വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ഇത്ര മെലിഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഞാൻ ഇത്ര മെലിഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഞാൻ ഇത്ര മെലി​ഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

മെലി​ഞ്ഞ​തെ​ങ്കി​ലും നല്ല ആരോ​ഗ്യ​മുള്ള ശരീര​മാണ്‌ ജസ്റ്റി​ന്റേത്‌. എന്നാൽ തന്റെ ശരീര​ഘ​ട​ന​യിൽ അവൻ അത്ര സന്തുഷ്ടനല്ല. “അൽപ്പം തടി​വെ​ക്കാ​നുള്ള ശ്രമത്തി​ലാ​ണു ഞാൻ,” അവൻ പറയുന്നു. അതിന്റെ ഭാഗമാ​യി അവൻ ദിവസ​ത്തിൽ അഞ്ചു നേരം ആഹാരം കഴിക്കു​ന്നു. ഇത്‌ 4,000 കലോ​റി​യോ​ളം വരും. എന്നാൽ ഈ കലോ​റി​യി​ലൂ​ടെ തന്റെ പേശി​ക​ളു​ടെ കരുത്ത്‌ വർധി​പ്പി​ക്കാ​നാണ്‌ അവൻ ആഗ്രഹി​ക്കു​ന്നത്‌. അവൻ പറയുന്നു: “ചില ദിവസ​ങ്ങ​ളിൽ, ജോലി​ക്കു പോകു​ന്ന​തി​നു മുമ്പ്‌ ഞാനും ഒരു കൂട്ടു​കാ​ര​നും കൂടെ ഭാരം ഉയർത്താൻ ജിം​നേ​ഷ്യ​ത്തിൽ പോകാ​റുണ്ട്‌.”

വനസയു​ടേ​തും മെലിഞ്ഞ ശരീര​പ്ര​കൃ​ത​മാണ്‌. എന്നാൽ അവൾ തന്റെ ആകാര​ത്തിൽ തികച്ചും സംതൃ​പ്‌ത​യാണ്‌. “കുറേ​ക്കൂ​ടെ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ കുട്ടികൾ എന്നെ ‘മുരി​ങ്ങാ​ക്കോൽ’ എന്നു വിളിച്ച്‌ കളിയാ​ക്കു​മാ​യി​രു​ന്നു,” അവൾ അനുസ്‌മ​രി​ക്കു​ന്നു. “എന്നാൽ അതേക്കു​റി​ച്ചോർത്ത്‌ എനിക്ക്‌ ഇപ്പോൾ ദുഃഖ​മൊ​ന്നു​മില്ല. ഞാൻ ആയിരി​ക്കുന്ന വിധത്തിൽ ഞാൻ സംതൃ​പ്‌ത​യാണ്‌.”

‘നിങ്ങൾ ആയിരി​ക്കുന്ന വിധത്തിൽ സംതൃ​പ്‌ത​രാ​യി​രി​ക്കുക.’ അതൊരു നല്ല ആശയമാ​ണെന്നു തോന്നു​ന്നു. എന്നാൽ നിങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു ബാധക​മാ​ക്കാൻ ബുദ്ധി​മു​ട്ടുള്ള ഒന്നായി​രി​ക്കാം. ഒരു കൗമാ​ര​പ്രാ​യ​ക്കാ​രൻ അല്ലെങ്കിൽ കൗമാ​ര​പ്രാ​യ​ക്കാ​രി എന്ന നിലയിൽ “നവയൗവ്വന”ത്തിലാ​യി​രി​ക്കാം നിങ്ങൾ. (1 കൊരി​ന്ത്യർ 7:36, NW) താരു​ണ്യ​ത്തി​ലേക്കു കാലൂ​ന്നുന്ന ആ നാളുകൾ വിശേ​ഷി​ച്ചും പ്രക്ഷു​ബ്ധ​മാ​യി​രി​ക്കും. കാരണം ദ്രുത​ഗ​തി​യി​ലുള്ള ശാരീ​രിക മാറ്റങ്ങ​ളു​ടെ ഒരു സമയമാണ്‌ അത്‌. ആ കാലഘ​ട്ട​ത്തിൽ നിങ്ങളു​ടെ ശരീരാ​വ​യ​വ​ങ്ങ​ളു​ടെ വളർച്ച​യു​ടെ വേഗം വ്യത്യ​സ്‌ത​മാ​യി​രി​ക്കും; കൈകാ​ലു​ക​ളും കണ്ണും മൂക്കു​മൊ​ന്നും ഒന്നി​നൊ​ന്നു യോജി​പ്പി​ല​ല്ലെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. a ഇത്‌ വല്ലാത്ത ഒരുതരം ജാള്യം നിങ്ങളിൽ ഉളവാ​ക്കി​യേ​ക്കും. അനാകർഷ​ക​മായ രൂപല​ക്ഷ​ണ​ങ്ങ​ളാണ്‌ നിങ്ങൾക്കു​ള്ള​തെന്നു തോന്നി​യേ​ക്കാം. ഇതി​നെ​ല്ലാം പുറമേ, എല്ലാ യുവ​പ്രാ​യ​ക്കാർക്കും ഒരേ വേഗത്തി​ലുള്ള വളർച്ച​യാ​യി​രി​ക്കില്ല ഉണ്ടായി​രി​ക്കുക. അതു​കൊണ്ട്‌ നിങ്ങളു​ടെ സമപ്രാ​യ​ക്കാർ ഒത്ത സ്‌ത്രീ​യോ പുരു​ഷ​നോ ആയി വളർന്നി​രി​ക്കാം. അവരോ​ടുള്ള താരത​മ്യ​ത്തിൽ നിങ്ങൾ മെലി​ഞ്ഞാ​ണി​രി​ക്കു​ന്ന​തെന്നു തോന്നു​ന്നതു സ്വാഭാ​വി​കം മാത്രം.

