ലൈംഗിക ഉപദ്രവത്തെ എങ്ങനെ കൈകാര്യം ചെയ്യാം?
യുവജനങ്ങൾ ചോദിക്കുന്നു . . .
ലൈംഗിക ഉപദ്രവത്തെ എങ്ങനെ കൈകാര്യം ചെയ്യാം?
“ആൺകുട്ടികൾ ഞങ്ങളെ നോക്കി ചൂളമടിക്കുകയും കൂവുകയുമൊക്കെ ചെയ്യും.”—കാർള, അയർലൻഡ്
“പെൺകുട്ടികൾ വീണ്ടും വീണ്ടും ഫോണിൽ വിളിച്ചുകൊണ്ടിരിക്കും. നമ്മളെ കറക്കിയെടുക്കാൻ അവർ പഠിച്ചപണി പതിനെട്ടും നോക്കും.”—ജെയ്സൺ, ഐക്യനാടുകൾ.
“അയാൾ എപ്പോഴും എന്റെ കയ്യിൽ തൊടുമായിരുന്നു. ചിലപ്പോൾ എന്റെ കൈ പിടിക്കാൻ പോലും അയാൾ ശ്രമിച്ചിട്ടുണ്ട്.”—യുക്കിക്കോ, ജപ്പാൻ.
“പെൺകുട്ടികൾ എന്റെ നേർക്ക് അർഥംവെച്ചുള്ള കമന്റുകൾ പാസാക്കും.”—അലക്സാണ്ടർ, അയർലൻഡ്.
“ഒരാൺകുട്ടി സ്കൂൾ ബസിൽനിന്ന് എന്നോട് ഓരോന്നു വിളിച്ചുപറയുമായിരുന്നു. ഡേറ്റിങ് നടത്താനൊന്നും അവനു താത്പര്യമില്ലായിരുന്നു, എന്നെ ശല്യംചെയ്യുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.”—റോസിലിൻ, ഐക്യനാടുകൾ.
കാമാസക്തമായ നോട്ടം, ലൈംഗികച്ചുവയുള്ള കമന്റ്, അശ്ലീലം കലർന്ന തമാശ, ലൈംഗികോദ്ദേശ്യത്തോടെയുള്ള സ്പർശം—മറ്റേയാൾക്ക് അനിഷ്ടകരമായിരിക്കേ, അത്തരം കാര്യങ്ങൾ ആവർത്തിക്കുമ്പോൾ അവയെ ലൈംഗിക ഉപദ്രവത്തിന്റെ ഗണത്തിൽപെടുത്താം. ലൈംഗിക ഉപദ്രവം സംബന്ധിച്ച ഒരു ആഗോള സ്ഥിതിവിവരക്കണക്ക് എടുക്കുക ബുദ്ധിമുട്ടായിരിക്കുമെങ്കിലും ഐക്യനാടുകളിലെ സ്കൂൾ പ്രായക്കാരായ മിക്ക യുവജനങ്ങളും അതിന് ഇരകളായിട്ടുണ്ടെന്നു സർവേകൾ സൂചിപ്പിക്കുന്നു.
എന്താണ് ലൈംഗിക ഉപദ്രവം? ഡോ. വിക്ടോറിയ ഷാ എഴുതിയ ലൈംഗിക ഉപദ്രവത്തെയും ലിംഗഭേദ മുൻവിധിയെയും കൈകാര്യം ചെയ്യൽ എന്ന ഇംഗ്ലീഷ് പുസ്തകം അതിനെ “ലൈംഗികമായി ആരെയെങ്കിലും ശല്യംചെയ്യൽ” എന്ന് നിർവചിക്കുന്നു. “അത് (ലൈംഗികോദ്ദേശ്യത്തോടെ ആരെയെങ്കിലും സ്പർശിക്കുന്നതു പോലെ) ശാരീരികമായിരിക്കാം, (ആരുടെയെങ്കിലും ആകാരത്തെ കുറിച്ച് അനിഷ്ടകരമായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതുപോലെ) വാചികമായിരിക്കാം, ചിലപ്പോൾ വാചികമല്ലാത്തതും ആയിരിക്കാം.” ചിലപ്പോൾ അതിൽ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിക്കുന്നത് ഉൾപ്പെടുന്നു.
