വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വേദനയുടെ ലോകത്തുനിന്നു മുക്തി—അനസ്‌തേഷ്യയിലൂടെ

വേദനയുടെ ലോകത്തുനിന്നു മുക്തി—അനസ്‌തേഷ്യയിലൂടെ

വേദന​യു​ടെ ലോക​ത്തു​നി​ന്നു മുക്തി—അനസ്‌തേ​ഷ്യ​യി​ലൂ​ടെ

പണ്ടൊക്കെ, എന്നു​വെ​ച്ചാൽ 1840-കൾക്കു മുമ്പ്‌, ശസ്‌ത്ര​ക്രി​യാ മുറി​യി​ലേക്ക്‌ പോകുന്ന രോഗി​ക​ളു​ടെ മനസ്സിൽ വെറും ഉത്‌ക​ണ്‌ഠ​യാ​യി​രു​ന്നില്ല, തീയാ​യി​രു​ന്നു! കാരണം അന്ന്‌ അനസ്‌തേഷ്യ കൊടു​ക്കുന്ന രീതി കണ്ടുപി​ടി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. “നാം വേദനയെ കീഴ്‌പെ​ടു​ത്തി​യി​രി​ക്കു​ന്നു” (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ഡെന്നിസ്‌ ഫ്രാഡിൻ ഇങ്ങനെ പറയുന്നു: “രണ്ടു കയ്യിലും ഓരോ കുപ്പി വിസ്‌കി​യും ആയിട്ടാണ്‌ അന്നത്തെ ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധർ ശസ്‌ത്ര​ക്രി​യാ മുറി​യി​ലേക്ക്‌ പ്രവേ​ശി​ച്ചി​രു​ന്നത്‌—ഒന്ന്‌ രോഗി​ക്കും മറ്റേത്‌ ഡോക്ടർക്കും. ഒരു കുപ്പി വിസ്‌കി അകത്താ​ക്കി​യാ​ലേ ഡോക്ടർക്കു രോഗി​യു​ടെ വലിയ​വാ​യി​ലുള്ള കരച്ചിൽ സഹിക്കാ​നാ​കു​മാ​യി​രു​ന്നു​ള്ള​ത്രെ!”

രോഗി​യെ മദ്യത്തി​ന്റെ​യോ മയക്കു​മ​രു​ന്നി​ന്റെ​യോ ലഹരി​യിൽ തളച്ചി​ട്ടു​കൊണ്ട്‌ . . .

അന്നത്തെ ഡോക്ടർമാ​രും ദന്ത​വൈ​ദ്യ​ന്മാ​രും രോഗി​ക​ളും ശസ്‌ത്ര​ക്രി​യാ സമയത്തെ വേദന ലഘൂക​രി​ക്കാ​നാ​യി എന്തും പരീക്ഷി​ച്ചു​നോ​ക്കി​യി​രു​ന്നു. അതിനാ​യി ലോക​ത്തി​ന്റെ വ്യത്യസ്‌ത ഭാഗങ്ങ​ളിൽ കറുപ്പും ലഹരി​പാ​നീ​യ​ങ്ങ​ളും വ്യാപ​ക​മാ​യി ഉപയോ​ഗി​ക്കുക പതിവാ​യി​രു​ന്നു. ഇന്ത്യയി​ലെ​യും ചൈന​യി​ലെ​യും വൈദ്യ​ന്മാർ മരിജ്വാ​ന​യും ഹഷീഷും ഉപയോ​ഗി​ച്ചി​രു​ന്നു. പുരാതന ഗ്രീക്ക്‌ വൈദ്യ​നായ ഡൈ​യൊ​സ്‌കോ​രി​ഡിസ്‌—“അനസ്‌തേഷ്യ” എന്ന പദം ആദ്യമാ​യി ഉപയോ​ഗി​ച്ചത്‌ അദ്ദേഹ​മാ​ണെന്നു കരുത​പ്പെ​ടു​ന്നു—ദൂദാ​യി​ച്ചെ​ടി​യു​ടെ വേരു ചതച്ചെ​ടുത്ത നീരും വീഞ്ഞും കൂട്ടി​ക്ക​ലർത്തി​യു​ണ്ടാ​ക്കുന്ന മിശ്രി​ത​ത്തിന്‌ അനസ്‌തെ​റ്റിക്‌ സ്വഭാവം (വേദന അറിയാ​താ​ക്കാ​നുള്ള കഴിവ്‌) ഉണ്ടെന്ന്‌ അഭി​പ്രാ​യ​പ്പെട്ടു. പിൽക്കാ​ല​ങ്ങ​ളിൽ ചില ഡോക്ടർമാർ ഹിപ്‌നോ​ട്ടി​സം പോലും പരീക്ഷി​ച്ചു നോക്കി.

