വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പകര ചികിത്സകൾ—പലരും അതിലേക്കു തിരിയുന്നതിന്റെ കാരണം

പകര ചികിത്സകൾ—പലരും അതിലേക്കു തിരിയുന്നതിന്റെ കാരണം

പകര ചികിത്സകൾ​—⁠പലരും അതിലേക്കു തിരിയുന്നതിന്റെ കാരണം

പകര ചികിത്സകളിൽ അഥവാ പൂരക ചികിത്സകളിൽ ഒട്ടേറെ സൗഖ്യമാക്കൽ രീതികളും ചികിത്സാവിധികളും ഉൾപ്പെടുന്നുണ്ട്‌. പ്രകൃതി ചികിത്സയുടെ ഗണത്തിൽ പെടുന്നവയാണ്‌ ഇവയിൽ പലതും. പ്രകൃതിദത്തമായ വസ്‌തുക്കളും രീതികളും ഉപയോഗിച്ച്‌ ശരീരത്തെ പരുവപ്പെടുത്തുകയും അങ്ങനെ സ്വയം സൗഖ്യം പ്രാപിക്കാൻ അതിനെ സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ഈ സമ്പ്രദായത്തിന്റെ അടിസ്ഥാനതത്ത്വം. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഈ ചികിത്സകളിൽ പലതിനെയും ആധുനിക വൈദ്യശാസ്‌ത്രം തള്ളിക്കളയുകയോ അവഗണിക്കുകയോ ചെയ്‌തിരിക്കുന്നു.

ഉദാഹരണത്തിന്‌, 1960 ആഗസ്റ്റ്‌ 27 ലക്കത്തിലെ ജേർണൽ ഓഫ്‌ ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുകയുണ്ടായി: “[പൊള്ളലിന്‌ തണുത്ത വെള്ളം പ്രയോഗിക്കുന്നത്‌ ഗുണകരമാണെന്ന്‌] പണ്ടത്തെ ആളുകൾക്ക്‌ അറിയാമായിരുന്നെങ്കിലും ചികിത്സകരും സാധാരണക്കാരും ഒരുപോലെ അത്‌ അവഗണിച്ചിരിക്കുന്നതായി കാണപ്പെടുന്നു. ഈ ചികിത്സാരൂപത്തെ പ്രകീർത്തിച്ചുകൊണ്ട്‌ പുസ്‌തകങ്ങളും മറ്റും ഐകകണ്‌ഠ്യേന ചില പ്രസ്‌താവനകൾ നടത്തിയിട്ടുണ്ടെങ്കിലും ഇന്ന്‌ അത്‌ പൊതുവെ ഉപയോഗിക്കപ്പെടുന്നില്ല. ഇന്ന്‌ ആരും ഈ പ്രതിവിധി പരീക്ഷിക്കുന്നില്ലെന്ന്‌ മിക്ക ചികിത്സകരും പറയുന്നുണ്ടെങ്കിലും, എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ അവർക്ക്‌ ഉത്തരമില്ല.”

എന്നിരുന്നാലും, പൊള്ളലേറ്റ ഭാഗത്ത്‌ തണുത്ത വെള്ളം ഒഴിക്കുകയോ ഐസ്‌ വെക്കുകയോ ചെയ്യാൻ അലോപ്പതി ചികിത്സകർ ഇപ്പോൾ നിർദേശിക്കുന്നു. 1963 സെപ്‌റ്റംബറിലെ ദ ജേർണൽ ഓഫ്‌ ട്രോമ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “1959-ലും 1960-കളിലും ഓഫേഗ്‌സൊണിന്റെയും ഷൂൽമന്റെയും റിപ്പോർട്ടുകളെ തുടർന്നാണ്‌ പൊള്ളലിനുള്ള ആദ്യകാല ചികിത്സയിൽ തണുത്ത വെള്ളം ഉപയോഗിക്കുന്ന രീതി വികാസം പ്രാപിച്ചത്‌. ഈ രീതി ഉപയോഗിച്ച്‌ ഞങ്ങൾ കഴിഞ്ഞ വർഷം രോഗികളെ ചികിത്സിക്കുകയുണ്ടായി; ഫലം വളരെ പ്രോത്സാഹജനകമായിരുന്നു.”

