വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓസ്‌ട്രേലിയയിലെ കുത്തിനോവിക്കാത്ത തേനീച്ചകളെ പരിചയപ്പെടുക

ഓസ്‌ട്രേലിയയിലെ കുത്തിനോവിക്കാത്ത തേനീച്ചകളെ പരിചയപ്പെടുക

ഓസ്‌​ട്രേ​ലി​യ​യി​ലെ കുത്തി​നോ​വി​ക്കാത്ത തേനീ​ച്ച​കളെ പരിച​യ​പ്പെ​ടു​ക

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

വസന്തകാല ആരംഭ​ത്തോ​ടെ തൊടി​യി​ലെ പൂക്കളിൽ വിരു​ന്നു​ണ്ണാ​നെ​ത്തുന്ന തേനീ​ച്ച​ക​ളു​ടെ മൂളി​പ്പാട്ട്‌ എന്നെങ്കി​ലും നിങ്ങൾക്ക്‌ ഹരം പകർന്നി​ട്ടു​ണ്ടോ? പൂക്കൾതോ​റും തിരക്കി​ട്ടു പറന്നു നടക്കുന്ന ആ കൊച്ചു പ്രാണി​കളെ കൗതു​ക​ത്തോ​ടെ നോക്കി​നിൽക്കു​ന്ന​തി​നി​ട​യിൽ നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടാ​കാം: ‘കൊള്ളാം, ഈ തേനീ​ച്ചകൾ രസിക​ന്മാർ തന്നെ. പക്ഷേ അവയൊ​ന്നു കുത്താ​തി​രു​ന്നെ​ങ്കിൽ!’

എന്നാൽ കുത്താത്ത തേനീ​ച്ചകൾ ഉണ്ടെന്നു കേട്ടാൽ നിങ്ങളു​ടെ പ്രതി​ക​രണം എന്തായി​രി​ക്കും? അതിശയം തോന്നു​മോ? അങ്ങനെ​യുള്ള തേനീ​ച്ച​ക​ളുണ്ട്‌ എന്നതാണു വാസ്‌തവം—ഓസ്‌​ട്രേ​ലി​യ​യി​ലെ കൊമ്പി​ല്ലാത്ത തേനീ​ച്ചകൾ. കിഴക്കൻ ഓസ്‌​ട്രേ​ലി​യ​യു​ടെ പല ഭാഗങ്ങ​ളി​ലും അവയെ കണ്ടെത്താ​നാ​കും. ഇനി, അവ എങ്ങനെ​യി​രി​ക്കു​മെ​ന്നല്ലേ? നാലു മില്ലി​മീ​റ്റ​റി​ലും അൽപ്പം കൂടെ നീളവും കറുപ്പു നിറവും ഉള്ള ഇവയുടെ വദനഭാ​ഗ​ത്തും പാർശ്വ​ങ്ങ​ളി​ലും വെള്ള നിറത്തി​ലുള്ള രോമ​ങ്ങ​ളുണ്ട്‌. പലതി​നും ശരീര​ത്തി​ന്റെ മധ്യഭാ​ഗ​ത്തി​ന്റെ പിന്നരി​കു​ക​ളിൽ മഞ്ഞനി​റ​ത്തി​ലുള്ള കുഞ്ഞു പൊട്ടു​കൾ ഉണ്ടാകും. ക്വീൻസ്‌ലാൻഡി​ന്റെ വടക്കേ അറ്റം മുതൽ ന്യൂ സൗത്ത്‌വെ​യിൽസി​ന്റെ തെക്കു ഭാഗം വരെയുള്ള തീര​പ്ര​ദേ​ശ​ത്തു​ട​നീ​ളം ഇവയുടെ പത്ത്‌ ഇനങ്ങ​ളെ​യെ​ങ്കി​ലും കണ്ടെത്താ​നാ​കും. ഓസ്‌​ട്രേ​ലി​യ​യി​ലെ നോർതേൺ ടെറി​റ്റ​റി​യി​ലും—ഇത്‌ ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​മാണ്‌—ഇവയുടെ ചില ഇനങ്ങളെ കാണാ​നാ​കും

