വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പോഴ്‌സിലിൻ പെയിന്റിങ്ങിൽ അരനൂറ്റാണ്ടു കാലം

പോഴ്‌സിലിൻ പെയിന്റിങ്ങിൽ അരനൂറ്റാണ്ടു കാലം

പോഴ്‌സി​ലിൻ പെയി​ന്റി​ങ്ങിൽ അരനൂ​റ്റാ​ണ്ടു കാലം

അൽഫ്രഡ്‌ലി ലിപ്പർട്ട്‌ പറഞ്ഞ​പ്ര​കാ​രം

ഞാൻ ഒരു മരപ്പണി​ക്കാ​രൻ ആകണ​മെ​ന്നാ​യി​രു​ന്നു അമ്മയുടെ മോഹം. എന്നാൽ എന്റെ അധ്യാ​പകൻ എന്നെ ജർമനി​യി​ലെ മൈസ​ണി​ലുള്ള പോഴ്‌സി​ലിൻ കരകൗശല ഫാക്ടറി​യിൽ—ഞങ്ങളുടെ വീട്ടിൽനിന്ന്‌ അധികം അകലെ​യാ​യി​രു​ന്നില്ല ഇത്‌—ജോലിക്ക്‌ അയക്കണ​മെന്നു പറഞ്ഞ്‌ അമ്മയെ നിർബ​ന്ധി​ച്ചു. എന്തു​കൊ​ണ്ടാ​യി​രു​ന്നു അദ്ദേഹം നിർബന്ധം പിടി​ച്ചത്‌? എനിക്ക്‌ ചിത്ര​ര​ച​ന​യി​ലുള്ള പാടവം അദ്ദേഹ​ത്തി​ന്റെ സൂക്ഷ്‌മ​ദൃ​ഷ്ടി​കൾ കണ്ടുപി​ടി​ച്ചി​രു​ന്നു. എന്തായാ​ലും, എന്റെ അധ്യാ​പ​കന്‌ അമ്മയെ പറഞ്ഞു സമ്മതി​പ്പി​ക്കാൻ കഴിഞ്ഞ​തിൽ ഞാൻ സന്തോ​ഷ​വാ​നാണ്‌. അങ്ങനെ, 14-ാമത്തെ വയസ്സിൽ, ലോക​ത്തി​ലെ ഏറ്റവും മനോ​ഹ​ര​മായ, കൈ​കൊ​ണ്ടു നിർമി​ക്കുന്ന പോഴ്‌സി​ലിൻ ഉത്‌പ​ന്ന​ങ്ങ​ളിൽ പെയി​ന്റിങ്‌ നടത്തേണ്ട വിധം ഞാൻ പഠിക്കാൻ തുടങ്ങി.

മൈസ​ണിൽ പോഴ്‌സി​ലിൻ ഉണ്ടാക്കാൻ തുടങ്ങി​യിട്ട്‌ ഏതാണ്ട്‌ 300 വർഷമാ​യി. ഒറിജി​നൽ പോഴ്‌സി​ലിൻ ഉണ്ടാക്കുന്ന യൂറോ​പ്പി​ലെ ആദ്യത്തെ ഫാക്‌ടറി സ്ഥാപി​ത​മാ​യത്‌ മൈസ​ണിൽ ആയിരു​ന്നു, 1710-ൽ. ഏതാണ്ട്‌ 30 വർഷത്തി​നു ശേഷം, യുവജ​ന​ങ്ങൾക്ക്‌ പോഴ്‌സി​ലിൻ പെയി​ന്റിങ്‌ പഠിക്കാ​നുള്ള ഒരു സ്‌കൂ​ളും ഈ ഫാക്‌ടറി സ്ഥാപിച്ചു. ഈ സ്‌കൂൾ ഇപ്പോ​ഴും പ്രവർത്തി​ക്കു​ന്നുണ്ട്‌. പോഴ്‌സി​ലിൻ പെയിന്റർ എന്ന നിലയിൽ, വിറയാർന്ന കൈക​ളോ​ടെ ഞാൻ ആദ്യമാ​യി ബ്രഷ്‌ പിടി​ച്ചത്‌ ഇവി​ടെ​വെ​ച്ചാണ്‌. മൈസൺ പോഴ്‌സി​ലിൻ മാനു​ഫാ​ക്‌ച​റി​യു​ടെ കീഴി​ലാണ്‌ ഈ സ്‌കൂൾ പ്രവർത്തി​ക്കു​ന്നത്‌.

