നഴ്സുമാർ അവർ വഹിക്കുന്ന ജീവത്പ്രധാനമായ പങ്ക്
നഴ്സുമാർ അവർ വഹിക്കുന്ന ജീവത്പ്രധാനമായ പങ്ക്
“പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് നഴ്സ്. ആതുരരെയും പരിക്കേറ്റവരെയും പ്രായമായവരെയും ശുശ്രൂഷിക്കാൻ ഒരുക്കമുള്ള ഒരു വ്യക്തിതന്നെ.”—ആധുനിക ലോകത്തെ നഴ്സിങ്—വെല്ലുവിളികളും പ്രശ്നങ്ങളും പ്രവണതകളും (ഇംഗ്ലീഷ്).
നിസ്വാർഥത നഴ്സിങ്ങിന് അത്യന്താപേക്ഷിതമാണെങ്കിലും ഒരു നഴ്സിനെ നഴ്സാക്കുന്നത് അതു മാത്രമല്ല. പ്രാഗത്ഭ്യമുള്ള ഒരു നഴ്സായിത്തീരാൻ സമഗ്ര പരിശീലനവും പരിചയസമ്പത്തും ആവശ്യമാണ്. ഒന്നു മുതൽ നാലു വരെയോ അതിലധികമോ വർഷത്തെ പഠനവും പ്രായോഗിക പരിശീലനവും ആണ് അനിവാര്യമായിരിക്കുന്ന ഒരു യോഗ്യത. എന്നാൽ ഒരു വ്യക്തിയെ നല്ല നഴ്സാക്കിത്തീർക്കുന്നത് എന്തെല്ലാം ഗുണങ്ങളാണ്? ഉണരുക! നടത്തിയ അഭിമുഖത്തിൽ പരിചയസമ്പന്നരായ ചില നഴ്സുമാർ ആ ചോദ്യത്തിനു നൽകിയ മറുപടികൾ ശ്രദ്ധിക്കുക.
“ഡോക്ടർ രോഗം ഭേദമാക്കുമ്പോൾ നഴ്സ് രോഗിയെ ശുശ്രൂഷിക്കുകയാണു ചെയ്യുന്നത്. ഇതിൽ പലപ്പോഴും ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും മുറിവുണക്കുന്നത് ഉൾപ്പെടുന്നു. ഉദാഹരണത്തിന്, താനൊരു മാറാരോഗത്തിന്റെ പിടിയിൽ അമർന്നിരിക്കുന്നുവെന്നോ മരണം തന്റെ തൊട്ടടുത്തെത്തി കഴിഞ്ഞിരിക്കുന്നുവെന്നോ തിരിച്ചറിയുന്ന രോഗികൾക്ക് അത്തരം പരിചരണം ആവശ്യമാണ്. രോഗിക്ക് നിങ്ങൾ ഒരു അമ്മയെപ്പോലെ ആയിരിക്കണം.”—കാർമെൻ ചിൽമാർട്ടിൻ, സ്പെയിൻ.
“രോഗി ശാരീരികമായും മാനസികമായും അനുഭവിക്കുന്ന നൊമ്പരങ്ങളും വിഷമങ്ങളും മനസ്സിലാക്കി ആത്മാർഥതയോടെ അവരെ സഹായിക്കാൻ ഒരു നഴ്സിനു കഴിയണം. ഒപ്പം ദയയും ദീർഘക്ഷമയും ആവശ്യമാണ്. നഴ്സിങ്ങിനെയും വൈദ്യശാസ്ത്രത്തെയും കുറിച്ചുള്ള തന്റെ അറിവ് വിശാലമാക്കാനുള്ള ആഗ്രഹവും ഒരു നഴ്സിന് എപ്പോഴും ഉണ്ടായിരിക്കണം.”—റ്റാഡാഷി ഹാറ്റാനോ, ജപ്പാൻ.
“സമീപ വർഷങ്ങളിൽ നഴ്സുമാർക്ക് തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട് കൂടുതലായ അറിവ് ആവശ്യമായി വന്നിട്ടുണ്ട്. അതുകൊണ്ട് പഠിക്കാനുള്ള ആഗ്രഹവും പഠിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവും അവർക്ക് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അതുപോലെതന്നെ, പെട്ടെന്നു തീരുമാനമെടുക്കാനും സത്വര നടപടികൾ കൈക്കൊള്ളാനുമുള്ള കഴിവും നഴ്സുമാർക്ക് ഉണ്ടായിരിക്കണം.”—കെയ്കോ കാവാനെ, ജപ്പാൻ.
“സ്നേഹോഷ്മളം ആയിരിക്കണം ഒരു നഴ്സിന്റെ പെരുമാറ്റം. സഹനശക്തി ഉണ്ടായിരിക്കണം. രോഗികളുടെ വികാരങ്ങൾ സ്വന്തമെന്നപോലെ മനസ്സിലാക്കി അവരെ സഹായിക്കാനും നഴ്സിനു കഴിയണം.”—ആറാസെലി ഗാർസീയാ പാഡീയാ, മെക്സിക്കോ.
“പഠിക്കാനുള്ള ഉത്സാഹം, നിരീക്ഷണപാടവം, തൊഴിൽ വൈദഗ്ധ്യം എന്നിവ ഒരു നല്ല നഴ്സിന്റെ ഗുണവിശേഷങ്ങളാണ്. സ്വാർഥ മനോഭാവത്തോടെ പ്രവർത്തിക്കുകയും മേലധികാരികളുടെ ഉപദേശം നിരസിക്കുകയും ചെയ്യുന്ന ആത്മത്യാഗ മനോഭാവം ഇല്ലാത്ത നഴ്സ് തൊഴിൽ രംഗത്ത് ഒരു പരാജയമായിരിക്കും.”—റോസേൻഷെലാ സാന്റോസ്, ബ്രസീൽ.
“വഴക്കം, സഹനശീലം, ക്ഷമ തുടങ്ങി പല ഗുണങ്ങളും നഴ്സുമാർക്ക് അനിവാര്യമാണ്. അവർ വിശാലമനസ്കരും ആയിരിക്കേണ്ടതുണ്ട്. സഹപ്രവർത്തകരോടും മേലധികാരികളോടും ഒത്തുപോകാനുള്ള കഴിവ് അവർക്ക് ആവശ്യമാണ്. പ്രഗത്ഭരായി ജോലിയിൽ തുടരുന്നതിന് നഴ്സുമാർക്ക് പുതിയ കാര്യങ്ങളിൽ വേഗത്തിൽ വൈദഗ്ധ്യം നേടാനുള്ള കഴിവ് ഉണ്ടായിരിക്കണം.”—മാർക്ക് കോളർ, ഫ്രാൻസ്.
