വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതു ബുദ്ധിയാണോ?

സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതു ബുദ്ധിയാണോ?

സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നതു ബുദ്ധിയാണോ?

“മുമ്പെന്നത്തേതിലും അധികം ആളുകൾ ഇന്നു സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്നു.”​—⁠ന്യൂസ്‌വീക്ക്‌, ജൂലൈ 5, 1999.

പരമ്പരാഗത സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ ഫ്‌ളോർ (ക്രയവിക്രയം നടക്കുന്ന ഹാൾ) അലങ്കോലപ്പെട്ട ചന്തസ്ഥലം പോലെയാണ്‌. കൈകൾകൊണ്ടുള്ള നിഗൂഢമായ (ഒരു അപരിചിതനെ സംബന്ധിച്ചിടത്തോളം) ആംഗ്യങ്ങൾ, ടിക്കെറിൽ (ടെലഗ്രാം സന്ദേശങ്ങൾ സ്വീകരിക്കുന്ന ഇലക്‌ട്രോണിക്‌ ഉപകരണം) മിന്നിമറയുന്ന കോഡ്‌ സന്ദേശങ്ങൾ, തങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കാനായി ഒന്നിനൊന്ന്‌ ഒച്ച കൂട്ടുന്ന ഫ്‌ളോർ ബ്രോക്കർമാർ. അങ്ങനെ അന്തരീക്ഷം ആകെ കോലാഹലമയം.

എന്നാൽ സ്റ്റോക്ക്‌ മാർക്കറ്റ്‌ അല്ലെങ്കിൽ, ഓഹരി വിപണി എന്നു കേൾക്കുമ്പോൾ ഒരിക്കൽ പകെച്ചുനിന്നിരുന്ന അനേകർ ഇപ്പോൾ അതിൽ പണം നിക്ഷേപിക്കുന്നു. എന്തുകൊണ്ട്‌? നിക്ഷേപകർക്ക്‌ ക്ഷണനേരംകൊണ്ട്‌ ഇന്റർനെറ്റിലൂടെ സാമ്പത്തിക വാർത്തകൾ അറിയാനും നിക്ഷേപത്തെ കുറിച്ചുള്ള ഉപദേശങ്ങൾ തേടാനും സ്റ്റോക്ക്‌ ബ്രോക്കർമാരുമായി ബന്ധപ്പെടാനും സാധിക്കുന്നു എന്നതാണ്‌ ഒരു കാരണം. വാൾ സ്‌ട്രീറ്റ്‌ ന്യൂസിന്റെ മുഖ്യ പത്രാധിപനായ പോൾ ഫാറെൽ എഴുതുന്നു: “[വ്യക്തിഗത നിക്ഷേപകരെ] സംബന്ധിച്ചിടത്തോളം, ബാഹ്യസമ്മർദങ്ങൾ ഇല്ലാതെ വീട്ടിലിരുന്ന്‌ സ്വതന്ത്രമായി ജോലി ചെയ്‌ത്‌, സാമ്പത്തിക ഭദ്രത കൈവരിക്കാൻ അവസരമേകുന്ന പുതിയ പണക്കൊയ്‌ത്തു മേഖലയാണ്‌ ഇന്റർനെറ്റിന്റെ സഹായത്തോടെയുള്ള നിക്ഷേപ പരിപാടി.”

എന്നാൽ, സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ അനേകരും കാണിക്കുന്ന ഈ ഉത്സാഹം ചില സാമ്പത്തിക ഉപദേശകരെ ആശങ്കാകുലരാക്കുന്നു. കാരണം, ഉൾപ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച്‌ ഈ നിക്ഷേപകർക്കു കാര്യമായ അറിവില്ല. സഞ്ചിതധന പത്രങ്ങളുടെ (securities) വിപണനത്തിൽ 38 വർഷത്തെ അനുഭവപരിചയമുള്ള ഒരു നിക്ഷേപ ഇടപാടുകാരൻ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “സ്റ്റോക്ക്‌ മാർക്കറ്റിൽ ഓഹരി വാങ്ങുന്ന മിക്കവരും ഊഹക്കച്ചവടക്കാരാണ്‌, നിക്ഷേപകരല്ല. ചിലർ അതിനെ നിക്ഷേപം എന്നു വിളിച്ചേക്കാം, എന്നാൽ തങ്ങൾ [സ്റ്റോക്ക്‌] വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയെ കുറിച്ച്‌ അവർക്കു കാര്യമായി ഒന്നും അറിയില്ല.”

