ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ആഗോള വികലപോഷണം—പുതുപുത്തൻ വാർത്തകൾ
“എല്ലാ രാഷ്ട്രങ്ങളിലെയും പകുതിയോളം ആളുകൾ—സമ്പന്നരും ദരിദ്രരും—ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള വികല പോഷണം അനുഭവിക്കുന്നവരാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കണക്കാക്കുന്ന”തായി ലോകാവസ്ഥ 2000 (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്യുന്നു. ലോകമെമ്പാടുമായി 120 കോടി ആളുകൾ വികലപോഷണം അനുഭവിക്കുന്നുണ്ടെന്നാണു കണക്ക്. ഇതിനു പുറമേ, വേറെ ശതകോടികൾ ‘ഗുപ്തമായ വികലപോഷണം’ അനുഭവിക്കുന്നതായി പറയപ്പെടുന്നു. വയറു നിറയെ ആഹാരം കഴിക്കുന്നുണ്ടെങ്കിലും ശരീരത്തിന് അനിവാര്യമായ ജീവകങ്ങളും ധാതുക്കളും ലഭിക്കാത്തവരാണ് ഇക്കൂട്ടർ. ലോകാവസ്ഥ എന്ന വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്രകാരം പറയുന്നു: “ആളുകൾ വികലപോഷണം അനുഭവിക്കുന്നത് ഭക്ഷ്യക്ഷാമംകൊണ്ടാണ് എന്ന തെറ്റിദ്ധാരണ ഇന്ന് ആളുകൾക്കിടയിലുണ്ട്. . . . എന്നാൽ വികലപോഷണം മാനുഷിക തിരഞ്ഞെടുപ്പുകളുടെ ഫലമാണ് എന്നതാണ് വാസ്തവം . . . ആളുകൾക്ക് സാമാന്യം ഭേദപ്പെട്ട ഉപജീവന മാർഗമുണ്ടോ, സ്ത്രീകൾക്ക് സമൂഹത്തിൽ എങ്ങനെയുള്ള സ്ഥാനമാണ് ഉള്ളത്, ഗവൺമെന്റ്
ആളുകളുടെ കാര്യങ്ങളിൽ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കുന്നുണ്ടോ—ഇവയാണ് ഒരു രാജ്യത്തിന്റെ കാർഷിക ശേഷിയെക്കാളധികം ആ രാജ്യത്തെ ആളുകൾക്ക് വേണ്ടത്ര ആഹാരം കിട്ടുന്നുണ്ടോ ഇല്ലയോ എന്നു നിർണയിക്കുന്ന ഘടകങ്ങൾ.”
ഭാരിച്ച ചുമടും മുതുകിലേറ്റി . . .
കുട്ടികളുടെ മുതുകിനും തോളിനും ഉണ്ടാകുന്ന വേദനയും അവർ മുതുകത്ത് ചുമന്നുകൊണ്ടു നടക്കുന്ന ഭാരിച്ച ചുമടും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ‘അസ്ഥിശസ്ത്രക്രിയാ വിദഗ്ധരുടെ അമേരിക്കൻ അക്കാദമി’ നടത്തിയ ഒരു പഠനം തെളിയിച്ചിരിക്കുന്നു. പാഠപുസ്തകങ്ങളും ഭക്ഷണപാനീയങ്ങളും സംഗീതോപകരണങ്ങളും മാറാനുള്ള വസ്ത്രവും കുത്തിനിറച്ചു കഴിയുമ്പോഴേക്കും ചില കുട്ടികളുടെ ബാഗിന് 18 കിലോ വരെ തൂക്കം വരും. എന്നും ഇത്രയും ഭാരവും മുതുകിലേറ്റി സ്കൂളിൽ പോകുന്നത് പ്രാഥമിക വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ മുതുകിന്—നട്ടെല്ലു വളയുന്നതുപോലുള്ള—ഗുരുതരമായ പല പ്രശ്നങ്ങളും സൃഷ്ടിക്കും എന്ന് ബാലചികിത്സാവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. വിദ്യാർഥികൾ മുതുകത്തു ചുമന്നുകൊണ്ടുനടക്കുന്ന ബാഗിന് അവരുടെ ശരീരഭാരത്തിന്റെ 20 ശതമാനത്തിലധികം ഭാരം വരാൻ പാടില്ലെന്നും അല്ലാത്തപക്ഷം “ചക്രങ്ങൾ ഘടിപ്പിച്ച” ബാഗ് ഉപയോഗിക്കുകയോ “ബെൽറ്റുകൾ ഉപയോഗിച്ച് [ബാഗ്] ഇടുപ്പുകളുമായി ബന്ധിപ്പിക്കുകയോ [ബാഗിന്റെ] പിൻഭാഗത്ത് പാഡു ഘടിപ്പിക്കുകയോ” ചെയ്യണമെന്നും ചില വിദഗ്ധർ പ്രിൻസിപ്പൽമാരോടും അധ്യാപകരോടും നിർദേശിക്കുന്നതായി മെക്സിക്കോ സിറ്റിയിലെ വർത്തമാനപത്രമായ എക്സെൽസ്യോർ റിപ്പോർട്ടു ചെയ്യുന്നു.