“ഒരു നഴ്സിന് ആളുകളോട് സ്നേഹം ഉണ്ടായിരിക്കണം. അവരെ സഹായിക്കാൻ ഉള്ളിന്റെയുള്ളിൽ ആഗ്രഹം തോന്നണം. നഴ്സിങ് രംഗത്ത് പിഴവുകൾക്ക് സ്ഥാനമില്ലാത്തതിനാൽ സമ്മർദത്തെ തരണം ചെയ്യാനുള്ള കഴിവ് ഒരു നഴ്സിന് ഉണ്ടായിരിക്കണം. സാഹചര്യങ്ങളുമായി ഇണങ്ങിപ്പോകാനുള്ള കഴിവും അനിവാര്യമാണ്. വേണ്ടത്ര ജോലിക്കാർ ഇല്ലാതെ വരുമ്പോഴും ഗുണമേന്മ ബലികഴിക്കാതെ ജോലി ചെയ്യാൻ അതു സഹായിക്കും.”—ക്ലൗഡ്യാ റെയ്ക്കർ ബാക്കർ, നെതർലൻഡ്സ്.
നഴ്സുമാർ—പരിചരണമേകുന്നവർ
ആധുനിക ലോകത്തെ നഴ്സിങ് ഇപ്രകാരം പറയുന്നു: “ആരോഗ്യ സംബന്ധമായ വ്യത്യസ്ത സാഹചര്യങ്ങളിൽ രോഗികൾക്ക് പരിചരണമേകുന്ന പ്രക്രിയയാണ് നഴ്സിങ്
. ചികിത്സയെ രോഗനിവാരണത്തോടു ബന്ധപ്പെടുത്തുമ്പോൾ നഴ്സിങ്ങിനെ രോഗിയുടെ പരിചരണവുമായിട്ടാണ് നാം ബന്ധപ്പെടുത്തുന്നത്.”
അതുകൊണ്ട് പരിചരണമേകുന്നവരാണ് നഴ്സുമാർ. കുറച്ചു നാൾ മുമ്പ് 1200 രജിസ്റ്റേർഡ് നഴ്സുമാരോട് പിൻവരുന്ന ചോദ്യം ചോദിക്കുകയുണ്ടായി: “നഴ്സുമാർ എന്ന നിലയിലുള്ള നിങ്ങളുടെ ജോലിയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഗതി എന്താണെന്നാണ് നിങ്ങളുടെ അഭിപ്രായം?” ഗുണമേന്മയുള്ള പരിചരണമേകൽ എന്നായിരുന്നു അവരിൽ 98 ശതമാനത്തിന്റെയും ഉത്തരം.
തങ്ങൾ രോഗികൾക്ക് വളരെ വിലപ്പെട്ടവരാണെന്നുള്ള കാര്യം ചിലപ്പോഴൊക്കെ നഴ്സുമാർ തിരിച്ചറിയുന്നില്ല. 12 വർഷത്തെ തൊഴിൽ പരിചയം ഉള്ള കാർമെൻ ചിൽമാർട്ടിൻ (ഇവരുടെ
അഭിപ്രായം നേരത്തെ ഉദ്ധരിച്ചിരുന്നു) ഉണരുക!യോട് ഇങ്ങനെ പറഞ്ഞു: “തീരെ അവശരായി എത്തുന്ന രോഗികളെ പരിചരിക്കേണ്ടി വരുമ്പോൾ വേണ്ടതുപോലെ ചെയ്യാൻ കഴിയാത്തതായി എനിക്ക് തോന്നുന്നുവെന്നും വെറുമൊരു ‘ബാൻഡ്-എയ്ഡ്’ ആയിട്ടാണ് ഞാൻ എന്നെത്തന്നെ കാണുന്നതെന്നും ഒരിക്കൽ ഞാൻ ഒരു കൂട്ടുകാരിയോടു പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു: ‘അങ്ങേയറ്റം വിലപിടിപ്പുള്ള ഒരു “ബാൻഡ്-എയ്ഡ്” എന്നു പറയൂ. ഒരു രോഗിക്ക് മറ്റെന്തിനെക്കാളും ആവശ്യം നിന്നെയാണ്—കരുണയുള്ള ഒരു നഴ്സിനെ.’”ദിവസവും പത്തോ അതിലധികമോ മണിക്കൂർ ജോലിചെയ്യുന്ന ഒരു നഴ്സിന് ഇത്തരം പരിചരണം വലിയ പിരിമുറുക്കം സൃഷ്ടിക്കുന്നു എന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ! കയ്യും മെയ്യും മറന്ന് അധ്വാനിക്കുന്ന നിസ്വാർഥരായ ഈ ആതുരശുശ്രൂഷകരെ ഈ രംഗം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത് എന്താണ്?
അവർ ഈ കർമരംഗം തിരഞ്ഞെടുത്തതിന്റെ കാരണം
ലോകമെമ്പാടുമുള്ള നഴ്സുമാരെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ ഒരു അഭിമുഖത്തിൽ ഉണരുക! അവരോട് ഈ ചോദ്യം ഉന്നയിച്ചു: “ഒരു നഴ്സായിത്തീരാൻ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?” അവരുടെ മറുപടികളിൽ ചിലത് ചുവടെ ചേർക്കുന്നു.
47 വർഷത്തെ തൊഴിൽ പരിചയമുള്ള ഒരു നഴ്സാണ് റ്റെറി വെതർസൺ. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിലുള്ള ഒരു ആശുപത്രിയിലെ യൂറോളജി ഡിപ്പാർട്ടുമെന്റിൽ ഒരു ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ് ആയി പ്രവർത്തിച്ചുവരികയാണ് അവർ. “ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഞാൻ വളർന്നത്. പഠിച്ചതും ഒരു കാത്തലിക് ബോർഡിങ് സ്കൂളിൽ,” അവർ ഓർമകളുടെ ചെപ്പു തുറക്കുന്നു. “വലുതാകുമ്പോൾ ഒന്നുകിൽ ഒരു കന്യാസ്ത്രീ അല്ലെങ്കിൽ ഒരു നഴ്സ് ആയിത്തീരണമെന്ന് കുഞ്ഞുന്നാളിലെ ഞാൻ തീരുമാനിച്ചതാണ്. മറ്റുള്ളവരെ ശുശ്രൂഷിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അങ്ങനെ ഞാൻ നഴ്സിങ് തിരഞ്ഞെടുത്തു. അതൊരു ദൈവവിളിയാണെന്ന് വേണമെങ്കിൽ പറയാം.”
