ലൂയി ബ്രെയിൽ—അന്ധകാരത്തിന്റെ തടവുകാർക്ക് വെളിച്ചം പകർന്ന ആൾ
ലൂയി ബ്രെയിൽ—അന്ധകാരത്തിന്റെ തടവുകാർക്ക് വെളിച്ചം പകർന്ന ആൾ
എഴുതാനും വായിക്കാനുമുള്ള പ്രാപ്തിയെ നിങ്ങൾ എത്രമാത്രം വിലമതിക്കുന്നുണ്ട്? ചിലർ അതിനു വലിയ വിലയൊന്നും കൽപ്പിക്കുന്നില്ലായിരിക്കാം. എന്നാൽ എഴുത്തും വായനയും യഥാർഥത്തിൽ, പഠനത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങളാണ്. വായന അറിയില്ലേ, അറിവിന്റെ ഒരു വൻകലവറ അടഞ്ഞുതന്നെ കിടക്കും, തീർച്ച.
നൂറുകണക്കിനു വർഷത്തേക്ക് അന്ധർക്ക് അക്ഷരങ്ങളുടെ ലോകത്തിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും ഈ ദയനീയാവസ്ഥയ്ക്കു മാറ്റം വരുത്താനുള്ള ആത്മാർഥമായ ആഗ്രഹത്താൽ പ്രേരിതനായി 19-ാം നൂറ്റാണ്ടിൽ ഒരു ചെറുപ്പക്കാരൻ പുതിയ ഒരു ആശയവിനിമയ സമ്പ്രദായം വികസിപ്പിച്ചെടുത്തു. അത് അദ്ദേഹത്തിനും ദശലക്ഷക്കണക്കിനു വരുന്ന മറ്റുള്ളവർക്കും അവസരത്തിന്റെ ഒരു പുതിയ വാതിൽ തുറന്നു കൊടുത്തു.
ദുരന്തം പ്രത്യാശയ്ക്ക് വഴിതുറക്കുന്നു
1809-ൽ ഫ്രാൻസിലെ കൂവ്രെ ഗ്രാമത്തിലാണു ലൂയി ബ്രെയിൽ ജനിച്ചത്. പാരീസിൽനിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായിരുന്നു ആ ഗ്രാമം. അദ്ദേഹത്തിന്റെ പിതാവ് സിമോൺ റെനേ ബ്രെയിൽ, കുതിരക്കോപ്പുകൾ നിർമിക്കുന്ന ഒരു വ്യക്തി ആയിരുന്നു. പിതാവിന്റെ പണിപ്പുരയിൽ ചെന്നു കളിക്കുക എന്നത് കൊച്ചു ലൂയിയുടെ ഒരു പതിവായിരുന്നിരിക്കണം. എന്നാൽ ഒരവസരത്തിൽ ഇത് വലിയ ഒരു അപകടത്തിലേക്കു നയിച്ചു. ലൂയി കൂർത്ത അറ്റമുള്ള ഒരു പണിയായുധം—സാധ്യതയനുസരിച്ച് ഒരു തുകലുളി—അറിയാതെ കണ്ണിൽ കുത്തിക്കയറ്റി. കണ്ണിനു സംഭവിച്ച ക്ഷതം ഒരുതരത്തിലും ഭേദമാക്കാൻ ആകുമായിരുന്നില്ല. അതുംപോരാഞ്ഞിട്ട് അണുബാധ പെട്ടെന്നുതന്നെ മറ്റേ കണ്ണിലേക്കും വ്യാപിച്ചു. അങ്ങനെ വെറും മൂന്നു വയസ്സുള്ളപ്പോൾ ലൂയി പൂർണ്ണമായും അന്ധനായി.
ആ സാഹചര്യത്തെ ആവുന്നത്ര നന്നായി കൈകാര്യം ചെയ്യാൻ ലൂയിയുടെ മാതാപിതാക്കൾ തീരുമാനിച്ചു. അവരും ഇടവക പുരോഹിതനായ ഷാക്ക് പാൽവീയും ചേർന്ന് ലൂയിയെ അവരുടെ പ്രദേശത്തെ സ്കൂളിൽ ചേർക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തു. താൻ കേട്ട കാര്യങ്ങളിൽ വലിയൊരു ഭാഗവും ലൂയിയുടെ കൊച്ചു മനസ്സ് ഒപ്പിയെടുത്തു. ചില വർഷങ്ങളിൽ അവൻ ക്ലാസിലെ ഒന്നാമൻ പോലുമായിരുന്നു! എന്നാൽ കാഴ്ചയുള്ളവർക്കായി തയ്യാറാക്കിയ വിദ്യാഭ്യാസരീതികൾ ഉപയോഗിച്ച് ഒരു അന്ധന് പഠിക്കാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികൾ ഉണ്ടായിരുന്നു. അതുകൊണ്ട് 1819-ൽ ലൂയിയെ അന്ധരായ കുട്ടികൾക്കായുള്ള റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർത്തു.