ഓമന മൃഗങ്ങൾ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിൽ
ലോകത്തിലെ ഓമനിച്ചു വളർത്തപ്പെടുന്ന 50 കോടി ജീവികളിൽ ഏതാണ്ട് 40 ശതമാനവും ഐക്യനാടുകളിലാണ് ഉള്ളത്. “അവിടത്തെ പൂച്ചകളുടെ എണ്ണം 7 കോടിയും നായ്ക്കളുടെ എണ്ണം 5.6 കോടിയും പക്ഷികളുടെ എണ്ണം 4 കോടിയും മത്സ്യങ്ങളുടെ എണ്ണം 10 കോടിയും ഹാംസ്റ്ററുകളുടെയും മറ്റു ചെറിയ സസ്തനികളുടെയും എണ്ണം 1.3 കോടിയും ഇഴജന്തുക്കളുടെ എണ്ണം 80 ലക്ഷവും ആണ്. ഇവയിൽ ഒന്നിനെയെങ്കിലും ഓമനിച്ചു വളർത്തുന്നവയാണ് അവിടത്തെ 60 ശതമാനത്തോളം കുടുംബങ്ങളും” നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ടു ചെയ്യുന്നു. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ബ്രിട്ടനാണ്, ബ്രിട്ടീഷുകാർക്ക് ഏറ്റവും പ്രിയം പൂച്ചകളോടും നായ്ക്കളോടുമാണ്. “എന്നാൽ 2.1 കോടി മത്സ്യങ്ങളെയാണ് ഫ്രാൻസുകാർ ഓമനിച്ചു വളർത്തുന്നത്. ഇത് പൂച്ചകളുടെയും നായ്ക്കളുടെയും എണ്ണം കൂട്ടിയാലുള്ളതിലും അധികമാണ്,” ആ മാഗസിൻ പറയുന്നു.
ജപ്പാനിൽ സാക്ഷികൾക്ക് അനുകൂലമായ കോടതി വിധി
“രോഗി മരിക്കാനിടയായാൽ പോലും രക്തം കുത്തിവെക്കില്ലെന്ന തങ്ങളുടെ വാഗ്ദാനം ലംഘിച്ചുകൊണ്ട് ഓപ്പറേഷൻ സമയത്ത് രക്തം കുത്തിവെച്ചപ്പോൾ ശസ്ത്രക്രിയാവിദഗ്ധർ സ്വയം തീരുമാനമെടുക്കാനുള്ള ആ രോഗിയുടെ അവകാശത്തെ ലംഘിക്കുകയാണു ചെയ്തത്” എന്ന് ജപ്പാനിലെ സുപ്രീംകോടതി വിധിച്ചതായി ഡെയ്ലി യോമിയൂരി എന്ന പത്രം പ്രസ്താവിക്കുന്നു. അത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “തന്റെ ചികിത്സ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള ഒരു രോഗിയുടെ അവകാശം ഒരു മനുഷ്യാവകാശമാണെന്ന് സുപ്രീംകോടതി വിധിക്കുന്നത് ഇതാദ്യമായിട്ടാണ്.” യഹോവയുടെ സാക്ഷികളിലൊരാളായ മിസായെ റ്റാകെഡായ്ക്ക് രക്തം നൽകിയത് 1992-ലാണ്. കരളിലുണ്ടായ മാരകമായ ഒരു മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണു സംഭവം, മിസായെ അപ്പോഴും മയക്കത്തിലായിരുന്നു. ഓപ്പറേഷൻ സമയത്ത് വേണ്ടിവന്നാൽ രക്തപ്പകർച്ച നടത്തുമെന്ന് രോഗിയെ അറിയിക്കാഞ്ഞതുകൊണ്ട് ഡോക്ടർമാർ കുറ്റക്കാരാണെന്ന് സുപ്രീംകോടതിയിലെ നാലു ജഡ്ജിമാർ ഐകകണ്ഠ്യേന തീർപ്പു കൽപ്പിച്ചു. കാരണം അങ്ങനെ ചെയ്യുകവഴി ഓപ്പറേഷനു വിധേയയാകണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവളുടെ അവകാശം അവർ നിഷേധിക്കുകയാണു ചെയ്തത്. 