എങ്കിലും, വേദന​യ്‌ക്ക്‌ കാര്യ​മായ കുറ​വൊ​ന്നും സംഭവി​ച്ചി​രു​ന്നില്ല. അതു​കൊണ്ട്‌ ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധ​രും ദന്ത​വൈ​ദ്യ​ന്മാ​രും കഴിയു​ന്നത്ര പെട്ടെന്ന്‌ തങ്ങളുടെ ജോലി തീർക്കാൻ ശ്രമിച്ചു. അവരുടെ കഴിവു വിലയി​രു​ത്തു​ന്നതു പോലും വേഗത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രു​ന്നു. എന്നാൽ എത്ര വേഗത്തിൽ ചെയ്‌താ​ലും രോഗിക്ക്‌ കഠിന വേദന സഹി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. അതു​കൊണ്ട്‌, മുഴയാ​യാ​ലും വായ്‌ നിറയെ പുഴു​പ്പ​ല്ലാ​യാ​ലും ശസ്‌ത്ര​ക്രി​യ​യു​ടെ​യും പല്ലെടു​പ്പി​ന്റെ​യും ഒക്കെ വേദന സഹിക്കു​ന്ന​തി​ലും ഭേദം അതൊക്കെ സഹിച്ചു ജീവി​ക്കു​ന്ന​താ​ണെന്ന്‌ ആളുകൾ പൊതു​വെ കരുതി​യി​രു​ന്നു.

സ്വീറ്റ്‌ വിട്രി​യോ​ളും ചിരി വാതക​വും

1275-ൽ സ്‌പാ​നീഷ്‌ വൈദ്യ​നായ റെയ്‌മണ്ട്‌ ലുള്ളസ്‌ ചില രാസവ​സ്‌തു​ക്കൾ ഉപയോ​ഗിച്ച്‌ പരീക്ഷണം നടത്തവെ ബാഷ്‌പ​ശീ​ല​വും ജ്വലന​ശേ​ഷി​യും ഉള്ള ഒരു ദ്രാവകം കണ്ടുപി​ടി​ച്ചു. അദ്ദേഹം അതിന്‌ സ്വീറ്റ്‌ വിട്രി​യോൾ എന്നു പേരിട്ടു. 16-ാം നൂറ്റാ​ണ്ടിൽ, പാര​സെൽസസ്‌ എന്ന അപരനാ​മ​ത്തിൽ അറിയ​പ്പെ​ടുന്ന സ്വിറ്റ്‌സർലൻഡു​കാ​ര​നായ ഒരു വൈദ്യൻ കോഴി​കളെ സ്വീറ്റ്‌ വിട്രി​യോൾ മണപ്പി​ച്ചു​നോ​ക്കി. അപ്പോൾ അവ ഉറങ്ങി​പ്പോ​യെന്നു മാത്രമല്ല, അവയ്‌ക്ക്‌ വേദന അറിയാ​നുള്ള പ്രാപ്‌തി താത്‌കാ​ലി​ക​മാ​യി നഷ്ടപ്പെ​ടു​ക​യും ചെയ്‌ത​താ​യി അദ്ദേഹം കണ്ടെത്തി. എന്നാൽ ലുള്ളസി​നെ പോ​ലെ​തന്നെ അദ്ദേഹ​വും മനുഷ്യ​രിൽ അത്‌ പരീക്ഷി​ച്ചു നോക്കി​യില്ല. 1730-ൽ ജർമൻ രസത​ന്ത്ര​ജ്ഞ​നായ ഫ്രോ​ബേ​നി​യുസ്‌ ഈ ദ്രാവ​ക​ത്തിന്‌ “സ്വർഗീ​യം” എന്നർഥ​മുള്ള ഈഥർ എന്ന ഗ്രീക്ക്‌ പേരു നൽകി. ആ പേരാണ്‌ ഇന്നുവ​രെ​യും നിലനിൽക്കു​ന്നത്‌. എന്നാൽ ഈഥറി​ന്റെ അനസ്‌തെ​റ്റിക്‌ പ്രാപ്‌തി പൂർണ​മാ​യി വിലമ​തി​ക്ക​പ്പെ​ടാൻ പിന്നെ​യും 112 വർഷങ്ങൾ എടുത്തു.

