ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
യുവജന ലേഖനങ്ങൾ പന്ത്രണ്ടു വയസ്സുള്ള എനിക്കു നിങ്ങളുടെ മാസികകൾ വളരെ ഇഷ്ടമാണ്. അവ വായിക്കാൻ തുടങ്ങുന്നതിനു മുമ്പ് എന്റെ കൂട്ടുകാരുമായി ഇണങ്ങിപ്പോകാൻ എനിക്കു വലിയ ബുദ്ധിമുട്ടായിരുന്നു. അവരെല്ലാം എന്നെക്കാൾ പ്രായമുള്ളവരാണ് എന്നതായിരുന്നു കാരണം. എന്നാൽ “യുവജനങ്ങൾ ചോദിക്കുന്നു . . . ” ലേഖനങ്ങൾ വായിക്കാൻ തുടങ്ങിയതിൽപ്പിന്നെ കൂടുതൽ എളുപ്പത്തിൽ എനിക്ക് അവരുമായി ഇണങ്ങിപ്പോകാൻ കഴിയുന്നു. നിങ്ങളുടെ മാസികകൾക്കു നന്ദി. അവ വളരെ സഹായകമാണ്.
എൻ. ഐ., റഷ്യ
ഭാഷാ പഠനം “ഒരു വിദേശ ഭാഷ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?” (ജനുവരി 8, 2000) എന്ന ലേഖനത്തിലെ സഹായകമായ നിർദേശങ്ങൾക്കു നന്ദി. രണ്ടു വർഷം മുമ്പ് ഞാൻ സ്പാനീഷ് പഠനം ആരംഭിച്ചു. ഈ ഭാഷയിലെ എന്റെ അറിവ് വളരെ പ്രയോജനപ്രദമായിരുന്നിട്ടുണ്ട്. അടുത്തയിടെ ഒരു അന്താരാഷ്ട്ര കൺവെൻഷൻ നടന്നപ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ള അനേകം സഹോദരങ്ങളെ സഹായിക്കാൻ എനിക്കു കഴിഞ്ഞു.
കെ. എൽ. ആർ., ബ്രസീൽ
കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ഫ്രഞ്ച് പഠിക്കുന്നു. നിങ്ങളുടെ ലേഖനത്തിനു വളരെ വളരെ നന്ദി. അത് എത്ര പ്രോത്സാഹജനകം ആയിരുന്നെന്നോ! പഠനം തുടരാനുള്ള എന്റെ ദൃഢനിശ്ചയത്തെ അത് ഒന്നുകൂടി ശക്തമാക്കി. എന്റെ വിദേശ ഭാഷാ ജ്ഞാനം ഒരുനാൾ ക്രിസ്തീയ ശുശ്രൂഷയുടെ ഏതെങ്കിലുമൊരു വശത്ത് ഉപയോഗിക്കാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, അതിനായി പ്രാർഥിക്കുകയും ചെയ്യുന്നു.
എൽ. സി., ഐക്യനാടുകൾ
ഇവിടെ, ബവെറിയയിൽ അനേകം വിദേശികൾ ഉണ്ട്. മിക്കവരും ജർമൻ സംസാരിക്കുമെങ്കിലും ബൈബിളിൽ നിന്നുള്ള സുവാർത്ത സ്വന്തം ഭാഷയിൽ കേൾക്കുമ്പോഴാണ് അവർ കൂടുതൽ നന്നായി പ്രതികരിക്കുന്നത്. പലരും റഷ്യക്കാരായതിനാൽ ഞാൻ അവരുടെ ഭാഷ പഠിക്കാൻ തീരുമാനിച്ചു. ഇതൊരു വെല്ലുവിളി ആണെന്നു നിങ്ങൾ പറഞ്ഞതു ശരിയാണ്. എങ്കിലും അക്ഷരമാല പഠിച്ചെടുക്കുക എന്ന ആദ്യ കടമ്പ വിജയകരമായി മറികടക്കാൻ എനിക്കു കഴിഞ്ഞിരിക്കുന്നു. അക്ഷരങ്ങൾ ഇപ്പോൾ അത്ര ബുദ്ധിമുട്ടുള്ളവയായി തോന്നുന്നില്ല.
