വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പകര ചികിത്സകൾ—ഒരു അവലോകനം

പകര ചികിത്സകൾ—ഒരു അവലോകനം

പകര ചികിത്സകൾ​—⁠ഒരു അവലോകനം

“പകര ചികിത്സകൾ തിരഞ്ഞെടുക്കുന്ന രോഗികൾക്കു മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ അലോപ്പതി ഡോക്‌ടർമാരും പകര ചികിത്സകരും തമ്മിൽ ഒരു തുറന്ന സംഭാഷണം നടത്തേണ്ടത്‌ ആവശ്യമാണ്‌.”

ഈ പ്രസ്‌താവന പ്രത്യക്ഷപ്പെട്ടത്‌ 1998 നവംബർ 11 ലക്കത്തിലെ ദ ജേർണൽ ഓഫ്‌ ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷനിൽ ആണ്‌. ആ ലേഖനം ഇങ്ങനെ പറഞ്ഞു: “പകര ചികിത്സകളുടെ പ്രചാരം വർധിക്കുന്തോറും ഈ [തുറന്ന സംഭാഷണം ഉണ്ടായിരിക്കേണ്ടതിന്റെ] ആവശ്യകതയും വർധിച്ചേക്കും, വിശേഷിച്ചും ആരോഗ്യ ഇൻഷ്വറൻസ്‌ പദ്ധതികൾ പകര ചികിത്സകൾക്കും ആനുകൂല്യങ്ങൾ നൽകാൻ തുടങ്ങിയിരിക്കുന്ന സ്ഥിതിക്ക്‌.”

അലോപ്പതി ചികിത്സയ്‌ക്കു വിധേയരാകവെതന്നെ പകര ചികിത്സയും സ്വീകരിക്കുന്ന രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്‌. എന്നാൽ ചില രോഗികൾ അതേക്കുറിച്ച്‌ തങ്ങളുടെ ഡോക്‌ടറോടു പറയുന്നില്ല. അതുകൊണ്ട്‌ ഏപ്രിൽ 2000-ത്തിലെ ടഫ്‌റ്റ്‌സ്‌ യൂണിവേഴ്‌സിറ്റി ഹെൽത്ത്‌ & ന്യൂട്രീഷൻ ലെറ്റർ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “രഹസ്യമായി കാര്യങ്ങൾ ചെയ്യാതെ ഡോക്‌ടറുമായി ആലോചിച്ചു പ്രവർത്തിക്കുന്നത്‌ നിങ്ങൾക്ക്‌ ഏറെ ഗുണം ചെയ്യും.” അത്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “പകര ചികിത്സ സ്വീകരിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തോട്‌ ഡോക്‌ടർ യോജിച്ചാലും ഇല്ലെങ്കിലും വിവരങ്ങൾ അദ്ദേഹവുമായി പങ്കുവെക്കുന്നത്‌ പ്രയോജനകരമായിരിക്കും.”

ഇംഗ്ലീഷ്‌ മരുന്നുകൾക്കൊപ്പം ചില പച്ചമരുന്നുകൾ കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ അപകടം ചെയ്‌തേക്കാമെന്നുള്ളതുകൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞത്‌. രോഗികളിൽ ചിലർ പകര ചികിത്സകൾ സ്വീകരിക്കാൻ താത്‌പര്യപ്പെടുന്നുവെന്ന കാര്യം തിരിച്ചറിഞ്ഞുകൊണ്ട്‌ അലോപ്പതി ഡോക്‌ടർമാർ രോഗികളുടെ പ്രയോജനാർഥം പകര ചികിത്സകരുമായി സഹകരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുന്നു.

പല രാജ്യങ്ങളിലെയും ആളുകൾ ഇപ്പോൾ ഉപയോഗിക്കുന്ന പകര ചികിത്സകളെ കുറിച്ച്‌ ഞങ്ങളുടെ വായനക്കാർക്ക്‌ ഒരു ഏകദേശ രൂപം നൽകാനായി അവയിൽ ചിലതിനെ കുറിച്ച്‌ ഹ്രസ്വമായ ഒരു വിവരണം ഞങ്ങൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു. എന്നിരുന്നാലും, ഉണരുക! യാതൊരുവിധ ചികിത്സകളും ശുപാർശ ചെയ്യുന്നില്ലെന്ന കാര്യം മനസ്സിൽ പിടിക്കുക.

