മനസ്സാക്ഷി സംബന്ധമായ പ്രശ്നം
മനസ്സാക്ഷി സംബന്ധമായ പ്രശ്നം
ആർസെനിക് ആൻഡ് ഓൾഡ് ലേസ് എന്ന 1944-ലെ ക്ലാസിക് ചലച്ചിത്രത്തിൽ ആർസെനിക് ചേർത്ത എൽഡർബെറി വീഞ്ഞ് കുടിച്ച ഉടനെ കുറേ പ്രായമായ ആളുകൾ മരിക്കുന്ന രംഗമുണ്ടായിരുന്നു. നിമിഷനേരം കൊണ്ട് ആളുടെ കഥകഴിക്കുന്ന ഒരു വിഷമാണ് ആർസെനിക് എന്ന പൊതു ധാരണയെയാണ് ആ ചലച്ചിത്രം ദൃശ്യവത്കരിച്ചത്. എന്നാൽ, ചിത്രത്തിലെ തത്ക്ഷണമുള്ള ആ മരണങ്ങൾക്കു കാരണം വാസ്തവത്തിൽ ആർസെനിക് അല്ലായിരുന്നു, മറിച്ച് അതോടൊപ്പം വീഞ്ഞിൽ ചേർത്തിരുന്ന സ്ട്രിക്നൈനും സയനൈഡും ആയിരുന്നു.
“സാധാരണഗതിയിൽ, പെട്ടെന്നുള്ള മരണത്തിന് ഇടയാക്കുന്ന ഒരു മാരക വിഷമൊന്നുമല്ല ആർസെനിക്” എന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ഡോ. റോബർട്ട് ഇ. ഗാല്ലഗർ എഴുതി. എന്നിരുന്നാൽത്തന്നെയും “കുടിവെള്ളത്തിലൂടെയും വ്യാവസായിക മലിനീകാരികളിലൂടെയും ഉണ്ടാകുന്ന ആർസെനിക് വിഷബാധ പലയിടങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, അതായത് ത്വക്ക്, മൂത്രസഞ്ചി, ശ്വാസകോശം, കരൾ എന്നിവയെ ബാധിക്കുന്ന അർബുദം പോലെയുള്ള രോഗങ്ങൾക്ക് അത് ഇടയാക്കിയേക്കാം” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേൽപ്പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ ഡോക്ടർമാർ ആർസെനിക് ഉപയോഗിച്ചുള്ള ഒരു ചികിത്സയെ കുറിച്ച് ചിന്തിക്കാത്തതിന്റെ കാരണം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ കാനഡയിൽനിന്നുള്ള പിൻവരുന്ന അനുഭവം ശ്രദ്ധിക്കുക. രക്തപ്പകർച്ചയും ആർസെനിക്കും ചികിത്സയ്ക്കായി നിർദേശിക്കപ്പെട്ടപ്പോൾ ഡാർളിൻ എന്ന രോഗിയുടെ മനസ്സാക്ഷിയും അവരുടെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഫാർമസിസ്റ്റിന്റെയും മനസ്സാക്ഷിയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അതിൽ വിവരിച്ചിരിക്കുന്നു. ഡാർളിൻ തന്റെ അനുഭവം പറയുന്നു:
“1996 മേയിലാണ് സംഭവം. എന്റെ മോണകളിൽനിന്ന് കടുത്ത രക്തസ്രാവം ഉണ്ടാകാൻ തുടങ്ങി. ഒൺടേറിയോയിലെ കിങ്സ്റ്റണിലുള്ള രക്തശാസ്ത്ര വിദഗ്ധനായ ഡോ. ജോൺ മാത്യൂസ് എന്റെ രോഗം എന്താണെന്നു കണ്ടുപിടിച്ചു. അക്യൂട്ട് പ്രോമൈയെലോസൈറ്റിക് ലൂക്കിമിയ അഥവാ എപിഎൽ എന്ന പേരിൽ അറിയപ്പെടുന്ന ഒരു അപൂർവതരം കാൻസർ ആയിരുന്നു എനിക്ക്. മജ്ജ പരിശോധന ഉൾപ്പെടെ ഒട്ടേറെ പരിശോധനകൾക്കു ശേഷം ഡോ. മാത്യൂസ് എപിഎൽ എന്താണെന്നും അതിനുള്ള ചികിത്സ എന്താണെന്നും വളരെ അനുകമ്പാപൂർവം വിവരിച്ചുതന്നു. ഈ രോഗത്തിനു സാധാരണ നിർദേശിക്കപ്പെടുന്ന ചികിത്സയിൽ രക്തം മാറ്റലും കീമോതെറാപ്പിയും ഉൾപ്പെട്ടിരുന്നു. എന്നാൽ എന്റെ ബൈബിൾ പരിശീലിത മനസ്സാക്ഷി രക്തം സ്വീകരിക്കാൻ എന്നെ അനുവദിക്കുമായിരുന്നില്ല.