2000 ഫെബ്രുവരി 29-ലെ ഉത്തരവ് ഇങ്ങനെയായിരുന്നു: “തന്റെ മതവിശ്വാസങ്ങൾ നിമിത്തം ഒരു രോഗി രക്തപ്പകർച്ചയ്ക്കു വിധേയനാകാൻ/വിധേയയാകാൻ വിസമ്മതിക്കുമ്പോൾ ആ തീരുമാനത്തെ മാനിക്കേണ്ടതുണ്ട്.” 1997-ൽ മിസായെ മരണമടഞ്ഞതിനു ശേഷവും ബന്ധുക്കൾ കേസ് തുടർന്നുകൊണ്ടുപോയിരുന്നു.—കൂടുതൽ വിവരങ്ങൾക്ക് 1998 ഡിസംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-9 പേജുകൾ കാണുക.
വൈദികരെ കിട്ടാനില്ല
മുമ്പ് ഐക്യനാടുകളിലെ ഗ്രാമപ്രദേശങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന “വൈദിക ക്ഷാമം” ഇപ്പോൾ വൻ നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഒരു റബ്ബിയെ കിട്ടാനായി മൂന്നു വർഷത്തിലധികമായി ശ്രമം നടത്തി പരാജയപ്പെട്ടിരിക്കുന്ന, 110 വർഷം പഴക്കമുള്ള ഒരു സിനഗോഗിന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ആ ലേഖനം ഇങ്ങനെ പ്രസ്താവിക്കുന്നു: “പുരോഹിതന്മാരെ കിട്ടാനില്ലാതെ വിഷമിക്കുന്നത് സിനഗോഗുകൾ മാത്രമല്ല, അത് റോമൻ കത്തോലിക്കാ സഭകളുടെയും പ്രോട്ടസ്റ്റന്റ് സഭകളുടെയും കൂടെ പ്രശ്നമാണ്.” 1992 മുതൽ 1997 വരെയുള്ള കാലഘട്ടം കൊണ്ട് ഇടവക പുരോഹിതന്മാരുടെ എണ്ണം 12 ശതമാനം കുറഞ്ഞു. എപ്പിസ്കോപ്പൽ സഭയുടെ ഒരു വക്താവ് തങ്ങളുടെ അവസ്ഥയെ അങ്ങേയറ്റം ഗുരുതരം എന്നാണു വിശേഷിപ്പിക്കുന്നത്. അവരുടെ 15,000 വൈദികാംഗങ്ങളിൽ 1964-നു ശേഷം ജനിച്ചവരായിട്ട് 300 പേർ പോലുമില്ല. റീഫോം ജൂഡെയിസത്തിലെ 22 ശതമാനത്തിലധികം സഭകളിലും മുഴുസമയ ശുശ്രൂഷകനായ ഒരു റബ്ബിയില്ല. വെറും അഞ്ചു വർഷം മുമ്പുവരെ സിനഗോഗുകളുടെ എണ്ണത്തെക്കാൾ കൂടുതൽ ആയിരുന്നു റബ്ബിമാരുടെ എണ്ണം. ചില പുരോഹിതന്മാർ എണ്ണത്തിലുള്ള ഈ കുറവിനു പഴിചാരുന്നത് “കരുത്തുറ്റ സമ്പദ്വ്യവസ്ഥ”യെയാണ്. കാരണം, അതുമൂലം ആളുകൾ “കൂടുതൽ ആദായകരമായ മേഖലകളിലേക്ക് ആകർഷിക്കപ്പെടുന്നു.” പുരോഹിത ശുശ്രൂഷയുടെ “ആകർഷണീയത കുറഞ്ഞുവരുന്നതാണ്” കാരണമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ഹീബ്രു യൂണിയൻ കോളെജിന്റെ പ്രസിഡന്റായ റബ്ബി ഷെൽഡൻ സിമ്മെർമാൻ ഇപ്രകാരം മുന്നറിയിപ്പു നൽകുന്നു: “മത ശുശ്രൂഷയ്ക്കായി ജീവിതം ഉഴിഞ്ഞുവെക്കുന്നവരുടെ എണ്ണം എങ്ങനെയെങ്കിലും വർധിപ്പിക്കാത്ത പക്ഷം ഒടുവിൽ സംഘടിത മതങ്ങൾക്ക് ഒരു വിപത്തിനെ തന്നെ നേരിടേണ്ടിവരും.”