പച്ചമരുന്നുകൾ

പകര ചികിത്സയുടെ ഏറ്റവും സാധാരണമായ രൂപമാണ്‌ ഇത്‌. പച്ചമരുന്നുകൾ വൈദ്യശാസ്‌ത്രത്തിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട്‌ നൂറ്റാണ്ടുകളായെങ്കിലും താരതമ്യേന വളരെ കുറച്ച്‌ സസ്യവർഗങ്ങളെ കുറിച്ചു മാത്രമേ ശാസ്‌ത്രജ്ഞർക്കു പഠിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇവയിൽത്തന്നെ ഏതാനും ചെടികളുടെ ഫലസിദ്ധിയെ കുറിച്ചു മാത്രമേ വിവരങ്ങൾ ലഭ്യമായിട്ടുള്ളൂ. പച്ചമരുന്നുകളെ സംബന്ധിച്ച വിവരങ്ങളിൽ ഭൂരിഭാഗവും പണ്ടത്തെ അനുഭവങ്ങളെ ആസ്‌പദമാക്കിയുള്ളവയാണ്‌.

ചെറിയ തോതിലുള്ള വിഷാദം, വാർധക്യ സഹജമായ ഓർമക്കുറവ്‌, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയുടെ നിർദോഷകരമായ വളർച്ച എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ചില പ്രത്യേക പച്ചമരുന്നുകളുടെ ഫലസിദ്ധിയെ കുറിച്ച്‌ സമീപ വർഷങ്ങളിൽ ഒട്ടേറെ പഠനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്‌. ഇവയിൽ ഒന്ന്‌ ബ്ലാക്ക്‌ സ്‌നേക്ക്‌ റൂട്ട്‌, ഹഗ്‌ബെയ്‌ൻ, റേറ്റിൽറൂട്ട്‌ എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന ബ്ലാക്ക്‌ കൊഹൊഷ്‌ ആണ്‌. അമേരിക്കൻ ഇൻഡ്യക്കാർ അതിന്റെ വേര്‌ വേവിച്ച്‌ ആർത്തവ സംബന്ധമായ പ്രശ്‌നങ്ങൾക്കും പ്രസവശുശ്രൂഷയ്‌ക്കും ഉപയോഗിച്ചിരുന്നു. ജർമൻ വിപണിയിൽ ലഭിക്കുന്ന, ബ്ലാക്ക്‌ കൊഹൊഷിന്റെ നീര്‌ “ആർത്തവവിരാമത്തോട്‌ അനുബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങൾ ഭേദമാക്കാൻ” സഹായിച്ചേക്കും എന്ന്‌ സമീപ കാല പഠനങ്ങൾ സൂചിപ്പിക്കുന്നതായി ഏപ്രിൽ 2000-ത്തിലെ ഹാർവാർഡ്‌ വിമൻസ്‌ ഹെൽത്ത്‌ വാച്ച്‌ റിപ്പോർട്ടു ചെയ്യുന്നു.

പ്രകൃതിദത്തമായ അത്തരം പ്രതിവിധികൾക്കു വേണ്ടിയുള്ള ഡിമാന്റിൽ അധികവും പച്ചമരുന്നുകൾ കൃത്രിമ മരുന്നുകളെ അപേക്ഷിച്ച്‌ സുരക്ഷിതമാണെന്ന ധാരണയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌. മിക്കപ്പോഴും ഇത്‌ ശരിയായിരിക്കാമെങ്കിലും ചില പച്ചമരുന്നുകൾക്ക്‌ പാർശ്വഫലങ്ങൾ ഉള്ളതായി തെളിഞ്ഞിരിക്കുന്നു, വിശേഷിച്ചും അവ മറ്റുതരം മരുന്നുകളുടെ കൂട്ടത്തിൽ കഴിക്കുകയാണെങ്കിൽ. കഫക്കെട്ട്‌ ഇല്ലാതാക്കാനും തൂക്കം കുറയ്‌ക്കാനും ഉപയോഗിക്കുന്ന, പ്രചാരമേറിയ ഒരു പച്ചമരുന്ന്‌ രക്തസമ്മർദവും ഹൃദയമിടിപ്പും വർധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌.

അതുപോലെ ചില പച്ചമരുന്നുകൾ രക്തവാർച്ച വർധിപ്പിക്കുന്നവയാണ്‌. ഈ പച്ചമരുന്നുകൾ “രക്തത്തിന്റെ സാന്ദ്രത കുറയ്‌ക്കുന്ന” മരുന്നുകൾക്കൊപ്പം കഴിക്കുന്നപക്ഷം ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. പ്രമേഹം, ഉയർന്ന രക്ത സമ്മർദം തുടങ്ങിയ സ്ഥായിയായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും മറ്റു മരുന്നുകൾ കഴിക്കുന്നവരും പച്ചമരുന്നുകൾ കഴിക്കുന്നതു സംബന്ധിച്ച്‌ ജാഗ്രത പാലിക്കേണ്ടതുണ്ട്‌.​—⁠കൂടെയുള്ള ചതുരം കാണുക.