അമിത​വ​ണ്ണ​ത്തെ​പ്പ​റ്റി ഉത്‌ക​ണ്‌ഠ​പ്പെ​ടുന്ന യുവജ​ന​ങ്ങൾക്കു ബുദ്ധി​യു​പ​ദേ​ശങ്ങൾ ലഭിക്കാ​റു​ണ്ടെ​ങ്കി​ലും തങ്ങൾ തീരെ മെലി​ഞ്ഞ​താ​ണെന്ന്‌ ഓർത്തു വ്യാകു​ല​പ്പെ​ടു​ന്ന​വർക്ക്‌ മിക്ക​പ്പോ​ഴും അത്തരം ഉപദേ​ശങ്ങൾ ലഭിക്കു​ന്നില്ല. മെലിഞ്ഞ ശരീര​പ്ര​കൃ​തം സൗന്ദര്യ​ത്തി​ന്റെ ലക്ഷണമാ​യി കണക്കാ​ക്ക​പ്പെ​ടാത്ത ചില രാജ്യ​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഉള്ള യുവ​പ്രാ​യ​ക്കാർക്ക്‌ അങ്ങനെ​യുള്ള സഹായം വിശേ​ഷി​ച്ചും പ്രധാ​ന​മാണ്‌. അത്തരം പ്രദേ​ശ​ങ്ങ​ളിൽ മെലിഞ്ഞ പെൺകു​ട്ടി​കളെ “കോലു​പോ​ലെ​യി​രി​ക്കു​ന്നു” എന്നൊക്കെ പറഞ്ഞ്‌ ആളുകൾ കളിയാ​ക്കാ​റുണ്ട്‌.

