ചൈനീസ് മരുന്നുകടയിലേക്ക് ഒരു സന്ദർശനം
ചൈനീസ മരുന്നുകടയിലേക്ക് ഒരു സന്ദർശനം
കുറച്ചു ദിവസങ്ങളായി ക്വോക് കിറ്റിന് നല്ല സുഖമില്ല. അതുകൊണ്ട് ഒരു ഡോക്ടറെ ചെന്നു കാണാൻ അദ്ദേഹം തീരുമാനിക്കുന്നു. ചൈനക്കാരൻ ആയതുകൊണ്ടാവാം, ഒരു പരമ്പരാഗത ചൈനീസ് വൈദ്യനെ കാണാനാണ് അദ്ദേഹത്തിനു കൂടുതൽ താത്പര്യം. അവിടെ അടുത്ത് സ്വന്തമായി ഒരു പച്ചമരുന്നുകട നടത്തുന്ന അത്തരമൊരു വൈദ്യനെ അദ്ദേഹത്തിന്റെ ഒരു കുടുംബസുഹൃത്തിന് അറിയാം. ആ വൈദ്യന്റെ കഷായം കുടിച്ചാൽ അസുഖം ഭേദമാകുമെന്ന് സുഹൃത്ത് അദ്ദേഹത്തോടു പറയുന്നു.
തെക്കുകിഴക്കൻ ഏഷ്യയുടെ മിക്ക ഭാഗങ്ങളിലെയും പോലെ തന്നെ ചൈനയിലും ഒരു ഡോക്ടറെ സന്ദർശിക്കുന്ന രീതി, പാശ്ചാത്യനാടുകളിൽ ഡോക്ടറെ സന്ദർശിക്കുന്ന രീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പാശ്ചാത്യനാടുകളിൽ ഡോക്ടറെ സന്ദർശിക്കുന്നതിൽ വളരെയധികം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. ആദ്യം തന്നെ അപ്പോയ്ന്റ്മെന്റ് എടുക്കണം. പിന്നീട് ആ സമയത്ത് ഡോക്ടറെ ചെന്നു കാണണം. തുടർന്ന്, പരിശോധനകൾക്കു ശേഷം അദ്ദേഹം മരുന്നിനു കുറിച്ചു തരും. പിന്നീട് രോഗി ഒരു ഔഷധശാലയിൽ ചെന്ന് കുറിപ്പടിയിലെ മരുന്ന് വാങ്ങണം. എന്നാൽ, ഒരു ചൈനീസ് നാട്ടുവൈദ്യനെ കാണുന്നതിന് ഇത്തരം ചിട്ടവട്ടങ്ങളൊന്നും ഇല്ല. നിങ്ങൾ ഒരു പച്ചമരുന്നുകട സന്ദർശിക്കുന്നു. അവിടെ എല്ലായ്പോഴുംതന്നെ ഒരു നാട്ടുവൈദ്യൻ ഉണ്ടായിരിക്കും. അദ്ദേഹം നിങ്ങളെ പരിശോധിക്കുകയും രോഗനിർണയം നടത്തുകയും അതിനുള്ള പച്ചമരുന്ന് അളന്നു തന്നിട്ട് അത് എങ്ങനെ കഴിക്കണം എന്നു നിർദേശിക്കുകയും ചെയ്യും—എല്ലാം ഒരു ഹ്രസ്വസന്ദർശനത്തിൽ തന്നെ! a
സസ്യങ്ങൾ ഔഷധരൂപേണയോ?
