ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
പുകയില ഏറ്റവും അധികം ഉപയോഗിക്കുന്ന രാജ്യം
“പുകയിലയുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം” ചൈനയാണ് എന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ റിപ്പോർട്ടു ചെയ്യുന്നു. “ചൈനയിലെ 120 കോടി വരുന്ന ജനസംഖ്യയിൽ 300 ദശലക്ഷത്തിലധികം പുരുഷന്മാരും 20 ദശലക്ഷം സ്ത്രീകളും പുകവലിക്കാരാണ്.” ബെയ്ജിങ്ങിലെ ചൈനീസ് അക്കാഡമി ഓഫ് പ്രിവന്റീവ് മെഡിസിനിൽനിന്നും ചൈനീസ് അസ്സോസിയേഷൻ ഓൺ സ്മോക്കിങ് ആൻഡ് ഹെൽത്തിൽനിന്നും ഉള്ള ഡോക്ടർമാരും പാശ്ചാത്യ നാടുകളിൽനിന്നുള്ള ചില ഡോക്ടർമാരും ചേർന്ന് രാജ്യമെമ്പാടുമുള്ള 1,20,000 പേരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സർവേ നടത്തുകയുണ്ടായി. അവർ എന്തു നിഗമനത്തിലാണ് എത്തിച്ചേർന്നത്? “പുകയിലയുടെ ഉപയോഗം ചൈനയ്ക്ക് ഒരു വൻ ദുരന്തമായിത്തീരാൻ പോവുകയാണ്.” കൂടാതെ, “ചൈനയിൽ ഇന്നു ജീവിച്ചിരിക്കുന്ന പുകവലിക്കാരിൽ 50 ദശലക്ഷമെങ്കിലും അകാലചരമത്തിന് ഇരയാകുമെന്നു കണക്കാക്കപ്പെടുന്നു.” റിപ്പോർട്ട് പറയുന്ന പ്രകാരം ചൈനയിൽ മുമ്പൊക്കെ ആദ്യമായി പുകവലി പരീക്ഷിക്കുന്നവരുടെ ശരാശരി വയസ്സ് 28 ആയിരുന്നു. എന്നാൽ 1984 മുതൽ അത് 25 ആയി കുറഞ്ഞിരിക്കുന്നുവത്രേ. പുകവലി ശ്വാസകോശ അർബുദത്തിനും ഹൃദ്രോഗത്തിനും ഇടയാക്കിയേക്കാമെന്ന വസ്തുത വളരെ കുറച്ച് ആളുകൾ മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ.
ഉന്നം പിഴയ്ക്കാത്ത പടയാളി
“പ്രാണിലോകത്തെ, ഏറ്റവും മികച്ച ആയുധവുമേന്തി നടക്കുന്ന ഒരു വീരനാണ് ബൊമ്പാർഡയർ വണ്ട്. തെല്ലും ഉന്നംപിഴക്കാതെ തന്റെ ആയുധം പ്രയോഗിക്കാനുള്ള കഴിവ് അവനുണ്ട്. ഹൈ-സ്പീഡ് ഫോട്ടോഗ്രാഫുകളുടെ സഹായത്താൽ ശാസ്ത്രജ്ഞന്മാർക്ക് ബൊമ്പാർഡയർ വണ്ടിന്റെ ഈ വൈദഗ്ധ്യത്തെ കുറിച്ചു മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നു” എന്ന് ലണ്ടന്റെ വർത്തമാനപത്രമായ ഇൻഡിപ്പെൻഡെന്റ് റിപ്പോർട്ടു ചെയ്യുന്നു. ഉദരത്തിന്റെ അഗ്രത്തിലുള്ള അറകളിൽനിന്ന് ഉന്നംപിഴയ്ക്കാതെ ചൂടുള്ള ഒരുതരം അമ്ലം ചീറ്റിച്ചുകൊണ്ട് ഒറ്റ നിമിഷംകൊണ്ട് തന്റെ ശത്രുവിന്റെ കഥകഴിക്കാൻ ഈ വണ്ടിന് സാധിക്കും. ഈ ദ്രാവകം വണ്ടിനെ യാതൊരുതരത്തിലും ബാധിക്കുകയില്ലാത്തതിനാൽ സ്വയം ഹനിക്കാതെതന്നെ, ശരീരത്തിന്റെ പുറത്തോ മറ്റോ പറ്റിപ്പിടിച്ചിരിക്കുന്ന ഉറുമ്പിനും മറ്റ് പ്രാണികൾക്കും നേരെയും തന്റെ ആയുധം പ്രയോഗിക്കാൻ അതിനു കഴിയും. ബൊമ്പാർഡയർ വണ്ട് അമ്ലം ചീറ്റിക്കുന്ന ഫോട്ടോ എടുത്ത, ന്യൂയോർക്കിലെ ഇത്തിക്കയിലുള്ള കോർണെൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഇപ്രകാരം പറയുന്നു: “ബൊമ്പാർഡയർ വണ്ടിന് അതിന്റെ ഉടലിന്റെ അഗ്രഭാഗം തിരിച്ചുകൊണ്ട് ശത്രുവിനു നേരെ അമ്ലം സ്പ്രേ ചെയ്യാൻ കഴിയുമെന്ന കാര്യം മുമ്പ് അറിയാമായിരുന്നെങ്കിലും അവ എത്ര കൃത്യതയോടെ അതു ചെയ്യുന്നു എന്നത് മുമ്പു ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.”