പൂക്കളു​ടെ​യും വൃക്ഷങ്ങ​ളു​ടെ​യും പക്ഷിക​ളു​ടെ​യും മൃഗങ്ങ​ളു​ടെ​യു​മൊ​ക്കെ ചിത്രങ്ങൾ വരയ്‌ക്കാ​നും അവയ്‌ക്ക്‌ നിറം കൊടു​ക്കാ​നു​മൊ​ക്കെ​യുള്ള ചില പ്രത്യേക വിദ്യകൾ ഞാൻ പഠി​ച്ചെ​ടു​ത്തത്‌ ഈ സ്‌കൂ​ളിൽവെ​ച്ചാണ്‌. പിൽക്കാ​ലത്തെ എന്റെ തൊഴി​ലി​നുള്ള ഒരു അടിസ്ഥാ​ന​മാ​യി ഈ പഠനം ഉതകി.

മിനുസം വരുത്തു​ന്ന​തി​നു മുമ്പോ പിമ്പോ?

മുഖ്യ​മാ​യും ചീനക്ക​ളി​മണ്ണ്‌, ഫെൽസ്‌പാർ, ക്വാർട്‌ എന്നിവ​യു​ടെ മിശ്രി​തം ചുട്ട്‌ നിർമി​ക്കുന്ന തിളക്ക​മുള്ള വസ്‌തു​വാണ്‌ പോഴ്‌സി​ലിൻ. അടിസ്ഥാ​ന​പ​ര​മാ​യി പോഴ്‌സി​ലി​നിൽ രണ്ട്‌ തരത്തിൽ പെയി​ന്റിങ്‌ നടത്താ​വു​ന്ന​താണ്‌. ചുട്ടെ​ടുത്ത കളിമൺ മിശ്രി​ത​ത്തിന്‌ മിനുസം വരുത്തു​ന്ന​തി​നു മുമ്പു​തന്നെ പെയി​ന്റിങ്‌ നടത്താം. എന്നാൽ മിനുസം വരുത്താത്ത പോഴ്‌സി​ലിൻ സുഷി​രങ്ങൾ നിറഞ്ഞ​താ​യി​രി​ക്കും. അത്‌ ചായം വലി​ച്ചെ​ടു​ക്കും. അതു​കൊണ്ട്‌ അതിൽ പെയി​ന്റിങ്‌ നടത്തു​മ്പോൾ വളരെ ശ്രദ്ധി​ക്കണം. കൈപ്പി​ഴവു വന്നാൽ അവ ഒട്ടുമി​ക്ക​പ്പോ​ഴും ശരിയാ​ക്കാൻ സാധി​ക്കില്ല. മിനുസം വരുത്തിയ ശേഷവും പോഴ്‌സി​ലി​നിൽ പെയി​ന്റിങ്‌ നടത്താ​വു​ന്ന​താണ്‌. ഈ രീതി​യിൽ പൂക്കൾ പെയിന്റ്‌ ചെയ്യു​ന്ന​തിൽ ഞാൻ പ്രാവീ​ണ്യം നേടി. പെയി​ന്റിങ്‌ നടത്തു​ന്നതു മാത്രമല്ല, ഓരോ പോഴ്‌സി​ലിൻ ഉത്‌പ​ന്ന​ത്തി​നും വേണ്ടി​യുള്ള പ്രത്യേ​കം പ്രത്യേ​കം പൂക്കു​ലകൾ ഡിസൈൻ ചെയ്യു​ന്ന​തും ഈ ജോലി​യിൽ ഉൾപ്പെ​ട്ടി​രു​ന്നു. തന്റെ ശ്രദ്ധ പൂർണ​മാ​യും ചെയ്യുന്ന ജോലി​യിൽ പതിപ്പി​ച്ചു​കൊണ്ട്‌ ഒരു പോഴ്‌സി​ലിൻ പെയി​ന്റർക്ക്‌ തന്റെ ഭാവന ഉപയോ​ഗിച്ച്‌ മനോ​ഹ​ര​മായ ഒരു ഉത്‌പ​ന്ന​ത്തി​നു രൂപം​നൽകാൻ കഴിയു​ന്നു.