അതിനി​ട​യിൽ, മറ്റൊരു സംഭവ​മു​ണ്ടാ​യി. 1772-ൽ, ആംഗലേയ ശാസ്‌ത്ര​ജ്ഞ​നായ ജോസഫ്‌ പ്രീസ്റ്റ്‌ലി നൈ​ട്രസ്‌ ഓക്‌​സൈഡ്‌ എന്ന വാതകം കണ്ടുപി​ടി​ച്ചു. ഇത്‌ ചെറിയ അളവിൽ പോലും ശ്വസി​ക്കു​ന്നതു മാരക​മാ​ണെന്ന്‌ ആളുകൾ വിശ്വ​സി​ച്ചി​രു​ന്നു. എന്നാൽ അതിൽ എന്തെങ്കി​ലും കഥയു​ണ്ടോ എന്നറി​യാൻ 1799-ൽ ബ്രിട്ടീഷ്‌ രസത​ന്ത്ര​ജ്ഞ​നും കണ്ടുപി​ടി​ത്ത​ക്കാ​ര​നു​മായ ഹംഫ്രി ഡേവി ആ വാതകം തന്നിൽത്തന്നെ പരീക്ഷി​ച്ചു നോക്കി. നൈ​ട്രസ്‌ ഓക്‌​സൈഡ്‌ ശ്വസിച്ച അദ്ദേഹം കുടു​കു​ടാ ചിരി​ക്കാൻ തുടങ്ങി. അത്‌ അദ്ദേഹത്തെ അത്ഭുത​പ്പെ​ടു​ത്തി. അദ്ദേഹം അതിന്‌ ചിരി വാതകം എന്ന്‌ പേരിട്ടു. നൈ​ട്രസ്‌ ഓക്‌​സൈ​ഡിന്‌ അനസ്‌തെ​റ്റിക്‌ സവി​ശേ​ഷ​തകൾ ഉണ്ടായി​രു​ന്നേ​ക്കാ​മെന്ന്‌ ഡേവി എഴുതി. എന്നാൽ അക്കാലത്ത്‌ ആരും അതിനെ കുറിച്ച്‌ കൂടു​ത​ലായ അന്വേ​ഷണം ഒന്നും നടത്തി​യില്ല.

ഈഥറും ചിരി വാതക​വും വിനോ​ദ​വേ​ള​ക​ളിൽ

ചിരി വാതക​ത്തി​ന്റെ സ്വാധീ​ന​ത്തിൻ കീഴിൽ ഡേവി കാട്ടി​ക്കൂ​ട്ടിയ വിക്രി​യകൾ—അദ്ദേഹം കുറച്ചു​കാ​ല​ത്തേക്ക്‌ അതിന്‌ അടിമ​പ്പെ​ട്ടു​പോ​യി​രു​ന്നു—നാടെ​ങ്ങും പാട്ടായി. താമസി​യാ​തെ, ഒരു രസത്തിനു വേണ്ടി ആളുകൾ അതു മണക്കാൻ തുടങ്ങി. നാടു​തോ​റും സഞ്ചരിച്ച്‌ വിനോ​ദ​ക​ലാ​പ്ര​ക​ട​നങ്ങൾ നടത്തു​ന്ന​വ​രു​ടെ കാര്യ​പ​രി​പാ​ടി​ക​ളിൽ പോലും ഇതൊരു ഇനം ആയിത്തീർന്നു. ഈ പരീക്ഷ​ണ​ത്തിന്‌ വിധേ​യ​രാ​കാൻ താത്‌പ​ര്യ​മുള്ള കാണി​കളെ അവർ സ്റ്റേജി​ലേക്ക്‌ ക്ഷണിച്ചു​വ​രു​ത്തി അവർക്ക്‌ നൈ​ട്രസ്‌ ഓക്‌​സൈഡ്‌ മണക്കാൻ കൊടു​ക്കു​മാ​യി​രു​ന്നു. നൈ​ട്രസ്‌ ഓക്‌​സൈഡ്‌ ‘തലയ്‌ക്കു പിടിച്ചു കഴിഞ്ഞാൽ’ അവരുടെ സങ്കോ​ച​മൊ​ക്കെ പറപറ​ക്കും. പിന്നെ അവർ ഓരോ​രോ വിക്രി​യകൾ കാട്ടി ആളുകളെ രസിപ്പി​ക്കാൻ തുടങ്ങും. അതോടെ സദസ്സിൽ ചിരി​യു​ടെ ഒരു മാലപ്പ​ടക്കം പൊട്ടു​ക​യാ​യി.