പണം നിക്ഷേപിക്കുന്നതിനു മുമ്പ്‌ നിങ്ങൾ ഏതൊക്കെ കാര്യങ്ങളാണ്‌ വിലയിരുത്തേണ്ടത്‌? സ്റ്റോക്കുകളുടെ കൈമാറ്റത്തിൽ കുറെ സാഹസികത ഉൾപ്പെട്ടിരിക്കുന്നതിനാൽ, അതു ചൂതാട്ടമാണോ? ആദ്യമായി, സ്റ്റോക്ക്‌ മാർക്കറ്റിന്റെ പ്രവർത്തനം എങ്ങനെയാണെന്നു പരിചിന്തിക്കാം.

ഓഹരി വാങ്ങൽ

വിജയകരമായ പ്രവർത്തനത്തിനു കമ്പനികൾക്കു മൂലധനം, അഥവാ പണനിക്ഷേപം ആവശ്യമാണ്‌. കമ്പനി അഭിവൃദ്ധി പ്രാപിക്കുകയും ഭീമമായ മൂലധനം ആവശ്യമായി വരുകയും ചെയ്യുമ്പോൾ, കമ്പനിയുടെ സ്റ്റോക്കിന്റെ ഓഹരികൾ പൊതുജനങ്ങൾക്കു നൽകാൻ അതിന്റെ മാനേജ്‌മെന്റ്‌ തീരുമാനിച്ചേക്കാം. സ്റ്റോക്ക്‌ മാർക്കറ്റിനെ കുറിച്ചുള്ള ഒരു പ്രസിദ്ധീകരണം സംഗതി ഇങ്ങനെ വിശദീകരിക്കുന്നു: “സ്റ്റോക്കുകൾ ‘വ്യാവസായിക അപ്പത്തിന്റെ’ ഓരോ കഷണങ്ങളാണ്‌. സ്റ്റോക്കുകൾ, അല്ലെങ്കിൽ ഓഹരികൾ വാങ്ങുമ്പോൾ കമ്പനിയുടെ അംശം സ്വന്തമാക്കുകയാണ്‌ നിങ്ങൾ ചെയ്യുന്നത്‌.”

ഒരു ചന്തയിൽ, വാങ്ങുന്നവരും വിൽക്കുന്നവരും കണ്ടുമുട്ടി കച്ചവടം നടത്തുന്നു. സമാനമായി, സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരുടെ കമ്പോളമാണ്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌. എക്‌സ്‌ചേഞ്ചിന്റെ ആവിർഭാവത്തിനു മുമ്പ്‌, കോഫിഹൗസുകളിലും വഴിവക്കിലുമിരിക്കുന്ന ബ്രോക്കർമാരിലൂടെയാണ്‌ സ്റ്റോക്കുകളുടെ വ്യാപാരം നടന്നിരുന്നത്‌. 68 വാൾസ്‌ട്രീറ്റിലുള്ള ഒരു ബട്ടൻവുഡ്‌ മരത്തിനു കീഴെ നടന്നിരുന്ന വ്യാപാരമാണ്‌ ന്യൂയോർക്ക്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്റെ രൂപീകരണത്തിലേക്കു നയിച്ചത്‌. * ഇന്ന്‌ ഒട്ടനവധി രാജ്യങ്ങളിൽ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകൾ ഉണ്ട്‌. ഏതൊരു ബിസിനസ്‌ ദിവസവും ഏതു നേരവും ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്‌ ഒരു സ്റ്റോക്ക്‌ മാർക്കറ്റ്‌ തുറന്നു പ്രവർത്തിക്കുന്നുണ്ടാകും.

