ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
സമ്മർദം അനുഭവിക്കുന്ന വിദ്യാർഥികൾ
വർഷാവസാന പരീക്ഷാ സമയത്ത് ഇന്ത്യയിൽ മിക്ക കുട്ടികളും വർധിച്ച സമ്മർദം അനുഭവിക്കുന്നു എന്ന് മുംബൈയിലെ ദി ഏഷ്യൻ ഏജ് റിപ്പോർട്ടു ചെയ്യുന്നു. പരീക്ഷയ്ക്കു മുമ്പുള്ള തിരക്കിട്ട പഠനവും ഉയർന്ന മാർക്കു നേടാനുള്ള സമ്മർദവും താങ്ങാൻ കഴിയാതെ വരുന്നതിന്റെ ഫലമായി പരീക്ഷാക്കാലത്ത് മനോരോഗ വിദഗ്ധരെ സന്ദർശിക്കുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിക്കുന്നു. തങ്ങളുടെ മക്കൾക്കു നല്ല മാർക്കു ലഭിച്ചു കാണാനുള്ള വ്യഗ്രതയിൽ ചില മാതാപിതാക്കൾ എല്ലാത്തരം വിനോദവും കർശനമായി നിരോധിക്കുന്നു. മനോരോഗ വിദഗ്ധനായ വി. കെ. മുന്ദ്ര ഇങ്ങനെ പറയുന്നു: “മാതാപിതാക്കൾ കുട്ടികളുടെമേൽ വലിയ സമ്മർദം ചെലുത്തുന്നു. അതുപോലെ മറ്റു വിദ്യാർഥികളുമായുള്ള മത്സരവുമുണ്ട്.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “അൽപ്പം വിനോദവും വിശ്രമവും കുട്ടിക്ക് ഉന്മേഷം പകരുകയും കൂടുതൽ നന്നായി പഠിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന കാര്യം [മിക്ക മാതാപിതാക്കളും] മനസ്സിലാക്കുന്നില്ല.” പരീക്ഷാ സമയത്തെ ഈ സമ്മർദം “ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളെ പോലും ബാധിക്കാൻ തുടങ്ങിയിരിക്കുന്നു” എന്ന് ഡോ. ഹരീഷ് ഷെട്ടി ചൂണ്ടിക്കാണിച്ചു.
കാട്ടുപന്നികൾ നഗരം ചുറ്റാനിറങ്ങുമ്പോൾ
കാട്ടുപന്നികൾ സ്വതവെ നാണംകുണുങ്ങികളായ വനവാസികൾ ആണെങ്കിലും അവ ഇപ്പോൾ നഗരങ്ങൾ ധാരാളം ഭക്ഷണവും ഇരപിടിയന്മാരിൽ നിന്നുള്ള സംരക്ഷണവും പ്രദാനം ചെയ്യുന്നതായി കണ്ടെത്തിയിരിക്കുകയാണ് എന്നു ജർമൻ വാരികയായ ഡി വൊചെ പറയുന്നു. കാട്ടുപന്നികൾ ബെർലിൻ നഗരത്തിൽ പ്രസവിക്കുക പോലും ചെയ്തിരിക്കുന്നു. വൃക്ഷനിബിഡമായ സ്ഥലങ്ങളിലും പൊതു പാർക്കുകളിലും മാത്രമല്ല വിശന്നുവലയുന്ന ഈ മൃഗങ്ങൾ റോന്തുചുറ്റുന്നത്. ചെടികൾ പിഴുതെടുത്ത് അവയുടെ കിഴങ്ങുകളും മറ്റും തിന്നുകൊണ്ട് അവ സ്വകാര്യ ഉദ്യാനങ്ങളും നശിപ്പിക്കുന്നു. 350 കിലോഗ്രാം വരെ തൂക്കമുള്ള കാട്ടുപന്നികളെ കണ്ട് പേടിച്ചരണ്ട ആളുകൾ മരത്തിൽ ഓടിക്കയറുകയും ടെലിഫോൺ ബൂത്തുകളിൽ അഭയം തേടുകയുമൊക്കെ ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മൃഗങ്ങൾ കണക്കറ്റ വാഹനാപകടങ്ങൾക്കും ഇടയാക്കിയിരിക്കുന്നു. ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തുന്ന പലർക്കും കുറ്റിരോമങ്ങളുള്ള ഈ അതിക്രമികളെ നേരിടേണ്ടിവന്നിട്ടുണ്ട്. ഒരു വ്യക്തി ഇങ്ങനെ ചോദിക്കുന്നു: “കാറിനും വീടിന്റെ വാതിലിനും ഇടയ്ക്ക് 20 കാട്ടുപന്നികൾ നിൽക്കുമ്പോൾ ഞാൻ എങ്ങനെ അകത്തു കടക്കാനാണ്?”