തണുത്ത വെള്ളം ഉപയോഗിച്ചുള്ള ചികിത്സ താരതമ്യേന സുരക്ഷിതമാണെന്നു മാത്രമല്ല ആശ്വാസപ്രദവുമാണ്‌. രോഗചികിത്സയ്‌ക്കായി ജലത്തെ പല രീതിയിൽ ഉപയോഗിക്കുന്ന ജലചികിത്സയും പകര ചികിത്സയിൽ പെടുന്നു. ആധുനിക വൈദ്യശാസ്‌ത്രം അത്തരം ചികിത്സാരൂപങ്ങളെ അംഗീകരിക്കുന്നുണ്ട്‌. *

അതുപോലെതന്നെ, പകര ചികിത്സയിൽ പലപ്പോഴും പച്ചമരുന്നുകളാണ്‌ ഉപയോഗിക്കുന്നത്‌. ഭൂമിയുടെ പല ഭാഗങ്ങളിലും നൂറുകണക്കിന്‌​—⁠ആയിരക്കണക്കിനു പോലും​—⁠വർഷങ്ങളായി പിൻപറ്റുന്ന ഒരു സമ്പ്രദായമാണ്‌ ഇത്‌. ഉദാഹരണത്തിന്‌ ഇന്ത്യയിൽത്തന്നെ കാലങ്ങളായി പച്ചമരുന്നുകൾ ചികിത്സയിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്‌. ഇന്ന്‌, ഏതാണ്ട്‌ എല്ലായിടത്തുംതന്നെ ചികിത്സകർ ചില സസ്യങ്ങളുടെ രോഗശമന പ്രാപ്‌തിയെ അംഗീകരിക്കുന്നുണ്ട്‌.

ശ്രദ്ധേയമായ ഒരു സംഭവം

ഏതാണ്ട്‌ ഒരു നൂറ്റാണ്ടു മുമ്പാണ്‌ സംഭവം. തന്റെ പത്തുവയസ്സുകാരനായ സെപ്പ്‌ ഷ്‌വാബ്‌ എന്ന കൊച്ചുസുഹൃത്തിനുണ്ടായ അനുഭവം റിക്കാർട്ട്‌ വിൽഷ്‌റ്റെറ്ററിനെ​—⁠ഇദ്ദേഹം പിന്നീട്‌ ഒരു സസ്യ-ജൈവരസതന്ത്ര വിദ്യാർഥിയായിത്തീർന്നു​—⁠സ്വാധീനിച്ചു. ഒരിക്കൽ സെപ്പിന്റെ കാലിൽ അണുബാധയുണ്ടായി. ജീവൻ രക്ഷിക്കണമെങ്കിൽ അവന്റെ കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്ന്‌ ഡോക്‌ടർ പറഞ്ഞു. ശസ്‌ത്രക്രിയ രാവിലെ നടത്തിയാൽ മതിയെന്ന്‌ സെപ്പിന്റെ മാതാപിതാക്കൾ പറഞ്ഞു. അതിനിടയിൽ അവർ ഒരു ആട്ടിടയനെ തേടിപ്പിടിച്ചു. പച്ചമരുന്നുകളെ കുറിച്ച്‌ നല്ല അറിവുണ്ടായിരുന്ന അയാൾ ചില പച്ചമരുന്നുകൾ പറിച്ചുകൊണ്ടുവന്നു. അവ തീരെ ചെറുതായി അരിഞ്ഞിട്ട്‌ കുഴമ്പു പരുവത്തിലാക്കി മുറിവിൽ പുരട്ടി.

രാവിലെ ആയപ്പോഴേക്കും മുറിവ്‌ അൽപ്പമൊന്ന്‌ വാടിയിരുന്നു. ശസ്‌ത്രക്രിയ നീട്ടിവെച്ചു. ആട്ടിടയൻ തന്റെ ചികിത്സ തുടർന്നു. കുറച്ചുദിവസത്തിനകം മുറിവ്‌ പൂർണമായും കരിഞ്ഞു. വിൽഷ്‌റ്റെറ്റർ ജർമനിയിലെ മ്യൂനിച്ച്‌ യൂണിവേഴ്‌സിറ്റിയിൽ രസതന്ത്രം പഠിക്കുന്നതിനു പോയി. പിന്നീട്‌ അദ്ദേഹം സസ്യങ്ങളിലെ വർണകങ്ങളെ, വിശേഷിച്ചും ക്ലോറോഫില്ലുകളെ കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്കു നോബൽ സമ്മാനം നേടുകയുണ്ടായി. ശ്രദ്ധേയമെന്നു പറയട്ടെ, ഇന്ന്‌ ഉപയോഗിക്കപ്പെടുന്ന ഔഷധങ്ങളിൽ ഏതാണ്ട്‌ 25 ശതമാനം ഭാഗികമായോ പൂർണമായോ സസ്യങ്ങളിൽ കാണപ്പെടുന്ന രാസവസ്‌തുക്കളിൽനിന്നു തയ്യാറാക്കുന്നവയാണ്‌.

