പറഞ്ഞു.
ജലത്തിന്റെ ഈ അസാധാരണ സ്വഭാവത്തിനുള്ള കാരണം തങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നതായി ഗവേഷകർ വിചാരിക്കുന്നുവെന്നു ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്തു. ജലം എന്തുകൊണ്ടു വികസിക്കുന്നു എന്നതിന് ഒരു കൃത്യമായ വിശദീകരണം നൽകാൻ ആദ്യമായി അവർക്കു കഴിഞ്ഞിരിക്കുന്നു. “ജലത്തിന്റെയും ഐസിന്റെയും തന്മാത്രാ ഘടനകളിലെ ഓക്സിജൻ ആറ്റങ്ങളുടെ ക്രമീകരണത്തിലാണ് അതിനുള്ള വിശദീകരണം കുടികൊള്ളുന്നത്” എന്നു ഗവേഷകർ മനസ്സിലാക്കി.
എത്ര അത്ഭുതകരം അല്ലേ? എത്ര പാടുപെട്ടാലാണ് വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു ജലതന്മാത്രയെ കുറിച്ചു മനുഷ്യനു പൂർണമായി മനസ്സിലാക്കാൻ കഴിയുക! നമ്മുടെ ശരീരഭാരത്തിന്റെ ഏറിയഭാഗവും ജലമാണെന്ന് ഓർക്കുമ്പോഴോ? രണ്ടു മൂലകങ്ങളുടെ മൂന്ന് ആറ്റങ്ങൾ മാത്രം അടങ്ങിയിരിക്കുന്ന ഈ തന്മാത്രയുടെ അത്ഭുത സ്വഭാവവിശേഷതകളിൽ, ‘മഹത്തരവും ഉദ്ദേശ്യപൂർണവുമായ ഒരു മനസ്സു പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവു’ നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? എന്നിരുന്നാലും ഒരു ജലതന്മാത്ര വളരെ ചെറുതും മറ്റനേകം തന്മാത്രകളോടുള്ള താരതമ്യത്തിൽ അത്യന്തം സരളവുമാണ്.
അതിസങ്കീർണമായ തന്മാത്രകൾ
ചില തന്മാത്രകളിൽ, ഭൂമിയിൽ പ്രകൃത്യാ കാണുന്ന 88 മൂലകങ്ങളിൽ മിക്കവയുടെയും ആയിരക്കണക്കിന് ആറ്റങ്ങൾ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, എല്ലാ ജീവജാലങ്ങളുടെയും പാരമ്പര്യ സവിശേഷതകൾ നിർണയിക്കുന്ന ജനിതക കോഡ് അടങ്ങിയ ഒരു ഡിഎൻഎ (ഡീഓക്സി റൈബോന്യൂക്ലിക് ആസിഡ് എന്നതിന്റെ ചുരുക്കരൂപം) തന്മാത്രയിൽ വ്യത്യസ്ത മൂലകങ്ങളുടെ ദശലക്ഷക്കണക്കിന് ആറ്റങ്ങൾ അടങ്ങിയിട്ടുണ്ടായിരിക്കാവുന്നതാണ്!
അചിന്തനീയമാംവിധം സങ്കീർണമെങ്കിലും ഒരു ഡിഎൻഎ തന്മാത്രയുടെ വ്യാസം എത്രയാണെന്നോ? വെറും 0.0000025 മില്ലിമീറ്റർ! ശക്തമായ ഒരു സൂക്ഷ്മദർശിനിയിലൂടെയല്ലാതെ കാണാൻ പറ്റാത്തവിധം ചെറുത്. ഡിഎൻഎ-യാണ് ഒരു വ്യക്തിയുടെ പാരമ്പര്യ സവിശേഷതകൾ നിർണയിക്കുന്നത് എന്നു ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയത് 1944-ൽ മാത്രമാണ്. ഈ കണ്ടെത്തൽ അതിസങ്കീർണമായ ഈ തന്മാത്രയെ കുറിച്ചുള്ള ഊർജിതമായ ഗവേഷണങ്ങൾക്ക് വഴിതെളിച്ചു.