ഈ തേനീ​ച്ച​ക​ളു​ടെ കൂട്ടിൽനിന്ന്‌ തേനെ​ടു​ക്കാൻ എന്ത്‌ സൗകര്യ​മാ​ണെ​ന്നോ? തേനീ​ച്ചയെ വളർത്തുന്ന ഒരാൾ ഇങ്ങനെ പറയുന്നു: “[മറ്റു തേനീ​ച്ച​ക​ളു​ടെ] കൂട്ടിൽനി​ന്നു തേനെ​ടു​ക്കു​മ്പോൾ എനിക്ക്‌ മുഖം​മൂ​ടി​യും കഴുത്തു​മൂ​ടുന്ന കമ്പിളി​യു​ടു​പ്പും ഒക്കെ ധരി​ക്കേണ്ടി വരും. എന്നാൽ [കൊമ്പി​ല്ലാത്ത തേനീ​ച്ച​ക​ളു​ടെ] അടുത്തു പോകു​മ്പോൾ ഇതൊ​ന്നും ആവശ്യ​മില്ല. തേനീ​ച്ച​പ്പെട്ടി തുറന്ന്‌ അഞ്ചു മിനിറ്റു കഴിഞ്ഞാ​ലും അവ തങ്ങളുടെ പണിയിൽ വ്യാപൃ​ത​രാ​യി​രി​ക്കും. ഞാൻ അവിടെ ചെല്ലു​ന്ന​തൊ​ന്നും അവയ്‌ക്കൊ​രു പ്രശ്‌ന​മേയല്ല.”

ഈ തേനീ​ച്ച​ക​ളു​ടെ കൂട്‌ മറ്റു തേനീ​ച്ച​ക​ളു​ടേ​തിൽനിന്ന്‌ തികച്ചും വ്യത്യ​സ്‌ത​മാണ്‌. മറ്റു തേനീ​ച്ചകൾ തേനും പൂമ്പൊ​ടി​യും ശേഖരി​ച്ചു​വെ​ക്കു​ന്നത്‌ ഷഡ്‌ഭു​ജാ​കൃ​തി​യി​ലുള്ള തേനറ​ക​ളി​ലാ​ണെ​ങ്കിൽ കൊമ്പി​ല്ലാത്ത തേനീ​ച്ചകൾ അവ ശേഖരി​ച്ചു​വെ​ക്കു​ന്നത്‌ അണ്ഡാകൃ​തി​യി​ലുള്ള തേൻകു​ട​ങ്ങ​ളി​ലാണ്‌. ഈ കുടങ്ങ​ളിൽ തേൻ നിറഞ്ഞു​ക​ഴി​യു​മ്പോൾ അവ ഭദ്രമാ​യി അടച്ചു​വെ​ക്കു​ന്നു. എന്നിട്ട്‌ ആ കുടങ്ങ​ളു​ടെ മുകളി​ലും വശങ്ങളി​ലും ഒക്കെയാ​യി മറ്റു കുടങ്ങൾ പണിയാൻ തുടങ്ങും.

കൂട്ടി​ന​ക​ത്തേക്ക്‌

നമുക്ക്‌ ഈ തേനീ​ച്ച​ക​ളു​ടെ കൂടിന്റെ അകം ഒന്ന്‌ ചുറ്റി​ന​ടന്നു കാണാം. 15,000-ത്തോളം തേനീ​ച്ച​ക​ളാണ്‌ ഇതിനു​ള്ളിൽ പാർക്കു​ന്നത്‌. ഇതിലെ താമസ​ക്കാ​രെ സൂക്ഷി​ക്കണേ, കാരണം കുത്തി​നോ​വി​ക്കി​ല്ലെ​ങ്കി​ലും നിങ്ങൾക്കൊ​രു ചെറിയ കടി തരാൻ അവ മടി​ച്ചെന്നു വരില്ല.

