വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിമാനയാത്ര സുരക്ഷിതമാക്കാൻ

വിമാനയാത്ര സുരക്ഷിതമാക്കാൻ

വിമാ​ന​യാ​ത്ര സുരക്ഷി​ത​മാ​ക്കാൻ

പ്രധാന വൈമാ​നി​കൻ ത്രോ​ട്ടി​ലു​കൾ മുന്നോ​ട്ടു ചലിപ്പി​ച്ചു. എയർ ട്രാഫിക്‌ കൺ​ട്രോ​ളിൽനിന്ന്‌ അനുമതി ലഭിച്ച​താ​യി സഹ​വൈ​മാ​നി​കൻ അറിയി​ച്ചു. വിമാ​ന​ത്തി​ന്റെ എഞ്ചിനു​കൾ ഗർജി​ച്ച​പ്പോൾ, വൈമാ​നി​കർക്കു പുറകിൽ ഒരു നിരീ​ക്ഷ​ക​നാ​യി ഇരുന്നി​രുന്ന എന്റെ ഹൃദയ​മി​ടി​പ്പു വർധിച്ചു. ബോയിങ്‌ 747 മുന്നോ​ട്ടു കുതി​ച്ച​പ്പോൾ ഞാൻ പെട്ടെന്ന്‌ പുറ​കോ​ട്ടാ​ഞ്ഞു​പോ​യി. പിന്നെ, ന്യൂ ടോക്കി​യോ അന്താരാ​ഷ്‌ട്ര വിമാ​ന​ത്താ​വ​ള​ത്തി​ന്റെ 34-ാം നമ്പർ റൺവേയെ പിന്നി​ലാ​ക്കി​ക്കൊണ്ട്‌ ഞങ്ങളുടെ വിമാനം സുഗമ​മാ​യി വായു​വി​ലേക്ക്‌ പറന്നു​യർന്നു.

അപകടം!

ഏതാനും നിമി​ഷങ്ങൾ കഴിഞ്ഞു കാണും, പെട്ടെ​ന്നാണ്‌ അതു സംഭവി​ച്ചത്‌. വിമാനം ശക്തമായി ആടിയു​ലഞ്ഞു. കോക്‌പി​റ്റി​നു​ള്ളിൽ അലാറം ഉച്ചത്തിൽ മുഴങ്ങി! സഹ​വൈ​മാ​നി​കൻ വിമാ​ന​ത്തി​ന്റെ ഗതി നേരെ​യാ​ക്കാൻ ശ്രമി​ക്കവെ ഇൻസ്‌ട്രു​മെന്റ്‌ പാനലു​ക​ളിൽ ചുവന്ന നിറത്തി​ലു​ള്ള​തും തവിട്ടു​മഞ്ഞ നിറത്തി​ലു​ള്ള​തു​മായ വാർണിങ്‌ ലൈറ്റു​കൾ കത്താൻ തുടങ്ങി.

“മൂന്നാം നമ്പർ എഞ്ചിനു തീപി​ടി​ച്ചി​രി​ക്കു​ന്നു!” അലാറം ഓഫ്‌ ചെയ്യു​ന്ന​തി​നി​ട​യിൽ പ്രധാന വൈമാ​നി​കൻ വിളി​ച്ചു​പ​റഞ്ഞു. “എഞ്ചിന്റെ ഷാഫ്‌റ്റ്‌ കറങ്ങു​ന്നില്ല, എഞ്ചിനിൽ ഓയിൽ പ്രഷർ ഇല്ല, ഹൈ​ഡ്രോ​ളിക്‌ കൺ​ട്രോൾസ്‌ പ്രവർത്തി​ക്കു​ന്നില്ല. മൂന്നാം നമ്പർ എഞ്ചിനി​ലേ​ക്കുള്ള ഇന്ധന​പ്ര​വാ​ഹം നിർത്തുക. എഞ്ചിന്റെ പ്രവർത്തനം നിലച്ചി​രി​ക്കു​ന്നു,” സഹ​വൈ​മാ​നി​ക​നാണ്‌ അതു പറഞ്ഞത്‌. ഒരു വൈമാ​നി​കൻ ഒരു കമാൻഡ്‌ നൽകു​മ്പോൾ മറ്റേ വൈമാ​നി​കൻ അത്‌ അതേപടി ചെയ്യു​ക​യും കമാൻഡ്‌ നൽകിയ വൈമാ​നി​കൻ അത്‌ വീണ്ടും പരി​ശോ​ധി​ക്കു​ക​യും ചെയ്‌തു. ആ പ്രത്യേക സാഹച​ര്യ​വും അതിനു​വേണ്ട പ്രതി​വി​ധി​ക​ളു​മെ​ല്ലാം മുൻകൂ​ട്ടി കണ്ടിരു​ന്ന​തു​പോ​ലെ അത്ര കൃത്യ​ത​യോ​ടെ​യാ​യി​രു​ന്നു അവർ പ്രവർത്തി​ച്ചത്‌. ആ നിർണാ​യക സാഹച​ര്യ​ത്തിൽ സമചിത്തത കൈവി​ടാ​തെ പ്രവർത്തി​ക്കാ​നും എത്രയും പെട്ടെന്ന്‌ ഉചിത​മായ തീരു​മാ​ന​മെ​ടു​ക്കാ​നും ഉള്ള അവരുടെ ആ കഴിവ്‌ എന്നെ അത്ഭുത​പ്പെ​ടു​ത്തി.