“സ്‌ത്രീ​കൾ കണ്ണാടി​യിൽ നോക്കു​മ്പോ​ഴെ​ല്ലാം അവർക്ക്‌ കുറവു​കൾ മാത്രമേ കാണാൻ കഴിഞ്ഞി​രു​ന്നു​ള്ളൂ എന്ന്‌ 1980-കൾക്കു മുമ്പുള്ള ദശകങ്ങ​ളിൽ, തങ്ങളുടെ ആകാരത്തെ സ്‌ത്രീ​കൾ വീക്ഷി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നതു സംബന്ധിച്ച്‌ നടത്തിയ പഠനങ്ങൾ വെളി​പ്പെടു”ത്തിയതാ​യി ഗവേഷ​ക​യായ സൂസൻ ബോർഡോ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇനി പുരു​ഷ​ന്മാ​രു​ടെ കാര്യ​മോ? ബോർഡോ തുടരു​ന്നു: “പുരു​ഷ​ന്മാർക്ക്‌ തങ്ങളുടെ ആകാര​സൗ​ഷ്‌ഠ​വ​ത്തിൽ സംതൃ​പ്‌തി തോന്നി​യി​രു​ന്നു, ഒരുപക്ഷേ വിചാ​രി​ച്ച​തി​നെ​ക്കാൾ കുറേ​ക്കൂ​ടെ നല്ലതാ​ണെ​ന്നു​പോ​ലും.” എന്നാൽ സമീപ​വർഷ​ങ്ങ​ളിൽ അതിനു മാറ്റം​വന്നു തുടങ്ങി​യി​രി​ക്കു​ന്നു. കോസ്‌മെ​റ്റിക്‌ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​രാ​കു​ന്ന​വ​രിൽ 25 ശതമാനം പുരു​ഷ​ന്മാ​രാ​ണെന്ന വസ്‌തുത ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ ബോർഡോ, ശരീര​ഘ​ട​ന​യിൽ യുവാ​ക്കൾക്കുള്ള വർധിച്ച താത്‌പ​ര്യ​ത്തെ ഐക്യ​നാ​ടു​ക​ളി​ലെ​യും മറ്റു പാശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ലെ​യും, അടിവ​സ്‌ത്ര​ങ്ങ​ളു​ടെ പരസ്യ​ങ്ങ​ളി​ലെ പൗരുഷം “തുളു​മ്പുന്ന” ശരീര​ങ്ങ​ളോ​ടു ബന്ധപ്പെ​ടു​ത്തു​ന്നു. ഇതിന്‌ കൗമാ​ര​പ്രാ​യ​ക്കാ​രായ ആൺകു​ട്ടി​ക​ളു​ടെ മേൽ വലിയ സ്വാധീ​നം ഉണ്ടായി​രു​ന്നി​ട്ടുണ്ട്‌. പുരുഷ മോഡ​ലു​കളെ പോലെ ദൃഢഗാ​ത്ര​രാ​യി​ല്ലെ​ങ്കിൽ തങ്ങളെ ഒന്നിനും കൊള്ളു​ക​യി​ല്ലെന്ന്‌ അവർക്കു തോന്നി​യേ​ക്കാം.

അതു​കൊണ്ട്‌ മെലിഞ്ഞ ശരീര​പ്ര​കൃ​തി​യാ​ണു നിങ്ങളു​ടേ​തെ​ങ്കിൽ ‘എനിക്ക്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ’ എന്നു നിങ്ങൾ സ്വയം ചോദി​ച്ചേ​ക്കാം. എന്നാൽ യാതൊ​രു കുഴപ്പ​വു​മില്ല എന്നതാണു വാസ്‌തവം.

നിങ്ങൾ മെലി​ഞ്ഞി​രി​ക്കു​ന്ന​തി​ന്റെ കാരണം

പല യുവാ​ക്ക​ളു​ടെ​യും കാര്യ​ത്തിൽ, ശരീരം മെലി​ഞ്ഞി​രി​ക്കു​ന്നു എന്നതു​കൊണ്ട്‌ വലിയ കുഴപ്പ​മൊ​ന്നു​മില്ല. മിക്ക​പ്പോ​ഴും പെട്ടെ​ന്നുള്ള വളർച്ച​യു​ടെ​യും താരു​ണ്യ​ത്തോട്‌ അനുബ​ന്ധിച്ച്‌ ഉണ്ടാകുന്ന ദ്രുത​ഗ​തി​യി​ലുള്ള ഉപാപചയ പ്രവർത്ത​ന​ങ്ങ​ളു​ടെ​യും ഒരു പാർശ്വ​ഫലം മാത്ര​മാ​യി​രി​ക്കാം ഈ വണ്ണക്കു​റവ്‌. സാധാ​ര​ണ​ഗ​തി​യിൽ, പ്രായം കടന്നു​പോ​കു​ന്ന​തോ​ടെ ശരീര​ത്തി​ലെ ഉപാപചയ പ്രവർത്ത​നങ്ങൾ മന്ദഗതി​യി​ലാ​കും. എന്നാൽ ആരോ​ഗ്യാ​വ​ഹ​മായ ഭക്ഷണ​ക്രമം പിൻപ​റ്റി​യി​ട്ടും ശരീരം വല്ലാതെ മെലി​ഞ്ഞി​രി​ക്കു​ന്നെ​ങ്കിൽ എന്തെങ്കി​ലും ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടോ എന്നറി​യാ​നാ​യി ഡോക്‌ടറെ ചെന്നു കാണു​ന്നതു നന്നായി​രി​ക്കും. കാരണം, പ്രമേഹം പോലുള്ള രോഗ​ങ്ങ​ളു​ടെ ഒരു ലക്ഷണമാണ്‌ അത്‌.