കൂടിന്റെ ഇടനാ​ഴി​യി​ലൂ​ടെ നീങ്ങവെ, തിരക്കു​പി​ടി​ച്ചു ജോലി​ചെ​യ്യുന്ന തേനീ​ച്ച​കളെ നാം കാണുന്നു. കൂട്ടായ പ്രവർത്ത​ന​ത്തി​ന്റെ നല്ലൊരു മാതൃ​ക​യാണ്‌ അവ. എവിടെ, എന്തു പണിയാണ്‌ ചെയ്യേ​ണ്ട​തെന്ന്‌ ആരും അവയ്‌ക്ക്‌ പറഞ്ഞു​കൊ​ടു​ക്കേ​ണ്ട​തില്ല. ഓരോ ഈച്ചയ്‌ക്കും കൃത്യ​മാ​യി അതറി​യാം. അതാ, അവിടെ ഒരു തേനീ​ച്ച​ക്കു​ഞ്ഞൻ ഒരു പുതിയ തേൻകു​ട​ത്തിന്‌ ആകൃതി വരുത്തി അതു മിനു​ക്കി​യെ​ടു​ക്കു​ക​യാണ്‌. വിദഗ്‌ധ​മായ ഒരു രൂപരേഖ സസൂക്ഷ്‌മം പിൻപ​റ്റു​ന്ന​തു​പോ​ലെ അത്ര കൃത്യ​മാണ്‌ അതിന്റെ ഓരോ നീക്കങ്ങ​ളും. വേറെ നാലു തേനീ​ച്ചകൾ വക്കോളം തേൻ നിറഞ്ഞി​രി​ക്കുന്ന ഒരു തേൻകു​ടം അടയ്‌ക്കാ​നുള്ള ശ്രമത്തി​ലാണ്‌. ത്രിമാന ഘടനയുള്ള ഒരു വലിയ ചട്ടക്കൂ​ടിന്‌ അകത്താണ്‌ തേൻകു​ട​ങ്ങ​ളു​ടെ സ്ഥാനം. വിദഗ്‌ധ​മായ ഈ നിർമി​തി തേനിന്റെ ഭാരം താങ്ങാൻ സഹായി​ക്കു​ന്നു. ഈ തേനീ​ച്ചകൾ ഒന്നാന്തരം എഞ്ചിനീ​യർമാർ കൂടി​യാ​ണ​ല്ലോ എന്നു നാം ഓർത്തു​പോ​കു​ന്നു.

നാമി​പ്പോൾ അടുത്ത അറയിൽ എത്തിയി​രി​ക്കു​ക​യാണ്‌. മറ്റംഗ​ങ്ങ​ളെ​ക്കാ​ളൊ​ക്കെ വലിപ്പ​മുള്ള ഒരു തേനീ​ച്ച​യാണ്‌ അവിടത്തെ താമസ​ക്കാ​രി, പ്രൗഢി​യോ​ടു കൂടി ‘വാണരു​ളുന്ന’ റാണി! എണ്ണക്കറു​പ്പു നിറമുള്ള കുപ്പാ​യ​വും സ്വർണ വളകളും അണിഞ്ഞ അവൾ കാഴ്‌ച​യ്‌ക്ക്‌ അതിസു​ന്ദരി തന്നെ! അവൾക്കു ചുറ്റു​മാ​യി വലിയ ഒരു ‘പരിചാ​രക’ വൃന്ദ​ത്തെ​യും കാണാം. തനിക്കാ​യി ഒരുക്കി​വെ​ച്ചി​രി​ക്കുന്ന 60 അറകളി​ലും റാണി​യി​പ്പോൾ മുട്ടയി​ടാൻ തുടങ്ങു​ക​യാണ്‌. തന്റെ കുഞ്ഞിനെ അത്യന്തം ശ്രദ്ധ​യോ​ടെ തൊട്ടി​ലിൽ കിടത്തുന്ന ഒരു അമ്മയെ പോലെ അങ്ങേയറ്റം സൂക്ഷ്‌മ​ത​യോ​ടും കൃത്യ​ത​യോ​ടും കൂടെ​യാണ്‌ അവൾ ഓരോ അറയി​ലും മുട്ടയി​ടു​ന്നത്‌. റാണി മുട്ടയി​ട്ടു കഴിയു​മ്പോൾ ആ വേലക്കാർ എത്ര പെട്ടെ​ന്നാണ്‌ അറകൾ അടയ്‌ക്കു​ന്ന​തെന്നു നോക്കൂ. ഏതാനും മിനി​ട്ടു​കൾക്കു​ള്ളിൽ പണി കഴിഞ്ഞു!