ഏതാണ്ട്‌ ഇതേ സമയത്തു​തന്നെ, ഈഥറും വിനോ​ദ​ത്തി​ന്റെ ലോക​ത്തേക്കു കടന്നു​വന്നു. ഈഥറി​ന്റെ ലഹരി​യിൽ ആയിരുന്ന തന്റെ കൂട്ടു​കാർക്ക്‌ പരിക്കു​പ​റ്റി​യി​ട്ടും വേദന അനുഭ​വ​പ്പെ​ടാ​ത്ത​താ​യി ഒരു ദിവസം ക്രോ​ഫൊർഡ്‌ ഡബ്ല്യു. ലോങ്‌ എന്നു പേരുള്ള അമേരി​ക്ക​ക്കാ​ര​നായ ഒരു യുവ ഡോക്ടർ ശ്രദ്ധിച്ചു. ശസ്‌ത്ര​ക്രി​യ​യിൽ അത്‌ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ കുറി​ച്ചാണ്‌ അദ്ദേഹം ഉടൻതന്നെ ചിന്തി​ച്ചത്‌. ശസ്‌ത്ര​ക്രി​യ​യി​ലുള്ള അതിന്റെ ഉപയോഗ സാധ്യത പരീക്ഷി​ച്ച​റി​യാൻ “ഈഥർ പാർട്ടി​ക​ളിൽ” ഒന്നിൽ പങ്കെടു​ത്തു​കൊ​ണ്ടി​രുന്ന ഒരാ​ളെ​ത്തന്നെ അദ്ദേഹ​ത്തിന്‌ ഒത്തുകി​ട്ടു​ക​യും ചെയ്‌തു. ജെയിംസ്‌ വെനബിൾ എന്നു പേരുള്ള ഒരു വിദ്യാർഥി​യാ​യി​രു​ന്നു അത്‌. ശരീര​ത്തി​ലു​ണ്ടാ​യി​രുന്ന രണ്ടു മുഴകൾ നീക്കം ചെയ്യാൻ അവന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വേദന ഭയന്ന്‌ ശസ്‌ത്ര​ക്രിയ നീട്ടി​വെ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ ഈഥർ നൽകി​യിട്ട്‌ ശസ്‌ത്ര​ക്രിയ നടത്താ​മെന്നു ലോങ്‌ പറഞ്ഞ​പ്പോൾ വെനബിൾ അതിനു സമ്മതിച്ചു. അങ്ങനെ 1842 മാർച്ച്‌ 30-ാം തീയതി ആ വിദ്യാർഥി വേദന​യി​ല്ലാത്ത ഓപ്പ​റേ​ഷനു വിധേ​യ​നാ​യി. എങ്കിലും 1849 വരെ തന്റെ ഈ കണ്ടുപി​ടി​ത്തം ലോങ്‌ പരസ്യ​പ്പെ​ടു​ത്തി​യില്ല.

ദന്ത​വൈ​ദ്യ​ന്മാ​രും അനസ്‌തേഷ്യ കണ്ടുപി​ടി​ക്കു​ന്നു

1844 ഡിസം​ബ​റി​ലാണ്‌ സംഭവം. യു.എസ്‌.-ലെ ഒരു ദന്ത​വൈ​ദ്യ​നായ ഹൊ​റേസ്‌ വെൽസ്‌ ഒരു പ്രദർശ​ന​ത്തിൽ സംബന്ധി​ക്കാ​നാ​യി പോയി. അവിടെ ഗാർഡ്‌നർ കോൾട്ടൻ എന്ന ഒരാൾ താത്‌പ​ര്യ​മുള്ള കാണി​കളെ സ്റ്റേജി​ലേക്ക്‌ ക്ഷണിച്ചു​വ​രു​ത്തി നൈ​ട്രസ്‌ ഓക്‌​സൈഡ്‌ മണപ്പി​ക്കു​ന്നതു കണ്ടപ്പോൾ താനും അതിന്‌ ആഗ്രഹി​ക്കു​ന്നെന്നു പറഞ്ഞ്‌ അദ്ദേഹ​വും സ്റ്റേജി​ലേക്കു ചെന്നു. നൈ​ട്രസ്‌ ഓക്‌​സൈഡ്‌ മണത്തെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ സമനില പൂർണ​മാ​യി നഷ്ടപ്പെ​ട്ടി​രു​ന്നില്ല. അതു​കൊണ്ട്‌, സ്റ്റേജിൽ തന്നോ​ടൊ​പ്പം ആ വാതകം മണത്ത ഒരാളു​ടെ കാലുകൾ ഒരു ബെഞ്ചിൽ ചെന്നി​ടിച്ച്‌ രക്തമൊ​ലി​ച്ചി​ട്ടും അയാൾ ഒരു ഭാവ​ഭേ​ദ​വു​മി​ല്ലാ​തെ നിൽക്കു​ന്നത്‌ വെൽസിന്‌ ശ്രദ്ധി​ക്കാൻ കഴിഞ്ഞു. തന്റെ ചികി​ത്സ​യിൽ നൈ​ട്രസ്‌ ഓക്‌​സൈഡ്‌ ഉപയോ​ഗി​ക്കാൻ ആ രാത്രി​തന്നെ വെൽസ്‌ തീരു​മാ​നി​ച്ചു. എങ്കിലും ആദ്യം സ്വന്തം ശരീര​ത്തി​ലാണ്‌ അദ്ദേഹം അത്‌ പരീക്ഷി​ച്ചു​നോ​ക്കി​യത്‌. തനിക്ക്‌ കുറച്ച്‌ നൈ​ട്രസ്‌ ഓക്‌​സൈഡ്‌ എത്തിച്ചു​ത​രാൻ അദ്ദേഹം കോൾട്ടനെ പറഞ്ഞ്‌ ഏർപ്പാ​ടാ​ക്കി. എന്നിട്ട്‌ തന്റെ കേടുവന്ന ജ്ഞാനപ്പല്ല്‌ (wisdom tooth) പറിക്കാൻ സഹ ദന്ത​വൈ​ദ്യ​നായ ജോൺ റിഗ്‌സി​നെ ചട്ടം കെട്ടി. ആ ഉദ്യമം തികച്ചും വിജയ​ക​ര​മാ​യി​രു​ന്നു.