എന്നാൽ നിർമാണത്തിനുതകുന്ന അനേക തരം തന്മാത്രകളിൽ രണ്ടെണ്ണം മാത്രമാണ് ഡിഎൻഎ-യും ജലവും. ജീവനുള്ള വസ്തുക്കളിലും ജീവനില്ലാത്ത വസ്തുക്കളിലും പൊതുവായി കാണപ്പെടുന്ന അനേകം തന്മാത്രകൾ ഉള്ളതിനാൽ ജീവനുള്ളവയ്ക്കും അല്ലാത്തവയ്ക്കും ഇടയിലെ വിടവ് വളരെ ചെറുതാണ് എന്നു നാം നിഗമനം ചെയ്യണമോ?
വളരെക്കാലത്തേക്ക് പലരും അങ്ങനെ കരുതിപ്പോന്നു. സൂക്ഷ്മജീവിശാസ്ത്രജ്ഞനായ മൈക്കൽ ഡെന്റൺ “1920-കളിലും 30-കളിലും പല വിദഗ്ധരും ജീവരസതന്ത്രത്തെ കുറിച്ചുള്ള വർധിച്ച അറിവ് ഈ വിടവ് നികത്തുമെന്ന പ്രത്യാശ പ്രകടിപ്പിച്ചിരുന്നു” എന്നു വിശദീകരിക്കുന്നു. എന്നാൽ സമയം കടന്നുപോയപ്പോൾ വാസ്തവത്തിൽ എന്താണു തെളിയിക്കപ്പെട്ടത്?
ജീവൻ —സവിശേഷവും അതുല്യവുമായത്
സചേതനവും അചേതനവുമായവയെ ബന്ധിപ്പിക്കുന്ന കണ്ണികൾ, അല്ലെങ്കിൽ രണ്ടാമത്തേതിൽനിന്ന് ആദ്യത്തേതിലേക്കുള്ള പടിപടിയായുള്ള മാറ്റങ്ങൾക്കുള്ള തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചതെങ്കിലും “1950-കളുടെ ആരംഭത്തിൽ നടന്ന തന്മാത്രാ ജീവശാസ്ത്രത്തിലെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ” സുനിശ്ചിതമായ ഒരു വിടവുണ്ടെന്ന് “സംശയലേശമന്യെ തെളിയിക്കുകയാണു
ചെയ്തത്” എന്നു ഡെന്റൺ പ്രസ്താവിച്ചു. ഇപ്പോൾ ശാസ്ത്രജ്ഞന്മാർക്ക് വളരെ നന്നായി മനസ്സിലായിട്ടുള്ള വിസ്മയാവഹമായ ഒരു വസ്തുതയെക്കുറിച്ച് ഡെന്റൺ തുടർന്ന് ഇങ്ങനെ വിശദീകരിച്ചു:“സചേതനവും അചേതനവുമായ ലോകങ്ങൾ തമ്മിൽ ഒരു വിടവുണ്ടെന്നു നമുക്കിപ്പോൾ അറിയാം. എന്നാൽ അതിലും കൂടുതലായി, ആ വിടവ് പ്രകൃതിയിലെ ഏറ്റവും പ്രകടവും അടിസ്ഥാനപരവുമായ വിടവാണെന്നും നാം മനസ്സിലാക്കിയിരിക്കുന്നു. ഒരു ജീവകോശത്തിനും പരലോ മഞ്ഞുപരലോ പോലുള്ള ഏറ്റവും ക്രമീകൃതമായ അജീവ വ്യവസ്ഥയ്ക്കും മധ്യേ സങ്കൽപ്പിക്കാൻ കഴിയുന്നതിലേക്കും ബൃഹത്തും സമ്പൂർണ്ണവുമായ ഒരു വിടവ് സ്ഥിതിചെയ്യുന്നു.”