മുട്ട വിരി​യു​മ്പോൾ

മുട്ട വിരിഞ്ഞു പുറത്തു​വ​രുന്ന ഓരോ ലാർവ​യും അറയിൽ അതിനു​വേണ്ടി ഒരുക്കി​വെ​ച്ചി​രി​ക്കുന്ന ആഹാരം അകത്താ​ക്കു​ന്നു. തീറ്റതി​ന്നു വലുതാ​കുന്ന ലാർവ​യ്‌ക്ക്‌ ഒടുവിൽ മെഴു​കു​കൊ​ണ്ടുള്ള ആ കുഞ്ഞറ പോരാ​താ​കു​ന്നു. അപ്പോൾ അത്‌ പട്ടുനൂൽകൊണ്ട്‌ സ്വന്തമാ​യി ഒരു കൂട്‌ (കൊക്കൂൺ) ഉണ്ടാക്കി​യെ​ടു​ക്കു​ന്നു. ഈ കൂട്ടിൽ വെച്ചാണ്‌ അത്‌ പ്യൂപ്പ ഘട്ടം പിന്നിട്ട്‌ തേനീ​ച്ച​യാ​യി​ത്തീ​രു​ന്നത്‌. പട്ടുനൂൽക്കൂ​ട്ടിൽനിന്ന്‌ പുറത്തു​വ​രുന്ന കുട്ടി​ത്തേ​നീ​ച്ചകൾ ആയമാ​രായ ഒരുകൂ​ട്ടം തേനീ​ച്ച​ക​ളു​ടെ പരിലാ​ള​ന​മേറ്റു വളരുന്നു. ഒടുവിൽ അതിന്‌ പണിക്കി​റ​ങ്ങാ​നുള്ള നാൾ വന്നെത്തു​ന്നു. അപ്പോൾ ആ മെഴു​ക​റ​ക​ളു​ടെ കാര്യ​മോ? അവ ഉടൻതന്നെ ശേഖരിച്ച്‌ അവയിലെ മെഴുക്‌ വീണ്ടും ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു. തേനീ​ച്ചകൾ കൊക്കൂ​ണു​ക​ളിൽനി​ന്നു പുറത്തു വന്നു കഴിഞ്ഞാൽപ്പി​ന്നെ കൊക്കൂ​ണു​ക​ളു​ടെ​യും ആവശ്യ​മില്ല. അവ അവിടെ ഇട്ടിരു​ന്നാൽ കൂട്‌ ആകെ വൃത്തി​കേ​ടാ​കും. അതു​കൊണ്ട്‌ ‘തൂപ്പു​കാ​രായ’ ഒരു കൂട്ടം തേനീ​ച്ചകൾ അതെല്ലാം നീക്കം​ചെ​യ്യു​ന്നു.