വായിക്കുന്നതിന് അന്ധരെ സഹായിക്കുന്ന ഒരു പദ്ധതി ആവിഷ്കരിച്ച ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ വാലന്റിൻ ഹോയ്. ഔപചാരിക വിദ്യാഭ്യാസം അന്ധനായ ഒരു വ്യക്തിക്കു പറഞ്ഞിട്ടുള്ളതല്ല എന്ന പൊതു ധാരണ തിരുത്താൻ അദ്ദേഹം ആഗ്രഹിച്ചു. ഹോയിയുടെ ആദ്യകാല പരീക്ഷണങ്ങളിൽപ്പെട്ട ഒന്നായിരുന്നു കട്ടിക്കടലാസിൽ എഴുന്നുനിൽക്കുന്ന വലിയ അക്ഷരങ്ങൾ ഉണ്ടാക്കുക എന്നത്. അപരിഷ്കൃതമെങ്കിലും ഈ ശ്രമങ്ങൾ പിന്നീടങ്ങോട്ടുള്ള വികസനങ്ങൾക്ക് അടിത്തറയായി ഉതകി.
ഹോയിയുടെ ചെറിയ ലൈബ്രറിയിലെ പുസ്തകങ്ങളിൽ ഉണ്ടായിരുന്ന എഴുന്നുനിൽക്കുന്ന വലിയ അക്ഷരങ്ങൾ വായിക്കാൻ ബ്രെയിൽ പഠിച്ചു. എന്നാൽ ഇതു വളരെയധികം സമയം വേണ്ടിവരുന്നതും അപ്രായോഗികവും ആയ രീതിയാണെന്ന് അവൻ മനസ്സിലാക്കി. എന്തൊക്കെയായാലും കാഴ്ചയുള്ളവരെ മനസ്സിൽ കണ്ടുകൊണ്ടു തയ്യാറാക്കിയതാണല്ലോ അക്ഷരങ്ങൾ. അപ്പോൾപ്പിന്നെ അവ വിരലുകൾകൊണ്ടു തപ്പിനോക്കി വായിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. സന്തോഷകരമെന്നു പറയട്ടെ, ഈ പരിമിതികൾ തിരിച്ചറിഞ്ഞ മറ്റൊരാൾ രംഗത്തു വരാൻ പോകുകയായിരുന്നു.
ഒരു അപ്രതീക്ഷിത ഉറവിൽനിന്നു ലഭിച്ച ആശയം
1821-ൽ ലൂയി ബ്രെയിലിന് പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ളപ്പോൾ ഫ്രഞ്ച് പട്ടാളത്തിൽനിന്നു വിരമിച്ച ക്യാപ്റ്റൻ ചാൾസ് ബാർബിയർ അവരുടെ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. പിന്നീട് സോണൊഗ്രഫി എന്ന് അറിയപ്പെടാനിടയായ നിശാ എഴുത്ത് എന്ന ഒരു ആശയവിനിമയ സമ്പ്രദായം അദ്ദേഹം അവരുടെ മുമ്പാകെ അവതരിപ്പിച്ചു. യുദ്ധക്കളത്തിലെ ഉപയോഗത്തിനായാണ് നിശാ എഴുത്തു സമ്പ്രദായം വികസിപ്പിച്ചെടുത്തത്. എഴുന്നുനിൽക്കുന്ന കുത്തുകൾ ഉപയോഗിച്ചുള്ള സ്പർശ്യ വേദ്യമായ ഒരു ആശയവിനിമയ മാർഗമായിരുന്നു അത്. 12 കുത്തുകൾ കൊണ്ടുള്ള ഒരു ദീർഘചതുരത്തിൽ ആറു കുത്തുകൾ ലംബമായും രണ്ടു കുത്തുകൾ തിരശ്ചീനമായും വരത്തക്കവണ്ണം ക്രമീകരിച്ചിരുന്നു. കോഡ്—ഈ കോഡുകൾ ഉപയോഗിച്ച് വാക്കുകളെ അവ ഉച്ചരിക്കുന്നതു പോലെതന്നെ എഴുതാനും വായിക്കാനും കഴിയുമായിരുന്നു—ഉപയോഗിക്കുന്ന ഈ രീതിക്ക് സ്കൂളിൽ നല്ല പ്രതികരണമാണു ലഭിച്ചത്. ബ്രെയിൽ വലിയ ഉത്സാഹത്തോടെ ഈ പുതിയ രീതി പഠിച്ചു. അവൻ അതിൽ പരിഷ്കരണങ്ങൾ വരുത്തുക പോലും ചെയ്തു. എന്നാൽ ഈ സമ്പ്രദായത്തെ ശരിക്കും പ്രായോഗികം ആക്കുന്നതിന് ബ്രെയിൽ തന്റെ പരിശ്രമങ്ങൾ ക്ഷമയോടെ തുടരേണ്ടിയിരുന്നു.