ഒരു തന്മാത്രയെ സൃഷ്ടിക്കുക എന്നത് വളരെ എളുപ്പമുള്ള സംഗതിയാണ് എന്നല്ല ഇതിന്റെ അർഥം. മോളിക്യൂൾസ് ടു ലിവിങ് സെൽസ് എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “നിർമാണഘടകങ്ങളായ ചെറിയ തന്മാത്രകളുടെ സംശ്ലേഷണം അതിൽത്തന്നെ വളരെ സങ്കീർണമായ ഒന്നാണ്.” എന്നാൽ അത് “ആദ്യത്തെ ജീവകോശത്തിന്റെ നിർമാണത്തോടു താരതമ്യപ്പെടുത്തുമ്പോൾ വെറും കുട്ടിക്കളിയാണ്.”
ബാക്ടീരിയയെപ്പോലുള്ള ഏകകോശ ജീവികളുടെ കാര്യത്തിലെന്നപോലെ കോശങ്ങൾക്ക് ഒറ്റയ്ക്ക് സ്വതന്ത്രമായി ജീവിക്കാനും, മനുഷ്യനെപ്പോലുള്ള ബഹുകോശജീവികളുടെ ഭാഗമായി പ്രവർത്തിക്കാനും കഴിയും. സാധാരണ വലിപ്പമുള്ള 500 കോശങ്ങൾ കൂടിയാൽ ഈ വാക്യത്തിന്റെ അവസാനത്തിലുള്ള പൂർണവിരാമത്തിന്റെ അത്രയും വലിപ്പമേ ഉണ്ടാവൂ. അപ്പോൾപ്പിന്നെ ഒരു കോശത്തിന്റെ പ്രവർത്തനങ്ങൾ നഗ്നനേത്രങ്ങൾക്കു ദൃശ്യമല്ല എന്നതിൽ അതിശയിക്കാനില്ല. എന്നാൽ ഒരു സൂക്ഷ്മദർശിനിയുടെ സഹായത്താൽ മനുഷ്യശരീരത്തിലെ ഒരു കോശം പരിശോധിച്ചാൽ എന്താണു വെളിപ്പെടുക?
കോശം—അതിനു പിന്നിൽ യാദൃച്ഛികതയോ അതോ രൂപരചനയോ?
ഒരു കാര്യം ഉറപ്പാണ്, ജീവകോശങ്ങളുടെ സങ്കീർണതയെപ്രതി വിസ്മയംകൊള്ളാതിരിക്കാൻ ഒരു വ്യക്തിക്കാവില്ല. ഒരു ശാസ്ത്രലേഖകൻ ഇങ്ങനെ പ്രസ്താവിച്ചു: “ഏറ്റവും ലളിതമായ ജീവകോശം പോലും വളരണമെങ്കിൽ ഏകോപിതമായ വിധത്തിൽ പതിനായിരക്കണക്കിനു രാസപ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്.” അദ്ദേഹം ഇങ്ങനെ ചോദിക്കുന്നു: “തീരെ ചെറിയ ഒരു കോശത്തിനുള്ളിൽ 20,000 രാസപ്രവർത്തനങ്ങൾ ഒരേസമയത്ത് നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയാണ്?”
