രാശിചക്രം നിങ്ങളുടെ ജീവിതത്തെ നയിക്കണമോ?
ബൈബിളിന്റെ വീക്ഷണം
രാശിചക്രം നിങ്ങളുടെ ജീവിതത്തെ നയിക്കണമോ?
“നക്ഷത്രഫലം നോക്കി ഭാവി അറിയാൻ ശ്രമിക്കുന്ന ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരു ക്ഷാമവുമില്ല.” —ജോൺ പോൾ രണ്ടാമൻ പാപ്പാ.
നാല് അമേരിക്കക്കാരിൽ ഒരാൾ വീതം തീരുമാനങ്ങൾ എടുക്കാൻ ജ്യോതിഷത്തെ ആശ്രയിക്കുന്നു എന്നാണ് ഒരു അഭിപ്രായ വോട്ടെടുപ്പ് കാണിക്കുന്നത്. എന്നാൽ അമേരിക്കയിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ജ്യോതിഷം. സാമ്പത്തിക കാര്യങ്ങൾ, യാത്രാ ക്രമീകരണങ്ങൾ, തൊഴിൽ മാറ്റങ്ങൾ, വിവാഹ തീയതികൾ, സൈനിക നീക്കങ്ങൾ എന്നിവ സംബന്ധിച്ച ഉപദേശത്തിനായി രാശിചക്രത്തിലേക്കു തിരിയുന്നവർ ലോകമെമ്പാടും ഉണ്ട്. ഒരു വ്യക്തിയുടെ നക്ഷത്രം നോക്കി യോജിച്ച വിവാഹ ഇണയെ കണ്ടെത്താനും പൊരുത്തമില്ലാത്തവരെ തിരിച്ചറിയാനും കഴിയുമെന്നു പറയപ്പെടുന്നു. പൗരസ്ത്യരെന്നോ പാശ്ചാത്യരെന്നോ ഉള്ള വ്യത്യാസം കൂടാതെ ദശലക്ഷക്കണക്കിനാളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ജ്യോതിഷത്തിനു കഴിഞ്ഞിരിക്കുന്നു. എന്നാൽ രാശിചക്രത്തിന്റെ ഉത്ഭവം എവിടെയാണ്?
ചരിത്ര പശ്ചാത്തലം
വ്യത്യസ്ത തരത്തിലുള്ള രാശിചക്രങ്ങളുടെ വേരുതേടിപ്പോയാൽ, അറിയപ്പെടുന്നതിലേക്കും പുരാതനമായ സംസ്കാരങ്ങളിലായിരിക്കും നാം ചെന്നെത്തുക. ബൈബിളിൽ പോലും “രാശി നക്ഷത്രമണ്ഡലങ്ങ”ളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. (2 രാജാക്കന്മാർ 23:5, NW) തെളിവനുസരിച്ച്, പുരാതന കാലങ്ങളിൽ ഹിന്ദുക്കളും അതുപോലെ ചൈനക്കാരും ഈജിപ്തുകാരും ഗ്രീക്കുകാരും മറ്റു ദേശക്കാരുമൊക്കെ രാശി നോക്കിയിരുന്നു. എന്നാൽ രാശി ചിഹ്നങ്ങളെ കുറിച്ചു പരാമർശിച്ചിട്ടുള്ള ഏറ്റവും പഴക്കമുള്ള തെളിവുകൾ കണ്ടെടുത്തത് പുരാതന ബാബിലോണിലാണ്.
ഭാവി അറിയാനുള്ള ശ്രമത്തിന്റെ ഫലമായാണ് ബാബിലോണിൽ ജ്യോതിഷം വികാസം പ്രാപിച്ചത്. അവർ ആകാശഗോളങ്ങളുടെ ചലനങ്ങൾ നിരീക്ഷിച്ച് വിശദമായ ചാർട്ടുകളും പട്ടികകളും തയ്യാറാക്കി. ഇതിനെ അടിസ്ഥാനപ്പെടുത്തി മനുഷ്യ കാര്യാദികളെയും ഭൗമസംഭവങ്ങളെയും കുറിച്ച് അവർ പ്രവചിച്ചു. പലപ്പോഴും, ജ്യോത്സ്യന്മാർ വന്ന് ഉപദേശം നൽകിയിട്ടല്ലാതെ രാഷ്ട്രീയമോ സൈനികമോ ആയ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമായിരുന്നില്ല. അങ്ങനെ, പ്രത്യേക അറിവും അതീന്ദ്രിയ ശക്തികളും ഉണ്ടെന്ന് അവകാശപ്പെട്ട ഒരു പുരോഹിത വർഗം ഉയർന്നു വരികയും വലിയ സ്വാധീനം ചെലുത്താൻ തുടങ്ങുകയും ചെയ്തു. ബാബിലോണിലെ മുഖ്യ ക്ഷേത്രങ്ങളിലെല്ലാം വാനനിരീക്ഷണത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു.
