വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പർവതം കടലുമായി ഒന്നിക്കാൻ ശ്രമിച്ചപ്പോൾ

പർവതം കടലുമായി ഒന്നിക്കാൻ ശ്രമിച്ചപ്പോൾ

പർവതം കടലുമായി ഒന്നിക്കാൻ ശ്രമിച്ചപ്പോൾ

വെനെസ്വേലയിലെ ഉണരുക! ലേഖകൻ

വെനെസ്വേലയുടെ തലസ്ഥാന നഗരിയായ കാരക്കാസിനും കടലിനും ഇടയ്‌ക്കാണ്‌, 2,000 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന എൽ ആബിലാ പർവതത്തിന്റെ സ്ഥാനം. വീതികുറഞ്ഞതും ജനനിബിഡവുമായ ഒരു കടലോരമാണ്‌ വടക്കു വശത്ത്‌. വെനെസ്വേലയിലെ പ്രധാന വിമാനത്താവളം ഇവിടെയാണു സ്ഥിതിചെയ്യുന്നത്‌. ടൂറിസ്റ്റുകൾക്ക്‌ വിമാനത്താവളത്തിൽനിന്ന്‌ കാരക്കാസിൽ എത്തണമെങ്കിൽ ആ പർവതം തുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെ സഞ്ചരിക്കണം.

കഴിഞ്ഞ ഡിസംബറിൽ കോരിച്ചൊരിയുന്ന മഴയായിരുന്നു ആ പ്രദേശത്ത്‌. ഉള്ള മഴവെള്ളമെല്ലാം വലിച്ചെടുത്ത എൽ ആബിലാ പർവതത്തിന്‌ മേലാൽ ഒരു തുള്ളിപോലും ആഗിരണം ചെയ്യാൻ വയ്യാത്ത സ്ഥിതിയായി. പതിനായിരക്കണക്കിന്‌ ഘന മീറ്റർ വെള്ളം പർവതത്തിൽനിന്ന്‌ താഴേക്ക്‌ കുത്തിയൊഴുകിയപ്പോൾ പർവതത്തിന്റെ വശങ്ങൾ ഇടിഞ്ഞുപോരും എന്നു തോന്നിപ്പോയി. അതു കണ്ട ഒരു വ്യക്തി പറഞ്ഞത്‌ പർവതം കടലുമായി ഒന്നിക്കാൻ ശ്രമിക്കുന്നു എന്നാണ്‌. പർവതത്തിൽനിന്ന്‌ കുത്തിയൊഴുകിയെത്തിയ വെള്ളവും ചെളിയും പാറകളും കടപുഴകിയ മരങ്ങളും വീടുകളെ​—⁠കുടിലുകളെയും ബംഗ്ലാവുകളെയും​—⁠മൂടിക്കളഞ്ഞു. കിടക്കകളും ഫ്രിഡ്‌ജുകളും ടെലിവിഷനുകളും എന്തിന്‌, മനുഷ്യർ പോലും ഒഴുകിപ്പോയി. ഇതെല്ലാം കണ്ടപ്പോൾ പ്രായമായ ഒരാൾ പറഞ്ഞത്‌ ലോകാവസാനം വന്നെത്തി എന്നു താൻ വിചാരിച്ചു എന്നാണ്‌.

ക്രമേണ മഴ നിലച്ചു, വെള്ളം ഇറങ്ങാൻ തുടങ്ങി. ആ ദുരന്തത്തിൽ 50,000-ത്തോളം പേർ മരിച്ചിരിക്കാം എന്നും 4,00,000 പേർ ഭവനരഹിതരായി തീർന്നിട്ടുണ്ടെന്നുമാണ്‌ കണക്ക്‌. ഈ ദുരന്തത്തെ “വെനെസ്വേലയുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതി വിപത്ത്‌” എന്നു വിശേഷിപ്പിച്ചിരിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല.