പച്ചമരുന്നുകളുമായി ബന്ധപ്പെട്ട്‌ ഉത്‌കണ്‌ഠയ്‌ക്ക്‌ ഇടയാക്കുന്ന മറ്റൊരു സംഗതി അതിന്റെ ഉത്‌പന്നങ്ങളുടെ ഗുണമേന്മ സ്ഥിരതയുള്ളതല്ല എന്നതാണ്‌. ചില പച്ചമരുന്ന്‌ ഉത്‌പന്നങ്ങളിൽ ഘന ലോഹങ്ങളും മറ്റു കലർപ്പുകളും ഉള്ളതായി സമീപ വർഷങ്ങളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. മറ്റു ചില പച്ചമരുന്ന്‌ ഉത്‌പന്നങ്ങളിൽ ലേബലിൽ നൽകിയിരിക്കുന്ന ചേരുവകൾ ഒന്നുംതന്നെ ഇല്ലെന്നു കണ്ടുപിടിക്കുകയുണ്ടായി. പച്ചമരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാ ഔഷധങ്ങളും പേരുകേട്ടതും ആശ്രയയോഗ്യവുമായ കേന്ദ്രങ്ങളിൽനിന്നു വാങ്ങേണ്ടതാണെന്ന്‌ മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു.

ഭക്ഷ്യപൂരകങ്ങൾ

വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷക വർധകങ്ങൾ വിളർച്ചയും അസ്ഥിക്ഷയവും പോലുള്ള ഒട്ടേറെ പ്രശ്‌നങ്ങൾ തടയുന്നതിലും ചികിത്സിച്ചു മാറ്റുന്നതിലും ചില ജനന വൈകല്യങ്ങൾ തടയുന്നതിൽ പോലും സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്‌. ഗവൺമെന്റിന്റെ ആരോഗ്യവകുപ്പ്‌ ശുപാർശ ചെയ്യുന്ന അളവിൽ വിറ്റാമിനുകളും ധാതുക്കളും ദിവസേന കഴിക്കുന്നത്‌ താരതമ്യേന സുരക്ഷിതവും പ്രയോജനപ്രദവുമാണെന്നു കണക്കാക്കപ്പെടുന്നു.

എന്നിരുന്നാലും, ചില രോഗങ്ങൾ ഭേദമാക്കാനായി ഇവ കൂടിയ അളവിൽ നൽകുമ്പോൾ അത്‌ ആരോഗ്യത്തിന്‌ അപകടകരമായിരുന്നേക്കാം. മറ്റു പോഷകങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനോ പ്രവർത്തിക്കുന്നതിനോ അവ തടസ്സം സൃഷ്ടിച്ചേക്കുമെന്നു മാത്രമല്ല, മറ്റു പാർശ്വഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നു. ഈ വസ്‌തുതകളും വിറ്റാമിന്റെ കൂടിയ അളവിലുള്ള ഉപയോഗത്തെ അനുകൂലിക്കുന്ന മതിയായ തെളിവുകൾ ഇല്ല എന്ന വസ്‌തുതയും അവഗണിക്കരുത്‌.

ഹോമിയോപ്പതി

1700-കളിലാണ്‌ ഹോമിയോപ്പതി വികാസം പ്രാപിച്ചത്‌. അക്കാലത്ത്‌ നിലവിലിരുന്ന ചികിത്സകളെ അപേക്ഷിച്ച്‌ കൂടുതൽ സൗമ്യമായ സമീപനമായിരുന്നു ഹോമിയോ ചികിത്സയുടേത്‌. ഹോമിയോപ്പതിക്ക്‌ അടിസ്ഥാനപരമായി രണ്ട്‌ തത്ത്വങ്ങൾ ഉണ്ട്‌. “സമാനം സമാനത്താൽ ഭേദമാക്കപ്പെടുന്നു” എന്നതാണ്‌ ആദ്യത്തേത്‌. മിനിമം ഡോസ്‌ തിയറിയാണ്‌ രണ്ടാമത്തേത്‌. രോഗശമന വസ്‌തുവിന്റെ വീര്യം തീരെ കുറച്ച്‌ അതിന്റെ ഒരു മാത്ര പോലും അവശേഷിക്കാത്ത വിധത്തിലാണ്‌ ഹോമിയോപ്പതിയിൽ മരുന്നുകൾ തയ്യാറാക്കുന്നത്‌.

