ഏകാധിപത്യ മർദക ഭരണത്തിൻ കീഴിൽ വിശ്വസ്തതയോടെ
ഏകാധിപത്യ മർദക ഭരണത്തിൻ കീഴിൽ വിശ്വസ്തതയോടെ
മിക്ക് ജാസിവിച്ച് പറഞ്ഞപ്രകാരം
“ജർമനിയിൽ ഞങ്ങൾ യഹോവയുടെ സാക്ഷികളെ വെടിവെച്ചു കൊല്ലുകയാണു ചെയ്യുന്നത്. നീ ആ തോക്കു കണ്ടോ?” മൂലയ്ക്കിരുന്ന ഒരു തോക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് ഗസ്റ്റപ്പോ ഉദ്യോഗസ്ഥൻ ചോദിച്ചു. “വേണമെങ്കിൽ എനിക്കു നിന്നെ അതിന്റെ ബയണറ്റുകൊണ്ട് കുത്തിക്കൊല്ലാം. നിന്നെ കൊന്നാലും എനിക്ക് ഒരു കുറ്റബോധവും തോന്നാൻ പോകുന്നില്ല.”
ആ ഭീഷണി നേരിടുമ്പോൾ എനിക്ക് വെറും 15 വയസ്സായിരുന്നു. 1942-ൽ നാസികൾ എന്റെ സ്വദേശം കീഴടക്കിയപ്പോൾ ആയിരുന്നു സംഭവം.
സ്റ്റാനിസ്ലാഫ് (ഇപ്പോൾ ഇവാനോ ഫ്രാൻകിവ്സ്ക് എന്നറിയപ്പെടുന്നു) എന്ന ഒരു കൊച്ചു ഗ്രാമത്തിൽ 1926 നവംബറിലാണു ഞാൻ ജനിച്ചത്. സ്റ്റാനിസ്ലാഫ് അന്ന് പോളണ്ടിന്റെ ഭാഗമായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത്, അതായത് 1939 സെപ്റ്റംബർ മുതൽ 1945 മേയ് വരെ, ഞങ്ങളുടെ പ്രദേശം ആദ്യം സോവിയറ്റ് യൂണിയന്റെയും പിന്നീട് ജർമനിയുടെയും അതിനുശേഷം വീണ്ടും സോവിയറ്റ് യൂണിയന്റെയും ആധിപത്യത്തിൻ കീഴിലായിരുന്നു. യുദ്ധത്തിനു ശേഷം അത് യൂക്രേനിയൻ സോവിയറ്റ് റിപ്പബ്ലിക്കിന്റെ കീഴിലായി. 1991-ൽ സോവിയറ്റ് യൂണിയൻ നിലവിലില്ലാതായപ്പോൾ അത് യൂക്രെയിന്റെ ഭാഗമായി.
എന്റെ പിതാവ് പോളണ്ടുകാരനും മാതാവ് ബെലോറഷ്യക്കാരിയുമായിരുന്നു. ഇരുവരും ഗ്രീക്ക് കത്തോലിക്കാ സഭയിലെ അംഗങ്ങളായിരുന്നു. 1939-ൽ യഹോവയുടെ സാക്ഷികളായ രണ്ടു സ്ത്രീകൾ സർവലോക യുദ്ധം ആസന്നം എന്ന ഒരു ചെറുപുസ്തകം ഞങ്ങൾക്കു കൊണ്ടുവന്നു തന്നു. ഞങ്ങളുടെ സമീപത്തുള്ള ഹോരിഹ്ല്യാഡി ഗ്രാമത്തിലെ 30 സാക്ഷികളുള്ള ഒരു സഭയിലെ അംഗങ്ങളായിരുന്നു അവർ. അതിൽ വിവരിച്ചിരുന്ന സംഭവവികാസങ്ങൾ എന്റെ കണ്മുമ്പിൽ അരങ്ങേറിക്കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട്, “രാഷ്ട്രങ്ങൾ യുദ്ധത്തിനായി ബദ്ധപ്പെടുന്നതിന്റെ യഥാർഥ കാരണം എന്താണ്?” എന്ന ചോദ്യത്തിന് ആ പുസ്തകം നൽകിയ ബൈബിളധിഷ്ഠിത വിവരണം ഞാൻ ശ്രദ്ധാപൂർവം വായിച്ചു.
യൂക്രെയിനിൽ ഞങ്ങൾ നേരിട്ടിരുന്ന പ്രശ്നം യുദ്ധം മാത്രമായിരുന്നില്ല. അവിടെ കടുത്ത ക്ഷാമം ഉണ്ടായിരുന്നു. സോവിയറ്റ് പ്രീമിയറായ ജോസഫ് സ്റ്റാലിന്റെ രാഷ്ട്രീയ നയങ്ങൾ നിമിത്തം പല യൂക്രെയിൻകാരും റഷ്യയിലേക്കു നാടുകടത്തപ്പെട്ടു. ഞാൻ സാക്ഷ്യം വഹിച്ച ദുരിതങ്ങൾ ബൈബിൾ അടുത്തു പരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്നെ ബൈബിൾ പഠിപ്പിക്കാൻ ഞാൻ ഹോരിഹ്ല്യാഡിയിലുള്ള ഒരു സാക്ഷിയോട് ആവശ്യപ്പെട്ടു.