അവൻ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു: “വ്യക്തികളെയും സംഭവങ്ങളെയും കുറിച്ച്, ആശയങ്ങളെയും ഉപദേശങ്ങളെയും കുറിച്ച് എന്റെ കണ്ണുകൾ എന്നോടു പറയില്ലെങ്കിൽ ഞാൻ മറ്റെന്തെങ്കിലും മാർഗം കണ്ടെത്തിയേ മതിയാകൂ.”അതുകൊണ്ട് കോഡ് ലളിതമാക്കാനായി അടുത്ത രണ്ടു വർഷത്തേക്ക് ബ്രെയിൽ നിശ്ചയദാർഢ്യത്തോടെ യത്നിച്ചു. ഒടുവിൽ പരിഷ്കൃതവും മികവുറ്റതുമായ ഒരു സമ്പ്രദായം അവൻ വികസിപ്പിച്ചെടുത്തു. ആറു കുത്തുകൾ മാത്രം ഉൾക്കൊള്ളുന്ന ഒരു ദീർഘചതുരത്തിൽ (ഇതിന് ബ്രെയിൽസെൽ എന്നു പറയും) മൂന്നു കുത്തുകൾ ലംബമായും രണ്ടു കുത്തുകൾ തിരശ്ചീനമായും വരത്തക്കവിധം ലൂയി ക്രമീകരിച്ചു. 1824 ആയപ്പോഴേക്കും പതിനഞ്ചു വയസ്സുകാരനായ ബ്രെയിൽ ഈ സമ്പ്രദായത്തിന് പൂർണരൂപം നൽകിക്കഴിഞ്ഞിരുന്നു. അധികം താമസിയാതെതന്നെ, ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായി ജോലി ആരംഭിക്കുകയും ചെയ്തു. 1829-ൽ, ഇന്ന് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ അതുല്യമായ ആശയവിനിമയ സമ്പ്രദായം ബ്രെയിൽ പ്രസിദ്ധീകരിച്ചു. തീരെ ചെറിയ ചില പരിഷ്കരണങ്ങൾ ഒഴിച്ചുനിറുത്തിയാൽ ഈ സമ്പ്രദായത്തിന് ഇന്നും ഒരു മാറ്റവുമില്ല.
ബ്രെയിൽ ലിപി ലോകവ്യാപകമായി ലഭ്യമാക്കുന്നു
1820-കളുടെ അവസാനത്തിൽ, എഴുന്നുനിൽക്കുന്ന കുത്തുകൾ ഉപയോഗിച്ചുകൊണ്ടുള്ള ബ്രെയിലിന്റെ പുതിയ ആശയവിനിമയ സമ്പ്രദായത്തെ കുറിച്ചു വിശദീകരിക്കുന്ന ആദ്യത്തെ പുസ്തകം പുറത്തിറങ്ങി. എന്നാൽ ഈ സമ്പ്രദായത്തിനു വ്യാപകമായ അംഗീകാരം കിട്ടാൻ പിന്നെയും സമയം എടുത്തു. 1854-ൽ, അതായത് ബ്രെയിൽ നിര്യാതനായി രണ്ടുവർഷം കഴിഞ്ഞു മാത്രമാണ് ബ്രെയിൽസമ്പ്രദായം അദ്ദേഹത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽപോലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. പക്ഷേ എല്ലാംകൊണ്ടും മികച്ച ഈ സമ്പ്രദായത്തിന് ക്രമേണ വലിയ പ്രചാരം ലഭിക്കുകതന്നെ ചെയ്തു.