ബി. കെ., ജർമനി
ഭാഷ പഠിക്കാനായി, വാഹനം ഓടിക്കുന്നതിനിടയിൽ ഓഡിയോ കാസെറ്റുകൾ കേൾക്കുക എന്ന ഒരു നിർദേശം നിങ്ങൾ നൽകിയിരുന്നല്ലോ. എന്നാൽ വാഹനം ഓടിക്കുമ്പോൾ നമ്മുടെ ശ്രദ്ധ ആവശ്യമുള്ള മറ്റെന്തെങ്കിലും ചെയ്യുക എന്നത് അത്ര നല്ല ഒരു കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. അത് അപകടങ്ങൾക്ക് ഇടയാക്കിയേക്കാം.
കെ. എസ്., ജപ്പാൻ
ഞങ്ങൾ പല മോട്ടോർവാഹന സുരക്ഷാ സംഘടനകളിലും ഇതിനെ കുറിച്ചു അന്വേഷിച്ചു. വാഹനം ഓടിക്കുമ്പോൾ യാത്രക്കാരുമായി സംസാരിക്കുകയോ പാട്ടു കേൾക്കുയോ ചെയ്യുന്നതിലും ഏതെങ്കിലും വിധത്തിൽ അപകടം പിടിച്ചതാണ് വിദ്യാഭ്യാസപരമായ ഓഡിയോ കാസെറ്റുകൾ കേൾക്കുന്നത് എന്നതിന് ഗവേഷണപരമായ എന്തെങ്കിലും തെളിവു നൽകാൻ അവർക്കാർക്കും കഴിഞ്ഞില്ല. എന്നിരുന്നാലും, വാഹനം ഓടിക്കുമ്പോൾ ശ്രദ്ധയുള്ളവരായിരിക്കാനുള്ള ഓർമിപ്പിക്കൽ ഞങ്ങൾ വളരെ വിലമതിക്കുന്നു.—പത്രാധിപർ
രക്തരഹിത ശസ്ത്രക്രിയ “രക്തരഹിത ചികിത്സയും ശസ്ത്രക്രിയയും—അവയോടുള്ള ആഭിമുഖ്യം വർധിക്കുന്നു” (ജനുവരി 8, 2000) എന്ന ലേഖനപരമ്പരയ്ക്കു നിങ്ങളോടു നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് ആളുകൾക്കുള്ള ചില മുൻവിധികൾ തകർത്തെറിയാൻ അതു വളരെയേറെ സഹായിച്ചു. ഞാൻ കുറച്ചു മാസികകൾ ഓഫീസിൽ കൊണ്ടുപോയി എന്റെ സഹപ്രവർത്തകർക്കു കൊടുത്തു. ഉച്ചയ്ക്കത്തെ ഇടവേള സമയത്ത് അവരിലൊരാൾ മാസിക വളരെ താത്പര്യത്തോടെ വായിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. പിന്നീട് അദ്ദേഹം എന്നെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “ഈ മാസികയിൽ താത്പര്യജനകമായ ഇത്രയധികം ലേഖനങ്ങൾ ഉണ്ടായിരിക്കുമെന്നു ഞാൻ കരുതിയതേയില്ല!”
ഐ. എസ്., ചെക്ക് റിപ്പബ്ലിക്ക്
ഇന്റർനെറ്റിന്റെ അപകടങ്ങൾ “യുവജനങ്ങൾ ചോദിക്കുന്നു . . . ഇന്റർനെറ്റ്—അപകടങ്ങൾ എനിക്ക് എങ്ങനെ ഒഴിവാക്കാനാകും?” (ജനുവരി 22, 2000) എന്ന ലേഖനം വളരെ നല്ല വിധത്തിൽ ഇന്റർനെറ്റിന്റെ പ്രയോജനങ്ങളും അപകടങ്ങളും എന്തൊക്കെയാണെന്നു കാണിച്ചുതന്നു. ജോലിയുടെ ഭാഗമായി ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരാൾ എന്നനിലയിൽ അപകടങ്ങൾ എപ്പോഴും പതിയിരിപ്പുണ്ടെന്ന് എനിക്കറിയാം. ഈ അപകടങ്ങൾ ഒഴിവാക്കേണ്ടത് എത്ര പ്രധാനമാണ്!
ജെ. എൽ., ഐക്യനാടുകൾ