നിരവധി വർഷങ്ങൾ പൂക്കളു​ടെ ചിത്രങ്ങൾ പെയിന്റു ചെയ്‌ത​ശേഷം ഒടുവിൽ ഞാൻ ജീവി​ക​ളു​ടെ ചിത്രങ്ങൾ പെയിന്റ്‌ ചെയ്യുന്ന ജോലി​യി​ലേക്കു പ്രവേ​ശി​ച്ചു. പെയി​ന്റി​ങ്ങിൽ ഏറ്റവും ബുദ്ധി​മു​ട്ടു പിടിച്ച പണി ഇതാണ്‌. മുമ്പ്‌ പക്ഷിക​ളു​ടെ​യും മൃഗങ്ങ​ളു​ടെ​യും ചിത്രങ്ങൾ പെയിന്റ്‌ ചെയ്യാൻ പഠിച്ചി​രു​ന്നത്‌ എനിക്ക്‌ വളരെ പ്രയോ​ജനം ചെയ്‌തു.

അത്യന്തം ആവേശ​ക​ര​മായ വെല്ലു​വി​ളി

പക്ഷിക​ളു​ടെ​യും മൃഗങ്ങ​ളു​ടെ​യും മത്സ്യങ്ങ​ളു​ടെ​യും ചിത്രങ്ങൾ പെയിന്റ്‌ ചെയ്യു​ന്നത്‌ ഒരു വെല്ലു​വി​ളി​ത​ന്നെ​യാണ്‌. കാരണം, പൂക്കളു​ടെ​യോ വൃക്ഷങ്ങ​ളു​ടെ​യോ ഒക്കെ ചിത്ര​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി മൃഗങ്ങ​ളു​ടെ​യും മറ്റും ചിത്രങ്ങൾ പെയിന്റ്‌ ചെയ്യു​മ്പോൾ അവയ്‌ക്ക്‌ ജീവനു​ള്ള​തു​പോ​ലെ തോന്നി​ക്കേ​ണ്ട​തുണ്ട്‌. താൻ പെയിന്റ്‌ ചെയ്യുന്ന മൃഗങ്ങ​ളു​ടെ​യും പക്ഷിക​ളു​ടെ​യും ശരീര​ഘ​ട​ന​യും സ്വഭാ​വ​രീ​തി​യും കുറേ​യൊ​ക്കെ കലാകാ​രൻ അറിഞ്ഞി​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, കവരങ്ങ​ളോ​ടു കൂടിയ കൊമ്പു​ക​ളുള്ള കലമാ​നു​ക​ളെ​യും മറ്റും ഞാൻ പെയിന്റ്‌ ചെയ്യാ​റുണ്ട്‌.

ജന്തുക്കളെ കുറിച്ചു പഠിക്കാ​നുള്ള ഏറ്റവും നല്ല മാർഗം അവയെ അടുത്തു നിരീ​ക്ഷി​ക്കുക എന്നതാണ്‌. കുറച്ചു വർഷം മുമ്പാണ്‌, മത്സ്യങ്ങ​ളു​ടെ കുറേ ചിത്രങ്ങൾ പെയിന്റ്‌ ചെയ്യാൻ ഞാൻ പരിപാ​ടി​യി​ട്ടു. അതു​കൊണ്ട്‌ ഞാൻ ഒരു ഫിഷ്‌ ടാങ്ക്‌ വാങ്ങി, പല തരത്തി​ലുള്ള മീനു​കളെ ഞാൻ അതിലി​ട്ടു. ഓരോ ഇനം മത്സ്യത്തി​ന്റെ​യും ചലനങ്ങ​ളും സ്വഭാ​വ​രീ​തി​ക​ളും നിരീ​ക്ഷി​ച്ചു​കൊണ്ട്‌ മണിക്കൂ​റു​ക​ളോ​ളം ഞാനും ഭാര്യ​യും ആ ഫിഷ്‌ ടാങ്കി​ന​ടുത്ത്‌ ഇരുന്നു. അവയെ കുറിച്ച്‌ നന്നായി പഠിച്ച​ശേ​ഷ​മാണ്‌ ഞാൻ പെയി​ന്റിങ്‌ ആരംഭി​ച്ചത്‌.