ഏറ്റവും ചെറിയ ജീവകോശം പോലും “ഉത്കൃഷ്ടമായി രൂപകൽപ്പന ചെയ്യപ്പെട്ട അതിസങ്കീർണ്ണമായ ആയിരക്കണക്കിന് തന്മാത്രീയ യന്ത്രാവലികൾ അടങ്ങുന്ന, പതിനായിരംകോടി ആറ്റങ്ങളാൽ നിർമിതമായ അതിസൂക്ഷ്മമായ ഒരു ഫാക്ടറിതന്നെ” ആണെന്ന് മൈക്കൽ ഡെന്റൺ പറഞ്ഞു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “മനുഷ്യൻ നിർമിച്ചിട്ടുള്ള ഏതു യന്ത്രത്തെക്കാളും വളരെയേറെ സങ്കീർണ്ണമായ അതിന് നിർജീവ ലോകത്തിൽ യാതൊരു
സമാന്തരവും കാണാൻ കഴിയില്ല.”ദ ന്യൂയോർക്ക് ടൈംസിന്റെ 2000 ഫെബ്രുവരി 15 ലക്കം ചൂണ്ടിക്കാട്ടിയതുപോലെ കോശത്തിന്റെ സങ്കീർണത ഇപ്പോഴും ശാസ്ത്രജ്ഞരെ കുഴപ്പിക്കുകയാണ്. അതിങ്ങനെ പറഞ്ഞു: “ജീവകോശങ്ങളിലെ നിഗൂഢതയുടെ ചുരുളഴിയുന്തോറും അവയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും തിട്ടപ്പെടുത്തുക എന്നത് ജീവശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം കൂടുതൽ വെല്ലുവിളി നിറഞ്ഞതായിത്തീരുന്നു. ഒരു സാധാരണ മനുഷ്യകോശം കാണാൻ കഴിയാത്തവിധം ചെറുതാണ്. എന്നാൽ ഓരോ നിമിഷവും അതിന്റെ 1,00,000 ജീനുകളിൽ ഏകദേശം 30,000 എണ്ണം പ്രവർത്തനക്ഷമമാകുകയോ പ്രവർത്തനരഹിതമാകുകയോ കോശത്തിലെ പതിവ് ജോലികൾ നിറവേറ്റുകയോ മറ്റു കോശങ്ങളിൽനിന്നുള്ള സന്ദേശങ്ങളോടു പ്രതികരിക്കുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്.”
ടൈംസ് ഇങ്ങനെ ചോദിച്ചു: “ഇത്രയും ചെറുതും സങ്കീർണവുമായ ഒരു സംവിധാനത്തെ എങ്ങനെയാണ് അപഗ്രഥിക്കാൻ കഴിയുക? ഇനി വളരെ ശ്രമം ചെലുത്തി ഒരു മനുഷ്യകോശത്തെ കുറിച്ചു പൂർണമായി മനസ്സിലാക്കി എന്നുതന്നെയിരിക്കട്ടെ, അത് ഒന്നുമാകില്ല, കാരണം മനുഷ്യശരീരത്തിൽ 200 വ്യത്യസ്തതരം കോശങ്ങൾ എങ്കിലുമുണ്ട്.”
“സൃഷ്ടിയിലെ യഥാർഥ എൻജിനുകൾ” എന്ന ഒരു ലേഖനത്തിൽ നേച്ചർ മാസിക ശരീരത്തിലെ ഓരോ കോശത്തിന്റെയും ഉള്ളിൽ തീരെ ചെറിയ മോട്ടറുകൾ കണ്ടെത്തിയിട്ടുള്ളതായി റിപ്പോർട്ടു ചെയ്തു. ഇവ തിരിയുമ്പോഴാണ് കോശങ്ങളുടെ ഊർജസ്രോതസ്സായ അഡിനോസിൻ ട്രൈഫോസ്ഫേറ്റ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരു ശാസ്ത്രജ്ഞൻ ഇങ്ങനെ പറഞ്ഞു: “കോശങ്ങളിൽ നാം കാണുന്ന തന്മാത്രീയ സംവിധാനങ്ങൾക്കു സമാനമായ തന്മാത്രീയ യന്ത്രസംവിധാനങ്ങൾ രൂപകൽപ്പന ചെയ്തു നിർമിക്കാൻ നാം പഠിച്ചാൽ എന്തൊക്കെയാണു നമുക്കു നേടാനാവുക?”
കോശത്തിന്റെ സൃഷ്ടിപരമായ പ്രാപ്തിയെ കുറിച്ചു ചിന്തിക്കുക! നമ്മുടെ ശരീരത്തിലെ ഒറ്റയൊരു കോശത്തിന്റെ ഡിഎൻഎ-യിൽ അടങ്ങിയിട്ടുള്ള വിവരങ്ങൾ പകർത്തണമെങ്കിൽ ഈ താളിന്റെയത്ര വലിപ്പമുള്ള ഏകദേശം പത്തുലക്ഷം താളുകൾ വേണ്ടിവരും! അതിലും അതിശയകരമായ ഒരു സംഗതിയുണ്ട്. ഒരു കോശം വിഭജിച്ച് ഒരു പുതിയകോശത്തിനു രൂപംനൽകുന്ന ഓരോ പ്രാവശ്യവും ആദ്യത്തെ കോശത്തിലുള്ള ഈ വിവരങ്ങൾ അതേപടി പുതിയ കോശത്തിലേക്കു കൈമാറപ്പെടുന്നു. ഓരോ കോശത്തിലും—നിങ്ങളുടെ ശരീരത്തിലെ 100 ലക്ഷം കോടി കോശങ്ങളിലും—ഈ വിവരങ്ങൾ പ്രോഗ്രാം ചെയ്യപ്പെട്ടത് എങ്ങനെയാണെന്നാണ് നിങ്ങൾ കരുതുന്നത്? വെറും യാദൃച്ഛികതയാലോ, അതോ ഒരു വിദഗ്ധ രൂപരചയിതാവിന്റെ പ്രവർത്തനത്താലോ?