സ്കൂളിൽ ലൈംഗിക ഉപദ്രവം ഉണ്ടാകുന്നത് അധികപങ്കും സഹവിദ്യാർഥികളിൽനിന്ന് ആയിരിക്കാം. എന്നാൽ, ചില സാഹചര്യങ്ങളിൽ അത് അധ്യാപകരെ പോലെ മുതിർന്ന വ്യക്തികളിൽനിന്ന് ഉണ്ടാകാറുണ്ട്. ലൈംഗിക ഉപദ്രവത്തിനു പിടിയിലായ അധ്യാപകരുടെ താരതമ്യേന ചെറിയൊരു കൂട്ടം “ഒരുപക്ഷേ അത്തരം കുറ്റവാളികളുടെ യഥാർഥ സംഖ്യയുടെ ചെറിയൊരു ശതമാനത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ” എന്ന് റെഡ്ബുക്ക് മാസികയിൽ വന്ന ഒരു ലേഖനം അനുമാനിക്കുന്നു.
ബൈബിൾ കാലങ്ങളിൽ പോലും സ്ത്രീകൾ—ചില പുരുഷന്മാരും—അത്തരം ദുഷ്പെരുമാറ്റത്തിന് ഇരകളായിട്ടുണ്ട്. (ഉല്പത്തി 39:7; രൂത്ത് 2:8, 9, 15) ബൈബിൾ ഇപ്രകാരം മുൻകൂട്ടിപ്പറയുകയുണ്ടായി: “അന്ത്യനാളുകളിൽ ദുഷ്കരമായ സമയങ്ങൾ ഉണ്ടാകും; ആളുകൾ സ്വാർഥരും അത്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ആയിരിക്കും; അവർ അപമാനിക്കുന്നവർ ആയിരിക്കും . . . അവർ നിർദയരും കരുണയില്ലാത്തവരും ദൂഷകരും അക്രമാസക്തരും ഉഗ്രന്മാരും ആയിരിക്കും.” (2 തിമൊഥെയൊസ് 3:1-3, ടുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം) അതുകൊണ്ട് ഇന്ന് ലൈംഗിക ഉപദ്രവത്തിന് ഇരകളാകുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിൽ അതിശയിക്കാനില്ല.
ദൈവത്തിന്റെ വീക്ഷണം
ലൈംഗിക അതിക്രമങ്ങൾ എല്ലാ യുവപ്രായക്കാരെയുമൊന്നും അങ്ങനെ അലട്ടാറില്ല. രസിപ്പിക്കുന്ന ഒരു സംഗതിയായി, എന്തിന് പൊങ്ങച്ചത്തിനുള്ള ഒരു കാരണമായി പോലും ചിലർ അതിനെ വീക്ഷിക്കുന്നു. ലൈംഗിക
ഉപദ്രവത്തിന് ഇരകളായവരിൽ 75 ശതമാനം തങ്ങളും മറ്റുള്ളവരെ അത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടെന്നു സമ്മതിച്ചതായി ഒരു യു.എസ്. സർവേ വെളിപ്പെടുത്തുകയുണ്ടായി. ചില മുതിർന്നവർ ലൈംഗിക അതിക്രമങ്ങളെ നിസ്സാരമായി എടുത്തുകൊണ്ട് പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കിയേക്കാം. എന്നാൽ ദൈവം അതിനെ എപ്രകാരമാണു വീക്ഷിക്കുന്നത്?ദൈവവചനമായ ബൈബിൾ എല്ലാത്തരത്തിലുള്ള ലൈംഗിക ഉപദ്രവങ്ങളെയും വ്യക്തമായി കുറ്റംവിധിക്കുന്നു. ലൈംഗികമായ അതിരുകൾ ലംഘിച്ചുകൊണ്ട് മറ്റുള്ളവരോട് ‘അതിക്രമം’ കാണിക്കരുതെന്ന് അതു നമ്മോടു പറഞ്ഞിരിക്കുന്നു. (1 തെസ്സലൊനീക്യർ 4:3-8) വാസ്തവത്തിൽ, “ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെ” കരുതണമെന്ന് ദൈവം യുവാക്കളോടു കൽപ്പിച്ചിരിക്കുന്നു. (1 തിമൊഥെയൊസ് 5:1, 2) അതിലുപരി, ബൈബിൾ “അശ്ലീലസംസാര”ത്തെ കുറ്റംവിധിക്കുന്നു. (എഫെസ്യർ 5:3, 4, ഓശാന ബൈബിൾ) അതുകൊണ്ട്, ലൈംഗികമായി ഉപദ്രവിക്കപ്പെടുമ്പോൾ ദേഷ്യവും വിഷമവും ആശയക്കുഴപ്പവും അപമാനിക്കപ്പെട്ടെന്ന തോന്നലും ഒക്കെ ഉണ്ടാകുന്നതു സ്വാഭാവികം മാത്രം.