ഒരു നല്ല പെയി​ന്റ​റാ​കാൻ ആവശ്യ​മായ കാര്യങ്ങൾ

ഒരു നല്ല പോഴ്‌സി​ലിൻ പെയി​ന്റ​റാ​കാൻ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്ന്‌ എന്റെ സുഹൃ​ത്തു​ക്കൾ എന്നോടു ചോദി​ക്കാ​റുണ്ട്‌. വ്യക്തമാ​യും, അയാൾക്ക്‌ കലാവാ​സന ഉണ്ടായി​രി​ക്കണം, ഒപ്പം നിരീ​ക്ഷ​ണ​പാ​ട​വ​വും കരവി​രു​തും. എന്നാൽ അതു മാത്രം പോരാ. കലാകാ​രൻ എന്ന നിലയിൽ വിജയി​ക്കാൻ ഒരു വ്യക്തിക്ക്‌ തന്നെക്കു​റി​ച്ചും തന്റെ ജോലി​യെ​യും മറ്റ്‌ ആളുക​ളെ​യും കുറി​ച്ചും ശരിയായ മനോ​ഭാ​വം ഉണ്ടായി​രി​ക്കണം. തന്റെ നൈപു​ണ്യം മെച്ച​പ്പെ​ടു​ത്താ​നാ​യി കഠിനാ​ധ്വാ​നം ചെയ്യാൻ അയാൾ സന്നദ്ധനാ​യി​രി​ക്കണം. അല്ലാത്ത​പക്ഷം ആ കഴിവ്‌ ക്രമേണ നഷ്ടമാ​യേ​ക്കാം. അയാൾ ഒരിക്ക​ലും തന്റെ പഠനം നിറു​ത്ത​രുത്‌, മറ്റുള്ളവർ പറയു​ന്നത്‌ അയാൾ ശ്രദ്ധി​ക്കു​ക​യും അവരുടെ ബുദ്ധി​യു​പ​ദേ​ശങ്ങൾ സ്വീക​രി​ക്കു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌.

അവസാ​ന​മാ​യി ഒരു കാര്യം​കൂ​ടെ പറഞ്ഞു​കൊ​ള്ളട്ടെ. പരിച​യ​സ​മ്പ​ന്ന​നായ ഒരു കലാകാ​രൻ, ഉപഭോ​ക്താ​ക്ക​ളു​ടെ ആഗ്രഹങ്ങൾ മനസ്സി​ലാ​ക്കും. കൈ​കൊ​ണ്ടു​ണ്ടാ​ക്കി​യ​തരം പോഴ്‌സി​ലിൻ വാങ്ങാൻ വരുന്നവർ വാസ്‌ത​വ​ത്തിൽ ആഗ്രഹി​ക്കുക, കുറച്ചു നാൾ ഉപയോ​ഗി​ച്ച​ശേഷം വേണ്ടെന്നു വെക്കാ​വുന്ന ഒരു നിത്യോ​പ​യോഗ വസ്‌തു​വാ​യി​രി​ക്കില്ല. പകരം അവർക്കു വേണ്ടത്‌, സാംസ്‌കാ​രിക മൂല്യ​മുള്ള ഒരു കലാസൃ​ഷ്ടി​യാ​യി​രി​ക്കും. നയനാ​കർഷ​ക​മായ, ഹൃദയ​ത്തി​നു കുളിർമ​യേ​കുന്ന, ജീവി​തത്തെ സമ്പുഷ്ട​മാ​ക്കുന്ന ഒന്നുതന്നെ. അവരുടെ ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിൽ ഒരു പങ്കുണ്ടാ​യി​രി​ക്കാൻ പെയിന്റർ ആഗ്രഹി​ക്കു​ന്നു.