പാശ്ചാത്യർക്കു സുപരിചിതം ആയിരിക്കുന്ന ഗുളികകൾ, കാപ്സ്യൂളുകൾ, കുത്തിവെപ്പുകൾ എന്നിവ ചികിത്സാരംഗത്തേക്ക് കടന്നുവന്നിട്ട് അധികകാലമൊന്നും ആയിട്ടില്ല. ആയിരക്കണക്കിനു വർഷങ്ങളായി ആളുകൾ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സയിൽ ആശ്രയിച്ചുവരുന്നു. ഉദാഹരണത്തിന്, ബൈബിൾ കാലങ്ങളിലെ എബ്രായ ചികിത്സകർ, രോഗശമനത്തിനായി എണ്ണ, തൈലം, വീഞ്ഞ് മുതലായവ ഉപയോഗിച്ചിരുന്നു. (യെശയ്യാവു 1:6; യിരെമ്യാവു 46:11; ലൂക്കൊസ് 10:34) വ്രണങ്ങൾ സുഖപ്പെടുത്തുന്നതിന് ഉണങ്ങിയ അത്തിപ്പഴം കൊണ്ട് നിർമ്മിച്ച ലേപനങ്ങൾ ഉപയോഗിക്കുന്ന രീതി അന്നു നിലവിലുണ്ടായിരുന്നു.—2 രാജാക്കന്മാർ 20:7.
ഒരു കാലത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലെയും ആളുകൾ രോഗചികിത്സയ്ക്ക് പലതരത്തിലുള്ള പച്ചമരുന്നുകൾ ഉപയോഗിച്ചിരുന്നു. ഇന്നു പാചകത്തിന്
ഉപയോഗിക്കുന്ന പല സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളായാണ് ആദ്യം ഉപയോഗിച്ചിരുന്നത്. ഇത്തരം രീതികൾ എല്ലായ്പോഴും ഫലപ്രദമായിരുന്നു എന്ന് ഇതിന് അർഥമില്ല. മിക്കപ്പോഴും അന്ധവിശ്വാസവും അറിവില്ലായ്മയും അതിൽ ഉൾപ്പെട്ടിരുന്നു. എന്നിരുന്നാലും, ആയിരക്കണക്കിനു വർഷങ്ങളായി ആളുകൾ രോഗചികിത്സയ്ക്ക് ഇത്തരം രീതികൾ അവലംബിച്ചു വരുന്നു. ഇന്ന് സർവ സാധാരണമായിരിക്കുന്ന ചില മരുന്നുകൾ പോലും ചെടികളിൽ നിന്ന് എടുത്തിരിക്കുന്നവയാണ്.ചൈനീസ് ചികിത്സയുടെ വിവിധ വശങ്ങൾ
പച്ചമരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ചൈനയുടെ ചരിത്രത്തിൽ ഒരു അവിഭാജ്യ ഘടകമായിരുന്നിട്ടുണ്ട്. ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സയ്ക്ക് ഒരു മാർഗദർശിയായി ഇപ്പോഴും ചൈനീസ് ചികിത്സകർ കണക്കാക്കുന്ന നേ ജിങ എന്ന ഗ്രന്ഥം രചിച്ചത് ഹുവാങ്-ഡി എന്ന മഞ്ഞ ചക്രവർത്തി ആണെന്നു നാടോടിക്കഥകൾ പറയുന്നു. b എഴുതപ്പെട്ട സമയം ഇപ്പോഴും ഒരു തർക്കവിഷയമായിരിക്കുന്ന ഈ ഗ്രന്ഥത്തിൽ, പാശ്ചാത്യ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന മിക്ക വിഷയങ്ങളും അടങ്ങിയിട്ടുണ്ട്. രോഗനിർണയം, ലക്ഷണങ്ങൾ, കാരണങ്ങൾ, ചികിത്സ, പ്രതിരോധം എന്നിവയെപ്പറ്റി മാത്രമല്ല, ശരീരഘടന, ശാരീരികപ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചും ഇതിൽ ചർച്ച ചെയ്യുന്നു.