അടുത്ത​താ​യി, സഹ​വൈ​മാ​നി​കൻ റേഡി​യോ വഴി എയർ ട്രാഫിക്‌ കൺ​ട്രോ​ളി​നോട്‌ വിമാനം അടിയ​ന്തി​ര​മാ​യി നിലത്തി​റ​ക്കാ​നുള്ള അനുമതി ആവശ്യ​പ്പെട്ടു. അതിന്‌ ആവശ്യ​മായ സജ്ജീക​ര​ണങ്ങൾ തയ്യാറാ​ക്കി നിറു​ത്താ​നും അദ്ദേഹം അഭ്യർഥി​ച്ചു. അതിനു​ശേഷം, വിമാനം ഉടനടി നിലത്തി​റ​ക്കേ​ണ്ട​തി​നാൽ തയ്യാ​റെ​ടു​പ്പോ​ടെ ഇരിക്കാൻ ക്യാബി​നി​ലു​ള്ള​വരെ സഹായി​ക്കു​ന്ന​തിന്‌ അദ്ദേഹം ഫ്‌​ളൈറ്റ്‌ അറ്റൻഡർമാർക്ക്‌ നിർദേശം നൽകി.

വൈമാ​നി​കർ തങ്ങൾ അടിയ​ന്തി​ര​മാ​യി ചെയ്യേണ്ട നടപടി​കൾ പൂർത്തി​യാ​ക്കവെ, സീറ്റിൽ മുറുകെ പിടി​ച്ചു​കൊണ്ട്‌ ഞാൻ നെറ്റി​യി​ലെ വിയർപ്പു തുടച്ചു. വിമാനം യാതൊ​രു കുഴപ്പ​വും കൂടാതെ നിലത്തി​റ​ങ്ങി​യ​പ്പോൾ എനിക്ക്‌ ആശ്വാ​സ​മാ​യി. വല്ലാതെ പേടി​ച്ചു​പോ​യ​തിന്‌ അൽപ്പം നാണ​ക്കേടു തോന്നു​ക​യും ചെയ്‌തു. ഇനി ഒരു സത്യം പറയട്ടെ. ജപ്പാന്റെ മീതെ​ക്കൂ​ടി വിമാ​ന​യാ​ത്ര നടത്തു​ക​യൊ​ന്നു​മ​ല്ലാ​യി​രു​ന്നു ഞാൻ. പിന്നെ​യോ, വൈമാ​നി​കർ പരിശീ​ലനം നേടു​ന്ന​തും നോക്കി യു.എസ്‌.എ.-യിലെ കൊള​റാ​ഡോ​യി​ലുള്ള ഡെൻവ​റി​ലെ യു​ണൈ​റ്റഡ്‌ എയർ​ലൈൻസ്‌ ഫ്‌​ളൈറ്റ്‌ സെന്ററി​ലെ ഒരു അതിനൂ​തന ഫ്‌​ളൈറ്റ്‌ സിമു​ലേ​റ്റ​റിൽ (മുകളിൽ കാണി​ച്ചി​രി​ക്കു​ന്ന​തി​നു സമാന​മായ ഒന്ന്‌) ഇരിക്കു​ക​യാ​യി​രു​ന്നു. കമ്പ്യൂ​ട്ട​റു​ക​ളിൽ മാത്രം ഫ്‌​ളൈറ്റ്‌ സിമു​ലേഷൻ പ്രോ​ഗ്രാം കൈകാ​ര്യം ചെയ്‌തി​ട്ടുള്ള എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു യഥാർഥ സിമു​ലേ​റ്റ​റി​ലി​രു​ന്നു​കൊണ്ട്‌ കാര്യ​ങ്ങ​ളെ​ല്ലാം നേരിട്ടു വീക്ഷി​ക്കാൻ സാധി​ച്ചത്‌ തികച്ചും ആവേശ​ജ​ന​ക​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു.