കഴിഞ്ഞ എട്ടു വർഷമായി സ്വന്തമായി ഒരു ക്ലിനിക്ക് നടത്തിവരികയാണ് ജപ്പാനിലെ സയ്റ്റാമായിൽ താമസിക്കുന്ന ചീവാ മാറ്റ്സുനാഗാ. അവർ ഇപ്രകാരം പറയുന്നു: “ആയുഷ്കാലം മുഴുവൻ ജോലി ഉറപ്പാക്കുന്ന ഒരു തൊഴിൽ പഠിച്ചിരിക്കുന്നത് വളരെ നല്ലതാണെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. അങ്ങനെയാണ് ഞാൻ നഴ്സിങ്ങിന്റെ പാത തിരഞ്ഞെടുത്തത്.”
ജപ്പാനിലെ ടോക്കിയോയിൽനിന്നുള്ള എറ്റ്സ്കോ കൊറ്റാനി 38 വർഷത്തെ തൊഴിൽ പരിചയമുള്ള ഒരു ഹെഡ് നഴ്സാണ്. അവർ തന്റെ ഓർമയുടെ താളുകൾ മറിക്കുന്നു: “ഞാൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു ദിവസം എന്റെ അച്ഛൻ കുഴഞ്ഞു വീണു. പരിക്കിൽ അദ്ദേഹത്തിന് ഒരുപാടു രക്തം നഷ്ടമായി. അച്ഛനെ നോക്കാനായി ആശുപത്രിയിൽ ചെന്നു നിന്നപ്പോൾ ഞാൻ മനസ്സിലുറച്ചു: വലുതാകുമ്പോൾ ഞാൻ ഒരു നഴ്സാകും. അപ്പോൾ എനിക്ക് രോഗികളെ ശുശ്രൂഷിക്കാമല്ലോ.”
മറ്റു ചിലർ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത് സ്വന്തം അനുഭവത്തിൽ നിന്നാണ്. മെക്സിക്കോയിലെ ഒരു നഴ്സായ എനെയ്ഡാ ബിയേറാ തന്റെ അനുഭവം വിവരിക്കുന്നു: “ആറു വയസ്സുള്ളപ്പോൾ ശ്വാസനാളവീക്കം പിടിപെട്ട് ഞാൻ രണ്ടാഴ്ച ആശുപത്രിയിൽ കിടന്നു. ഒരു നഴ്സായി തീരണമെന്ന് അന്നു ഞാൻ തീരുമാനിച്ചതാണ്.”
ആത്മത്യാഗ മനോഭാവം വളരെയധികം ആവശ്യമുള്ള ഒരു തൊഴിലാണ് നഴ്സിങ്. നമുക്കിപ്പോൾ മഹത്തായ ഈ തൊഴിലിന്റെ സന്തോഷങ്ങളെയും വെല്ലുവിളികളെയും കുറിച്ചൊന്ന് അടുത്തു പരിചിന്തിക്കാം.
നഴ്സിങ്ങിന്റെ സന്തോഷങ്ങൾ
നഴ്സിങ്ങിന്റെ സന്തോഷങ്ങൾ എന്തെല്ലാമാണ്? ഒരു നഴ്സ്, നഴ്സിങ്ങിന്റെ ഏതു മേഖലയിൽ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ ചോദ്യത്തിനുള്ള മറുപടി. ഉദാഹരണത്തിന്, മിഡ്വൈഫുകൾക്ക് ഒരു പുതിയ ജീവനെ വരവേൽക്കുന്ന ഓരോ തവണയും തങ്ങളുടെ ജോലി നന്നായി നിർവഹിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം തോന്നുന്നു. “ഒരു ഗർഭസ്ഥശിശുവിന്റെ വളർച്ച അടുത്തു നിരീക്ഷിച്ച് ആ കുഞ്ഞ് ആരോഗ്യവാനായി പിറക്കുന്നതു കാണുന്നത്
ധന്യമായ ഒരു അനുഭവമാണ്” എന്ന് നെതർലൻഡ്സിൽനിന്നുള്ള ഒരു മിഡ്വൈഫ് പറയുന്നു. നെതർലൻഡ്സിൽനിന്നു തന്നെയുള്ള യോളാൻഡാ ചീലൻ ഫാൻ ഹോഫ്റ്റ് പറയുന്നു. “അച്ഛനമ്മമാരെയും അതുപോലെതന്നെ ഒരു ആരോഗ്യ പ്രവർത്തകയെയും സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷപ്രദമായ അനുഭവങ്ങളിലൊന്നാണ് ഒരു കുഞ്ഞിന്റെ ജനനം. അത് ഒരു അത്ഭുതംതന്നെയാണ്!”40-കളുടെ ആരംഭത്തിലായിരിക്കുന്ന റാഷിറ്റ് ആസാം ഫ്രാൻസിലെ ഡ്രോയിൽ താമസിക്കുന്ന ഒരു ഗവൺമെന്റ്-അംഗീകൃത നഴ്സ് അനെസ്തെറ്റിസ്റ്റ് ആണ്. അദ്ദേഹം നഴ്സിങ് ആസ്വദിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് അദ്ദേഹത്തോടു ചോദിക്കാം. “ശസ്ത്രക്രിയകളുടെ വിജയത്തിൽ പങ്കുവഹിക്കാൻ കഴിയുന്നതും ആകർഷകവും സദാ പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നതുമായ ഒരു തൊഴിൽ മേഖലയുടെ ഭാഗമായിരിക്കുന്നതും എനിക്കു സംതൃപ്തിയേകുന്നു” എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഫ്രാൻസിൽനിന്നു
തന്നെയുള്ള ഐസക്ക് ബാങ്ങിലി പറയുന്നു: “രോഗികളുടെയും കുടുംബാംഗങ്ങളുടെയും നന്ദിവാക്കുകൾ എന്നെ സ്പർശിക്കാറുണ്ട്. പ്രതീക്ഷയ്ക്കു വകയൊന്നുമില്ലെന്നു കരുതിയിരുന്ന ഒരു രോഗിയെ സുഖപ്പെടുത്തിയെടുക്കാൻ കഴിയുമ്പോൾ പ്രത്യേകിച്ചും.”നേരത്തേ പരാമർശിച്ച റ്റെറി വെതർസണിന് ഒരു വിധവയിൽനിന്ന് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു കത്ത് ലഭിക്കുകയുണ്ടായി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “ശാന്തവും ശുഭാപ്തിവിശ്വാസത്തോടു കൂടിയതുമായ നിങ്ങളുടെ സമീപനം ചാൾസ് രോഗശയ്യയിലായിരുന്ന സമയമത്രയും ഞങ്ങളെ എത്രയധികം ആശ്വസിപ്പിച്ചു എന്നതിനെ കുറിച്ച് ഒരിക്കൽ കൂടെ പറയാതിരിക്കാൻ എനിക്കാവില്ല. ദുഃഖം കരിനിഴൽ വീഴ്ത്തിയിരുന്ന ആ നാളുകളിൽ നിങ്ങളുടെ ഊഷ്മള സാന്നിധ്യം ഞങ്ങൾക്ക് പ്രകാശം ചൊരിയുന്ന ഒരു വിളക്കായിരുന്നു, ശക്തിയുടെ ഒരു ഉറവായിരുന്നു.”