എന്തായാലും, പ്ലാസിബോ സിദ്ധാന്തത്തിന്റെ ഉപയോഗത്തോടുള്ള താരതമ്യത്തിൽ, ഹോമിയോ മരുന്നുകൾ ആസ്‌തമ, അലർജികൾ, കുട്ടികൾക്ക്‌ ഉണ്ടാകുന്ന അതിസാരം എന്നിവയ്‌ക്ക്‌ ഒരു പരിധിവരെ ഫലപ്രദമാണെന്നു തെളിഞ്ഞു. ഹോമിയോപ്പതി ഉത്‌പന്നങ്ങൾ തീരെ വീര്യം കുറച്ചാണ്‌ ഉത്‌പാദിപ്പിക്കുന്നത്‌ എന്നുള്ളതുകൊണ്ട്‌ അവ സുരക്ഷിതമാണെന്നു കണക്കാക്കപ്പെടുന്നു. ജാമയുടെ 1998 മാർച്ച്‌ 4 ലക്കത്തിലെ ഒരു ലേഖനം ഇപ്രകാരം അഭിപ്രായപ്പെട്ടു: “കൃത്യമായ രോഗനിർണയം സാധ്യമല്ലാത്ത സ്ഥായിയായ പ്രശ്‌നങ്ങൾ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഹോമിയോപ്പതി സുപ്രധാനവും ഉപകാരപ്രദവുമായ ഒരു പകര ചികിത്സ ആയിരിക്കാം. ഹോമിയോപ്പതി അതിന്റെ പരിമിതികൾക്ക്‌ ഉള്ളിൽനിന്നുകൊണ്ട്‌ ഉപയോഗിക്കുന്ന പക്ഷം അത്‌ ‘മറ്റൊരു ചികിത്സോപാധി’ എന്ന നിലയ്‌ക്ക്‌ ആധുനിക വൈദ്യശാസ്‌ത്രത്തിന്‌ ഒരു പൂരകമായി വർത്തിക്കും.” എന്നിരുന്നാലും, ജീവൻ അപകടത്തിലായിരിക്കുന്ന നിർണായക സാഹചര്യങ്ങളിൽ അലോപ്പതി പോലുള്ള പതിവുചികിത്സകൾ തന്നെ പിൻപറ്റുന്നതായിരിക്കും ബുദ്ധി.

കൈറോപ്രാക്‌റ്റിക്‌

ശരീരഭാഗങ്ങളിൽ തിരുമ്മൽ നടത്തുന്ന ചികിത്സാരീതികൾ ഉണ്ട്‌. വിശേഷിച്ചും ഐക്യനാടുകളിൽ ഏറ്റവും സാധാരണമായി ഉപയോഗിക്കപ്പെടുന്ന പകര ചികിത്സയാണ്‌ കൈറോപ്രാക്‌റ്റിക്‌. നട്ടെല്ലിലുള്ള സ്ഥാനചലനങ്ങൾ നേരെയാക്കുകവഴി രോഗസൗഖ്യം വരുത്താൻ കഴിയും എന്നതാണ്‌ ഈ ചികിത്സയുടെ അടിസ്ഥാന തത്ത്വം. അതുകൊണ്ടാണ്‌ രോഗികളുടെ നട്ടെല്ലു തിരുമ്മി കശേരുക്കൾ നേരെയാക്കുന്നതിൽ കൈറോപ്രാക്‌റ്റിക്‌ ചികിത്സകർ പ്രത്യേക പഠനം നടത്തുന്നത്‌.

അലോപ്പതി മരുന്നിന്‌ എപ്പോഴും നടുവേദന ശമിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ കൈറോപ്രാക്‌റ്റിക്‌ ചികിത്സയ്‌ക്കു വിധേയരായ ചില രോഗികൾ തങ്ങൾക്കു വലിയ ആശ്വാസം ലഭിക്കുകയുണ്ടായെന്നു പറയുന്നു. വേദന ഒഴിച്ചുള്ള പ്രശ്‌നങ്ങൾക്ക്‌ കൈറോപ്രാക്‌റ്റിക്‌ ചികിത്സ ഫലപ്രദമായിരിക്കുമോ എന്നതിന്‌ വേണ്ടത്ര തെളിവുകൾ ഇല്ല.