സിമു​ലേ​റ്റ​റു​കൾ —സുരക്ഷി​ത​ത്വം ഉറപ്പാ​ക്കാൻ

ഓരോ ദിവസ​വും സിമു​ലേ​റ്റ​റു​ക​ളിൽ നൂറു​ക​ണ​ക്കി​നു പ്രാവ​ശ്യം ഇത്തരം രംഗങ്ങൾ കൃത്രി​മ​മാ​യി ആവിഷ്‌ക​രി​ക്ക​പ്പെ​ടു​ന്നു. എന്തിനാ​ണെ​ന്നോ? പരിശീ​ലനം നേടു​ന്ന​തി​നും യാത്ര​ക്കാ​രു​ടെ, അതേ, നിങ്ങളു​ടെ സുരക്ഷി​ത​ത്വം ഉറപ്പാ​ക്കു​ന്ന​തി​നും വേണ്ടി. എന്നാൽ ഇങ്ങനെ​യുള്ള പരിശീ​ല​നങ്ങൾ യഥാർഥ വിമാ​ന​ങ്ങ​ളിൽ നടത്താതെ സിമു​ലേ​റ്റ​റു​ക​ളിൽ നടത്തു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതിനു പല കാരണ​ങ്ങ​ളുണ്ട്‌. എന്നാൽ അവ പരിചി​ന്തി​ക്കു​ന്ന​തി​നു മുമ്പ്‌ ഫ്‌​ളൈറ്റ്‌ സിമു​ലേഷൻ വികാസം പ്രാപി​ച്ചത്‌ എങ്ങനെ​യാ​ണെന്നു നോക്കാം.

ഒന്നും രണ്ടും ലോക​മ​ഹാ​യു​ദ്ധ​ങ്ങ​ളു​ടെ കാലത്ത്‌, യോഗ്യ​ത​യുള്ള വൈമാ​നി​കർക്കു വേണ്ടി​യുള്ള വർധിച്ച ആവശ്യത്തെ തുടർന്ന്‌ ഫ്‌​ളൈറ്റ്‌ സിമു​ലേ​റ്റ​റു​കൾ ഉപയോ​ഗി​ച്ചു പരിശീ​ലനം നൽകുന്ന സ്‌കൂ​ളു​കൾ സ്ഥാപി​ത​മാ​യി. അപരി​ഷ്‌കൃ​ത​മായ സജ്ജീക​ര​ണ​ങ്ങ​ളാ​യി​രു​ന്നു ഈ സ്‌കൂ​ളു​ക​ളിൽ ഉണ്ടായി​രു​ന്നത്‌. എന്നാൽ, 1960-കളുടെ അവസാ​ന​ത്തിൽ ഫ്‌​ളൈറ്റ്‌ സിമു​ലേഷൻ രംഗത്ത്‌ വലി​യൊ​രു മുന്നേ​റ്റ​മു​ണ്ടാ​യി. ശരിക്കും ഒരു വിമാ​ന​ത്തി​ലാ​യി​രി​ക്കുന്ന പ്രതീതി ജനിപ്പി​ക്കുന്ന തരത്തി​ലുള്ള സിമു​ലേ​റ്റ​റു​കൾ രംഗത്തു​വന്നു. വിമാ​ന​ത്തി​ന്റെ ഭാരവും അതിലെ ഇന്ധനത്തി​ന്റെ അളവും വിമാ​ന​ത്തി​ന്റെ പ്രവർത്ത​നത്തെ എങ്ങനെ ബാധി​ക്കു​മെ​ന്നത്‌ ഉൾപ്പെ​ടെ​യുള്ള സൂക്ഷ്‌മ വിശദാം​ശങ്ങൾ പോലും ഈ സിമു​ലേ​റ്റ​റു​ക​ളിൽ അനുക​രി​ക്കാൻ കഴിയും. ഇന്ധനം കത്തുന്ന​ത​നു​സ​രിച്ച്‌ വിമാനം പറക്കുന്ന രീതിക്കു മാറ്റം വരുന്നു. ഇലക്‌​ട്രോ​ണി​ക്‌സ്‌, കമ്പ്യൂട്ടർ രംഗങ്ങ​ളിൽ ഉണ്ടായി​ട്ടുള്ള പുരോ​ഗ​തി​കൾ ഇതു​പോ​ലുള്ള പല കാര്യ​ങ്ങ​ളും അനുക​രി​ക്കുക സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നു.

ഒരു വിമാനം പറപ്പി​ക്കുന്ന അതേ പ്രതീതി ജനിപ്പി​ക്കുന്ന സിമു​ലേ​റ്റ​റു​കൾ ഉണ്ടാക്കുക എന്നതാണ്‌ ലക്ഷ്യം. അതിനാ​യി, ആധുനിക സിമു​ലേ​റ്റ​റു​കൾക്ക്‌ ആറു ഡിഗ്രി ചലന​ശേ​ഷി​യുള്ള വലിയ, ശക്തമായ ഹൈ​ഡ്രോ​ളിക്‌ ബേസുകൾ ഉണ്ട്‌. നിമി​ഷ​നേ​ര​ത്തേക്ക്‌ വൈമാ​നി​കരെ, 1 മുതൽ -1 g a വരെയുള്ള ബലം ഉളവാ​ക്കത്തക്ക രീതി​യി​ലുള്ള ചലനങ്ങൾക്ക്‌ വിധേ​യ​രാ​ക്കാൻ ആവശ്യ​മായ വലിയ ഹൈ​ഡ്രോ​ളിക്‌ പമ്പുകൾ ഈ സംവി​ധാ​ന​ത്തി​നുണ്ട്‌.