ഞാൻ എന്തു പറയണം?
ആ സ്ഥിതിക്ക്, ആരെങ്കിലും നിങ്ങളെ ഇത്തരത്തിൽ ശല്യം ചെയ്യുന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കണം? ചിലപ്പോൾ തീരെ മയത്തിലുള്ള അല്ലെങ്കിൽ അവ്യക്തമായ ഒരു പ്രതികരണം ഉപദ്രവിക്കുന്ന വ്യക്തി കുറേക്കൂടെ അതിരുകടക്കാൻ ഇടയാക്കുകയേ ഉള്ളൂ. യോസേഫിന്റെ യജമാനന്റെ ഭാര്യ അവനെ അധാർമിക പ്രവർത്തനത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചപ്പോൾ യോസേഫ് അവളെ അവഗണിക്കുക മാത്രമല്ല ചെയ്തത്. പകരം, അവളുടെ അധാർമിക മുന്നേറ്റത്തെ ശക്തമായി നിരാകരിക്കുക കൂടെ ചെയ്തു. (ഉല്പത്തി 39:8, 9, 12) ഇന്നും, ലൈംഗിക ഉപദ്രവത്തെ തടുക്കാനുള്ള ഏറ്റവും നല്ല വഴി മുഖത്തുനോക്കി ഉറച്ച സ്വരത്തിൽ ‘അരുത്’ എന്നു പറയുന്നതാണ്.
ശല്യം ചെയ്യുന്ന വ്യക്തിക്ക് നിങ്ങളെ ദ്രോഹിക്കണമെന്ന ആഗ്രഹമുണ്ടായിരിക്കില്ല എന്നതു ശരിതന്നെ. ഉപദ്രവം പോലെ തോന്നുന്നത് വാസ്തവത്തിൽ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാനുള്ള അന്തസ്സില്ലാത്ത ഒരു ശ്രമം മാത്രം ആയിരിക്കാം. അതുകൊണ്ട് അനിഷ്ടകരമായ ഒരു മുന്നേറ്റത്തിനു തടയിടാനായി നിങ്ങൾ അന്തസ്സില്ലാതെ പെരുമാറേണ്ടതുണ്ടെന്നു വിചാരിക്കരുത്. ‘ഇത്തരം സംസാരം എനിക്ക് ഇഷ്ടമല്ല,’ ‘ദേഹത്തു തൊട്ടുള്ള കളി വേണ്ട,’ എന്നിങ്ങനെയുള്ള ചില വാക്കുകൾ മതിയാകും നിങ്ങളുടെ വീക്ഷണം ആ വ്യക്തിയെ അറിയിക്കാൻ. ഉപയോഗിക്കുന്ന വാക്കുകൾ എന്തുതന്നെയായാലും പറയാൻ ഉദ്ദേശിക്കുന്ന കാര്യം ശക്തമായിത്തന്നെ പറയണം. ‘അരുത്’ എന്നു പറയുമ്പോൾ അതുതന്നെ അർഥമാക്കണം! ആൻഡ്രിയ എന്ന പെൺകുട്ടി പറയുന്നതു ശ്രദ്ധിക്കൂ: “മയത്തിൽ പറഞ്ഞുനോക്കിയിട്ടും ഫലമില്ലെങ്കിൽ വെട്ടിത്തുറന്നുതന്നെ പറയേണ്ടിവരും.” ‘അരുത്!’ എന്നു തറപ്പിച്ചു പറയുന്നത് ഫലം ചെയ്യും.