വെല്ലുവിളികൾ നേരിടൽ
ഒരു നഴ്സിന്റെ ജീവിതം സന്തോഷങ്ങൾക്കൊപ്പം അനേകം വെല്ലുവിളികളും നിറഞ്ഞതാണ്. അവരുടെ ജോലിയിൽ പിഴവുകൾക്ക് യാതൊരു സ്ഥാനവുമില്ല! മരുന്നു കൊടുക്കുമ്പോഴോ രക്തമെടുക്കുമ്പോഴോ ഗ്ലൂക്കോസോ മറ്റോ കയറ്റുമ്പോഴോ രോഗിയെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോഴോ ആയാലും ശരി, നഴ്സ് അങ്ങേയറ്റം ശ്രദ്ധാലു ആയിരിക്കണം. ഒരു നഴ്സ് പിഴവു വരുത്തിക്കൂടാ. ചികിത്സകർക്കെതിരെ കേസുമായി കോടതിയെ സമീപിക്കുന്ന രീതി സാധാരണമായിരിക്കുന്ന രാജ്യങ്ങളിൽ ഇതു പ്രത്യേകിച്ചും സത്യമാണ്. എന്നാൽ നഴ്സ് ചിലപ്പോഴൊക്കെ വിഷമസ്ഥിതിയിൽ ആയിപ്പോകാറുണ്ട്. ഉദാഹരണത്തിന്, ഡോക്ടർ തെറ്റായ മരുന്നാണ് നിർദേശിച്ചിരിക്കുന്നതെന്നോ ഡോക്ടർ തന്നോടു ചെയ്യാൻ പറഞ്ഞിരിക്കുന്ന കാര്യം രോഗിക്ക് ദോഷകരം ആണെന്നോ നഴ്സിനു തോന്നുന്നു എന്നിരിക്കട്ടെ. അപ്പോൾ നഴ്സിന് എന്തു ചെയ്യാനാകും? ഡോക്ടറുടെ നിർദേശം നിരസിക്കണമോ? ഇതിന് ധൈര്യവും നയവും ആവശ്യമാണ്, ഒരർഥത്തിൽ പറഞ്ഞാൽ അങ്ങനെ ചെയ്യുന്നത് ഒരു തീക്കളിയാണ്. ചില ഡോക്ടർമാർ അത്ര പെട്ടെന്നൊന്നും ‘കീഴ്ജീവനക്കാരുടെ’ നിർദേശങ്ങൾ സ്വീകരിക്കാറില്ല എന്നതാണ് സങ്കടകരമായ യാഥാർഥ്യം.
ഇതിനെ സംബന്ധിച്ച് ചില നഴ്സുമാരുടെ അഭിപ്രായമെന്താണ്? 34 വർഷമായി ഒരു രജിസ്റ്റേർഡ് നഴ്സായി സേവിച്ചുവരുന്ന യു.എസ്.എ.-യിലെ വിസ്കോൻസിനിൽ നിന്നുള്ള ബാർബ്ര റൈനെക ഉണരുക!യോടു പിൻവരുന്ന പ്രകാരം പറയുകയുണ്ടായി: “ഒരു നഴ്സ്
ധൈര്യശാലി ആയിരിക്കണം. താൻ കൊടുക്കുന്ന മരുന്നുകൊണ്ടോ താൻ നടത്തുന്ന ചികിത്സകൊണ്ടോ എന്തെങ്കിലും കുഴപ്പം വന്നാൽ നഴ്സ് നിയമത്തിന്റെ ദൃഷ്ടിയിൽ അതിന് ഉത്തരവാദിയാണ് എന്ന സംഗതി ആദ്യംതന്നെ അവർ മനസ്സിൽ പിടിക്കേണ്ടതുണ്ട്. തന്റെ പ്രവർത്തന പരിധിയിൽ വരാത്തതോ തനിക്ക് തെറ്റാണെന്നു തോന്നുന്നതോ ആയ ഒരു കാര്യം ചെയ്യാൻ ഡോക്ടർ പറയുന്ന പക്ഷം ആ നിർദേശം നിരസിക്കാനുള്ള കഴിവ് നഴ്സിന് ഉണ്ടായിരിക്കണം. ഫ്ളോറൻസ് നൈറ്റിംഗേലിന്റെ കാലമല്ല ഇത്, എന്തിന് കഴിഞ്ഞ 50 വർഷത്തിനിടയിൽത്തന്നെ നഴ്സിങ് രംഗത്ത് എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു! ഡോക്ടറുടെ നിർദേശം നിരസിക്കേണ്ടത് എപ്പോഴാണെന്നും രോഗിയെ ചെന്നു കാണണമെന്ന്—അത് അർധരാത്രിയാണെങ്കിൽ പോലും—ഡോക്ടറോട് ആവശ്യപ്പെടേണ്ടത് എപ്പോഴാണെന്നും ഇന്നത്തെ നഴ്സ് തിരിച്ചറിയേണ്ടതുണ്ട്. ഇനി, നിങ്ങൾക്കു തെറ്റുപറ്റിയാൽ ഡോക്ടറുടെ പരിഹാസം സഹിക്കാനുള്ള മനക്കരുത്ത് ഉണ്ടായിരിക്കണം.”നഴ്സുമാരെ അലട്ടുന്ന മറ്റൊരു പ്രശ്നം തൊഴിൽസ്ഥലത്തെ അക്രമമാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “നഴ്സുമാർ ജോലിസ്ഥലത്തു വെച്ച് അക്രമത്തിനും ഉപദ്രവത്തിനും ഇരയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ജയിൽ കാവൽക്കാർ, പൊലീസ് ഓഫീസർമാർ എന്നിവരെക്കാളുമൊക്കെ തൊഴിൽ സ്ഥലത്തു വെച്ച് കൂടുതൽ ആക്രമിക്കപ്പെടുന്നത് നഴ്സുമാരാണ്. നഴ്സുമാരിൽ 72 ശതമാനത്തിനും സുരക്ഷിതത്വം തോന്നുന്നില്ല.” യുണൈറ്റഡ് കിങ്ഡത്തിലും സമാനമായ ഒരു സ്ഥിതിവിശേഷം ഉള്ളതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. അടുത്തകാലത്ത് അവിടെ നഴ്സുമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സർവേ നടത്തുകയുണ്ടായി. അതിൽ പങ്കെടുത്തവരിൽ 97 ശതമാനവും തലേവർഷം ശാരീരിക അക്രമത്തിന് ഇരയായ ഒരു നഴ്സിനെയെങ്കിലും തങ്ങൾക്ക് അറിയാമെന്ന് അഭിപ്രായപ്പെട്ടു. ആരാണ് ഈ അക്രമത്തിന്റെ പിന്നിൽ? മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിൽ ആയിരിക്കുന്നവരും സമ്മർദമോ ദുഃഖമോ അനുഭവിക്കുന്നവരുമായ രോഗികളാണ് പലപ്പോഴും നഴ്സുമാരെ ആക്രമിക്കുന്നത്.
