വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഡാഡി ഉപേക്ഷിച്ചു പോയതുമായി എനിക്ക്‌ എങ്ങനെ പൊരുത്തപ്പെടാനാകും?

ഡാഡി ഉപേക്ഷിച്ചു പോയതുമായി എനിക്ക്‌ എങ്ങനെ പൊരുത്തപ്പെടാനാകും?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഡാഡി ഉപേക്ഷി​ച്ചു പോയ​തു​മാ​യി എനിക്ക്‌ എങ്ങനെ പൊരു​ത്ത​പ്പെ​ടാ​നാ​കും?

“ഡാഡി​യി​ല്ലാ​തെ വളരുക എന്നത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ശ്രദ്ധി​ക്കാൻ ആരെങ്കി​ലും ഉണ്ടായി​രി​ക്കുക, അതുമാ​ത്രം മതിയാ​യി​രു​ന്നു എനിക്ക്‌.”—ഹെൻട്രി. a

ജോവാന്‌ 13 വയസ്സു​ള്ള​പ്പോ​ഴാണ്‌ അവളുടെ ഡാഡി വീടു വിട്ടു പോയത്‌. മദ്യപ​നായ അയാൾ തന്റെ കുട്ടി​ക​ളു​മാ​യി സമ്പർക്കം പുലർത്തു​ന്ന​തിന്‌ പിന്നീട്‌ കാര്യ​മായ ശ്രമ​മൊ​ന്നും ചെയ്‌തില്ല. ദുഃഖ​ക​ര​മെന്നു പറയട്ടെ, ഇതു ജോവാ​ന്റെ മാത്രം അനുഭവം അല്ല. പിതാവ്‌ ഉപേക്ഷി​ച്ചു പോയ ഇത്തരം ധാരാളം യുവജ​നങ്ങൾ ഉണ്ട്‌.

സമാന​മാ​യ ഒരു സാഹച​ര്യ​ത്തി​ലാ​ണെ​ങ്കിൽ അതുമാ​യി പൊരു​ത്ത​പ്പെ​ടുക വളരെ ദുഷ്‌ക​ര​മാ​ണെന്ന്‌ നിങ്ങൾ കണ്ടെത്തി​യേ​ക്കാം. ഇടയ്‌ക്കി​ടെ കടുത്ത മനോ​വ്യ​ഥ​യും കോപ​വും നിങ്ങളെ വരിഞ്ഞു​മു​റു​ക്കി​യേ​ക്കാം. വിഷാ​ദ​വും നിങ്ങളെ പിടി​കൂ​ടു​ന്നു എന്നുവ​രാം. നിങ്ങൾ ഒരു മത്സരി പോലും ആയിത്തീ​രാ​നുള്ള സാധ്യ​ത​യുണ്ട്‌. ബൈബി​ളെ​ഴു​ത്തു​കാ​ര​നായ ശലോ​മോൻ ഒരിക്കൽ പറഞ്ഞതു​പോ​ലെ, “മർദനം ജ്ഞാനിയെ ഭ്രാന്ത​മാ​യി പെരു​മാ​റാൻ പ്രേരി​പ്പി​ച്ചേ​ക്കാം.”—സഭാ​പ്ര​സം​ഗി 7:7, NW.

‘ഭ്രാന്ത​മായ പെരു​മാ​റ്റം’

ജെയിം​സി​ന്റെ കാര്യം എടുക്കുക. ഡാഡി ഉപേക്ഷി​ച്ചു പോയ​തി​നു ശേഷം ‘ഭ്രാന്ത​മാ​യി’ട്ടാണ്‌ അവൻ പെരു​മാ​റി​യത്‌. അവൻ പറയുന്നു: “ആരു പറയു​ന്ന​തും ഞാൻ വകവെ​ക്കു​മാ​യി​രു​ന്നില്ല. എന്തിന്‌,