പുതിയ ജൈവയിനങ്ങൾക്കു നിങ്ങളുടെ പേരു നൽകാം
“യാതൊന്നിന്റെയും കുറവില്ല എന്നു തോന്നുന്ന പ്രിയപ്പെട്ട ഒരാൾക്കു കൊടുക്കാൻ പറ്റിയ ഒരു അപൂർവ സമ്മാനത്തിനായി തിരയുകയാണോ നിങ്ങൾ?” സയൻസ് മാസികയാണ് ആ ചോദ്യം ചോദിച്ചത്. അതിങ്ങനെ തുടർന്നു: “എങ്കിൽ വഴിയുണ്ട്. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, ജൈവവൈവിധ്യ ഗവേഷണത്തിനായി ഒരു സംഭാവന അടയ്ക്കുക. ഓർക്കിഡിന്റെയോ കൊതുകിന്റെയോ തോടില്ലാത്ത കടൽ ഒച്ചിന്റെയോ മുമ്പ് അറിയപ്പെടാത്ത ഒരിനത്തിനു നിങ്ങളുടെ പ്രിയപ്പെട്ടയാളുടെ പേരു നൽകാൻ കഴിയും. മാത്രമല്ല, അത് ശാസ്ത്ര ഗ്രന്ഥങ്ങളിൽ ശാശ്വതമായി എഴുതപ്പെടുകയും ചെയ്യും.” അല്ല, ഇനി അവയ്ക്കു നിങ്ങളുടെ പേരു നൽകാനാണ് ആഗ്രഹമെങ്കിൽ അതുമാകാം. ഇന്നുള്ള ജൈവയിനങ്ങളുടെ പത്തിലൊന്നോ അതിൽ കുറവോ മാത്രമേ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ളു എന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കണ്ടെത്തപ്പെട്ടിട്ടുള്ള ആയിരക്കണക്കിന് ഇനങ്ങൾ തങ്ങൾക്കൊരു പേരും ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ ഇടവും ലഭിക്കുന്നതു കാത്ത് കാഴ്ചബംഗ്ലാവുകളിലെ വലിപ്പുകളിൽ കഴിയുകയാണ്. ഇന്ന് ഒരു വെബ് സൈറ്റിലേക്കു തിരിയുന്ന ഒരാൾക്ക് പേരിടാത്ത ഇത്തരം ജൈവയിനങ്ങളുടെ—അവയെ കുറിച്ചു പ്രസിദ്ധീകരിക്കേണ്ട വിവരണം നേരത്തേതന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട്—ചിത്രങ്ങൾ നിരീക്ഷിക്കാൻ കഴിയും. പിന്നെ, 2,800-ഓ അതിൽ കൂടുതലോ ഡോളർ സംഭാവന അടച്ച് താൻ തിരഞ്ഞെടുത്ത ഇനത്തിന് ഇഷ്ടമുള്ള ലാറ്റിൻ നാമം നൽകാം. ഇതുവഴി പുതിയ ജൈവയിനങ്ങളുടെ വർഗീകരണത്തിനും പരിരക്ഷയ്ക്കും വേണ്ട പണം സ്വരൂപിക്കാനാകുമെന്ന് ബയോപാറ്റ് എന്ന സംഘടന പ്രത്യാശിക്കുന്നു.
