വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണ“ചുംബന”ത്തെ തടുക്കൽ

മരണ“ചുംബന”ത്തെ തടുക്കൽ

മരണ“ചുംബന”ത്തെ തടുക്കൽ

ബ്രസീലിലെ ഉണരുക! ലേഖകൻ

രാത്രിയുടെ നിശ്ശബ്ദ​ത​യിൽ അത്‌ നിങ്ങളു​ടെ അടു​ത്തേക്കു വരിക​യാണ്‌. ഗാഢ നിദ്ര​യിൽ ആയിരി​ക്കുന്ന നിങ്ങൾ അതറി​യു​ന്നേ​യില്ല. എന്തിന്‌, അത്‌ ഒരു “ചുംബനം” നൽകു​മ്പോൾപോ​ലും നിങ്ങൾ ഉണരു​ന്നില്ല.

രാത്രി​യി​ലെ ഈ നുഴഞ്ഞു​ക​യ​റ്റ​ക്കാ​രന്റെ പേരാണ്‌ ബാർബർ ബീറ്റൽ. ചുംബന പ്രാണി എന്നും അറിയ​പ്പെ​ടും. ഈ പ്രാണി തെക്കേ അമേരി​ക്ക​യിൽ വ്യാപ​ക​മാ​യി കാണ​പ്പെ​ടു​ന്നു. നിങ്ങളു​ടെ രക്തം മെല്ലെ വലിച്ചു​കു​ടി​ക്കവെ അതിന്റെ “ചുംബനം” 15 മിനിട്ടു നേര​ത്തേ​ക്കു​വരെ നീണ്ടു​പോ​യേ​ക്കാം. ഈ “ചുംബനം” അതിൽത്തന്നെ നിങ്ങൾക്കു ദോഷം ചെയ്യില്ല. എന്നാൽ പ്രാണി നിങ്ങളു​ടെ ചർമത്തിൽ നിക്ഷേ​പി​ക്കുന്ന വിസർജ്യ​ത്തിൽ ട്രിപ്പാ​നൊ​സോമ ക്രൂസി—ചുരു​ക്ക​പ്പേര്‌ ടി. ക്രൂസി—എന്ന സൂക്ഷ്‌മ​ജീ​വി ഉണ്ടായി​രു​ന്നേ​ക്കാം. കണ്ണിലൂ​ടെ​യോ വായി​ലൂ​ടെ​യോ ഒരു മുറി​വി​ലൂ​ടെ​യോ മറ്റോ നിങ്ങളു​ടെ ഉള്ളിൽ കടക്കു​ക​യാ​ണെ​ങ്കിൽ ഈ പരാദ​ത്തിന്‌ ഷാഗസ്‌ രോഗം എന്ന പേരിൽ കൂടു​ത​ലാ​യി അറിയ​പ്പെ​ടുന്ന അമേരി​ക്കൻ ട്രിപ്പാ​നൊ​സോ​മൈ​യാ​സി​സിന്‌ ഇടയാ​ക്കാൻ കഴിയും.

അണുബാ​ധ​യെ തുടർന്ന്‌ ഉടൻതന്നെ പ്രത്യ​ക്ഷ​പ്പെ​ടുന്ന രോഗ​ല​ക്ഷ​ണ​ങ്ങ​ളിൽ ഏറ്റവും പ്രകട​മാ​യത്‌ ഒരു കണ്ണിനു​ണ്ടാ​കുന്ന വീക്കമാണ്‌. തുടർന്ന്‌ ക്ഷീണമോ പനിയോ വിശപ്പി​ല്ലാ​യ്‌മ​യോ അതിസാ​ര​മോ ഉണ്ടാ​യേ​ക്കാം. സാധാ​ര​ണ​ഗ​തി​യിൽ ചികി​ത്സ​യൊ​ന്നും ചെയ്‌തി​ല്ലെ​ങ്കിൽ പോലും ഒന്നു രണ്ടു മാസം കഴിയു​മ്പോൾ ഈ രോഗ​ല​ക്ഷ​ണങ്ങൾ അപ്രത്യ​ക്ഷ​മാ​കു​ന്നു. എന്നാൽ ഏറ്റവും മോശ​മാ​യത്‌ വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രി​ക്കൂ. അണുബാ​ധ​യു​ണ്ടാ​യി പത്തിരു​പത്‌ വർഷം കഴിയു​മ്പോൾ ഹൃദയ​സം​ബ​ന്ധ​മായ പ്രശ്‌നങ്ങൾ—ഹൃദയ​മി​ടി​പ്പി​ന്റെ താളം തെറ്റു​ന്ന​തോ ഹൃദയാ​ഘാ​ത​മോ പോലും—ഉടലെ​ടു​ത്തേ​ക്കാം. a