എന്റെ മമ്മി പറയു​ന്നതു പോലും! ഞാൻ ഒരു വഴക്കാ​ളി​യാ​യി മാറി. ശിക്ഷി​ക്കാൻ ആരുമി​ല്ലാ​യി​രു​ന്ന​തി​നാൽ നുണ പറയു​ന്ന​തും രാത്രി​യിൽ പാത്തും പതുങ്ങി​യും വീടിന്‌ പുറത്തു പോകു​ന്ന​തും ഒക്കെ എന്റെ ശീലമാ​യി. മമ്മി എന്നെ തടയാൻ ശ്രമി​ച്ചെ​ങ്കി​ലും കഴിഞ്ഞില്ല.” ഈ മത്സരം ജെയിം​സി​ന്റെ സാഹച​ര്യ​ത്തെ മെച്ച​പ്പെ​ടു​ത്തി​യോ? ഒരിക്ക​ലു​മില്ല. അവന്റെ സ്വഭാവം അനുദി​നം വഷളാ​വു​ക​യാ​യി​രു​ന്നു. അവൻ തന്നെ പറയു​ന്നത്‌ കേൾക്കുക: “ഞാൻ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കാൻ തുടങ്ങി. ക്ലാസ്സുകൾ മുടക്കി​യ​തി​ന്റെ ഫലമായി പരീക്ഷ​യിൽ പരാജ​യ​പ്പെട്ടു. ഞാൻ കടകളിൽ നിന്ന്‌ മോഷ്ടി​ക്കു​ക​യും ആളുകളെ കൊള്ള​യ​ടി​ക്കു​ക​യും ചെയ്‌തു. രണ്ടു പ്രാവ​ശ്യം എന്നെ അറസ്റ്റു ചെയ്‌തു. കുറച്ചു​നാൾ തടവിൽ കിട​ക്കേ​ണ്ട​താ​യും വന്നു. എന്നാൽ അതു​കൊ​ണ്ടൊ​ന്നും യാതൊ​രു ഫലവു​മു​ണ്ടാ​യില്ല.”

ജെയിം​സി​നോട്‌ അവനെ ഒരു മത്സരി ആക്കിത്തീർത്തത്‌ എന്താ​ണെന്നു ചോദി​ച്ച​പ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു: “ഡാഡി പോയ​തിൽപ്പി​ന്നെ എന്നെ ശിക്ഷി​ക്കാൻ ആരും ഉണ്ടായി​രു​ന്നില്ല. എന്റെ കൊച്ച​നു​ജ​നെ​യും അനുജ​ത്തി​യെ​യും മമ്മി​യെ​യും ഞാൻ എത്ര കണ്ണീരു കുടി​പ്പി​ച്ചെ​ന്നോ! എനിക്കു​തന്നെ അത്‌ ദോഷം ചെയ്‌തു. എന്നാൽ എന്റെ പ്രവൃ​ത്തി​ക​ളു​ടെ അനന്തര​ഫ​ലത്തെ കുറി​ച്ചൊ​ന്നും ഞാൻ ചിന്തി​ച്ച​തേ​യില്ല. ഡാഡി​യു​ടെ ശിക്ഷണ​വും ശ്രദ്ധയും മാത്ര​മാണ്‌ ഞാൻ ആഗ്രഹി​ച്ചത്‌.”