വിദഗ്‌ധനായ ഒരു കൈറോപ്രാക്‌റ്റിക്‌ ചികിത്സകൻ തിരുമ്മൽ നടത്തിയശേഷം പാർശ്വഫലങ്ങൾ ഉണ്ടായിട്ടുള്ള കേസുകൾ നന്നേ വിരളമാണ്‌. കഴുത്തിൽ തിരുമ്മൽ നടത്തുന്നത്‌ മസ്‌തിഷ്‌കാഘാതവും പക്ഷാഘാതവും പോലെ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമെന്ന വസ്‌തുത വിസ്‌മരിക്കരുത്‌. അത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാനായി, ചെയ്യാൻ ഉദ്ദേശിക്കുന്ന ആ പ്രത്യേക തിരുമ്മൽ രീതി തന്റെ കാര്യത്തിൽ സുരക്ഷിതമാണോ എന്നറിയുന്നതിന്‌ രോഗി സമഗ്രമായ പരിശോധനയ്‌ക്കു വിധേയനാകണമെന്നു ചില വിദഗ്‌ധർ നിർദേശിക്കുന്നു.

ഉഴിച്ചിൽ

ഉഴിച്ചിൽ കൊണ്ടുള്ള പ്രയോജനങ്ങൾ മിക്കവാറും എല്ലാ സംസ്‌കാരങ്ങളിലും പണ്ടേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്‌. ബൈബിൾ കാലങ്ങളിൽ പോലും അത്‌ നിലവിലുണ്ടായിരുന്നു. (എസ്ഥേർ 2:​12, NW) “ചൈനയിലെയും ഇന്ത്യയിലെയും പരമ്പരാഗത ചികിത്സയിൽ ഉഴിച്ചിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്‌,” 1999 നവംബർ 6-ലെ ബ്രിട്ടീഷ്‌ മെഡിക്കൽ ജേർണൽ പറയുന്നു. “യൂറോപ്പിൽ ഉഴിച്ചിലിനു രൂപംനൽകിയത്‌ പാർ ഹെൻഡ്രിക്ക്‌ ലിങ്‌ ആണ്‌, 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ. ഇന്ന്‌ അത്‌ സ്വീഡിഷ്‌ ഉഴിച്ചിൽ എന്നാണ്‌ അറിയപ്പെടുന്നത്‌.”

ഉഴിച്ചിൽ പേശികൾക്ക്‌ അയവു വരുത്തുമെന്നും രക്തപ്രവാഹം മെച്ചപ്പെടുത്തുമെന്നും കലകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷവസ്‌തുക്കൾ നീക്കം ചെയ്യുമെന്നും പറയപ്പെടുന്നു. പുറംവേദന, തലവേദന, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട തകരാറുകൾ എന്നിവയ്‌ക്ക്‌ ഡോക്‌ടർമാർ ഇപ്പോൾ ഉഴിച്ചിൽ നിർദേശിക്കുന്നുണ്ട്‌. ഉഴിച്ചിലിനു വിധേയരായ പലരും അതിനുശേഷം തങ്ങൾക്ക്‌ വളരെ സുഖം തോന്നിയതായി അഭിപ്രായപ്പെട്ടിരിക്കുന്നു. സാൻഡ്ര മക്ലന്നഹൻ പറയുന്നപ്രകാരം “എൺപതു ശതമാനം രോഗങ്ങളും പിരിമുറുക്കവുമായി ബന്ധപ്പെട്ടതാണ്‌, ഉഴിച്ചിൽ പിരിമുറുക്കം കുറയ്‌ക്കുന്നു.”

“ഉഴിച്ചിൽ വിദ്യകളിൽ പലതിനും പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്‌,” ബിഎംജെ പറയുന്നു. “സാമാന്യബുദ്ധി ഉപയോഗിക്കുന്നപക്ഷം (ഉദാഹരണത്തിന്‌ പൊള്ളലേറ്റ ഭാഗങ്ങളിൽ ഉരസാതെ നോക്കുകയും കൈയിലോ കാലിലോ ഉള്ള സിരകളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെങ്കിൽ അവിടെ ഉഴിച്ചിൽ നടത്താതിരിക്കുകയും ചെയ്‌താൽ) ഉഴിച്ചിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വലിയ അളവുവരെ ഒഴിവാക്കാവുന്നതേയുള്ളൂ . . . അർബുദം ബാധിച്ചവരിൽ ഉഴിച്ചിൽ നടത്തിയാൽ അത്‌ പടരുമെന്നതിന്‌ തെളിവുകളൊന്നും ഇല്ല.”