ഹോരിഹ്ല്യാഡിയിൽനിന്ന് ഒഴുകിവരുന്ന നിസ്റ്റർ നദിയുടെ കരയിലായിരുന്നു ഞങ്ങളുടെ ഒഡയ്യിവ് ഗ്രാമം. ആഴ്ചയിൽ പല തവണ ഞാൻ ഒരു കൊച്ചുവഞ്ചിയിൽ ആ നദി കുറുകേ കടക്കും, ബൈബിൾ പഠിക്കാൻ. 1941 ആഗസ്റ്റിൽ മറ്റ് രണ്ടു പേരോടൊപ്പം ഞാനും എന്റെ മൂത്ത സഹോദരി അന്നയും ആ നദിയിൽ സ്നാപനമേറ്റു.
ഗസ്റ്റപ്പോ ചോദ്യം ചെയ്തു ബുദ്ധിമുട്ടിക്കുന്നു
1941-ൽ ജർമൻ അധിനിവേശം ആരംഭിച്ചു. ശിക്ഷിക്കുമെന്ന ഭീഷണി ഉണ്ടായിരുന്നിട്ടും ഞങ്ങൾ ക്രിസ്തീയ പ്രവർത്തനങ്ങൾ നിറുത്തിയില്ല. പിറ്റേ വർഷം ഞാൻ പയനിയർ സേവനം ആരംഭിച്ചു, സൈക്കിളിലായിരുന്നു എന്റെ യാത്ര. അങ്ങനെയിരിക്കുമ്പോഴാണ് ജർമൻ ഗസ്റ്റപ്പോയുമായി ആ പ്രശ്നം ഉണ്ടായത്. സംഭവം ഇങ്ങനെയാണ്:
ഒരു ദിവസം ശുശ്രൂഷയിൽ ഏർപ്പെട്ടശേഷം ഞാൻ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇടയ്ക്കുവെച്ച് ഞാൻ രണ്ട് സഹക്രിസ്ത്യാനികളെ സന്ദർശിക്കാൻ അവരുടെ വീട്ടിൽ ചെന്നു. ഒരമ്മയും മകളുമായിരുന്നു അവർ. മകളുടെ ഭർത്താവിന് ഞങ്ങളുടെ വിശ്വാസത്തോട്
എതിർപ്പായിരുന്നു. തന്റെ ഭാര്യക്ക് ബൈബിൾ സാഹിത്യങ്ങൾ എവിടെനിന്നാണ് ലഭിക്കുന്നത് എന്നു കണ്ടുപിടിക്കാൻ അയാൾ നോക്കിയിരിക്കുകയായിരുന്നു. ഏതാനും സാഹിത്യങ്ങളും സഹ ക്രിസ്ത്യാനികളുടെ ശുശ്രൂഷ സംബന്ധിച്ച ചില വിവരങ്ങളും നൽകാൻ വേണ്ടിയായിരുന്നു അന്ന് ഞാൻ അവരുടെ വീട്ടിൽ ചെന്നത്. ഞാൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത് അയാൾ കണ്ടു.“നിൽക്കെടാ അവിടെ!” അയാൾ അലറി. ഞാൻ എന്റെ ബാഗും പിടിച്ചുകൊണ്ട് ഓടി.
“നിന്നോടല്ലേ പറഞ്ഞത് നിൽക്കാൻ! കള്ളൻ!” അയാൾ വിളിച്ചുകൂവി. വയലിൽ പണിയെടുത്തുകൊണ്ടിരുന്നവർ ഞാൻ എന്തോ മോഷ്ടിച്ചിരിക്കുമെന്നു കരുതി, അതുകൊണ്ട് അവർ എന്നെ തടഞ്ഞുനിറുത്തി. ആ മനുഷ്യൻ എന്നെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ ഒരു ഗസ്റ്റപ്പോ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു.
എന്റെ ബാഗിലെ സാഹിത്യങ്ങൾ കണ്ടയുടനെ ഉദ്യോഗസ്ഥൻ ജർമൻ ഭാഷയിൽ അലറിവിളിച്ചു: “റഥർഫോർഡ്! റഥർഫോർഡ്!” അദ്ദേഹത്തെ അസഹ്യപ്പെടുത്തിയത് എന്താണെന്നു മനസ്സിലാക്കാൻ എനിക്ക് ഒരു പരിഭാഷകന്റെ സഹായം വേണ്ടിവന്നില്ല. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ശീർഷക പേജിൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന ജോസഫ് എഫ്. റഥർഫോർഡിന്റെ പേര് അച്ചടിച്ചിരുന്നു. എന്നെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയ മനുഷ്യൻ ഞാൻ അയാളുടെ ഭാര്യയുടെ കാമുകനാണെന്ന് ആരോപിച്ചു. എന്നാൽ അത് പച്ചക്കള്ളമാണെന്ന് പൊലീസിനും ഗസ്റ്റപ്പോ ഉദ്യോഗസ്ഥനും മനസ്സിലായി. കാരണം, അയാളുടെ ഭാര്യക്ക് എന്റെ അമ്മയാകാനുള്ള പ്രായമുണ്ടായിരുന്നു. പിന്നെ അവർ എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി.