സഹപ്ര​വർത്ത​ക​രു​ടെ മുന്നിൽ ഒരു പ്രദർശനം കാഴ്‌ച​വെ​ച്ചു​കൊണ്ട്‌ തന്റെ കണ്ടുപി​ടി​ത്തം പരസ്യ​മാ​ക്കാൻ വെൽസ്‌ തീരു​മാ​നി​ച്ചു. എങ്കിലും, പരി​ഭ്രാ​ന്തി കാരണം അദ്ദേഹം രോഗിക്ക്‌ വേണ്ടത്ര വാതകം കൊടു​ത്തി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ പല്ലു പറിച്ച സമയത്ത്‌ രോഗി ഉറക്കെ നിലവി​ളി​ക്കാൻ തുടങ്ങി. കണ്ടുനി​ന്ന​വ​രെ​ല്ലാം വെൽസി​നെ കളിയാ​ക്കി. എന്നാൽ വേദന​യു​ണ്ടാ​യി​രു​ന്നോ എന്ന്‌ രോഗി​യോട്‌ അവർ നേരിട്ട്‌ ചോദി​ക്കേ​ണ്ട​താ​യി​രു​ന്നു. കാരണം താൻ ബഹളം വെച്ചെ​ങ്കി​ലും തനിക്ക്‌ ഒട്ടും​തന്നെ വേദന അനുഭ​വ​പ്പെ​ട്ടി​രു​ന്നി​ല്ലെന്ന്‌ പിന്നീട്‌ അദ്ദേഹം വെൽസി​നോ​ടു പറഞ്ഞു.

1846 സെപ്‌റ്റം​ബർ 30-ന്‌ അമേരി​ക്ക​യി​ലെ തന്നെ മറ്റൊരു ദന്ത​വൈ​ദ്യ​നായ വില്യം മോർട്ടൻ, ഈഥർ—1842-ൽ ലോങ്‌ ഉപയോ​ഗിച്ച അതേ സംയുക്തം—കൊടു​ത്തു​കൊണ്ട്‌ തെല്ലും വേദന അറിയാത്ത വിധത്തിൽ ഒരു രോഗി​യു​ടെ പല്ലെടു​ത്തു. പ്രശസ്‌ത രസത​ന്ത്ര​ജ്ഞ​നായ ചാൾസ്‌ തോമസ്‌ ജാക്ക്‌സ​ണി​ന്റെ സഹായ​ത്തോ​ടെ​യാണ്‌ മോർട്ടൻ ഈഥർ തയ്യാറാ​ക്കി​യത്‌. ലോങ്ങിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി മോർട്ടൻ, ഈഥറി​ന്റെ അനസ്‌തെ​റ്റിക്‌ സ്വഭാ​വങ്ങൾ പൊതു​ജ​ന​സ​മക്ഷം പ്രദർശി​പ്പി​ക്കാ​നുള്ള ഏർപ്പാ​ടു​കൾ ചെയ്‌തു. 1846 ഒക്ടോബർ 16-ന്‌ മസാച്ചു​സെ​റ്റ്‌സി​ലെ ബോസ്റ്റ​ണിൽ വെച്ച്‌ മോർട്ടൻ ഒരു രോഗിക്ക്‌ ഈഥർ നൽകി. തുടർന്ന്‌ ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധ​നായ ഡോ. വാറൻ ആ രോഗി​യു​ടെ താടി​യെ​ല്ലി​ന്റെ കീഴിൽനിന്ന്‌ ഒരു മുഴ നീക്കം ചെയ്‌തു. ശസ്‌ത്ര​ക്രിയ വൻ വിജയ​മാ​യി​രു​ന്നു. ഐക്യ​നാ​ടു​ക​ളി​ലും യൂറോ​പ്പി​ലും ഉടനീളം ആ വാർത്ത കാട്ടു​തീ​പോ​ലെ പരന്നു.