തെക്കുകിഴക്കൻ ഏഷ്യയിലെ മിക്ക കലകളുടെയും കാര്യത്തിലെന്നതു പോലെ, ചൈനീസ് ചികിത്സയുടെ കാര്യത്തിലും വലിയ സ്വാധീനം ചെലുത്തുന്ന ഒരു സിദ്ധാന്തമാണ് യിൻ-യാങ്. ചികിത്സയുടെ കാര്യത്തിൽ, യിൻ തണുപ്പിനെയും യാങ് ചൂടിനെയും പ്രതീകപ്പെടുത്തുന്നു. കൂടാതെ, അവ പല വിപരീത ഗുണങ്ങളെയും പ്രതിനിധാനം ചെയ്യുന്നുണ്ട്. c രോഗനിർണയത്തിലും ചികിത്സയിലും അക്യുപങ്ചറുമായി ബന്ധപ്പെട്ട മെറിഡിയൻ ഭാഗങ്ങളും കണക്കിലെടുക്കാറുണ്ട്. ഒരു രോഗിയിലെ യിൻ-യാങ് അസന്തുലിതാവസ്ഥയുമായി പോരാടുന്നതിന് ഉഷ്ണഗുണം ഉള്ളതോ ശീതഗുണം ഉള്ളതോ ആയ ആഹാരം, പച്ചമരുന്നുകൾ എന്നിവ നിർദേശിക്കപ്പെടുന്നു.
ഉദാഹരണത്തിന്, പനിയുള്ള ഒരു രോഗിയെ ചൂടുള്ളതായി കണക്കാക്കുകയും ശീതഗുണമുള്ള പച്ചമരുന്നുകൾ നിർദേശിക്കുകയും ചെയ്യുന്നു. യിൻ-യാങ് സിദ്ധാന്തം നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, ഒരു രോഗിയെ എങ്ങനെ ചികിത്സിക്കണം എന്നു തീരുമാനിക്കാൻ ഈ തത്ത്വങ്ങൾ ഇന്നും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഒരു പച്ചമരുന്നുകട എങ്ങനെയിരിക്കും? എങ്ങനെയാണ് ഒരു ചൈനീസ് വൈദ്യൻ രോഗനിർണയം നടത്തുന്നത്? ഇതു മനസ്സിലാക്കുന്നതിന് നമുക്ക്
ക്വോക് കിറ്റിനോടൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് നിർദേശിച്ച കടയിലേക്ക് ഒന്നു പോയി നോക്കാം.വിദേശ വസ്തുക്കളുള്ള പച്ചമരുന്നു കട
അത്ഭുതം തന്നെ! ഇന്ന് വൈദ്യനെ കാണാൻ ക്വോക് കിറ്റിനു കാത്തിരിക്കേണ്ടതുണ്ട്. അദ്ദേഹത്തിനു മുമ്പ് രണ്ടു രോഗികൾ കൂടി ഉണ്ട്. ഫ്ളൂവോ ജലദോഷമോ മറ്റോ പടർന്നു പിടിച്ചിട്ടുണ്ടെന്നു തോന്നുന്നു. കാത്തിരിക്കുന്ന സമയംകൊണ്ട് നമുക്ക് കട ഒന്നു ചുറ്റിക്കാണാം.
അകത്തേക്കു പ്രവേശിക്കവെ, ആദ്യം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് കൂണുകൾ, പല തരം കക്കകൾ, അത്തിപ്പഴങ്ങൾ, ഭക്ഷ്യവസ്തുക്കൾ മുതലായ ഉണങ്ങിയ വസ്തുക്കളാണ്. അവ തുറന്ന പാത്രങ്ങളിലായി പ്രവേശന കവാടത്തിൽത്തന്നെ നിരത്തി വെച്ചിരുന്നു. അതേ, ഭക്ഷ്യസാധനങ്ങളും ഇവിടെ ലഭ്യമാണ്. എന്നാൽ അവയിൽ ചിലത്, മരുന്നുകളുടെ ഒരു ഭാഗംതന്നെ ആവാം.