“ഡോക്ടർമാർ ജ്ഞാനപൂർവം പ്രവർത്തിച്ചു. എന്റെ മനസ്സു മാറ്റാൻ ശ്രമിച്ചുകൊണ്ട് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിനു പകരം അവർ ആ രോഗത്തിന് മറ്റേതെങ്കിലും വൈദ്യചികിത്സ ലഭ്യമാണോ എന്ന് അന്വേഷിച്ചു. വിറ്റാമിൻ-എ ഉത്പന്നവും ഒരുവിധം ശക്തമായ കീമോതെറാപ്പിയും ഉൾപ്പെടുന്ന ഒരു ചികിത്സ നടത്താൻ ഒടുവിൽ അവർ തീരുമാനിച്ചു. മൂന്നു മാസത്തേക്ക് എന്റെ രോഗം അപ്രത്യക്ഷമായി. എന്നാൽ അത് പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു. മസ്തിഷ്കം നീരുവെച്ചതിനെ തുടർന്ന് എനിക്ക് സഹിക്കാനാവാത്ത തലവേദന ഉണ്ടായി. മാത്രമല്ല, എന്റെ ശരീരം ചികിത്സയോട് പ്രതിരോധശേഷി ആർജിച്ചെടുത്തിരുന്നതുമൂലം ആ ചികിത്സ വീണ്ടും ഫലിക്കില്ലെന്ന സ്ഥിതിയായി. രക്തപ്പകർച്ചയല്ലാതെ ഇനി മറ്റൊരു മാർഗവുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഈ സ്ഥിതി തുടർന്നാൽ രണ്ടാഴ്ച പോലും ഞാൻ ജീവിച്ചിരിക്കില്ലെന്ന് അവർ ഞങ്ങളോടു പറഞ്ഞു.
“പിന്നീടുള്ള ഏതാനും ദിവസങ്ങൾ വൈകാരികമായി വല്ലാതെ തളർത്തുന്ന തരത്തിലുള്ളതായിരുന്നു. വക്കീലിനെ ചെന്നുകണ്ട് വിൽപ്പത്രം എഴുതിക്കേണ്ടതുണ്ടായിരുന്നു, ശവസംസ്കാരത്തിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തുവെക്കേണ്ടതുണ്ടായിരുന്നു. അതിനുപുറമേ എനിക്ക് കൂടുതൽ രക്തപരിശോധനകളും നടത്തണമായിരുന്നു. അതിനിടയിലാണ് ഡോ. മാത്യൂസ് അസാധാരണമായ ഒരു വൈദ്യ ചികിത്സയെ കുറിച്ച് ഞങ്ങളോടു പറയുന്നത്. ചൈനയിലെ ഡോക്ടർമാർ എപിഎൽ-നു വേണ്ടി ഈ ചികിത്സാരീതി നടത്തി വിജയിക്കുകയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ബ്ലഡ്, പ്രൊസീഡിങ്സ് ഓഫ് ദ നാഷണൽ അക്കാഡമി ഓഫ്
സയൻസസ് എന്നീ പേരുകേട്ട ശാസ്ത്ര ജേർണലുകളിൽ അതേക്കുറിച്ച് റിപ്പോർട്ട് വരികയും ചെയ്തിരുന്നു. ‘ആർസെനിക് ട്രയോക്സൈഡ്,ശരീരത്തിന് ഹാനികരമല്ലാത്തവിധം അത്രയും കുറഞ്ഞ അളവിൽ കുത്തിവെക്കുകവഴി അക്യൂട്ട് പ്രോമൈയെലോസൈറ്റിക് ലൂക്കിമിയ (എപിഎൽ) ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് അറിയുന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം’ എന്ന് ഗവേഷണം നടത്തുന്നതിനിടയിൽ ഡോക്ടറും അദ്ദേഹത്തിന്റെ സഹകാരിയും ഒരു മെഡിക്കൽ ജേർണലിൽ വായിക്കാൻ ഇടയായി.
