വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ആത്മവിദ്യ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങൾ ആത്മവിദ്യ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

നിങ്ങൾത്മവിദ്യ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ആത്മവി​ദ്യ​യു​ടെ ചില രൂപങ്ങൾ നല്ല ആത്മാക്ക​ളു​മാ​യി സമ്പർക്കം പുലർത്തു​ന്ന​തി​നുള്ള മാർഗ​മാ​ണെന്നു നിങ്ങളെ പഠിപ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, ആത്മവി​ദ്യ​യെ​ക്കു​റി​ച്ചു ബൈബിൾ പറയു​ന്നതു മനസ്സി​ലാ​ക്കു​മ്പോൾ നിങ്ങൾ അതിശ​യി​ച്ചു​പോ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങളെ കുറിച്ച്‌ അത്‌ ഇങ്ങനെ പറയുന്നു: “നിങ്ങൾ മന്ത്രവാ​ദി​ക​ളെ​യും ശകുന​ക്കാ​രെ​യും സമീപിച്ച്‌ അശുദ്ധ​രാ​ക​രുത്‌.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.)—ലേവ്യ​പു​സ്‌തകം 19:31; 20:6, 27, പി.ഒ.സി. ബൈബിൾ.

ആത്മവിദ്യ ആചരി​ക്കു​ന്ന​വനെ ‘യഹോവ വെറു​ക്കു​ന്നു’ എന്നു ബൈബിൾ പറയുന്നു. (ആവർത്ത​ന​പു​സ്‌തകം 18:11, 12) എന്തു​കൊണ്ട്‌? ആത്മവി​ദ്യ​യു​ടെ ഒരു പ്രമുഖ വശത്തെ കുറിച്ച്‌—മരിച്ച​വ​രു​മാ​യി ആശയവി​നി​മയം നടത്തു​ന്നു​വെന്ന അവകാ​ശ​വാ​ദത്തെ കുറിച്ച്‌—ബൈബിൾ എന്തു പറയുന്നു എന്ന്‌ അടുത്തു പരി​ശോ​ധി​ക്കു​ന്നത്‌ ആ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്താൻ നമ്മെ സഹായി​ക്കും.

മരിച്ചവർ ജീവി​ച്ചി​രി​ക്കു​ന്നു​വോ?

അനേക​രും വിശ്വ​സി​ക്കു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, മനുഷ്യ​നു മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വ​രു​മാ​യി ആശയവി​നി​മയം നടത്താൻ കഴിയി​ല്ലെന്നു ദൈവ​വ​ച​ന​മായ ബൈബിൾ പഠിപ്പി​ക്കു​ന്നു. എന്തു​കൊണ്ട്‌? ശരി, മരിച്ചവർ യഥാർഥ​ത്തിൽ ജീവി​ച്ചി​രി​ക്കു​ന്നു​വെ​ങ്കിൽ മാത്രമേ ആർക്കെ​ങ്കി​ലും അവരു​മാ​യി സംസാ​രി​ക്കാൻ കഴിയൂ. അതിന്‌, മരണത്തെ അതിജീ​വി​ക്കുന്ന ഒരു ഭാഗം അവർക്ക്‌ ഉണ്ടായി​രു​ന്നേ തീരൂ. ശരീരം മരിക്കു​മ്പോൾ ആത്മാവ്‌ അതിജീ​വി​ക്കു​ന്നു എന്നു ചിലർ പറയുന്നു. എന്നാൽ അതു ശരിയാ​ണോ?

മനുഷ്യ​ന്റെ സൃഷ്ടി​യെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “യഹോ​വ​യായ ദൈവം നിലത്തെ പൊടി​കൊ​ണ്ടു മനുഷ്യ​നെ നിർമ്മി​ച്ചി​ട്ടു അവന്റെ മൂക്കിൽ ജീവശ്വാ​സം ഊതി, മനുഷ്യൻ ജീവനുള്ള ദേഹി​യാ​യി [“നെഫെഷ്‌,” വ്യക്തി] തീർന്നു.” (ഉല്‌പത്തി 2:7) മനുഷ്യന്‌ ഒരു ആത്മാവി​നെ നൽകി​യില്ല എന്നതു ശ്രദ്ധി​ക്കുക. മറിച്ച്‌ “ജീവശ്വാ​സം” അഥവാ ജീവശക്തി നിർജീ​വ​മായ ശരീര​ത്തി​ലേക്ക്‌ ഊതി​യ​പ്പോൾ അത്‌ നെഫെഷ്‌ അഥവാ ജീവനുള്ള വ്യക്തി​യാ​യി തീരു​ക​യാ​ണു​ണ്ടാ​യത്‌. വ്യക്തമാ​യും, ജീവനും ചിന്താ​പ്രാ​പ്‌തി​യും ഉണ്ടായി​രി​ക്കു​ന്ന​തിന്‌ മനുഷ്യന്‌ ഒരു ആത്മാവി​ന്റെ ആവശ്യ​മില്ല. തിരു​വെ​ഴു​ത്തു​കൾ ഇങ്ങനെ പറയുന്നു: “പാപം ചെയ്യുന്ന ദേഹി [“നെഫെഷ്‌”] മരിക്കും.” (യെഹെ​സ്‌കേൽ 18:4) “ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കും എന്നറി​യു​ന്നു; മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല.” മനുഷ്യ​ന്റെ പൊതു​ശ​വ​ക്കു​ഴി​യായ ഷീയോ​ളിൽ “പ്രവൃ​ത്തി​യോ സൂത്ര​മോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാ​പ്ര​സം​ഗി 9:5, 10.