കൂടു​ത​ലായ കണ്ടുപി​ടി​ത്ത​ങ്ങൾ

വിസ്‌മ​യാ​വ​ഹ​മായ ഈ കണ്ടുപി​ടി​ത്തങ്ങൾ വ്യത്യസ്‌ത പദാർഥ​ങ്ങ​ളു​പ​യോ​ഗിച്ച്‌ പരീക്ഷണം തുടരാ​നുള്ള പ്രചോ​ദ​ന​മേകി. 1831-ൽ കണ്ടുപി​ടിച്ച ക്ലോ​റോ​ഫോം 1847-ൽ വിജയ​ക​ര​മാ​യി പരീക്ഷി​ച്ചു​നോ​ക്കി. പെട്ടെ​ന്നു​തന്നെ അതിന്‌ ചില സ്ഥലങ്ങളിൽ മറ്റ്‌ അനസ്‌തെ​റ്റി​ക്കു​ക​ളെ​ക്കാൾ പ്രചാരം ലഭിച്ചു. താമസി​യാ​തെ ഗർഭി​ണി​കൾക്കു പ്രസവ​സ​മ​യത്ത്‌ ക്ലോ​റോ​ഫോം നൽകാൻ തുടങ്ങി. 1853 ഏപ്രി​ലിൽ ഇംഗ്ലണ്ടി​ലെ വിക്ടോ​റി​യാ രാജ്ഞി​ക്കും അതു നൽകു​ക​യു​ണ്ടാ​യി.

സങ്കടക​ര​മെ​ന്നു പറയട്ടെ, ജനറൽ അനസ്‌തേ​ഷ്യ​യു​ടെ ചരിത്രം വിവാ​ദ​ങ്ങ​ളാൽ കളങ്ക​പ്പെ​ട്ട​താണ്‌. ലോങ്‌, വെൽസ്‌, മോർട്ടൻ, മോർട്ടനെ സഹായിച്ച പ്രശസ്‌ത രസത​ന്ത്ര​ജ്ഞ​നായ ജാക്ക്‌സൺ എന്നിവ​രിൽ ആരാണ്‌ അനസ്‌തേഷ്യ (രാസസം​യു​ക്ത​ങ്ങളല്ല) കണ്ടുപി​ടി​ച്ച​തിന്‌ ഏറ്റവു​മ​ധി​കം ബഹുമതി അർഹി​ക്കു​ന്നത്‌ എന്നതിനെ ചൊല്ലി ചൂടു​പി​ടിച്ച വിവാദം പൊട്ടി​പ്പു​റ​പ്പെട്ടു. അതു സംബന്ധിച്ച്‌ ഇതുവ​രെ​യും ഒരു യോജി​പ്പി​ലെ​ത്താൻ കഴിഞ്ഞി​ട്ടില്ല. എങ്കിലും, അതിന്റെ ബഹുമതി നാലു​പേർക്കും ഒരു​പോ​ലെ അവകാ​ശ​പ്പെ​ട്ട​താ​ണെന്ന്‌ ഇപ്പോൾ പലരും പറയു​ന്നുണ്ട്‌.

അതിനി​ട​യിൽ, സ്ഥാനിക അനസ്‌തേ​ഷ്യ​യു​ടെ (local anesthesia) മേഖല​യിൽ പുരോ​ഗ​തി​കൾ ഉണ്ടായി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. രോഗി​യെ അബോ​ധാ​വ​സ്ഥ​യി​ലാ​ക്കാ​തെ ശരീര​ത്തി​ന്റെ ഏതെങ്കി​ലും ഒരു ഭാഗം മാത്രം മരവി​പ്പി​ക്കു​ന്ന​തിന്‌ ഇന്ന്‌ അനസ്‌തെ​റ്റി​ക്കു​കൾ ഉപയോ​ഗി​ച്ചു​വ​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പല്ലി​ന്റെ​യോ മോണ​യു​ടെ​യോ ശസ്‌ത്ര​ക്രിയ നടത്തുന്ന സമയത്ത്‌ ദന്ത ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധ​രും ചെറിയ ഓപ്പ​റേ​ഷ​നു​കൾ നടത്തു​മ്പോ​ഴും പരിക്കു ഭേദമാ​ക്കു​മ്പോ​ഴു​മൊ​ക്കെ ഡോക്ടർമാ​രും സ്ഥാനിക അനസ്‌തേഷ്യ നൽകാ​റുണ്ട്‌. അനസ്‌തേ​ഷ്യോ​ള​ജി​സ്റ്റു​കൾ ഗർഭി​ണി​കൾക്ക്‌ പ്രസവ സമയത്ത്‌ സ്ഥാനിക അനസ്‌തേഷ്യ നൽകു​ന്ന​തും പതിവാണ്‌.