സാഹചര്യം വഷളാകുകയാണെങ്കിൽ പ്രശ്നം ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്. മാതാപിതാക്കളോടോ പക്വതയുള്ള മുതിർന്ന വ്യക്തികളോടോ അക്കാര്യം ചർച്ച ചെയ്യുക. എന്തു ചെയ്യണമെന്നതു സംബന്ധിച്ച് ചില പ്രായോഗിക നിർദേശങ്ങൾ നൽകാൻ അവർക്കു കഴിഞ്ഞേക്കും. അറ്റകൈ എന്ന നിലയിൽ സ്കൂൾ അധികാരികളെ വിവരമറിയിക്കാൻ അവർ തീരുമാനിച്ചേക്കാം.
അങ്ങനെ ചെയ്യുന്നത് അൽപ്പം നാണക്കേട് ഉണ്ടാക്കുന്ന സംഗതിയാണെന്നു തോന്നിയാലും വീണ്ടും ലൈംഗിക ഉപദ്രവത്തിന് ഇരയാകാതിരിക്കാൻ അത് സഹായിക്കും.ഉപദ്രവം ഒഴിവാക്കൽ
ലൈംഗിക ഉപദ്രവത്തിന് ഇരയാകാതെ നോക്കുന്നതാണ് ഏറ്റവും ബുദ്ധിപൂർവകമായ സംഗതി. ഇക്കാര്യത്തിൽ നിങ്ങളെ എന്തു സഹായിക്കും? ആൻഡ്രിയ നിർദേശിക്കുന്നു: “നിങ്ങൾക്കതിൽ ഏതെങ്കിലും വിധത്തിലുള്ള താത്പര്യമുണ്ടെന്ന ധാരണ യാതൊരു കാരണവശാലും നൽകരുത്. മറ്റുള്ളവർ അതു ശ്രദ്ധിക്കാനിടയാകും, സമ്മർദം തുടരുകയും ചെയ്യും.” നിങ്ങളുടെ വസ്ത്രധാരണം ഇക്കാര്യത്തിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. മാര എന്നൊരു പെൺകുട്ടി ഇങ്ങനെ പറയുന്നു: “ഒരു വല്യമ്മച്ചിയെ പോലെയൊന്നുമല്ല ഞാൻ വസ്ത്രധാരണം ചെയ്യുന്നത്, പക്ഷെ ആളുകൾക്ക് എന്റെ ശരീരത്തോട് ആകർഷണം തോന്നത്തക്ക രീതിയിലുള്ള വസ്ത്രധാരണം ഞാൻ ഒഴിവാക്കുന്നു.” അധാർമിക മുന്നേറ്റത്തെ നിരസിക്കുകയും അതേസമയം മറ്റുള്ളവരിൽ ലൈംഗിക തൃഷ്ണ ഉണർത്തുന്നതരം വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നത് പ്രശ്നം സൃഷ്ടിക്കും. ‘യോഗ്യവും സുബോധത്തോടു’ കൂടിയതുമായ വസ്ത്രധാരണം നടത്താൻ ബൈബിൾ ബുദ്ധിയുപദേശിക്കുന്നു.—1 തിമൊഥെയൊസ് 2:9.
നിങ്ങൾ ഏതുതരം സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നു എന്നുള്ളതും മറ്റുള്ളവർ നിങ്ങളോടു പെരുമാറുന്ന വിധത്തെ ബാധിക്കും. (സദൃശവാക്യങ്ങൾ 13:20) റോസിലിൻ അഭിപ്രായപ്പെടുന്നു: “കൂട്ടത്തിലെ ചില പെൺകുട്ടികൾ ആൺകുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ താത്പര്യപ്പെടുന്നെങ്കിൽ കൂട്ടത്തിലെ മറ്റു പെൺകുട്ടികളും അതുപോലെയായിരിക്കുമെന്ന് ആൺകുട്ടികൾ ഊഹിക്കും.” കാർളയ്ക്കും അതേ അഭിപ്രായമാണ്: “കമന്റടികൾ കേൾക്കുന്നതും ആൺകുട്ടികൾ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നവരോടൊപ്പമാണ് നിങ്ങൾ സഹവസിക്കുന്നതെങ്കിൽ നിങ്ങളോടും അവർ അങ്ങനെയായിരിക്കും പെരുമാറുന്നത്.”