കൗമാര വിവാഹം
അടുത്തകാലത്തെ ഒരു ദേശീയ കുടുംബാരോഗ്യ സർവേ വെളിപ്പെടുത്തിയത് അനുസരിച്ച്, ഇന്ത്യയിലെ വിവാഹിതരായ കൗമാരപ്രായക്കാരിൽ 36 ശതമാനം പേർക്കും 13-നും 16-നും ഇടയ്ക്കു പ്രായമേയുള്ളു. 17-നും 19-നും ഇടയ്ക്കുള്ള പെൺകുട്ടികളിൽ 64 ശതമാനം പേർക്കും ഇപ്പോൾത്തന്നെ ഒരു കുട്ടിയുണ്ട് അല്ലെങ്കിൽ അവർ ഗർഭിണികളാണ് എന്നും പഠനം കണ്ടെത്തിയതായി മുംബൈയിലെ വർത്തമാനപത്രമായ ഏഷ്യൻ ഏജ് റിപ്പോർട്ടു ചെയ്യുന്നു. 15-നും 19-നും ഇടയ്ക്കു പ്രായമുള്ള പെൺകുട്ടികൾ ഗർഭസംബന്ധമായ പ്രശ്നങ്ങളുടെ ഫലമായി മരിക്കാനുള്ള സാധ്യത 20-നും 24-നും ഇടയ്ക്ക് പ്രായമുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണെന്നു റിപ്പോർട്ട് പറയുന്നു. കൂടാതെ 15-നും 24-നും മധ്യേ പ്രായമുള്ള, ലൈംഗിക രോഗങ്ങൾ ബാധിച്ചിരിക്കുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് ഇരട്ടിച്ചിരിക്കുന്നു. വർധിച്ചു വരുന്ന ഈ പ്രശ്നങ്ങൾ അറിവില്ലായ്മയുടെയും സുഹൃത്തുക്കളിൽനിന്നും മാധ്യമങ്ങളിൽനിന്നും ലഭിക്കുന്ന തെറ്റായ വിവരങ്ങളുടെയും ഫലമാണെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഒരു രോഗത്തിനു പകരം മറ്റൊന്ന്
“വെള്ളത്തിൽ ജീവിക്കുന്ന ഒച്ചുകളുടെ ശരീരത്തിലുള്ള പരാദങ്ങൾ ഉണ്ടാക്കുന്ന ബിൽഹാർസിയ (ഒച്ചുപനി) എന്ന മാരക രോഗം മുപ്പതു വർഷം മുമ്പ് അഞ്ച് ഈജിപ്തുകാരിൽ മൂന്നു പേരെ ബാധിച്ചിരുന്നു” എന്ന് ദി ഇക്കണോമിസ്റ്റ് മാസിക പറയുന്നു. ബിൽഹാർസിയ വിരുദ്ധ പ്രചാരണ പരിപാടികളുടെ ഫലമായി ഇപ്പോൾ ഈ ഭീഷണി ഇല്ലാതായിരിക്കുന്നു എന്നുതന്നെ പറയാം. എന്നാൽ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തപ്പെട്ട കുത്തിവെപ്പുകൾ “ദശലക്ഷക്കണക്കിന് ആളുകൾക്ക് മാരകമായ ഹെപ്പറ്റൈറ്റിസ്-സി പിടിപെടാൻ ഇടയാക്കിയിരിക്കാമെന്നു” തെളിഞ്ഞിരിക്കുന്നു. “ബിൽഹാർസിയയുടെ സ്ഥാനത്ത് ഇത് ഈജിപ്തിലെ മുഖ്യ ആരോഗ്യപ്രശ്നമായിത്തീർന്നേക്കാം.” ബിൽഹാർസിയയ്ക്ക് എതിരെയുള്ള കുത്തിവെപ്പുകൾ നടത്തിയപ്പോൾ, ഉപയോഗിച്ച സിറിഞ്ചുകൾതന്നെ “വീണ്ടും ഉപയോഗിക്കുകയും പലപ്പോഴും ശരിക്കും അണുവിമുക്തമാക്കാതിരിക്കുകയും” ചെയ്തതാണ് ഇതിനു കാരണം എന്നു മാസിക പറയുന്നു. “രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്-സി വൈറസിനെ (എച്ച്സിവി) കുറിച്ച് ശാസ്ത്രജ്ഞർ മനസ്സിലാക്കിയതുതന്നെ 1988-ലാണ്.” “ലോകത്തിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ്-സി ബാധിതർ” ഉള്ളത് ഈജിപ്തിലാണെന്ന് പഠനങ്ങൾ കാണിക്കുന്നു.