കാലം കടന്നു പോയ​തോ​ടെ, അനസ്‌തേ​ഷ്യോ​ളജി ഒരു പ്രത്യേക വൈദ്യ​ശാ​സ്‌ത്ര മേഖല​യാ​യി വികാസം പ്രാപി​ച്ചു. രോഗി​കളെ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വേണ്ടി ഒരുക്കു​ന്ന​തിൽ ഇന്നത്തെ അനസ്‌തേ​ഷ്യോ​ള​ജി​സ്റ്റു​കൾ ഒരു പ്രധാന പങ്കു വഹിക്കു​ന്നു. അതിനൂ​ത​ന​മായ സജ്ജീക​ര​ണ​ങ്ങ​ളും പല രാസപ​ദാർഥ​ങ്ങ​ളു​ടെ​യും ഓക്‌സി​ജ​ന്റെ​യും മിശ്രി​ത​മായ സങ്കീർണ​മായ അനസ്‌തെ​റ്റി​ക്കു​ക​ളും ഉപയോ​ഗി​ച്ചാണ്‌ അവർ അനസ്‌തേഷ്യ കൊടു​ക്കു​ന്നത്‌. ഡോക്ടർ തനിക്ക്‌ അനസ്‌തെ​റ്റിക്‌ വാതകങ്ങൾ തന്നെന്ന്‌ പല രോഗി​ക​ളും അറി​ഞ്ഞെന്നു പോലും വരില്ല. കാരണം, ആദ്യം ഞരമ്പി​ലൂ​ടെ അനസ്‌തേഷ്യ നൽകിയ ശേഷമേ പലപ്പോ​ഴും ഈ വാതകങ്ങൾ നൽകാ​റു​ള്ളൂ. ശസ്‌ത്ര​ക്രി​യ​യ്‌ക്കു ശേഷമുള്ള വേദന ലഘൂക​രി​ക്കു​ന്ന​തി​ലും അനസ്‌തേ​ഷ്യോ​ള​ജിസ്റ്റ്‌ ഒരു പങ്കു വഹിക്കു​ന്നുണ്ട്‌.

അതു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്നെങ്കി​ലും ഒരു ശസ്‌ത്ര​ക്രി​യ​യ്‌ക്ക്‌ വിധേ​യ​നാ​കേണ്ടി വരു​ന്നെ​ങ്കിൽ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കാൻ ശ്രമി​ക്കുക. ഏകദേശം രണ്ടു നൂറ്റാ​ണ്ടു​കൾക്കു മുമ്പത്തെ പ്രാകൃത മാതൃ​ക​യി​ലുള്ള ഒരു ശസ്‌ത്ര​ക്രി​യാ മേശയിൽ കിടക്കു​ന്ന​തി​നെ കുറിച്ച്‌ സങ്കൽപ്പി​ച്ചു നോക്കൂ. കതകു തുറക്കു​ന്നു. കയ്യിൽ രണ്ടു കുപ്പി വിസ്‌കി​യു​മാ​യി ശസ്‌ത്ര​ക്രി​യാ​വി​ദ​ഗ്‌ധൻ അകത്തേക്കു കടന്നു​വ​രു​ന്നു. ഇനി ഇന്നത്തെ അനസ്‌തേ​ഷ്യോ​ള​ജി​സ്റ്റി​ന്റെ അതിനൂ​തന സജ്ജീക​ര​ണ​ങ്ങളെ കുറിച്ചു ചിന്തിച്ചു നോക്കുക. കാര്യങ്ങൾ എത്രയോ മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നു, അല്ലേ?