സ്റ്റോക്ക്‌ വ്യാപാരം നടത്തുന്നതിന്‌, ഒരു നിക്ഷേപകൻ സാധാരണഗതിയിൽ ഒരു ബ്രോക്കറുമായി ഒരു അക്കൗണ്ട്‌ തുടങ്ങി ഒരു ഓർഡർ സമർപ്പിക്കുന്നു. സ്റ്റോക്കുകൾ വിൽക്കാനോ വാങ്ങാനോ ഉള്ള ഓർഡറുകൾ ഇന്നു ടെലിഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ നേരിട്ടോ നൽകാവുന്നതാണ്‌. തുടർന്ന്‌ ബ്രോക്കർ നിക്ഷേപകനുവേണ്ടി ആ ഓർഡർ കൈകാര്യം ചെയ്യുന്നു. സ്റ്റോക്ക്‌ വ്യാപാരം നടത്തുന്നതു പരമ്പരാഗത ഫ്‌ളോറിൽ ആണെങ്കിൽ, നിക്ഷേപകനുവേണ്ടി സ്റ്റോക്ക്‌ വിൽക്കുകയോ വാങ്ങുകയോ ചെയ്യാൻ ബ്രോക്കറേജ്‌ ഓഫീസ്‌ ഫ്‌ളോർ ബ്രോക്കർമാരിൽ ഒരാളോടു നിർദേശിക്കുന്നു. ബ്രോക്കർക്ക്‌ ഓർഡർ നൽകി നിമിഷ നേരത്തിനുള്ളിൽ വ്യാപാരം നടത്താൻ കഴിയുന്ന സമ്പൂർണ ഇലക്‌ട്രോണിക്‌ വ്യാപാര സംവിധാനമാണ്‌ അടുത്തകാലത്തായി പല എക്‌സ്‌ചേഞ്ചുകളിലും സ്വീകരിച്ചിട്ടുള്ളത്‌. തുടർന്ന്‌ സ്റ്റോക്ക്‌ ക്വട്ടേഷനുകളിൽ വ്യാപാരം രേഖപ്പെടുത്തുന്നു​—⁠നിലവിലുള്ള വിലകളും വ്യാപാര വിശദാംശങ്ങളും ഒരു ഇലക്‌ട്രോണിക്‌ ടിക്കെറിൽ പ്രദർശിപ്പിക്കപ്പെടുന്നു.

സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വില നിശ്ചയിക്കപ്പെടുന്നത്‌ സാധാരണഗതിയിൽ ലേലം വിളിയിലൂടെയാണ്‌. വ്യാപാര വാർത്തകൾ, കമ്പനിയുടെ വരുമാനം, ഉൾപ്പെട്ടിരിക്കുന്ന വ്യവസായ സംരംഭത്തിന്റെ ഭാവി സാധ്യതകൾ തുടങ്ങിയ കാര്യങ്ങളെല്ലാം സ്റ്റോക്കിന്റെ വിലയെ സ്വാധീനിച്ചേക്കാം. കുറഞ്ഞ വിലയ്‌ക്കു സ്റ്റോക്ക്‌ വാങ്ങിയിട്ട്‌ അവയുടെ വില വർധിക്കുമ്പോൾ തങ്ങളുടെ ഓഹരികൾ ലാഭത്തിൽ വിൽക്കാൻ നിക്ഷേപകർ ആഗ്രഹിക്കുന്നു. കമ്പനിയുടെ ലാഭത്തിന്റെ ഒരു ഭാഗം ഓഹരി ഉടമകൾക്കു വീതിച്ചു കൊടുക്കുകയും ചെയ്‌തേക്കാം. ചിലർ സ്റ്റോക്കുകൾ ദീർഘകാല നിക്ഷേപമായി വാങ്ങുന്നു. മറ്റു ചിലരാകട്ടെ, ചുരുങ്ങിയ കാലംകൊണ്ട്‌, കുതിച്ചുയരുന്ന സ്റ്റോക്ക്‌ വിലയിൽനിന്നു വരുമാനം ഉണ്ടാക്കാം എന്ന പ്രതീക്ഷയിൽ സ്റ്റോക്കുകൾ പതിവായി വ്യാപാരം ചെയ്യുന്നു.

