ആത്മവിദ്യ ഇത്ര പ്രചാരം നേടുന്നതിന്റെ കാരണം
ആത്മവിദ്യ ഇത്ര പ്രചാരം നേടുന്നതിന്റെ കാരണം
“മനുഷ്യന്റെ ഒരു ആത്മഭാഗം ഭൗതിക ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നുവെന്നും അതിനു സാധാരണമായി മധ്യവർത്തിയായി സേവിക്കുന്ന ഒരു വ്യക്തിയിലൂടെ ജീവിച്ചിരിക്കുന്നവരുമായി ആശയവിനിമയം നടത്താൻ കഴിയുമെന്നും ഉള്ള വിശ്വാസം” എന്നാണ് ആത്മവിദ്യയെ നിർവചിച്ചിരിക്കുന്നത്.
മരിച്ചവരുമായി എങ്ങനെ സമ്പർക്കം പുലർത്താം എന്നു വിശദീകരിച്ച ഒരു പുസ്തകം 1998-ൽ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാം സ്ഥാനം കയ്യടക്കി. ഐക്യനാടുകളിൽ അതിന്റെ ജനപ്രീതി അത്രയ്ക്കു വലുതായിരുന്നു.
ഏതാനും വർഷങ്ങൾക്കു മുമ്പ്, അതീന്ദ്രിയ ശക്തിയുള്ളവരുമായുള്ള കൂടിക്കാഴ്ചകളും ആത്മമധ്യവർത്തികളുടെ യോഗങ്ങൾക്കു ഹാജരാകുന്നതും മറ്റും മോസ്കോയിലെ രാഷ്ട്രീയക്കാരുടെയും വ്യാപാരികളുടെയും ഇടയിലെ ഹരമായിരുന്നു. അത്തരം കൂടിയാലോചനകൾക്കായി അവർ പണം വാരിവിതറി.
ബ്രസീലിൽ ആത്മവിദ്യയെ ചിത്രീകരിക്കുന്ന ടെലിവിഷൻ സീരിയലുകൾ വളരെയധികം പ്രേക്ഷകരെ ആകർഷിക്കുന്നു.
ആഫ്രിക്കയിലും ഏഷ്യയിലും ഉള്ള അനേകരെ സംബന്ധിച്ചിടത്തോളം ആത്മവിദ്യാചാരം വളരെ സാധാരണമായ ഒരു സംഗതിയാണ്, ചന്തസ്ഥലത്തു പോയി സാധനങ്ങൾ വാങ്ങുന്നയത്ര സാധാരണം.
ഇത്രയേറെ പേർ ആത്മവിദ്യയിലേക്കു തിരിയുന്നതിന്റെ കാരണം
തങ്ങളുടെ പ്രിയപ്പെട്ടവർ മരിക്കുമ്പോഴാണു പലരും ആത്മവിദ്യയിലേക്കു തിരിയുന്നത്. അതിലൂടെ തങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് അവർ കരുതുന്നു. മരിച്ചവരിൽനിന്നു വരുന്നതായി തോന്നുന്ന പ്രത്യേക സന്ദേശങ്ങൾ ആത്മമധ്യവർത്തികളിലൂടെ അവർക്കു ലഭിച്ചേക്കാം. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ടവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അവരുമായി സമ്പർക്കം പുലർത്തുന്നത് തങ്ങളുടെ നഷ്ടത്തെ നേരിടാൻ സഹായിക്കുമെന്നും ഉള്ള വിശ്വാസത്തിലേക്ക് അത് അവരെ നയിക്കുന്നു.