മത്സരം പ്രശ്‌നം ഒന്നുകൂ​ടെ വഷളാ​ക്കു​കയേ ഉള്ളൂ. (ഇയ്യോബ്‌ 36:18, 21) ഉദാഹ​ര​ണ​ത്തിന്‌, ജെയിം​സി​ന്റെ പെരു​മാ​റ്റം അവനു മാത്രമല്ല, അവന്റെ അമ്മയ്‌ക്കും കൂടപ്പി​റ​പ്പു​കൾക്കും ദോഷം ചെയ്‌തു. അവർ അനാവശ്യ സമ്മർദങ്ങൾ അനുഭ​വി​ക്കാൻ അത്‌ ഇടയാക്കി. എന്നാൽ, മത്സര​ത്തോ​ടെ​യുള്ള പെരു​മാ​റ്റ​ത്തിന്‌ അതി​നെ​ക്കാ​ളൊ​ക്കെ ഗുരു​ത​ര​മായ ഒരു ദൂഷ്യ​വ​ശ​മുണ്ട്‌. അത്‌ ദൈവ​ത്തി​ന്റെ അപ്രീ​തിക്ക്‌ ഇടയാ​ക്കു​ന്നു. അതു​കൊണ്ട്‌ അമ്മയെ അനുസ​രി​ക്കാൻ യഹോവ യുവജ​ന​ങ്ങളെ പ്രബോ​ധി​പ്പി​ക്കു​ന്നത്‌ നല്ല കാരണ​ത്തോ​ടെ​യാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 1:8; 30:17.

കോപത്തെ മറിക​ട​ക്കൽ

അപ്പോൾ, ഡാഡി​യോ​ടു തോന്നുന്ന അമർഷ​വും കോപ​വും നിങ്ങൾക്ക്‌ എങ്ങനെ കൈകാ​ര്യം ചെയ്യാൻ കഴിയും? ആദ്യം തന്നെ, അദ്ദേഹം നിങ്ങളെ ഉപേക്ഷി​ച്ചത്‌ നിങ്ങളു​ടെ കുറ്റം കൊണ്ടല്ല എന്ന സംഗതി സ്വയം ഓർമി​പ്പി​ക്കുക. അദ്ദേഹം മേലാൽ നിങ്ങളെ സ്‌നേ​ഹി​ക്കു​ക​യോ നിങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യോ ചെയ്യു​ന്നി​ല്ലെന്ന്‌ അതൊട്ട്‌ അർഥമാ​ക്കു​ന്നു​മില്ല. തന്റെ മക്കളെ സന്ദർശി​ക്കാ​നോ ഒന്നു ഫോൺ ചെയ്യാ​നോ പോലും ഒരു പിതാവ്‌ ശ്രമി​ക്കു​ന്നി​ല്ലെ​ങ്കിൽ അത്‌ വേദനാ​ജ​ന​ക​മാ​യി​രി​ക്കും എന്നതു ശരി തന്നെ. എന്നാൽ ഈ പരമ്പര​യി​ലെ ഒരു മുൻലേഖനം b വിശദ​മാ​ക്കി​യ​തു​പോ​ലെ, മക്കളെ ഉപേക്ഷിച്ച മിക്ക പിതാ​ക്ക​ന്മാ​രും പിന്നീട്‌ അവരു​മാ​യി സമ്പർക്കം പുലർത്താ​ത്തത്‌ അവരോ​ടു സ്‌നേഹം ഇല്ലാത്ത​തു​കൊ​ണ്ടല്ല, മറിച്ച്‌ ലജ്ജയും കുറ്റ​ബോ​ധ​വും അവരെ കാർന്നു​തി​ന്നു​ന്നതു കൊണ്ടാണ്‌. മറ്റു ചിലർ, ജോവാ​ന്റെ ഡാഡി​യെ​പ്പോ​ലെ മദ്യത്തി​നും മയക്കു​മ​രു​ന്നി​നും അടിമ​ക​ളാ​കു​ന്ന​തി​നാൽ സാധാരണ രീതി​യിൽ പെരു​മാ​റാൻ അവർക്കു സാധി​ക്കു​ന്നില്ല.