സ്റ്റോക്ക്‌ വ്യാപാരം പരമ്പരാഗതമായി നടത്തപ്പെടുന്നതു ടെലിഫോണിലൂടെയാണെങ്കിലും ഇന്റർനെറ്റിലൂടെയുള്ള വ്യാപാരം ഇപ്പോൾ വളരെയേറെ ജനപ്രീതി ആർജിച്ചിരിക്കുന്നു. ഐക്യനാടുകളിൽ ഇന്റർനെറ്റിലൂടെ വ്യാപാരം നടത്തുന്നവരുടെ എണ്ണം “1996-ൽ പ്രതിദിനം ഏകദേശം 1,00,000 ആയിരുന്നത്‌ [1999] ജൂൺ അവസാനം ആയപ്പോഴേക്കും ഏകദേശം 5,00,000 ആയി വർധിച്ചു, അതായത്‌ ഐക്യനാടുകളിൽ 16 ശതമാനത്തോളം വ്യാപാരം നടക്കുന്നത്‌ ഇന്റർനെറ്റിലൂടെയാണ്‌” എന്ന്‌ ദ ഫൈനാൻഷ്യൽ പോസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. 1999-ൽ സ്വീഡനിൽ സ്റ്റോക്ക്‌ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനം നടന്നത്‌ ഇന്റർനെറ്റിലൂടെയാണ്‌.

ബുദ്ധിപൂർവം നിക്ഷേപിക്കുക

ഇന്റർനെറ്റിലൂടെ സ്റ്റോക്ക്‌ വ്യാപാരം നടത്താനും മുമ്പു ബ്രോക്കർമാർക്കും പ്രൊഫഷണൽ വ്യാപാരികൾക്കും മാത്രം ലഭ്യമായിരുന്ന വിവരങ്ങൾ സമ്പാദിക്കാനും എളുപ്പം സാധിക്കുന്നത്‌, സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്‌ ഒരു മുഴു സമയ ബിസിനസ്സാക്കി മാറ്റാൻ അനേകം നിക്ഷേപകരെ പ്രേരിപ്പിച്ചിരിക്കുന്നു. ചിലർ അതിനായി നല്ല വരുമാനമുള്ള ജീവിതവൃത്തികൾ ഉപേക്ഷിച്ചിരിക്കുന്നു. എന്തുകൊണ്ട്‌? പണം (ഇംഗ്ലീഷ്‌) എന്ന മാസിക ഇങ്ങനെ വിശദീകരിക്കുന്നു: “ആകർഷക ഘടകങ്ങൾ എന്താണെന്നു വ്യക്തമാണ്‌, ഒരു തൊഴിൽ മേധാവി ഇല്ല, എങ്ങനെ എപ്പോൾ വ്യാപാരം നടത്തണം എന്ന കാര്യത്തിൽ പൂർണ സ്വാതന്ത്ര്യം, ധാരാളം പണം ഉണ്ടാക്കാനുള്ള സാധ്യത​—⁠അഥവാ അങ്ങനെയൊരു സാധ്യതയുള്ളതായി കാണപ്പെടുന്നു​—⁠എന്നിവതന്നെ.” പ്രതിവർഷം രണ്ടു ലക്ഷം ഡോളർ വരുമാനം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച്‌ വീട്ടിലിരുന്ന്‌ സ്റ്റോക്ക്‌ വ്യാപാരം നടത്തുന്ന ഒരു 35 വയസ്സുകാരൻ ഇങ്ങനെ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: “വ്യാപാര ചരക്കുകൾ ശേഖരിച്ചുവെയ്‌ക്കാതെ, തൊഴിലാളികളോ ഓഫീസ്‌ വാടകയോ ആവശ്യമില്ലാതെ, കീബോർഡിൽ വെറുതെ വിരലുകൾ അമർത്തി വരുമാനം ഉണ്ടാക്കാൻ പറ്റിയ വേറെ ഏതു മാർഗമാണുള്ളത്‌?”