അതു​കൊണ്ട്‌ ബൈബിൾ അനുസ​രിച്ച്‌, ജീവി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ മരിച്ച​വ​രു​മാ​യി ആശയവി​നി​മയം ചെയ്യാൻ സാധി​ക്ക​ത്ത​ക്ക​വി​ധം ശരീര​ത്തി​ന്റെ മരണത്തെ അതിജീ​വി​ക്കുന്ന യാതൊ​ന്നും മനുഷ്യ​നില്ല. ഈ നിഗമ​ന​ത്തിൽ എത്തിയ ബഹുമാ​ന്യ​രായ രണ്ടു ബൈബിൾ പണ്ഡിത​ന്മാ​രു​ടെ പ്രസ്‌താ​വ​നകൾ താഴെ കൊടു​ത്തി​രി​ക്കു​ന്നു. കനേഡി​യൻ ദൈവ​ശാ​സ്‌ത്ര​ജ്ഞ​നായ ക്ലാർക്ക്‌ എച്ച്‌. പിനൊക്ക്‌ പറഞ്ഞു: ‘[മനുഷ്യാ​ത്മാവ്‌ അമർത്യ​മാ​ണെന്ന] ഈ ആശയം ദീർഘ​കാ​ല​മാ​യി ദൈവ​ശാ​സ്‌ത്രത്തെ സ്വാധീ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അത്‌ ബൈബി​ള​ധി​ഷ്‌ഠി​ത​മായ ഒന്നല്ല. പ്രകൃ​ത്യാ ആത്മാവ്‌ അമർത്യ​മാ​ണെന്ന ആശയം ബൈബിൾ പഠിപ്പി​ക്കു​ന്നില്ല.’ സമാന​മാ​യി ബ്രിട്ടീഷ്‌ പണ്ഡിത​നായ ജോൺ ആർ. ഡബ്ല്യു. സ്റ്റൊട്ട്‌ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: ‘ആത്മാവ്‌ അമർത്യ​മാ​ണെ​ന്നും തന്മൂലം അതിനെ നശിപ്പി​ക്കാൻ കഴിയി​ല്ലെ​ന്നും ഉള്ളത്‌ ബൈബിൾപ​ര​മായ ഒരു പഠിപ്പി​ക്കലല്ല, മറിച്ച്‌ ഗ്രീക്കു പഠിപ്പി​ക്ക​ലാണ്‌.’

എന്നിരു​ന്നാ​ലും ആളുകൾക്ക്‌ മരിച്ച​വ​രിൽനി​ന്നു​ള്ളത്‌ എന്നു കരുത​പ്പെ​ടുന്ന സന്ദേശങ്ങൾ ലഭിക്കാ​റുണ്ട്‌; മരിച്ച​വ​രു​ടേ​തെന്നു തോന്നുന്ന ശബ്ദങ്ങൾ അവർ കേൾക്കു​ക​യും ചെയ്യാ​റുണ്ട്‌. അങ്ങനെ​യെ​ങ്കിൽ, ആരായി​രി​ക്കും ഇതിനു പിന്നിൽ പ്രവർത്തി​ക്കു​ന്നത്‌?

ആശയവി​നി​മയം ആരുമാ​യി?