ഞാൻ ആരാണെന്നും എവിടെനിന്നാണു വരുന്നതെന്നും ഏറ്റവും പ്രധാനമായി ആ പുസ്തകങ്ങൾ എവിടെനിന്നാണ് ലഭിച്ചതെന്നും ആയിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ, ഞാൻ അതു പറഞ്ഞില്ല. അവർ എന്നെ തല്ലി, പരിഹസിച്ചു, അതിനുശേഷം എന്നെ ഒരു സെല്ലിലിട്ടു പൂട്ടി. തുടർന്നുള്ള മൂന്നു ദിവസവും അവർ എന്നെ ചോദ്യം ചെയ്തു. പിന്നീട് എന്നെ ഗസ്റ്റപ്പോ ഉദ്യോഗസ്ഥന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് എന്നെ ബയണറ്റുകൊണ്ട് കുത്തുമെന്നൊക്കെ അദ്ദേഹം ഭീഷണി മുഴക്കിയത്. അയാൾ അത് ചെയ്തുകളയുമോ എന്ന് ഒരുനിമിഷം ഞാൻ ശങ്കിച്ചു. ഞാൻ തല കുമ്പിട്ടു, കുറേ നേരത്തേക്ക് കനത്ത നിശ്ശബ്ദത ആയിരുന്നു. പെട്ടെന്ന് അദ്ദേഹം പറഞ്ഞു: “നിനക്കു പോകാം.”
ആ കാലഘട്ടത്തിൽ പ്രസംഗപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ശരിക്കും ഒരു വെല്ലുവിളിയായിരുന്നു, അതുപോലെതന്നെയായിരുന്നു യോഗങ്ങൾ നടത്തുന്ന കാര്യവും. 1943 ഏപ്രിൽ 19-ന് ഞങ്ങൾ ക്രിസ്തുവിന്റെ വാർഷിക സ്മാരകത്തിനായി കൂടിവന്നു. ഹോരിഹ്ല്യാഡിയിലെ ഒരു വീടിന്റെ രണ്ടു മുറികളാണ് അതിനുവേണ്ടി ക്രമീകരിച്ചിരുന്നത്. (ലൂക്കൊസ് 22:19) യോഗം തുടങ്ങാറായപ്പോഴാണ് പൊലീസ് വീടിനടുത്തേക്കു വരുന്നതായി ആരോ വിളിച്ചുപറഞ്ഞത്. ചിലർ തോട്ടത്തിൽ പോയി ഒളിച്ചു. എന്റെ സഹോദരി അന്നയും മറ്റു മൂന്നു സ്ത്രീകളും നിലവറയിലേക്കു പോയി. പൊലീസ് അവരെ കണ്ടുപിടിച്ചു. ഓരോരുത്തരെയായി പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടു പോയി ചോദ്യം ചെയ്തു. മണിക്കൂറുകളോളം അവർക്ക് പൊലീസുകാരിൽനിന്നുള്ള മൃഗീയ പെരുമാറ്റം സഹിക്കേണ്ടിവന്നു, ഒരാൾക്ക് ഗുരുതരമായ പരിക്കേൽക്കുകപോലും ചെയ്തു.
ലോക രംഗം മാറുന്നു
1944-ലെ വേനൽക്കാലത്ത് ജർമൻകാർ ഞങ്ങളുടെ പ്രദേശത്തുനിന്നു പിൻമാറി, പകരം സോവിയറ്റുകാർ വന്നു. യഹോവയുടെ ദാസന്മാർ എന്ന നിലയിൽ, നാസി അധിനിവേശ കാലത്ത് എന്നപോലെതന്നെ ഞങ്ങൾ ബൈബിൾ തത്ത്വങ്ങളോടു പറ്റിനിന്നു. സൈനിക സേവനത്തിലോ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ പങ്കെടുക്കാൻ ഞങ്ങൾ വിസമ്മതിച്ചു. ബൈബിൾ തത്ത്വങ്ങളോടുള്ള ഞങ്ങളുടെ യെശയ്യാവു 2:4; മത്തായി 26:52; യോഹന്നാൻ 17:14.
വിശ്വസ്തത പരിശോധിക്കപ്പെടാനിരിക്കുക ആയിരുന്നു.—ഏതാനും ദിവസങ്ങൾക്കകം, സോവിയറ്റുകാർ യുവാക്കളായ എല്ലാവരെയും സൈന്യത്തിൽ ചേർത്തു തുടങ്ങി. സോവിയറ്റുകാർക്കു പുറമേ യൂക്രെയിൻ പക്ഷക്കാരും യുവാക്കളെ തങ്ങളുടെ സൈന്യത്തിൽ ചേർക്കാൻ ശ്രമിച്ചിരുന്നത് സാഹചര്യത്തെ കൂടുതൽ ദുഷ്കരമാക്കി. അവർ ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് പരിശീലനത്തിനായി കാടുകളിലേക്കു കൊണ്ടുപോയിരുന്നു. അങ്ങനെ സാക്ഷികളായ ഞങ്ങൾക്ക് പരസ്പരം എതിർക്കുന്ന രണ്ട് ചേരികളോടും—സോവിയറ്റുകാരോടും യൂക്രെയിൻ ഒളിപ്പോരാളികളോടും—നിഷ്പക്ഷത തെളിയിക്കേണ്ടതുണ്ടായിരുന്നു.