ഒരു പുതിയ നിക്ഷേപകൻ കരുതിയേക്കാവുന്നതുപോലെ സ്റ്റോക്ക്‌ വ്യാപാരം അത്ര എളുപ്പമല്ലെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പു നൽകുന്നു. വ്യാപാര രംഗത്തെ സമ്മർദത്തെ കുറിച്ച്‌ ഗവേഷണം നടത്തുന്ന ഒരു മനോരോഗവിദഗ്‌ധൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “[സ്റ്റോക്ക്‌] വ്യാപാരം വളരെ എളുപ്പമാണെന്നു തോന്നിയേക്കാം, എന്നാൽ ശ്രമം കൂടാതെ പണം ഉണ്ടാക്കാനുള്ള ഏറ്റവും ബുദ്ധിമുട്ടുപിടിച്ച മാർഗമാണ്‌ അതെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” സാമ്പത്തിക വാർത്തകളുടെയും ഉപദേശങ്ങളുടെയും അനുസ്യൂതമായ ഒഴുക്കിന്‌ പാർശ്വഫലങ്ങൾ ഇല്ലാതില്ല. മുമ്പ്‌ പരാമർശിച്ച പോൾ ഫാറെൽ ഇങ്ങനെ പറയുന്നു: “വ്യക്തിഗത നിക്ഷേപകർക്കും ഈ രംഗത്തെ വ്യാപാര സ്ഥാപനങ്ങൾക്കും മിന്നൽ വേഗത്തിൽ നിരന്തരം ലഭിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങൾ മനശ്ശാസ്‌ത്രപരമായ വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കുന്നു: സമനില തെറ്റിക്കുന്ന നിരാശ, മോഹഭംഗം, സമ്മർദം.”

അമിതമായ ആത്മവിശ്വാസവും ഒരു കെണിയായിരുന്നേക്കാം. സാമ്പത്തിക കോളം എഴുത്തുകാരിയായ ജാൻ ബ്രയന്റ്‌ ക്വിൻ വ്യാപാരികൾക്കിടയിലെ അപകടകരമായ മനോഭാവങ്ങളെ കുറിച്ച്‌ ഈ മുന്നറിയിപ്പു നൽകുന്നു: “ചുക്കാൻ​—⁠അല്ലെങ്കിൽ മൗസ്‌​—⁠നിങ്ങളുടെ കയ്യിലാണെങ്കിൽ ഹിതകരമല്ലാത്ത ഒന്നും സംഭവിക്കില്ലെന്നും എല്ലായ്‌പോഴും തക്കസമയത്ത്‌ ഇടപെടാൻ സാധിക്കുമെന്നും നിങ്ങൾക്കു തോന്നുന്നു.” അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പ്രൊഫഷണലുകൾക്ക്‌ ലഭ്യമായിരിക്കുന്ന അതേ വിവരങ്ങൾതന്നെ നമുക്കും ലഭ്യമായിരിക്കുന്നതിനാൽ, നാമും പ്രൊഫഷണലുകൾ ആണെന്നു നാം ചിന്തിച്ചു തുടങ്ങുന്നു.” സ്റ്റോക്ക്‌ മാർക്കറ്റിൽ ചുരുങ്ങിയ കാലംകൊണ്ട്‌ ധനാഢ്യരായിത്തീർന്ന നിക്ഷേപകരെ കുറിച്ചുള്ള കഥകൾ വ്യാപകമായി പരസ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും, സ്റ്റോക്കുകളുടെ വ്യാപാരത്തിന്‌ അതിന്റേതായ അപകടങ്ങളുണ്ട്‌. ചില നിക്ഷേപകർ വളരെയധികം വിജയം കൊയ്‌തിട്ടുണ്ട്‌. അതേസമയം മറ്റുചിലർക്കു കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നു.