കൗമാരപ്രായക്കാരും ടെലിഫോണുകളും
ഫോൺ ഉപയോഗിക്കാൻ കൗമാരപ്രായക്കാർക്ക് വലിയ താത്പര്യമാണ്. “വെറുതെ ഒരു രസത്തിനു വേണ്ടിയോ ബോറടി മാറ്റാനോ ഒക്കെയാണ് അവർ ഫോൺ ചെയ്യുന്നത്” എന്ന് പോളിഷ് വാരികയായ പ്ച്ചിയാച്ചൂക്ക പറയുന്നു. എന്നാൽ പലരും തങ്ങൾ എത്ര സമയം ഫോണിൽ സംസാരിക്കുന്നുവെന്നോ ഒരു കോളിനു വരുന്ന ചെലവ് എത്ര ആയിരിക്കുമെന്നോ ആലോചിക്കാറില്ല. ഇതിന് ഒരു പരിഹാരം എന്തായിരിക്കാം? ഫോൺബില്ലിൽ കുറെയെങ്കിലും അവരോടുതന്നെ അടയ്ക്കാൻ ആവശ്യപ്പെടുന്നതാണെന്ന് ആ മാസിക നിർദേശിക്കുന്നു. “ടെലിഫോൺ മറ്റുള്ളവരുടെ ഉപയോഗത്തിനും കൂടി ഉള്ളതാണെന്നും മറ്റുള്ളവർക്കും ഇടയ്ക്കൊക്കെ അത് ഉപയോഗിക്കണമെന്നും” കൗമാരപ്രായക്കാരെ ഓർമിപ്പിക്കാനും ആ മാസിക പറയുന്നു.
മാതാപിതാക്കൾ താത്പര്യം കാണിക്കുമ്പോൾ
“ഒരു കുട്ടിയുടെ വിജയത്തിന്റെ രഹസ്യം, അവന്റെ പഠനത്തിൽ താത്പര്യമുണ്ടായിരിക്കുകയും അത് പുറമേ പ്രകടിപ്പിക്കുകയും ചെയ്യുന്ന മാതാവ് അല്ലെങ്കിൽ പിതാവ് ആണെന്ന് ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്ന”തായി ദ ടൊറന്റോ സ്റ്റാർ പ്രസ്താവിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ, ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് കാനഡ എന്നീ ഏജൻസികൾ ചേർന്ന് 1994 മുതൽ, കാനഡയിലെ 4 തുടങ്ങി 11 വരെ പ്രായമുള്ള 23,000 കുട്ടികളെ നിരീക്ഷണ വിധേയരാക്കി. അവരുടെ മാനസിക വളർച്ചയെയും വിദ്യാഭ്യാസപരമായ പുരോഗതിയെയും ആരോഗ്യത്തെയും കുറിച്ചു പഠിക്കുകയായിരുന്നു ലക്ഷ്യം. കാനഡക്കാരായ മിക്ക മാതാപിതാക്കളും തങ്ങളുടെ മക്കളുടെ സ്കൂൾ പഠനത്തിൽ, പ്രത്യേകിച്ചും അവർ ചെറിയ ക്ലാസ്സുകളിൽ ആയിരിക്കുമ്പോൾ സജീവ താത്പര്യം എടുക്കുന്നുവെന്ന് വ്യക്തമായി. “നന്നായി പഠിക്കാൻ സദാ സമയവും അല്ലെങ്കിൽ ഒട്ടു മിക്ക സമയങ്ങളിലും