ജീവശാസ്ത്രജ്ഞനായ റസ്സൽ ചാൾസ് ആർട്ടിസ്റ്റിന്റെ അതേ നിഗമനത്തിൽ ഒരുപക്ഷേ നിങ്ങളും എത്തിയിട്ടുണ്ടാകും. അദ്ദേഹം പറഞ്ഞു: “ഒരു കോശത്തിന്റെ ഉത്പത്തിക്കു പിന്നിൽ ബുദ്ധിശക്തി അഥവാ ഒരു മനസ്സ് ഉണ്ടായിരുന്നു എന്ന യുക്തിസഹമായ നിഗമനത്തിൽ എത്താത്തിടത്തോളം കാലം കോശത്തിന്റെ ഉത്ഭവവും അതിന്റെ തുടർച്ചയായുള്ള പ്രവർത്തനവും വിശദീകരിക്കുക എന്നത് ഭീമമായ അല്ലെങ്കിൽ പരിഹാരമില്ലാത്ത ഒരു പ്രശ്നമായി അവശേഷിക്കും.”
കാര്യങ്ങളുടെ വിസ്മയകരമായ ക്രമം
വർഷങ്ങൾക്കു മുമ്പ്, ഹാർവാർഡ് സർവകലാശാലയിലെ ഭൂഗർഭശാസ്ത്ര പ്രൊഫസർ ആയിരുന്ന സമയത്ത് കെർട്ട്ലി എഫ്. മേഥർ ഇങ്ങനെയൊരു നിഗമനത്തിൽ എത്തുകയുണ്ടായി: “നമ്മുടെ പ്രപഞ്ചം യാദൃച്ഛികതയുടെയും അസ്ഥിരതയുടെയും ഒന്നല്ല, മറിച്ച് നിയമത്തിന്റെയും ക്രമത്തിന്റെയും ഒന്നാണ്. അതിന്റെ നടത്തിപ്പ് അത്യന്തം യുക്തിസഹവും അങ്ങേയറ്റം ആദരവ് അർഹിക്കുന്നതുമാണ്. എല്ലാ മൂലകങ്ങൾക്കും തുടർച്ചയായ അറ്റോമിക സംഖ്യകൾ നൽകുക സാധ്യമാക്കിത്തീർക്കുന്ന പ്രകൃതിയിലെ വിസ്മയകരമായ ഗണിതശാസ്ത്ര സംവിധാനം പരിചിന്തിക്കുക.”
“പ്രകൃതിയിലെ” ആ “വിസ്മയകരമായ ഗണിതശാസ്ത്ര സംവിധാനം” നമുക്കിപ്പോൾ ചുരുക്കമായി പരിചിന്തിക്കാം. സ്വർണ്ണം, വെള്ളി, ചെമ്പ്, വെളുത്തീയം, ഇരുമ്പ് എന്നീ മൂലകങ്ങളെക്കുറിച്ച് a പുരാതനകാലത്തുള്ളവർക്ക് അറിയാമായിരുന്നു. മധ്യയുഗങ്ങളിലെ ആൽക്കെമിസ്റ്റുകൾ ആർസെനിക്, ബിസ്മത്ത്, ആന്റിമണി എന്നിവ കണ്ടെത്തി. പിന്നീട് 1700-കളിൽ മറ്റു പല മൂലകങ്ങളും കണ്ടെത്തപ്പെട്ടു. ഓരോ മൂലകത്തിന്റെയും വ്യതിരിക്തമായ വർണരാജിയെ വേർതിരിച്ചു കാണിക്കാൻ കഴിവുള്ള സ്പെക്ട്രോസ്കോപ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ 1863-ൽ ഇൻഡിയം കണ്ടുപിടിച്ചു. കണ്ടുപിടിക്കപ്പെട്ട 63-ാമത്തെ മൂലകം ആയിരുന്നു അത്.