ഒരു ഗാരു​ഢ​വി​ദ്യ​ക്കാ​രൻ ഒരു പാവയെ ഉപയോ​ഗി​ക്കു​ന്ന​തി​നോട്‌ ഏറെക്കു​റെ സമാന​മായ വിധത്തിൽ ഒരു അദൃശ്യ ആത്മവ്യക്തി ഒരു സർപ്പത്തെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ആദ്യ സ്‌ത്രീ​യായ ഹവ്വാ​യോ​ടു സംസാ​രി​ക്കു​ക​യും ദൈവ​ത്തോ​ടു മത്സരി​ക്കാൻ അവളെ പ്രേരി​പ്പി​ക്കു​ക​യും ചെയ്‌തു എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 3:1-5) ബൈബിൾ ഈ ആത്മവ്യ​ക്തി​യെ അഥവാ ദൂതനെ, ‘ഭൂതലത്തെ മുഴുവൻ തെറ്റി​ച്ചു​ക​ള​യുന്ന പിശാ​ചും സാത്താ​നും എന്ന മഹാസർപ്പ​മായ പഴയ പാമ്പ്‌’ എന്നു വിളി​ക്കു​ന്നു. (വെളി​പ്പാ​ടു 12:9) മറ്റു ദൂതന്മാ​രെ​യും മത്സരഗ​തി​യി​ലേക്കു വശീക​രി​ക്കു​ന്ന​തിൽ സാത്താൻ വിജയി​ച്ചു. (യൂദാ 6) ഈ ദുഷ്ടദൂ​ത​ന്മാ​രെ ഭൂതങ്ങൾ എന്നാണു വിളി​ക്കു​ന്നത്‌. അവർ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാണ്‌.

ഭൂതങ്ങൾക്കു മനുഷ്യ​നെ സ്വാധീ​നി​ക്കാ​നുള്ള ശക്തിയു​ണ്ടെന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു. (ലൂക്കൊസ്‌ 8:26-34) അതു​കൊണ്ട്‌ ആത്മവി​ദ്യ​യോ​ടു ബന്ധപ്പെട്ട പ്രവർത്ത​ന​ങ്ങളെ കുറിച്ച്‌ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണം ഇങ്ങനെ പറയു​ന്ന​തിൽ അതിശ​യ​മൊ​ന്നു​മില്ല: “വെളി​ച്ച​പ്പാട്‌, ക്ഷുദ്ര​ക്കാ​രൻ, മൃതസ​ന്ദേ​ശ​വി​ദ്യ​ക്കാ​രൻ എന്നിവ​രാ​രും നിങ്ങൾക്കി​ട​യിൽ ഉണ്ടായി​രി​ക്ക​രുത്‌. ഇത്തരക്കാർ കർത്താ​വി​നു നിന്ദ്യ​രാണ്‌.” (ആവർത്ത​ന​പു​സ്‌തകം 18:10-12, പി.ഒ.സി. ബൈ.) ഈ കൽപ്പന ലംഘി​ക്കു​ന്ന​തി​ന്റെ ഭവിഷ്യ​ത്തു​കൾ എന്തൊ​ക്കെ​യാണ്‌?

പുരാതന ഇസ്രാ​യേ​ലി​ലെ രാജാ​വാ​യി​രുന്ന ശൗലിന്റെ ജീവി​താ​നു​ഭവം ആ ചോദ്യ​ത്തി​നുള്ള ഉത്തരം നൽകുന്നു. തന്റെ ശത്രു​ക്കളെ ഭയപ്പെട്ട ശൗൽ രാജാവ്‌ ആത്മമധ്യ​വർത്തി​യായ ഒരു സ്‌ത്രീ​യു​ടെ അടുക്കൽ പോയി. മരിച്ചു​പോയ ശമൂവേൽ പ്രവാ​ച​ക​നു​മാ​യി സമ്പർക്കം പുലർത്താൻ രാജാവ്‌ അവളോട്‌ ആവശ്യ​പ്പെട്ടു. ആത്മമധ്യ​വർത്തി ഒരു വൃദ്ധനെ കാണു​ന്ന​താ​യി വർണി​ച്ച​പ്പോൾ ആ മായാ​രൂ​പം ശമൂ​വേ​ലാ​ണെന്ന്‌ ശൗൽ നിഗമനം ചെയ്‌തു. എന്തു സന്ദേശ​മാ​ണു ശൗലിനു ലഭിച്ചത്‌? ഇസ്രാ​യേ​ലി​നെ ശത്രുക്കൾ പരാജ​യ​പ്പെ​ടു​ത്തും; ശൗലും പുത്ര​ന്മാ​രും “ശമൂ​വേ​ലി​നോ​ടു” കൂടെ​യാ​കും, അതായത്‌ മരിക്കും. (1 ശമൂവേൽ 28:4-19) ഒരു ആത്മമധ്യ​വർത്തി​യോട്‌ ആലോചന ചോദി​ക്കാ​നുള്ള ശൗലിന്റെ തീരു​മാ​ന​ത്തോട്‌ ദൈവം എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌? തിരു​വെ​ഴു​ത്തു​കൾ ഇങ്ങനെ പറയുന്നു: “ശൌൽ യഹോ​വ​യോ​ടു ചെയ്‌ത അതി​ക്രമം ഹേതു​വാ​യും . . . വെളി​ച്ച​പ്പാ​ട​ത്തി​യോ​ടു അരുള​പ്പാ​ടു ചോദി​ച്ച​തി​നാ​ലും മരി​ക്കേ​ണ്ടി​വന്നു.” (1 ദിനവൃ​ത്താ​ന്തം 10:13) എത്ര വലിയ വിലയാണ്‌ അവൻ ഒടു​ക്കേണ്ടി വന്നത്‌!