ഈ രണ്ടു കൂട്ടങ്ങളും ഞങ്ങളുടെ ഗ്രാമത്തിൽവെച്ച് ഏറ്റുമുട്ടി. കൊല്ലപ്പെട്ട രണ്ടു പോരാളികളുടെ ജഡങ്ങൾ ഞങ്ങളുടെ വീടിനു മുമ്പിലെ തെരുവിൽ കിടക്കുന്നുണ്ടായിരുന്നു. മരിച്ചവരെ അറിയാമോയെന്ന് അന്വേഷിച്ച് രണ്ട് സോവിയറ്റ് ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിൽ വന്നു. ഉദ്യോഗസ്ഥരിൽ ഒരാൾ എന്നെ അവരോടൊപ്പം കൊണ്ടുപോകാനും സൈന്യത്തിൽ ചേർക്കാനും തീരുമാനിച്ചു. പോളീഷ് സൈനികരുടെ ഒരു റെജിമന്റ് അവർ രൂപീകരിക്കുന്നുണ്ടായിരുന്നു. ഒരു പോളീഷ് വംശജനായതുകൊണ്ട് ഞാനും അതിൽ ചേരണമായിരുന്നത്രേ.
ഞാനും വേറെ നാല് സാക്ഷികളും സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു. അതുകൊണ്ട് ഞങ്ങളെ ഏകദേശം 700 കിലോമീറ്റർ അകലെ കിഴക്കായി സ്ഥിതി ചെയ്യുന്ന നെപ്രോപട്രോഫ്സ്ക്ക് നഗരത്തിലേക്ക് തീവണ്ടിമാർഗം കൊണ്ടുപോയി. ഞങ്ങൾ ഉറച്ചു വിശ്വസിച്ചിരുന്ന ബൈബിളധിഷ്ഠിത കാരണങ്ങളാൽ സൈന്യത്തിൽ ചേരാൻ കഴിയില്ലെന്ന് വിശദമാക്കിയതിനെ തുടർന്ന് അവർ ഞങ്ങളെ കസ്റ്റഡിയിൽ എടുത്തു, ഞങ്ങൾക്കെതിരെ കുറ്റപത്രം തയ്യാറാക്കി. കോടതിയിൽ എത്തിയപ്പോൾ ഞങ്ങളുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ യഹൂദനാണെന്നു മനസ്സിലായി. വാദം നടക്കുന്നതിനിടയിൽ ഞങ്ങളുടെ വിശ്വാസങ്ങളെ കുറിച്ച് ഞങ്ങൾ വിശദീകരിച്ചു. അദ്ദേഹം അതു ശ്രദ്ധാപൂർവം കേട്ടു. അദ്ദേഹത്തിന് താത്പര്യജനകമായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ, മർദക ഭരണത്തിൻ കീഴിൽ ഇസ്രായേല്യർ സഹിച്ച കഷ്ടങ്ങളും മോശെയിലൂടെ ഈജിപ്റ്റിൽനിന്ന് അവർക്കു ലഭിച്ച വിടുതലുമെല്ലാം, ഞങ്ങൾ പ്രതിപാദിക്കുകയുണ്ടായി.
കോടതി വിധി പ്രഖ്യാപിക്കുന്നതുവരെയുള്ള മാസങ്ങളിൽ ഞങ്ങളെ ഒരു അറയിലാണു പാർപ്പിച്ചത്. ഞങ്ങളെ കൂടാതെ ആ അറയിൽ 25 അന്തേവാസികൾ ഉണ്ടായിരുന്നു. ഞങ്ങൾ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതായി അറിഞ്ഞപ്പോൾ അവർ സന്തോഷത്തോടെ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ സഹോദരന്മാർ ആണ്!” എന്നാൽ അവർ സാക്ഷികളല്ലെന്നും ബാപ്റ്റിസ്റ്റുകാരാണെന്നും ഞങ്ങൾക്ക് ഉടൻതന്നെ മനസ്സിലായി. സൈന്യത്തിൽ ചേരാൻ സമ്മതമായിരുന്നെങ്കിലും ആയുധങ്ങളേന്താൻ വിസമ്മതിച്ചതിനാലായിരുന്നു അവരെ അറസ്റ്റ് ചെയ്തത്.
1945 മേയിൽ ഞങ്ങൾ നെപ്രോപട്രോഫ്സ്ക്കിൽ കസ്റ്റഡിയിലായിരിക്കെ ഒരു സംഭവമുണ്ടായി. വെടിവെക്കുന്ന ശബ്ദവും ബാരക്കുകളിൽനിന്നും തെരുവുകളിൽനിന്നും നിലവിളികളും കേട്ടാണ് ഞങ്ങൾ ഉറക്കത്തിൽനിന്ന് ഉണർന്നത്. സമയം പാതിരാത്രിയായിക്കാണും. അത് ഒരു പ്രക്ഷോഭമായിരുന്നോ യുദ്ധമായിരുന്നോ ആഘോഷമായിരുന്നോ എന്നൊന്നും ഞങ്ങൾക്കു മനസ്സിലായില്ല. ആ ദിവസം പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ബാർബർഷോപ്പിൽനിന്ന് ഞങ്ങൾ ആ വാർത്ത കേട്ടു: യുദ്ധം അവസാനിച്ചിരിക്കുന്നു! കുറച്ചു ദിവസങ്ങൾക്കകം കോടതി ഞങ്ങളുടെ വിധി പ്രഖ്യാപിച്ചു. ഞങ്ങൾക്കും ബാപ്റ്റിസ്റ്റുകാർക്കും ഒരേ ശിക്ഷയാണു കിട്ടിയത്—ജയിൽ ക്യാമ്പുകളിൽ പത്തു വർഷത്തെ തടവ്.