ആ ഇടുങ്ങിയ കടയുടെ രണ്ടു വശങ്ങളിലും ഉള്ള ചില്ലിട്ട പ്രദർശന കൗണ്ടറുകൾ ആണ് അടുത്തതായി നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്. അപൂർവവും വിശേഷപ്പെട്ടതുമായ ഔഷധികൾ, ധാതുക്കൾ, മൃഗങ്ങളുടെ ഉണങ്ങിയ ശരീരഭാഗങ്ങൾ എന്നിവയാണ് അവയിലുള്ളത്. ഇതിനൊക്കെ നല്ല വില വരും. കുറച്ചുകൂടെ അടുത്തു ചെന്നു നോക്കിയാൽ കലമാൻ കൊമ്പുകൾ, ചിപ്പികൾ, ഉണങ്ങിയ പല്ലികൾ, ഉണങ്ങിയ കടൽക്കുതിരകൾ എന്നിവപോലുള്ള ചില വിദേശ വസ്തുക്കളും നമുക്ക് കാണാം. ഈ അടുത്ത കാലം വരെ പല ജന്തുക്കളുടെയും ശരീരഭാഗങ്ങൾ—കാണ്ടാമൃഗത്തിന്റെ കൊമ്പ്, കരടിയുടെ പിത്താശയം എന്നിവ—ഇവിടെ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവ നിരോധിച്ചിരിക്കുകയാണ്.
കടയുടെ മറ്റൊരു ഭാഗത്ത്, ജലദോഷം, ഉദരസംബന്ധമായ രോഗങ്ങൾ തുടങ്ങിയ സാധാരണ അസുഖങ്ങൾക്കുള്ള പച്ചമരുന്നു മിശ്രിതങ്ങൾ അടങ്ങിയ പൊതികളും കുപ്പിയിലാക്കിയ ചൈനീസ് പച്ചമരുന്നുകളുടെ ഒരു ശേഖരവും ഉണ്ട്. കടയിലെ സഹായിയോടോ കണക്കെഴുത്തുകാരനോടോ നിങ്ങളുടെ പ്രശ്നം എന്താണെന്നു പറയുകയേ വേണ്ടൂ, ഒന്നുകിൽ കുപ്പിയിലാക്കിയ ഒരു മരുന്ന് തരും. അല്ലെങ്കിൽ ഒരു പച്ചമരുന്നു പൊതി തന്നിട്ട് നിങ്ങൾക്ക് അത് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്നു പറഞ്ഞുതരും.
കടയിലെ സഹായി ഇരിക്കുന്നതിന്റെ പിന്നിലുള്ള ഭിത്തിയിലെ തട്ടുകളിൽ ഓരോന്നിലും വലിയ ചില്ലു
ഭരണികൾ നിരത്തി വെച്ചിട്ടുണ്ട്. പലതരം ഉണങ്ങിയ വേരുകൾ, ഇലകൾ, കമ്പുകൾ മുതലായവയാണ് അവയിലുള്ളത്. ഇതൊക്കെ അവിടത്തെ പതിവുകാർക്ക് സുപരിചിതമായ പച്ചമരുന്നുകളാണ്. സ്വയം ചികിത്സയ്ക്കോ പാചകത്തിനോ ആയി അവർ അതു വാങ്ങുന്നു. മറുവശത്തായി ഭിത്തിയോളം തന്നെ ഉയരമുള്ളതും ഉപയോഗിച്ചു പഴകിയ ധാരാളം വലിപ്പുകൾ ഉള്ളതുമായ ഒരു അലമാര ഉണ്ട്. ഇതിനെ ബൈറ്റ്സിഗ്വേ അഥവാ “നൂറു കുട്ടികളുടെ അലമാര” എന്നാണു വിളിക്കുന്നത്. കാരണം ഇത്തരം അലമാരകളിൽ സാധാരണ ഗതിയിൽ നൂറോ അതിൽ കൂടുതലോ വലിപ്പുകൾ ഉണ്ടായിരിക്കും. അവയിൽ ഓരോന്നിലും വ്യത്യസ്ത രോഗങ്ങൾക്കുള്ള മരുന്നുകൾ നിറച്ചുവെച്ചിരിക്കുന്നു. ഇതിൽത്തന്നെ എളുപ്പത്തിൽ എടുത്തു കൊടുക്കാൻ പറ്റിയ വലിപ്പുകളിലാണ് സാധാരണ രോഗങ്ങൾക്കുള്ള മരുന്നുകൾ വെച്ചിരിക്കുന്നത്. ഇവയ്ക്കൊന്നും തന്നെ ലേബൽ ഇല്ലെങ്കിലും ഓരോ പച്ചമരുന്നും എവിടെയാണെന്ന് പരിശീലനം സിദ്ധിച്ച സഹായികൾക്ക് വളരെ കൃത്യമായിട്ട് അറിയാം.എത്ര വൈദഗ്ധ്യത്തോടെയാണ് ആ സഹായി തന്റെ അടുക്കൽ വന്നിരിക്കുന്ന സ്ത്രീക്ക് മരുന്നു തൂക്കിക്കൊടുക്കുന്നത്! വളരെ കൃത്യതയുള്ള ഒരു തുലാസാണ് അയാൾ ഉപയോഗിക്കുന്നത്. ചില പച്ചമരുന്നുകൾ കൂടിയ അളവിൽ ഉപയോഗിക്കുന്നതു മാരകമാണെന്നതിനാൽ വളരെ ശ്രദ്ധാപൂർവം അവ അളന്നു കൊടുക്കേണ്ടതുണ്ടെന്ന് അയാൾക്ക് അറിയാം. എങ്കിലും, എല്ലാമൊന്നും അളന്നല്ല കൊടുക്കുന്നത്. പല വലിപ്പുകളിൽനിന്നായി ഏകദേശം അര കൈപ്പിടി വീതം വ്യത്യസ്ത പച്ചമരുന്നുകൾ എടുത്ത് അയാൾ ഒരു കടലാസിൽ പൊതിയുന്നു. ചീവീടിന്റെ തോടുപോലും കുറിപ്പടിയിൽ ചേർത്തിട്ടുണ്ട്! സാധനങ്ങൾ പൊതിയുന്നതിന് ഇടയിൽ, മരുന്ന് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് അയാൾ ആ സ്ത്രീയോടു വിശദീകരിക്കുന്നുമുണ്ട്.
വ്യത്യസ്ത വിധങ്ങളിലാണ് പച്ചമരുന്നുകൾ തയ്യാറാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. ചിലതു പൊടി ആയിട്ടാണു ലഭിക്കുന്നത്. അവ ചൂടു വെള്ളത്തിൽ കലക്കി കഴിക്കണം. ചിലതു കുഴമ്പു രൂപത്തിൽ ലഭിക്കുന്നു. അത് തേൻ ചേർത്തോ ചിലതരം ലഹരിപാനീയങ്ങൾ ചേർത്തോ കഴിക്കണം. എന്നാൽ, ഈ സ്ത്രീക്കു നിർദേശിച്ചിരിക്കുന്നതു കഷായമാണ്. ഏകദേശം ഒരു മണിക്കൂർ മൺപാത്രത്തിൽ ഈ പച്ചമരുന്നുകൾ തിളപ്പിക്കാൻ ആ സ്ത്രീയോടു പറയുന്നു. ഏതാനും മണിക്കൂറുകൾ ഇടവിട്ട് അവർ ഈ മിശ്രിതം കുറേശ്ശെ കുടിക്കണം. പിന്നെയും ആവശ്യമായി വന്നാൽ കടയിൽ ചെന്നു വാങ്ങാവുന്നതാണ്.