പല്ലു തേക്കുമ്പോൾ സൂക്ഷിക്കുക
“പല്ല് ഒരുപാടു തേക്കുന്നത് പ്രശ്നമുണ്ടാക്കും” എന്ന് ദ വാൾ സ്ട്രീറ്റ് ജേർണലിലെ ഒരു റിപ്പോർട്ടു പറയുന്നു. “ഈ പ്രശ്നത്തെ സാധാരണ വിളിക്കുന്നത് ‘ടൂത്ത് ബ്രഷ് അബ്രേഷൻ’ എന്നാണ്. അത് പല്ലുകൾക്ക് എളുപ്പം കേടു സംഭവിക്കുന്നതിനും മോണ പല്ലിൽനിന്ന് അകന്നു പോകുന്നതിനും ദന്തമൂലത്തിനു ചുറ്റുമുള്ള ഭാഗത്തിനു തേയ്മാനം സംഭവിക്കുന്നതിനും ഇടയാക്കും.” അമേരിക്കൻ ഐക്യനാടുകളിലെ 10 മുതൽ 20 വരെ ശതമാനം ആളുകളുടെയും “പല്ലുകൾക്കോ മോണകൾക്കോ അമിതമായ പല്ലുതേപ്പിന്റെ ഫലമായി കേടു സംഭവിച്ചിട്ടുണ്ട്” എന്നാണ് കണക്കുകൾ കാണിക്കുന്നത്. പല്ലുതേക്കുന്നതിൽ ഉത്സുകരായവർക്കും കട്ടികൂടിയ നാരുകളുള്ള ബ്രഷുകൾ ഉപയോഗിക്കുന്നവർക്കും ആണ് ഇതിന് ഏറ്റവും കൂടുതൽ സാധ്യത. “പല്ല് പൂർണമായി വൃത്തിയാക്കാനുള്ള അവരുടെ ശ്രമം ഗുണത്തെക്കാളേറെ ദോഷത്തിലാണു കലാശിക്കുന്നത്” എന്ന് ദന്തഡോക്ടറായ മിലാൻ സെഗോൾ പറയുന്നു. പല്ലുമായി ബന്ധപ്പെട്ട അസ്ഥികളുടെ എണ്ണം ജന്മനാതന്നെ കുറവുള്ളവരിലും അതുപോലെതന്നെ, കമ്പിയിട്ട് പല്ലു നേരെയാക്കുകയോ സ്ഥാനം മാറ്റുകയോ ചെയ്തിട്ടുള്ളവരിലും പല്ലു കടിക്കുകയോ പല്ലിറുമ്മുകയോ ചെയ്യുന്നവരിലും മേൽപ്പറഞ്ഞ പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പല്ലിനു കേടു സംഭവിക്കുന്നതു തടയുന്നതിന് വിദഗ്ധർ പിൻവരുന്ന കാര്യങ്ങൾ നിർദേശിക്കുന്നു: മൃദുലമായ നാരുകളോടു കൂടിയ ടൂത്ത് ബ്രഷ് ഉപയോഗിക്കുക. പിൻഭാഗത്തുള്ള പല്ലുകൾ ആദ്യം തേക്കുക. കാരണം തുടക്കത്തിൽ, മൃദുലമായ നാരുകളോടുകൂടിയ ബ്രഷുകൾ പോലും ഏറെക്കുറെ കട്ടിയുള്ളതായിരിക്കും, മാത്രമല്ല ടൂത്ത്പേസ്റ്റിന് കൂടുതൽ അരവും കാണും. ബ്രഷ് മുഴു വിരലുകളും ഉപയോഗിച്ച് അമർത്തി പിടിക്കുന്നതിനു പകരം ഏതാനും വിരലുകൾകൊണ്ട് മൃദുവായി പിടിക്കുക. ബ്രഷ് പല്ലും മോണയും കൂടി ചേരുന്ന ഭാഗത്ത് 45 ഡിഗ്രി കോണിൽ വെച്ചിട്ട് ദീർഘവൃത്താകൃതിയിൽ മൃദുവായി തേക്കുക. വിലങ്ങനെ മുന്നോട്ടും പിന്നോട്ടും തേക്കുന്നതു നല്ലതല്ല.