“ഇപ്പോൾ എന്റെ മുന്നിൽ രണ്ടു വഴികൾ ഉണ്ടായിരുന്നു—ഒന്നുകിൽ എന്റെ മനസ്സാക്ഷിയെ വഞ്ചിച്ച് ഒരു രക്തപ്പകർച്ചയ്ക്ക് വിധേയയാകുക, അല്ലെങ്കിൽ ആർസെനിക് ഉപയോഗിച്ചുള്ള, ഒട്ടുംതന്നെ അറിയപ്പെടാത്ത ഈ ചികിത്സ സ്വീകരിക്കുക. ഞാൻ ആർസെനിക് ചികിത്സ തിരഞ്ഞെടുത്തു. a എന്നാൽ എന്റെ ഈ തീരുമാനം ഡോക്ടർമാർക്കും നഴ്സുമാർക്കും ഫാർമസിസ്റ്റിനും ആശുപത്രി അധികൃതർക്കുമെല്ലാം മനസ്സാക്ഷി സംബന്ധമായ പ്രശ്നം സൃഷ്ടിക്കുമെന്ന് ഞാൻ കരുതിയതേയില്ല.
“ആർസെനിക് ട്രയോക്സൈഡ് എനിക്കു നൽകാമോയെന്ന് ആശുപത്രി അധികൃതർ റെഗുലേറ്ററി അതോറിറ്റിയോട് ആരാഞ്ഞു. അവരിൽനിന്ന് അനുവാദം കിട്ടിയാലേ അത്തരം ചികിത്സകൾ നടപ്പാക്കാൻ കഴിയുമായിരുന്നുള്ളൂ. ആദ്യം ഫാർമസിസ്റ്റ് സഹകരിക്കാൻ വിസമ്മതിച്ചു. അദ്ദേഹം അതിന്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്തു, കാരണം അദ്ദേഹത്തിന്റെ മനസ്സാക്ഷി അതിന് അനുവദിക്കുമായിരുന്നില്ല. എന്നാൽ, എന്നെ ചികിത്സിക്കുന്ന ഡോക്ടർമാരായ ഡോ. മാത്യൂസും ഡോ. ഗാൽബ്രെയ്ത്തും ഈ ചികിത്സയെ സംബന്ധിച്ച് ഉറച്ച വിശ്വാസത്തോടെ സംസാരിക്കുകയും ബോധ്യം വരുത്തുന്ന തെളിവുകൾ നിരത്തുകയും ചെയ്തു. ഒടുവിൽ, ചികിത്സ സംബന്ധിച്ച് വൈദ്യശാസ്ത്രപരമായ വേണ്ടത്ര തെളിവുകൾ ലഭിച്ചുകഴിഞ്ഞപ്പോൾ ആശുപത്രി അധികൃതരും ഫാർമസിസ്റ്റും സഹകരിക്കാമെന്നായി.
“ഉടനടി ഉപയോഗിക്കാൻ പാകത്തിന് ആർസെനിക് ഉത്പന്നം തയ്യാറാക്കാമെന്നും അത് അണുവിമുക്തമാക്കാമെന്നും ഫാർമസിസ്റ്റ് സമ്മതിച്ചു. എന്നാൽ, വിവാദം ഉയർത്തിയ ആ ഉത്പന്നം അടങ്ങുന്ന ലായനി നിറച്ച സഞ്ചി എന്റെ തലയ്ക്കു മുകളിൽ തൂക്കാൻ നഴ്സുമാരുടെ മനസ്സാക്ഷി അനുവദിച്ചില്ല. അതുകൊണ്ട് ഡോക്ടർമാർതന്നെയാണ് അതു ചെയ്തത്. നഴ്സുമാർ നോക്കിനിൽക്കുകയേ ചെയ്തുള്ളൂ. രക്തം സ്വീകരിക്കാൻ നഴ്സുമാർ എന്നോട് കേണപേക്ഷിച്ചു. ഞാൻ മരിക്കുമെന്ന് അവർക്ക് ഉറപ്പായിരുന്നു. എന്നാൽ, രക്തം സ്വീകരിക്കുകയില്ലെന്ന എന്റെ മനസ്സാക്ഷിപൂർവകമായ തീരുമാനത്തെ മാനിക്കുക എന്നുള്ളത് അവരുടെ തൊഴിൽപരമായ കടമയാണെന്ന് ഞാൻ സൂചിപ്പിച്ചു. ഞാൻ അവർക്കു നന്ദി പറഞ്ഞു, അവരെ ചേർത്തുപിടിച്ചു, വ്യക്തിപരമായ വികാരങ്ങളെ മാറ്റിനിർത്തി ചിന്തിക്കാൻ അവരോട് അഭ്യർഥിച്ചു. ഞങ്ങൾ തമ്മിൽ നല്ലൊരു ബന്ധം നിലനിർത്തി പോന്നു. ആർസെനിക് ട്രയോക്സൈഡ് ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ ആറു മാസത്തേക്കു തുടർന്നു. ഞാൻ ശരിക്കും സുഖംപ്രാപിച്ചു. ഇനിയുള്ള ചികിത്സ വീട്ടിൽവെച്ചു ചെയ്താൽ മതിയെന്ന് ഡോക്ടർമാർ പറഞ്ഞു.