സമാന​മാ​യി ഇന്നും ആത്മവി​ദ്യ​യിൽ ഏർപ്പെ​ടു​ന്നവർ തങ്ങളെ​ത്തന്നെ വളരെ വലിയ അപകട​ത്തിൽ ആക്കുക​യാണ്‌. ‘ക്ഷുദ്ര​ക്കാർക്ക്‌’ അഥവാ ആത്മവി​ദ്യ​യിൽ ഏർപ്പെ​ടു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കു​മെന്ന്‌ ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. അവരെ “രണ്ടാമത്തെ [നിത്യ] മരണം” ആണ്‌ കാത്തി​രി​ക്കു​ന്നത്‌. (വെളി​പ്പാ​ടു 21:8; 22:15) അതു​കൊണ്ട്‌ വ്യക്തമാ​യും, ആത്മവി​ദ്യ​യു​ടെ എല്ലാ രൂപങ്ങ​ളും ഒഴിവാ​ക്കുക എന്നതാണ്‌ ജ്ഞാനപൂർവ​ക​വും ജീവര​ക്ഷാ​ക​ര​വു​മായ ഗതി.

ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കേണ്ട വിധം

നിങ്ങൾ ഇപ്പോൾത്തന്നെ ആത്മവി​ദ്യ​യിൽ ഉൾപ്പെട്ടു പോയി​ട്ടു​ണ്ടെ​ങ്കിൽ എന്തു ചെയ്യാൻ കഴിയും? അങ്ങനെ​യെ​ങ്കിൽ നിങ്ങ​ളെ​യും നിങ്ങളു​ടെ കുടും​ബ​ത്തെ​യും ദുഷ്ടാ​ത്മാ​ക്ക​ളു​ടെ ഉപദ്ര​വ​ത്തിൽനിന്ന്‌ രക്ഷിക്കാൻ ആവശ്യ​മായ നടപടി​കൾ ഉടനടി സ്വീക​രി​ക്കുക. എന്തു നടപടി​കൾ? ഒരു ദൃഷ്ടാന്തം പരിചി​ന്തി​ക്കുക: ഒരു വ്യക്തി എങ്ങനെ​യാണ്‌ തന്റെ വീടി​നെ​യും വീട്ടി​ലു​ള്ള​വ​രെ​യും കീടങ്ങ​ളു​ടെ ഉപദ്ര​വ​ത്തിൽനി​ന്നു സംരക്ഷി​ക്കു​ന്നത്‌? ആദ്യം​തന്നെ കീടങ്ങളെ വീട്ടിൽനി​ന്നു പൂർണ​മാ​യി നീക്കം ചെയ്‌തെന്ന്‌ അദ്ദേഹം ഉറപ്പു​വ​രു​ത്തും. അതോ​ടൊ​പ്പം അവയെ ആകർഷി​ക്കുന്ന സകലതും വീട്ടിൽനി​ന്നു നീക്കം ചെയ്യാ​നും അദ്ദേഹം ശ്രദ്ധി​ക്കും. കൂടാതെ കീടങ്ങൾ അകത്തു കടക്കാ​തി​രി​ക്കാ​നാ​യി ഭിത്തി​യി​ലെ വിള്ളലു​കൾ അടയ്‌ക്കും. ഇതെല്ലാം ചെയ്‌തി​ട്ടും കീടശ​ല്യം അവസാ​നി​ക്കു​ന്നി​ല്ലെ​ങ്കിൽ അദ്ദേഹം പ്രാ​ദേ​ശിക അധികാ​രി​ക​ളു​ടെ സഹായം അഭ്യർഥി​ച്ചേ​ക്കാം.

ദുഷ്ടാ​ത്മാ​ക്ക​ളെ ചെറു​ത്തു​നിൽക്കാ​നും അവയുടെ ബന്ധനത്തിൽനി​ന്നു മോചി​ത​രാ​കാ​നും സമാന​മാ​യൊ​രു സമീപനം നിങ്ങളെ സഹായി​ക്കും. ക്രിസ്‌ത്യാ​നി​കൾ ആയിത്തീ​രു​ന്ന​തി​നു​മുമ്പ്‌ ആത്മവിദ്യ ആചരി​ച്ചി​രുന്ന ഒന്നാം നൂറ്റാ​ണ്ടി​ലെ എഫെസ്യ ക്രിസ്‌ത്യാ​നി​ക​ളു​ടെ ദൃഷ്ടാന്തം പരിചി​ന്തി​ക്കുക. ആത്മവിദ്യ ഉപേക്ഷി​ക്കാ​നുള്ള തീരു​മാ​നം എടുത്ത ശേഷം, ദുഷ്ടാ​ത്മാ​ക്ക​ളു​ടെ കീടസ​മാ​ന​മായ ഉപദ്ര​വ​ങ്ങ​ളിൽനി​ന്നു തങ്ങളെ​ത്തന്നെ സംരക്ഷി​ക്കു​ന്ന​തിന്‌ അവർ മൂന്നു നടപടി​കൾ കൈ​ക്കൊ​ണ്ടു. അവർ എന്താണു ചെയ്‌തത്‌?