ഒരു കമ്പനിയുടെ സ്റ്റോക്ക്‌ വാങ്ങുന്നതിനു മുമ്പ്‌ ആ കമ്പനിയുടെ കഴിഞ്ഞകാല ചരിത്രം, അതിന്റെ ഭാവി സാധ്യതകൾ, അതിന്റെ ഉൽപ്പന്നങ്ങൾക്കുള്ള ഡിമാന്റ്‌, മറ്റു ബിസിനസ്സുകളിൽനിന്ന്‌ നേരിടുന്ന മത്സരം തുടങ്ങിയ നിരവധി ഘടകങ്ങളെ കുറിച്ച്‌ പരിചിന്തിക്കാൻ ഉപദേശകർ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നു. സ്റ്റോക്ക്‌ ബ്രോക്കർമാരിൽനിന്നും മറ്റു സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നും മിക്കപ്പോഴും ഇത്തരം വിവരങ്ങൾ ലഭ്യമാണ്‌. സ്റ്റോക്ക്‌ വാങ്ങുന്നതിനു മുമ്പ്‌ അനേകം നിക്ഷേപകർ സാമ്പത്തിക ആസൂത്രകരുമായി കൂടിയാലോചിക്കുന്നു. * ഒരു കമ്പനിയുടെ പശ്ചാത്തലത്തെ കുറിച്ചു പരിചിന്തിക്കുന്നതു വഴി, തന്റെ പണം ഒരു ധർമവിരുദ്ധ വ്യവസായത്തെ പിന്താങ്ങാൻ ഉപയോഗിക്കപ്പെടില്ലെന്നും നിക്ഷേപകന്‌ ഉറപ്പുവരുത്താൻ കഴിയും.​—⁠1962 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്‌) 21-3 പേജുകൾ കാണുക.

ഒരു വ്യവസായ ലോട്ടറിയോ?

സ്റ്റോക്ക്‌ മാർക്കറ്റിനോടു ബന്ധപ്പെട്ട നഷ്ടസാധ്യതകൾ പരിഗണിക്കുമ്പോൾ, സ്റ്റോക്ക്‌ വാങ്ങുന്നത്‌ ചൂതാട്ടത്തിനു തുല്യമാണെന്നു പറയാനാകുമോ? ഒരളവുവരെയുള്ള നഷ്ടസാധ്യതകൾ മിക്കവാറും എല്ലാ സാമ്പത്തിക നിക്ഷേപങ്ങളിലുമുണ്ട്‌. ചില ആളുകൾ പുരയിടങ്ങൾ വാങ്ങുന്നു. സ്ഥലത്തിന്റെ വില കാലാന്തരത്തിൽ കൂടുമോ അതോ കുറയുമോ എന്ന്‌ അറിയാതെയാണ്‌ അവർ അതു ചെയ്യുന്നത്‌. തങ്ങളുടെ സമ്പാദ്യങ്ങൾ സുരക്ഷിതമായിരിക്കും എന്ന വിശ്വാസത്തോടെ മറ്റു ചിലർ ബാങ്കിൽ പണം നിക്ഷേപിക്കുന്നു. സ്റ്റോക്ക്‌ മാർക്കറ്റ്‌ കൂടുതൽ സങ്കീർണമാണെങ്കിലും, ലളിതമായി പറഞ്ഞാൽ, സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കുന്ന വ്യക്തി ഒരു കമ്പനിയുടെ വ്യവസായം അഭിവൃദ്ധി പ്രാപിക്കുമെന്നും അങ്ങനെ സ്റ്റോക്കുകളുടെ മൂല്യം വർധിക്കുമെന്നുമുള്ള പ്രതീക്ഷയിൽ ആ കമ്പനിയുടെ ഓഹരികൾ വാങ്ങുകയാണ്‌ ചെയ്യുന്നത്‌.

അത്തരം നിക്ഷേപങ്ങൾ ചൂതാട്ടത്തിൽനിന്നു വിഭിന്നമാണ്‌. കാരണം ഓഹരി ഉടമ കമ്പനിയുടെ ഒരു അംശം വിലയ്‌ക്കു വാങ്ങിയിരിക്കുകയാണ്‌. ഈ ഓഹരികൾ അയാൾ മറ്റൊരാൾക്കു വിൽക്കുകയോ ഭാവിയിൽ വളർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിൽ സൂക്ഷിക്കുകയോ ചെയ്‌തേക്കാം. ഒരു കാസിനോയിൽ അല്ലെങ്കിൽ ചൂതാട്ട സ്ഥലത്ത്‌ പണം വാതു വെക്കുന്നതുപോലെയല്ല അത്‌. യാതൊരു ഉറപ്പുമില്ലാത്ത ഒരു സംഗതിയിൽ ഭാഗ്യപരീക്ഷണം നടത്തി, പരാജയപ്പെടുന്ന വ്യക്തിയുടെ പന്തയപ്പണം കൈക്കലാക്കാനാണ്‌ ചൂതാട്ടക്കാരൻ ശ്രമിക്കുന്നത്‌.

