വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെച്ചപ്പെട്ട ആരോഗ്യം—ഒരു പുതിയ വഴിത്തിരിവോ?

മെച്ചപ്പെട്ട ആരോഗ്യം—ഒരു പുതിയ വഴിത്തിരിവോ?

മെച്ചപ്പെട്ട ആരോഗ്യം​—⁠ഒരു പുതിയ വഴിത്തിരിവോ?

ആരോഗ്യം പോലെ മനുഷ്യർക്കു താത്‌പര്യമുള്ള വിഷയങ്ങൾ അധികം ഇല്ലെന്നുതന്നെ പറയാം. ചിലപ്പോൾ, ചികിത്സകരുടെ എണ്ണത്തിനൊത്ത്‌ അഭിപ്രായങ്ങളും കണ്ടേക്കാം. ഉണരുക! ഇവയിൽ ഒന്നിന്റെയും പക്ഷം പിടിക്കുന്നില്ല, പിന്നെയോ പകര ചികിത്സകൾ എന്ന്‌ പൊതുവെ അറിയപ്പെടുന്ന ചികിത്സാവിധികളുടെ വർധിച്ച ഉപയോഗത്തെ കുറിച്ച്‌ ഒരു അവലോകനം നടത്തുക മാത്രമാണ്‌ ചെയ്യുന്നത്‌. പല ചികിത്സകളെ കുറിച്ചും ഞങ്ങൾ ഈ മാസികയിൽ പ്രതിപാദിച്ചിട്ടില്ല. ചില ചികിത്സകൾ വളരെ പ്രചാരം സിദ്ധിച്ചവയാണെങ്കിൽ മറ്റു ചിലത്‌ ഏറെ വിവാദം സൃഷ്ടിച്ചിട്ടുള്ളവയാണ്‌. ഇവിടെ ചർച്ച ചെയ്യാൻ പോകുന്നതോ അല്ലാത്തതോ ആയ എതെങ്കിലും ചികിത്സാവിധികളെ ശുപാർശ ചെയ്യുകയല്ല ഞങ്ങൾ ഈ ലേഖനത്തിലൂടെ ചെയ്യുന്നത്‌. ആരോഗ്യസംബന്ധമായ വിഷയങ്ങളെ കുറിച്ചുള്ള ബോധവത്‌കരണം ഉപകാരപ്രദമാണെങ്കിലും അതു സംബന്ധിച്ച തീരുമാനങ്ങൾ തികച്ചും വ്യക്തിപരമായിരിക്കേണ്ടതാണ്‌ എന്നു ഞങ്ങൾ വിശ്വസിക്കുന്നു.

നാമെല്ലാവരും ആരോഗ്യമുള്ളവർ ആയിരിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരുടെ എണ്ണം നോക്കുമ്പോൾ അത്‌ എത്തിപ്പിടിക്കാൻ ആകാത്ത ഒരു സംഗതിയായി കാണപ്പെടുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഇന്ന്‌ കൂടുതൽ കൂടുതൽ ആളുകൾ രോഗികൾ ആയിത്തീരുന്നുവെന്നു ചിലർ കരുതുന്നു.

രോഗത്തെ ചെറുക്കാനായി പല ഡോക്‌ടർമാരും, ഔഷധക്കമ്പനികൾ നിർമിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്ന മരുന്നുകളാണ്‌ കുറിച്ചുകൊടുക്കുന്നത്‌. ലോക വിപണിയിൽ അത്തരം ഔഷധങ്ങൾക്കു വേണ്ടിയുള്ള ഡിമാന്റ്‌ സമീപദശകങ്ങളിൽ ശ്രദ്ധേയമാംവിധം കുതിച്ചുയർന്നിരിക്കുന്നു. വർഷത്തിൽ ഏതാനും ശതകോടി ഡോളർ മാത്രം സമ്പാദിച്ചിരുന്ന ഔഷധ വ്യവസായം ഇപ്പോൾ ദശസഹസ്രകോടിക്കണക്കിനു ഡോളർ ലാഭം കൊയ്യുന്ന ഒന്നായി മാറിയിരിക്കുന്നു. ഇതിന്റെ ഫലമെന്താണ്‌?

ഡോക്‌ടർമാർ കുറിച്ചുകൊടുക്കുന്ന മരുന്നുകൾ അനേകരെ സഹായിച്ചിട്ടുണ്ട്‌ എന്നതു വാസ്‌തവമാണ്‌. എന്നാൽ, ചിലർ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യനിലയ്‌ക്ക്‌ മാറ്റം വരുന്നില്ല, ചിലപ്പോൾ അത്‌ മോശമാകുക പോലും ചെയ്‌തിരിക്കുന്നു. അതുകൊണ്ട്‌, സമീപകാലത്ത്‌ ചിലയാളുകൾ മറ്റു ചികിത്സകളിലേക്കു തിരിഞ്ഞിരിക്കുന്നു.