വൈമാ​നി​കർ സിമു​ലേ​റ്റ​റി​ന്റെ നിയന്ത്രണ സംവി​ധാ​നങ്ങൾ ക്രമീ​ക​രി​ക്കു​മ്പോൾ ഒരു വിമാ​ന​ത്തിൽ എന്നപോ​ലെ​തന്നെ അവർക്ക്‌ അതിന്റെ ഫലങ്ങൾ അനുഭ​വി​ക്കാൻ കഴിയും. ത്വരണം, മന്ദനം, റോൾ (വിമാനം പാർശ്വ​ങ്ങ​ളി​ലേക്കു ചെരി​യു​ന്നത്‌), പിച്ച്‌ (വിമാ​ന​ത്തി​ന്റെ മുൻഭാ​ഗം മുകളി​ലേ​ക്കും താഴേ​ക്കും ചലിക്കു​ന്നത്‌), റൺവേ​യിൽ വന്നിറങ്ങൽ, റൺവേ​യു​ടെ പരുപ​രുപ്പ്‌, കാലാവസ്ഥ എന്നിവ​യെ​ല്ലാം വൈമാ​നി​കന്റെ ആന്തരിക കർണത്തി​നു മാത്രമല്ല, മുഴു ശരീര​ത്തി​നു തന്നെയും അനുഭ​വ​വേ​ദ്യ​മാ​യി​രി​ക്കും.

ലോക​ത്തി​ലെ വിമാ​ന​ത്താ​വ​ള​ങ്ങ​ളെ​യും അവയ്‌ക്കു ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളെ​യും അതേപടി ചിത്രീ​ക​രി​ക്കുന്ന അതിനൂ​തന കമ്പ്യൂട്ടർ നിർമിത ദൃശ്യ​സം​വി​ധാ​നങ്ങൾ ഉപയോ​ഗ​ത്തി​ലുണ്ട്‌. യഥാർഥ​മെന്നു തോന്നി​ക്കുന്ന ഈ ദൃശ്യങ്ങൾ, സിമു​ലേറ്റർ കോക്‌പി​റ്റി​ന്റെ മുൻവ​ശ​ത്തുള്ള സ്‌ക്രീ​നു​ക​ളിൽ തെളി​ഞ്ഞു​കാ​ണാം. ഈ ദൃശ്യ​രൂ​പ​ങ്ങ​ളു​ടെ കോണു​കൾ വീതി​യിൽ 180 ഡിഗ്രി​യും ഉയരത്തിൽ 40 ഡിഗ്രി​യും ആണ്‌. ഏതു കാലാ​വ​സ്ഥ​യി​ലും—മഞ്ഞുവീ​ഴ്‌ച​യും മഴയും ഇടിമി​ന്ന​ലും ആലിപ്പ​ഴ​വർഷ​വും മൂടൽമ​ഞ്ഞും ഒക്കെ ഉള്ളപ്പോ​ഴും—അതു​പോ​ലെ​തന്നെ പകലും സന്ധ്യക്കും രാത്രി​യി​ലു​മെ​ല്ലാം “വിമാനം പറപ്പി​ക്കാൻ” സിമു​ലേറ്റർ വൈമാ​നി​കരെ സഹായി​ക്കു​ന്നു.

ഒരു സിമു​ലേറ്റർ സന്ദർശി​ക്കു​ന്നു

ആറു മീറ്റർ വീതി​യുള്ള ഒരു വിടവി​നു കുറുകെ സ്ഥിതി​ചെ​യ്യുന്ന ലോഹ​നിർമി​ത​മായ ഒരു പാലം കടന്ന്‌ ജാലക​ങ്ങ​ളൊ​ന്നു​മി​ല്ലാത്ത വെള്ള നിറമുള്ള വലി​യൊ​രു പെട്ടി​യി​ലേക്ക്‌ ഞാൻ പ്രവേ​ശി​ച്ചു. ചലിപ്പി​ക്കാ​വുന്ന ഒരു കൂറ്റൻ പ്ലാറ്റ്‌ഫോ​മിൽ സ്ഥിതി ചെയ്‌തി​രുന്ന അത്‌, ഒരു ലുണാർ ലാൻഡ​റി​നെ പോലെ അല്ലെങ്കിൽ ഒരു കൂറ്റൻ എട്ടുകാ​ലി​യെ പോലെ തോന്നി​ച്ചു.

സിമു​ലേ​റ്റ​റി​ന്റെ അകത്തു പ്രവേ​ശി​ക്കു​മ്പോൾ ഒരു യഥാർഥ വിമാ​ന​ത്തി​ന്റെ കോക്‌പി​റ്റി​ലാ​യി​രി​ക്കുന്ന പ്രതീ​തി​യാണ്‌. ഡയലു​ക​ളും ഇൻഡി​ക്കേറ്റർ ലൈറ്റു​ക​ളും ഗെയ്‌ജു​ക​ളും സ്വിച്ചു​ക​ളും ലിവറു​ക​ളും എല്ലാം, സിമു​ലേറ്റർ ഏതു വിമാ​നത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണോ രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌, ആ വിമാ​ന​ത്തിൽ ക്രമീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വിധത്തിൽത്ത​ന്നെ​യാണ്‌ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. ഫ്‌​ളൈറ്റ്‌ സിമു​ലേറ്റർ ടെക്‌നീ​ഷ്യ​നായ ടെറി ബാൻസെ​പ്‌റ്റ്‌ ആയിരു​ന്നു എന്റെ വഴികാ​ട്ടി. ഈ പാനലു​ക​ളി​ലും ഉപകര​ണ​ങ്ങ​ളി​ലും മിക്കവ​യും യഥാർഥ വിമാ​ന​ത്തി​ന്റെ ഭാഗങ്ങൾത​ന്നെ​യാ​ണെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു.