ആ സമയത്ത് റഷ്യൻ രസതന്ത്രജ്ഞനായ ഡിമിട്രി
ഇവാനോവിച്ച് മെൻഡലീയേവ് മൂലകങ്ങൾ യാദൃച്ഛികമായി ഉണ്ടായതല്ല എന്ന നിഗമനത്തിലെത്തി. ഒടുവിൽ 1869 മാർച്ച് 18-ന് “മൂലകങ്ങളുടെ വ്യവസ്ഥ സംബന്ധിച്ച ബാഹ്യരേഖ” എന്ന അദ്ദേഹത്തിന്റെ പ്രബന്ധം റഷ്യൻ രസതന്ത്രസമിതിയുടെ മുമ്പാകെ വായിച്ചു കേൾപ്പിച്ചു. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘യാദൃച്ഛികതയിൽ അല്ല, മറിച്ച് നിശ്ചിതവും കൃത്യവുമായ ഏതെങ്കിലുമൊരു തത്ത്വത്തിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥ സ്ഥാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’വിഖ്യാതമായ ഈ പ്രബന്ധത്തിൽ മെൻഡലീയേവ് പിൻവരുന്നപ്രകാരം പ്രവചിച്ചിരുന്നു: “അജ്ഞാതമായ അനേകം മൂലകങ്ങൾ ഇനിയും കണ്ടെത്തപ്പെടുമെന്നു നാം പ്രതീക്ഷിക്കേണ്ടതുണ്ട്; ഉദാഹരണത്തിന് അലൂമിനിയം, സിലിക്കൺ എന്നിവയോടു സദൃശമായ, അറ്റോമിക ഭാരം 65-നും 75-നും ഇടയ്ക്കുള്ളവ.” മെൻഡലീയേവ് 16 പുതിയ മൂലകങ്ങൾക്കുള്ള സ്ഥലം ഒഴിച്ചിട്ടു. ഈ പ്രവചനങ്ങൾക്ക് തെളിവ് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: “ഇതിനു തെളിവിന്റെ ആവശ്യമില്ല. പ്രകൃതി നിയമങ്ങൾ വ്യാകരണ നിയമങ്ങളിൽനിന്നു വ്യത്യസ്തമാണ്. അവ അപവാദങ്ങൾക്ക് ഇടം നൽകുന്നില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ ഈ അജ്ഞാത മൂലകങ്ങളെ കണ്ടെത്തിക്കഴിയുമ്പോൾ കൂടുതൽ ആളുകൾ ഞങ്ങൾ പറയുന്നതിനു ശ്രദ്ധ നൽകിയേക്കാം.”
അതുതന്നെ സംഭവിച്ചു! എൻസൈക്ലോപീഡിയ അമേരിക്കാന വിശദീകരിക്കുന്നു: “അടുത്ത 15 വർഷത്തിനിടയിൽ മെൻഡലീയേവ് മുൻകൂട്ടിപ്പറഞ്ഞവയോട് വളരെ അടുത്തു സാമ്യമുള്ള ഗുണധർമങ്ങളോടുകൂടിയ ഗാലിയം, സ്കാൻഡിയം, ജെർമേനിയം എന്നിവയുടെ കണ്ടെത്തൽ ആവർത്തനപ്പട്ടികയുടെ സാധുത സ്ഥാപിക്കുകയും അതിന്റെ ഉപജ്ഞാതാവിന്റെ കീർത്തി വർധിപ്പിക്കുകയും ചെയ്തു.” 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടു കൂടി അസ്തിത്വത്തിലുള്ള എല്ലാ മൂലകങ്ങളെയും കണ്ടെത്തിക്കഴിഞ്ഞിരുന്നു.