ഒടുവിൽ, ക്വോക് കിറ്റിന്റെ ഊഴമായി. വൈദ്യൻ അദ്ദേഹത്തിന്റെ രക്തസമ്മർദമോ ഹൃദയമിടിപ്പോ പരിശോധിക്കുന്നില്ല. എന്നാൽ രോഗലക്ഷണങ്ങളെ കുറിച്ച് അദ്ദേഹം ചോദിക്കുന്നുണ്ട്. നല്ല ഉറക്കം കിട്ടുന്നുണ്ടോ? ദഹനം, വിശപ്പ്, ശോധന, ശരീരോഷ്മാവ്, ത്വക്കിന്റെ നിറം ഒക്കെ എങ്ങനെയുണ്ട്? വൈദ്യൻ അദ്ദേഹത്തിന്റെ കണ്ണുകളും നാക്കിന്റെ വിവിധ ഭാഗങ്ങളുടെ നിറവും സൂക്ഷ്മമായി പരിശോധിക്കുന്നു. പിന്നീട് രണ്ടു മണിബന്ധങ്ങളിലെയും നാഡിമിടിപ്പ്, വ്യത്യസ്ത സ്ഥാനങ്ങളിലായി മർദവ്യത്യാസം വരുത്തി പരിശോധിക്കുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെയും അവയവങ്ങളുടെയും അവസ്ഥ അറിയാൻ സഹായിക്കുമെന്നു കരുതപ്പെടുന്നു. എന്തിന്, അദ്ദേഹത്തിന്റെ ശരീരത്തിന്റെ അസാധാരണ ഗന്ധം പോലും വൈദ്യൻ ശ്രദ്ധിക്കുന്നു! രോഗനിർണയത്തിന്റെ ഫലമെന്തായിരുന്നു? സംശയിക്കാനൊന്നും ഇല്ല, ക്വോക് കിറ്റിന് ഫ്ളൂ തന്നെ. ധാരാളം വെള്ളം കുടിക്കുകയും പൂർണ വിശ്രമം എടുക്കുകയും ചെയ്യണമെന്ന് വൈദ്യൻ അദ്ദേഹത്തോടു പറയുന്നു. അതോടൊപ്പം തിളപ്പിച്ചു കുടിക്കാനുള്ള പച്ചമരുന്നിന്റെ ഒരു കൂട്ടും കൊടുക്കുന്നു. വളരെ കയ്പുള്ളതെങ്കിലും ആ കഷായം അദ്ദേഹത്തെ സുഖപ്പെടുത്തും. പഥ്യം നോക്കണം എന്നും വൈദ്യൻ ക്വോക് കിറ്റിനോടു പറയുന്നു. കൂടാതെ, കഷായം കുടിച്ചതിനു ശേഷം വായ്ക്ക് ഒരു രുചിയുണ്ടാകാൻ ഉപ്പിലിട്ട പ്ലം കഴിച്ചുകൊള്ളാനും വൈദ്യൻ ദയാപുരസ്സരം പറയുന്നു.
ക്വോക് കിറ്റ് പച്ചമരുന്നു പൊതിയുമായി അവിടെ നിന്നിറങ്ങി. വൈദ്യനെ കണ്ടതിനും മരുന്നിനും എല്ലാം കൂടി അദ്ദേഹത്തിന് 20 ഡോളറിൽ താഴെയേ ചെലവായുള്ളൂ. ലാഭം തന്നെ. ഉടനെ രോഗം സുഖപ്പെടുത്താനുള്ള അത്ഭുതശക്തിയൊന്നും ഈ പച്ചമരുന്നുകൾക്ക് ഇല്ലെങ്കിലും ഏതാനും ദിവസങ്ങൾകൊണ്ട് ക്വോക് കിറ്റ് സുഖം പ്രാപിക്കും. എന്നാൽ, ചിലർ ചെയ്യുന്നതുപോലെ പെട്ടെന്ന് ഭേദമാകും എന്ന പ്രതീക്ഷയിൽ അദ്ദേഹം അത് നിർദിഷ്ട അളവിലുമധികം കഴിക്കാൻ പാടില്ല. ചില പച്ചമരുന്നുകൾ അമിതമായി ഉപയോഗിച്ചതിനാൽ ചിലർക്ക് ഗുരുതരമായ വിപരീത ഫലങ്ങൾ ഉളവായതായി പലപ്പോഴും കേൾക്കാറുണ്ട്.