സാഹച​ര്യം എന്തുതന്നെ ആയിരു​ന്നാ​ലും, നിങ്ങളു​ടെ മാതാ​പി​താ​ക്കൾ അപൂർണ​രാണ്‌ എന്ന വസ്‌തുത ഓർക്കുക. ബൈബിൾ ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “എല്ലാവ​രും പാപം ചെയ്‌തു ദൈവ​തേ​ജസ്സു ഇല്ലാത്ത​വ​രാ​യി​ത്തീർന്നു.” (റോമർ 3:23; 5:12) എന്നിരു​ന്നാ​ലും, ഉപദ്ര​വ​ക​ര​മോ നിരു​ത്ത​ര​വാ​ദ​പ​ര​മോ ആയ പെരു​മാ​റ്റ​ത്തിന്‌ ഇതൊരു ഒഴിക​ഴി​വാ​യി​രി​ക്കു​ന്നില്ല. എങ്കിലും, നാമെ​ല്ലാം ജന്മനാ അപൂർണ​രാണ്‌ എന്ന വസ്‌തുത തിരി​ച്ച​റി​യു​ന്ന​പക്ഷം, ദ്രോ​ഹ​ക​ര​മായ ഈ കോപ​ത്തെ​യും അമർഷ​ത്തെ​യും മറിക​ട​ക്കുക എളുപ്പ​മാ​യി​ത്തീ​രും.

നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോ​ടു തോന്നി​യേ​ക്കാ​വുന്ന ദേഷ്യ​വും അമർഷ​വും കൈകാ​ര്യം ചെയ്യാൻ സഭാ​പ്ര​സം​ഗി 7:10-ൽ പറയു​ന്നത്‌ നിങ്ങളെ സഹായി​ക്കും. കഴിഞ്ഞു​പോയ നാളു​കളെ കുറി​ച്ചോർത്ത്‌ തല പുണ്ണാ​ക്കു​ന്ന​തി​നെ​തി​രെ അതു പിൻവ​രുന്ന മുന്നറി​യി​പ്പു നൽകുന്നു: “പണ്ടത്തേ കാലം ഇപ്പോ​ഴ​ത്തേ​തി​നെ​ക്കാൾ നന്നായി​രു​ന്ന​തി​ന്റെ കാരണം എന്തു എന്നു നീ ചോദി​ക്ക​രു​തു; നീ അങ്ങനെ ചോദി​ക്കു​ന്നതു ജ്ഞാനമ​ല്ല​ല്ലോ.” അതു​കൊണ്ട്‌, സ്ഥിതി​ഗ​തി​കൾ മെച്ചമാ​യി​രുന്ന കാലത്തെ കുറിച്ച്‌ സദാ ആലോ​ചി​ച്ചി​രി​ക്കു​ന്ന​തി​നു പകരം ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ മെച്ചമാ​യി പ്രവർത്തി​ക്കാൻ ശ്രമി​ക്കുക.

മുൻകൈ എടുക്കുക

ഉദാഹ​ര​ണ​ത്തിന്‌, ഡാഡി​യു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കാൻ നിങ്ങൾക്കു​തന്നെ മുൻകൈ എടുക്കാൻ കഴിയും. അദ്ദേഹ​മാണ്‌ നിങ്ങളെ ഉപേക്ഷി​ച്ച​തെ​ന്നും, അതിനാൽ ആദ്യപടി സ്വീക​രി​ക്കേ​ണ്ടത്‌ അദ്ദേഹ​മാ​ണെ​ന്നും ഉള്ള നിങ്ങളു​ടെ തോന്നൽ ശരി തന്നെ. എന്നാൽ, അതിൽ നിങ്ങളു​ടെ ഡാഡി പരാജ​യ​പ്പെ​ടു​ക​യും, അദ്ദേഹ​വു​മാ​യി സമ്പർക്കം പുലർത്താ​നാ​വാ​ത്തത്‌ നിങ്ങളെ ദുഃഖി​ത​നും അസന്തു​ഷ്ട​നും ആക്കുക​യും ചെയ്യുന്ന സാഹച​ര്യ​ത്തിൽ നിങ്ങൾ തന്നെ മുന്നി​ട്ടി​റ​ങ്ങു​ന്ന​തല്ലേ ഉചിതം? തന്റെ ചില സ്‌നേ​ഹി​തർ തന്നെ വേദനി​പ്പി​ച്ച​പ്പോൾ യേശു​ക്രി​സ്‌തു കാര്യങ്ങൾ കൈകാ​ര്യം ചെയ്‌ത വിധം പരിചി​ന്തി​ക്കുക. യേശു​വി​ന്റെ ഭൗമിക ജീവി​ത​ത്തി​ന്റെ അവസാന രാത്രി​യിൽ ശിഷ്യ​ന്മാർ അവനെ ഉപേക്ഷി​ച്ചു. എന്തുതന്നെ സംഭവി​ച്ചാ​ലും യേശു​വി​നോ​ടൊ​പ്പം ഉണ്ടായി​രി​ക്കും എന്ന്‌ വീരവാ​ദം മുഴക്കിയ ആളാണ്‌ പത്രൊസ്‌. എന്നിട്ട്‌ അവൻ പോലും യേശു​വി​നെ തള്ളിപ്പ​റഞ്ഞു. ഒന്നല്ല, മൂന്നു തവണ!—മത്തായി 26:31-35; ലൂക്കൊസ്‌ 22:54-62.

പത്രൊസ്‌ ഇങ്ങനെ​യൊ​ക്കെ പ്രവർത്തി​ച്ചി​ട്ടും യേശു അവനെ തുടർന്നും സ്‌നേ​ഹി​ച്ചു. തന്റെ പുനരു​ത്ഥാ​ന​ത്തി​നു ശേഷം ഒരു സന്ദർഭ​ത്തിൽ പത്രൊ​സി​നു മാത്ര​മാ​യി പ്രത്യ​ക്ഷ​പ്പെ​ട്ടു​കൊണ്ട്‌, തങ്ങളുടെ ബന്ധം പുനഃ​സ്ഥാ​പി​ക്കാൻ യേശു മുൻകൈ എടുത്തു. (1 കൊരി​ന്ത്യർ 15:5) രസകര​മെന്നു പറയട്ടെ, യേശു പത്രൊ​സി​നോട്‌ “നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​വോ” എന്നു ചോദി​ച്ച​പ്പോൾ പത്രൊ​സി​ന്റെ മറുപടി, “ഉവ്വു, കർത്താവേ, എനിക്കു നിന്നോ​ടു പ്രിയ​മു​ണ്ടു എന്നു നീ അറിയു​ന്നു​വ​ല്ലോ” എന്നായി​രു​ന്നു. യേശു​വി​നെ തള്ളിപ്പ​റ​ഞ്ഞെ​ങ്കി​ലും പത്രൊസ്‌ അവനെ അപ്പോ​ഴും ആഴമായി സ്‌നേ​ഹി​ച്ചി​രു​ന്നു.—യോഹ​ന്നാൻ 21:15.

യേശു​വി​ന്റെ​യും പത്രൊ​സി​ന്റെ​യും കാര്യ​ത്തിൽ സത്യമാ​യി​രു​ന്നതു പോലെ, നിങ്ങളും ഡാഡി​യും ഉൾപ്പെട്ട സാഹച​ര്യ​വും നിങ്ങൾ വിചാ​രി​ക്കു​ന്നത്ര ആശയറ്റ​ത​ല്ലാ​യി​രി​ക്കാം. ഫോൺ ചെയ്യാ​നോ കത്തെഴു​താ​നോ ഒരു സന്ദർശനം നടത്താ​നോ നിങ്ങൾ മുൻകൈ എടുക്കു​ന്ന​പക്ഷം, അദ്ദേഹം അതി​നോ​ടു പ്രതി​ക​രി​ച്ചേ​ക്കാം. തുടക്ക​ത്തിൽ പരാമർശിച്ച ഹെൻട്രി അനുസ്‌മ​രി​ക്കു​ന്നു: “ഒരിക്കൽ ഞാൻ ഡാഡിക്ക്‌ ഒരു കത്തെഴു​തി. എന്നെക്കു​റിച്ച്‌ അഭിമാ​നം തോന്നു​ന്നു എന്നു പറഞ്ഞു​കൊണ്ട്‌ ഡാഡി മറുപടി എഴുതി. ഞാൻ ആ കത്ത്‌ ഫ്രെയിം ചെയ്‌ത്‌ വർഷങ്ങ​ളോ​ളം ഭിത്തി​യിൽ തൂക്കി​യി​രു​ന്നു. ഇപ്പോ​ഴും ഞാനതു സൂക്ഷിച്ചു വെച്ചി​ട്ടുണ്ട്‌.”