വ്യക്തമായും, രസതന്ത്ര ഗവേഷകനായ എൽമെർ ഡബ്ല്യു. മൗറർ നിരീക്ഷിച്ചതുപോലെ, “മനോഹരമായ ഈ ക്രമീകരണം വെറും യാദൃച്ഛികതയായിരിക്കാൻ ഒരു സാധ്യതയുമില്ല.” മൂലകങ്ങളുടെ ക്രമം യാദൃച്ഛികതയുടെ ഫലമായിരിക്കാനുള്ള സാധ്യതയെ കുറിച്ച് രസതന്ത്രശാസ്ത്ര പ്രൊഫസറായ ജോൺ ക്ലീവ്ലൻഡ് കോഥ്റൻ ഇങ്ങനെ പറഞ്ഞു: “[മെൻഡലീയേവ്] മുൻകൂട്ടിപ്പറഞ്ഞ എല്ലാ മൂലകങ്ങളും കണ്ടെത്തപ്പെട്ടു എന്നതും അവയ്ക്ക് അദ്ദേഹം പ്രവചിച്ചതിനോട് വളരെ അടുത്തു സാമ്യമുള്ള ഗുണധർമങ്ങൾ തന്നെയാണ് ഉണ്ടായിരുന്നത് എന്നതും അത്തരത്തിലുള്ള ഏതൊരു സാധ്യതയെയും അസ്ഥാനത്താക്കുന്നു. അദ്ദേഹത്തിന്റെ മഹത്തായ സാമാന്യവത്കരണത്തെ ഒരിക്കലും ‘ആവർത്തന യാദൃച്ഛികത’ എന്നു വിളിക്കുന്നില്ല. മറിച്ച് അത് ‘ആവർത്തന നിയമം’ ആണ്.”
മൂലകങ്ങളെ കുറിച്ചും പ്രപഞ്ചത്തിലുള്ള സകലതും ഉണ്ടാകാൻ ഇടയാക്കിയ അവയുടെ സംയോജനങ്ങളെ കുറിച്ചുമുള്ള ഗഹനമായ പഠനം കേംബ്രിഡ്ജ് സർവകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന പി. എ. എം. ഡിറക്ക് എന്ന പ്രശസ്ത ഭൗതികശാസ്ത്രജ്ഞനെ ഇപ്രകാരം പറയാൻ പ്രേരിപ്പിച്ചു: “ദൈവം ഗണിതശാസ്ത്രജ്ഞരിൽ അഗ്രഗണ്യനാണ് എന്നും, പ്രപഞ്ചത്തിന്റെ നിർമാണത്തിൽ അവൻ വളരെ ഉയർന്ന ഗണിതശാസ്ത്ര തത്ത്വങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്നും പറഞ്ഞുകൊണ്ട് ഇതിന് ഒരു വിശദീകരണം നൽകാൻ കഴിഞ്ഞേക്കും.”
അതിസൂക്ഷ്മ ആറ്റങ്ങളും തന്മാത്രകളും ജീവകോശങ്ങളും മുതൽ നമ്മുടെ ദൃഷ്ടിപഥത്തിനപ്പുറം സ്ഥിതിചെയ്യുന്ന ഭീമാകാരങ്ങളായ നക്ഷത്രനിബിഡ ഗാലക്സികൾ വരെ അടങ്ങുന്ന അദൃശ്യലോകത്തിലേക്കുള്ള എത്തിനോട്ടം തികച്ചും താത്പര്യജനകം തന്നെ! ഈ എത്തിനോട്ടം നാം എത്ര നിസ്സാരരാണ് എന്ന വസ്തുതയെ എടുത്തുകാണിക്കുന്നു. ഇതു നിങ്ങളെ വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നു? ഈ സംഗതികളൊക്കെ എന്താണു കാണിക്കുന്നത്? നിങ്ങളുടെ ഭൗതിക നേത്രങ്ങൾക്കു കാണാവുന്നതിലും കൂടുതൽ നിങ്ങൾ കാണുന്നുവോ?