മാതാപിതാക്കൾ തങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട് എന്ന് 10-ഉം 11-ഉം വയസ്സുള്ള കുട്ടികളിൽ 95 ശതമാനവും പറഞ്ഞ”തായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. മാതാപിതാക്കളിൽ 87 ശതമാനം പേരും “മക്കൾ 1 മുതൽ 3 വരെ ക്ലാസ്സുകളിൽ ആയിരിക്കുമ്പോൾ ദിവസവും അവരോടൊപ്പമിരുന്ന് പാഠപുസ്തകങ്ങളും മറ്റും വായിക്കാറുണ്ട്.” ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിനു വേണ്ടിയുള്ള പേരന്റിങ് പ്രോഗ്രാമുകളുടെ ഭാരവാഹിയായ മേരി ഗൊർഡൻ ഇപ്രകാരം പറയുന്നു: “നല്ല ഒരു മാതാവോ പിതാവോ ആയിരിക്കാൻ പണക്കാരോ അഭ്യസ്തവിദ്യരോ ആയിരിക്കേണ്ടതില്ലെന്നും പകരം കുട്ടികളുടെ ആവശ്യങ്ങൾ സംബന്ധിച്ച് ജാഗ്രതയുള്ളവരും അവരോടൊപ്പം ആയിരുന്നുകൊണ്ട് അവരിൽ താത്പര്യം പ്രകടമാക്കുന്നവരും ആയിരുന്നാൽ മതി എന്നും ഇപ്പോൾ നമുക്ക് അറിയാം.” അവർ കൂട്ടിച്ചേർക്കുന്നു: “പഠനകാര്യങ്ങളിൽ കുട്ടികൾക്കു ലഭിക്കുന്ന വ്യക്തിപരമായ ഈ ശ്രദ്ധയാണ് അവരുടെ മസ്തിഷ്ക വളർച്ചയെ സഹായിക്കുന്നത്, അത് ആദ്യം അവർക്കു ലഭിക്കേണ്ടത്
സ്വന്തം ഭവനത്തിൽനിന്നുതന്നെയാണ്.”
അടുക്കളയിലെ രോഷം
“അതിസങ്കീർണമായ അത്യാധുനിക ഗൃഹോപകരണങ്ങൾ ‘അടുക്കളയിലെ രോഷ’ത്തിന് ഇടയാക്കു”ന്നതായി ലണ്ടനിലെ ഇൻഡിപ്പെൻഡെന്റ് എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “മൈക്രോവേവ് അവ്നിൽ ഒരു കപ്പ് സൂപ്പ് ഉണ്ടാക്കണമെങ്കിലോ വാഷിങ് മെഷീനിൽ ഒരു ജോഡി സോക്സ് അലക്കണമെങ്കിലോ ബ്ലെൻഡർ കം മിക്സർ ഉപയോഗിക്കണമെങ്കിലോ മണിക്കൂറുകളോളം കുത്തിയിരുന്ന് മാന്വൽ പഠിക്കേണ്ടിവരുന്ന ഗതികേട്” ഉപഭോക്താക്കളെ നിരാശപ്പെടുത്തുന്നു. സാങ്കേതികമായി പുരോഗമിച്ച ആധുനിക യുഗത്തിൽ ഉപകരണങ്ങളുടെ രൂപരചയിതാക്കൾ അവയിൽ ഒട്ടേറെ സവിശേഷതകൾ