വലിപ്പ​ത്തി​ന്റെ കാര്യ​ത്തിൽ മാത്രമല്ല പ്രവർത്ത​ന​ത്തി​ന്റെ കാര്യ​ത്തി​ലും ഇന്നത്തെ ഫ്‌​ളൈറ്റ്‌ സിമു​ലേ​റ്റ​റു​കൾ വിമാ​ന​ത്തി​ന്റെ കോക്‌പി​റ്റു​ക​ളു​ടെ തനിപ്പ​കർപ്പു​ക​ളാണ്‌ എന്ന്‌ ടെറി വിവരി​ച്ചു​തന്നു. അതേ, ഒരു പ്രത്യേക സിമു​ലേറ്റർ ഏതു മോഡ​ലി​ലുള്ള വിമാ​ന​ത്തി​ന്റെ കോക്‌പി​റ്റി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണോ രൂപകൽപ്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ അതിന്റെ തനിപ്പ​കർപ്പാ​യി​രി​ക്കും. ഫ്‌​ളൈറ്റ്‌ സിമു​ലേ​റ്റ​റു​ക​ളു​ടെ ഉപയോ​ഗം വർധി​ച്ചി​രി​ക്കെ, സിമു​ലേ​റ്റ​റു​കൾ വൈമാ​നി​കർക്ക്‌ ഉയർന്ന ഗുണ​മേ​ന്മ​യുള്ള പരിശീ​ലനം പ്രദാനം ചെയ്യു​ന്ന​താ​യി വ്യോ​മ​ഗ​താ​ഗത രംഗത്തു​ള്ളവർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. വിമാനം പറപ്പി​ക്കാൻ പഠിപ്പി​ക്കു​ന്ന​തി​നു പുറമേ അടിയ​ന്തിര സാഹച​ര്യ​ങ്ങൾ സംജാ​ത​മാ​കു​മ്പോൾ സ്വീക​രി​ക്കേണ്ട നടപടി​കൾ സംബന്ധിച്ച്‌ അവ വൈമാ​നി​കർക്കു പരിശീ​ലനം നൽകു​ക​യും ചെയ്യുന്നു.

ഒരു നിശ്ചിത നിലവാ​രം പുലർത്തുന്ന ഒരു സിമു​ലേ​റ്റ​റിൽ, ഒരു യഥാർഥ വിമാ​ന​ത്തിൽ എന്നപോ​ലെ​തന്നെ വൈമാ​നി​കർ അതിനു​ള്ളിൽ ചെലവ​ഴിച്ച സമയം ലോഗ്‌ബു​ക്കിൽ രേഖ​പ്പെ​ടു​ത്തി വെക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. ചില​പ്പോൾ, ഒരു വൈമാ​നി​കന്റെ പരിശീ​ല​ന​വും യോഗ്യ​താ പരി​ശോ​ധ​ന​യു​മൊ​ക്കെ ഏതാണ്ട്‌ പൂർണ​മാ​യും സിമു​ലേ​റ്റ​റിൽ തന്നെയാ​യി​രി​ക്കും നടക്കു​ന്നത്‌.

സിമു​ലേ​റ്റ​റു​കൾ ഉപയോ​ഗി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

സിമു​ലേ​റ്റ​റു​കൾ ഉപയോ​ഗി​ക്കു​ന്ന​തു​കൊണ്ട്‌ പ്രാ​യോ​ഗി​ക​മാ​യി അനേകം പ്രയോ​ജ​നങ്ങൾ ഉണ്ട്‌. യഥാർഥ വിമാ​ന​ങ്ങൾക്കു പകരം അവ ഉപയോ​ഗി​ക്കു​ന്നത്‌ ഇന്ധനവും എണ്ണയും ലാഭി​ക്കാൻ സഹായി​ക്കു​ന്നു. കൂടാതെ അത്‌ ആകാശത്തെ ഗതാഗ​ത​ത്തി​ര​ക്കും വായു-ശബ്ദ മലിനീ​ക​ര​ണ​വും പരിശീ​ല​ന​ത്തി​നും പ്രവർത്ത​ന​ത്തി​നും വേണ്ടി​വ​രുന്ന ചെലവും കുറയ്‌ക്കു​ന്നു. ഒരു സിമു​ലേറ്റർ “തകർന്നാൽ” നഷ്ടമൊ​ന്നും സംഭവി​ക്കു​ന്നില്ല, ആർക്കും അപകട​വും പറ്റുന്നില്ല.