1.8 കോടി​യോ​ളം ആളുകൾക്കു ഷാഗസ്‌ രോഗ​മു​ണ്ടെ​ന്നും ഇതുമൂ​ലം ഓരോ വർഷവും ഏകദേശം 50,000 പേർ മരിക്കു​ന്നു​വെ​ന്നും കണക്കാ​ക്ക​പ്പെ​ടു​ന്നു. എന്നാൽ ഇവരെ​യെ​ല്ലാ​വ​രെ​യും പ്രാണി കുത്തി​യതല്ല. ഉദാഹ​ര​ണ​ത്തിന്‌ ചില കുഞ്ഞു​ങ്ങൾക്ക്‌ രോഗ​ബാ​ധി​ത​രായ അമ്മമാ​രിൽനിന്ന്‌ മുലപ്പാ​ലി​ലൂ​ടെ രോഗം പകർന്നി​ട്ടുണ്ട്‌. ഇനി ഗർഭി​ണി​യായ ഒരു സ്‌ത്രീ​യിൽനിന്ന്‌ അവരുടെ കുട്ടിക്ക്‌ ജനനസ​മ​യ​ത്തോ അതിനു​മു​മ്പു തന്നെയോ രോഗം പകരാ​നുള്ള സാധ്യ​ത​യുണ്ട്‌. രക്തപ്പകർച്ച, ടി. ക്രൂസി എന്ന പരാദം അടങ്ങിയ ഭക്ഷണപ​ദാർഥങ്ങൾ പാകം​ചെ​യ്യാ​തെ കഴിക്കൽ എന്നിവ​യും രോഗം പകരു​ന്ന​തിന്‌ ഇടയാ​ക്കുന്ന ഘടകങ്ങ​ളാണ്‌. b

ഷാഗസ്‌ രോഗത്തെ ചെറു​ത്തു​തോൽപ്പി​ക്കാൻ എന്താണു ചെയ്‌തു​വ​രു​ന്നത്‌? ബാർബർ ബീറ്റലു​കളെ നിയ​ന്ത്രി​ക്കു​ന്ന​തിൽ കീടനാ​ശി​നി​കൾ ഫലപ്ര​ദ​മെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌. എന്നാൽ വീടി​ന​കത്ത്‌ കീടനാ​ശി​നി അടിക്കുക എന്നത്‌ അത്ര സുഖമുള്ള ഏർപ്പാടല്ല. മാത്രമല്ല ഓരോ ആറുമാ​സം കൂടു​മ്പോ​ഴും അതു ചെയ്യണം. ഇതി​നൊ​രു പരിഹാ​ര​വു​മാ​യി ദ ഫെഡറൽ യൂണി​വേ​ഴ്‌സി​റ്റി ഓഫ്‌ റിയോ ഡി ജനീറോ രംഗ​ത്തെത്തി—കീടനാ​ശി​നി അടങ്ങി​യി​രി​ക്കുന്ന ഒരു പെയിന്റ്‌. ഇത്‌ 4,800 വീടു​ക​ളിൽ പരീക്ഷി​ച്ചു​നോ​ക്കി. ഫലമെ​ന്താ​യി​രു​ന്നു? രണ്ടു വർഷം കഴിഞ്ഞി​ട്ടും അതിൽ 80 ശതമാനം വീടു​ക​ളിൽ പ്രാണി​ക​ളു​ടെ ശല്യം ഉണ്ടായില്ല! കൂടാതെ, ബീറ്റലു​ക​ളിൽ പരാദം കയറി​ക്കൂ​ടു​ന്നതു തടയാ​നും പരാദ ബാധി​ത​മാ​യ​വയെ പരാദ വിമു​ക്ത​മാ​ക്കാ​നും കഴിവുള്ള ഒരു പദാർഥം ആരി​വേ​പ്പി​ന്റെ ഇലയി​ലും ബ്രസീ​ലി​ലെ സിന​മൊ​മൊ വൃക്ഷത്തി​ന്റെ ഇലയി​ലും അടങ്ങി​യി​ട്ടു​ള്ള​താ​യി ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നു. ജൈവ​വി​ഘ​ടനം സംഭവി​ക്കുന്ന വിഷമ​യ​മി​ല്ലാത്ത ഈ പദാർഥം അസാഡി​രാ​ച്ച്‌റ്റിൻ എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌.