ആദ്യ പടി

ബൈബിൾ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ക്ഷുദ്ര​പ്ര​യോ​ഗം ചെയ്‌തി​രുന്ന പലരും തങ്ങളുടെ പുസ്‌ത​ക​ങ്ങളെ കൊണ്ടു​വന്നു എല്ലാവ​രും കാൺകെ ചുട്ടു​ക​ളഞ്ഞു.” (പ്രവൃ​ത്തി​കൾ 19:19) ഭാവി​ക​ഥ​ന​വി​ദ്യ​യു​മാ​യി ബന്ധപ്പെട്ട തങ്ങളുടെ പുസ്‌ത​കങ്ങൾ എല്ലാം നശിപ്പി​ച്ചു​കൊണ്ട്‌ ആ പുതു​വി​ശ്വാ​സി​കൾ ഇന്ന്‌ ദുഷ്ടാ​ത്മാ​ക്കളെ ചെറു​ക്കാൻ ആഗ്രഹി​ക്കുന്ന ഏവർക്കും ഒരു നല്ല മാതൃക വെച്ചു. അതേ, ആത്മവി​ദ്യ​യു​മാ​യി ബന്ധമുള്ള എല്ലാ വസ്‌തു​ക്ക​ളും നശിപ്പി​ക്കുക. ആത്മവി​ദ്യ​യു​മാ​യി ഏതെങ്കി​ലും തരത്തിൽ ബന്ധമുള്ള പുസ്‌ത​കങ്ങൾ, മാസി​കകൾ, കോമിക്‌ പുസ്‌ത​കങ്ങൾ, വീഡി​യോ കാസെ​റ്റു​കൾ, പോസ്റ്റ​റു​കൾ, ഇലക്‌​ട്രോ​ണിക്‌ മാധ്യ​മ​ങ്ങ​ളിൽ കൂടി ലഭിക്കുന്ന വിവരങ്ങൾ, സംഗീത കാസെ​റ്റു​കൾ ഒക്കെ ഇതിൽ പെടുന്നു. ഏലസ്സുകൾ “സംരക്ഷ​ണ​ത്തി​നാ​യി” ധരിക്കുന്ന മറ്റു വസ്‌തു​ക്കൾ എന്നിവ​യു​ടെ കാര്യ​ത്തി​ലും ഇതുതന്നെ ചെയ്യേ​ണ്ട​താണ്‌.—ആവർത്ത​ന​പു​സ്‌തകം 7:25, 26; 1 കൊരി​ന്ത്യർ 10:21.

പതിറ്റാ​ണ്ടു​ക​ളാ​യി ആത്മവി​ദ്യ​യിൽ ആഴമായി ഉൾപ്പെ​ട്ടി​രുന്ന തെക്കേ അമേരി​ക്ക​യി​ലെ ഒരു വ്യക്തി ഈ തിരു​വെ​ഴുത്ത്‌ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കി. അദ്ദേഹം ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട്‌ എന്റെ കൈയിൽ ഉണ്ടായി​രുന്ന സകലതും ഒരു ദിവസം ഞാൻ എന്റെ വീടിനു മുന്നിൽ കൂട്ടി​യി​ട്ടു. എന്നിട്ട്‌ ഒരു കോടാ​ലി എടുത്ത്‌ അവ വെട്ടി​നു​റു​ക്കി.” എന്നിട്ട്‌ അദ്ദേഹം അവ കത്തിച്ചു, അവ പൂർണ​മാ​യി നശിക്കു​ന്ന​തു​വരെ. അതിനു​ശേഷം അദ്ദേഹം നല്ല ആത്മീയ പുരോ​ഗതി കൈവ​രി​ക്കു​ക​യും ഏറെത്താ​മ​സി​യാ​തെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സഭയിൽ തീക്ഷ്‌ണ​ത​യുള്ള ഒരു ശുശ്രൂ​ഷ​ക​നാ​യി​ത്തീ​രു​ക​യും ചെയ്‌തു.