മറ്റു ചിലർ ആത്മവിദ്യയിലേക്ക് ആകർഷിക്കപ്പെടുന്നത് രോഗങ്ങൾ സുഖപ്പെടുത്താനും ദാരിദ്ര്യത്തിന്റെ പിടിയിൽനിന്നു മോചിതരാകാനും പ്രണയസാഫല്യം നേടാനും വൈവാഹിക പ്രശ്നങ്ങൾ പരിഹരിക്കാനും ജോലി കണ്ടെത്താനുമൊക്കെ ആത്മാക്കൾ അവരെ സഹായിക്കുമെന്ന് ആളുകൾ പറഞ്ഞുകേട്ടിട്ടുള്ളതു കൊണ്ടാണ്. ഇനി, വെറും
ജിജ്ഞാസയുടെ പേരിൽ ആത്മവിദ്യയിലേക്ക് തിരിയുന്നവരും ചുരുക്കമല്ല.ലക്ഷക്കണക്കിന് ആളുകൾ ആത്മവിദ്യയിലേക്കു തിരിഞ്ഞിരിക്കുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഈ രംഗത്തെ ഒരു വിദഗ്ധൻ പറയുന്നതുപോലെ, “ആത്മവിദ്യ ക്രിസ്ത്യാനിത്വത്തോടൊപ്പം നിൽക്കുന്ന ഒന്നാണ്” എന്ന് ആളുകളെ പഠിപ്പിച്ചിരിക്കുന്നു. ബ്രസീലിലെ മതപരമായ സ്ഥിതിവിശേഷം ഇതിന് ഉദാഹരണമാണ്.
ഏറ്റവും അധികം റോമൻ കത്തോലിക്കരുള്ള രാജ്യമാണു ബ്രസീൽ. എന്നാൽ എഴുത്തുകാരനായ സാൽ ബിഡെർമെൻ പറയുന്നതുപോലെ, “ലക്ഷക്കണക്കിനുവരുന്ന വിശ്വാസികൾ ഒന്നിൽക്കൂടുതൽ അൾത്താരകളിൽ മെഴുകുതിരികൾ കത്തിക്കുന്നു. [അതിൽ] ഒരു കുഴപ്പവും അവർ കാണുന്നില്ല.” എന്തിന്, ബ്രസീലിലെ വാർത്താവാരികയായ വേഴ റിപ്പോർട്ടു ചെയ്തത് അനുസരിച്ച് ആത്മവിദ്യാ കേന്ദ്രങ്ങളിലെ സ്ഥിരം സന്ദർശകരിൽ 80 ശതമാനവും കുർബാനയിൽ സംബന്ധിക്കുന്ന മാമ്മോദീസാ മുങ്ങിയ കത്തോലിക്കരാണ്. ചില വൈദികർപോലും ആത്മവിദ്യാ സംബന്ധമായ യോഗങ്ങളിൽ ഹാജരാകുന്നു എന്ന സംഗതി കണക്കിലെടുക്കുമ്പോൾ ആശ്വാസത്തിനും മാർഗനിർദേശത്തിനുമായി ആത്മാക്കളുമായി സമ്പർക്കം പുലർത്തുന്നത് ദൈവാംഗീകാരം ഉള്ള ഒരു കാര്യമാണെന്ന് വിശ്വാസികൾ കരുതുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ അവരുടെ ഈ വിശ്വാസം ശരിയാണോ?
[3-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ആത്മവിദ്യയുടെ വിവിധ രൂപങ്ങൾ
ആത്മവിദ്യാചാരത്തിൽ ആത്മമധ്യവർത്തികളോട് ആലോചന ചോദിക്കുന്നതും, മരിച്ചവരോട് അന്വേഷണം നടത്തുന്നതും, ശകുനം നോക്കുന്നതും ഉൾപ്പെടുന്നു. ആത്മവിദ്യയുടെ വളരെ പ്രചാരം നേടിയിട്ടുള്ള ഒരു രൂപമാണ് ഭാവികഥനവിദ്യ—ആത്മാക്കളുടെ സഹായത്തോടെ ഭാവി അല്ലെങ്കിൽ അജ്ഞാതമായ കാര്യങ്ങൾ അറിയാൻ നടത്തുന്ന ശ്രമമാണ് അത്. ജ്യോതിഷം, പരൽനോട്ടം, സ്വപ്നവ്യാഖ്യാനം, കൈനോട്ടം, ടാരറ്റ് കാർഡുകളുടെ സഹായത്തോടെയുള്ള ഭാഗ്യം പറച്ചിൽ എന്നിവയെല്ലാം ഭാവികഥനവിദ്യയുടെ ചില രൂപങ്ങളാണ്.