ആഹാര​ശീ​ല വൈക​ല്യ​ത്തെ കുറി​ച്ചുള്ള പഠന​മേ​ഖ​ല​യിൽ അറിയ​പ്പെ​ടുന്ന വിദഗ്‌ധ​നായ സ്റ്റീവൻ ലെവൻ​ക്രോൺ ഉണരുക!-യോട്‌ ഇങ്ങനെ പറഞ്ഞു: “തൂക്കം നന്നേ കുറവാ​യി​രുന്ന ഒരു യുവതി​യെ പരി​ശോ​ധ​ന​യ്‌ക്കാ​യി എന്റെ അടുക്കൽ കൊണ്ടു​വന്നു. അവൾക്ക്‌ അനൊ​റെ​ക്‌സിയ (തൂക്കം കൂടു​മോ എന്ന ഭയത്താൽ ആഹാരം കഴിക്കാ​തി​രി​ക്കുന്ന ഒരുതരം മനോ​രോ​ഗം) ഉള്ളതായി മുമ്പ്‌ പരി​ശോ​ധ​ന​യിൽ തെളി​ഞ്ഞി​രു​ന്നു​വ​ത്രേ, അവളെ കണ്ടാൽ ആഹാര​ശീല വൈക​ല്യ​മുള്ള ഒരു വ്യക്തി​യാ​ണെന്ന്‌ തോന്നു​മാ​യി​രു​ന്നു എന്നുള്ളതു നേരാണ്‌. എന്നാൽ അവളുടെ പ്രശ്‌നം മാനസി​ക​മ​ല്ലെ​ന്നും ശാരീ​രി​ക​മാ​ണെ​ന്നും ഞാൻ ഉടനെ തിരി​ച്ച​റി​ഞ്ഞു. അവളുടെ കുടലിന്‌ സാരമായ തകരാ​റു​ണ്ടാ​യി​രു​ന്നു. അവളുടെ കുടും​ബ​ഡോ​ക്‌ടർക്ക്‌ അതു കണ്ടുപി​ടി​ക്കാൻ കഴിഞ്ഞില്ല. അതു​കൊ​ണ്ടു​തന്നെ അവളുടെ ജീവൻ അപകട​ത്തി​ലാ​കേ​ണ്ട​താ​യി​രു​ന്നു.” തൂക്കം നഷ്ടപ്പെ​ടാൻ ഇടയാ​ക്കുന്ന പ്രമേഹം പോലുള്ള എന്തെങ്കി​ലും രോഗങ്ങൾ ഉണ്ടെങ്കിൽ നിങ്ങളു​ടെ ഡോക്‌ട​റു​ടെ ഉപദേശം ശ്രദ്ധാ​പൂർവം പിൻപ​റ്റേ​ണ്ട​തുണ്ട്‌.

ചില​പ്പോൾ മെലിഞ്ഞ ശരീര​പ്ര​കൃ​തം മനോ​വി​ഷ​മ​ത്തി​ന്റെ തെളിവ്‌ ആയിരി​ക്കാം. അനാറ്റമി ഓഫ്‌ അനൊ​റെ​ക്‌സിയ എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഡോ. ലെവൻ​ക്രോൺ “ഇൻസു​ലി​നെ ആശ്രയി​ക്കുന്ന പ്രമേ​ഹ​രോ​ഗി”കളുടെ ഗണ്യമായ ഒരു സംഖ്യ “അനിയ​ന്ത്രി​ത​മായ ഭക്ഷണ​പ്രി​യം, ബൂളി​മിയ, അനൊ​റെ​ക്‌സിയ” എന്നിങ്ങ​നെ​യുള്ള “ആഹാര​ശീല വൈക​ല്യ​ങ്ങൾ ഉള്ളവർ” ആണെന്ന ചില ഗവേഷ​ക​രു​ടെ അഭി​പ്രാ​യത്തെ പരാമർശി​ക്കു​ന്നുണ്ട്‌. നിങ്ങൾക്ക്‌ അത്തരത്തി​ലുള്ള ഒരു ആഹാര​ശീല വൈക​ല്യം ഉണ്ടോ എന്ന്‌ പരിച​യ​സ​മ്പ​ന്ന​നായ ഒരു ചികി​ത്സ​കന്‌ കണ്ടെത്താ​നാ​കും. b