പെയി​ന്റിങ്‌ ദൈവ​വി​ശ്വാ​സ​ത്തി​ലേക്കു നയിക്കു​ന്നു

പെയിന്റർ എന്ന നിലയി​ലുള്ള ജോലി ബൈബിൾ അടുത്തു പരി​ശോ​ധി​ക്കാ​നും ദൈവ​ത്തിൽ ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കാ​നും എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. എങ്ങനെ? ചില​പ്പോൾ പക്ഷി ഗവേഷ​ക​രു​മൊത്ത്‌ ഞാൻ ജോലി ചെയ്‌തി​ട്ടുണ്ട്‌, അവരുടെ പുസ്‌ത​ക​ങ്ങൾക്കു വേണ്ടി ഞാൻ ചിത്രങ്ങൾ വരയ്‌ക്കു​ക​യും പെയിന്റ്‌ ചെയ്യു​ക​യും ചെയ്‌തി​ട്ടുണ്ട്‌. അത്തരം ചിത്രങ്ങൾ വരയ്‌ക്കാൻ തുടങ്ങിയ കാലത്ത്‌ ഞാൻ പരിണാമ സിദ്ധാ​ന്ത​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നു. എന്നാൽ ഒട്ടേറെ ഗ്രന്ഥകർത്താ​ക്ക​ളു​മാ​യുള്ള എന്റെ സമ്പർക്കം ജീവന്റെ ഉത്‌പത്തി സംബന്ധിച്ച ചർച്ചക​ളി​ലേക്കു നയിച്ചു. അത്തരം സംഭാ​ഷ​ണങ്ങൾ എന്റെ വീക്ഷണ​ങ്ങളെ കീഴ്‌മേൽ മറിച്ചു.

ഗവേഷ​ക​രെ​ല്ലാം പരിണാ​മ​ത്തിൽ വിശ്വ​സി​ച്ചി​രു​ന്നെ​ങ്കി​ലും ഓരോ​രു​ത്തർക്കും അവരവ​രു​ടേ​തായ സിദ്ധാ​ന്തങ്ങൾ ഉണ്ടായി​രു​ന്നത്‌ എന്നെ ചിന്തി​പ്പി​ച്ചു. അവരുടെ സിദ്ധാ​ന്തങ്ങൾ മിക്ക​പ്പോ​ഴും പരസ്‌പര വിരു​ദ്ധ​വും ആയിരു​ന്നു. പരിണാ​മം സംബന്ധിച്ച്‌ ഏകാഭി​പ്രാ​യ​ത്തി​ലുള്ള സിദ്ധാ​ന്ത​ങ്ങ​ളൊ​ന്നും ഇല്ലെന്നാണ്‌ എന്റെ വിശ്വാ​സം. അതു​കൊണ്ട്‌, വിദഗ്‌ധർക്കി​ട​യിൽതന്നെ പരിണാ​മത്തെ കുറിച്ച്‌ ഏകാഭി​പ്രാ​യ​ത്തോ​ടെ​യുള്ള ഒരു വിശദീ​ക​രണം ഇല്ലെങ്കിൽ മറ്റുള്ള​വർക്ക്‌ അത്‌ എങ്ങനെ​യു​ണ്ടാ​കാ​നാണ്‌ എന്നു ഞാൻ ചിന്തിച്ചു. തത്‌ഫ​ല​മാ​യി പരിണാ​മ​സി​ദ്ധാ​ന്ത​ത്തിൽ എനിക്ക്‌ ഒട്ടും വിശ്വാ​സ​മി​ല്ലാ​താ​യി. പരിണാമ സിദ്ധാന്തം തെറ്റാ​ണെ​ങ്കിൽ പിന്നെ, ഭൂമി​യി​ലെ ജീവൻ സൃഷ്ടി​യു​ടെ ഉത്‌പ​ന്ന​മാ​കാ​നേ തരമുള്ളൂ എന്ന്‌ എനിക്കു മനസ്സി​ലാ​യി. അങ്ങനെ​യാണ്‌ ഞാൻ നമ്മുടെ സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാൻ തുടങ്ങി​യത്‌.

എന്റെ കരവേ​ല​യിൽനിന്ന്‌ ആളുകൾക്കു സന്തോഷം ലഭിക്കു​ന്നു എന്ന അറിവ്‌ എന്നെ കൃതാർഥ​നാ​ക്കു​ന്നു. പെയി​ന്റി​ങ്ങും പോഴ്‌സി​ലി​നും എനിക്ക്‌ എന്നും പ്രിയ​പ്പെ​ട്ട​താ​യി​രി​ക്കും.

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

16-ഉം 17-ഉം പേജു​ക​ളി​ലെ ചിത്രങ്ങൾ: Mit freundlicher Genehmigung der Staatlichen Porzellan-Manufaktur Meissen GmbH