വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിത്യജീവൻ സാധ്യമാക്കാൻ ശാസ്‌ത്രത്തിനു കഴിയുമോ?

നിത്യജീവൻ സാധ്യമാക്കാൻ ശാസ്‌ത്രത്തിനു കഴിയുമോ?

ബൈബി​ളി​ന്റെ വീക്ഷണം

നിത്യ​ജീ​വൻ സാധ്യ​മാ​ക്കാൻ ശാസ്‌ത്ര​ത്തി​നു കഴിയു​മോ?

വർഷങ്ങൾക്കു മുമ്പാണ്‌ ഇങ്ങനെ​യൊ​രു ചോദ്യം ചോദി​ച്ചി​രു​ന്ന​തെ​ങ്കിൽ ‘എന്ത്‌ വിഡ്‌ഢി​ത്ത​മാ​ണീ പറയു​ന്നത്‌’ എന്ന്‌ ആളുകൾ പറയു​മാ​യി​രു​ന്നു. എന്നാൽ ഇന്ന്‌ അതിന്റെ സാധ്യ​തയെ കുറിച്ച്‌ ചിലർ ഗൗരവ​മാ​യി ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇപ്പോൾത്തന്നെ, ചില സാങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സഹായ​ത്താൽ പഴ ഈച്ചക​ളു​ടെ​യും പുഴു​ക്ക​ളു​ടെ​യും ആയുർ​ദൈർഘ്യം ഇരട്ടി​യാ​ക്കാൻ ശാസ്‌ത്ര​ജ്ഞർക്കു കഴിഞ്ഞി​രി​ക്കു​ന്നു. മനുഷ്യ​രു​ടെ കാര്യ​ത്തി​ലും ഇവ പ്രയോ​ഗി​ക്കാൻ സാധ്യ​ത​യു​ണ്ടെ​ന്നാ​ണു ചിലർ കരുതു​ന്നത്‌.

ഗവേഷ​ണ​ങ്ങൾ കാണി​ക്കുന്ന പ്രകാരം, സാധാ​ര​ണ​ഗ​തി​യിൽ മനുഷ്യ കോശങ്ങൾ ഒരു നിശ്ചിത തവണ മാത്രമേ വിഭജി​ക്കു​ന്നു​ള്ളൂ, തുടർന്ന്‌ അവയുടെ വിഭജനം നിലച്ച്‌ അവ മൃതി​യ​ട​യു​ന്നു. മനുഷ്യൻ എപ്പോൾ വാർധ​ക്യം പ്രാപി​ക്ക​ണ​മെ​ന്നും മരിക്ക​ണ​മെ​ന്നും നിശ്ചയി​ക്കുന്ന ഒരു ആന്തരിക ഘടികാ​രം അവന്റെ​യു​ള്ളിൽ ഉള്ളതു​പോ​ലെ​യാണ്‌ അത്‌. ശാസ്‌ത്രജ്ഞർ ഇപ്പോൾ ഈ ഘടികാ​രത്തെ റീസെറ്റ്‌ ചെയ്യാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