ഉൾപ്പെടുത്തുന്നതായി മനശ്ശാസ്ത്രജ്ഞർ പറയുന്നു. അത്തരം അതിസങ്കീർണതയ്ക്കുള്ള ഒരു ഉത്തമ ഉദാഹരണം എന്ന നിലയിൽ അവർ ചൂണ്ടിക്കാണിക്കുന്നത് വീഡിയോ പ്ലെയർ ആണ്. മാഞ്ചസ്റ്റർ സർവകലാശാലയിലെ മനശ്ശാസ്ത്ര പ്രൊഫസർ കാരി കൂപ്പർ വിവരിക്കുന്നു: “ഇന്നത്തെ ആളുകളെ സംബന്ധിച്ചിടത്തോളം ജോലിസ്ഥലത്ത് അവർ നൂതന സാങ്കേതികവിദ്യകളുടെ പിടിയിലാണ്. എന്നാൽ വീട്ടിലെത്തുമ്പോൾ, ജോലിയെ കുറിച്ച് ഓർമിപ്പിക്കാത്ത തരം കൂടുതൽ ലളിതമായ ഒരു ജീവിതം അവർ ആഗ്രഹിക്കുന്നു.”മുളപ്പിച്ച പയറും മറ്റും വേവിക്കാതെ ഭക്ഷിക്കുന്നത് അപകടകരം
ഭക്ഷ്യവിഷബാധയ്ക്കുള്ള ഒരു കാരണം, മുളപ്പിച്ച പയറും മറ്റും വേവിക്കാതെ ഭക്ഷിക്കുന്നതാണെന്ന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അഭിപ്രായപ്പെടുന്നതായി എഫ്ഡിഎ കൺസ്യൂമർ മാസിക റിപ്പോർട്ട് ചെയ്യുന്നു. ഭക്ഷ്യജന്യ രോഗങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ വർധിച്ചതിനെ തുടർന്നാണത്രേ ഈ മുന്നറിയിപ്പു നൽകപ്പെട്ടത്. ആൽഫാൽഫാ, ക്ലോവർ അല്ലെങ്കിൽ പയർ എന്നിവയൊക്കെ മുളപ്പിച്ച് വേവിക്കാതെ ഭക്ഷിക്കാൻ പലർക്കും ഇഷ്ടമാണ്. എന്നിരുന്നാലും, പലരാജ്യങ്ങളിലും ഇതിനെ ബാക്ടീരിയയുടെ ആക്രമണവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട് എന്ന് ദ ന്യൂയോർക്ക് ടൈംസ് അഭിപ്രായപ്പെടുന്നു. കൊച്ചു കുട്ടികളെയും പ്രായമായവരെയും പ്രതിരോധ വ്യവസ്ഥ ദുർബലമായവരെയും ആണ് ഇതു വിശേഷാൽ ബാധിക്കുക. ബാക്ടീരിയയെ നശിപ്പിക്കാനായി, മുളപ്പിച്ച വിത്തുകൾ ക്ലോറിൻ അല്ലെങ്കിൽ ആൽക്കഹോൾ ലായനികളിൽ കഴുകുന്നത് ഉൾപ്പെടെ പല രീതികളും ഗവേഷകർ പരീക്ഷിച്ചു നോക്കിയെങ്കിലും ഒന്നും പൂർണമായി ഫലപ്രദമായിരുന്നില്ല. “മുള പൊട്ടലിന് അനുകൂലമായ ഈർപ്പവും ഇളംചൂടും ബാക്ടീരിയകൾ പെരുകാൻ ഇടയാക്കുന്നു” എന്ന് അവർ വിശദീകരിക്കുന്നതായി ടൈംസ് പ്രസ്താവിക്കുന്നു.