“സിമു​ലേ​റ്റ​റു​ക​ളു​ടെ ഉപയോ​ഗം പരിശീ​ല​ന​ത്തി​നി​ട​യിൽ ഉണ്ടാ​യേ​ക്കാ​വുന്ന അപകട​ങ്ങ​ളു​ടെ എണ്ണം കുറയ്‌ക്കു​ന്നു,” ടെറി പറഞ്ഞു. “എഞ്ചിന്‌ തീപി​ടി​ക്കുക, ലാൻഡിങ്‌ ഗിയറിന്‌ തകരാറു സംഭവി​ക്കുക, ടയറിനു കേടു​പ​റ്റുക, ത്രസ്റ്റ്‌ അഥവാ തള്ളുന്ന ശക്തി പൂർണ​മാ​യും നിലയ്‌ക്കുക, കാലാവസ്ഥ കഠിന​മാ​കുക, വിൻഡ്‌ ഷിയർ (കാറ്റിന്റെ ഗതി​വേ​ഗ​ത്തി​നും ദിശയ്‌ക്കും സംഭവി​ക്കുന്ന ഗണ്യമായ മാറ്റം) ഉണ്ടാകുക, അന്തരീ​ക്ഷ​ത്തിൽ ജലം ഘനീഭ​വി​ക്കു​ന്ന​തി​ന്റെ ഫലമായി വിമാ​ന​ത്തി​ന്മേൽ മഞ്ഞ്‌ മൂടുക, കാഴ്‌ച​യ്‌ക്കു തടസ്സമു​ണ്ടാ​കുക തുടങ്ങിയ അടിയ​ന്തിര സാഹച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ വേണ്ട പരിശീ​ലനം നേടാൻ അവ വൈമാ​നി​കരെ സഹായി​ക്കു​ന്നു.” സിമു​ലേ​റ്റ​റു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ മെക്കാ​നി​ക്കൽ സംവി​ധാ​നങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിൽ വിപു​ല​മായ പരിശീ​ലനം നൽകാൻ സാധി​ക്കും. കൂടാതെ, മെക്കാ​നി​ക്കൽ സംവി​ധാ​ന​ങ്ങ​ളു​ടെ തകരാ​റു​ക​ളും മറ്റും വിമാ​ന​ത്തി​നോ ജീവനോ അപകടം വരുത്താത്ത വിധത്തിൽ പരിഹ​രി​ക്കാ​നും കഴിയു​ന്നു.

ജെ. ഡി. വിറ്റ്‌ലാച്ച്‌ എന്ന പരിച​യ​സ​മ്പ​ന്ന​നായ വൈമാ​നി​കൻ അതേ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “സിമു​ലേ​റ്റ​റു​ക​ളിൽ ഞങ്ങൾ ആവിഷ്‌ക​രി​ക്കുന്ന രംഗങ്ങൾ യഥാർഥ സംഭവങ്ങൾ സംയോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള​വ​യാണ്‌. ഇത്തരത്തി​ലുള്ള 6 ദശലക്ഷം രംഗങ്ങൾ ഞങ്ങൾക്കു സൃഷ്ടി​ക്കാൻ കഴിയും. ഒരു യഥാർഥ വിമാനം ഉപയോ​ഗിച്ച്‌ അത്രയും സംഗതി​ക​ളിൽ പരിശീ​ലനം നൽകുക അസാധ്യ​മാണ്‌.”

ഐക്യ​നാ​ടു​ക​ളിൽ, ഫെഡറൽ ഏവി​യേഷൻ അഡ്‌മി​നി​സ്‌​ട്രേ​ഷ​നും (എഫ്‌എഎ) ടെസ്റ്റ്‌ പൈല​റ്റു​ക​ളും (വിമാ​നങ്ങൾ പരീക്ഷ​ണാർഥം പറപ്പി​ച്ചു​നോ​ക്കുന്ന വൈമാ​നി​കർ) സാങ്കേ​തിക വിദഗ്‌ധ​രും സിമു​ലേറ്റർ ശ്രദ്ധാ​പൂർവം പരി​ശോ​ധിച്ച്‌ സർട്ടി​ഫൈ ചെയ്യുന്നു. പരിശീ​ലനം നടക്കുന്ന ഓരോ ദിവസ​ത്തി​നും മുമ്പ്‌, സിമു​ലേ​റ്റ​റു​കൾ കൃത്യ​ത​യോ​ടെ വിമാ​നത്തെ അനുക​രി​ക്കു​മോ എന്ന്‌ ഉറപ്പു വരുത്തു​ന്ന​തി​നാ​യി സാങ്കേ​തിക വിദഗ്‌ധർ അവ പരി​ശോ​ധി​ക്കു​ക​യും “പറപ്പി​ച്ചു​നോ​ക്കു”കയും ആവശ്യ​മായ അറ്റകു​റ്റ​പ്പ​ണി​കൾ നടത്തു​ക​യും ചെയ്യുന്നു. ഏതു വിമാ​ന​ത്തി​ന്റെ മാതൃ​ക​യി​ലാ​ണോ സിമു​ലേറ്റർ നിർമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌, ആ വിമാ​ന​ത്തിൽ എന്തെങ്കി​ലും മാറ്റങ്ങൾ വരുത്തു​ന്ന​പക്ഷം സിമു​ലേ​റ്റ​റി​ലും അതേ മാറ്റങ്ങൾ വരു​ത്തേ​ണ്ട​തുണ്ട്‌. ഓരോ ആറു മാസത്തി​ലും, എഫ്‌എഎ-യുടെ പ്രതി​നി​ധി​കൾ സിമു​ലേ​റ്റ​റു​ക​ളു​ടെ പ്രവർത്ത​ന​ക്ഷമത ഉറപ്പു​വ​രു​ത്താ​നാ​യി അവ ‘പറപ്പി​ച്ചു​നോ​ക്കു​ന്നു.’