പിസയിലെ ചെരിഞ്ഞ ഗോപുരം നിവർത്തുന്നു
ഈ വർഷത്തിലെ ആദ്യത്തെ മൂന്നു മാസംകൊണ്ടു തന്നെ പിസയിലെ ചെരിഞ്ഞ ഗോപുരത്തെ 5 സെന്റിമീറ്റർ നിവർത്താൻ കഴിഞ്ഞു എന്ന് ദി അസ്സോസ്സിയേറ്റഡ് പ്രസ്സിന്റെ ഒരു റിപ്പോർട്ട് പറയുന്നു. 2001 ജൂൺ മാസത്തോടുകൂടി പൊതുജനത്തിനു തുറന്നുകൊടുക്കാൻ പാകത്തിന് അത് കരുത്തു പ്രാപിക്കും എന്ന് എഞ്ചിനീയർമാർ കരുതുന്നു. 12-ാം നൂറ്റാണ്ടിൽ നിർമാണം തുടങ്ങിയ ഈ ഗോപുരത്തിൽ ടൂറിസ്റ്റുകൾ അവസാനമായി കയറിയത് പത്തു വർഷം മുമ്പാണ്. അന്ന് അതിന്റെ ചെരിവ് അപകടകരമാണെന്ന് തിരിച്ചറിയുകയും നിവർത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. പണി ഇപ്പോൾ അവസാന ഘട്ടത്തിലാണ്. പണി പൂർത്തിയായി കഴിയുമ്പോഴേക്കും അതിന്റെ ചെരിവ് 50 സെന്റിമീറ്റർ കുറയും എന്നാണ് പ്രവചനം. പൊതുജനങ്ങൾക്കായി ഗോപുരം വീണ്ടും തുറന്നുകൊടുക്കുന്നതിനു മുമ്പ്, നിവർത്തുന്നതിനു വേണ്ടി അതിന്റെ ചുവട്ടിൽ വെച്ചിരിക്കുന്ന പ്രതിതോലക ഭാരങ്ങളും (counterweights) (ഇത് 800 ടൺ ഈയമാണ്) ബലപ്പെടുത്തുന്നതിനു വേണ്ടി അതിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന പത്ത് ഉരുക്കു വളയങ്ങളും നീക്കം ചെയ്യുന്നതായിരിക്കും.
മുലയൂട്ടലിന്റെ മറ്റൊരു പ്രയോജനം
“മുലപ്പാൽ നിങ്ങളുടെ നവജാതശിശുവിന് അതിസാരത്തിനും, ചെവിയിലെ അണുബാധകൾക്കും അലർജികൾക്കും എതിരെ വർത്തിക്കുന്ന സംരക്ഷണാത്മകമായ പ്രതിവസ്തുക്കൾ പ്രദാനം ചെയ്യുന്നതിനു പുറമെ കാൻസർ വരുന്നതു തടയുകയും ചെയ്തേക്കാം” എന്ന് പേരന്റ്സ് മാസിക പറയുന്നു. മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങൾക്ക് കുപ്പിപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് രക്താർബുദ-സാധ്യത—കുട്ടിക്കാലത്തുണ്ടാകുന്ന ഏറ്റവും സാധാരണമായ അർബുദം ആണ് രക്താർബുദം—കുറവാണെന്ന് യൂണിവേഴ്സിറ്റി ഓഫ് മിനെസോറ്റ കാൻസർ സെന്റർ നടത്തിയ ഒരു പഠനം കണ്ടെത്തി. ഒരു മാസമെങ്കിലും മുലപ്പാൽ കുടിച്ച കുഞ്ഞുങ്ങൾക്ക് രക്താർബുദം പിടിപെടാനുള്ള സാധ്യത 21 ശതമാനം കുറവായിരുന്നു, ആറോ അതിലധികമോ മാസം പാൽ കുടിച്ച കുഞ്ഞുങ്ങളിൽ ആകട്ടെ അതിനുള്ള സാധ്യത 30 ശതമാനം കുറവായിരുന്നു.