പ്രാ​യോ​ഗിക നിർദേ​ശ​ങ്ങൾ

നിങ്ങൾ ഡോക്‌ടറെ ചെന്നു കണ്ടെന്നു വിചാ​രി​ക്കുക. മെലി​ഞ്ഞാ​ണി​രി​ക്കു​ന്ന​തെ​ങ്കി​ലും നിങ്ങൾക്ക്‌ ആരോ​ഗ്യ​സം​ബ​ന്ധ​മായ യാതൊ​രു പ്രശ്‌ന​വു​മി​ല്ല​താ​നും. ഇനി നിങ്ങൾ എന്തു ചെയ്യണം? ഇയ്യോബ്‌ 8:11-ൽ ബൈബിൾ ഇപ്രകാ​രം പറയുന്നു: “ചെളി​യി​ല്ലാ​തെ ഞാങ്ങണ വളരു​മോ? വെള്ളമി​ല്ലാ​തെ പോട്ട​പ്പു​ല്ലു വളരു​മോ?” ഒരു ചെടി തഴച്ചു വളരണ​മെ​ങ്കിൽ ശരിയായ പരിസ്ഥി​തി ആവശ്യ​മാ​യി​രി​ക്കു​ന്നതു പോ​ലെ​തന്നെ ആരോ​ഗ്യ​മുള്ള ഒരു വ്യക്തി​യാ​യി നിങ്ങൾ വളർച്ച പ്രാപി​ക്ക​ണ​മെ​ങ്കിൽ സന്തുലി​ത​മായ ഒരു ആഹാര​ക്രമം പിൻപ​റ്റേ​ണ്ടത്‌ ആവശ്യ​മാണ്‌. തൂക്കം വർധി​പ്പി​ക്കാ​നാ​യാ​ലും ശരി, കുറയ്‌ക്കാ​നാ​യാ​ലും ശരി ഇത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌.

തൂക്കം പെട്ടെന്നു കൂട്ടാ​നാ​യി കൊഴു​പ്പു നിറഞ്ഞ ആഹാര​സാ​ധ​നങ്ങൾ അമിത​മാ​യി കഴിച്ചു തുടങ്ങ​രുത്‌. ശരീര​സൗ​ന്ദര്യ മത്സരത്തിൽ പങ്കെടു​ക്കുന്ന പുരു​ഷ​ന്മാ​രു​ടെ ആഹാര​ക്ര​മത്തെ പറ്റി പഠനം നടത്തവെ, അവർ ദിവസ​ത്തിൽ 6,000 കലോറി ആഹാരം കഴിക്കു​ന്ന​താ​യി പോഷ​ക​വി​ദ​ഗ്‌ധ​യായ സൂസൻ ക്ലിന്നർ നിരീ​ക്ഷി​ച്ചു. എന്നാൽ ക്ലിന്നർ പറയു​ന്ന​പ്ര​കാ​രം, “ഈ പഠനം വെളി​പ്പെ​ടു​ത്തിയ ഏറ്റവും പരി​ഭ്രാ​ന്തി ഉളവാ​ക്കുന്ന സംഗതി അവർ ദിവസ​ത്തിൽ ശരാശരി 200 ഗ്രാമിൽ അധികം കൊഴുപ്പ്‌ ഭക്ഷിക്കു​ന്നു എന്നതാണ്‌, അതായത്‌ രണ്ട്‌ ബട്ടർ പായ്‌ക്ക​റ്റിൽ അടങ്ങി​യി​രി​ക്കുന്ന കൊഴു​പ്പി​നു തുല്യം! ആളുകളെ രോഗി​ക​ളാ​ക്കാൻ ഇതു മതി. ഇത്രയ​ധി​കം കൊഴുപ്പ്‌ കുറേ​ക്കാ​ലം കഴിക്കു​ക​യാ​ണെ​ങ്കിൽ അത്‌ ഹൃ​ദ്രോ​ഗ​ത്തി​നി​ട​യാ​ക്കും.”

യു.എസ്‌. ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ അഗ്രി​ക്കൾച്ചർ അഥവാ യുഎസ്‌ഡിഎ പറയു​ന്ന​പ്ര​കാ​രം, ഒരു സന്തുലിത ആഹാര​ക്രമം എന്നു പറയു​ന്നത്‌ റൊട്ടി, ധാന്യങ്ങൾ, ചോറ്‌, പാസ്‌ത തുടങ്ങിയ കാർബോ​ഹൈ​ഡ്രേറ്റ്‌ അടങ്ങി​യ​താ​യി​രി​ക്കും. അടുത്ത​താ​യി ആഹാര​ക്ര​മ​ത്തിൽ പ്രാധാ​ന്യം നൽകേ​ണ്ടത്‌ പച്ചക്കറി​കൾക്കും പഴങ്ങൾക്കു​മാണ്‌. മാംസ്യ​വും പാൽ ഉത്‌പ​ന്ന​ങ്ങ​ളും മിതമാ​യേ ഭക്ഷിക്കാ​വൂ എന്ന്‌ യുഎസ്‌ഡിഎ നിർദേ​ശി​ക്കു​ന്നു.