മുൻ ദുരന്ത​ങ്ങളെ ആസ്‌പ​ദ​മാ​ക്കി

അത്യാ​ഹിത സ്ഥാനങ്ങ​ളിൽനി​ന്നു ലഭിച്ച വിമാ​ന​ത്തി​ന്റെ ഫ്‌​ളൈറ്റ്‌ ഡാറ്റ റെക്കോർഡ​റു​ക​ളിൽനി​ന്നും കോക്‌പിറ്റ്‌ വോയ്‌സ്‌ റെക്കോർഡ​റു​ക​ളിൽനി​ന്നും ഉള്ള വിവരങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌, യഥാർഥ വിമാ​നാ​പ​ക​ട​ങ്ങ​ളു​ടെ സമയത്ത്‌ നടന്ന തകരാ​റു​ക​ളും അപകട​ത്തിന്‌ ഇടയാ​ക്കിയ സാഹച​ര്യ​ങ്ങ​ളും കൃത്യ​മാ​യി പകർത്താൻ തക്കവിധം സിമു​ലേ​റ്റ​റു​കൾ പ്രോ​ഗ്രാം ചെയ്യാൻ എഞ്ചിനീ​യർമാർക്കു കഴിയും. ഈ വിവര​ങ്ങ​ളു​ടെ​യും അവയുടെ സഹായ​ത്താൽ നടത്തുന്ന അനുക​ര​ണ​ങ്ങ​ളു​ടെ​യും അടിസ്ഥാ​ന​ത്തിൽ അന്വേ​ഷ​കർക്ക്‌ ഓരോ അത്യാ​ഹി​ത​ങ്ങ​ളു​ടെ​യും യഥാർഥ കാരണം കണ്ടുപി​ടി​ക്കാൻ സാധി​ക്കും. അതിനു​പു​റമേ, അപ്രതീ​ക്ഷി​ത​മായ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ എന്തു നടപടി കൈ​ക്കൊ​ള്ള​ണ​മെന്നു ഭാവി വൈമാ​നി​കരെ പഠിപ്പി​ക്കാ​നും അത്തരം വിവരങ്ങൾ ഉതകും. കൂടുതൽ മെച്ചപ്പെട്ട വിമാ​ന​ങ്ങ​ളും വിമാ​ന​ഭാ​ഗ​ങ്ങ​ളും രൂപകൽപ്പന ചെയ്യാ​നും നിർമി​ക്കാ​നും ഈ വിവരങ്ങൾ നിർമാ​താ​ക്കൾക്കു സഹായ​ക​മാ​യി​രി​ക്കു​ക​യും ചെയ്യും.

വൈമാ​നി​ക​ന്റെ ഭാഗത്തു​നി​ന്നുള്ള പിഴവാണ്‌ അത്യാ​ഹി​ത​ത്തിന്‌ ഇടയാ​ക്കി​യ​തെന്ന്‌ അന്വേ​ഷ​ണ​ത്തി​ലൂ​ടെ മനസ്സി​ലാ​യാൽ, ഭാവി​യിൽ അത്തരം പിഴവു​കൾ ഉണ്ടാകാ​തി​രി​ക്കാ​നുള്ള പരിശീ​ലനം നൽകാൻ സാധി​ക്കും. ലൂ കോസിച്ച്‌ എന്ന പരിച​യ​സ​മ്പ​ന്ന​നായ വൈമാ​നി​കൻ പറയുന്നു: “ഞങ്ങൾ കാണി​ക്കുന്ന രംഗങ്ങൾ സാങ്കൽപ്പി​കമല്ല; അവ എവി​ടെ​യെ​ങ്കി​ലു​മൊ​ക്കെ നടന്നി​ട്ടു​ള്ള​താ​യി​രി​ക്കും.” അടിയ​ന്തിര സാഹച​ര്യ​ങ്ങൾ നേരി​ടാൻ വൈമാ​നി​കരെ കൂടുതൽ സജ്ജരാ​ക്കാ​നും പരിശീ​ലന പരിപാ​ടി​ക​ളും ആത്യന്തി​ക​മാ​യി യാത്ര​ക്കാ​രു​ടെ സുരക്ഷി​ത​ത്വ​വും മെച്ച​പ്പെ​ടു​ത്താ​നു​മുള്ള ശ്രമത്തി​ന്റെ ഭാഗമാ​യി ഏവി​യേഷൻ ഇൻഡസ്‌ട്രി വിദഗ്‌ധർ നിരന്തരം യഥാർഥ സംഭവങ്ങൾ വിലയി​രു​ത്തു​ക​യും പുനഃ​സൃ​ഷ്ടി​ക്കു​ക​യും വൈമാ​നി​കർ അവയോ​ടു പ്രതി​ക​രി​ക്കുന്ന വിധം സംബന്ധി​ച്ചു പഠിക്കു​ക​യും ചെയ്യുന്നു.