ഈ ആധുനിക നാളിലും രാശിചക്രം ആളുകളുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിരിക്കുന്നു. ജ്യോത്സ്യത്തിലൊന്നും വിശ്വാസമില്ലെന്നു പറയുന്നവർ പോലും വെറുമൊരു രസത്തിനു വേണ്ടിയോ കൗതുകത്തിന്റെ പേരിലോ ചിലപ്പോഴൊക്കെ അതിലേക്ക് എത്തിനോക്കുന്നു. ജ്യോത്സ്യന്മാരുടെ ചില പ്രവചനങ്ങൾ നിവൃത്തിയേറിയിട്ടുണ്ട് എന്നതു ശരിതന്നെ. എന്നാൽ നക്ഷത്രം നോക്കുന്നത് പ്രയോജനപ്രദമാണെന്ന്
അത് അർഥമാക്കുന്നുണ്ടോ? പുരാതന കാലത്തെ ദൈവദാസർ ജ്യോതിഷത്തെ എങ്ങനെയാണു വീക്ഷിച്ചത്?പതിയിരിക്കുന്ന അപകടങ്ങൾ
ബാബിലോണിയരിൽനിന്നു വ്യത്യസ്തമായി വിശ്വസ്ത യഹൂദർ ജ്യോതിഷം നോക്കിയിരുന്നില്ല. അതിന് അവർക്കു നല്ല കാരണം ഉണ്ടായിരുന്നു. ദൈവം അവർക്കു വ്യക്തമായ ഈ മുന്നറിയിപ്പു നൽകിയിരുന്നു: “പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു അകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകൾനിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—ആവർത്തനപുസ്തകം 18:10-12.
ദൈവദാസർ ജ്യോതിഷത്തിനെതിരെ ഉറച്ച നിലപാടു കൈക്കൊണ്ടു. ഉദാഹരണത്തിന്, വിശ്വസ്ത രാജാവായിരുന്ന യോശീയാവ് “ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും [“രാശി നക്ഷത്രമണ്ഡലങ്ങൾക്കും,” NW] ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെ . . . നീക്കിക്കളഞ്ഞു.” യോശീയാവിന്റെ ഈ പ്രവൃത്തി “യഹോവെക്കു പ്രസാദമുള്ളതു” ആയിരുന്നു, അതിന് ദൈവം അവനെ അനുഗ്രഹിക്കുകയും ചെയ്തു. (2 രാജാക്കന്മാർ 22:2; 23:5) എന്നിരുന്നാലും, ‘ജ്യോത്സ്യന്മാരുടെ പ്രവചനങ്ങൾ ചിലപ്പോഴൊക്കെ സത്യമായിത്തീരാറില്ലേ’ എന്നു ചിലർ ചോദിച്ചേക്കാം.
രസാവഹമായി, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ “ഭാവിപ്രവചനംവഴി . . . തന്റെ യജമാനൻമാർക്കു വളരെ ആദായമുണ്ടാക്കിയിരുന്ന” ഒരു പെൺകുട്ടിയെ കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ആ പെൺകുട്ടിയുടെ ചില പ്രവചനങ്ങളെങ്കിലും നിവൃത്തിയേറി എന്നതിൽ സംശയമില്ല, അല്ലായിരുന്നെങ്കിൽ തന്റെ ശക്തികൾ ഉപയോഗിച്ച് യജമാനന്മാർക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാൻ അവൾക്കു കഴിയുമായിരുന്നില്ലല്ലോ. എന്നാൽ ഭാവി പ്രവചിക്കാനുള്ള ഈ പെൺകുട്ടിയുടെ പ്രാപ്തിക്കു പിന്നിൽ യഥാർഥത്തിൽ എന്തായിരുന്നു? ബൈബിൾ പറയുന്നതനുസരിച്ച് ഭാവി പ്രവചിക്കാൻ കഴിവുള്ള ഒരു ‘ഭൂതം’ അവളെ ബാധിച്ചിരുന്നു.—പ്രവൃത്തികൾ 16:16, പി.ഒ.സി. ബൈ.; 16:18.