ലണ്ടനിലെ ഭാഷാവൈവിധ്യം
ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള സ്കൂൾ കുട്ടികൾക്കിടയിൽ ചുരുങ്ങിയത് 307 ഭാഷകൾ സംസാരിക്കപ്പെടുന്നുണ്ടെന്ന് അവിടത്തെ വർത്തമാനപത്രമായ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ലണ്ടനിൽ സംസാരിക്കപ്പെടുന്ന ഭാഷകളെ കുറിച്ചുള്ള ആദ്യത്തെ സർവേ നടത്തിയ ഒരാൾ ഡോ. ഫിലിപ്പ് ബേക്കർ ആയിരുന്നു. അവിടത്തെ ഭാഷാവൈവിധ്യം അദ്ദേഹത്തെ അമ്പരപ്പിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ലോകത്തിൽ വെച്ച് ഏറ്റവും അധികം ഭാഷകൾ സംസാരിക്കപ്പെടുന്ന നഗരം ലണ്ടനാണ് എന്ന് ഞങ്ങൾക്ക് ഇപ്പോൾ ഏതാണ്ട് ഉറപ്പായിരിക്കുന്നു, ഇക്കാര്യത്തിൽ ന്യൂയോർക്കിനെപോലും അത് കടത്തിവെട്ടിയിരിക്കുന്നു.” മേൽപ്പറഞ്ഞ 307 ഭാഷകൾക്കു പുറമേ നൂറുകണക്കിന് ഭാഷാഭേദങ്ങളും അവിടെ നിലവിലുണ്ട്. അവിടത്തെ 8,50,000 വരുന്ന സ്കൂൾ കുട്ടികളുടെ മൂന്നിൽ രണ്ടു ഭാഗം മാത്രമേ വീട്ടിൽ ഇംഗ്ലീഷ് സംസാരിക്കുന്നുള്ളൂ. ഏറ്റവും അധികം വിദേശ ഭാഷാ കൂട്ടങ്ങൾ വരുന്നത് ഇന്ത്യയിൽനിന്നാണ്. കൂടാതെ, ചുരുങ്ങിയത് 100 ആഫ്രിക്കൻ ഭാഷകളെങ്കിലും സംസാരിക്കപ്പെടുന്നുണ്ട്. ഒറ്റ സ്കൂളിൽ മാത്രം 58 ഭാഷകൾ സംസാരിക്കപ്പെടുന്നു.
ഫംഗസ് ആക്രമണം!
വളംകടി ജർമനിയിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഡേർ ഷ്പീഗൽ വാർത്താമാസിക റിപ്പോർട്ടു ചെയ്യുന്നു. കാൽപ്പാദത്തിനടിയിലും കാൽവിരലുകളിലും ഉണ്ടാകുന്ന വേദനാജനകമായ ഒരുതരം ഫംഗസ്ബാധയാണ് അത്. ജർമൻകാരിൽ 5-ൽ ഒരാൾക്കുവീതം അതുണ്ട്. മറ്റുചില യൂറോപ്യൻ രാജ്യങ്ങളിൽ ഇതിന്റെ നിരക്ക് ഇതിലും കൂടുതലാണ്. സോണ, നീന്തൽക്കുളങ്ങൾ, ആരാധനാസ്ഥലങ്ങൾ തുടങ്ങി ആളുകൾ ചെരിപ്പിടാതെ നടക്കുന്ന സ്ഥലങ്ങളിൽനിന്നെല്ലാം ഈ ഫംഗസ്ബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫംഗസിന്റെ ബീജാണുക്കൾക്ക് പ്രതികൂല സാഹചര്യങ്ങളെ ചെറുത്തുനിൽക്കാൻ നല്ല കഴിവാണ്. അതുകൊണ്ട്,
പാദ-അണുനാശിനി സ്പ്രേ മെഷീനുകൾ അല്ലെങ്കിൽ ബേസിനുകൾ മിക്കപ്പോഴും, വളംകടി തടയുന്നതിനു പകരം അതു പടർന്നുപിടിക്കാൻ ഇടയാക്കുന്നു, പാദങ്ങൾ അണുവിമുക്തമാകാൻ ആവശ്യമായത്രയും സമയം അണുനാശിനിയുമായി സമ്പർക്കത്തിൽ വരുന്നില്ല എന്നതുതന്നെ കാരണം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ പാദങ്ങൾ എങ്ങനെ സംരക്ഷിക്കാൻ കഴിയും? മറ്റാളുകൾ നടക്കുന്ന സ്ഥലങ്ങളിൽ പാദരക്ഷകൾ ഉപയോഗിക്കാൻ, ഫംഗസ് സ്പെഷ്യലിസ്റ്റായ ഡോ. ഹാൻസ് യൂർഗൻ ടിറ്റ്സ് നിർദേശിക്കുന്നു. പാദങ്ങൾ ഈർപ്പമില്ലാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനം. പാദങ്ങളിലെ വിശേഷിച്ചും കാൽവിരലുകൾക്കിടയിലെ ഈർപ്പം തുടച്ചു കളയുന്നത് ഫംഗസിന്റെ ആക്രമണത്തെ തടയും.