ഏകദേശം 11 ദശലക്ഷം ഈജിപ്തുകാർക്ക്—ഏതാണ്ട് ആറിൽ ഒരാൾക്കു വീതം—ഈ രോഗമുള്ളതായി കണക്കാക്കപ്പെടുന്നു. 70 ശതമാനം കേസുകളിലും ഇത് വിട്ടുമാറാത്ത കരൾ രോഗമായി പരിണമിക്കുന്നു, 5 ശതമാനത്തിന്റെ കാര്യത്തിൽ മരണം സംഭവിക്കുന്നു. “ഡോക്ടർമാരുടെ അനാസ്ഥ മൂലം ഒരു വൈറസ് രോഗം ഇത്രയും വ്യാപകമായി പകരാനിടയാകുന്നത് ഇതാദ്യമായിട്ടാണ്” എന്ന് ആ മാസിക പറയുന്നു. അത് ഇങ്ങനെയും കൂട്ടിച്ചേർത്തു: “കൂടുതൽ ആളുകൾ ബിൽഹാർസിയയുടെ ഫലമായി മരിക്കുന്നതു തടയാൻ ഈ വൻ പ്രചാരണ പരിപാടികൾ മൂലം കഴിഞ്ഞു എന്നതാണ് ഇപ്പോഴുള്ള ഏക ആശ്വാസം.”ബലിയാടുകളാകുന്ന കുരുന്നുകൾ
“ഓരോ ദിവസവും . . . അഞ്ചു വയസ്സിനു താഴെയുള്ള 30,500 കുട്ടികൾ, ഒഴിവാക്കാനാകുമായിരുന്ന കാരണങ്ങളാൽ മരിക്കുന്നു” എന്ന് ഐക്യരാഷ്ട്ര ശിശുക്ഷേമ നിധിയുടെ റിപ്പോർട്ടായ ലോകത്തിലെ കുട്ടികളുടെ അവസ്ഥ 2000 പറഞ്ഞു. ദി ഇൻഡ്യൻ എക്സ്പ്രസ്സിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് “കഴിഞ്ഞ ദശകത്തിൽ സായുധ പോരാട്ടങ്ങളിൽ 20 ലക്ഷം കുട്ടികൾ കൊല്ലപ്പെട്ടുവെന്നും 60 ലക്ഷം കുട്ടികൾക്ക് പരിക്കേൽക്കുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തെന്നും കണക്കാക്കപ്പെടുന്നു. മനുഷ്യാവകാശ ലംഘനത്തിന് ഇരകളായ കുട്ടികളുടെ എണ്ണം ഇതിലും കൂടുതലാണ്.” 1 കോടി 50 ലക്ഷത്തിലധികം കുട്ടികൾ അഭയാർഥികളാണെങ്കിൽ പത്തുലക്ഷത്തിലധികം പേർ മാതാപിതാക്കളെ പിരിഞ്ഞു കഴിയേണ്ടി വന്നിരിക്കുന്നവരോ അനാഥരോ ആണ്. കൂടാതെ, 5-നും 14-നും ഇടയ്ക്കു പ്രായമുള്ള 25 കോടി കുട്ടികളെങ്കിലും നിർബന്ധ തൊഴിൽ ചെയ്യുന്നവരാണെന്നും അവരിൽ 20 ശതമാനം വളരെ അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും കാണിക്കുന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ പഠനങ്ങളെ കുറിച്ചുള്ള പരാമർശവും ആ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ലോകവ്യാപകമായി ഏകദേശം പത്തുലക്ഷം കുട്ടികൾ വേശ്യാവൃത്തിയിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. ഓരോ മാസവും 2,50,000 കുട്ടികൾക്കു എച്ച്ഐവി ബാധയുണ്ടാകുന്നു. കൂടാതെ 13 കോടി കുട്ടികൾക്ക്—മൂന്നിൽ രണ്ടു പേരും പെൺകുട്ടികളാണ്—സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല.