“ഉഴിച്ചിൽ മുഖ്യധാരാ ചികിത്സകളുടെ നിരയിലേക്കു വന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഉഴിച്ചിൽ നടത്തുന്നയാളുടെ യോഗ്യതയെക്കുറിച്ച്‌ അറിയാൻ ഉപഭോക്താക്കൾ താത്‌പര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു, അത്‌ അങ്ങനെയായിരിക്കണംതാനും” എന്ന്‌ അമേരിക്കൻ മസാജ്‌ തെറാപ്പി അസ്സോസിയേഷന്റെ മുൻ പ്രസിഡന്റ്‌ ഇ. യൂസ്റ്റൻ ലെബ്രൻ പറഞ്ഞു. കബളിപ്പിക്കപ്പെടുന്നത്‌ തടയാനായി “ചികിത്സകർക്ക്‌ അറിയപ്പെടുന്ന ഒരു സംഘടനയുടെ അംഗീകാരം ഉണ്ടോയെന്ന്‌ ഉറപ്പുവരുത്തണം” എന്ന്‌ ബിഎംജെ നിർദേശിക്കുന്നു. ഐക്യനാടുകളിലെ 28 സംസ്ഥാനങ്ങളിൽ ചികിത്സകർക്ക്‌ ലൈസൻസ്‌ ഏർപ്പെടുത്തിയിരിക്കുന്നതായി കഴിഞ്ഞ വർഷത്തെ റിപ്പോർട്ടു പറയുന്നു.

അക്യൂപങ്‌ചർ

ലോകത്തിലുടനീളം വലിയ അളവിൽ പ്രചാരം സിദ്ധിച്ചിരിക്കുന്ന ഒരു ചികിത്സാരൂപമാണ്‌ അക്യൂപങ്‌ചർ. “അക്യൂപങ്‌ചർ” എന്നതിൽ വിവിധ ചികിത്സാരീതികൾ ഉൾപ്പെടുന്നുണ്ടെങ്കിലും ഏറ്റവും സാധാരണമായ രീതി നേരിയ സൂചികൾ ചികിത്സാർഥം ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ കയറ്റുന്നതാണ്‌. വേദനയും പഴുപ്പും ശമിപ്പിക്കുന്ന എൻഡോർഫിൻ പോലുള്ള നാഡീരാസവസ്‌തുക്കൾ ഉത്‌പാദിപ്പിച്ചുകൊണ്ട്‌ ചില സാഹചര്യങ്ങളിൽ അക്യൂപങ്‌ചർ ഫലം ചെയ്‌തേക്കാം എന്ന്‌ കഴിഞ്ഞ ദശകങ്ങളിൽ നടത്തിയിട്ടുള്ള ഗവേഷണങ്ങൾ കാണിക്കുന്നു.

അക്യൂപങ്‌ചർ ഒട്ടേറെ രോഗങ്ങൾ ഭേദമാക്കുന്നതിൽ ഫലപ്രദമാണെന്നും അനസ്‌തേഷ്യയ്‌ക്കു പകരമുള്ള സുരക്ഷിതമായ ഒരു നടപടിയാണെന്നും ചില ഗവേഷണങ്ങൾ തെളിയിച്ചിരിക്കുന്നു. വ്യത്യസ്‌തമായ 104 രോഗാവസ്ഥകൾക്ക്‌ അക്യൂപങ്‌ചർ ചികിത്സാരീതി ഉപയോഗിക്കാമെന്ന്‌ ലോകാരോഗ്യ സംഘടന പറയുന്നു. ശസ്‌ത്രക്രിയയെ തുടർന്നുണ്ടാകുന്ന വേദനയും പേശികൾക്കുണ്ടാകുന്ന വേദനയും ആർത്തവ സംബന്ധമായ വയറുവേദനയും കീമോതെറാപ്പിയെ തുടർന്നോ ഗർഭകാലത്തോ ഉണ്ടാകുന്ന മനംപിരട്ടലും ഛർദിയും ഭേദമാക്കാൻ അക്യൂപങ്‌ചർ ഫലപ്രദമാണെന്നുള്ളതിന്‌ യു.എ⁠സ്‌. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ്‌ ഹെൽത്ത്‌ തിരഞ്ഞെടുത്ത ഒരു കമ്മിറ്റി തെളിവുകൾ നിരത്തുകയുണ്ടായി.

അക്യൂപങ്‌ചറിന്‌ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്‌ വിരളമാണെങ്കിലും ചിലർക്ക്‌ അതു നടത്തിയ ഭാഗത്ത്‌ വേദനയോ മരവിപ്പോ ഇക്കിളിയോ അനുഭവപ്പെട്ടേക്കാം. ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന സൂചികൾ വേണ്ടവിധത്തിൽ അണുവിമുക്തമാക്കുകയോ ഡിസ്‌പോസിബിൾ സൂചികൾ (ഉപയോഗശേഷം ഉപേക്ഷിക്കാവുന്നവ) ഉപയോഗിക്കുകയോ ചെയ്യുന്നപക്ഷം അണുബാധ ഒഴിവാക്കാവുന്നതാണ്‌. പല അക്യൂപങ്‌ചർ ചികിത്സകർക്കും ശരിയായി രോഗനിർണയം നടത്താനോ കൂടുതൽ ഉചിതമായ ചികിത്സകൾ നിർദേശിക്കാനോ ആവശ്യമായ വൈദ്യശാസ്‌ത്ര വൈദഗ്‌ധ്യം ഇല്ല. വിട്ടുമാറാത്ത അസുഖങ്ങളുടെ ലക്ഷണങ്ങളിൽനിന്നു ശമനം നേടാനായി അക്യൂപങ്‌ചർ ഉപയോഗിക്കാൻ തീരുമാനിക്കുന്നെങ്കിൽ മേൽപ്പറഞ്ഞ വസ്‌തുത അവഗണിക്കുന്നത്‌ ബുദ്ധിയായിരിക്കില്ല.