കൊമ്പി​ല്ലാ​ത്ത തേനീ​ച്ച​ക​ളു​ടെ പല ഇനങ്ങളും സെറൂമൻ എന്നു വിളി​ക്ക​പ്പെ​ടുന്ന ഒരു നിർമാണ പദാർഥം ഉത്‌പാ​ദി​പ്പി​ക്കു​ന്നുണ്ട്‌. സ്വന്തം ശരീര​ത്തിൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടുന്ന മെഴുക്‌, ചെടി​ക​ളിൽനി​ന്നും മരങ്ങളിൽനി​ന്നും ശേഖരി​ക്കുന്ന കറയും മെഴു​കു​മാ​യി കൂട്ടി​ക്ക​ലർത്തി​യാണ്‌ ഇത്‌ ഉണ്ടാക്കു​ന്നത്‌. ഈ സെറൂമൻ ഉപയോ​ഗി​ച്ചാണ്‌ തേനീ​ച്ചകൾ തൂണു​ക​ളും തുലാ​ങ്ങ​ളും ഉള്ള ചട്ടക്കൂട്‌ നിർമി​ക്കു​ന്നത്‌, കുറുകെ അഴികൾ പിടി​പ്പിച്ച ഈ ചട്ടക്കൂ​ടി​ന്റെ ചേർപ്പു​ക​ളെ​ല്ലാം നല്ല ബലമു​ള്ള​വ​യാണ്‌. അവ ഈ ചട്ടക്കൂ​ടി​നു​ള്ളിൽ തേനും പൂമ്പൊ​ടി​യും ഇട്ടു​വെ​ക്കാ​നുള്ള കുടങ്ങൾ നിർമി​ക്കു​ന്ന​തും സെറൂമൻ ഉപയോ​ഗി​ച്ചു തന്നെയാണ്‌. ഈ കുടങ്ങ​ളു​ടെ നിർമാ​ണ​വേ​ള​യിൽ തേനീ​ച്ചകൾ അവയ്‌ക്ക​കത്ത്‌ ഇറങ്ങി സെറൂമൻ അമർത്തു​ക​യും ആകൃതി​പ്പെ​ടു​ത്തു​ക​യും ഒക്കെ ചെയ്‌തു​കൊണ്ട്‌ തകൃതി​യായ പണിയാ​യി​രി​ക്കും. കുടങ്ങ​ളു​ടെ പണി കഴിയു​മ്പോൾ തേനീ​ച്ചകൾ അവയിൽ തേൻ നിറച്ച്‌ ഭദ്രമാ​യി സൂക്ഷി​ച്ചു​വെ​ക്കു​ന്നു. എല്ലാ ചെടി​ക​ളും എല്ലായ്‌പോ​ഴും പൂക്കാ​ത്ത​തു​കൊ​ണ്ടും ചില​പ്പോ​ഴൊ​ക്കെ പണിക്കു പോകാൻ പറ്റാത്ത കാലാവസ്ഥ ഉണ്ടാകു​ന്ന​തു​കൊ​ണ്ടും തേൻ ശേഖരി​ച്ചു​വെ​ച്ചി​ല്ലെ​ങ്കിൽ പിന്നീട്‌ പട്ടിണി​കി​ട​ക്കേണ്ടി വരു​മെന്ന്‌ സഹജജ്ഞാ​ന​മുള്ള ഈ തേനീ​ച്ച​കൾക്ക്‌ അറിയാ​മെന്നു തോന്നു​ന്നു.

തേനീ​ച്ച​കൾ കൂടിനു പുറത്തി​റ​ങ്ങു​ന്നത്‌ നിർമാ​ണ​പ​ദാർഥ​ങ്ങ​ളും പൂന്തേ​നും പൂമ്പൊ​ടി​യും ഒക്കെ ശേഖരി​ക്കു​ന്ന​തി​നു വേണ്ടി​യാണ്‌. കൂടിനു പുറത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞാൽ പിന്നെ തേനീ​ച്ചകൾ ദിശാ​ബോ​ധ​മുള്ള ഒന്നാന്തരം വൈമാ​നി​ക​രാണ്‌. എന്തൊ​ക്കെ​യാ​ണു ശേഖരി​ക്കേ​ണ്ട​തെ​ന്നും എവി​ടെ​യാണ്‌ അവ ഉള്ളതെ​ന്നും അവയ്‌ക്ക്‌ കൃത്യ​മാ​യി അറിയാം.