രോഗ​ബാ​ധി​തർക്കു സഹായം

ഷാഗസ്‌ രോഗം ബാധി​ച്ചി​ട്ടുള്ള ദശലക്ഷ​ങ്ങൾക്കു പ്രത്യാ​ശ​യ്‌ക്ക്‌ എന്തെങ്കി​ലും വകയു​ണ്ടോ? ഉവ്വ്‌. ശാസ്‌ത്ര​ജ്ഞ​രു​ടെ ഒരു അന്താരാ​ഷ്‌ട്ര സംഘം ടി. ക്രൂസി​യു​ടെ 10,000 ജീനു​ക​ളു​ടെ​യും രഹസ്യ​ങ്ങ​ളു​ടെ ചുരു​ള​ഴി​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. രോഗ​നിർണയ പരി​ശോ​ധ​നകൾ, വാക്‌സി​നു​കൾ, കൂടുതൽ ഫലപ്ര​ദ​മായ മരുന്നു​കൾ എന്നിവ വികസി​പ്പി​ച്ചെ​ടു​ക്കാൻ ഇതു സഹായി​ച്ചേ​ക്കാം.

1997 ജൂ​ലൈ​യിൽ ശാസ്‌ത്രജ്ഞർ ടി. ക്രൂസി​യു​ടെ മർമ​പ്ര​ധാന മാംസ്യ​ങ്ങ​ളിൽ ഒന്ന്‌ കൊളം​ബിയ എന്ന ബഹിരാ​കാ​ശ​പേ​ട​ക​ത്തിൽ കയറ്റി ബഹിരാ​കാ​ശ​ത്തി​ലേക്ക്‌ അയച്ചു. സൂക്ഷ്‌മ​ഗു​രു​ത്വ (microgravity) അവസ്ഥയിൽ അതിന്റെ ഘടന പഠിക്കുക എന്ന ലക്ഷ്യത്തി​ലാണ്‌ ഇതു ചെയ്‌തത്‌. ടി. ക്രൂസി​യു​ടെ ഘടനയ്‌ക്ക്‌ അനു​യോ​ജ്യ​മായ മരുന്നു​കൾ വികസി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ലെ ഒരു അടിസ്ഥാന പടി ആണ്‌ ഇത്‌. പുതിയ മരുന്നു​കൾക്കാ​യുള്ള അന്വേ​ഷണം അത്യന്താ​പേ​ക്ഷി​ത​മാണ്‌. കാരണം രോഗം പഴകി​ക്ക​ഴി​ഞ്ഞാൽ ഇന്നു നിലവി​ലുള്ള ഒരു മരുന്നും ഫലപ്ര​ദ​മാ​യി​രി​ക്കില്ല. c

നേരത്തേ ചികിത്സ തുടങ്ങു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ തിരി​ച്ച​റിഞ്ഞ ബ്രസീ​ലി​യൻ ജീവശാ​സ്‌ത്രജ്ഞ കോൺസ്റ്റാൻസാ ബ്രിട്ടൂ പോളി​മെ​റേസ്‌-ശൃംഖലാ-പ്രതി​പ്ര​വർത്തന പരി​ശോ​ധന വികസി​പ്പി​ച്ചെ​ടു​ത്തു. ഇതിന്റെ സഹായ​ത്താൽ രണ്ടു ദിവസം​കൊണ്ട്‌ രോഗ​നിർണയം നടത്താൻ സാധി​ക്കും. എന്നാൽ ആരംഭ​ത്തിൽ പലരും തങ്ങൾക്കു രോഗം ഉണ്ടെന്ന്‌ അറിയു​ന്നു പോലു​മില്ല എന്നതാണു സങ്കടക​ര​മായ വസ്‌തുത.