അതു​പോ​ലെ​ത​ന്നെ ജോവാ​നും അവളുടെ സഹോ​ദ​ര​ങ്ങ​ളും മദ്യപ​നായ ഡാഡിയെ സന്ദർശി​ക്കാൻ മുൻകൈ എടുത്തു. “അദ്ദേഹം അത്ര നല്ല ഒരു അവസ്ഥയിൽ ആയിരു​ന്നില്ല,” ജോവാൻ പറയുന്നു. “എന്നിരു​ന്നാ​ലും, ഡാഡിയെ കാണാൻ കഴിഞ്ഞ​തിൽ വലിയ സന്തോഷം തോന്നി.” മുൻകൈ എടുക്കു​ന്നത്‌ നിങ്ങളു​ടെ കാര്യ​ത്തി​ലും നല്ല ഫലങ്ങൾ ഉളവാ​ക്കി​യേ​ക്കാം. ആദ്യം ഒരു പ്രതി​ക​ര​ണ​വും ലഭിക്കു​ന്നി​ല്ലെ​ങ്കിൽ കുറച്ചു നാൾ കാത്തി​രു​ന്നിട്ട്‌ വീണ്ടും ശ്രമി​ക്കാ​വു​ന്ന​താണ്‌.

അവഗണി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ വേദന​യു​മാ​യി പൊരു​ത്ത​പ്പെ​ടൽ

“കണ്ടെത്താൻ ഒരു കാലം, നഷ്ടപ്പെ​ടാൻ ഒരു കാലം” എന്ന്‌ ശലോ​മോൻ നമ്മെ ഓർമി​പ്പി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 3:6, ഓശാന ബൈബിൾ) പിതാവ്‌ തങ്ങളു​മാ​യി യാതൊ​രു ബന്ധവും ആഗ്രഹി​ക്കു​ന്നില്ല എന്ന വേദനാ​ക​ര​മായ യാഥാർഥ്യ​ത്തെ ചില​പ്പോ​ഴൊ​ക്കെ യുവജ​ന​ങ്ങൾക്കു നേരി​ടേണ്ടി വന്നേക്കാം. നിങ്ങളു​ടെ പിതാ​വി​ന്റെ കാര്യ​ത്തി​ലും സംഗതി ഇതാ​ണെ​ങ്കിൽ, നിങ്ങളു​മാ​യുള്ള ബന്ധം നിലനി​റു​ത്താൻ പരാജ​യ​പ്പെ​ട്ട​തി​ലൂ​ടെ തനിക്ക്‌ എത്ര വലിയ നഷ്ടമാണു നേരി​ട്ടത്‌ എന്ന്‌ അദ്ദേഹം ഒരു നാൾ തിരി​ച്ച​റി​ഞ്ഞേ​ക്കാം.

അതേസ​മ​യം, ഡാഡി നിങ്ങളെ ഉപേക്ഷി​ച്ചു എന്നതി​നാൽ നിങ്ങൾ വിലയി​ല്ലാ​ത്ത​വ​രാണ്‌ എന്നു കരു​തേ​ണ്ട​തില്ല. ബൈബിൾ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു; എങ്കിലും യഹോവ എന്നെ ചേർത്തു​കൊ​ള്ളും.” (സങ്കീർത്തനം 27:10) അതേ, ദൈവ​ദൃ​ഷ്ടി​യിൽ നിങ്ങൾ ഇപ്പോ​ഴും വില​പ്പെ​ട്ട​വ​രാണ്‌.—ലൂക്കൊസ്‌ 12:6, 7.