നിങ്ങൾ ഏതുതരം ആഹാര​മാണ്‌ കഴിക്കു​ന്നത്‌, ഇനിയും അത്‌ എത്ര​ത്തോ​ളം കഴിക്കു​ന്നു എന്നൊക്കെ അറിയാൻ ഒരു ദിനക്കു​റിപ്പ്‌ സൂക്ഷി​ക്കു​ന്നത്‌ നന്നായി​രി​ക്കും. പോക്ക​റ്റിൽ വെക്കാ​വുന്ന ഒരു നോട്ട്‌ബു​ക്കിൽ നിങ്ങൾ ഒരാഴ്‌ച കഴിക്കുന്ന ആഹാര​സാ​ധ​നങ്ങൾ ഏതൊ​ക്കെ​യെ​ന്നും എപ്പോ​ഴാണ്‌ അവ കഴിക്കു​ന്ന​തെ​ന്നും എഴുതി​വെ​ക്കുക. വാസ്‌ത​വ​ത്തിൽ നിങ്ങൾ വിചാ​രി​ക്കു​ന്നത്ര ആഹാരം നിങ്ങൾ കഴിക്കു​ന്നു​ണ്ടാ​കില്ല, വിശേ​ഷി​ച്ചും ശ്വാസം വിടാതെ കാര്യങ്ങൾ ചെയ്യുന്ന ഒരു പ്രകൃ​ത​മാണ്‌ നിങ്ങളു​ടേ​തെ​ങ്കിൽ. ചുറു​ചു​റു​ക്കുള്ള ഒരു കൗമാ​ര​പ്രാ​യ​ക്കാ​രൻ എന്ന നിലയ്‌ക്ക്‌ ദിവസ​ത്തിൽ 3,000-മോ അതില​ധി​ക​മോ കലോറി നിങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രി​ക്കാം! അതു​പോ​ലെ നിങ്ങളു​ടെ ആഹാര​ക്രമം സന്തുലി​ത​മ​ല്ലെ​ന്നും—ബർഗർ, പിസാ തുടങ്ങിയ ആഹാര​സാ​ധ​നങ്ങൾ അമിത​മാ​യി കഴിക്കു​ന്നു​ണ്ടെ​ന്നും ആവശ്യ​ത്തിന്‌ പഴങ്ങളും പച്ചക്കറി​ക​ളും കഴിക്കു​ന്നി​ല്ലെ​ന്നും—നിങ്ങൾ കണ്ടെത്തി​യേ​ക്കാം.