സമനില പാലിക്കേണ്ടതിന്റെ പ്രാധാന്യം

എന്നാൽ, നാം വൈദ്യചികിത്സയെ കുറിച്ച്‌ പ്രത്യേകം ഓർത്തിരിക്കേണ്ട ഒരു സംഗതിയുണ്ട്‌. ഒരു വ്യക്തിയുടെ രോഗം അത്ഭുതകരമായി സുഖപ്പെടാൻ ഇടയാക്കിയ ഒരു ചികിത്സ വേറൊരു വ്യക്തിക്ക്‌ വലിയ ഫലമൊന്നും ചെയ്‌തില്ലെന്നുവരാം. രോഗത്തിന്റെ സ്വഭാവം, കാഠിന്യം, രോഗിയുടെ ആരോഗ്യം എന്നിങ്ങനെ ഒരു ചികിത്സയുടെ ഫലപ്രദത്വം നിർണയിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്‌. എന്തിന്‌, ചികിത്സ എപ്പോൾ ആരംഭിക്കുന്നു എന്നതു തന്നെയും ഒരു ഘടകമായിരിക്കാം.

അലോപ്പതി ചികിത്സയെ അപേക്ഷിച്ച്‌ പകര ചികിത്സകൾ വളരെ സാവധാനത്തിൽ മാത്രമേ ഫലം ചെയ്യുകയുള്ളൂ. അതുകൊണ്ടുതന്നെ, നേരത്തേ കണ്ടുപിടിച്ചു ചികിത്സിച്ചിരുന്നെങ്കിൽ ഭേദമാക്കാൻ കഴിയുമായിരുന്ന രോഗം മൂർച്ഛിക്കുകയും അങ്ങനെ ജീവൻ രക്ഷിക്കാൻ ചിലപ്പോൾ വീര്യംകൂടിയ ഔഷധങ്ങളോ ഒരുപക്ഷേ ശസ്‌ത്രക്രിയപോലുമോ ആവശ്യമായി വരുന്ന ഒരു സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്‌തേക്കാം. ആ സ്ഥിതിക്ക്‌, ഏതെങ്കിലും ഒരു രോഗത്തിന്‌ ഒരു ചികിത്സ മാത്രമേ ഉള്ളൂ എന്നപോലെ ഒരു പ്രത്യേക ചികിത്സയോടു പറ്റിനിൽക്കുന്നത്‌ ബുദ്ധിയല്ലെന്നു തെളിഞ്ഞേക്കാം.

പകര ചികിത്സയും അലോപ്പതി ചികിത്സയും ആരോഗ്യപ്രശ്‌നത്തെ കൈകാര്യം ചെയ്യുന്ന വിധം വ്യത്യസ്‌തമാണ്‌. പകര ചികിത്സയുടെ സൗഖ്യമാക്കൽ രീതികൾ കൂടുതലും രോഗപ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ അത്‌ വ്യക്തിയുടെ ജീവിത ചര്യയിലും പരിസ്ഥിതിയിലും അവ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിലും ശ്രദ്ധ പതിപ്പിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ പകര ചികിത്സകർ പൊതുവെ, രോഗാവസ്ഥയെ അല്ലെങ്കിൽ രോഗം ബാധിച്ച ഒരു അവയവത്തെ മാത്രമല്ല ചികിത്സിക്കുന്നത്‌, പിന്നെയോ മുഴു വ്യക്തിയെയുമാണ്‌.

പ്രകൃതിജന്യ വസ്‌തുക്കളാണ്‌ പകര ചികിത്സയിൽ ഉപയോഗിക്കുന്നത്‌. മാത്രമല്ല, അതിലെ ചികിത്സാരീതികൾ അലോപ്പതി ചികിത്സയോടുള്ള താരതമ്യത്തിൽ കൂടുതൽ മയപ്പെട്ടതും അപകടം കുറഞ്ഞതുമാണ്‌. ആളുകൾക്ക്‌ അതിനോടുള്ള ആഭിമുഖ്യം വർധിക്കാനുള്ള കാരണവും ഇതൊക്കെത്തന്നെയാണ്‌. സുരക്ഷിതവും ഫലപ്രദവുമായ ചികിത്സാരൂപങ്ങളോടുള്ള ആളുകളുടെ താത്‌പര്യം വർധിച്ചുവരികയാണ്‌ എന്നുള്ളതുകൊണ്ട്‌ പകര ചികിത്സയുടെ ഏതാനും ഉദാഹരണങ്ങൾ അടുത്ത ലേഖനത്തിൽ നൽകിയിരിക്കുന്നു.

[അടിക്കുറിപ്പ്‌]

^ 1988 ജൂൺ 22-ലെ ഉണരുക!-യുടെ (ഇംഗ്ലീഷ്‌) 25-6 പേജുകൾ കാണുക.