എന്റെ സഹ​വൈ​മാ​നി​ക​നായ ടെറി​യു​ടെ മേൽനോ​ട്ട​ത്തിൻ കീഴിൽ ഞാൻ “ചാൾസ്‌ ദെ ഗോൽ വിമാ​ന​ത്താ​വ​ള​ത്തിൽ” “ബോയിങ്‌ 747” “ഇറക്കാൻ” ശ്രമി​ക്കു​ക​യാ​യി​രു​ന്നു. “വിമാ​ന​ത്തി​ന്റെ” ചക്രങ്ങൾ റൺവേ​യിൽ ഉരസുന്ന ശബ്ദത്തി​നാ​യി കാതോർത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഞാൻ. അപ്പോ​ഴാണ്‌ സിമു​ലേറ്റർ സ്‌ക്രീൻ നിശ്ചല​മാ​യത്‌! ഞാൻ “വിമാനം” എയർ ട്രാഫിക്‌ കൺ​ട്രോൾ ടവറിൽ കൊണ്ടു​പോ​യി ഇടിപ്പി​ച്ചി​രി​ക്കു​ന്നു!

യാത്രാ വിമാ​നങ്ങൾ പറപ്പി​ക്കുന്ന വൈമാ​നി​കർ ശരിക്കും വൈദ​ഗ്‌ധ്യം നേടി​യി​ട്ടു​ള്ള​വ​രാണ്‌ എന്ന വസ്‌തുത എത്രയോ ആശ്വാ​സ​ക​ര​മാണ്‌! അതിന്‌ ഭാഗി​ക​മാ​യി നാം കടപ്പെ​ട്ടി​രി​ക്കു​ന്നത്‌ ഫ്‌​ളൈറ്റ്‌ സിമു​ലേ​റ്റ​റു​ക​ളോ​ടാണ്‌. നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും വിമാ​ന​ത്തിൽ യാത്ര ചെയ്യാൻ തീരു​മാ​നി​ക്കു​ന്ന​പക്ഷം നിങ്ങളും സഹയാ​ത്ര​ക്കാ​രും ഉന്നത പരിശീ​ലനം സിദ്ധിച്ച വൈമാ​നി​ക​രു​ടെ കരങ്ങളിൽ സുരക്ഷി​ത​രാ​ണെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്ന​താണ്‌.—സംഭാവന ചെയ്യ​പ്പെ​ട്ടത്‌.

[അടിക്കു​റിപ്പ്‌]

a നാം ഏതെങ്കി​ലും ഒരു വാഹന​ത്തി​ന​കത്ത്‌ ആയിരി​ക്കു​മ്പോൾ നമ്മു​ടെ​മേൽ ചെലു​ത്ത​പ്പെ​ടുന്ന ത്വരണ ബലത്തെ കുറി​ക്കാ​നാണ്‌ g എന്ന അക്ഷരം ഉപയോ​ഗി​ക്കു​ന്നത്‌. ഭൂമി​യു​ടെ ഗുരു​ത്വാ​കർഷണ ബലം 1 g എന്ന സ്ഥിരമായ ത്വരണം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. വിമാനം കുത്തനെ താഴുന്ന അവസര​ത്തിൽ വൈമാ​നി​കൻ വിമാ​ന​ത്തി​ന്റെ ഗതി നേരെ​യാ​ക്കു​മ്പോൾ, അയാളു​ടെ മേൽ അധിക ബലം ചെലു​ത്ത​പ്പെ​ടു​ന്നു, തന്നിമി​ത്തം അയാൾ സീറ്റി​നോട്‌ അമർന്നു​പോ​കു​ന്നു. ഈ ബലം, ഗുരു​ത്വാ​കർഷണ ബലത്തിന്റെ ഇരട്ടി​യാ​ണെ​ങ്കിൽ ഇതിനെ 2 g എന്ന്‌ രേഖ​പ്പെ​ടു​ത്താൻ കഴിയും.

[26-ാം പേജിലെ ചിത്രങ്ങൾ]

സാൻ ഫ്രാൻസി​സ്‌കോ​യിൽനി​ന്നു പറന്നു പൊങ്ങു​ന്നു

ന്യൂയോർക്ക്‌ നഗരത്തി​നു മുകളി​ലൂ​ടെ പറക്കുന്നു (സിമു​ലേ​റ്റ​റു​ക​ളിൽ കാണി​ച്ചി​രി​ക്കു​ന്നു)

[26-ാം പേജിലെ ചിത്രം]

ഫ്‌ളൈറ്റ്‌ സിമു​ലേറ്റർ, ഡെൻവർ, കൊള​റാ​ഡോ