തിരഞ്ഞെടുപ്പുകൾ നിരവധി

ചില സ്ഥലങ്ങളിൽ ഇന്ന്‌ സാധാരണഗതിയിൽ പകര ചികിത്സകളായി കണക്കാക്കപ്പെടുന്ന നിരവധി ചികിത്സാരീതികളിൽ ഏതാനും എണ്ണത്തെ കുറിച്ചു മാത്രമാണ്‌ ഇവിടെ പരാമർശിച്ചിരിക്കുന്നത്‌. ഭാവിയിൽ ഇവയിൽ ചിലതും അതുപോലെ ഈ ലേഖനങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത പല ചികിത്സകളും പ്രധാനപ്പെട്ട ചികിത്സകളായി മാറിയേക്കാം, ഇപ്പോൾത്തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും അവ അങ്ങനെയായി കഴിഞ്ഞിരിക്കുന്നു. മറ്റു ചിലവയുടെ ഉപയോഗംതന്നെ നിന്നുപോയേക്കാം.

സങ്കടകരമെന്നു പറയട്ടെ, വേദനയും രോഗവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്‌. ബൈബിൾ കൃത്യതയോടെ ഇപ്രകാരം പറയുന്നു: “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.” (റോമർ 8:22) മനുഷ്യർ അതിൽനിന്നു മോചനം നേടാൻ ആഗ്രഹിക്കുന്നതു സ്വാഭാവികം മാത്രം. എന്നാൽ നമുക്ക്‌ എങ്ങോട്ടു തിരിയാൻ കഴിയും? വൈദ്യചികിത്സ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളെ സഹായിച്ചേക്കാവുന്ന ചില നിർദേശങ്ങൾ പരിചിന്തിക്കുക.

[8-ാം പേജിലെ ചതുരം/ചിത്രം]

അലോപ്പതി മരുന്നുകൾക്കൊപ്പം പച്ചമരുന്നുകൾ കഴിക്കൽ​—⁠അപകടങ്ങൾ എന്തെല്ലാം?

ചില ഇംഗ്ലീഷ്‌ മരുന്നുകളുടെ കാര്യത്തിൽ, രണ്ടു വ്യത്യസ്‌തതരം മരുന്നുകൾ ഒരേ സമയത്ത്‌ കഴിക്കുന്നതിന്‌ എതിരെ അല്ലെങ്കിൽ ചില മരുന്നുകൾ കഴിക്കുമ്പോൾ ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതിന്‌ എതിരെ മിക്കപ്പോഴും ആളുകൾക്കു മുന്നറിയിപ്പു ലഭിക്കാറുണ്ട്‌. എന്നാൽ അത്തരം മരുന്നുകൾക്കൊപ്പം പച്ചമരുന്നുകൾ കഴിക്കുന്നതിൽ അപകടമുണ്ടോ? ഈ സമ്പ്രദായം എത്രത്തോളം വ്യാപകമാണ്‌?

“അലോപ്പതി മരുന്നുകൾക്കൊപ്പം പച്ചമരുന്നുകൾ കഴിക്കുന്ന”തിനെ കുറിച്ച്‌ ദ ജേർണൽ ഓഫ്‌ ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷനിലെ ഒരു ലേഖനം പ്രസ്‌താവിക്കുകയുണ്ടായി. അത്‌ ഇപ്രകാരം പറഞ്ഞു: “ഡോക്ടറുടെ നിർദേശപ്രകാരം അലോപ്പതി മരുന്നുകൾ ക്രമമായി കഴിച്ചുകൊണ്ടിരുന്ന 44 ശതമാനം മുതിർന്ന വ്യക്തികളിൽ ഏതാണ്ട്‌ 5-ൽ ഒരാൾ വീതം (18%) തങ്ങൾ ആ മരുന്നുകൾക്കു പുറമേ ചുരുങ്ങിയത്‌ ഒരു പച്ചമരുന്ന്‌ ഉത്‌പന്നമോ കൂടിയ ഡോസിലുള്ള വിറ്റാമിൻ ഗുളികകളോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ കഴിക്കുന്നുണ്ടെന്നു പറഞ്ഞു.” അത്തരം രീതി നിമിത്തമുള്ള അപകടങ്ങൾ അറിഞ്ഞിരിക്കുന്നതു പ്രധാനമാണ്‌.