നഴ്സുമാർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന വേറൊരു പ്രശ്നമാണ് സമ്മർദത്താൽ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ തളർച്ച. വേണ്ടത്ര നഴ്സുമാർ ഇല്ലാതെ വരുന്നതാണ് ഇതിന് ഒരു കാരണം. അമിത ജോലിഭാരം നിമിത്തം ഒരു രോഗിയെ വേണ്ടതുപോലെ ശുശ്രൂഷിക്കാനാകാതെ വരുമ്പോൾ മനസ്സാക്ഷിപൂർവം ജോലി ചെയ്യുന്ന ഒരു നഴ്സിന് സമ്മർദം അനുഭവപ്പെടുന്നു. ജോലിസമയത്തിനു ശേഷവും ഇടവേളകളിലും ഒക്കെ ജോലി ചെയ്തുകൊണ്ട് ഈ സാഹചര്യത്തെ തരണം ചെയ്യാൻ ശ്രമിക്കുന്നത് പ്രശ്നം ഒന്നുകൂടി വഷളാക്കുകയേ ഉള്ളൂ.
ലോകമെമ്പാടുമുള്ള പല ആശുപത്രികളിലും വേണ്ടത്ര ജീവനക്കാരില്ല. ഉദാഹരണത്തിന് മഡ്രിഡിലെ കാര്യമെടുക്കാം. അവിടത്തെ മാഗസിനായ മുണ്ടോ സാനിറ്റാര്യോയിൽ വന്ന ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ ആശുപത്രികളിൽ വേണ്ടത്ര നഴ്സുമാർ ഇല്ല. . . . ആരോഗ്യ പരിചരണം ആവശ്യമായി വരുന്ന ഏതൊരാളും നഴ്സുമാരുടെ വിലയറിയുന്നു.” ആശുപത്രി അധികൃതർ പണം ലാഭിക്കാൻ ശ്രമിക്കുന്നു എന്നതാണ് നഴ്സുമാരുടെ ഈ ക്ഷാമത്തിനു കാരണമായി ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്! മഡ്രിഡിലെ ആശുപത്രികളിൽ 13,000 നഴ്സുമാരുടെ കുറവുണ്ടത്രെ!
ദൈർഘ്യമേറിയ ഷിഫ്റ്റുകളും അപര്യാപ്തമായ ശമ്പളവും സമ്മർദത്തിനിടയാക്കുന്ന മറ്റൊരു കാരണമാണ്. ദ സ്കോട്സ്മാൻ ഇപ്രകാരം പ്രസ്താവിച്ചു: “യൂണിസൻ എന്ന പൊതുജന സേവന യൂണിയൻ പറയുന്നതനുസരിച്ച്, ബ്രിട്ടനിലെ നഴ്സുമാരിൽ അഞ്ചിലൊന്നിലധികവും നഴ്സിങ് അസ്സിസ്റ്റന്റുമാരിൽ നാലിലൊന്നിലധികവും ഉപജീവനത്തിനായി നഴ്സിങ്ങിനു പുറമേ മറ്റൊരു ജോലികൂടി ചെയ്യുന്നവരാണ്.” നാലിൽ മൂന്നു നഴ്സുമാരും തങ്ങൾക്ക് വേണ്ടത്ര ശമ്പളം കിട്ടുന്നില്ലെന്ന് കരുതുന്നവരാണ്. ഫലമോ? പലരും നഴ്സിങ് ഉപേക്ഷിച്ചു പോയിരിക്കുന്നു.
നഴ്സുമാരിൽ സമ്മർദം സൃഷ്ടിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. ലോകമെമ്പാടുമുള്ള നഴ്സുമാരിൽനിന്ന് ഉണരുക!യ്ക്ക് ലഭിച്ച അഭിപ്രായങ്ങൾ വിലയിരുത്തിയപ്പോൾ രോഗികളുടെ മരണം നഴ്സുമാരെ വിഷാദചിത്തരാക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു. ഈജിപ്ഷ്യൻ പശ്ചാത്തലമുള്ള മാഗ്ഡ സ്വാങ് ന്യൂയോർക്കിലെ ബ്രുക്ലിനിലാണ് ജോലി ചെയ്യുന്നത്. ഒരു നഴ്സ് എന്ന നിലയിലുള്ള അവരുടെ ജോലിയെ പ്രയാസകരമാക്കിത്തീർക്കുന്നത്
എന്താണെന്ന് ചോദിച്ചപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ പരിചരിച്ച മുപ്പതു രോഗികളെങ്കിലും—ഇവർ മാരക രോഗത്തിന് അടിമപ്പെട്ടവരായിരുന്നു—പത്തുവർഷത്തിനുള്ളിൽ മരണമടഞ്ഞു. രോഗികളുടെ മരണം ഏതൊരു നഴ്സിനെയും പിടിച്ചുലയ്ക്കുന്ന സംഗതിയാണ്.” ഒരു പുസ്തകം പിൻവരുന്ന പ്രകാരം പറയുന്നതിൽ അതിശയിക്കാനില്ല: “തങ്ങൾ രാപകലില്ലാതെ പാടുപെട്ടു നോക്കിയ രോഗികൾ മരിക്കുന്നതു കാണുമ്പോൾ [നഴ്സുമാർ] ആകെ തളർന്നുപോകുന്നു.”
നഴ്സുമാരുടെ ഭാവി
സാങ്കേതികവിദ്യയുടെ പുരോഗതിയും സ്വാധീനവും നഴ്സിങ് രംഗത്തെ സമ്മർദങ്ങൾ വർധിപ്പിക്കുന്നു. സാങ്കേതികവിദ്യയും മനുഷ്യത്വവും ഒരുമിച്ചു കൊണ്ടുപോകുന്നത് ഒരു വെല്ലുവിളിയാണ്. ആർദ്രതയോടും കരുണയോടും കൂടി രോഗിയെ പരിചരിക്കുന്ന നഴ്സിന്റെ സ്ഥാനം ഏറ്റെടുക്കാൻ ഒരു യന്ത്രത്തിനും ആവില്ല.