പുതിയ വീടു വെക്കുന്നു

കോളണി വളരു​ന്ന​തോ​ടെ തേനീ​ച്ച​കൾക്ക്‌ കൂട്ടിൽ ഇടം​പോ​രാ​താ​കു​ന്നു. ഈ പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തിന്‌ എന്താ​ണൊ​രു മാർഗം? “നമുക്ക്‌ മറ്റൊരു വീടു പണിയണം” എന്ന്‌ തേനീ​ച്ചകൾ പരസ്‌പരം ‘പറഞ്ഞു’ തുടങ്ങു​ന്നു. ഒരു പൊത്ത്‌ കൂടു വെക്കാൻ പറ്റിയ​താ​ണോ എന്ന്‌ അന്വേ​ഷി​ക്കാ​നാ​യി ചില സമയങ്ങ​ളിൽ ഒരു തേനീ​ച്ച​യ്‌ക്കു നിയമനം ലഭിക്കു​ന്നു. അതേത്തു​ടർന്ന്‌ “എഞ്ചിനീ​യർമാർ” അങ്ങോട്ടു തിരി​ക്കും. സാധാ​ര​ണ​ഗ​തി​യിൽ 30 മുതൽ 50 വരെ എഞ്ചിനീ​യർമാ​രാണ്‌ കൂട്ടി​നകം പരി​ശോ​ധി​ക്കാ​നാ​യി പോകു​ന്നത്‌. കുറ്റി​യും ചങ്ങലയും ഉപയോ​ഗിച്ച്‌ സ്ഥലം അളന്നു തിരി​ക്കുന്ന സർവേ​ക്കാ​രെ​പ്പോ​ലെ, മണിക്കൂ​റു​ക​ളെ​ടുത്ത്‌ അവ പൊത്തി​നകം പരി​ശോ​ധി​ക്കു​ന്നു. അടിസ്ഥാ​നം തരക്കേ​ടി​ല്ലാ​ത്ത​താ​ണെന്ന്‌ ഉറപ്പു വരുത്തിയ ശേഷം ബാക്കി​യു​ള്ള​വരെ വിവര​മ​റി​യി​ക്കാ​നാ​യി അവർ വീട്ടി​ലേക്കു മടങ്ങുന്നു. സാധാ​ര​ണ​ഗ​തി​യിൽ 48 മണിക്കൂ​റി​നു​ള്ളിൽ യഥാർഥ “പണിക്കാർ” എത്തും. ആയിര​ത്തി​ലേറെ പേരു​ണ്ടാ​കും പണിക്കാ​രു​ടെ സംഘത്തിൽ. എന്നാൽ അവരുടെ കൂട്ടത്തിൽ റാണി ഉണ്ടായി​രി​ക്കില്ല. പണിസാ​ധ​ന​ങ്ങ​ളും ആഹാര​വും ഒക്കെ പഴയ കൂട്ടിൽനിന്ന്‌ കൊണ്ടു​വ​ന്നു​കൊണ്ട്‌ അവർ ഉടൻതന്നെ പണി ആരംഭി​ക്കു​ക​യാ​യി.