പ്രതി​രോ​ധ​മാണ്‌ പരിഹാ​രം

അവസാ​ന​മാ​യി ഒരു കാര്യം കൂടി. ബാർബർ ബീറ്റൽ ഉള്ള ഒരു പ്രദേ​ശ​ത്താ​ണു നിങ്ങൾ താമസി​ക്കു​ന്ന​തെ​ങ്കിൽ എന്തൊക്കെ മുൻക​രു​ത​ലു​കൾ സ്വീക​രി​ക്കാ​നാ​കും?

▪ മൺകു​ടി​ലി​ലോ ഓല, പുല്ല്‌, വൈ​ക്കോൽ തുടങ്ങി​യ​വ​കൊ​ണ്ടു മേഞ്ഞ പുരയി​ലോ ആണ്‌ കിടന്നു​റ​ങ്ങു​ന്ന​തെ​ങ്കിൽ കൊതു​കു​വല ഉപയോ​ഗി​ക്കു​ന്നതു നല്ലതാ​യി​രി​ക്കും.

▪ കീടനാ​ശി​നി​കൾ ഉപയോ​ഗി​ക്കുക. അവ രോഗം പകരാ​നുള്ള സാധ്യത കുറയ്‌ക്കും.

▪ ഭിത്തി​യി​ലെ വിള്ളലു​ക​ളും പൊട്ട​ലു​ക​ളും ഒക്കെ ശരിയാ​ക്കുക. അല്ലെങ്കിൽ ബാർബർ ബീറ്റൽ അങ്ങനെ​യുള്ള സ്ഥലങ്ങളിൽ മുട്ടയി​ട്ടു പെരു​കും.

▪ ചുവർച്ചി​ത്ര​ങ്ങൾക്കും ഫർണി​ച്ച​റി​നും പുറകി​ലുള്ള ഇടങ്ങൾ ഉൾപ്പെടെ നിങ്ങളു​ടെ വീട്‌ വൃത്തി​യാ​യി സൂക്ഷി​ക്കുക.

▪ ഇടയ്‌ക്കൊ​ക്കെ മെത്തയും കമ്പിളി​യും മറ്റും വെയി​ലു​കൊ​ള്ളി​ക്കുക.

▪ ജന്തുക്കൾ—വീട്ടിൽ വളർത്തു​ന്ന​വ​യും അല്ലാത്ത​വ​യും—വാഹക​രാ​യി​രി​ക്കാം എന്ന സംഗതി ഓർക്കുക.

▪ ബാർബർ ബീറ്റ​ലെന്നു സംശയം തോന്നുന്ന ഒരു പ്രാണി​യെ കണ്ടെത്തു​ന്നു​വെ​ങ്കിൽ അതിനെ പരി​ശോ​ധ​ന​യ്‌ക്കാ​യി ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്ര​ത്തി​ലേക്ക്‌ അയയ്‌ക്കുക.

[അടിക്കു​റി​പ്പു​കൾ]

a രോഗലക്ഷണങ്ങൾ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. അതു​പോ​ലെ ചില ലക്ഷണങ്ങൾ ഷാഗസ്‌ രോഗ​ത്തി​ന്റെ മാത്രം പ്രത്യേ​ക​ത​യു​മല്ല. അതു​കൊണ്ട്‌ രോഗത്തെ കുറിച്ച്‌ മൊത്ത​ത്തിൽ ഒരു ധാരണ ലഭിക്കാൻവേണ്ടി മാത്ര​മാണ്‌ അവ ഇവിടെ കൊടു​ത്തി​രി​ക്കു​ന്നത്‌, അല്ലാതെ രോഗ​നിർണ​യ​ത്തി​നുള്ള അടിസ്ഥാ​നം എന്ന നിലയി​ലല്ല. പലരു​ടെ​യും കാര്യ​ത്തിൽ രോഗ​ബാ​ധയെ തുടർന്ന്‌ ഉടൻതന്നെ ഉണ്ടാകാ​റുള്ള രോഗ​ല​ക്ഷ​ണങ്ങൾ ഒന്നും​തന്നെ പ്രകട​മാ​കാ​റില്ല.