എന്നാൽ, ഈ ആദ്യപടി എടുത്ത​തു​കൊ​ണ്ടു മാത്ര​മാ​യില്ല. എന്തു​കൊണ്ട്‌? എഫെ​സൊ​സി​ലെ ക്രിസ്‌ത്യാ​നി​കൾ ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട തങ്ങളുടെ പുസ്‌ത​കങ്ങൾ നശിപ്പിച്ച്‌ ഏതാനും വർഷങ്ങൾക്കു ശേഷവും പൗലൊസ്‌ അവർക്ക്‌ എഴുതി: ‘നമുക്കു പോരാ​ട്ടം ഉള്ളതു . . . സ്വർല്ലോ​ക​ങ്ങ​ളി​ലെ ദുഷ്ടാ​ത്മ​സേ​ന​യോട്‌ അത്രേ.’ (എഫെസ്യർ 6:12) ഭൂതങ്ങൾ തങ്ങളുടെ ശ്രമങ്ങൾ ഉപേക്ഷി​ച്ചി​രു​ന്നില്ല. അവർ അപ്പോ​ഴും ആധിപ​ത്യ​ത്തി​നാ​യി പോരാ​ടു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ ക്രിസ്‌ത്യാ​നി​കൾ മറ്റെന്തു​കൂ​ടെ ചെയ്യേ​ണ്ടത്‌ ഉണ്ടായി​രു​ന്നു?

രണ്ടാമത്തെ പടി

ഒന്നാം നൂറ്റാ​ണ്ടി​ലെ എഫെസ്യ ക്രിസ്‌ത്യാ​നി​കളെ പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ച്ചു: “പിശാ​ചി​ന്റെ തന്ത്രങ്ങ​ളോ​ടു എതിർത്തു​നി​ല്‌പാൻ കഴി​യേ​ണ്ട​തി​ന്നു ദൈവ​ത്തി​ന്റെ സർവ്വാ​യു​ധ​വർഗ്ഗം ധരിച്ചു​കൊൾവിൻ.” (എഫെസ്യർ 6:11) ആ ബുദ്ധി​യു​പ​ദേശം ഇന്നും ബാധക​മാണ്‌. തന്റെ വീട്‌ കീടവി​മു​ക്ത​മാ​ക്കി നിലനി​റു​ത്താൻ ശ്രമി​ക്കുന്ന ഒരു വ്യക്തിയെ പോലെ ദുഷ്ടാ​ത്മാ​ക്ക​ളു​ടെ പിടി​യിൽ അകപ്പെ​ടാ​തി​രി​ക്കാ​നാ​യി ക്രിസ്‌ത്യാ​നി​കൾ ഭിത്തി സമാന​മായ തങ്ങളുടെ പ്രതി​രോ​ധത്തെ ശക്തമാക്കി നിലനി​റു​ത്തേ​ണ്ട​തുണ്ട്‌. രണ്ടാമത്തെ ഈ പടിയിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താണ്‌?

പൗലൊസ്‌ ഇങ്ങനെ ഊന്നി​പ്പ​റഞ്ഞു, “എല്ലാറ്റി​ന്നും മീതെ ദുഷ്ടന്റെ തീയമ്പു​ക​ളെ​യൊ​ക്കെ​യും കെടു​ക്കു​വാ​ന്ത​ക്ക​തായ വിശ്വാ​സം എന്ന പരിച എടുത്തു​കൊ​ണ്ടും നില്‌പിൻ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നതു ഞങ്ങൾ.) (എഫെസ്യർ 6:16) ഈ പരിച അത്യന്താ​പേ​ക്ഷി​ത​മാണ്‌. നിങ്ങളു​ടെ വിശ്വാ​സം എത്ര ശക്തമാ​ണോ അത്ര വലുതാ​യി​രി​ക്കും ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാ​നുള്ള നിങ്ങളു​ടെ പ്രാപ്‌തി.—മത്തായി 17:20.

നിങ്ങൾക്ക്‌ എങ്ങനെ നിങ്ങളു​ടെ പ്രതി​രോ​ധത്തെ ശക്തമാ​ക്കാൻ കഴിയും? ബൈബിൾ പഠനം തുടരു​ന്ന​തി​നാൽ. ബൈബിൾ പഠനം എങ്ങനെ​യാ​ണു വിശ്വാ​സ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌? ശരി, ഒരു മതിലി​ന്റെ ബലം ഏറെയും അതിന്റെ അടിത്ത​റ​യു​ടെ ഉറപ്പിനെ ആശ്രയി​ച്ചി​രി​ക്കു​ന്നതു പോലെ ഒരുവന്റെ വിശ്വാ​സ​ത്തി​ന്റെ ബലവും വലിയ ഒരളവു​വരെ അതിന്റെ അടിത്ത​റ​യു​ടെ ഉറപ്പിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. ആ അടിത്തറ എന്താണ്‌?