ഒരു നിക്ഷേപകന്‌ എത്രമാത്രം നഷ്ടസാധ്യതയാകാം? ഓരോ വ്യക്തിയുമാണ്‌ അതു തീരുമാനിക്കേണ്ടത്‌. നഷ്ടപ്പെടാൻ മനസ്സില്ലാത്തതിലും അധികം പണം നിക്ഷേപിക്കാൻ ശ്രമിക്കുന്നതു തീർച്ചയായും വിവേകമല്ല.

പണത്തോടുള്ള സന്തുലിത മനോഭാവം

തങ്ങളുടെ പെട്ടെന്നുള്ള ആവശ്യങ്ങൾക്കോ ഭാവി ആവശ്യങ്ങൾക്കോ വേണ്ടി പണമുണ്ടാക്കാനായി സ്റ്റോക്ക്‌ മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ ചിലർ തീരുമാനിക്കുന്നു. അത്തരം സാമ്പത്തിക തീരുമാനങ്ങളുടെ പിന്നിലെ ഒരുവന്റെ ആന്തരം എന്താണെന്നുള്ളതു പ്രധാനമാണ്‌. മുമ്പു പരാമർശിച്ച ജാൻ ബ്രയന്റ്‌ ക്വിൻ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “നിക്ഷേപകർക്ക്‌ ഉണ്ടായിരിക്കാൻ കഴിയുന്ന ഏറ്റവും മോശമായ ആന്തരം അർഹിക്കാത്ത പണത്തിനു വേണ്ടിയുള്ള ആഗ്രഹമാണ്‌.” ഏതാണ്ട്‌ 2,000 വർഷങ്ങൾക്കു മുമ്പ്‌ ഒരു ചെറുപ്പക്കാരന്‌ എഴുതിയ ഒരു കത്തിലെ പിൻവരുന്ന ഉപദേശത്തെ പ്രതിഫലിപ്പിക്കുന്നതായി തോന്നുന്നു ആ വാക്കുകൾ: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.”​—⁠1 തിമൊഥെയൊസ്‌ 6:9, 10.

തന്റെ പണം എങ്ങനെ നിക്ഷേപിക്കണം എന്നു തീരുമാനിക്കേണ്ടത്‌ ഓരോ വ്യക്തിയുമാണ്‌. ന്യായബോധമുള്ള ഒരു മനസ്സിനാൽ നയിക്കപ്പെടുകയും അത്യാവശ്യ ജീവിത സൗകര്യങ്ങൾകൊണ്ടു തൃപ്‌തിപ്പെടുകയും ചെയ്യുന്ന ഒരു നിക്ഷേപകൻ അല്ലെങ്കിൽ നിക്ഷേപക തന്റെ കുടുംബ ഉത്തരവാദിത്വങ്ങളും ആത്മീയ ആവശ്യങ്ങളും അവഗണിക്കാതെ സാമ്പത്തിക പരിഗണനകളെ അതിന്റേതായ സ്ഥാനത്തു നിർത്തുന്നു.

[അടിക്കുറിപ്പുകൾ]

^ “വാൾസ്‌ട്രീറ്റ്‌” എന്ന പദം ഇപ്പോൾ സാമ്പത്തിക വിപണികളെ പൊതുവായി പരാമർശിക്കാൻ മിക്കപ്പോഴും ഉപയോഗിക്കുന്നു.

^ എല്ലാ ഉപദേശങ്ങളും പ്രയോജനപ്രദമല്ല. സാമ്പത്തിക ആസൂത്രകരും സ്റ്റോക്ക്‌ ബ്രോക്കർമാരും തങ്ങളുടെ സേവനങ്ങൾ വിൽക്കാനോ ക്രേതാവിനെക്കൊണ്ട്‌ തങ്ങൾക്കു നേട്ടമുണ്ടാക്കാനോ മാത്രമായിരിക്കാം ശ്രമിക്കുന്നത്‌. അതിനാൽ നിക്ഷേപകർ ജാഗ്രത പുലർത്തണം.