അതു​കൊണ്ട്‌, നിരാ​ശ​യോ വിഷാ​ദ​മോ അനുഭ​വ​പ്പെ​ടു​ന്നെ​ങ്കിൽ, പ്രാർഥ​ന​യിൽ ദൈവ​ത്തോട്‌ അടുത്തു ചെല്ലുക. (സങ്കീർത്തനം 62:8) അവന്റെ മുമ്പാകെ നിങ്ങളു​ടെ ഹൃദയം പകരുക. ദൈവം നിങ്ങളെ ശ്രദ്ധി​ക്കു​ക​യും ആശ്വസി​പ്പി​ക്കു​ക​യും ചെയ്യും എന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കുക. മറ്റൊരു ബൈബിൾ സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “എന്റെ ഉള്ളിലെ വിചാ​ര​ങ്ങ​ളു​ടെ ബഹുത്വ​ത്തിൽ നിന്റെ ആശ്വാ​സങ്ങൾ എന്റെ പ്രാണനെ തണുപ്പി​ക്കു​ന്നു.”—സങ്കീർത്തനം 94:19.

അവഗണി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ വേദന​യു​മാ​യി പൊരു​ത്ത​പ്പെ​ടാൻ നിങ്ങളെ സഹായി​ക്കുന്ന മറ്റൊരു സംഗതി​യാണ്‌ സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യുള്ള ഊഷ്‌മ​ള​മായ സഹവാസം. സദൃശ​വാ​ക്യ​ങ്ങൾ 17:17 പറയുന്നു: “സ്‌നേ​ഹി​തൻ എല്ലാകാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു; അനർത്ഥ​കാ​ലത്തു അവൻ സഹോ​ദ​ര​നാ​യ്‌തീ​രു​ന്നു.” യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ സഭയിൽ നിങ്ങൾക്ക്‌ അത്തരം നല്ല സ്‌നേ​ഹി​തരെ കണ്ടെത്താൻ കഴിയും. സഭയിലെ മൂപ്പന്മാ​രെ അടുത്ത​റി​യു​ന്നതു വിശേ​ഷാൽ സഹായ​ക​മാണ്‌. ജോവാ​ന്റെ ഇളയ സഹോ​ദ​ര​നായ പീറ്റർ ഈ ഉപദേശം നൽകുന്നു: “സഭയിലെ മുതിർന്ന​വ​രു​മാ​യി സംസാ​രി​ക്കുക. പല വിധങ്ങ​ളി​ലും അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നാ​കും. ഡാഡി നിങ്ങളെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നെ​ങ്കിൽ അതേക്കു​റി​ച്ചുള്ള നിങ്ങളു​ടെ വികാ​രങ്ങൾ അവരു​മാ​യി പങ്കു​വെ​ക്കുക.” വീടിന്റെ അറ്റകു​റ്റ​പ്പ​ണി​കൾ പോലെ മുമ്പ്‌ ഡാഡി നോക്കി​ന​ട​ത്തി​യി​രുന്ന കാര്യ​ങ്ങ​ളിൽ ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ നൽകാൻ സഭാ​മേൽവി​ചാ​ര​ക​ന്മാർക്ക്‌ കഴി​ഞ്ഞേ​ക്കും.

വൈകാ​രി​ക സംഘർഷങ്ങൾ അനുഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, നിങ്ങളു​ടെ മമ്മിക്കും നിങ്ങൾക്ക്‌ ഒരു താങ്ങാ​യി​രി​ക്കാൻ കഴിയും. ആദരപൂർവ​ക​മായ ഒരു വിധത്തിൽ നിങ്ങളു​ടെ വികാ​രങ്ങൾ തുറന്നു പറയു​ന്നെ​ങ്കിൽ, നിങ്ങളെ സഹായി​ക്കാൻ അവർ പരമാ​വധി ശ്രമി​ക്കും എന്നതിൽ യാതൊ​രു സംശയ​വു​മില്ല.