പ്രചാരം സിദ്ധിച്ച ഒരു സിദ്ധാന്തം അനുസ​രിച്ച്‌, ഓരോ ഡിഎൻഎ ഇഴയു​ടെ​യും അഗ്രങ്ങ​ളി​ലുള്ള ടെലോ​മിർ എന്ന ഭാഗത്തി​ന്റെ നീളം കുറയു​ന്ന​താണ്‌ വാർധ​ക്യ​ത്തി​നു കാരണം. ഷൂലേ​സി​ന്റെ ഇഴകൾ വേർപെട്ടു പോകാ​തി​രി​ക്കാ​നാ​യി അവയുടെ അറ്റത്തു പിടി​പ്പി​ച്ചി​രി​ക്കുന്ന പ്ലാസ്റ്റിക്ക്‌ കവച​ത്തോ​ടാണ്‌ ടെലോ​മി​റി​നെ ഉപമി​ച്ചി​രി​ക്കു​ന്നത്‌. ചില കോശ​ങ്ങ​ളു​ടെ കാര്യ​ത്തിൽ, ഓരോ വിഭജ​ന​ത്തി​നും​ശേഷം ടെലോ​മി​റു​ക​ളു​ടെ നീളം കുറഞ്ഞു​വ​രു​ന്ന​താ​യി ശാസ്‌ത്രജ്ഞർ നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു—ഒരു ഫ്യൂസ്‌ കത്തു​മ്പോൾ സംഭവി​ക്കു​ന്ന​തു​പോ​ലെ. ഒടുവിൽ, ടെലോ​മി​റു​കൾ ചെറു​താ​യി ചെറു​താ​യി കോശ​ത്തി​ന്റെ വിഭജനം നിലയ്‌ക്കുന്ന ഘട്ടത്തോ​ളം എത്തുന്നു. എന്നാൽ, ഒരു പ്രത്യേക എൻ​സൈ​മി​ന്റെ സാന്നി​ധ്യ​ത്തിൽ ടെലോ​മി​റു​കൾ ചെറു​താ​കു​ന്നില്ല. അതു​കൊണ്ട്‌ പ്രസ്‌തുത സിദ്ധാന്തം അനുസ​രിച്ച്‌, കോശ​ങ്ങൾക്ക്‌ അനിശ്ചി​ത​മാ​യി വിഭജി​ച്ചു​കൊ​ണ്ടി​രി​ക്കാ​നുള്ള പ്രാപ്‌തി പ്രദാനം ചെയ്യാൻ ഈ എൻ​സൈ​മി​നു കഴിയും. ഇതിനെ കുറി​ച്ചുള്ള ഗവേഷ​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന ഒരു കമ്പനി​യു​ടെ ചീഫ്‌ എക്‌സി​ക്യൂ​ട്ടീവ്‌ ഓഫീസർ ഇങ്ങനെ പറയു​ക​യു​ണ്ടാ​യി: “അങ്ങനെ ആദ്യമാ​യി, മരണമി​ല്ലാത്ത അവസ്ഥയെ കുറിച്ച്‌ വിഭാ​വനം ചെയ്യാൻ കഴിയുന്ന ഘട്ടത്തോ​ളം നാം എത്തിയി​രി​ക്കു​ന്നു.” എന്നാൽ, ശാസ്‌ത്രജ്ഞർ എല്ലാവ​രു​മൊ​ന്നും ഇതി​നോ​ടു യോജി​ക്കു​ന്നില്ല.

മരണം മനുഷ്യ​കു​ടും​ബ​ത്തി​ലേക്കു കടന്നുവന്ന വിധം

വാസ്‌ത​വ​ത്തിൽ, മനുഷ്യർക്ക്‌ എന്നേക്കും ജീവി​ക്കാ​നാ​കു​മെന്ന്‌ ബൈബി​ളിൽ വിശ്വാ​സം വെച്ചി​രി​ക്കുന്ന ആളുകൾ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങ​ളാ​യി വിശ്വ​സി​ച്ചു​പോ​ന്നി​രി​ക്കു​ന്നു. അതിനാ​യി അവർ ആശ്രയി​ക്കു​ന്നത്‌ മനുഷ്യ ശാസ്‌ത്ര​ജ്ഞ​രെയല്ല, പിന്നെ​യോ ജീവനുള്ള സകലത്തി​ന്റെ​യും സ്രഷ്ടാ​വും ഏറ്റവും വലിയ ശാസ്‌ത്ര​ജ്ഞ​നും ആയ യഹോ​വ​യാം ദൈവ​ത്തെ​യാണ്‌.—സങ്കീർത്തനം 104:24, 25.