പലരും തിരഞ്ഞെടുക്കുന്ന ചികിത്സകൾ

ആധുനിക അലോപ്പതി ചികിത്സയെ അടിസ്ഥാന ചികിത്സയായി അംഗീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലുള്ള പലരും ഇന്ന്‌ പകര ചികിത്സകൾ അഥവാ പൂരക ചികിത്സകൾ എന്നു വിളിക്കപ്പെടുന്നവയിലേക്കു തിരിഞ്ഞിരിക്കുകയാണ്‌. “കാലങ്ങളായി പകര ചികിത്സകളെ മുഖ്യധാരാ ചികിത്സയിൽനിന്നു വേർതിരിച്ചിരുന്ന ആ വൻമതിൽ തകരുകയാണെന്നു തോന്നുന്നു” എന്ന്‌ മേയ്‌ 2000-ത്തിലെ കൺസ്യൂമർ റിപ്പോർട്ട്‌സ്‌ പറയുന്നു.

1998 നവംബർ 11-ലെ ദ ജേർണൽ ഓഫ്‌ ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (ജാമ) ഇങ്ങനെ അഭിപ്രായപ്പെട്ടു: “രോഗകാരണത്തെയും ലക്ഷണങ്ങളെയും മാറ്റാൻ കഴിയുന്നതോ മാറ്റാൻ ഉദ്ദേശിച്ചുള്ളതോ ആയ ചികിത്സ എന്നു നിർവചിക്കപ്പെട്ടിരിക്കുന്ന പകര ചികിത്സകൾ, മെഡിക്കൽ സ്‌കൂളുകളിൽ പഠിപ്പിക്കപ്പെട്ടിരുന്നില്ല. യുഎസ്‌ ആശുപത്രികളിൽ അവ പൊതുവെ ലഭ്യവുമായിരുന്നില്ല. എന്നാൽ ഇന്ന്‌ അവ വർധിച്ച അളവിൽ മാധ്യമങ്ങളുടെയും വൈദ്യശാസ്‌ത്ര രംഗത്തുള്ളവരുടെയും ഗവൺമെന്റ്‌ ഏജൻസികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുന്നു.”

സമീപകാല പ്രവണതകൾ നിരീക്ഷിച്ചശേഷം 1997-ൽ ജേർണൽ ഓഫ്‌ മാനേജ്‌ഡ്‌ കെയർ ഫാർമസി ഇങ്ങനെ വിശദീകരിച്ചു: “കഴിഞ്ഞ കാലങ്ങളിൽ, അലോപ്പതി ചികിത്സകർ പകര ചികിത്സകളെ കുറിച്ചു സന്ദേഹമുള്ളവർ ആയിരുന്നു. എന്നാൽ ഹാർവാർഡ്‌, സ്റ്റാൻഫോർഡ്‌, യൂണിവേഴ്‌സിറ്റി ഓഫ്‌ അരിസോണ, യേൽ എന്നിങ്ങനെയുള്ള ഐക്യനാടുകളിലെ മെഡിക്കൽ സ്‌കൂളുകളിൽ 27 എണ്ണം [കുറേക്കൂടെ പുതിയ ഒരു റിപ്പോർട്ട്‌ പറയുന്നതനുസരിച്ച്‌ 75 എണ്ണം] ഇപ്പോൾ പകര ചികിത്സാ കോഴ്‌സുകൾ നടത്തുന്നുണ്ട്‌.”

ആരോഗ്യനില മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി രോഗികൾ സ്വീകരിക്കുന്ന നടപടികളെ കുറിച്ച്‌ ജാമ ഇപ്രകാരം റിപ്പോർട്ടു ചെയ്‌തു: “1990-ൽ കാര്യമായ ഒരസുഖത്തിന്‌ അലോപ്പതി ഡോക്‌ടറുടെ ചികിത്സ തേടിയിരുന്ന 5-ൽ ഒരാൾ വീതം (19.9%) ഏതെങ്കിലും ഒരു പകര ചികിത്സയ്‌ക്കും വിധേയമായിരുന്നതായി കണക്കാക്കപ്പെടുന്നു. 1997-ൽ ഈ നിരക്ക്‌ ഏതാണ്ട്‌ 3-ൽ 1 (31.8) ആയി ഉയർന്നു.” ലേഖനം ഇങ്ങനെയും കൂട്ടിച്ചേർത്തു: “പകര ചികിത്സ വ്യവസായവത്‌കൃത രാജ്യങ്ങളിൽ ഉടനീളം പ്രചാരമാർജിച്ചിരിക്കുന്നതായി ഐക്യനാടുകൾക്കു വെളിയിൽ നടത്തിയ ദേശീയ സർവേകൾ വെളിപ്പെടുത്തുന്നു.”