നിങ്ങളു​ടെ കുടും​ബ​ത്തിന്‌ ഒരു താങ്ങാ​യി​രി​ക്കുക!

ഡാഡി​യു​ടെ അസാന്നി​ധ്യം നിങ്ങളു​ടെ കുടും​ബത്തെ പല വിധങ്ങ​ളിൽ ബാധി​ച്ചേ​ക്കാം. വീട്ടു​ചെ​ല​വു​കൾ നടത്തു​ന്ന​തി​നാ​യി മമ്മിക്ക്‌ ഒന്നോ ചില​പ്പോൾ രണ്ടോ തൊഴിൽ ചെയ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. നിങ്ങൾക്കും സഹോ​ദ​ര​ങ്ങൾക്കും കൂടുതൽ കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങൾ ചുമലി​ലേ​റ്റേണ്ടി വന്നേക്കാം. എന്നാൽ, നിസ്വാർഥ ക്രിസ്‌തീയ സ്‌നേഹം നട്ടുവ​ളർത്തു​ന്നത്‌ പുതിയ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാൻ നിങ്ങളെ സഹായി​ക്കും. (കൊ​ലൊ​സ്സ്യർ 3:14) അമർഷ​ത്താൽ നീറി​പ്പു​ക​യു​ന്ന​തി​നു പകരം എല്ലായ്‌പോ​ഴും ഒരു ക്രിയാ​ത്മക മനോ​ഭാ​വം നിലനി​റു​ത്താൻ അത്‌ നിങ്ങളെ സഹായി​ക്കും. (1 കൊരി​ന്ത്യർ 13:4-7) പീറ്റർ പറയു​ന്നതു ശ്രദ്ധിക്കൂ: “കുടും​ബത്തെ സഹായി​ക്കുക എന്നതാണ്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി. മമ്മി​യെ​യും ചേച്ചി​മാ​രെ​യും സഹായി​ക്കു​ന്നത്‌ എനിക്കു വളരെ സംതൃ​പ്‌തി പകരുന്നു.”

പിതാ​ക്ക​ന്മാർ വീടു വിട്ടു പോകു​ന്നത്‌ ദുഃഖ​ക​ര​വും വേദനാ​ജ​ന​ക​വു​മായ ഒരനു​ഭവം ആണ്‌ എന്നതിൽ സംശയ​മില്ല. എങ്കിലും, ക്രിസ്‌തീയ സുഹൃ​ത്തു​ക്ക​ളു​ടെ​യും കുടും​ബ​ങ്ങ​ളു​ടെ​യും സർവോ​പരി, ദൈവ​ത്തി​ന്റെ​യും സഹായ​ത്താൽ നിങ്ങൾക്കും കുടും​ബ​ത്തി​നും ആ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടാ​നാ​കും. c (g00 12/22)

[അടിക്കു​റി​പ്പു​കൾ]

a പേരുകൾ യഥാർഥമല്ല.

b 2000, നവംബർ 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്‌) “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ഡാഡി ഞങ്ങളെ ഉപേക്ഷി​ച്ചത്‌ എന്തു​കൊണ്ട്‌?” എന്ന ലേഖനം കാണുക.

c മാതാപിതാക്കളിൽ ഒരാൾ മാത്ര​മുള്ള കുടും​ബ​ങ്ങ​ളിൽ വളരു​ന്ന​തി​നെ​പ്പ​റ്റി​യുള്ള കൂടുതൽ വിവര​ങ്ങൾക്ക്‌ 1990 ഡിസംബർ 22, 1991 മാർച്ച്‌ 22 എന്നീ ലക്കങ്ങളി​ലെ (ഇംഗ്ലീഷ്‌) “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .” ലേഖനങ്ങൾ കാണുക.

[26-ാം പേജിലെ ചിത്രങ്ങൾ]

ചില യുവജ​നങ്ങൾ പിതാ​വു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കാൻ മുൻകൈ എടുത്തി​രി​ക്കു​ന്നു