മനുഷ്യൻ മരിക്ക​ണ​മെ​ന്നു​ള്ളത്‌ സ്രഷ്ടാ​വി​ന്റെ ഉദ്ദേശ്യ​മ​ല്ലാ​യി​രു​ന്നു എന്ന്‌ ബൈബിൾ പറയുന്നു. തന്റെ പ്രതി​ച്ഛാ​യ​യിൽ സൃഷ്ടിച്ച ആദ്യ മനുഷ്യ ജോഡി​യെ ദൈവം ഒരു പറുദീ​സ​യിൽ ആക്കി​വെച്ചു. അവർ പൂർണ​ത​യു​ള്ള​വ​രാ​യി​രു​ന്നു, അതായത്‌, അവരുടെ മനസ്സി​നും ശരീര​ത്തി​നും ഒന്നും യാതൊ​രു തകരാ​റും ഉണ്ടായി​രു​ന്നില്ല. ആ സ്ഥിതിക്ക്‌, അവർക്ക്‌ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നു. അവരെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം അതായി​രു​ന്നു. കുട്ടി​കളെ ജനിപ്പി​ക്കാ​നും ക്രമേണ പറുദീസ മുഴു ഭൂമി​യി​ലും വ്യാപി​പ്പി​ക്കാ​നും അവൻ അവരോ​ടു കൽപ്പിച്ചു.—ഉല്‌പത്തി 1:27, 28; 2:8, 9, 15.

എന്നാൽ, ഉല്‌പത്തി 3-ാം അധ്യാ​യ​ത്തിൽ കാണു​ന്ന​തു​പോ​ലെ, ശിക്ഷ മരണമാ​ണെന്ന്‌ അറിയാ​മാ​യി​രു​ന്നി​ട്ടും ആദാം ദൈവ​ത്തി​നെ​തി​രെ മനഃപൂർവം മത്സരിച്ചു. കൂടാതെ, അനുസ​ര​ണ​ക്കേ​ടി​ന്റെ ഗതി പിന്തു​ടർന്നു​കൊണ്ട്‌ അവൻ തന്റെ പിറക്കാ​നി​രുന്ന സന്തതി​കൾക്ക്‌ പാപവും മരണവും വരുത്തി​വെ​ക്കു​ക​യും ചെയ്‌തു. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ അതിനെ സംബന്ധിച്ച്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഏകമനു​ഷ്യ​നാൽ പാപവും പാപത്താൽ മരണവും ലോക​ത്തിൽ കടന്നു. ഇങ്ങനെ എല്ലാവ​രും പാപം ചെയ്‌ക​യാൽ മരണം സകലമ​നു​ഷ്യ​രി​ലും പരന്നി​രി​ക്കു​ന്നു.” (റോമർ 5:12) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ആദാം പാപം ചെയ്‌തതു നിമിത്തം അവന്റെ ശരീരം പൂർണത നഷ്ടപ്പെട്ട്‌ അപൂർണത ഉള്ളതാ​യി​ത്തീർന്നു. ക്രമേണ അവൻ വാർധ​ക്യം പ്രാപിച്ച്‌ മരിച്ചു. അവന്റെ സന്തതി​ക​ളും ആ അപൂർണത അവകാ​ശ​പ്പെ​ടു​ത്തി.

അതു​കൊണ്ട്‌, മരണം മനുഷ്യ കുടും​ബ​ത്തി​ലേക്കു കടന്നു​വ​ന്നത്‌ ആദാമി​ന്റെ മത്സരത്തി​ന്റെ​യും അതേത്തു​ടർന്നുള്ള ദിവ്യ ന്യായ​വി​ധി​യു​ടെ​യും ഫലമാ​യാണ്‌. മനുഷ്യർക്ക്‌ ആ ന്യായ​വി​ധി മാറ്റാ​നാ​വില്ല. ശാസ്‌ത്രം വൈദ്യ​രം​ഗത്ത്‌ പല മുന്നേ​റ്റ​ങ്ങ​ളും കൈവ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 3,500 വർഷം മുമ്പ്‌ ദിവ്യ​നി​ശ്വ​സ്‌ത​ത​യിൽ മോശെ എഴുതിയ വാക്കുകൾ ഇന്നും സത്യമാണ്‌: “ഞങ്ങളുടെ ആയുഷ്‌കാ​ലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാ​സ​വും ദുഃഖ​വു​മ​ത്രേ; അതു വേഗം തീരു​ക​യും ഞങ്ങൾ പറന്നു പോക​യും ചെയ്യുന്നു.”—സങ്കീർത്തനം 90:10.