b ‘രോഗ​നി​യ​ന്ത്ര​ണ​ത്തി​നും പ്രതി​രോ​ധ​ത്തി​നു​മാ​യുള്ള യു.എസ്‌. കേന്ദ്രങ്ങൾ’ പറയു​ന്നത്‌ ഷാഗസ്‌ രോഗ​ത്തി​ന്റെ അണുക്കൾ ഉണ്ടോ എന്നറി​യാ​നുള്ള പരി​ശോ​ധ​നകൾ നടത്താത്ത രക്തമാണ്‌ ചില രാജ്യ​ങ്ങ​ളിൽ ചില​പ്പോ​ഴൊ​ക്കെ കുത്തി​വെ​ക്കു​ന്നത്‌ എന്നാണ്‌.

c ഡോക്ടർമാർ ചികി​ത്സ​യ്‌ക്ക്‌ നിഫുർട്ടി​മൊ​ക്‌സ്‌ ഉപയോ​ഗി​ക്കു​ന്നു. എന്നാൽ മിക്ക​പ്പോ​ഴും ഇത്‌ ഗുരു​ത​ര​മായ പാർശ്വ​ഫ​ല​ങ്ങൾക്ക്‌ ഇടയാ​ക്കാ​റുണ്ട്‌.

[13-ാം പേജിലെ ചതുരം]

ഷാഗസ്‌ രോഗം കണ്ടെത്തിയ വിധം

1909-ൽ ബ്രസീ​ലി​ലെ മിനാ ഷെ​റൈസ്‌ സംസ്ഥാനം മലേറി​യ​യു​ടെ പിടി​യിൽ അമർന്നി​രി​ക്കു​ക​യാ​യി​രു​ന്നു. ഒരു റെയിൽപാ​ത​യു​ടെ പണി മുന്നോ​ട്ടു കൊണ്ടു​പോ​കാൻ കഴിയാ​താ​കും​വണ്ണം അവസ്ഥകൾ അത്രയ്‌ക്കു വഷളായി. പല രോഗി​കൾക്കും അന്ന്‌ അറിയ​പ്പെ​ടുന്ന രോഗ​ങ്ങ​ളു​ടേ​തിൽനി​ന്നൊ​ക്കെ വ്യത്യ​സ്‌ത​മായ രോഗ​ല​ക്ഷ​ണങ്ങൾ ഉള്ളതായി അപ്പോൾ അവിടെ പ്രവർത്തി​ച്ചു കൊണ്ടി​രുന്ന ബ്രസീ​ലി​യൻ ഡോക്ടർ കാർലോസ്‌ ഷാഗസി​നു കാണാൻ കഴിഞ്ഞു. ആ പ്രദേ​ശത്തെ വീടു​ക​ളി​ലെ​ല്ലാം നിറച്ചും, രക്തം കുടി​ക്കുന്ന ബാർബർ ബീറ്റലു​കൾ ഉണ്ടെന്നും അദ്ദേഹം മനസ്സി​ലാ​ക്കി. ഈ പ്രാണി​യു​ടെ കുടൽ പരി​ശോ​ധി​ച്ച​പ്പോൾ ഷാഗസ്‌ ഒരു പുതിയ പ്രോ​ട്ടോ​സോ​വനെ കണ്ടെത്തി. തന്റെ സുഹൃ​ത്തും ശാസ്‌ത്ര​ജ്ഞ​നു​മായ ഒസ്വാൽഡൂ ക്രൂസി​ന്റെ ബഹുമാ​നാർഥം അദ്ദേഹം അതിന്‌ ട്രിപ്പാ​നൊ​സോമ ക്രൂസി എന്നു പേരിട്ടു. പുതിയ രോഗ​ത്തിന്‌ കാർലൊസ്‌ ഷാഗസി​ന്റെ പേരു​തന്നെ നൽക​പ്പെട്ടു എന്നതു തികച്ചും അനു​യോ​ജ്യ​മാ​യി​രു​ന്നു. കാരണം, അദ്ദേഹം നടത്തിയ സമഗ്ര​മായ ഗവേഷ​ണ​മാണ്‌ ഈ രോഗം കണ്ടെത്തു​ന്ന​തി​ലേക്കു നയിച്ചത്‌.

[13-ാം പേജിലെ ചിത്രങ്ങൾ]

ഗ്രാമപ്രദേശങ്ങളിലെ വീടു​ക​ളിൽ മിക്ക​പ്പോ​ഴും ബാർബർ ബീറ്റലു​കളെ ധാരാ​ള​മാ​യി കാണാൻ കഴിയും

[കടപ്പാട്‌]

Photos: PAHO/WHO/P. ALMASY