പല സംഘടനകളും ബ്രെയിൽ ലിപിയിലുള്ള സാഹിത്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1912-ൽ വാച്ച്ടവർ സൊസൈറ്റി ഇത്തരം സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. അപ്പോഴും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിൽ ഒരു സാർവത്രിക ബ്രെയിൽ കോഡ് നടപ്പിൽവരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, ആധുനിക ബ്രെയിൽ അച്ചടി സംവിധാനങ്ങൾ ഉപയോഗിച്ച് സൊസൈറ്റി എട്ടു വ്യത്യസ്ത ഭാഷകളിലായി ബ്രെയിൽ ലിപിയിലുള്ള ദശലക്ഷക്കണക്കിന് പേജുകൾ ഓരോ വർഷവും ഉത്പാദിപ്പിക്കുന്നു. ഇവ 70-ലേറെ രാജ്യങ്ങളിൽ വിതരണം ചെയ്യപ്പെടുന്നു. ബ്രെയിൽ ലിപിയിലുള്ള ബൈബിൾ സാഹിത്യങ്ങളുടെ ആവശ്യം വർധിച്ചുവരുന്നതിനാൽ അടുത്തയിടെ സൊസൈറ്റി അതിന്റെ ഉത്പാദന ശേഷി ഇരട്ടിപ്പിച്ചു.
വളരെ ക്രമീകൃതവും ലളിതവുമായ ബ്രെയിൽ കോഡിന്റെ സഹായത്തോടെ ദശലക്ഷക്കണക്കിന് അന്ധർ ഇന്ന് അക്ഷരജ്ഞാനം നേടിയിരിക്കുന്നു—ഏകദേശം 200 വർഷം മുമ്പ് ഒരു ബാലൻ നടത്തിയ അർപ്പിത ശ്രമങ്ങളുടെ ഫലംതന്നെ.
[15-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ബ്രെയിൽ കോഡ് വായിക്കൽ
ബ്രെയിൽ വായിക്കുന്നത് ഇടത്തുനിന്നു വലത്തോട്ടാണ്. ഒറ്റക്കൈകൊണ്ടോ രണ്ടു കൈയുംകൊണ്ടോ ഇതു സാധിക്കും. ഓരോ ബ്രെയിൽ സെല്ലിലെയും കുത്തുകൾകൊണ്ട് 63 തരം സംയോജനങ്ങൾ സാധ്യമാണ്. അതുകൊണ്ട് മിക്ക ഭാഷകളിലെയും മുഴു അക്ഷരങ്ങളെയും ചിഹ്നങ്ങളെയും കുത്തുകളുടെ പ്രത്യേക സംയോജനങ്ങൾകൊണ്ടു പ്രതിനിധീകരിക്കാൻ കഴിയും. ചില ഭാഷകൾ ബ്രെയിലിന്റെ ഒരു ചുരുക്കരൂപമാണ് ഉപയോഗിക്കുന്നത്. അത്തരം ബ്രെയിൽ അക്ഷരമാലകളിൽ, ചില സെല്ലുകൾ കൂടെക്കൂടെ ഉപയോഗിക്കേണ്ടി വരുന്ന അക്ഷരക്കൂട്ടങ്ങളെയോ മുഴു പദങ്ങളെയോ പ്രതിനിധാനം ചെയ്യുന്നു. ചില ആളുകൾ ബ്രെയിലിൽ വളരെ പ്രാവീണ്യം നേടിയിരിക്കുന്നു. അവർക്ക് ഒരു മിനിട്ടിൽ 200 വാക്കുകൾ വരെ വായിക്കാൻ കഴിയും!
ആദ്യത്തെ പത്ത് അക്ഷരങ്ങൾ മുകളിലത്തെ രണ്ടു വരികളിലെ കുത്തുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളു
ആദ്യത്തെ പത്ത് അക്ഷരങ്ങളിൽ ഓരോന്നിന്റെയും കൂടെ അവസാന വരിയിലെ ഇടത്തെ കുത്ത് കൂട്ടിയാൽ അടുത്ത പത്ത് അക്ഷരങ്ങളായി
ആദ്യത്തെ അഞ്ച് അക്ഷരങ്ങളുടെ കൂടെ അവസാന വരിയിലെ രണ്ടു കുത്തുകളും ചേർത്താൽ അവസാനത്തെ അഞ്ച് അക്ഷരങ്ങൾ കിട്ടും; എന്നാൽ “w” മാത്രം ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്, കാരണം ഫ്രഞ്ച് അക്ഷരമാലയുടെ ഭാഗമായി അത് കൂട്ടിച്ചേർക്കപ്പെട്ടതു പിന്നീടാണ്
[14-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Portrait: © Maison Natale de Louis Braille - Coupvray, France/Photo Jean-Claude Yon