നിത്യ​ജീ​വ​നാ​യി യഹോവ ചെയ്‌തി​രി​ക്കുന്ന കരുതൽ

എന്നാൽ, നാം ആശയറ്റ അവസ്ഥയി​ലല്ല. ഇന്ന്‌ മനുഷ്യർ മരിക്കു​ന്ന​താണ്‌ നാം കാണു​ന്ന​തെ​ങ്കി​ലും ഈ സ്ഥിതി​വി​ശേഷം എന്നും ഇങ്ങനെ തുടര​ണ​മെ​ന്നതല്ല യഹോ​വ​യു​ടെ ഉദ്ദേശ്യം. ആദാമും ഹവ്വായും മരണത്തിന്‌ അർഹരാ​യി​രു​ന്നെ​ങ്കി​ലും അവരുടെ പിറക്കാ​നി​രുന്ന സന്തതി​ക​ളിൽ പലരും തന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ മാർഗ​നിർദേ​ശ​ത്തിന്‌ വിലമ​തി​പ്പോ​ടെ കീഴ്‌പെ​ടു​മെന്ന്‌ ദൈവ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. അത്തരം ആളുകൾ ഭൂമി​യിൽ എന്നേക്കും ജീവി​ക്കു​ന്ന​തിന്‌ അവൻ കരുതൽ ചെയ്‌തു. സങ്കീർത്ത​ന​ക്കാ​രൻ ഇപ്രകാ​രം എഴുതി: “നീതി​മാ​ന്മാർ ഭൂമിയെ അവകാ​ശ​മാ​ക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) എന്നാൽ ഇത്‌ എങ്ങനെ സാധ്യ​മാ​കും?

മനുഷ്യർ ഡിഎൻഎ-യുടെ നിഗൂ​ഢ​തകൾ ചുരു​ള​ഴി​ക്കു​ന്ന​തി​ന്റെ ഫലമായി സംഭവി​ക്കേണ്ട ഒന്നല്ല ഇത്‌. പകരം, തന്നിൽ വിശ്വാ​സം അർപ്പി​ക്കു​ന്ന​വർക്ക്‌ യഹോവ നൽകുന്ന ഒരു സമ്മാന​മാണ്‌ നിത്യ​ജീ​വൻ. ആദാമി​ന്റെ​യും ഹവ്വായു​ടെ​യും സന്തതി​കൾക്ക്‌ മരണത്തി​ന്റെ അടിമ​ത്ത​ത്തിൽ നിന്ന്‌ വിടുതൽ ആവശ്യ​മാ​ണെന്നു മനസ്സി​ലാ​ക്കിയ ദൈവം അവർക്ക്‌ നിത്യ​ജീ​വൻ നേടാ​നുള്ള ഒരു മാർഗം പ്രദാനം ചെയ്‌തു—യേശു​ക്രി​സ്‌തു​വി​ന്റെ മറുവില യാഗം. യേശു അതേക്കു​റിച്ച്‌ പരാമർശി​ക്കു​ക​യു​ണ്ടാ​യി. അവൻ ഇങ്ങനെ പറഞ്ഞു: “തന്റെ ഏകജാ​ത​നായ പുത്ര​നിൽ വിശ്വ​സി​ക്കുന്ന ഏവനും നശിച്ചു​പോ​കാ​തെ നിത്യ​ജീ​വൻ പ്രാപി​ക്കേ​ണ്ട​തി​ന്നു ദൈവം അവനെ നല്‌കു​വാൻ തക്കവണ്ണം ലോകത്തെ സ്‌നേ​ഹി​ച്ചു”—യോഹ​ന്നാൻ 3:16.