ദൈവ​വ​ച​ന​ത്തി​ന്റെ സൂക്ഷ്‌മ പരിജ്ഞാ​നം. പൗലൊസ്‌ അപ്പൊ​സ്‌തലൻ വിശദീ​ക​രി​ക്കു​ന്നു: “വിശ്വാ​സം കേൾവി​യാ​ലും കേൾവി ക്രിസ്‌തു​വി​ന്റെ വചനത്താ​ലും വരുന്നു.” (റോമർ 10:17) യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാ​ളോ​ടൊ​പ്പം സൗജന്യ​മാ​യി ബൈബിൾ പഠിക്കാ​നുള്ള ക്രമീ​ക​രണം ചെയ്യാൻ—നിങ്ങൾക്കു സൗകര്യ​പ്ര​ദ​മായ ഒരു സ്ഥലത്തും സമയത്തും—നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. അത്തര​മൊ​രു പഠനം നിങ്ങളു​ടെ വിശ്വാ​സത്തെ ശക്തീക​രി​ക്കും. (റോമർ 1:11, 12; കൊ​ലൊ​സ്സ്യർ 2:6, 7) അതിന്റെ ഫലം എന്തായി​രി​ക്കും? അധികം താമസി​യാ​തെ നിങ്ങളു​ടെ വിശ്വാ​സം ദുഷ്ടാത്മ സ്വാധീ​നത്തെ ചെറു​ക്കുന്ന ഒരു പരിച പോലെ ആയിത്തീ​രും.—സങ്കീർത്തനം 91:4; 1 യോഹ​ന്നാൻ 5:5.

ഇനി, എഫെ​സൊ​സി​ലെ ക്രിസ്‌ത്യാ​നി​കൾ എടു​ക്കേ​ണ്ടി​യി​രുന്ന മൂന്നാ​മത്തെ പടി എന്തായി​രു​ന്നെന്നു നോക്കാം.

മൂന്നാ​മത്തെ പടി

എഫെ​സൊ​സി​ലെ പുതു​വി​ശ്വാ​സി​കൾ ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കാൻ ആവശ്യ​മായ നടപടി​കൾ സ്വീക​രി​ച്ചി​രു​ന്നു. എന്നാൽ അവർ അപ്പോ​ഴും ഭൂതസ്വാ​ധീ​നം അതിശ​ക്ത​മാ​യി​രുന്ന ഒരു നഗരത്തി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. അവർക്കു കൂടു​ത​ലായ സംരക്ഷണം ആവശ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ തന്റെ സഹവി​ശ്വാ​സി​കൾക്ക്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ എഴുതി: ‘സകല​പ്രാർത്ഥ​ന​യാ​ലും യാചന​യാ​ലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥി​ച്ചും അതിന്നാ​യി ജാഗരി​ച്ചും​കൊ​ണ്ടു സകലവി​ശു​ദ്ധ​ന്മാർക്കും വേണ്ടി പ്രാർത്ഥ​ന​യിൽ പൂർണ്ണ​സ്ഥി​രത കാണി​പ്പിൻ.’—എഫെസ്യർ 6:18.

യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തി​നാ​യി നിരന്തരം തീവ്ര​മാ​യി പ്രാർഥി​ക്കു​ന്നത്‌ ദുഷ്ടാ​ത്മാ​ക്ക​ളിൽനി​ന്നുള്ള സംരക്ഷ​ണ​ത്തി​നാ​യി കൈ​ക്കൊ​ള്ളേണ്ട ഒരു സുപ്ര​ധാന നടപടി ആയിരു​ന്നു. ഇന്നും അതിൽ യാതൊ​രു മാറ്റവും വന്നിട്ടില്ല. തന്റെ ദൂതന്മാ​രു​ടെ കാവൽ ഉൾപ്പെ​ടെ​യുള്ള സംരക്ഷണം നൽകി യഹോവ അത്തരം ഹൃദയം​ഗ​മ​മായ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകും എന്നറി​യു​ന്നത്‌ ആശ്വാ​സ​പ്ര​ദ​മാണ്‌. (സങ്കീർത്തനം 34:7; 91:2, 3, 11, 14; 145:19) അതു​കൊണ്ട്‌ “ദുഷ്ടങ്കൽനി​ന്നു ഞങ്ങളെ വിടു​വി​ക്കേ​ണമേ” എന്നു ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​തിൽ തുട​രേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌.—മത്തായി 6:13; 1 യോഹ​ന്നാൻ 5:18, 19.