“വീട്ടിൽ വന്ന് എനിക്ക് പരിചരണം നൽകാൻ വിക്ടോറിയ ഓർഡറിലെ നഴ്സുമാരെ ഏർപ്പാടാക്കി. പിന്നെയും മനസ്സാക്ഷി സംബന്ധമായ പ്രശ്നം പൊങ്ങിവന്നു. അവരും ആ ലായനി എനിക്കു നൽകുന്നതിൽ വൈമുഖ്യം കാട്ടി. യോഗങ്ങൾ, കത്തുകൾ, പേരുകേട്ട വൈദ്യശാസ്ത്ര ജേർണലുകളിലെ ലേഖനങ്ങൾ എന്നിവ കാര്യങ്ങൾ നേരെയാക്കാൻ സഹായിച്ചു. നഴ്സുമാർ ഒടുവിൽ സഹകരിക്കാമെന്നു സമ്മതിച്ചു. 1997 സെപ്റ്റംബറിൽ എന്റെ ചികിത്സ പൂർത്തിയായി.
“എന്റെ രോഗം തിരിച്ചുവരാം. ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു ടൈംബോബ് പോലെയാണ് അതെന്ന് ഡോക്ടർ പറയുന്നു. എന്നാൽ ക്രിസ്തീയ യോഗങ്ങൾക്കു ക്രമമായി ഹാജരായിക്കൊണ്ടും “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറക”യില്ലാത്ത കാലത്തെ കുറിച്ചുള്ള ബൈബിളധിഷ്ഠിത പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ടും ഓരോ ദിവസവും സന്തോഷത്തോടെയിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.”—യെശയ്യാവു 33:24.
ഏറ്റവും മെച്ചമായ ചികിത്സ പ്രദാനം ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരാണു ഡോക്ടർമാർ. സാധാരണഗതിയിൽ അവർ അത് ഗൗരവത്തോടെ വീക്ഷിക്കുകയും മനസ്സാക്ഷിപൂർവം, തങ്ങളുടെ കഴിവിന്റെയും നിലവിലുള്ള അറിവിന്റെയും പരിധിക്കുള്ളിൽനിന്നുകൊണ്ട് ചികിത്സ നടത്തുകയും ചെയ്യുന്നു. ഈ അനുഭവം കാണിക്കുന്നതുപോലെ ഡോക്ടർമാരും നഴ്സുമാരും ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന മറ്റു വിദഗ്ധരും പ്രായപൂർത്തിയായ രോഗി ഉറച്ചു വിശ്വസിക്കുന്ന കാര്യങ്ങളെയും മനസ്സാക്ഷി അനുസരിച്ച് എടുക്കുന്ന തീരുമാനങ്ങളെയും ആദരിക്കുകയും അതനുസരിച്ച് വഴക്കമുള്ളവരായിരിക്കുകയും ചെയ്യുന്നപക്ഷം അവർക്ക് ചികിത്സയിൽ വളരെയധികം നേട്ടങ്ങൾ കൈവരിക്കാനാകും.
[അടിക്കുറിപ്പ്]
a ഉണരുക! ഏതെങ്കിലും പ്രത്യേക തരത്തിലുള്ള ഔഷധത്തെയോ ചികിത്സയെയോ പിന്താങ്ങുന്നില്ല.
[20-ാം പേജിലെ ചിത്രം]
ഡാർളിൻ ഷെപ്പാർഡ്