[22-ാം പേജിലെ ചതുരം]

അക്യു​പ​ങ്‌ചർ—കിഴക്കു നിന്നെ​ത്തിയ വേദനാ സംഹാരി

വേദന അറിയാ​താ​ക്കു​ന്ന​തി​നുള്ള ഒരു പുരാതന ചൈനീസ്‌ ചികിത്സാ സമ്പ്രദാ​യ​മാണ്‌ അക്യു​പ​ങ്‌ചർ. ശരീര​ത്തി​ലെ ചില പ്രത്യേക ബിന്ദു​ക്ക​ളിൽ—ഇവ പലപ്പോ​ഴും ചികി​ത്സ​യ്‌ക്കു വിധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ശരീര​ഭാ​ഗ​ത്തിൽനിന്ന്‌ അകലെ​യാ​യി​രി​ക്കും—സൂചി കുത്തി​യി​റ​ക്കി​യാണ്‌ ഇത്‌ നടത്തു​ന്നത്‌. സൂചി ഇറക്കി​ക്ക​ഴിഞ്ഞ്‌ അവ കറക്കു​ക​യോ താഴ്‌ന്ന വോൾട്ടേ​ജി​ലുള്ള വൈദ്യു​തി കടത്തി​വി​ടു​ക​യോ ചെയ്യുന്നു. എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നിക്ക ഇപ്രകാ​രം പറയുന്നു: “ശസ്‌ത്ര​ക്രി​യാ സമയത്ത്‌ വേദന അറിയാ​താ​ക്കു​ന്ന​തിന്‌ [അക്യു​പ​ങ്‌ചർ] ചൈന​യിൽ പതിവാ​യി ഉപയോ​ഗി​ച്ചു​വ​രു​ന്നു. അക്യു​പ​ങ്‌ചർ മാത്രം ഉപയോ​ഗിച്ച്‌ സ്ഥാനി​ക​മാ​യി മരവി​പ്പിച്ച, പൂർണ്ണ ബോധ​മുള്ള ചൈനാ​ക്കാ​രായ രോഗി​ക​ളു​ടെ ശരീര​ത്തിൽ സങ്കീർണ​മായ (സാധാ​ര​ണ​ഗ​തി​യിൽ വേദനാ​ജ​ന​ക​മായ) ശസ്‌ത്ര​ക്രി​യകൾ നടത്തു​ന്നത്‌ പാശ്ചാ​ത്യ​രായ സന്ദർശകർ അത്ഭുത​ത്തോ​ടെ നോക്കി​നി​ന്നി​ട്ടുണ്ട്‌.”

വൈദ​ഗ്‌ധ്യ​വും പരിശീ​ല​ന​വും സിദ്ധിച്ച ഒരു ചികി​ത്സകൻ മാത്രമേ അക്യു​പ​ങ്‌ചർ ചികിത്സ പ്രയോ​ഗി​ക്കാ​വൂ. എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാന ഇങ്ങനെ പറയുന്നു: “അക്യു​പ​ങ്‌ചർ സൂചികൾ ഹൃദയ​ത്തി​ലും ശ്വാസ​കോ​ശ​ങ്ങ​ളി​ലും മറ്റും കുത്തി​ക്ക​യറി വലിയ അപകടങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. മാത്രമല്ല, അണുവി​മു​ക്ത​മാ​ക്കാത്ത സൂചികൾ ഉപയോ​ഗി​ക്കു​ക​വഴി കരൾ വീക്കം, അണുബാധ, സമാന​മായ മറ്റു പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാ​യേ​ക്കാം.” അങ്ങനെ നോക്കു​മ്പോൾ, മറ്റ്‌ അനസ്‌തേ​ഷ്യ​ക​ളും എല്ലായ്‌പോ​ഴും സുരക്ഷി​ത​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. ഇനി അനസ്‌തേ​ഷ്യ​യെ മാറ്റി​നി​റു​ത്തി ചിന്തി​ച്ചാൽ, ശസ്‌ത്ര​ക്രി​യ​യി​ലും അപകടം ഉൾപ്പെ​ട്ടി​ട്ടുണ്ട്‌.

[19-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

2-ഉം 19-ഉം പേജുകൾ: Reproduced from Medicine and the Artist (Ars Medica) by permission of the Philadelphia Museum of Art/Carl Zigrosser/ Dover Publications, Inc.

[21-ാം പേജിലെ ചിത്രങ്ങൾ]

ഇന്ന്‌ അനസ്‌തേ​ഷ്യോ​ളജി ഒരു പ്രത്യേക വൈദ്യ​ശാ​സ്‌ത്ര മേഖല​യാ​യി വികാസം പ്രാപി​ച്ചി​രി​ക്കു​ന്നു

[കടപ്പാട്‌]

Courtesy of Departments of Anesthesia and Bloodless Medicine and Surgery, Bridgeport Hospital - CT