കഷ്ടിച്ചു രക്ഷപ്പെട്ടപ്പോൾ

ഡിസംബർ 15-ാം തീയതി ച്വാൻ കാർലോസ്‌ ലോറെൻസോയും അദ്ദേഹത്തിന്റെ പിതാവും കരകവിഞ്ഞൊഴുകുന്ന രണ്ടു നദികൾക്കിടയിൽ കുടുങ്ങിപ്പോയി. അവർ വാഹനം ഉപേക്ഷിച്ച്‌ ഒരു കെട്ടിടത്തിനകത്ത്‌ അഭയം തേടി. 35 പേർ അതിനകം തന്നെ അവിടെ ഉണ്ടായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ കെട്ടിടത്തിനകത്ത്‌ വെള്ളം കയറുകയും ജലനിരപ്പ്‌ ദ്രുതഗതിയിൽ ഉയരുകയും ചെയ്‌തു. എല്ലാവരും ഒരുവിധത്തിൽ മേൽക്കൂരയിൽ കയറിപ്പറ്റി. ആ സമയത്ത്‌ വലിയ ഉരുളൻ കല്ലുകളും കടപുഴകി വീണ മരങ്ങളും കെട്ടിടത്തിൽ വന്നിടിക്കുന്നുണ്ടായിരുന്നു. അധികം കഴിഞ്ഞില്ല, ആ രണ്ടു നില കെട്ടിടത്തിന്റെ ഭിത്തികൾ തകർന്നുപോയി. തൂണുകളും മേൽക്കൂരയും മാത്രം ബാക്കിയായി. കല്ലുകളും തടിയും ദുർബലമായ ആ കെട്ടിടത്തിൽ തുടർന്നും ആഘാതം ഏൽപ്പിച്ചുകൊണ്ടിരുന്നു. കെട്ടിടം വല്ലാതെ കുലുങ്ങാൻ തുടങ്ങി.

ഒരു ഹെലിക്കോപ്‌റ്റർ അവിടെ വന്നെങ്കിലും കുലുങ്ങിവിറയ്‌ക്കുന്ന, ആ കെട്ടിടത്തിനു മുകളിൽ പറന്നിറങ്ങാനാകാതെ അതു മടങ്ങിപ്പോയി. മരണം ഉറപ്പാണെന്നു മനസ്സിലായ ച്വാൻ കാർലോസും അദ്ദേഹത്തിന്റെ പിതാവും കണ്ണീരോടെ വിടപറഞ്ഞു. അപ്പോൾ വേറെ രണ്ടു ഹെലിക്കോപ്‌റ്ററുകൾ അവിടെ എത്തി. വൈമാനികർ അവ നിലത്തിറക്കാതെ മുകളിൽ വിദഗ്‌ധമായി പറപ്പിച്ചു നിറുത്തി. മേൽക്കൂരയിൽ ഉണ്ടായിരുന്നവരെ ഒന്നൊന്നായി അതിൽ കയറ്റി. ഹെലിക്കോപ്‌റ്ററുകൾ സ്ഥലം വിടേണ്ട താമസം ആ കെട്ടിടം കൂലംകുത്തിയൊഴുകുന്ന വെള്ളത്തിലേക്ക്‌ നിലംപൊത്തി. അവർ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു!

റോഡുമാർഗവും കടൽമാർഗവും​—⁠കടലോരത്തിനടുത്തു വരെ വരാൻ പറ്റുന്ന സൈനികക്കപ്പലുകൾ ഈ ഉദ്ദേശ്യത്തിനായി ഉപയോഗിക്കുകയുണ്ടായി​—⁠ചെറിയ വിമാനങ്ങൾ വഴിയായും ആയിരക്കണക്കിന്‌ ആളുകളെ അപകടസ്ഥാനത്തുനിന്ന്‌ ഒഴിപ്പിക്കാൻ കഴിഞ്ഞു. തീരത്തേക്ക്‌ അടിച്ചുകയറുന്ന തിരമാലകൾക്കിടയിലൂടെ കയറിൽ പിടിച്ച്‌ നിരനിരയായി മുന്നോട്ടു നീങ്ങിയ ആളുകൾ ബോട്ടുകളിൽ കയറിപ്പറ്റി, ചിലരുടെ തോളത്താണെങ്കിൽ കുട്ടികളും ഉണ്ടായിരുന്നു. ചിലർക്ക്‌ കുറച്ചൊക്കെ സാധനങ്ങൾ കൂടെ കൊണ്ടുപോകാൻ കഴിഞ്ഞെങ്കിലും പലരും വെറും ഉടുതുണിയുമായാണ്‌ രക്ഷപ്പെട്ടത്‌.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