[അടിക്കുറിപ്പ്]
a ഒരേതരം ആറ്റങ്ങൾ മാത്രം അടങ്ങിയ അടിസ്ഥാന പദാർഥങ്ങൾ ആണ് മൂലകങ്ങൾ. 88 മൂലകങ്ങൾ മാത്രമാണു പ്രകൃതിജന്യമായി കാണപ്പെടുന്നത്.
[5-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
കാഴ്ചയെ വല്ലുന്ന വേഗം
കുതിര കുതിച്ചുപായുന്നതു വളരെ വേഗത്തിലായതിനാൽ ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് അതു നാലുകാലും ഒന്നിച്ച് ഉയർത്താറുണ്ടോ എന്നതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ 19-ാം നൂറ്റാണ്ടിൽ നിലനിന്നിരുന്നു. എഡ്വേർഡ് മൈബ്രിജ് എന്ന വ്യക്തി 1872-ൽ ആരംഭിച്ച ഫോട്ടോഗ്രാഫിക് പരീക്ഷണങ്ങൾ ഒടുവിൽ ഈ പ്രശ്നം പരിഹരിക്കുന്നതിലേക്കു നയിച്ചു. ആദ്യത്തെ ഹൈസ്പീഡ് ചലച്ചിത്രങ്ങൾ എടുക്കുന്നതിനുള്ള ഒരു സാങ്കേതിക വിദ്യ അദ്ദേഹം വികസിപ്പിച്ചെടുത്തു.
മൈബ്രിജ് 24 ക്യാമറകൾ അൽപ്പം വിട്ടുവിട്ട് നിരത്തിവെച്ചു. ഓരോ ക്യാമറയുടെയും ഷട്ടറിൽനിന്ന് ഒരു ചരട് പന്തയമാർഗത്തിനു കുറുകെ വലിച്ചു കെട്ടി. കുതിര ഓടുമ്പോൾ ചരടുകളിൽ അതിന്റെ കാൽ തട്ടി ക്യാമറകളുടെ ഷട്ടറുകൾ ഒന്നിനുപുറകേ ഒന്നായി തുറക്കുമായിരുന്നു. ഇങ്ങനെ എടുത്ത ഫോട്ടോകൾ പരിശോധിച്ചപ്പോൾ ചില സമയങ്ങളിൽ കുതിര നാലുകാലും ഒപ്പം ഉയർത്താറുണ്ടെന്നു തെളിഞ്ഞു.
[കടപ്പാട്]
Courtesy George Eastman House
[7-ാം പേജിലെ ചിത്രം]
വെള്ളം തണുത്തുറഞ്ഞ് ഐസാകുമ്പോൾ അത് താഴ്ന്നുപോകുന്നതിനു പകരം പൊങ്ങിക്കിടക്കുന്നത് എന്തുകൊണ്ട്?
[7-ാം പേജിലെ ചിത്രം]
ഒരു ഡിഎൻഎ തന്മാത്രയുടെ വ്യാസം വെറും 0.0000025 മില്ലിമീറ്റർ ആണ്. എങ്കിലും അതിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പകർത്തണമെങ്കിൽ പത്തുലക്ഷം താളുകൾ വേണ്ടിവരും
[കടപ്പാട്]
Computerized model of DNA: Donald Struthers/Tony Stone Images
[8-ാം പേജിലെ ചിത്രം]
ശരീരത്തിലെ 100 ലക്ഷം കോടി കോശങ്ങളിൽ ഓരോന്നിലും ഏകോപിതമായ വിധത്തിൽ പതിനായിരക്കണക്കിനു രാസപ്രവർത്തനങ്ങൾ നടക്കുന്നു
[കടപ്പാട്]
Copyright Dennis Kunkel, University of Hawaii
[9-ാം പേജിലെ ചിത്രങ്ങൾ]
റഷ്യൻ രസതന്ത്രജ്ഞനായ മെൻഡലീയേവ് മൂലകങ്ങൾ യാദൃച്ഛികമായി ഉണ്ടായതല്ല എന്ന നിഗമനത്തിലെത്തി
[കടപ്പാട്]
Courtesy National Library of Medicine