“സർവ്വലോകവും ദുഷ്ടന്റെ” അതായത് പിശാചായ സാത്താന്റെ “അധീനതയിൽ” ആണെന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 5:19) ചില പ്രവചനങ്ങൾ സത്യമായിത്തീരത്തക്കവണ്ണം കാര്യങ്ങളെ നിയന്ത്രിച്ചുകൊണ്ട് സാത്താനും അവന്റെ ഭൂതങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ചിരിക്കുന്നു.
അതുകൊണ്ട് ലളിതമായി പറഞ്ഞാൽ, ജ്യോതിഷം “പിശാചിന്റെ തന്ത്രങ്ങ”ളിൽ ഒന്നാണ്. തന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കാൻ ആളുകളെ നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതിന് അവൻ അത് ഉപയോഗിക്കുന്നു. ആ സ്ഥിതിക്ക്, ജ്യോതിഷം ഉൾപ്പെടെയുള്ള സാത്താന്റെ കുതന്ത്രങ്ങളോട് ‘എതിർത്തുനിൽക്കാൻ’ ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ കാരണം മനസ്സിലാക്കാവുന്നതേ ഉള്ളൂ. (എഫെസ്യർ 6:11) എന്നാൽ ഭാവി സംബന്ധിച്ച് യാതൊരു മാർഗനിർദേശവും നമുക്കു ലഭ്യമല്ല എന്നാണോ ഇതിന്റെ അർഥം?
ബൈബിൾ—ആശ്രയയോഗ്യമായ ഒരു വഴികാട്ടി
തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ആശ്രയയോഗ്യമായ ഒരു വഴികാട്ടിയാണ് ബൈബിൾ എന്നു ദശലക്ഷക്കണക്കിന് ആളുകൾ കണ്ടെത്തിയിരിക്കുന്നു. സങ്കീർത്തനക്കാരനായ ദാവീദ് പറഞ്ഞതുപോലെ “യഹോവയുടെ സാക്ഷ്യം [“ഓർമിപ്പിക്കലുകൾ,” NW] വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.” (സങ്കീർത്തനം 19:7; 119:105) എന്നാൽ ഓരോ സന്ദർഭത്തിലും ഒരു വ്യക്തി ചെയ്യേണ്ടത് എന്തൊക്കെയാണെന്നു ബൈബിൾ അക്ഷരംപ്രതി വിശദീകരിക്കുന്നു എന്ന് ഇതിന് അർഥമില്ല. പകരം നമ്മുടെ ഇന്ദ്രിയങ്ങളെ അഥവാ ഗ്രഹണപ്രാപ്തികളെ പരിശീലിപ്പിക്കുന്നതിനു സഹായകമായ തത്ത്വങ്ങൾ ദൈവവചനത്തിൽ അടങ്ങിയിട്ടുണ്ട്. തെറ്റും ശരിയും തിരിച്ചറിയാനും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാനും ഇത് നമ്മെ പ്രാപ്തരാക്കും.—എബ്രായർ 5:14.
അതുകൊണ്ട്, വെറുമൊരു രസത്തിനോ കൗതുകത്തിനോ വേണ്ടിയാണെങ്കിലും ജ്യോതിഷത്തിൽ ഏർപ്പെടാതിരിക്കുന്നതിന് സത്യക്രിസ്ത്യാനികൾക്ക് ശക്തമായ കാരണങ്ങൾ ഉണ്ട്. ഒരുവനെ ഭൂതസ്വാധീനത്തിൽ ആക്കിയേക്കാവുന്ന ഏതൊരു സംഗതിയും—അവ അത്ര പ്രകടമല്ലെങ്കിൽപ്പോലും—ഒഴിവാക്കാനുള്ള ദൈവവചനത്തിലെ മുന്നറിയിപ്പുകൾ അവർ ബുദ്ധിപൂർവം ചെവിക്കൊള്ളുന്നു. നിങ്ങളുടെ ജീവിതത്തെ നയിക്കാൻ രാശിചക്രത്തെയല്ല, മറിച്ച് ബൈബിളിനെ അനുവദിക്കുന്നെങ്കിൽ ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾ നിങ്ങൾക്കു നിത്യം ആസ്വദിക്കാൻ കഴിയും.—സങ്കീർത്തനം 37:29, 38.
[26-ാം പേജിലെ ചിത്രം]
പൗരസ്ത്യ രാശിചക്രം
[26-ാം പേജിലെ ചിത്രം]
പാശ്ചാത്യ രാശിചക്രം