കനാന്യ പെൺകുട്ടികളോടൊപ്പം സഹവസിച്ചിരുന്ന ദീനാ എന്ന ഒരു യുവതിയെ കുറിച്ച് ബൈബിൾ പറയുന്നു. കനാനിലെ സ്ത്രീകൾ അധാർമികതയ്ക്കു പേരുകേട്ടവർ ആയിരുന്നു. ദീനായുടെ മോശമായ സഹവാസം അവളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. (ഉല്പത്തി 34:1, 2) “സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ” എന്നു ബൈബിൾ പറയുന്നതു നല്ല കാരണത്തോടെയാണ്. (എഫെസ്യർ 5:15) അതേ, വസ്ത്രധാരണം, സംസാരരീതി, സഹവാസം എന്നിവ സംബന്ധിച്ച് ‘സൂക്ഷ്മത’ പുലർത്തുന്നപക്ഷം ലൈംഗിക ഉപദ്രവത്തിന് ഇരയാകുന്നതിൽനിന്നും അതു നിങ്ങളെ സംരക്ഷിക്കും.
എന്നാൽ ക്രിസ്ത്യാനികളായ യുവപ്രായക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം ഉപദ്രവം ഒഴിവാക്കാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് നിങ്ങളുടെ മതപരമായ നിലപാടിനെ കുറിച്ച് മറ്റുള്ളവരെ അറിയിക്കുന്നതാണ്. യഹോവയുടെ സാക്ഷികളിൽ ഒരാളായ ടീമോൻ എന്ന ഒരു ആൺകുട്ടി അനുസ്മരിക്കുന്നു: “ഞാൻ ഒരു സാക്ഷിയാണെന്ന് മറ്റു കുട്ടികൾ അറിയാൻ ഇടയായി. അതുകൊണ്ട് അവർ മിക്കവാറും എല്ലാത്തരത്തിലുള്ള ഉപദ്രവങ്ങളും നിറുത്തി.” ആൻഡ്രിയ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “നിങ്ങൾ ഒരു സാക്ഷിയാണെന്ന് അവരോടു പറയുന്നത് വലിയ വ്യത്യാസം ഉളവാക്കും. പല വിധങ്ങളിലും നിങ്ങൾ അവരിൽനിന്നു വ്യത്യസ്തരാണെന്നും നിങ്ങൾ കണിശമായ ധാർമിക നിലവാരങ്ങൾ പുലർത്തുന്നവരാണെന്നും അവർ തിരിച്ചറിയും.”—മത്തായി 5:15, 16.
നിങ്ങൾ ഉപദ്രവിക്കപ്പെടുന്നുവെങ്കിൽ
വളരെ കഠിനമായി ശ്രമിച്ചാലും മര്യാദകെട്ടവരും ആഭാസന്മാരുമായ ആളുകളിൽനിന്ന് പൂർണമായി രക്ഷപ്പെടാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ, നിങ്ങൾ ഉപദ്രവത്തിന് ഇരയായിട്ടുണ്ടെങ്കിൽ—ഒരു ക്രിസ്ത്യാനിയെ പോലെ പെരുമാറിയിരിക്കുന്നിടത്തോളം കാലം—കുറ്റബോധത്താൽ നീറിപ്പുകയേണ്ട യാതൊരു ആവശ്യവുമില്ല. (1 പത്രൊസ് 3:16, 17) പ്രശ്നം നിങ്ങളെ വൈകാരികമായി വളരെയധികം അലട്ടുന്നുണ്ടെങ്കിൽ മാതാപിതാക്കളോടോ ക്രിസ്തീയ സഭയിലെ പക്വതയുള്ള വ്യക്തികളോടോ സംസാരിച്ചുകൊണ്ട് അവരിൽനിന്ന് സഹായം തേടുക. ലൈംഗിക ഉപദ്രവത്തിന് ഇരയാകുമ്പോൾ നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പു തോന്നിയേക്കുമെന്ന് റോസിലിൻ പറയുന്നു. “സുഹൃത്തായി ആരെങ്കിലും ഉണ്ടായിരിക്കുന്നത്, കാര്യങ്ങൾ തുറന്നു പറയാൻ ഒരാൾ ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്,” അവൾ പറയുന്നു. “യഹോവ തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും . . . സമീപസ്ഥനാ”ണ് എന്ന് ഓർക്കുക—സങ്കീർത്തനം 145:18, 19.