ആദാമി​നെ​പ്പോ​ലെ​തന്നെ യേശു​വും ഒരു പൂർണ മനുഷ്യ​നാ​യി​രു​ന്നു. എന്നാൽ ആദാമിൽനി​ന്നു വ്യത്യ​സ്‌ത​നാ​യി, അവൻ ദൈവ​ത്തോട്‌ പൂർണ അനുസ​രണം പ്രകട​മാ​ക്കി. അങ്ങനെ പൂർണ​ത​യുള്ള മനുഷ്യ ജീവൻ അതായത്‌, ആദാം നഷ്ടപ്പെ​ടു​ത്തി​യ​തിന്‌ തുല്യ​മായ ഒരു വില, ബലിയാ​യി അർപ്പി​ക്കാൻ യേശു​വി​നു കഴിഞ്ഞു. സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഈ പ്രവൃ​ത്തി​യി​ലൂ​ടെ ആദാമി​ന്റെ മക്കളെ മരണത്തി​ന്റെ അടിമ​ത്ത​ത്തിൽ നിന്നു വിടു​വി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അങ്ങനെ യേശു​വിൽ വിശ്വാ​സം അർപ്പി​ക്കുന്ന ഏവർക്കും ദൈവ​ത്തിൽ നിന്നുള്ള നിത്യ​ജീ​വൻ എന്ന സമ്മാനം ലഭിക്കും.—റോമർ 5:18, 19; 1 തിമൊ​ഥെ​യൊസ്‌ 2:5, 6.

മനുഷ്യർക്ക്‌ സ്വന്തം കഴിവി​നാൽ അപൂർണ​ത​യിൽനി​ന്നു സ്വത​ന്ത്ര​രാ​കാ​നും നിത്യ​ജീ​വൻ നേടാ​നും കഴിയു​മാ​യി​രു​ന്നെ​ങ്കിൽ മറുവി​ല​യു​ടെ ആവശ്യം ഉണ്ടായി​രി​ക്കു​മാ​യി​രു​ന്നില്ല. ബൈബിൾ ജ്ഞാനപൂർവ​ക​മായ ഈ ബുദ്ധി​യു​പ​ദേശം നൽകുന്നു: “നിങ്ങൾ പ്രഭു​ക്ക​ന്മാ​രിൽ ആശ്രയി​ക്ക​രു​തു, സഹായി​പ്പാൻ കഴിയാത്ത മനുഷ്യ​പു​ത്ര​നി​ലും അരുതു. അവന്റെ ശ്വാസം പോകു​ന്നു; അവൻ മണ്ണി​ലേക്കു തിരി​യു​ന്നു; അന്നു തന്നേ അവന്റെ നിരൂ​പ​ണങ്ങൾ നശിക്കു​ന്നു. യാക്കോ​ബി​ന്റെ ദൈവം സഹായ​മാ​യി തന്റെ ദൈവ​മായ യഹോ​വ​യിൽ പ്രത്യാ​ശ​യു​ള്ളവൻ ഭാഗ്യ​വാൻ. അവൻ ആകാശ​വും ഭൂമി​യും സമു​ദ്ര​വും അവയി​ലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വ​സ്‌തത കാക്കുന്നു.”—സങ്കീർത്തനം 146:3-6.

നിത്യ​ജീ​വൻ സാധ്യ​മാ​യി​ത്തീ​രു​ന്നത്‌ ശാസ്‌ത്ര ഗവേഷ​ണ​ങ്ങ​ളു​ടെ ഫലമാ​യി​ട്ടല്ല, പിന്നെ​യോ യഹോ​വ​യു​ടെ കൈക​ളി​ലൂ​ടെ​യാണ്‌. താൻ ചെയ്യാ​നു​ദ്ദേ​ശി​ക്കുന്ന ഏതു കാര്യ​വും ചെയ്യാ​നുള്ള പ്രാപ്‌തി അവനുണ്ട്‌, അവൻ അത്‌ ചെയ്യു​ക​യും ചെയ്യും. “ദൈവ​ത്തി​ന്നു ഒരു കാര്യ​വും അസാദ്ധ്യ​മ​ല്ല​ല്ലോ.”—ലൂക്കൊസ്‌ 1:37. (g00 12/08)

[18-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© Charles Orrico/SuperStock, Inc.