വിപത്തിനെ കുറിച്ചുള്ള വാർത്ത എത്തേണ്ട താമസം, വെനെസ്വേലയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ക്രമീകരണങ്ങൾ ചെയ്‌തു. എന്നാൽ ദുരിതബാധിത പ്രദേശങ്ങളിൽ എങ്ങനെ എത്തിപ്പെടും? റോഡുകളിൽ പലതും ഒലിച്ചുപോയിരുന്നു. ഉള്ള റോഡുകളിലാണെങ്കിൽ, കടന്നുപോകാൻ പറ്റാത്തവിധം ശൂന്യാവശിഷ്ടങ്ങൾ കുന്നുകൂടിക്കിടന്നിരുന്നു. എങ്കിലും, ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രധാന ഹൈവേയുടെ ഒരു ലെയ്‌ൻ അടിയന്തിരാവശ്യങ്ങൾക്കായി തുറക്കപ്പെട്ടു. ചികിത്സോപാധികളും ഒപ്പം പരിശീലനം സിദ്ധിച്ച സന്നദ്ധ സേവകരുമായി എത്തിയ സാക്ഷികളുടെ വാഹനങ്ങൾക്ക്‌ അതിലൂടെ കടന്നുപോകാനുള്ള അനുവാദം ലഭിച്ചു. ഒരു ഉദ്യോഗസ്ഥൻ പിന്നീട്‌ ഇങ്ങനെ പറഞ്ഞു: “സഹായമെത്തിക്കാനും ദുരിതബാധിത പ്രദേശത്തുനിന്ന്‌ ആളുകളെ ഒഴിപ്പിക്കാനുമായി ആദ്യം എത്തിയവരുടെ കൂട്ടത്തിൽ യഹോവയുടെ സാക്ഷികൾ ഉണ്ടായിരുന്നുവെന്ന്‌ ഗവൺമെന്റിനു നന്നായി അറിയാം.”

സഹായത്തിനായി കേഴുന്നവരെ കണ്ടെത്താൻ സാക്ഷികൾ തിരച്ചിൽ നടത്തി. ആളുകളെ കാരക്കാസിലേക്കു കൊണ്ടുപോകാനായി വാഹന സൗകര്യങ്ങൾ ക്രമീകരിക്കപ്പെട്ടു. വെറും കയ്യോടെയാണ്‌ പലരും അവിടെ എത്തിച്ചേർന്നത്‌. ആവശ്യക്കാർക്ക്‌ വിതരണം ചെയ്യുന്നതിനായി ആഹാരവും വസ്‌ത്രവും മരുന്നും ശേഖരിച്ചുവെക്കുക എന്ന ഉദ്ദേശ്യത്തിൽ നഗരത്തിൽ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിച്ചു. പാർപ്പിട സൗകര്യം ആവശ്യമായിരുന്ന ഒട്ടേറെ പേരെ തങ്ങളുടെ വീടുകളിൽ താമസിപ്പിക്കാൻ അവരുടെ ക്രിസ്‌തീയ സഹോദരങ്ങൾ സസന്തോഷം തയ്യാറായി.

