ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഇരുപതാം നൂറ്റാണ്ട് ഉണരുക!-യുടെ 1999 ഡിസംബർ 8 ലക്കം വളരെ നന്നായിരുന്നു! എനിക്ക് അതു വളരെ പ്രയോജനം ചെയ്തു, വിശേഷിച്ചും “ഇരുപതാം നൂറ്റാണ്ട്—പരിവർത്തനത്തിന്റെ നിർണായക വർഷങ്ങൾ” എന്ന ലേഖനപരമ്പര. അത് ഹ്രസ്വവും അതേസമയം വിജ്ഞാനപ്രദവുമായിരുന്നു. ഈ അന്ത്യനാളുകളിൽ ആത്മീയമായി കൂടുതൽ ജാഗ്രതയുള്ളവളായിരിക്കാനുള്ള ആഗ്രഹം അത് എന്നിൽ ഉളവാക്കി.
എം. വി., ഫിലിപ്പീൻസ്
തട്ടിക്കൊണ്ടുപോകൽ “തട്ടിക്കൊണ്ടുപോകൽ—ആഗോള ഭീഷണിയായിരിക്കുന്നതിന്റെ കാരണം” എന്ന ലേഖനപരമ്പരയിൽ എത്ര നല്ല വിവരങ്ങളാണ് ഉണ്ടായിരുന്നത്! (ഡിസംബർ 22, 1999) ഡിസംബർ 24-ന് ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിക്കൊണ്ടു പോയതിനെ കുറിച്ചുള്ള വാർത്തകൾ ലോകം മുഴുവൻ ആകാംക്ഷയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് ഈ ലേഖനപരമ്പര പുറത്തിറങ്ങിയത്. തട്ടിക്കൊണ്ടുപോകൽ നിയന്ത്രിക്കുന്നതു സംബന്ധിച്ചു നിങ്ങൾ നൽകിയിരിക്കുന്ന നിർദേശങ്ങൾ അധികൃതർ വായിക്കുകയും ബാധകമാക്കുകയും ചെയ്തെങ്കിൽ എന്നു ഞാൻ ആശിക്കുന്നു!
എ. എസ്., ഇന്ത്യ
അബോധാവസ്ഥയിൽ മീച്ചികോ ഓഗാവായുടെ അനുഭവകഥയ്ക്കു നന്ദി. (“പരിശോധനകളിന്മധ്യേ പിടിച്ചുനിൽക്കാൻ പ്രത്യാശ സഹായിക്കുന്നു,” ഡിസംബർ 22, 1999) അവരുടെ ഭർത്താവിന് അപകടം സംഭവിക്കുമ്പോൾ എനിക്ക് അഞ്ചു ദിവസം പ്രായമായിരുന്നു. എനിക്കിപ്പോൾ 31 വയസ്സു കഴിഞ്ഞു. ഇപ്പോഴും അദ്ദേഹം അബോധാവസ്ഥയിലുള്ള ആ കിടപ്പു തുടരുകയാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു! ഇത്രയും ദുഷ്കരമായ ഒരു സാഹചര്യത്തിൽ സഹിച്ചുനിൽക്കുന്നതിലും രണ്ട് ആൺമക്കളെയും വളർത്തിക്കൊണ്ടുവരുന്നതിലും മീച്ചികോയ്ക്ക് യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു എന്നതിൽ സംശയമില്ല.
എൽ. എൻ., ഐക്യനാടുകൾ
ആ ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചു. ഞാൻ തനിച്ചാണ് താമസം. എനിക്ക് അർബുദം ഉള്ളതായി അടുത്തയിടെ മനസ്സിലാക്കാൻ കഴിഞ്ഞു. ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോൾ മീച്ചികോയെ എനിക്കൊന്ന് കെട്ടിപ്പിടിക്കണമെന്നു തോന്നിപ്പോയി. ഈ പരിശോധകളിന്മധ്യേയും യഹോവയോടു വിശ്വസ്തയായി നിലകൊണ്ടതിന് അവരെ നേരിൽക്കണ്ട് അനുമോദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ആദ്യമൊക്കെ എന്റെ കാര്യത്തിൽ ഒരു അത്ഭുതം സംഭവിക്കണമെന്നു ഞാൻ ആശിച്ചു. എന്നാൽ ഇപ്പോൾ, യഹോവയുടെ ഇഷ്ടമെന്തോ അതു നടക്കട്ടേയെന്ന് മീച്ചികോയെ പോലെ ഞാനും ആഗ്രഹിക്കുന്നു.