വിലകൂ​ടി​യ വിറ്റാ​മിൻ ഗുളി​ക​ക​ളു​ടെ​യും മറ്റും കാര്യ​മോ? അവ ഒരുപക്ഷേ കഴിക്കേണ്ട ആവശ്യം​പോ​ലും ഉണ്ടായി​രി​ക്കില്ല. നിങ്ങളു​ടെ ശരീര​ത്തിന്‌ ആവശ്യ​മായ പോഷ​ക​ങ്ങ​ളെ​ല്ലാം ആരോ​ഗ്യാ​വ​ഹ​മായ ആഹാര​ക്ര​മ​ത്തി​ലൂ​ടെ ലഭിക്കു​മെ​ന്നാണ്‌ പല വിദഗ്‌ധ​രു​ടെ​യും അഭി​പ്രാ​യം. ഏറ്റവും പ്രധാ​ന​മാ​യി, അനബോ​ളിക്‌ സ്റ്റിറോ​യി​ഡു​കൾ പോലെ പെട്ടെ​ന്നുള്ള പ്രതി​വി​ധി​കൾ ഒഴിവാ​ക്കുക. സങ്കടക​ര​മെന്നു പറയട്ടെ, ഉത്തേജക മരുന്നു​ക​ളു​ടെ ദുരു​പ​യോ​ഗം കൗമാ​ര​പ്രാ​യ​ക്കാ​രായ ആൺകു​ട്ടി​കൾക്കി​ട​യിൽ മാത്രമല്ല കണ്ടുവ​രു​ന്നത്‌. ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു: “പെൺകു​ട്ടി​കൾക്കി​ട​യി​ലെ [സ്റ്റിറോ​യി​ഡു​ക​ളു​ടെ] വർധിച്ച ഉപയോ​ഗം, വ്യത്യ​സ്‌ത​മായ ഒരുതരം അനൊ​റെ​ക്‌സി​യ​യ്‌ക്ക്‌ കാരണ​മാ​യി​രി​ക്കു​ന്നു, 1980’കളിൽ ആൺകു​ട്ടി​കൾക്കി​ട​യിൽ കണ്ടെത്ത​പ്പെ​ട്ടി​രുന്ന അളവു​ക​ളിൽത്തന്നെ.” ഐക്യ​നാ​ടു​ക​ളിൽ 1,75,000 പെൺകു​ട്ടി​കൾ അനബോ​ളിക്‌ സ്റ്റിറോ​യി​ഡു​കൾ കഴിക്കു​ന്ന​താ​യി സമ്മതി​ക്കു​ന്നു. ഇത്തരം മരുന്നു​കൾ മുഖത്തെ അമിത​മായ രോമ​വ​ളർച്ച, ആർത്തവ​സം​ബ​ന്ധ​മായ ക്രമ​ക്കേ​ടു​കൾ, സ്‌തനാർബു​ദം, ധമനി​ക​ളി​ലു​ണ്ടാ​കുന്ന തടസ്സം, കരളിലെ അർബുദം പുരു​ഷ​ന്മാ​രി​ലെ പ്രോ​സ്റ്റേറ്റ്‌ ഗ്രന്ഥി​കൾക്കു​ണ്ടാ​കുന്ന അർബുദം എന്നിങ്ങ​നെ​യുള്ള പാർശ്വ​ഫ​ല​ങ്ങൾക്ക്‌ ഇടയാ​ക്കി​യേ​ക്കാ​മെന്നു പറയ​പ്പെ​ടു​ന്നു. ഒരു ഡോക്‌ട​റു​ടെ നിർദേ​ശ​പ്ര​കാ​ര​മ​ല്ലാ​തെ സ്റ്റിറോ​യി​ഡു​കൾ ഒരിക്ക​ലും കഴിക്ക​രുത്‌.

എളിമ​യും യാഥാർഥ്യ​ബോ​ധ​വും ഉള്ളവരാ​യി​രി​ക്കുക

‘ദൈവ​ത്തോ​ടൊ​പ്പം നടക്കു​ന്ന​തിൽ എളിമ’ പ്രകട​മാ​ക്കുക എന്ന്‌ ബൈബിൾ പറയുന്നു. (മീഖാ 6:8, NW) എളിമ ഉണ്ടായി​രി​ക്കു​ന്ന​തിൽ നമ്മുടെ പരിമി​തി​കളെ കുറിച്ച്‌ അവബോ​ധം ഉണ്ടായി​രി​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. നിങ്ങളു​ടെ ആകാരം സംബന്ധിച്ച്‌ യാഥാർഥ്യ​ബോ​ധം ഉണ്ടായി​രി​ക്കാൻ എളിമ സഹായി​ക്കും. സൗന്ദര്യ​മു​ള്ളവർ ആകാൻ ആഗ്രഹി​ക്കു​ന്നത്‌ തീർച്ച​യാ​യും തെറ്റല്ല. എന്നാൽ ആകാര​ത്തിന്‌ അമിത പ്രാധാ​ന്യം നൽകു​ന്നത്‌ ആർക്കും പ്രയോ​ജനം ചെയ്യില്ല, ചെയ്യു​മെ​ങ്കിൽത്തന്നെ അത്‌ ഫാഷൻ, ആഹാര​ക്രമ വ്യവസാ​യ​ങ്ങൾക്കു മാത്ര​മാ​യി​രി​ക്കും. എത്ര നല്ല ആഹാരം കഴിച്ചാ​ലും വ്യായാ​മം ചെയ്‌താ​ലും, ശരീര​സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തിൽ ഒന്നാം സ്ഥാനം നേടാൻ വേണ്ട കൃത്യ​മായ ജീനുകൾ ഒരു ശരാശരി പുരു​ഷന്റെ ശരീര​ത്തിൽ ഉണ്ടായി​രി​ക്കു​ക​യില്ല എന്ന്‌ ശരീരാ​രോ​ഗ്യ വിദഗ്‌ധർ പറയുന്നു. നിങ്ങൾ ഒരു പെൺകു​ട്ടി​യാ​ണെ​ങ്കിൽ എത്രതന്നെ ആഹാരം കഴിച്ചാ​ലും ഒരുപക്ഷേ നിങ്ങളു​ടെ തൂക്കം കൂടി​യെ​ന്നു​വ​രില്ല.