റഷ്യയിലെ ജയിൽ ക്യാമ്പ്
സാക്ഷികളായ ഞങ്ങൾ അഞ്ചുപേരെ റഷ്യയിലെ ജയിൽ ക്യാമ്പുകളിലേക്ക് അയച്ചു. രണ്ട് ആഴ്ചത്തെ തീവണ്ടി യാത്രയ്ക്കു ശേഷം ഞങ്ങൾ സുക്ക്ഹൊബെസ്വൊഡ്നൊയെയിൽ എത്തി. മോസ്കോയിൽനിന്ന് ഏതാണ്ട് 400 കിലോമീറ്റർ അകലെ കിഴക്കായാണ് സുക്ക്ഹൊബെസ്വൊഡ്നൊയെ സ്ഥിതി ചെയ്യുന്നത്. റെയിൽവേ ലൈന് അരികിലായി സ്ഥിതി ചെയ്യുന്ന 32 തൊഴിൽ ക്യാമ്പുകളുടെ ഭരണകേന്ദ്രം ആയിരുന്നു അത്. ഓരോ ക്യാമ്പിലും ആയിരക്കണക്കിന് അന്തേവാസികൾ ഉണ്ടായിരുന്നു. സുക്ക്ഹൊബെസ്വൊഡ്നൊയെയിൽ ആറു മാസം കഴിഞ്ഞശേഷം എന്നെ 18-ാം നമ്പർ ക്യാമ്പിലേക്കു മാറ്റി. അവിടത്തെ അന്തേവാസികളിൽ പലരും ക്രിമിനൽപ്പുള്ളികളോ രാഷ്ട്രീയ കുറ്റവാളികളോ ആയിരുന്നു.
ജയിൽ അധികൃതർ ഞങ്ങൾക്കു മരം വെട്ടുന്ന പണിയാണ് നൽകിയത്. വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു അത്. ചിലപ്പോൾ അരയ്ക്കൊപ്പം വീണുകിടക്കുന്ന മഞ്ഞിലൂടെ നടന്ന് വേണമായിരുന്നു പോകാൻ. അതുപോലെതന്നെ, മരംമുറിക്കുന്നത് കൈവാൾ ഉപയോഗിച്ചായിരുന്നു. എന്നിട്ട് മഞ്ഞിലൂടെതന്നെ മരത്തടികൾ വലിച്ചുകൊണ്ടു പോരുകയും വേണം. ആഴ്ചയിലൊരിക്കൽ,
അതായത് ഞായറാഴ്ച പ്രാതലിനു ശേഷം, ക്യാമ്പിലെ മറ്റു നാല് സാക്ഷികളോടൊപ്പം ബൈബിൾ കാര്യങ്ങൾ ചർച്ച ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അതായിരുന്നു ഞങ്ങളുടെ യോഗങ്ങൾ. കൂടാതെ യേശുക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കുകയും ചെയ്തിരുന്നു, ഒരു വർഷം ഒരു കുളിമുറിയിൽവെച്ച്. യേശുവിന്റെ രക്തത്തിന്റെ ചിഹ്നമായി ഉപയോഗിക്കാൻ വീഞ്ഞില്ലായിരുന്നതുകൊണ്ട് ഞങ്ങൾ അതിനു പകരം ബ്ലാക്ക് ബെറിയുടെ ചാറാണ് ഉപയോഗിച്ചത്.ഒറ്റപ്പെട്ടതായുള്ള തോന്നൽ ശരിക്കും തളർത്തിക്കളയുന്ന ഒന്നായിരുന്നു. ഞാൻ യഹോവയ്ക്കു മുമ്പാകെ എന്റെ ഹൃദയം പകർന്നു. അവൻ എന്നെ ശക്തിപ്പെടുത്തി, സമാനമായ തോന്നലുകൾ ഏലിയാ പ്രവാചകന് ഉണ്ടായപ്പോൾ അവനെ ശക്തിപ്പെടുത്തിയതുപോലെതന്നെ. (1 രാജാക്കൻമാർ 19:14, 18) ഞങ്ങൾ ഒറ്റപ്പെട്ടിട്ടില്ലെന്നു മനസ്സിലാക്കാൻ ദൈവം എന്നെ സഹായിച്ചു. ദുഷ്കരമായ ആ നാളുകളിൽ ഉൾപ്പെടെ എന്നും അവൻ എനിക്ക് ബലമുള്ള ഒരു താങ്ങായിരുന്നിട്ടുണ്ട്.
സുക്ക്ഹൊബെസ്വൊഡ്നൊയെക്ക് അടുത്തുണ്ടായിരുന്ന മറ്റു ക്യാമ്പുകളിലും ഏതാനും സാക്ഷികൾ വീതം ഉണ്ടായിരുന്നു. സാക്ഷികളിൽ ഒരാൾക്ക് തന്റെ ജോലിയുടെ ഭാഗമായി മറ്റ് ക്യാമ്പുകൾ സന്ദർശിക്കണമായിരുന്നു. അങ്ങനെ, അദ്ദേഹം മുഖാന്തരം സാക്ഷികൾക്ക് എല്ലാവർക്കും പരസ്പരം സമ്പർക്കം പുലർത്താൻ സാധിച്ചിരുന്നു. അദ്ദേഹം ഒരു ഇടനിലക്കാരനെ പോലെയായിരുന്നു, സാഹിത്യങ്ങൾ ക്യാമ്പുകളിലേക്കും വെളിയിലേക്കുമൊക്കെ ഒളിച്ചു കടത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ലഭ്യമായ ഏതാനും സാഹിത്യങ്ങൾ പങ്കുവെക്കാൻ ഞങ്ങൾക്കു സാധിച്ചു. അത് എത്ര പ്രോത്സാഹജനകമായിരുന്നെന്നോ!