എം. എസ്., ഐക്യനാടുകൾ
രക്തരഹിത ചികിത്സ “രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും—അവയോടുള്ള ആഭിമുഖ്യം വർധിക്കുന്നു” (ജനുവരി 8, 2000) എന്ന ലേഖനപരമ്പര നൂതന ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കപ്പെട്ടതാണ്. ഞാൻ ഒരു നഴ്സിംഗ് വിദ്യാർഥിനിയാണ്. ഈ മാസിക ഞാൻ എന്റെ ഒരു സഹപാഠിക്കും അധ്യാപികയ്ക്കും നൽകുകയുണ്ടായി. അവർക്ക് യഹോവയുടെ സാക്ഷികളെ കുറിച്ച് മുൻവിധികളുണ്ടായിരുന്നു. എന്നാൽ ഈ ലേഖനങ്ങളും യഹോവയുടെ സാക്ഷികളെ കുറിച്ചുള്ള മറ്റു ചില വിവരങ്ങളും സ്വീകരിക്കാൻ അവർക്ക് സന്തോഷമായിരുന്നു.
ആർ. പി., സ്വിറ്റ്സർലൻഡ്
എന്റെ രണ്ട് മക്കൾ 1998-ൽ ഒരു വാഹനാപകടത്തിൽ പെട്ടു. എന്റെ മകന്റെ ഒരു കാൽ ഒടിഞ്ഞുനുറുങ്ങി. രക്തം സ്വീകരിക്കില്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞു! എന്നാൽ രക്തം കൂടാതെ ശസ്ത്രക്രിയ നടത്താനുള്ള സജ്ജീകരണങ്ങൾ ആ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റേണ്ടി വന്നു. എന്നാൽ അവന്റെ ഹിമാറ്റോക്രിറ്റ് 35 ആകാതെ (അത് 8.1 ആയി കുറഞ്ഞുപോയിരുന്നു.) ശസ്ത്രക്രിയ നടത്തില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അവർ ഒരുതരം നിസ്സംഗതാ മനോഭാവം പുലർത്തുന്നതുപോലെ എനിക്കു തോന്നി, അവൻ മരിച്ചോട്ടെ എന്നു കരുതുന്നതുപോലെ. എന്നാൽ അവർ രക്തരഹിത ചികിത്സാരീതികൾ നടപ്പാക്കിയപ്പോൾ—അവന്റെ കാൽ ഉയർത്തിവെക്കുകയും എരിത്രോപോയ്റ്റിൻ നൽകുകയുമൊക്കെ ചെയ്തപ്പോൾ—അവന്റെ ഹിമാറ്റോക്രിറ്റ് 35.8 ആയി! ശസ്ത്രക്രിയ വിജയകരമായിരുന്നു, എന്നാൽ ചികിത്സ കിട്ടാൻ വൈകിയത് അവന് സ്ഥായിയായ ചില തകരാറുകൾ വരുത്തിവെച്ചിട്ടുണ്ട്. ഓരോ ഡോക്ടറും ശസ്ത്രക്രിയാ വിദഗ്ധനും അനസ്തേഷ്യാ വിദഗ്ധനും ആ ലേഖനങ്ങൾ വായിച്ചെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.
എൽ. എൽ., ഐക്യനാടുകൾ
പല ഡോക്ടർമാരും യഹോവയുടെ സാക്ഷികളുമൊത്തു സഹകരിക്കാൻ സന്നദ്ധരാണ് എന്നറിയുന്നത് ആശ്വാസകരംതന്നെ. ഈ മാസിക ഉടൻതന്നെ ഞാൻ എന്റെ ഡോക്ടർക്കു നൽകാൻ പോകുകയാണ്. അദ്ദേഹത്തിന് അത് ഇഷ്ടമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
യു. എം., ഐക്യനാടുകൾ
എനിക്ക് ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചിരുന്ന സമയത്തുതന്നെയാണ് ആ ലേഖനം പുറത്തിറങ്ങിയത്. രക്തനഷ്ടം മൂലം ഹിമോഗ്ലോബിന്റെ അളവു വളരെയധികം കുറഞ്ഞ അവസരത്തിൽ, ഞാൻ രക്തം സ്വീകരിക്കുകയില്ലാത്തതിന്റെ കാരണം ആശുപത്രി അധികൃതരോടും കുടുംബാംഗങ്ങളോടും വിശദീകരിക്കാൻ ഈ മാസിക എന്നെ സഹായിച്ചു. യഹോവയുടെ അനുഗ്രഹത്താൽ ഇപ്പോൾ ഞാൻ പൂർണമായി സുഖം പ്രാപിച്ചിരിക്കുന്നു.
സി. ബി., ഐക്യനാടുകൾ