ജാമ പറയുന്നതനുസരിച്ച്‌ കഴിഞ്ഞ 12 മാസത്തിനുള്ളിൽ പകര ചികിത്സ ഉപയോഗിച്ച ആളുകളുടെ ശതമാനം കാനഡയിൽ 15-ഉം ഫിൻലൻഡിൽ 33-ഉം ഓസ്‌ട്രേലിയയിൽ 49-ഉം ആയിരുന്നു. “പകര ചികിത്സ സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നു എന്നത്‌ ശ്രദ്ധേയമാണ്‌” എന്ന്‌ ജാമ പറയുന്നു. പകര ചികിത്സകൾക്ക്‌ വിരളമായി മാത്രമേ ഇൻഷ്വറൻസ്‌ ആനുകൂല്യങ്ങൾ ലഭിക്കാറുള്ളൂ എന്ന വസ്‌തുത പരിഗണിക്കുമ്പോൾ ഇതു വിശേഷാൽ സത്യമാണ്‌. അതുകൊണ്ട്‌ ജാമയിലെ ലേഖനം ഇങ്ങനെ ഉപസംഹരിക്കുന്നു: “ഭാവിയിൽ അത്തരത്തിലുള്ള കൂടുതൽ കൂടുതൽ ചികിത്സകൾക്ക്‌ ഇൻഷ്വറൻസ്‌ ആനുകൂല്യങ്ങൾ ലഭിക്കുന്നപക്ഷം ആളുകൾക്ക്‌ അവയിലുള്ള താത്‌പര്യം ഇന്നുള്ളതിലും വർധിക്കും.”

അലോപ്പതി ചികിത്സയോടൊപ്പം പകര ചികിത്സകളും സ്വീകരിക്കുന്ന പ്രവണത പല രാജ്യങ്ങളിലും കാലങ്ങളായി നിലവിലുണ്ട്‌. പ്രധാനപ്പെട്ട ചില പകര ചികിത്സകൾ “പല സ്ഥലങ്ങളിലും ഏതാണ്ട്‌ അടിസ്ഥാന ചികിത്സയായി” മാറിയിരിക്കുന്നുവെന്ന്‌ റോയൽ ലണ്ടൻ ഹോമിയോപ്പതിക്‌ ആശുപത്രിയിലെ ഡോ. പീറ്റർ ഫിഷർ പറയുന്നു. “പരമ്പരാഗത ചികിത്സയെന്നോ പകര ചികിത്സയെന്നോ ഉള്ള രണ്ടു തരം ചികിത്സകൾ ഇല്ലാതായിരിക്കുന്നു,” അദ്ദേഹം അവകാശപ്പെട്ടു. “നല്ല ചികിത്സയും മോശമായ ചികിത്സയും മാത്രമേയുള്ളൂ.”

അങ്ങനെ, ഇന്ന്‌ വൈദ്യശാസ്‌ത്ര രംഗത്തെ പലരും അലോപ്പതി ചികിത്സയുടെയും പകര ചികിത്സയുടെയും മൂല്യം അംഗീകരിക്കുന്നുണ്ട്‌. രോഗി ഏതെങ്കിലും ഒരു ചികിത്സ മാത്രമേ സ്വീകരിക്കാവൂ എന്നു നിർബന്ധം പിടിക്കുന്നതിനു പകരം നിലവിലുള്ള ചികിത്സകളിൽ രോഗിക്ക്‌ പ്രയോജനപ്രദമെന്നു തെളിയുന്നത്‌ ഏതായാലും അത്‌ സ്വീകരിക്കാൻ അവർ നിർദേശിക്കുന്നു.

പകര ചികിത്സകൾ അഥവാ പൂരക ചികിത്സകൾ എന്നു വിളിക്കപ്പെടുന്നവയുടെ ചില സൗഖ്യമാക്കൽ രീതികൾ ഏതു തരത്തിലുള്ളവയാണ്‌? അവയിൽ ചിലത്‌ ഉത്ഭവിച്ചത്‌ എവിടെയാണ്‌, എപ്പോഴാണ്‌? പലർക്കും ഇന്ന്‌ അവയോട്‌ ആഭിമുഖ്യം ഉള്ളതിന്റെ കാരണം എന്താണ്‌?