നഴ്സുമാർ—അവർ നമുക്ക് വേണ്ടപ്പെട്ടവരായിരിക്കുന്നത് എന്തുകൊണ്ട്?
നഴ്സുമാർ—അവർ നമുക്ക് വേണ്ടപ്പെട്ടവരായിരിക്കുന്നത് എന്തുകൊണ്ട്?
“ഏറ്റവും ബുദ്ധിമുട്ടു പിടിച്ച കലകളിൽ ഒന്നാണ് നഴ്സിങ്. കരുണ ഞങ്ങൾക്ക് പ്രചോദനമേകിയേക്കാം. എന്നാൽ അറിവാണ് ഞങ്ങളുടെ പ്രവർത്തനത്തിന് ആധാരം.” —ലോകത്തിലെ ആദ്യത്തെ നഴ്സിങ് പ്രൊഫസറായ മേരി അഡെലെയ്ഡ് നട്ടിങ്, 1925.
നഴ്സിങ്ങിന്റെ വേരുതേടിപ്പോയാൽ നാം ആയിരക്കണക്കിനു വർഷങ്ങൾ പിന്നിൽ ചെന്നെത്തും. എന്തിന്, ബൈബിളിൽ പോലും നഴ്സിങ്ങിനെ കുറിച്ചുള്ള പരാമർശമുണ്ട്. (1 രാജാക്കന്മാർ 1:2-4, NW) ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ രോഗികളെ പരിചരിക്കുന്നതിനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ച പല പ്രമുഖ വനിതകളെയും നമുക്കു പരിചയപ്പെടാനാകും. ഉദാഹരണത്തിന്, ഹംഗറിയിലെ എലിസബത്ത് രാജകുമാരിയുടെ (1207-31) കാര്യമെടുക്കാം. ആൻഡ്രൂ രണ്ടാമൻ രാജാവിന്റെ പുത്രിയായിരുന്ന അവർ, 1226-ലെ ഒരു ക്ഷാമകാലത്ത് ഭക്ഷ്യ വിതരണത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. പിന്നീട് അവർ ആശുപത്രികൾ പണികഴിപ്പിക്കുകയും അവിടെയുള്ള കുഷ്ഠരോഗികളെ പരിചരിക്കുകയും ചെയ്തു. വെറും 24-ാമത്തെ വയസ്സിൽ മരണമടഞ്ഞ എലിസബത്ത് തന്റെ ഹ്രസ്വ ജീവിതത്തിന്റെ ഭൂരിഭാഗവും ആതുര ശുശ്രൂഷയ്ക്കായി ഉഴിഞ്ഞുവെക്കുകയായിരുന്നു.
നഴ്സിങ്ങിന്റെ ചരിത്രത്തെ കുറിച്ചു പറഞ്ഞുവരുമ്പോൾ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ കാര്യം അവഗണിക്കാൻ ആർക്കാണു കഴിയുക? ക്രിമിയൻ യുദ്ധകാലത്ത് (1853-56) ഇംഗ്ലീഷുകാരിയായ ഈ ധീരവനിത 38 നഴ്സുമാരോടൊപ്പം കോൺസ്റ്റാന്റിനോപ്പിളിന്റെ പ്രാന്തപ്രദേശമായ സ്കൂട്ടാരിയിലെ സൈനികാശുപത്രിയിൽ എത്തുകയും അവിടത്തെ ചികിത്സാ സമ്പ്രദായം പുനസ്സംഘടിപ്പിക്കുകയും ചെയ്തു. നൈറ്റിംഗേൽ ചെന്ന സമയത്ത് അവിടത്തെ മരണനിരക്ക് ഏതാണ്ട് 60 ശതമാനമായിരുന്നു. എന്നാൽ 1856-ൽ അവർ അവിടെനിന്നു പോരുമ്പോൾ അത് 2 ശതമാനത്തിൽ താഴെയായി കുറഞ്ഞിരുന്നു.—6-ാം പേജിലെ ചതുരം കാണുക.
ജർമനിയിലെ കൈസർസ്വർത്തിൽ, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പ്രോട്ടസ്റ്റന്റ് ഡീക്കണസ്സസ് സ്ഥാപിതമായത് നഴ്സിങ്ങിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ക്രിമിയയിലേക്കു പോകുന്നതിനു മുമ്പ് നൈറ്റിംഗേൽ ഇവിടെനിന്ന് പരിശീലനം നേടിയിരുന്നു. കാലക്രമത്തിൽ, പ്രമുഖമായ വേറെയും നഴ്സിങ് സ്ഥാപനങ്ങൾ സ്ഥാപിതമായി. 1903-ൽ ആഗ്നസ് കാൾ സ്ഥാപിച്ച പ്രൊഫഷണൽ ഓർഗനൈസേഷൻ ഫോർ ജർമൻ നഴ്സസ് ഇതിന് ഉദാഹരണമാണ്.
