കാർബൺ മോണോക്സൈഡ്—ഒരു നിശ്ശബ്ദ കൊലയാളി
കാർബൺ മോണോക്സൈഡ്—ഒരു നിശ്ശബ്ദ കൊലയാളി
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
വീടുകളിലെ കേടുപറ്റിയ താപനോപകരണങ്ങൾ [heating appliances] നിമിത്തം ഉണ്ടാകുന്ന കാർബൺ മോണോക്സൈഡ് വിഷബാധ ഓരോ വർഷവും ബ്രിട്ടനിൽ ഏകദേശം 50 പേരുടെ മരണത്തിന് ഇടയാക്കുന്നു. “ആസ്ബെസ്റ്റോസ് കഴിഞ്ഞാൽപ്പിന്നെ, വീട്ടിലും ജോലിസ്ഥലത്തും ഏറ്റവും സാധാരണമായി വിഷബാധയ്ക്ക് ഇടയാക്കുന്നത് കാർബൺ മോണോക്സൈഡ് ആണ്” എന്നു ലണ്ടൻ ഹസാർഡ്സ് സെന്റർ ട്രസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, എന്താണ് ഈ കാർബൺ മോണോക്സൈഡ്?
ഒരു വാഹനത്തിന്റെ എഞ്ചിനിൽ ആയാലും കൽക്കരിയും മറ്റു ഫോസിൽ ഇന്ധനങ്ങളും—പ്രത്യേകിച്ചും പ്രകൃതി വാതകം—ഉപയോഗപ്പെടുത്തുന്ന താപനോപകരണങ്ങളിൽ ആയാലും കത്തൽ പ്രക്രിയ പൂർത്തിയാകാത്തപ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വാതകമാണ് കാർബൺ മോണോക്സൈഡ്. അതിന് നിറവും മണവും രുചിയും ഇല്ല. അത് മാരകമായിരിക്കുന്നത് ഏതു വിധത്തിലാണ്?
ജീവൻ നിലനിറുത്താൻ അത്യന്താപേക്ഷിതമായ ഓക്സിജൻ ശരീര കലകൾക്ക് എത്തിച്ചുകൊടുക്കുന്നത് അരുണ രക്താണുക്കളാണ്. എന്നാൽ ഈ രക്താണുക്കൾ ഓക്സിജനെക്കാൾ വേഗത്തിൽ കാർബൺ മോണോക്സൈഡ് ആഗിരണം ചെയ്യും എന്നതിലാണ് അപകടം സ്ഥിതി ചെയ്യുന്നത്. ശരീരത്തിൽ ഓക്സിജൻ അശേഷം ഇല്ലാതാകുമ്പോഴാണ് കാർബൺ മോണോക്സൈഡ് വിഷബാധ ഉണ്ടാകുന്നത്. കുറഞ്ഞ അളവിലാണെങ്കിൽ പോലും കാർബൺ മോണോക്സൈഡ് അടങ്ങിയിട്ടുള്ള വായു പതിവായി ശ്വസിച്ചാൽ സ്ഥിരമായ മസ്തിഷ്ക തകരാറു സംഭവിച്ചേക്കാം. തലവേദന, മന്ദത, ബലക്ഷയം, തലചുറ്റൽ, ഓക്കാനം എന്നിവയാണ് ലക്ഷണങ്ങൾ. ശ്വസനവായുവിൽ കാർബൺ മോണോക്സൈഡ് കൂടിയ അളവിലുള്ളപ്പോൾ വിഷബാധയേൽക്കുന്ന വ്യക്തിക്ക് പെട്ടെന്നു ബോധക്ഷയം സംഭവിക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ അയാളുടെ നാഡീസ്പന്ദനം മന്ദീഭവിക്കുകയോ ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിയെ എത്രയും പെട്ടെന്ന് ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്കു മാറ്റി ഓക്സിജൻ നൽകേണ്ടതാണ്. അല്ലാത്തപക്ഷം ശ്വാസരോധം—മസ്തിഷ്കത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ—നിമിത്തം വ്യക്തി മരിക്കും.
കാർബൺ മോണോക്സൈഡിന്റെ അപകടങ്ങളെ എങ്ങനെ തടയാനാകും? എല്ലാ ഉപകരണങ്ങളും ഒരു വിദഗ്ധനെക്കൊണ്ട് ഘടിപ്പിക്കുകയും ക്രമമായി പരിശോധിപ്പിക്കുകയും ചെയ്യുക. വാതകം കത്തുമ്പോഴുള്ള തീജ്വാലയുടെ നിറം നീലയ്ക്കു പകരം മഞ്ഞയാണെങ്കിൽ കത്തൽ പ്രക്രിയ ശരിയായി നടക്കുന്നില്ല എന്നാണ് അതിന്റെ അർഥം. അപ്പോൾ കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം മനസ്സിൽപ്പിടിക്കുക. വീടുകളിൽ വെക്കാവുന്ന വ്യത്യസ്ത തരത്തിലുള്ള കാർബൺ മോണോക്സൈഡ് അലാറങ്ങൾ ഇപ്പോൾ ലഭ്യമാണ്. കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിച്ചേക്കാവുന്ന ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തുക. (g00 12/08)
[31-ാം പേജിലെ ചിത്രം]
ശരിക്കും കത്താത്തപ്പോൾ
[31-ാം പേജിലെ ചിത്രം]
ശരിക്കും കത്തുമ്പോൾ
[31-ാം പേജിലെ ചിത്രം]
വീടുകളിൽ വെക്കാവുന്ന വ്യത്യസ്ത തരത്തിലുള്ള കാർബൺ മോണോക്സൈഡ് അലാറങ്ങൾ ഇപ്പോൾ ലഭ്യമാണ്