ഒരു ജേർണൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “നഴ്സിങ് എന്നെന്നും നിലനിൽക്കുന്ന ഒരു തൊഴിലാണ്. . . . മനുഷ്യനുള്ള കാലത്തോളം പരിചരണത്തിനും കരുണയ്ക്കും സഹാനുഭൂതിക്കും ഉള്ള ആവശ്യം ഉണ്ടായിരിക്കും.” നഴ്സിങ് ആ ആവശ്യം നിറവേറ്റുന്നു. എന്നാൽ ആരോഗ്യം സംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തോടു കൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കുന്നതിന് ഏറെ ശക്തമായ ഒരു കാരണമുണ്ട്: “എനിക്കു ദീനം” എന്ന് ആരും പറയുകയില്ലാത്ത ഒരു കാലം വരുമെന്ന് ബൈബിൾ പറയുന്നു. (യെശയ്യാവു 33:24) ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആശുപത്രികളുടെയും ആവശ്യം ഉണ്ടായിരിക്കയില്ല.—യെശയ്യാവു 65:17; 2 പത്രൊസ് 3:13.
ബൈബിൾ ഇങ്ങനെയും പറയുന്നു: “ദൈവം . . . അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും [“വേദനയും,” ഓശാന ബൈബിൾ] ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളിപ്പാടു 21:3-5) എന്നാൽ ആ കാലം വന്നെത്തുന്നതുവരെ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നഴ്സുമാർ ചെയ്യുന്ന എല്ലാ ത്യാഗങ്ങൾക്കും സേവനങ്ങൾക്കും നാം നന്ദിയുള്ളവരായിരിക്കണം. സ്നേഹപരിചരണങ്ങളേകാൻ, സാന്ത്വനത്തിന്റെ കുളിർസ്പർശമേകാൻ അവർ ഇല്ലായിരുന്നെങ്കിൽ ആശുപത്രി ജീവിതം അസാധ്യമാകുമായിരുന്നു എന്നു പറയാനാകില്ലെങ്കിലും തീർച്ചയായും അസഹ്യമായിത്തീരുമായിരുന്നു! അതേ, “നഴ്സുമാർ—അവർ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്തേനെ!”
[6-ാം പേജിലെ ചതുരം/ചിത്രം]
ഫ്ളോറൻസ് നൈറ്റിംഗേൽ—ആധുനിക നഴ്സിങ്ങിന് മാർഗദീപം തെളിച്ച വനിത
1820-ൽ ഇറ്റലിയിലാണ് ഫ്ളോറൻസ് നൈറ്റിംഗേൽ പിറന്നത്, ഒരു സമ്പന്ന കുടുംബത്തിലെ അംഗമായി. അവളുടെ മാതാപിതാക്കൾ ബ്രിട്ടീഷുകാരായിരുന്നു. അച്ഛനമ്മമാരുടെ ഓമനപുത്രിയായിരുന്ന ഫ്ളോറൻസ് വളരെയധികം പരിലാളനമേറ്റാണു വളർന്നത്. വിവാഹ വാഗ്ദാനങ്ങൾ നിരസിച്ച ഫ്ളോറൻസ്, ആതുരരെയും പാവപ്പെട്ടവരെയും പരിചരിക്കുന്നതിനു തന്നെ സജ്ജയാക്കുന്ന പഠനങ്ങളിൽ വ്യാപൃതയായി. മാതാപിതാക്കളുടെ എതിർപ്പു ഗണ്യമാക്കാതെ അവർ, ജർമനിയിലെ കൈസർസ്വർത്തിലുള്ള നഴ്സിങ് പരിശീലന സ്കൂളിൽ ചേർന്നു. പിന്നീട് പാരീസിലും പോയി പഠിച്ചു. 33-ാമത്തെ വയസ്സിൽ അവർ ലണ്ടനിലെ ഒരു വനിതാ ആശുപത്രിയുടെ സൂപ്രണ്ട് ആയിത്തീർന്നു.
എന്നാൽ ക്രിമിയൻ യുദ്ധത്തിൽ മുറിവേറ്റ ഭടന്മാരെ ശുശ്രൂഷിക്കാനായി ഒരു സന്നദ്ധസേവികയായി പോയപ്പോഴാണ് ഫ്ളോറൻസ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത്. അവിടെ ഫ്ളോറൻസിനും അവരോടൊപ്പമുണ്ടായിരുന്ന 38 നഴ്സുമാർക്കും വർധിച്ച എലിശല്യമുള്ള ഒരു ആശുപത്രി ശുചിയാക്കേണ്ടി വന്നു. അത് അങ്ങേയറ്റം ബുദ്ധിമുട്ടു പിടിച്ച ഒരു ജോലിയായിരുന്നു. കാരണം, അവിടെ സോപ്പോ വാഷ്ബേസിനോ തുവർത്തോ ഒന്നും ഉണ്ടായിരുന്നില്ല. എന്തിന്, വേണ്ടത്ര കട്ടിലുകളും മെത്തകളും ബാൻഡേജുകളും പോലും ഇല്ലായിരുന്നു. ഫ്ളോറൻസും സംഘവും ആ വെല്ലുവിളി ഏറ്റെടുക്കുകതന്നെ ചെയ്തു. ക്രിമിയൻ യുദ്ധം അവസാനിച്ചപ്പോഴേക്കും ഫ്ളോറൻസ്, നഴ്സിങ്ങിലും ആശുപത്രി കാര്യനിർവഹണത്തിലും ലോകമെമ്പാടും പരിഷ്കരണങ്ങൾ വരുത്തിയിരുന്നു. അവർ 1860-ൽ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ ‘നൈറ്റിംഗേൽ നഴ്സിങ് പരിശീലന സ്കൂൾ’ സ്ഥാപിച്ചു, മതത്തിന്റെ വകയായിട്ടല്ലാതെ സ്ഥാപിതമായ ആദ്യത്തെ നഴ്സിങ് സ്കൂൾ ആയിരുന്നു അത്. പിന്നീട്, അവർ സുഖമില്ലാതെ കിടപ്പിലായി. 1910-ൽ മരണത്തിന് അടിയറവു പറയുന്നതുവരെ വർഷങ്ങളോളം ആ കിടപ്പു തുടർന്നു. എന്നാൽ, ആ അവസ്ഥയിലും അവർ ആരോഗ്യപരിപാലന നിലവാരങ്ങൾ മെച്ചപ്പെടുത്താൻ ഉതകുന്ന പുസ്തകങ്ങളും ലഘുലേഖകളും എഴുതിക്കൊണ്ടിരുന്നു.