ഇനി നമുക്ക് ആധുനിക നാളിലേക്കു വരാം. നമ്മുടെ ആരോഗ്യപരിപാലന രംഗത്തെ ഏറ്റവും വലിയ പ്രൊഫഷണൽ വിഭാഗം നഴ്സുമാരുടേതാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് 141 രാജ്യങ്ങളിലായി ഇന്ന് 90,00,000-ത്തിലധികം നഴ്സുമാരും
മിഡ്വൈഫുകളും സേവനമനുഷ്ഠിക്കുന്നുണ്ട്. അവർ എത്ര മർമപ്രധാനമായ ഒരു വേലയാണു നിർവഹിക്കുന്നത്! ദി അറ്റ്ലാന്റിക് മന്ത്ലി പറയുന്നതനുസരിച്ച്, നഴ്സുമാർ “രോഗികളുടെ അതിജീവനത്തിന് അത്യന്താപേക്ഷിതമായ പരിചരണം, അറിവ്, ആശ്രയയോഗ്യത എന്നിവ ഇഴചേർത്ത് അതിസുന്ദരമായ ഒരു ചിത്രയവനിക നെയ്തെടുക്കുന്നു.” അതുകൊണ്ട്, നഴ്സുമാരെ കുറിച്ച് നാം ഇങ്ങനെ ചോദിക്കുന്നത് ഉചിതമായിരിക്കും: അവർ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്തേനെ?രോഗി സുഖം പ്രാപിക്കുന്നതിൽ നഴ്സിനുള്ള പങ്ക്
“രോഗത്തിൽനിന്നോ പരിക്കിൽനിന്നോ സുഖം പ്രാപിക്കാനും ശേഷി കഴിയുന്നത്ര വീണ്ടെടുക്കാനും നഴ്സ് ഒരു രോഗിയെ സഹായിക്കുന്ന പ്രക്രിയ” എന്നാണ് ഒരു വിജ്ഞാനകോശം നഴ്സിങ്ങിനെ നിർവചിക്കുന്നത്.
അത് എത്ര ഭാരിച്ച ഉത്തരവാദിത്വമാണെന്നോ! നാഡിമിടിപ്പു പരിശോധിക്കുന്നതും രക്തസമ്മർദം അളക്കുന്നതും മാത്രമല്ല ഒരു നഴ്സിന്റെ ജോലി. രോഗിയെ രോഗത്തിൽനിന്നു കൈപിടിച്ചു കയറ്റുന്നതിൽ നഴ്സ് അതിപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. ദി അമേരിക്കൻ മെഡിക്കൽ അസ്സോസിയേഷൻ എൻസൈക്ലോപീഡിയ ഓഫ് മെഡിസിൻ ഇപ്രകാരം പറയുന്നു: “രോഗത്തെക്കാൾ രോഗത്തോട് രോഗി എങ്ങനെ പ്രതികരിക്കുന്നു എന്നതിനാണ് നഴ്സ് പ്രാധാന്യം കൽപ്പിക്കുന്നത്. രോഗിയുടെ ശാരീരിക അസ്വാസ്ഥ്യങ്ങൾക്ക് ശമനം നൽകാനും മനസ്സിന്റെ നൊമ്പരം അകറ്റാനും ചികിത്സയെ വിഷമകരമാക്കുന്ന പുതിയ സാഹചര്യങ്ങൾ കഴിയുന്നത്ര ഉണ്ടാകാതെ ശ്രദ്ധിക്കാനും അവർ പ്രതിജ്ഞാബദ്ധരാണ്.” ഇതിനു പുറമെ ഒരു നഴ്സ് “രോഗിയുടെ സങ്കടങ്ങൾ ക്ഷമാപൂർവം കേട്ട് അയാൾക്ക് ആവശ്യമായ വൈകാരിക പിന്തുണയും സാന്ത്വനവും നൽകുന്നു.” ഇനിയും, മരണത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന ഒരു രോഗിയുടെ കാര്യത്തിൽ നഴ്സിനു ചെയ്യാനുള്ളത് “മാന്യവും ശാന്തവുമായ ഒരു മരണം വരിക്കാൻ ആ രോഗിയെ സഹായിക്കുക എന്നുള്ളതാണ്.”
തങ്ങളുടെ കടമയിലുമധികം ചെയ്യുന്നവരാണ് പല നഴ്സുമാരും. ന്യൂയോർക്ക് നഗരത്തിലെ മോന്റെഫിയോറെ മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ചിരുന്ന എലൻ ഡി. ബാറിന്റെ കാര്യം തന്നെ എടുക്കാം. ശസ്ത്രക്രിയാ സംഘത്തോടൊപ്പം രാവിലെ റൗണ്ട്സിനു പോകുമ്പോൾ അവർ ഒരിക്കലും തിരക്കു കൂട്ടിയിരുന്നില്ല. അവർ എഴുതുന്നു: “നടക്കാനും ശ്വാസോച്ഛ്വാസം ചെയ്യാനും മറ്റും ബുദ്ധിമുട്ടുള്ള രോഗികളെ സഹായിക്കുകയും രോഗികളുടെ മുറിവ് അഴിച്ചു കെട്ടുകയും . . . അവർക്കു കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയും അവരുടെ അടുത്തിരുന്ന് അവരെ ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്തുകൊണ്ട് അവരോടൊപ്പം കുറെ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു. രോഗികളുമായി ഉറ്റ ബന്ധം സ്ഥാപിക്കാൻ ഞാൻ എല്ലായ്പോഴും ശ്രമിച്ചിരുന്നു.”
ഇതേ നിസ്വാർഥ മനോഭാവത്തോടുകൂടി തന്നെ ശുശ്രൂഷിച്ച കരുണയുള്ള ഒരു നഴ്സിനെ ആശുപത്രിയിൽ കിടന്നിട്ടുള്ള ഏതൊരാൾക്കും ഓർമിക്കാനാവും എന്നതിൽ തെല്ലും സംശയമില്ല. ആകട്ടെ, അങ്ങനെയെങ്കിൽ പ്രാഗത്ഭ്യമുള്ള ഒരു നഴ്സായിത്തീരാൻ എന്താണ് ആവശ്യമായിരിക്കുന്നത്?
[3-ാം പേജിലെ ചിത്രം]
ഫ്ളോറൻസ് നൈറ്റിംഗേൽ
[കടപ്പാട്]
Courtesy National Library of Medicine