ചൈനയുടെ വിശിഷ്ട ഭോജ്യങ്ങൾ
“മാറുന്ന ജീവിതശൈലിയും ആഹാരശീലങ്ങളും” ചൈനയുടെ വന്യജീവനു ഭീഷണി ഉയർത്തുന്നുവെന്ന് ഡൗൺ ടു എർത്ത് മാസിക പറയുന്നു. ചിലതരം കാട്ടിറച്ചി മറ്റ് ഭക്ഷണ പദാർഥങ്ങളെ അപേക്ഷിച്ച് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന വിശ്വാസം വന്യജീവികളുടെ മാംസത്തിന് ആവശ്യക്കാർ വർധിക്കാൻ ഇടയാക്കിയിരിക്കുന്നു. പാമ്പുകൾക്കാണ് ഏറ്റവും പ്രിയം, അതും വിഷമുള്ളവയ്ക്ക്. വിഷപ്പാമ്പുകളുടെ ഇറച്ചിക്ക് വിഷമില്ലാത്തവയുടെ ഇരട്ടി വില വരും. കാട്ടുപന്നി, വെരുക്, ചൊറിത്തവള, തവള, പെരുമ്പാമ്പ്, ശൽക്കങ്ങളുള്ള ഉറുമ്പുതീനി, ടിബെറ്റൻ മാൻ, അപൂർവ പക്ഷികൾ എന്നിവയെല്ലാം ഇഷ്ടഭോജ്യങ്ങളുടെ പട്ടികയിൽ പെടുന്നു. അതുകൊണ്ട് ചൈനയിൽ ഉടനീളമുള്ള ഹോട്ടലുകളിലെ മെനുകാർഡുകളിൽ അവ സ്ഥാനം പിടിച്ചിരിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ പെടുന്ന ഇവയെ വേട്ടയാടുന്നത് ഗവൺമെന്റ് നിരോധിച്ചിരിക്കുകയാണ്. എന്നിട്ടും ചില ഹോട്ടൽ ഉടമകൾ തങ്ങൾ വിളമ്പുന്നത് യഥാർഥത്തിൽ കാട്ടിറച്ചി തന്നെയാണെന്നും മെരുക്കിയെടുത്തതോ സങ്കരവർഗത്തിൽ പെട്ടതോ ആയ മൃഗങ്ങളുടേതല്ലെന്നും പറയുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ‘ഇഷ്ടഭോജ്യ ആസക്തരിൽ’നിന്നു വന്യജീവികളെ രക്ഷിക്കാനായി ചൈനീസ് ഗവൺമെന്റ് ഒരു യത്നം തുടങ്ങിയിരിക്കുകയാണ്. “കാട്ടിറച്ചി വേണ്ടേ വേണ്ട” എന്നതാണ് അതിന്റെ മുദ്രാവാക്യം.
പുകവലിക്കുന്നവരെയും അല്ലാത്തവരെയും ബാധിക്കുന്ന മലിനീകരണം
ഇന്ത്യയിലെ പുകവലിക്കുന്ന കുട്ടികളിൽ മിക്കവരും തീരെ ചെറുപ്പത്തിൽത്തന്നെ ആ ശീലം തുടങ്ങുന്നുവെന്ന് മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. ശരാശരി എടുത്താൽ, മാതാപിതാക്കളുടെ മേൽനോട്ടമില്ലാത്ത തെരുവു കുട്ടികൾ 8 വയസ്സാകുമ്പോഴും രക്ഷിതാക്കളുള്ള സ്കൂൾ കുട്ടികൾ 11 വയസ്സാകുമ്പോഴും പുകവലി തുടങ്ങുന്നു. എന്നിരുന്നാലും, മുംബൈയിൽ നടത്തിയ മറ്റൊരു സർവേ അനുസരിച്ച്, മാതാപിതാക്കളുടെ ശ്രദ്ധാപൂർവമായ പരിപാലനമുള്ള, ഒരിക്കലും പുകവലിക്കാത്ത കുട്ടികൾ ഓരോ ദിവസവും രണ്ടു പായ്ക്കറ്റ് സിഗരറ്റ് വലിക്കുന്നതിനു തുല്യമായ മലിന വായുവാണ് ശ്വസിക്കുന്നത്! മുംബൈയും ഡൽഹിയും ലോകത്തിലെ ഏറ്റവും അധികം മലിനീകരണമുള്ള അഞ്ചു നഗരങ്ങളിൽ പെടുന്നുവെന്ന് ദി ഏഷ്യൻ ഏജ് വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. മുംബൈ നഗരത്തിന്റെ നിരത്തുകളിലൂടെ സ്ഥിരം ഓടുന്ന 9,00,000-ത്തോളം വാഹനങ്ങളും ദിവസവും വന്നുപോകുന്ന വേറെ 3,00,000 വാഹനങ്ങളും വലിയ മലിനീകരണത്തിന് ഇടയാക്കുന്നു. അതിന്റെ ഫലമായി മുംബൈയിലെ ഇപ്പോഴത്തെ വായു മലിനീകരണ നിരക്കുകൾ ലോകാരോഗ്യ സംഘടന വെച്ചിരിക്കുന്ന പരിധിയെക്കാൾ 600 മുതൽ 800 വരെ ശതമാനം കൂടുതലാണ്.