ഒരു പരോപകാര തത്പര എന്ന നിലയിലുള്ള ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പ്രതിച്ഛായ അപ്പാടെ അംഗീകരിച്ചുകൊടുക്കാൻ എല്ലാവരുമൊന്നും തയ്യാറല്ല. നഴ്സിങ് രംഗത്ത് സംഭാവനകൾ നൽകിയിട്ടുള്ള പലരും ഫ്ളോറൻസിന്റെ അത്രയോ അതിൽ കൂടുതലോ ബഹുമതി അർഹിക്കുന്നുണ്ടെന്നാണ് അവരുടെ വാദം. മാത്രമല്ല, അവരുടെ സ്വഭാവത്തെ ചൊല്ലി ചൂടുപിടിച്ച തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ “പെട്ടെന്ന് ഭാവം മാറുന്ന പ്രകൃതക്കാരിയും തന്നിഷ്ടക്കാരിയും മുൻകോപിയും നിർബന്ധബുദ്ധിയുള്ളവളും അടക്കിഭരിക്കുന്ന സ്വഭാവക്കാരിയും” ആയിരുന്നെന്ന് ചിലർ ആരോപിക്കുമ്പോൾ മറ്റുചിലർ അവരുടെ “ബുദ്ധിവൈഭവവും സൗന്ദര്യവും ചുറുചുറുക്കും സ്വഭാവത്തിലെ വൈരുദ്ധ്യങ്ങളും” നിമിത്തം അവരിലേക്ക് ആകർഷിക്കപ്പെടുകയാണു ചെയ്തത് എന്ന് നഴ്സിങ്ങിന്റെ ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം അഭിപ്രായപ്പെടുന്നു. അവരുടെ യഥാർഥ സ്വഭാവം എന്തുതന്നെ ആയിരുന്നാലും, നഴ്സിങ്ങിനെയും ആശുപത്രി കാര്യനിർവഹണത്തെയും സംബന്ധിച്ച അവരുടെ ആശയങ്ങൾ അനേകം രാജ്യങ്ങളിലേക്കു വ്യാപിച്ചു എന്ന വസ്തുത അവഗണിക്കാവതല്ല. നഴ്സിങ് സമ്പ്രദായത്തിന് മാർഗദീപം തെളിച്ച വനിത എന്ന നിലയിലാണ് ആ ആതുരസേവിക ഇന്ന് അറിയപ്പെടുന്നത്.
[ചിത്രം]
സെന്റ് തോമസ് ആശുപത്രി—‘നൈറ്റിംഗേൽ നഴ്സിങ് പരിശീലന സ്കൂൾ’ സ്ഥാപിച്ചതിനു ശേഷം
[കടപ്പാട്]
Courtesy National Library of Medicine
[8-ാം പേജിലെ ചതുരം/ചിത്രം]
ഒരു നഴ്സിന്റെ യോഗ്യതകൾ
നഴ്സ്: “നഴ്സിങ്ങിൽ ശാസ്ത്രീയ അടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നേടുകയും വിദ്യാഭ്യാസത്തിലും രോഗികളുടെ പരിചരണത്തിലും നിശ്ചിത നിലവാരങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്ന വ്യക്തി.”
രജിസ്റ്റേർഡ് നഴ്സ്: “ഗവൺമെന്റ് നഴ്സിങ് ബോർഡ് വെക്കുന്ന പരീക്ഷ പാസായതിനെ തുടർന്ന് നഴ്സായി സേവിക്കാൻ നിയമാംഗീകാരം ലഭിച്ചിരിക്കുന്ന ബിരുദധാരിയായ നഴ്സ്. രജിസ്റ്റേർഡ് നഴ്സ് എന്ന സ്ഥാനപ്പേര് ഉപയോഗിക്കാൻ നിയമാനുമതി ഉള്ളത് ഇവർക്കാണ്.”
ക്ലിനിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ്: “നഴ്സിങ്ങിന്റെ ഒരു പ്രത്യേക മേഖലയിൽ വളരെയധികം അറിവും വൈദഗ്ധ്യവും കാര്യക്ഷമതയും സിദ്ധിച്ച ഒരു രജിസ്റ്റേർഡ് നഴ്സ്.”
നഴ്സ്-മിഡ്വൈഫ്: “നഴ്സിങ്ങിലും മിഡ്വൈഫറിയിലും വിദ്യാഭ്യാസം സിദ്ധിച്ച വ്യക്തി.”
പ്രാക്റ്റിക്കൽ നഴ്സ്: “പരിചരണമേകുന്നതിൽ പ്രായോഗിക പരിശീലനം സിദ്ധിച്ച, എന്നാൽ ഏതെങ്കിലുമൊരു നഴ്സിങ് സ്കൂളിൽനിന്ന് ബിരുദം നേടിയിട്ടില്ലാത്ത വ്യക്തി.
ലൈസൻസ്ഡ് പ്രാക്റ്റിക്കൽ നഴ്സ്: “നഴ്സിങ്ങിൽ പ്രായോഗിക പരിശീലനം നൽകുന്ന ഒരു സ്കൂളിൽനിന്ന് ബിരുദം നേടി, . . . ലൈസൻസ്ഡ് പ്രാക്റ്റിക്കൽ നഴ്സായിട്ട് സേവനമനുഷ്ഠിക്കാൻ നിയമാംഗീകാരം ലഭിച്ചിട്ടുള്ള ഒരു വ്യക്തി.”
[കടപ്പാട്]
ഐക്യനാടുകളിലെ ഒരു പ്രസിദ്ധീകരണമായ ഡോർലാൻഡ്സ് ഇലസ്ട്രേറ്റഡ് മെഡിക്കൽ ഡിക്ഷ്ണറിയിൽനിന്ന്
UN/J. Isaac
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
‘ആരോഗ്യപരിപാലന സംവിധാനത്തിന്റെ നട്ടെല്ല്’
1999 ജൂണിലെ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് സെന്റെനിയൽ കോൺഫറൻസിൽ വെച്ച് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ഗ്രോ ഹാർലെം ബ്രണ്ട്ലാൻ ഇപ്രകാരം പ്രസ്താവിച്ചു:
“ആരോഗ്യപരിപാലന സംവിധാനത്തിന്റെ പ്രധാന കണ്ണികളായ നഴ്സുമാർ ആരോഗ്യം തുടിക്കുന്ന ഒരു ഗ്രഹത്തിന്റെ ശക്തരായ വക്താക്കളായി പ്രവർത്തിക്കാനുള്ള അതുല്യമായ സ്ഥാനത്താണ്. . . . ഇപ്പോൾത്തന്നെ മിക്ക രാജ്യങ്ങളിലെയും ആരോഗ്യരംഗത്തെ യോഗ്യത പ്രാപിച്ച ആരോഗ്യ പരിപാലകരുടെ ഏതാണ്ട് 80 ശതമാനവും നഴ്സുമാരും മിഡ്വൈഫുകളുമാണ്. അതുകൊണ്ടുതന്നെ ‘21-ാം നൂറ്റാണ്ടിൽ എല്ലാവർക്കും ആരോഗ്യം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ പ്രാപ്തമായ ഒരു സമൂഹത്തെ അവർ പ്രതിനിധാനം ചെയ്യുന്നു. ആരോഗ്യരംഗത്തെ അവരുടെ സംഭാവനകൾ ആരോഗ്യ പരിപാലനത്തിന്റെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്നു. . . . വ്യക്തമായും, മിക്ക ആരോഗ്യപരിപാലന സംഘങ്ങളുടെയും നട്ടെല്ലാണ് നഴ്സുമാർ.”