ദുരന്തത്തിനു ശേഷം നാളുകൾ കഴിഞ്ഞും ബന്ധുമിത്രാദികൾ ആ സഹോദരങ്ങളോടൊപ്പം പാർക്കുന്നുണ്ടായിരുന്നു. പോർട്ടോ കാബെല്ലോയിലെ സാക്ഷികളായ ഹോയെലും എൽസായും ഒരു ചെറിയ അപ്പാർട്ട്‌മെന്റിലാണു താമസിക്കുന്നത്‌. ദുരന്തമുണ്ടായി ഒരു മാസം കഴിഞ്ഞപ്പോഴും 16 പേർ അവരോടൊപ്പം താമസിക്കുന്നുണ്ടായിരുന്നു. പലർക്കും പാർപ്പിടം മാത്രമല്ല ജോലിയും നഷ്ടപ്പെട്ടിരുന്നു.

ഒരിക്കൽ തലയുയർത്തി നിന്നിരുന്ന തിരക്കേറിയ തുറമുഖ പട്ടണങ്ങളുടെയും അവധിക്കാല സങ്കേതങ്ങളുടെയും മുഖച്ഛായ തിരിച്ചറിയാനാകാത്തവിധം മാറിപ്പോയിരുന്നു. ചില വാഹനങ്ങൾ ചെളിയിൽ പുതഞ്ഞു കിടന്നിരുന്നു. മറ്റു ചിലവ ചുവരുകളിലും പോസ്റ്റുകളിലും കതകുകളിലും ജനലുകളിലും ഒക്കെ ഇടിച്ചുതകർന്ന നിലയിലായിരുന്നു. മൂന്നു മീറ്റർ വരെ ഉയരത്തിൽ ചെളിവന്നടിഞ്ഞതു നിമിത്തം റോഡുകളുടെ ഉയരം വർധിച്ചു. അവയിലൂടെ നടക്കുന്ന ഒരാൾക്ക്‌ കെട്ടിടങ്ങളുടെ മുകൾനിലയുടെയോ മേൽക്കൂരയുടെയോ അത്രതന്നെ ഉയരം തോന്നിക്കുമായിരുന്നു.

ആ ദുരന്തം തങ്ങളെ വിലയേറിയ ഒരു പാഠം പഠിപ്പിച്ചെന്ന്‌ വെനെസ്വേലയിലുള്ള ചിലർ പറയുകയുണ്ടായി, അതായത്‌ ഭൗതിക കാര്യങ്ങളിൽ ആശ്രയം വെക്കരുതെന്ന്‌. (ലൂക്കൊസ്‌ 12:​29-31) അനേകർ യേശുക്രിസ്‌തുവിന്റെ പിൻവരുന്ന ബുദ്ധിയുപദേശം വിലമതിക്കാനിടയായി: “പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.”​—⁠മത്തായി 6:19-21.

[16, 17 പേജുകളിലെ ഭൂപടം/ചിത്രങ്ങൾ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

വെനെസ്വേല

കാരക്കാസ്‌

ദുരന്തബാധിത പ്രദേശം

കൊളംബിയ

[17-ാം പേജിലെ ചിത്രം]

രൂബെൻ സെറാനോ, തന്റെ ഇടിഞ്ഞുപൊളിഞ്ഞ വീടിനു സമീപം

[18-ാം പേജിലെ ചിത്രങ്ങൾ]

1. സന്നദ്ധസേവകർ കാരക്കാസിൽ ദുരിതാശ്വാസ സാധനങ്ങൾ ശേഖരിക്കുന്നു

2, 3. മയ്‌ക്വെറ്റ്യ സഭയിലെ സഹോദരങ്ങൾ തങ്ങളുടെ രാജ്യഹാളിൽ രണ്ടു മീറ്റർ കനത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നു

4. വീടു നഷ്ടമായ ഈ സഹോദരങ്ങൾ തങ്ങൾക്കും മറ്റുള്ളവർക്കും പുതിയ വീടുകൾ പണിയുന്നതിന്‌ സ്വമേധയാ മുന്നോട്ടു വന്നു

5. സാൻ സെബാസ്റ്റ്യൻ ദെ ലോസ്‌ റെയെസിലെ പണി മിക്കവാറും പൂർത്തിയായ വീടുകളിൽ ഒന്ന്‌