തിരികെ യൂക്രെയിനിലേക്ക്
രാഷ്ട്രം പൊതുമാപ്പു പ്രഖ്യാപിച്ചതിനെ തുടർന്ന്, എന്റെ ശിക്ഷ പത്തു വർഷത്തിൽനിന്ന് അഞ്ചു വർഷമായി ഇളച്ചുകിട്ടി. അങ്ങനെ 1950 ഏപ്രിലിൽ ഞാൻ ഹോരിഹ്ലിഡേയിലുള്ള എന്റെ സ്വന്തം സഭയിലേക്കു തിരിച്ചുപോയി. യൂക്രെയിനിൽ ഞങ്ങളുടെ പ്രവർത്തനം അപ്പോഴും നിരോധിക്കപ്പെട്ടിരുന്നു. ശുശ്രൂഷയിൽ പങ്കെടുക്കുന്നത് വളരെ അപകടകരമായിരുന്നു, എന്നാൽ അതിന്റെ പ്രതിഫലം വളരെ വളരെ വലുതായിരുന്നു.
തിരിച്ചു ചെന്നശേഷം കൊസക്ക് എന്ന ഒരു വ്യക്തിയുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്റെ വീട്ടിൽനിന്ന് ഏതാണ്ട് 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഷാബൊക്രുക്രി എന്ന ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം ജീവിതം എങ്ങനെ പോകുന്നുവെന്നു ഞാൻ ചോദിച്ചു. കൂട്ടുകൃഷി ചെയ്യുന്നവരെന്ന നിലയിൽ കഷ്ടിച്ചു ജീവിച്ചുപോകാൻതന്നെ അവർക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് അങ്ങനെയൊരു ചോദ്യം സംഭാഷണത്തിനു തുടക്കമിടാനുള്ള നല്ലൊരു മാർഗമാണെന്ന് എനിക്ക് അറിയാമായിരുന്നു. നമ്മുടെ കാലത്ത് ഭക്ഷ്യക്ഷാമവും യുദ്ധങ്ങളും ഉണ്ടാകുമെന്നു ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്ന കാര്യം ഞാൻ അദ്ദേഹത്തിനു വിവരിച്ചുകൊടുത്തു. (മത്തായി 24:3-14) കൂടുതൽ കാര്യങ്ങൾ അറിയാൻ അദ്ദേഹത്തിനു താത്പര്യമുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ വീണ്ടും സന്ദർശിച്ചു. കൊസക്ക് കുടുംബത്തിനു ബൈബിളധ്യയനം നടത്തുന്നതിനായി ഓരോ ആഴ്ചയും ഞാൻ 40 കിലോമീറ്റർ യാത്ര ചെയ്യുമായിരുന്നു, അതും കാൽനടയായി. എന്നാൽ 1950 ആഗസ്റ്റിൽ കൊസക്ക് കുടുംബം സ്നാപനമേറ്റപ്പോൾ ഞാൻ സഹിച്ച ത്യാഗങ്ങൾക്കു തക്ക പ്രതിഫലം ലഭിച്ചതായി എനിക്കു തോന്നി.
കൊസക്ക് കുടുംബം സ്നാപനമേറ്റ് അധികം കഴിയുന്നതിനു മുമ്പുതന്നെ ആയിരക്കണക്കിനു വരുന്ന മറ്റ് സാക്ഷികളോടൊപ്പം അവരെ ബന്ദികളായി കൊണ്ടുപോയി. 1951 ഏപ്രിലിൽ ആയിരുന്നു അതു സംഭവിച്ചത്. സായുധ സൈന്യം അവരെ വളയുകയും തുടർന്ന്, വിചാരണ കൂടാതെ സൈബീരിയയിലേക്കു നാടുകടത്തുകയും ചെയ്തു. അങ്ങനെ, കൊസക്ക് കുടുംബവും എന്റെ മറ്റു പല സ്നേഹിതരും പുതിയ സ്ഥലത്തു താമസിക്കാൻ നിർബന്ധിതരായി. a
ഹോരിഹ്ല്യാഡിയിലെ സാക്ഷികളുടെ 15 കുടുംബങ്ങളിൽ 4 എണ്ണം മാത്രമേ നാടുകടത്തപ്പെട്ടുള്ളൂ. മറ്റു സഭകളിൽ നാടുകടത്തപ്പെട്ട സാക്ഷികളുടെ എണ്ണം വളരെ കൂടുതലായിരുന്നു. കൂട്ടത്തോടെയുള്ള ഈ നാടുകടത്തൽ സംഭവിച്ചത് എങ്ങനെയാണ്? അധികാരികളുടെ കൈവശം സാക്ഷികളുടെ ലിസ്റ്റുകൾ ഉണ്ടായിരുന്നു. അങ്ങനെ അവർക്ക് എളുപ്പത്തിൽ സാക്ഷികളെ പിടികൂടാൻ സാധിച്ചിരുന്നു. ലിസ്റ്റുകൾ 1950-ൽ, ഞാൻ റഷ്യയിൽ തടവിലായിരുന്നപ്പോൾ, ആണ് തയ്യാറാക്കപ്പെട്ടത് എന്നു തോന്നുന്നു. അതുകൊണ്ട് എന്റെ പേര് അതിൽ ഇല്ലായിരുന്നു. ഒരു മാസം മുമ്പ്, അതായത് 1951 മാർച്ചിൽ ഞാൻ ഫെന്യയെ വിവാഹം കഴിച്ചിരുന്നു. യഹോവയുടെ ഒരു വിശ്വസ്ത