ചില പ്രത്യേക പച്ചമരുന്ന്‌ ഉത്‌പന്നങ്ങൾ കഴിക്കുന്നവർ അനസ്‌തേഷ്യ ആവശ്യമുള്ള എന്തെങ്കിലും ചികിത്സാ നടപടികൾക്കു വിധേയമാകുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്‌. അമേരിക്കൻ സൊസൈറ്റി ഓഫ്‌ അനസ്‌തേഷ്യോളജിസ്റ്റ്‌സിന്റെ പ്രസിഡന്റായ ഡോ. ജോൺ നീൽഡ്‌ ഇപ്രകാരം പറഞ്ഞു: “ജിൻസെങ്‌, സെന്റ്‌ ജോൺസ്‌ വോർട്ട്‌ എന്നിവയുൾപ്പെടെ പ്രചാരം സിദ്ധിച്ച ചില പച്ചമരുന്നുകൾ രക്തസമ്മർദത്തിൽ കാര്യമായ വ്യതിയാനങ്ങൾ വരുത്തിയേക്കാം എന്ന്‌ ചിലരുടെ അനുഭവങ്ങൾ തെളിയിക്കുന്നു. അനസ്‌തേഷ്യയുടെ സമയത്ത്‌ അത്‌ വലിയ അപകടം ചെയ്യും.”

അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ജിങ്കോ ബൈലോബ, ഇഞ്ചി, ഫീവർഫ്യൂ എന്നിവപോലുള്ള മറ്റു ചിലതാകട്ടെ രക്തം കട്ടപിടിക്കുന്നതിനു തടസ്സം സൃഷ്ടിച്ചേക്കാം. എപ്പിഡൂറൽ അനസ്‌തേഷ്യ നൽകുമ്പോഴാണ്‌ ഇത്‌ വിശേഷിച്ചും അപകടം ചെയ്യുന്നത്‌. സുഷുമ്‌നാ നാഡിക്കു സമീപം രക്തസ്രാവം ഉണ്ടെങ്കിൽ അതു തളർച്ചയ്‌ക്ക്‌ ഇടയാക്കിയേക്കാം. സെന്റ്‌ ജോൺസ്‌ വോർട്ട്‌ ചില മയക്കു മരുന്നുകളുടെയോ അനസ്‌തെറ്റിക്‌ മരുന്നുകളുടെയോ ഫലങ്ങളുടെ തീവ്രത വർധിപ്പിച്ചേക്കാം.

അതുകൊണ്ട്‌ നാം കണ്ടുകഴിഞ്ഞതുപോലെ, പച്ചമരുന്നുകളും മറ്റു മരുന്നുകളും ഒരുമിച്ചു കഴിക്കുന്നതുകൊണ്ടുള്ള അപകടങ്ങളെ കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത്‌ മർമപ്രധാനമാണ്‌. മറ്റു മരുന്നുകൾ കഴിക്കുന്ന കൂട്ടത്തിൽ ചില പച്ചമരുന്നുകൾ കഴിക്കുന്നത്‌ തങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ അപകടം ചെയ്‌തേക്കാമെന്ന്‌ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വിശേഷിച്ച്‌ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ തങ്ങൾ കഴിക്കുന്ന മരുന്ന്‌ എന്തായാലും ചികിത്സിക്കുന്ന ഡോക്‌ടറുമായി അതേക്കുറിച്ചു സംസാരിക്കാൻ രോഗികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു.

[7-ാം പേജിലെ ചിത്രങ്ങൾ]

ആരോഗ്യപ്രശ്‌നങ്ങൾ ചികിത്സിക്കുന്നതിൽ ചില പച്ചമരുന്നുകൾ ഫലപ്രദമാണ്‌

ബ്ലാക്ക്‌ കൊഹൊഷ്‌

സെന്റ്‌- ജോൺസ്‌-വോർട്ട്‌

[കടപ്പാട്‌]

© Bill Johnson/Visuals Unlimited

[7-ാം പേജിലെ ചിത്രം]

ഏറ്റവും നല്ല ഫലങ്ങൾ ലഭിക്കാൻ രോഗികളും ചികിത്സകരും സഹകരിച്ചു പ്രവർത്തിക്കേണ്ടതുണ്ട്‌