പക്ഷികൾ അപകടത്തിൽ
“വടക്കേ അമേരിക്കയിലെ അംബരചുംബികളായ ഓഫീസ് കെട്ടിടങ്ങളും വാർത്താവിനിമയ ഗോപുരങ്ങളും നിശ്ശബ്ദ കൊലയാളികളാണ്” എന്ന് കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള ദ ഗ്ലോബ് ആൻഡ് മെയിൽ പ്രസ്താവിക്കുന്നു. “വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ജനാലകൾ പോലുള്ള ഭാഗങ്ങളിൽ ഇടിച്ചു വീഴുന്നതിന്റെ ഫലമായി ഓരോ വർഷവും ആ ഭൂഖണ്ഡത്തിൽ പത്തു കോടി പക്ഷികൾ ചാകുന്നതായി കണക്കാക്കപ്പെടുന്നു.” രാത്രിയിൽ അണയ്ക്കാതെ ഇടുന്ന ഓഫീസ് ലൈറ്റുകൾ ദേശാടന പക്ഷികളെ വലിയ ആശയക്കുഴപ്പത്തിലാക്കുന്നു. ഈ പ്രശ്നം വളരെ വ്യാപകമാണെന്നാണ് വിദഗ്ധർ പറയുന്നത്. “ഈ രാജ്യത്തോ ഭൂഖണ്ഡത്തിൽത്തന്നെയോ ഇതിന് ഉദാഹരണങ്ങൾ നൽകാൻ കഴിയാത്ത ഒരു പ്രദേശം പോലും ഉള്ളതായിട്ട് എനിക്കറിയില്ല” എന്നു പക്ഷിശാസ്ത്രജ്ഞനായ ഡേവിഡ് വില്ലർഡ് പറയുന്നു. ടൊറന്റോയിലെ ഫേറ്റൽ ലൈറ്റ് എവേർനസ് പ്രോഗ്രാം പോലുള്ള സംഘടനകൾ രാത്രിയിൽ ഓഫീസ് ദീപങ്ങൾ അണയ്ക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ഓഫീസ് ജീവനക്കാരെ ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ്.
കൂടാതെ “സ്കൈ-ബീമറുകൾ” അഥവാ ഡിസ്കോ ക്ലബ്ബുകളിലേക്കും മറ്റു വിനോദ കേന്ദ്രങ്ങളിലേക്കും ആളുകളെ ആകർഷിക്കുന്നതിനു വേണ്ടി ആകാശത്തിലൂടെ വീശിയടിക്കുന്ന വെളിച്ചമുള്ള സ്പോട്ട്ലൈറ്റുകൾ ഇരുട്ടിൽ മാത്രം പുറത്തിറങ്ങുന്ന മൃഗങ്ങളെ വിരട്ടിയോടിക്കുന്നു എന്ന് ഫ്രാങ്ക്ഫർട്ടർ ആൾജിമൈന റ്റ്സൈടുങ് എന്ന ജർമൻ ദിനപ്പത്രം റിപ്പോർട്ടു ചെയ്യുന്നു. ഈ പ്രകാശം പക്ഷികളുടെയും വവ്വാലുകളുടെയും ദേശാടന പ്രാപ്തിയെ പ്രതികൂലമായി ബാധിക്കുന്നു. തന്നിമിത്തം, ആശയക്കുഴപ്പത്തിലാകുന്ന പക്ഷികൾ കൂട്ടം തെറ്റിപ്പോകുകയും തങ്ങളുടെ ഗതി മാറ്റുകയും പരിഭ്രാന്തിയിൽ ചിലയ്ക്കുകയും ദേശാടനം മുഴുമിപ്പിക്കാതിരിക്കുകയുമൊക്കെ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ ദിശാബോധം നഷ്ടപ്പെടുന്ന പക്ഷികൾ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞശേഷം ക്ഷീണിച്ച് താഴെയിറങ്ങുന്നു. അത്തരം പക്ഷികളിൽ ചിലവ ചാകുക പോലും ചെയ്യുന്നു. ഫ്രാങ്ക്ഫർട്ടിലെ പക്ഷി സംരക്ഷണ ഇൻസ്റ്റിറ്റ്യൂട്ട് “സ്കൈ-ബീമറുകൾ” നിരോധിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.