സാക്ഷിയായിരുന്നു ഫെന്യയും. അവളുടെ കുടുംബം മുഴുവൻ നാടു കടത്തപ്പെട്ടു. എന്നാൽ എന്നെപ്പോലെ അവളും രക്ഷപ്പെട്ടു. കാരണം വിവാഹിതയായതിനെ തുടർന്ന് അവളുടെ പേരിന്റെ കൂട്ടത്തിൽ ചേർത്തിരുന്നത് എന്റെ പേരായിരുന്നു, അങ്ങനെയൊരു പേര് അവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതുമില്ല.വിശ്വാസത്തിന്റെ കടുത്ത പരിശോധനകൾ
നാടുകടത്തലിനെ തുടർന്ന് ശേഷിച്ചിരുന്ന ഞങ്ങൾ വേല പുനഃസംഘടിപ്പിക്കേണ്ടത് ഉണ്ടായിരുന്നു. ഇവാനോ ഫ്രാങ്കിവ്സ്ക്കിന് അരികിലുള്ള സഭകൾക്കു മേൽനോട്ടം വഹിക്കാൻ സൊസൈറ്റി എന്നോട് ആവശ്യപ്പെട്ടു. 15 സഭകളിൽ ഏതാണ്ട് 30 സാക്ഷികൾ വീതം അവശേഷിച്ചിരുന്നു. മരപ്പണിക്കാരൻ എന്ന നിലയിൽ സ്വയംതൊഴിൽ ചെയ്തിരുന്നതുകൊണ്ട് എനിക്ക് എന്റെ പ്രവർത്തനങ്ങൾ ഇഷ്ടാനുസരണം ക്രമീകരിക്കാമായിരുന്നു. മാസത്തിൽ ഒരിക്കൽ ഓരോ സഭയിലെയും സഹോദരങ്ങളുമായി ഞാൻ രഹസ്യമായി കൂടിക്കാഴ്ച നടത്തുമായിരുന്നു.
മിക്കപ്പോഴും, ഒരു ശ്മശാനത്തിൽ രാത്രിയായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ച. അവിടെ ഞങ്ങളെ കൂടാതെ ആരും ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. എല്ലാ സഭകൾക്കും ബൈബിൾ സാഹിത്യങ്ങളിൽ ചിലതെങ്കിലും ലഭ്യമാക്കാൻ എങ്ങനെ സാധിക്കും എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. ചിലപ്പോഴെല്ലാം ഞങ്ങൾക്ക് പോളീഷിലോ റൊമേനിയയിലോ ഉള്ള വീക്ഷാഗോപുരം മാസികയുടെ ഏറ്റവും പുതിയ ലക്കം ലഭിക്കുമായിരുന്നു, ഞങ്ങൾ അത് യൂക്രെയിനിലേക്കു പരിഭാഷപ്പെടുത്തും. എന്നിരുന്നാലും, അധികാരികൾ നിരന്തരം ഞങ്ങളെ നിരീക്ഷിച്ചുകൊണ്ടിരുന്നു, സാഹിത്യങ്ങളുടെ പകർപ്പുകൾ ഉണ്ടാക്കാൻ ഞങ്ങൾ ഉപയോഗിച്ചിരുന്ന യന്ത്രങ്ങൾ കണ്ടുപിടിക്കാനും നശിപ്പിക്കാനും അവർ ശ്രമിച്ചിരുന്നു.
എന്നാൽ ഞങ്ങളെ അലട്ടിയിരുന്ന ഏറ്റവും വലിയ പ്രശ്നം അതൊന്നുമായിരുന്നില്ല. ന്യൂയോർക്കിലെ ബ്രുക്ലിനിൽ ക്രിസ്തീയ പ്രവർത്തനങ്ങൾക്കു നേതൃത്വമെടുത്തിരുന്നവർ ഉൾപ്പെടെ മറ്റു ദേശങ്ങളിലുള്ള ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളുമായി ഞങ്ങൾക്ക് സമ്പർക്കം പുലർത്താൻ സാധിച്ചിരുന്നില്ല. തത്ഫലമായി ഞങ്ങളുടെ സഭകളിൽ അനൈക്യവും കിംവദന്തികളും ഗൂഢാലോചനകളുമൊക്കെ നിലവിലുണ്ടായിരുന്നു. ചില സാക്ഷികൾ സംഘടന വിട്ടുപോയി വേറെ കൂട്ടങ്ങളുണ്ടാക്കി. ബ്രുക്ലിനിൽ നേതൃത്വമെടുക്കുന്ന സഹോദരങ്ങളെ കുറിച്ചു പോലും ചിലർ നുണക്കഥകൾ പ്രചരിപ്പിച്ചു.