ബ്രസീ​ലി​ലെ ഒരു മുൻ ആത്മമധ്യ​വർത്തി​യായ അന്റോ​ണ്യൂ പ്രാർഥ​ന​യു​ടെ മൂല്യം തിരി​ച്ച​റി​ഞ്ഞു. ബൈബിൾ പഠനത്തിൽനിന്ന്‌ ദൈവ​ത്തി​ന്റെ പേര്‌ യഹോ​വ​യാ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ ആത്മവി​ദ്യ​യിൽനി​ന്നു പുറത്തു കടക്കാൻ തന്നെ സഹായി​ക്ക​ണമേ എന്ന്‌ അദ്ദേഹം യഹോ​വ​യാം ദൈവ​ത്തോ​ടു തീവ്ര​മാ​യി പ്രാർഥി​ക്കാൻ തുടങ്ങി. ആ സമയത്തെ കുറിച്ച്‌ അദ്ദേഹം പറയുന്നു: “കഴിഞ്ഞ​കാ​ലത്ത്‌ ദുഷ്ടാ​ത്മാ​ക്ക​ളു​ടെ അടിമ​ക​ളാ​യി​രുന്ന എന്നെയും മറ്റനേ​ക​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം യഹോ​വ​യോ​ടുള്ള പ്രാർഥന യഥാർഥ സംരക്ഷ​ണ​മാണ്‌ എന്നു തെളി​ഞ്ഞി​രി​ക്കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 18:10.

നിങ്ങൾക്കു വിജയി​ക്കാൻ കഴിയും

യഹോ​വയെ അറിഞ്ഞ​ശേഷം അവനിൽ പൂർണ​മാ​യി ആശ്രയി​ക്കു​ക​യും അവന്റെ അധികാ​ര​ത്തി​നു കീഴ്‌പെ​ടു​ക​യും അവന്റെ കൽപ്പനകൾ അനുസ​രി​ക്കു​ക​യും ചെയ്യേ​ണ്ടതു മർമ​പ്ര​ധാ​ന​മാണ്‌. ഇങ്ങനെ ചെയ്യു​ക​യാ​ണെ​ങ്കിൽ അവന്റെ വ്യക്തി​പ​ര​മായ നാമം ഉപയോ​ഗിച്ച്‌ നിങ്ങൾ അവനോ​ടു സഹായ​ത്തി​നാ​യി വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ അവൻ തീർച്ച​യാ​യും നിങ്ങളെ സംരക്ഷി​ക്കും. അന്റോ​ണ്യൂ ആ സംരക്ഷണം അനുഭ​വി​ച്ച​റി​ഞ്ഞു. ഇന്ന്‌ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാവൊ പൗലൊ​യി​ലുള്ള ഒരു സഭയിൽ മൂപ്പനാ​യി സേവി​ക്കു​ന്നു. തന്നെ സ്വത​ന്ത്ര​നാ​ക്കിയ സത്യം കണ്ടെത്താൻ കഴിഞ്ഞ​തിൽ അദ്ദേഹം കൃതജ്ഞ​ത​യു​ള്ള​വ​നാണ്‌.—യോഹ​ന്നാൻ 8:32.

അന്റോ​ണ്യൂ​വി​നെ​പോ​ലെ മുമ്പ്‌ ആത്മവി​ദ്യ​യിൽ ഏർപ്പെ​ട്ടി​രുന്ന ആയിരങ്ങൾ ഇന്ന്‌ യഹോ​വയെ സേവി​ക്കു​ന്നു. നിങ്ങൾക്കും ആത്മവി​ദ്യ​യിൽനിന്ന്‌ പുറത്തു​ക​ട​ക്കു​ന്ന​തിൽ വിജയി​ക്കാൻ കഴിയും. അതു​കൊണ്ട്‌ ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട വസ്‌തു​ക്കൾ നീക്കം ചെയ്യുക, ബൈബിൾ പഠനത്തി​ലൂ​ടെ നിങ്ങളു​ടെ വിശ്വാ​സം ശക്തീക​രി​ക്കുക, യഹോ​വ​യു​ടെ സംരക്ഷ​ണ​ത്തി​നാ​യി പ്രാർഥി​ക്കുക. നിങ്ങളു​ടെ ജീവൻ അതിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌!

[5-ാം പേജിലെ ആകർഷക വാക്യം]

ജീവിച്ചിരിക്കുന്നവർക്ക്‌ മരിച്ച​വ​രു​മാ​യി ആശയവി​നി​മയം നടത്താൻ കഴിയി​ല്ലെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നു

[6-ാം പേജിലെ ചിത്രങ്ങൾ]

1. ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട എല്ലാ വസ്‌തു​ക്ക​ളും നശിപ്പി​ക്കു​ക

[7-ാം പേജിലെ ചിത്രങ്ങൾ]

2. ബൈബിൾ പഠനം തുടരുക

[8-ാം പേജിലെ ചിത്രങ്ങൾ]

3. നിരന്തരം തീവ്ര​മാ​യി പ്രാർഥി​ക്കു​ക