ചില രാജ്യങ്ങളിൽ ചൈനീസ് നാട്ടുവൈദ്യന്മാരെയോ പച്ചമരുന്നുകളെയോ നിയന്ത്രിക്കാനുള്ള മാനദണ്ഡങ്ങൾ വിരളമാണ്, അല്ലെങ്കിൽ ഒട്ടുംതന്നെ ഇല്ല. ഇത് പൊട്ടുവൈദ്യത്തിനും, രോഗസംഹാരികൾ എന്ന നിലയിലുള്ള അപകടകാരികളായ പച്ചമരുന്നുകളുടെ വ്യാജവിൽപ്പനയ്ക്കും കളമൊരുക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഒരു ചൈനീസ് നാട്ടുവൈദ്യനെ കാണേണ്ടി വരുമ്പോൾ ഏഷ്യക്കാരായ മിക്ക രോഗികളും അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അഭിപ്രായം ആരായുന്നത്.
എല്ലാ രോഗങ്ങളും ഭേദമാക്കാൻ ഒരു ചികിത്സയ്ക്കും—അത് പച്ചമരുന്നോ പാശ്ചാത്യമോ ആയിക്കൊള്ളട്ടെ—കഴിയില്ല എന്നത് തീർച്ചയാണ്. എന്നിരുന്നാലും, ചൈനീസ് പച്ചമരുന്നുകടയും അവിടത്തെ നാട്ടുവൈദ്യന്മാരും ഏഷ്യക്കാരുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി തുടരുന്നു.
[അടിക്കുറിപ്പുകൾ]
a ഉണരുക! ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല. എന്നാൽ, തങ്ങൾ തിരഞ്ഞെടുക്കുന്ന ഏതൊരു ചികിത്സാരീതിയും ബൈബിൾ തത്ത്വങ്ങൾക്ക് വിരുദ്ധമല്ലെന്ന് ക്രിസ്ത്യാനികൾ ഉറപ്പുവരുത്തേണ്ടതുണ്ട്.
b ചൗ രാജവംശത്തിനു മുമ്പുണ്ടായിരുന്ന ഐതിഹാസിക ഭരണാധികാരിയായ മഞ്ഞ ചക്രവർത്തിയുടെ ഭരണകാലം പൊ.യു.മു. 2697 മുതൽ പൊ.യു.മു. 2595 വരെ ആണെന്നു പറയപ്പെടുന്നു. എന്നിരുന്നാലും, ഏകദേശം പൊ.യു.മു. 1100 മുതൽ പൊ.യു.മു. 250 വരെ നിലനിന്നിരുന്ന ചൗ രാജവംശത്തിന്റെ അവസാന കാലഘട്ടം വരെ നേ ജിങ എഴുതപ്പെട്ടിരുന്നില്ല എന്നാണ് പൊതുവെ പണ്ഡിതന്മാരുടെ അഭിപ്രായം.
c “യിൻ” എന്ന ചൈനീസ് പദത്തിന്റെ അർഥം “തണൽ” അഥവാ “നിഴൽ” എന്നാണ്. ഇരുട്ട്, തണുപ്പ്, സ്ത്രീത്വം എന്നിവയെയാണ് ഇതു പ്രതീകപ്പെടുത്തുന്നത്. ഇതിന് വിപരീതമായ “യാങ്” പ്രകാശം, ചൂട്, പുരുഷത്വം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.
[23-ാം പേജിലെ ചിത്രങ്ങൾ]
ഉണങ്ങിയ കടൽക്കുതിരകൾ ഉൾപ്പെടെ ചില വിദേശ വസ്തുക്കൾ പച്ചമരുന്നുകടയിലുണ്ട്
[24-ാം പേജിലെ ചിത്രങ്ങൾ]
ഉണങ്ങിയ വേരുകൾ, ഇലകൾ, കമ്പുകൾ എന്നിവ ശ്രദ്ധാപൂർവം തൂക്കിക്കൊടുക്കുന്നു