മെക്സിക്കോയുടെ പ്രസിഡന്റായ എർനെസ്റ്റോ സെഡീയോ പോൺസേ ഡേ ലേയോൺ ഒരു പ്രഭാഷണത്തിൽ അവിടത്തെ നഴ്സുമാരുടെ മേൽ പ്രശംസാ വാക്കുകൾ ചൊരിഞ്ഞു: “മെക്സിക്കൻ ജനതയുടെ ആരോഗ്യം സംരക്ഷിക്കാനും വീണ്ടെടുക്കാനുമായി നിങ്ങൾ ദിനംപ്രതി നിങ്ങളുടെ വിജ്ഞാനത്തിന്റെയും ഐക്യത്തിന്റെയും ഏറ്റവും നല്ല ഭാഗം ചെലവഴിച്ചുകൊണ്ട് ഉദാത്തമായ സേവനം കാഴ്ചവെക്കുന്നു. നിങ്ങൾ ആളുകൾക്ക് വിദഗ്ധ സഹായം മാത്രമല്ല, ദയാവായ്പും പ്രതിജ്ഞാബദ്ധതയും മനുഷ്യത്വവും തുളുമ്പുന്ന ഹൃദയത്തിൽനിന്ന് സാന്ത്വനവും പകർന്നുകൊടുക്കുന്നു. ഇവിടത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ ഭാഗം നിങ്ങളാണ്. . . . ഓരോ ജീവൻ രക്ഷിക്കപ്പെടുമ്പോഴും ഓരോ കുഞ്ഞ് ജനിക്കുമ്പോഴും ഓരോ കുട്ടിക്കും പ്രതിരോധകുത്തിവയ്പു ലഭിക്കുമ്പോഴും ഓരോ ആരോഗ്യ പ്രഭാഷണം നടക്കുമ്പോഴും ഓരോ വ്യക്തി സുഖംപ്രാപിക്കുമ്പോഴും ഓരോ രോഗിക്കും ശ്രദ്ധയും കൈത്താങ്ങും ലഭിക്കുമ്പോഴും അതിന്റെ പിന്നിൽ നമ്മുടെ നഴ്സിങ് സ്റ്റാഫിന്റെ കരങ്ങളുണ്ട്.”
[കടപ്പാട്]
UN/DPI Photo by Greg Kinch
UN/DPI Photo by Evan Schneider
[11-ാം പേജിലെ ചതുരം/ചിത്രം]
വിലമതിപ്പോടെ ഒരു ഡോക്ടർ
ന്യൂയോർക്ക് പ്രസ്ബിറ്റേറിയൻ ഹോസ്പിറ്റലിലെ ഡോ. സന്ദീപ് ജോഹർ പ്രഗത്ഭരായ നഴ്സുമാരോടു താൻ എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് സമ്മതിച്ചു പറയുകയുണ്ടായി. മരണത്തിലേക്കു വഴുതി വീണുകൊണ്ടിരിക്കുന്ന ഒരു രോഗിക്ക് കുറച്ചുകൂടെ മോർഫിൻ കൊടുക്കേണ്ടതുണ്ടെന്ന് ഒരിക്കൽ ഒരു നഴ്സ് അദ്ദേഹത്തെ നയപൂർവം ബോധ്യപ്പെടുത്തുകയുണ്ടായി. അദ്ദേഹം എഴുതി: “പ്രഗത്ഭരായ നഴ്സുമാർക്ക് ഡോക്ടർമാരെ പല സംഗതികളും പഠിപ്പിക്കാൻ കഴിയും. തീവ്രപരിചരണ വിഭാഗം പോലുള്ള പ്രത്യേക വാർഡുകളിലെ നഴ്സുമാർ ആശുപത്രിയിലെ ഏറ്റവും പരിശീലനം സിദ്ധിച്ച വ്യക്തികളിൽപ്പെടും. ഞാൻ ആശുപത്രിയിൽ പ്രായോഗിക പരിശീലനം നേടിക്കൊണ്ടിരുന്ന കാലത്ത് കത്തീറ്ററുകൾ വെക്കേണ്ടത് എങ്ങനെയെന്നും വെന്റിലേറ്ററുകൾ [കൃത്രിമശ്വസന സഹായികൾ] ക്രമീകരിക്കേണ്ടത് എങ്ങനെയെന്നും ഒക്കെ അവർ എനിക്കു പഠിപ്പിച്ചു തന്നു. ഏതെല്ലാം മരുന്നുകളാണ് ഒഴിവാക്കേണ്ടത് എന്നും അവർ എനിക്കു പറഞ്ഞു തന്നു.”
അദ്ദേഹം തുടരുന്നു: “നഴ്സുമാർ രോഗികൾക്ക് അനിവാര്യമായിരിക്കുന്ന മാനസികവും വൈകാരികവുമായ പിന്തുണ നൽകുന്നു. കാരണം അവരാണ് രോഗികളോടൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്. . . . എനിക്ക് വിശ്വാസമുള്ള ഒരു നഴ്സ് ഒരു രോഗിയെ ഉടനെ ചെന്നു കാണണമെന്ന് എന്നോടു പറയുമ്പോൾ ഞാൻ തെല്ലും അമാന്തിക്കാറില്ല.”
[7-ാം പേജിലെ ചിത്രം]
“മറ്റുള്ളവരെ ശുശ്രൂഷിക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു.”—റ്റെറി വെതർസൺ, ഇംഗ്ലണ്ട്.
[7-ാം പേജിലെ ചിത്രം]
“അച്ഛനെ നോക്കാനായി ആശുപത്രിയിൽ ചെന്നു നിന്നപ്പോൾ ഞാൻ മനസ്സിലുറച്ചു: വലുതാകുമ്പോൾ ഞാൻ ഒരു നഴ്സാകും.”—എറ്റ്സ്കോ കൊറ്റാനി, ജപ്പാൻ.
[7-ാം പേജിലെ ചിത്രം]
‘ഒരു മിഡ്വൈഫിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷപ്രദമായ അനുഭവങ്ങളിലൊന്നാണ് ഒരു കുഞ്ഞിന്റെ ജനനം.’—യോളാൻഡാ ചീലൻ ഫാൻ ഹോഫ്റ്റ്, നെതർലൻഡ്സ്.
[8-ാം പേജിലെ ചിത്രം]
ഒരു പുതിയ ജീവനെ വരവേൽക്കുന്നത് മിഡ്വൈഫുകൾക്ക് സന്തോഷവും സംതൃപ്തിയും പ്രദാനം ചെയ്യുന്നു