അതുകൊണ്ട്, വിശ്വാസം ഏറ്റവുമധികം പരിശോധിക്കപ്പെടുന്നത് എതിരാളികളിൽനിന്നു പീഡനം ഉണ്ടാകുമ്പോഴല്ല പിന്നെയോ സഭകളിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുമ്പോഴാണെന്ന് ഞങ്ങളിൽ പലർക്കും മനസ്സിലായി. ചിലർ സത്യാരാധന വിട്ടു പോകാൻ തീരുമാനിച്ചെങ്കിലും സംഘടനയോടു പറ്റിനിന്നുകൊണ്ട് യഹോവ കാര്യങ്ങൾ നേരെയാക്കുന്നതുവരെ കാത്തിരിക്കുന്നതു മർമപ്രധാനമാണെന്നു ഞങ്ങൾ മനസ്സിലാക്കി. സന്തോഷകരമെന്നു പറയട്ടെ, ഞങ്ങളുടെ പ്രദേശത്തുള്ള ഭൂരിഭാഗം സാക്ഷികളും സംഘടനയോടു പറ്റിനിൽക്കുകതന്നെ ചെയ്തു. അതുപോലെതന്നെ സംഘടന വിട്ടുപോയവരിൽ പലരും തങ്ങളുടെ തെറ്റു മനസ്സിലാക്കി യഹോവയെ സേവിക്കാനായി തിരിച്ചുവന്നെന്ന് അറിയിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്.
ഒറ്റപ്പെടലിന്റേതായ ആ ദുഷ്കര സാഹചര്യങ്ങളിലും ഞങ്ങൾ പരസ്യശുശ്രൂഷയിൽ തിരക്കുള്ളവരായിരിക്കുകയും തത്ഫലമായി സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്തു. എത്ര വലിയ പ്രതിഫലങ്ങളാണ് ഞങ്ങൾക്കു ലഭിച്ചതെന്നോ! സഭാ പുസ്തക അധ്യയനത്തിൽ പങ്കുപറ്റുന്ന ഓരോ അവസരത്തിലും യഹോവയുടെ അനുഗ്രഹത്തെ കുറിച്ച് എനിക്ക് ഓർമ വരും. ഞങ്ങളുടെ പുസ്തക അധ്യയന കൂട്ടത്തിലെ 20-ഓ അതിലധികമോ പേരെ സത്യം പഠിക്കാൻ സഹായിച്ചത് എന്റെ കുടുംബത്തിൽനിന്നുള്ളവരാണ്.
എന്റെ മാതാപിതാക്കളും സഹോദരിയായ അന്നയും ഇപ്പോൾ ഇല്ല. അവരെല്ലാം അന്ത്യത്തോളം യഹോവയോടു വിശ്വസ്തരായി നിലകൊണ്ടു. ഫെന്യയും ഞാനും ഇപ്പോഴും യഹോവയുടെ സേവനത്തിൽ കഴിവിന്റെ പരമാവധി പ്രവർത്തിച്ചുകൊണ്ട് സജീവമായി പങ്കുപറ്റുന്നു. സമയം പറന്നുപോയതുപോലെയാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ 30 വർഷക്കാലം, യൂക്രെയിനിലെ യഹോവയുടെ സാക്ഷികൾ ആവേശജനകമായ പല സംഭവവികാസങ്ങൾക്കും സാക്ഷ്യംവഹിച്ചിട്ടുണ്ട്. അതെല്ലാം ഈ കൊച്ചു അനുഭവകഥയിൽ വിവരിക്കാൻ പ്രയാസമാണ്. എന്നാൽ യഹോവയുടെ സേവനത്തിൽ ചെലവഴിച്ച സംതൃപ്തിദായകമായ ആ വർഷങ്ങളിലേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ അവൻ എന്നുമെന്നും എനിക്ക് ബലമുള്ള ഒരു താങ്ങായിരുന്നിട്ടുണ്ടെന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും ഉറച്ചവിശ്വാസത്തോടെ പറയാൻ കഴിയും. കാരണം തന്നെക്കുറിച്ച് അവൻ ഈ ഉറപ്പു നൽകുന്നു: “യഹോവയായ ഞാൻ മാറാത്തവൻ.”—മലാഖി 3:6.
[അടിക്കുറിപ്പ്]
a 1999 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിലെ 24-9 പേജുകളിലെ “കമ്മ്യൂണിസ്റ്റ് നിരോധനത്തിൻ കീഴിൽ 40-ലേറെ വർഷങ്ങൾ” എന്ന ലേഖനവും 1999 ഏപ്രിൽ 22 ലക്കം ഉണരുക!-യിലെ 20-5 പേജുകളിലെ “സൈബീരിയയിൽ പ്രവാസത്തിൽ!” എന്ന ലേഖനവും കാണുക.
[21-ാം പേജിലെ ആകർഷക വാക്യം]
ഞാൻ ആരാണെന്നും എവിടെനിന്നാണു വരുന്നതെന്നും ഏറ്റവും പ്രധാനമായി ആ പുസ്തകങ്ങൾ എവിടെനിന്നാണ് ലഭിച്ചതെന്നും അവർക്ക് അറിയണമായിരുന്നു. എന്നാൽ അതു പറയാൻ ഞാൻ വിസമ്മതിച്ചു
[22-ാം പേജിലെ ആകർഷക വാക്യം]
ഒറ്റപ്പെട്ടതായുള്ള തോന്നൽ ശരിക്കും തളർത്തിക്കളയുന്ന ഒന്നായിരുന്നു. ഞാൻ യഹോവയ്ക്കു മുമ്പാകെ എന്റെ ഹൃദയം പകർന്നു. അവൻ എന്നെ ശക്തിപ്പെടുത്തി
[20-ാം പേജിലെ ചിത്രം]
ഞാനും ഫെന്യയും, 1952-ൽ
[23-ാം പേജിലെ ചിത്രം]
ഫെന്യയോടൊപ്പം ഇന്ന്