കടൽവെള്ളത്തിൽനിന്ന് ഉപ്പ് നീക്കം ചെയ്യൽ
ദക്ഷിണ ഓസ്ട്രേലിയയുടെ തീരപ്രദേശത്തുനിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപിലുള്ള ഉപ്പുനീക്കൽ പ്ലാന്റിൽ കടൽവെള്ളം കുടിവെള്ളമായി മാറ്റുന്നതായി ദി ഓസ്ട്രേലിയൻ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ഉപ്പുനീക്കൽ പ്രക്രിയ ഒരു പുതിയ സംഗതിയൊന്നുമല്ലെങ്കിലും “അത് ഉപ്പുനീക്കൽ വിദ്യയിലെ ഒരു വലിയ മുന്നേറ്റമായി കരുതപ്പെടുന്നു. രാസവസ്തുക്കളുടെ ആവശ്യമില്ല എന്നുള്ളതാണ് അതിനു കാരണം” എന്ന് റിപ്പോർട്ട് പറയുന്നു. കാങ്കരൂ ദ്വീപിലെ പെൻഷൊ സമുദായത്തിലെ 400 അംഗങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ “സമുദ്രജലം ശേഖരിച്ചശേഷം, ഉപ്പ് നീക്കം ചെയ്യാനായി ഉയർന്ന മർദത്തിൻ കീഴിൽ ഒരു സ്തരത്തിലൂടെ കടത്തിവിടുന്നു. ശേഷിക്കുന്ന ബ്രൈൻ അഥവാ ഗാഢതയുള്ള ഉപ്പുലായനി കടലിലേക്ക് സുരക്ഷിതമായി പുറന്തള്ളാനും സാധിക്കും.” ഈ പുതിയ സംവിധാനത്തിന്റെ ഏറെ വ്യാപകമായ ഉപയോഗത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ ഉണ്ട്. പരമ്പരാഗതമായ ജല ശുദ്ധീകരണ മാർഗങ്ങളെ അപേക്ഷിച്ച് ചെലവു കുറവാണെങ്കിലും അത് ചെലവേറിയ ഒരു പ്രക്രിയതന്നെയാണ് എന്ന് ദി ഓസ്ട്രേലിയൻ പറയുന്നു.
“അദ്ദേഹം ഒരു യോഗത്തിൽ സംബന്ധിച്ചുകൊണ്ടിരിക്കുകയാണ്”
വലിയ കമ്പനികളുടെ എക്സിക്യൂട്ടീവുകൾക്കുവേണ്ടി ജോലി ചെയ്യുന്ന 148 സെക്രട്ടറിമാരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഒരു സർവേയിൽ തങ്ങളുടെ മേലധികാരികൾ മറ്റുള്ളവരോട് നുണ പറയാൻ ചിലപ്പോൾ ആവശ്യപ്പെട്ടതായി അവരിൽ 47 ശതമാനം പേർ അറിയിച്ചതായി ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. തന്റെ ബോസ് ഓഫീസിൽ തനിച്ച് ഇരിക്കേതന്നെ “അദ്ദേഹം ഒരു യോഗത്തിൽ സംബന്ധിച്ചുകൊണ്ടിരിക്കുകയാണ്” എന്ന് ഫോണിലൂടെ അദ്ദേഹത്തെ അന്വേഷിക്കുന്നവരോടു കള്ളം പറയേണ്ടി വരുന്നതായി ടെക്സാസിലെ ഒരു മാർക്കറ്റിങ് സ്ഥാപനത്തിൽ സെക്രട്ടറിയായി ജോലി നോക്കുന്ന ഒരു സ്ത്രീ പറഞ്ഞു. ജോലി പോകാതിരിക്കാൻ 30 വർഷമായി താൻ ഈ ഗതികേടു സഹിക്കുകയാണെന്ന് അവൾ അറിയിച്ചു. ഭാര്യയോട് അവരുടെ ഭർത്താവ് എവിടെയാണെന്ന് അറിയില്ല എന്നു പറയുന്നതുപോലുള്ള ചില നുണകൾ വിശേഷിച്ചും കുടുംബകലഹംതന്നെ ഉണ്ടാക്കിയേക്കാം. അയയ്ക്കേണ്ട സമയം കഴിഞ്ഞ ഒരു ചെക്ക് ഇതുവരെയും അയച്ചിട്ടില്ലെന്ന് ഫോണിലൂടെ സത്യം പറഞ്ഞതിന് ഒരു സെക്രട്ടറിക്ക് തന്റെ ജോലി പോലും നഷ്ടമായി.