ഈ പുതിയ കൂട്ടിലെ റാണിയെ വരവേൽക്കാ​നുള്ള തയ്യാ​റെ​ടു​പ്പി​ന്റെ ഭാഗമാ​യി പണിക്കാർ മുട്ടയി​ടാ​നുള്ള അറ ഒരുക്കു​ന്നു. ഏകദേശം 28 ഡിഗ്രി സെൽഷ്യസ്‌ താപനില നിലനി​റു​ത്താൻ പോന്ന​വി​ധ​ത്തി​ലാണ്‌ അവരത്‌ പണിയു​ന്നത്‌. അതിനു​വേണ്ടി വേലക്കാ​രായ ഈച്ചകൾ അറയെ ചുറ്റി സെറൂമൻ കൊ​ണ്ടൊ​രു ഭിത്തി തീർക്കു​ന്നു. അറ കമ്പിളി​കൊണ്ട്‌ പൊതി​യു​ന്നതു പോ​ലെ​യാ​ണിത്‌. മുട്ടകൾക്ക്‌ ചൂടു​വേ​ണ​മെന്ന്‌ സഹജജ്ഞാ​ന​മുള്ള ഈ തേനീ​ച്ച​കൾക്ക്‌ അറിയാം. ഒടുവിൽ റാണി​യു​ടെ എഴുന്ന​ള്ള​ത്തി​നുള്ള സമയം വന്നെത്തു​ന്നു. എല്ലാം തയ്യാറാ​യി കഴിയു​മ്പോൾ, ഏതാണ്ട്‌ 9-ാം ദിവസം പഴയ കൂട്ടിൽ പ്രത്യേക പരിര​ക്ഷ​ണ​യിൽ കഴിഞ്ഞി​രുന്ന പുതിയ റാണിയെ കൊട്ടാ​ര​ത്തി​ലേക്ക്‌ ആനയി​ക്കു​ക​യാ​യി. ഉടൻതന്നെ അവൾ തന്റെ കൊട്ടാ​ര​ത്തി​ലെ അംഗസം​ഖ്യ വർധി​പ്പി​ക്കാ​നാ​യി മുട്ടയി​ടാൻ തുടങ്ങു​ന്നു.

പഴയ കൂട്ടിൽനിന്ന്‌ പുതിയ കൂട്ടി​ലേക്ക്‌ കുടി​യേ​റിയ തേനീ​ച്ചകൾ ചത്തൊ​ടു​ങ്ങു​ന്ന​തോ​ടെ, പുതിയ കൊട്ടാ​ര​ത്തിൽ പിറവി​യെ​ടുത്ത പുതിയ തേനീ​ച്ചകൾ അവയുടെ സ്ഥാനം ഏറ്റെടു​ക്കു​ന്നു. കുറെ​നാൾ കഴിയു​മ്പോൾ ഈ കൂട്ടിലെ തേനീ​ച്ച​കൾക്കും മറ്റൊരു വീടു വെക്കേ​ണ്ട​താ​യി വരും. അങ്ങനെ അത്ഭുത​ക​ര​മായ ആ പരിവൃ​ത്തി തുടരും, അതിന്റെ കാരണ​ഭൂ​ത​നായ സ്രഷ്ടാ​വിന്‌ മഹത്ത്വം കരേറ്റി​ക്കൊ​ണ്ടു​തന്നെ!

[13-ാം പേജിലെ ചിത്രം]

കൊമ്പില്ലാത്ത തേനീ​ച്ചകൾ ഷഡ്‌ഭു​ജാ​കൃ​തി​യി​ലുള്ള തേനറ​കൾക്കു പകരം അണ്ഡാകൃ​തി​യി​ലുള്ള തേൻകു​ട​ങ്ങ​ളാണ്‌ നിർമി​ക്കു​ന്നത്‌

[14-ാം പേജിലെ ചിത്രം]

കൊമ്പില്ലാത്ത തേനീ​ച്ച​ക​ളു​ടെ പത്ത്‌ ഇനങ്ങ​ളെ​യെ​ങ്കി​ലും ഓസ്‌​ട്രേ​ലി​യ​യിൽ കണ്ടെത്താ​നാ​കും