രസകര​മെ​ന്നു പറയട്ടെ, വസ്‌ത്ര​ധാ​ര​ണ​ത്തിന്‌ അൽപ്പം ശ്രദ്ധ നൽകു​ന്ന​പക്ഷം ശാരീ​രിക ന്യൂന​ത​ക​ളാ​യി നിങ്ങൾ വീക്ഷി​ക്കുന്ന പല കാര്യ​ങ്ങ​ളും പരിഹ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ആകാര​ത്തി​ലെ കുറവു​കൾ എടുത്തു​കാ​ണി​ക്കുന്ന തരത്തി​ലുള്ള വസ്‌ത്രങ്ങൾ ഒഴിവാ​ക്കുക. കടുത്ത നിറങ്ങൾ മെലി​ഞ്ഞ​വരെ കുറേ​ക്കൂ​ടെ മെലി​ഞ്ഞ​വ​രാ​യി തോന്നി​പ്പി​ക്കു​മെ​ന്ന​തി​നാൽ ഇളം നിറത്തി​ലുള്ള വസ്‌ത്രങ്ങൾ ധരിക്കാൻ ചിലർ നിർദേ​ശി​ക്കു​ന്നു.

ആകാര​ത്തെ​ക്കാൾ പ്രധാനം വ്യക്തി​ത്വ​മാണ്‌ എന്ന്‌ ഓർക്കുക. ഹൃദ്യ​മായ ഒരു പുഞ്ചിരി, ദയയോ​ടു കൂടിയ പെരു​മാ​റ്റം, ആകാര​സൗ​ഷ്‌ഠ​വ​ത്തെ​ക്കാ​ളും വസ്‌ത്ര​ധാ​ര​ണ​ത്തെ​ക്കാ​ളു​മൊ​ക്കെ നിങ്ങളെ ആകർഷ​ണീ​യ​രാ​ക്കു​ന്നത്‌ അതെല്ലാ​മാണ്‌. നിങ്ങളു​ടെ ആകാരത്തെ കുറിച്ച്‌ കൂട്ടു​കാർ നിരന്തരം കളിയാ​ക്കു​ന്നു​ണ്ടെ​ങ്കിൽ നിങ്ങളി​ലെ ആന്തരിക വ്യക്തിയെ—“ഹൃദയ​ത്തി​ന്റെ ഗൂഢമ​നു​ഷ്യൻ” എന്നു ബൈബിൾ വിളി​ക്കു​ന്ന​തി​നെ—വിലമ​തി​ക്കു​ന്ന​വരെ സുഹൃ​ത്തു​ക്ക​ളാ​ക്കാൻ ശ്രമി​ക്കുക. (1 പത്രൊസ്‌ 3:4) ഏറ്റവും പ്രധാ​ന​മാ​യി, “മനുഷ്യൻ കണ്ണിന്നു കാണു​ന്നതു നോക്കു​ന്നു; യഹോ​വ​യോ ഹൃദയത്തെ നോക്കു​ന്നു” എന്ന കാര്യം ഓർക്കുക.—1 ശമൂവേൽ 16:7.

[അടിക്കു​റി​പ്പു​കൾ]

a ഉണരുക!-യുടെ 1993 സെപ്‌റ്റം​ബർ 22 ലക്കത്തിലെ (ഇംഗ്ലീഷ്‌) “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ” എന്ന പരമ്പര​യി​ലെ “എന്റെ വളർച്ച സ്വാഭാ​വി​ക​മാ​ണോ?” എന്ന ലേഖനം കാണുക.

b 1999-ലെ ഏപ്രിൽ 22, മേയ്‌ 22 ലക്കങ്ങളി​ലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ” എന്ന പംക്തി​യി​ലെ “വണ്ണത്തെ​പ്പറ്റി എനിക്കി​ത്ര ഉത്‌കണ്‌ഠ എന്തു​കൊണ്ട്‌?,” “വണ്ണത്തെ കുറി​ച്ചുള്ള ഉത്‌കണ്‌ഠ എനിക്ക്‌ എങ്ങനെ ഇല്ലാതാ​ക്കാ​നാ​കും?” എന്നീ ലേഖനങ്ങൾ കാണുക.

[14-ാം പേജിലെ ചിത്രങ്ങൾ]

മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ ചില യുവ​പ്രാ​യ​ക്കാർ സ്വയം പഴിക്കു​ന്നു