ദുഷ്പെരുമാറ്റത്തിനെതിരെ ഒരു നിലപാടു കൈകൊള്ളുന്നത് എളുപ്പമല്ല എന്നതു ശരിയാണ്, എന്നാൽ അത് ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്. ശൂനേംകാരിയായ ഒരു യുവതിയെ കുറിച്ചുള്ള ബൈബിൾ വിവരണം പരിചിന്തിക്കുക. ഇന്നു നാം മനസ്സിലാക്കുന്ന തരത്തിലുള്ള ലൈംഗിക ഉപദ്രവത്തിന് അവൾ ഇരയായില്ലെങ്കിലും യഹൂദായിലെ സമ്പന്നനും ശക്തിശാലിയുമായ രാജാവായിരുന്ന ശലോമോനിൽനിന്നുള്ള ചില പ്രലോഭനങ്ങൾ അവൾക്കു നേരിടേണ്ടതായിവന്നു. മറ്റൊരു പുരുഷനുമായി പ്രണയത്തിലായിരുന്നതിനാൽ അവൾ അവയെ ചെറുത്തു. അതുകൊണ്ട്, ‘ഞാൻ ഒരു മതിലാണ്’ എന്ന് തന്നെക്കുറിച്ചുതന്നെ അവൾക്ക് അഭിമാനപൂർവം പറയാൻ കഴിഞ്ഞു.—ഉത്തമഗീതം 8:4, 10.
നിങ്ങളും അതേ ധാർമിക ശക്തിയും നിശ്ചയദാർഢ്യവും പ്രകടമാക്കേണ്ടതുണ്ട്. അനിഷ്ടകരമായ മുന്നേറ്റങ്ങൾ ഉണ്ടാകുമ്പോൾ ഒരു ‘മതിൽ’ പോലെ നിലകൊള്ളുക. നിങ്ങൾക്കു സഹവസിക്കേണ്ടി വരുന്ന ഏവരോടും നിങ്ങളുടെ ക്രിസ്തീയ നിലപാടു വ്യക്തമാക്കുക. അങ്ങനെ ചെയ്യുകവഴി ദൈവത്തെ പ്രസാദിപ്പിച്ചിരിക്കുന്നുവെന്ന ഉറച്ച ബോധ്യത്തോടെ ‘അനിന്ദ്യരും ദൈവത്തിന്റെ നിഷ്കളങ്കമക്കളു’മായി നിലകൊള്ളാൻ നിങ്ങൾക്കു കഴിയും.—ഫിലിപ്പിയർ 2:15. a
[അടിക്കുറിപ്പ്]
a ലൈംഗിക ഉപദ്രവം സംബന്ധിച്ച കൂടുതൽ ബുദ്ധിയുപദേശങ്ങൾ ഉണരുക!-യുടെ 1996 മേയ് 22 ലക്കത്തിലും 1995 ആഗസ്റ്റ് 22 ലക്കത്തിലും 1991 മേയ് 22 ലക്കത്തിലും (ഇംഗ്ലീഷ്) നൽകിയിട്ടുണ്ട്.
[23-ാം പേജിലെ ചിത്രം]
നിങ്ങളുടെ ക്രിസ്തീയ വിശ്വാസങ്ങൾ പരസ്യമായി അറിയാൻ ഇടയാക്കുന്നത് സംരക്ഷണം നൽകും
[23-ാം പേജിലെ ചിത്രം]
മോശമായ സഹവാസം ഒഴിവാക്കുന്നത് ലൈംഗിക ഉപദ്രവത്തിൽനിന്ന് നിങ്ങളെ സംരക്ഷിച്ചേക്കും